പഴയകൂറ്റുകാർ
മലബാറിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ പതിനേഴാം നൂറ്റാണ്ടിൽ ഉണ്ടായ ഭിന്നിപ്പിനേത്തുടർന്ന് രൂപപ്പെട്ട രണ്ട് വിഭാഗങ്ങളിൽ ഒന്നാണ് പഴയകൂർ അഥവാ പഴേങ്കൂർ. ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർ പഴയകൂറ്റുകാർ എന്നറിയപ്പെട്ടു. മറുവിഭാഗം പുത്തങ്കൂർ എന്നും അറിയപ്പെട്ടു. കിഴക്കിന്റെ സഭയുടെ ഭാഗമായിരുന്ന നസ്രാണികൾ പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭയുടെ ഭാഗമായി മാറിയിരുന്നു. 1599ലെ ഉദയംപേരൂർ സൂനഹദോസിനും അതിനേത്തുടർന്ന് 1653ൽ അരങ്ങേറിയ കൂനൻ കുരിശുസത്യത്തിനും ശേഷം മാർപ്പാപ്പയോടും കത്തോലിക്കാ സഭയോടും ഐക്യത്തിൽ നിലകൊണ്ട വിഭാഗമാണ് പഴയകൂറ്റുകാർ. അതുവരെ ഉപയോഗത്തിലിരുന്ന ലത്തീൻവത്കൃത കൽദായ ആചാരക്രമം ആരാധനയിൽ ഇക്കൂട്ടർ നിലനിർത്തി. സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവ ഈ വിഭാഗത്തിന്റെ ആധുനിക പിന്തലമുറക്കാരാണ്. കൂനൻ കുരിശു സത്യത്തിനു ശേഷം 1663ൽ മേൽപ്പട്ടസ്ഥാനത്ത് ആരോഹിതനായ പറമ്പിൽ മാർ ചാണ്ടിയുടെ നേതൃത്വത്തിൽ ഇവർ സംഘടിച്ചു.[1][2]
പദപ്രയോഗം
[തിരുത്തുക]അർത്ഥം
[തിരുത്തുക]പഴയകൂറ്റുകാർ, പുത്തങ്കൂറ്റുകാർ എന്നീ പദപ്രയോഗങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവ തദ്ദേശീയമായ ഉപയോഗരീതിയുടെ ഭാഗമായിരുന്നു. പ്രധാനമായും കൂനൻ കുരിശ് സത്യത്തിന് ശേഷമുള്ള മാർത്തോമാ നസ്രാണികളുടെ രേഖകളിലും പ്രദേശിക ഉപയോഗത്തിലും ഇവ ഇന്നും വ്യാപകമാണ്. പഴയകൂറ്റുകാർ അഥവാ പഴേങ്കൂറ്റുകാർ അർത്ഥമാക്കുന്നത് പഴയ കൂറ് പിന്തുടരുന്നവർ എന്നാണ്. കൂറ് എന്ന വാക്ക് കൂട്ടുകെട്ട് എന്നോ വിധേയത്വം കലർന്ന ബാന്ധവം എന്നോ വിവക്ഷിക്കാം. റോമൻ കത്തോലിക്കാ സഭയുമായുള്ള കൂട്ടുകെട്ടാണ് പഴയ കൂറ് എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.[3] ഇതിനുപകരം പാശ്ചാത്യ എഴുത്തുകാർ പൊതുവേ കൽദായ സുറിയാനിക്കാർ, സുറിയാനി കത്തോലിക്കർ, റോമോ-സുറിയാനിക്കാർ എന്നിങ്ങനെ ഉള്ള പദപ്രയോഗങ്ങളാണ് തങ്ങളുടെ പുസ്തകങ്ങളിൽ ഉൾകൊള്ളിച്ചു കാണുന്നത്.
