ഫ്രാൻസിസ് റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കൻ പറവൂർ കോട്ടക്കാവ് പഴയ പളളിയുടെ ചുമരിൽ കാണുന്ന വട്ടെഴുത്ത്‌ ലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ള ശിലാ ലിഖിതം മലയാളഭാഷയിൽ മൊഴിമാറ്റിയതു (സ്മാരകം 21 -ആം  നൂറ്റാണ്ടിൽ നിർമ്മിച്ചത്).

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാനായിരുന്ന സ്പെയിൻകാരൻ ഈശോസഭാ വൈദികനാണ് ഫ്രാൻസിസ് റോസ് (ജനനം: കറ്റലോനിയ പ്രവിശ്യ, സ്പെയിൻ 1559; മരണം: കോട്ടക്കാവ്, കേരളം, 1624 ഫെബ്രുവരി 14). സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യത്തെ ലത്തീൻ മെത്രാൻ അദ്ദേഹമായിരുന്നു. ചരിത്രപ്രസിദ്ധമായ ഉദയമ്പേരൂർ സൂനഹദോസിന്റെ നടത്തിപ്പിൽ, ഗോവയിലെ മെനസിസ് മെത്രാപ്പോലീത്തയുടെ വലംകൈ ആയി പ്രവർത്തിച്ച റോസ്, സൂനഹദോസിലും അതിനെ തുടർന്നു വന്ന പതിറ്റാണ്ടുകളിലും വഹിച്ച പങ്കിലൂടെ കേരളക്രിസ്തീയതയുടെ ചരിത്രത്തെ നിർണ്ണായകമായി സ്വാധീനിച്ചു. കേരളത്തിലെ ക്രിസ്ത്യാനികൾക്കു വേണ്ടി എഴുതിയ "മലങ്കര മാർത്തോമാശ്ലീഹായുടെ ഇടവകയുടെ കൽപനകൾ" എന്ന രചനയുടെ പേരിലും അദ്ദേഹം അറിയപ്പെടുന്നു.[1] "റോസിന്റെ നിയമാവലി" എന്ന പേരും ഈ കൃതിക്കുണ്ട്.

വൈപ്പിക്കോട്ടയിൽ[തിരുത്തുക]

1585-ൽ കേരളത്തിലെത്തിയ റോസ് ആദ്യം ചേന്ദമഗലത്ത് വൈപ്പിക്കോട്ടയിലുള്ള ഈശോസഭാ സെമിനാരിയിൽ അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ആ സെമിനാരി കൂടുതൽ വിദ്യാർത്ഥികളെ ആകർഷിച്ച് അഭിവൃദ്ധിപ്പെട്ടു. പാശ്ചാത്യമിഷനറിമാർ കേരളത്തിൽ പൊതുവേ പിന്തുടർന്നിരുന്ന ലത്തീനീകരണ നയത്തിന്റെ അപകടങ്ങൾ തിരിച്ചറിഞ്ഞ റോസ്, സുറിയാനിക്രിസ്താനികളുടെ സംസാരഭാഷയും ആരാധനാഭാഷയായ സുറിയാനിയും പഠിച്ചു. സുറിയാനി പഠിക്കാൻ അദ്ദേഹം, നസ്രാണികളുടെ അവസാനത്തെ പൗരസ്ത്യമെത്രാനായി അക്കാലത്തു വാണിരുന്ന മാർ അബ്രാഹത്തിന്റെ സഹായം തേടി. വൈപ്പിക്കൊട്ട സെമിനാരിയിൽ പഠിച്ചിറങ്ങുന്ന നാട്ടുകാരായ വൈദികർ അവരുടെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളിൽ നിന്ന് അന്യതയുള്ളവരാകാതിരിക്കാൻ എതിർപ്പുകളെ അവഗണിച്ച് സെമിനാരിയുടെ പാഠപദ്ധതിയിൽ സുറിയാനി ഭാഷാപഠനം ഉൾപ്പെടുത്തിയതും റോസ് ആണ്.[2]

ഉദയമ്പേരൂരിൽ റോസ്[തിരുത്തുക]

ഉദയമ്പേരൂർ സൂനഹദോസിൽ റോസ് വലിയ പങ്കു വഹിച്ചു. ആ സഭാസമ്മേളനത്തിന്റെ നടത്തിപ്പിൽ മെനസിസ് മെത്രാപ്പോലീത്തയുടെ മുഖ്യസഹായി അദ്ദേഹമായിരുന്നു. മലയാളഭാഷയിലും, സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാഭാഷയായ സുറിയാനിയിലും അവഗാഹം നേടിയിരുന്ന റോസാണ്, സൂനഹദോസ് കാനോനകളുടെ മലയാളം പരിഭാഷയ്ക്ക് മേൽനോട്ടം വഹിച്ചത്. എഴുതപ്പെട്ട കാലത്ത് മലയാളത്തിലെ ഏറ്റവും വലിയ ഗദ്യരചന ആയിരുന്ന കാനോനകളിലെ ഭാഷയിൽ, റോസിന്റെ മാതൃഭാഷയായിരുന്ന കാറ്റലന്റെ സ്വാധീനം ഉണ്ടാകാം എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[3][1]

കത്തോലിക്കാബൈബിളിന്റെ ഭാഗമായിരിക്കെ സുറിയാനി ബൈബിളിൽ ഇല്ലാത്ത പുസ്തകങ്ങൾ സുറിയാനിയിലേക്ക് പരിഭാഷപ്പെടുത്തി ചേർക്കാനുള്ള ചുമതല സൂനഹദോസ് ഏല്പിച്ചത് റോസിനെയാണെന്ന് സുനഹദോസ് കാനോനനകളിൽ കാണുന്നു.[൧] സൂനഹദോസിന്റെ സമാപനത്തിൽ കേരളത്തിലെ പള്ളികൾ സന്ദർശിച്ച മെനസിസിനെ അനുഗമിച്ച റോസിന്, അസ്വീകാര്യമെന്നു മുദ്രകുത്തപ്പെട്ട സുറിയാനി, മലയാളം പുസ്തകങ്ങൾ കണ്ടെടുത്ത് നശിപ്പിക്കാനുള്ള ചുമതലയും കിട്ടി (സ്കറിയ സക്കറിയ - പുറങ്ങൾ 54, 252).

'സൂനഹദോസ്' വിമർശനം[തിരുത്തുക]

സൂനഹദോസിൽ മെനസിസ് മെത്രാപ്പോലീത്തയുടെ മുഖ്യസഹായി ആയിരുന്ന റോസ്, ആ സഭാസമ്മേളനത്തിന്റെ നടത്തിൽ മെത്രാപ്പോലീത്ത പിന്തുടർന്ന രീതികളെ പിന്നീട് വിമർശിക്കുകയും സൂനഹദോസ് കാനോനകൾ അംഗീകരിച്ച രീതിയെക്കുറുച്ച്, മെനസിസിന്റെ വക്താവായി ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന പോർത്തുഗീസുകാരൻ അന്തോണിയോ ഗുവായായുടെ 'ജൊർണ്ണാദ'-യിലെ ഭാഷ്യത്തിൽ നിന്നു ഭിന്നമായ ചിത്രം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാനായി നിയമിക്കപ്പെട്ട റോസ്, ആ സ്ഥാനത്തിരിക്കെ, ഉദയമ്പേരൂർ സൂനഹദോസ് ഉളവാക്കിയ അമർഷം ലഘൂകരിക്കാൻ 1603-ൽ അങ്കമാലിയിൽ മറ്റൊരു സൂനഹദോസ് വിളിച്ചു കൂട്ടി. അതിന്റെ തീരുമാനങ്ങൾക്ക് റോമിന്റെ അംഗീകാരം ആവശ്യപ്പെട്ട് 1603 ഡിസംബർ 27-ന് അയച്ച കത്തിൽ അദ്ദേഹം ഉദയമ്പേരൂർ സൂനഹദോസിനെക്കുറിച്ച് ഇങ്ങനെ എഴുതി:

കാനോനനകൾ, സൂനഹദോസിൽ പങ്കെടുത്തവരെ മലയാളത്തിൽ വായിച്ചു കേൾപ്പിച്ച് സമ്മതി നേടിയതിനു ശേഷമാണ് അംഗീകരിച്ചതെന്ന ഗുവായുടെ നിലപാടിനെ റോസ് തിരുത്തുന്നു. സഭാസമ്മേളനത്തിൽ പങ്കെടുത്തവർക്ക്, വായിച്ചുകേട്ട കാര്യങ്ങൾ മനസ്സിലായില്ലെന്നും, സൂനഹദോസിന്റെ സമാപനത്തിനു ശേഷം പോലും പല കാര്യങ്ങളും കാനോനകളിൽ മെനസിസ് കൂട്ടിച്ചേർത്തെന്നും റോസ് പറയുന്നു.[5]

മെത്രാൻ പദവിയിൽ[തിരുത്തുക]