വിശകലനം
[തിരുത്തുക]പഴേങ്കൂർ, പുത്തങ്കൂർ എന്നീ വാക്കുകളുടെ ഉപയോഗം നസ്രാണികളിലെ ഇരു വിഭാഗവും പരസ്പരം സൂചിപ്പിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇരുവിഭാഗങ്ങളുടെയും പരസ്പരബന്ധം പരാമർശിക്കുന്ന വിവിധ പ്രാദേശിക രേഖകളിൽ, പ്രത്യേകിച്ച് പിളർപ്പിനുശേഷം പള്ളികളുടെ വീതംവെപ്പുമായി ബന്ധപ്പെട്ട കരാറുകളിലും തീർപ്പുകളിലും, ഈ പദപ്രയോഗങ്ങൾ കാണാൻ കഴിയും. എങ്കിലും ഇവയുടെ അർത്ഥത്തെക്കുറിച്ച് പല എഴുത്തുകാരും വിവാദം ഉയർത്തിയിട്ടുണ്ട്. ഈ പദപ്രയോഗങ്ങൾ ഒരു കത്തോലിക്കാ പക്ഷ വീക്ഷണത്തിൽ നിന്ന് ഉണ്ടായതാണ് എന്നതാണ് അവരുടെ പ്രധാനവാദം. ചിലർ ഈ പദപ്രയോഗങ്ങൾ തെറ്റിദ്ധാരണ ജനകമാണ് എന്ന് വാദിക്കുന്നു. കേരളത്തിലെ പൗരാണിക സഭ പൗരസ്ത്യ സുറിയാനി സഭയുടെ ഭാഗമായിരുന്നു; അന്ത്യോഖ്യൻ സഭയുമായുള്ള ബാന്ധവം എത്രത്തോളം പുതിയതാണോ എകദേശം അത്രത്തോളം തന്നെ പുതിയതാണ് കത്തോലിക്ക ബാന്ധവവും; അതുകൊണ്ടുതന്നെ ഒരു വിഭാഗം പുതിയതും മറുവിഭാഗം പഴയതും അല്ല മറിച്ച്, രണ്ടും പുതിയതാണ് എന്നുള്ളതാണ് ഇവരുടെ അഭിപ്രായത്തിന്റെ രത്നച്ചുരുക്കം. മറ്റു ചിലർ ഈ പദപ്രയോഗങ്ങൾ പൂർണ്ണമായും തെറ്റും വൈരുദ്ധ്യം നിറഞ്ഞതും ആണ് എന്ന് ആരോപിക്കുന്നു.[4][5][3]
എന്നാൽ 17ാം നൂറ്റാണ്ടിലെ മാർത്തോമാ നസ്രാണികളുടെ പശ്ചാത്തലം വ്യക്തമായി കണക്കിലെടുക്കാത്തതാണ് ഈ വിമർശനത്തിന് കാരണം. ഇന്ത്യയിലെ പൗരാണിക സഭ കിഴക്കിന്റെ സഭയുടെ ഒരു ഘടകമായി ആണ് 16ാം നൂറ്റാണ്ടുവരെ നിലനിന്നിരുന്നത്. പോർച്ചുഗീസുകാർ മലബാറിൽ സ്വാധീനമുറപ്പിക്കുന്നത് വരെ ഈ നില തുടർന്നു. ഇതിനിടയിൽ കിഴക്കിന്റെ സഭയിൽ ഉണ്ടായ പിളർപ്പും കൽദായ കത്തോലിക്കാ സഭയുടെ രൂപീകരണവും മലബാറിലെ പ്രവർത്തനങ്ങളും പരിമിതമായ തോതിൽ മാറ്റങ്ങൾക്ക് ഇടവരുത്തിയെങ്കിലും നസ്രാണികളുടെ ആരാധനാക്രമത്തിലും സഭാഭരണ സംവിധാനത്തിലും ആചാര രീതികളിലും കാര്യമായ മാറ്റങ്ങൾക്ക് ഇടവരുത്തിയത് ഉദയംപേരൂർ സൂനഹദോസ് ആണ്. പരമ്പരാഗത പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രം, വിശുദ്ധരുടെ പേരുകൾ എന്നിവ നീക്കം ചെയ്ത് പകരം ലത്തീൻ ദൈവശാസ്ത്രവും വിശുദ്ധരുടെ പേരുകളും ചേർത്ത് ആരാധനാക്രമത്തിൽ മാറ്റങ്ങൾ വരുത്തി. ചിത്രങ്ങൾ, ശില്പങ്ങൾ, ക്രൂശിതരൂപം എന്നിവയുടെ ഉപയോഗം വ്യാപകമാക്കുകയും പള്ളികളിൽ ലത്തീൻ ശൈലിയിലുള്ള നിർമ്മാണങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. കുർബാനയ്ക്ക് പുളിപ്പില്ലാത്ത അപ്പം നിർബന്ധമാക്കിയ മിഷണറിമാർ ദിവ്യകാരുണ്യ ആരാധന, ലത്തീൻ ശൈലിയിലുള്ള പ്രാർത്ഥനകൾ എന്നിവയും വ്യാപകമാക്കി. വിവാഹിത പൗരോഹിത്യം നിരോധിക്കുകയും വൈദികർക്ക് സെമിനാരി പരിശീലനം നിർബന്ധമാക്കുകയും ചെയ്തു. കുർബാനക്രമത്തിൽ സ്ഥാപനവിവരണം (പെസഹാ വിവരണം) നിർബന്ധമാക്കിയതും ഉദയംപേരൂർ സൂനഹദോസിന് ശേഷമാണ്. രാഷ്ട്രീയത്തിലും സഭാ ഭരണത്തിലും അധീശത്വ മനോഭാവം പുലർത്തിയിരുന്ന പോർച്ചുഗീസുകാർ നസ്രാണികളുടെ തനത് സഭാ ഭരണ സംവിധാനങ്ങളെയും രീതികളെയും അംഗീകരിക്കാൻ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് 1653ലെ കൂനൻ കുരിശു സത്യം നടക്കുന്നത്. അർക്കദിയാക്കോൻ തോമായുടെ നേതൃത്വത്തിൽ നടന്ന ഈ വിപ്ലവത്തിനു ശേഷം വൈദികർ ഒരുമിച്ചു ചേർന്ന് പറമ്പിൽ തോമായെ മാർത്തോമാ എന്ന പേരിൽ തങ്ങളുടെ പുതിയ മെത്രാനായി പ്രഖ്യാപിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി റോമിൽ നിന്ന് അയക്കപ്പെട്ട ജോസഫ് മരിയ സെബസ്ത്യാനിയും കർമലീത്താ വൈദികരും ഒരു വിഭാഗം നസ്രാണികളുടെ കത്തോലിക്കാസഭയിലേക്കുള്ള പുനപ്രവേശനത്തിന് സാഹചര്യം ഒരുക്കി. എന്നാൽ അവർ മാർത്തോമായെ മെത്രാനായി സ്വീകരിക്കാൻ ഒരിക്കലും തയ്യാറായിരുന്നില്ല. മാത്രമല്ല തദ്ദേശീയനായ മറ്റൊരാളെ മെത്രാനാക്കാനും അവർ ആദ്യം വൈമനസ്യം പ്രകടിപ്പിച്ചിരുന്നു. 1663ൽ ഡച്ചുകാർ കൊച്ചി തുറമുഖം കൂടി കൈവശപ്പെടുത്തി പോർച്ചുഗീസുകാരുടെ മലബാറിലെ സ്വാധീനം പൂർണമായും അവസാനിപ്പിച്ചതോടെ കർമ്മലീത്താക്കാർ ഉൾപ്പെടെ എല്ലാ വിഭാഗം കത്തോലിക്ക മിഷനറിമാർക്കും മലബാറിൽ നിന്ന് തിരിച്ചു പോകേണ്ടതായി വന്നു. ഈ സാഹചര്യത്തിൽ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ട വിഭാഗത്തിന് നാട്ടുകാരനായ ഒരു മെത്രാൻ നിയമിക്കപ്പെടേണ്ടത് ആവശ്യമായിമാറി. അങ്ങനെ അർക്കദിയാക്കോന്റെ അടുത്ത ബന്ധുവും നസ്രാണി നേതാവും ആയിരുന്ന പറമ്പിൽ ചാണ്ടി മെത്രാനായി അഭിഷിക്തനായി. ഈ സംഭവത്തോടെ വലിയൊരു ഭാഗം നസ്രാണികളും അർക്കദിയാക്കോനെ വിട്ട് കത്തോലിക്കാസഭ സംവിധാനത്തിലേക്ക് തിരിച്ചു വരാൻ ആരംഭിച്ചു. ഇവരെയാണ് പഴയകൂറ്റുകാർ എന്ന് വിളിക്കുന്നത്. സാധുവായ മെത്രാൻ പട്ടം ഇല്ലാത്തതിനാൽ മാർത്തോമായുടെ അധികാരം ദുർബലമായി ഇതിനേത്തുടർന്ന് അദ്ദേഹവും കൂട്ടരും വിവിധ പൗരസ്ത്യ സഭകൾക്ക് തുടർച്ചയായി കത്തുകൾ അയച്ചു. തുടർന്ന് 1665ൽ അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് ഗ്രിഗോറിയോസ് അബ്ദൽ ജലീൽ മലബാറിൽ എത്തിച്ചേരുകയും മാർത്തോമായെ സാധുവായ രീതിയിൽ മെത്രാഭിഷേകം നടത്തുകയും ചെയ്തു. ഇതിനുശേഷം ബസേലിയോസ് യൽദോ, ബസേലിയോസ് ശുക്ർ-അല്ലാഹ് എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘങ്ങളും മലബാറിൽ എത്തി. സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നുള്ള ഈ ദൗത്യസംഘങ്ങൾ മലബാറിൽ പ്രചരിപ്പിച്ച അന്ത്യോഖ്യൻ സുറിയാനി ആരാധന ക്രമവും കാൽക്കിദോൻ വിരുദ്ധ ദൈവശാസ്ത്ര കാഴ്ചപ്പാടുകളും സ്വീകരിച്ചവർ പുത്തങ്കൂറ്റുകാർ എന്നറിയപ്പെട്ടു.[3]
1663ൽ പഴയകൂറ്റുകാർക്ക് പുതിയ തദ്ദേശീയമായ ഭരണസംവിധാനം സ്ഥാപിതമായി എങ്കിലും അത് അല്പായുസ്സ് ആയിരുന്നു. മലബാറിലേക്ക് തിരിച്ചുവന്ന കർമ്മലീത്താ മിഷണറിമാർ മെത്രാൻ സ്ഥാനം തങ്ങളുടെ കുത്തകാവകാശമാക്കി. ഇതോടെ പഴയകൂറ്റുകാർ ഇവരുമായും ഭിന്നതയിലായി. തുടർന്ന് വരാപ്പുഴ അപ്പസ്തോലിക്ക് വികാരിയാത്ത്, കൊടുങ്ങല്ലൂർ പദ്രുവാദോ അതിരൂപത, കൊച്ചി രൂപത എന്നിവയുടെ കീഴിൽ ഭരണപരമായി ഇവർ വിഭജിക്കപ്പെട്ടു. നഷ്ടപ്പെട്ട ഐക്യം പുനഃസ്ഥാപിക്കാനും തങ്ങൾക്കുനേരെയുള്ള ഭണപരമായ അടിച്ചമർത്തൽ ചെറുക്കാനും ലക്ഷ്യമാക്കി പുത്തങ്കൂർ സമുദായവുമായി വീണ്ടും ഐക്യപ്പെട്ട് കൽദായ സുറിയാനി സഭയുമായുള്ള തങ്ങളുടെ ബന്ധം പുനസ്ഥാപിക്കുന്നതിന് ഈ വിഭാഗം തുടർച്ചയായി ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു.[1]
ചരിത്രം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 പെർസെൽ, ഇസ്ത്വാൻ (2013). പീറ്റർ ബ്രൺസ്; ഹെയ്ൻസ് ഓട്ടോ ലൂഥെ (eds.). സം ന്യൂ ഡോക്യുമെന്റ്സ് ഓൺ ദ സ്ട്രഗ്ൾ ഓഫ് ദ സെയ്ന്റ് തോമസ് ക്രിസ്റ്റ്യൻസ് റ്റു മെയിൻറ്റെയ്ൻ ദ കാൽഡിയൻ റൈറ്റ് ആന്ഡ് ജൂറിസ്ഡിക്ഷൻ. ഫെസ്റ്റ്‌സ്‌ക്രിഫ്റ്റ് ഫ്യൂർ ഹ്യൂബർട്ട് കോഫ്‌ഹോൾഡ് സും 70 ഗെബർട്സ്റ്റാഗ്. വീസ്ബഡൻ: Harrassowitz Verlag. pp. 415–436. ISBN 9783447068857.
{{cite book}}
:|journal=
ignored (help) - ↑ പെർസെൽ, ഇസ്ത്വാൻ (2018). ഡാനിയൽ കിംഗ് (ed.). സിറിയാക് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ഡിയ. ദ സിറിയാക് വേൾഡ്. Routledge. pp. 653–697. ISBN 9781317482116.
- ↑ 3.0 3.1 3.2 Fenwick, John (2009). The Forgotten Bishops: The Malabar Independent Syrian Church and its Place in the Story of the St Thomas Christians of South India. Gorgias Press. pp. 136–139, 185–188. ISBN 978-1-60724-619-0.
- ↑ തോമസ്, ബോബി (2016). ക്രിസ്ത്യാനികൾ-ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം. ഡി.സി. ബുക്സ്. p. 309-310.
- ↑ ശങ്കരമേനോൻ, എം (1903). Census of India-1901, XX, Cochin, Part-I (in ഇംഗ്ലീഷ്). Census Operations, Cochin State. p. 51-52.