ഉദയമ്പേരൂർ സൂനഹദോസിന്റെ സമാപനത്തിനു ശേഷം 1601 ജനുവരിയിൽ സുറിയാനി ക്രിസ്ത്യാനികളുടെ അങ്കമാലി രൂപതയുടെ മെത്രാൻ ആയി നിയമിക്കപ്പെട്ട റോസ്, രൂപതയുടെ ആസ്ഥാനം കൊടുങ്ങല്ലൂരേക്കു മാറ്റി. തുടർന്ന് കൊടുങ്ങല്ലൂരിന് അതിരൂപതയുടെ പദവിയും റോസിന് മെത്രാപ്പോലീത്താ സ്ഥാനവും ലഭിച്ചു.[6] രൂപതാസ്ഥാനത്തിന്റെ മാറ്റം, റോസും കൊടുങ്ങല്ലൂരെ ലത്തീൻ കത്തോലിക്കാ മെത്രാൻ വിശുദ്ധമേരിയുടെ അന്ത്രയോസുമായി (Andrew of St.Mary) കലഹത്തിനു കാരണമായി. സുറിയാനിക്രിസ്ത്യാനികളുടെ മെത്രാൻ കൊടുങ്ങല്ലൂർ ആസ്ഥാനമാക്കുന്നത്, തന്റെ അധികാരസീമയിലുള്ള കടന്നുകയറ്റമായാണ് കൊച്ചി മെത്രാൻ കണക്കാക്കിയത്.[7]

കേരള-'നസ്രാണികളുടെ' പരമ്പരാഗത നേതൃത്വവും പാശ്ചാത്യ വൈദികാധികാരികളും തമ്മിലുള്ള പഴയ സംഘർഷം, റോസിന്റെ കാലത്തും തുടർന്നു. 1619-ൽ ഗോവ സന്ദർശിക്കാൻ പോയ റോസ്, തന്റെ അസാന്നിദ്ധ്യത്തിൽ രൂപതാഭരണത്തിന്റെ ചുമതലയുള്ള വികാരിജനറാൽ ആയി പ്രാദേശികസഭയുടെ പരമ്പരാഗത നേതാവായിരുന്ന ഗീവർഗീസ് അർക്കദ്യാക്കോനെ നിയമിക്കാതെ വൈപ്പിക്കോട്ട സെമിനാരിയിലെ മുഖ്യാദ്ധ്യാപകനെ നിയമിച്ചത് അർക്കാദ്യോക്കോനെ രോഷം കൊള്ളിക്കുകയും അദ്ദേഹം റോസിനെ ധിക്കരിക്കാൻ തുടങ്ങുകയും ചെയ്തു. ഒരു ഘട്ടത്തിൽ അർക്കാദ്യാക്കോനെ റോസ് സഭാഭ്രഷ്ടനാക്കുക പോലും ചെയ്തു. എങ്കിലും പിന്നീട് ആ ഉത്തരവ് പിൻവലിച്ച അദ്ദേഹം അർക്കാദ്യോക്കോനുമായി ഒരുതരം രാഗദ്വേഷബന്ധം നിലർത്തി. [7]

കുറിപ്പുകൾ[തിരുത്തുക]

^ "ശീഹന്മാരുടെ കാലത്ത എഴുത്തുപെട്ട പുസ്തകങ്ങൾ സുറിയാനിയിൽ ഇല്ലാത്തത എല്ലാം ലത്തീനിൽ നിന്ന സുറിയാനിയിൽ പെർത്ത ഉണ്ടാക്കണം എന്നു പെർണ്ണാപീസക്രോസ പാദ്രിയോട (ഫ്രാൻസിസ് റോസ് പാതിരി) ഇ സുനഹദൊസ അപെക്ഷിക്കുന്നു" (കാനോനകൾ, രണ്ടാം യോഗവിചാരം, രണ്ടാം കല്പന) [8]

അവലംബം[തിരുത്തുക]

  1. 1.0 1.1 വടക്കൻ പറവൂരെ കോട്ടക്കാവ് കത്തോലിക്കാ ദേവാലയത്തിന്റെ വെബ്സൈറ്റ്
  2. സ്റ്റീഫൽ നീൽ (പുറങ്ങൾ 206-7)
  3. ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, ഓശാന പ്രസിദ്ധീകരണം, സ്കറിയ സക്കറിയ എഴുതിയ ഉപോദ്ഘാതം
  4. സ്കറിയ സക്കറിയ (പുറങ്ങൾ 55-56)
  5. സ്റ്റീഫൻ നീൽ, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ, ഫ്രം ദ ബിഗിനിങ്ങ് ടിൽ 1707)(പുറം 219)
  6. കേരളത്തിൽ പാലാ രൂപതയിലെ പാഠപുസ്തകസമിതി അംഗീകരിച്ച്, കത്തോലിക്കാ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ വേദോപദേശത്തിന്റെ ഭാഗമാക്കിയിരുന്ന "തിരുസഭാചരിത്രസംഗ്രഹം" (1966-ൽ പാലായിലെ സെന്റ് തോമസ് പ്രസ്സിൽ അച്ചടിച്ചത് (പുറങ്ങൾ 92)
  7. 7.0 7.1 സ്റ്റീഫൻ നീൽ (പുറങ്ങൾ 310-13)
  8. സ്കറിയ സക്കറിയ (പുറം 130)
"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_റോസ്&oldid=3701700" എന്ന താളിൽനിന്ന് ശേഖരിച്ചത്