കൽദായ സുറിയാനി സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കൽദായ സുറിയാനി സഭ

സ്ഥാപകൻ തോമാശ്ലീഹ, AD 52
സ്വതന്ത്രമായത് ഏഴാം നൂറ്റാണ്ട്[1]
അംഗീകാരം അസ്സീരിയൻ ചർച്ച് ഓഫ് ദി ഈസ്‌റ്റ്‌
പരമാദ്ധ്യക്ഷൻ മാർ അപ്രേം മെത്രാപോലീത്ത
ആസ്ഥാനം മെത്രാപോലീത്തൻ പാലസ്, തൃശ്ശൂർ
ഭരണപ്രദേശം ആകമാനം
മേഖലകൾ ഇന്ത്യ, അറബ് എമിറേറ്റുകൾ.
ഭാഷ മലയാളം, സുറിയാനി, ഇംഗ്ലീഷ്
അനുയായികൾ 15000 (പതിനഞ്ചായിരം)
വെബ്‌സൈറ്റ് http://www.churchoftheeastindia.org
മാർ അപ്രേം മെത്രാപ്പോലീത്ത - മലബാറിന്റെയും ഇന്ത്യയുടെയും മെത്രാപ്പോലീത്ത

പേർഷ്യൻ സഭയായ അസ്സീറിയൻ പൗരസ്ത്യ സഭയുടെ ഇന്ത്യയിലെ ശാഖയാണ്‌ പൂർവ്വിക പൗരസ്ത്യ കൽദായ സുറിയാനി സഭ. ക്രിസ്തു ശിഷ്യനായ മാർ തോമാശ്ലീഹാ കേരളത്തിൽ സുവിശേഷ പ്രചരണം നടത്തിയിരുന്നതായി വിശ്വസിക്കുന്നു.[2] ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മലങ്കരയിലെ പൂർവ്വിക കൽദായ മാർ തോമ നസ്രാണികൾ ഉദയമ്പേരൂർ സുനഹദോസിനു ശേഷം 2 ആയി പിളർന്നു. കൂനൻ കുരിശുസത്യത്തിനു ശേഷം 1665-കാലത്താണു് ആദ്യമായി ഒരു അന്തോഖ്യൻ മെത്രാൻ മലങ്കരയിൽ വരികയും അത് മറ്റൊരു പിളർപ്പിന് കാരണമാാകുകയും ചെയ്തു. സുവിശേഷപ്രചരണത്തിനായി മൂന്നുമുതൽ അറു നൂറ്റാണ്ടുവരെ ഭാരതത്തിൽ സഞ്ചരിച്ചിരുന്ന പേർഷ്യൻ സഭാപിതാക്കന്മാരുടെ സഭയായിരുന്നു പൂർവ്വിക പൗരസ്ത്യ കൽദായ സുറിയാനി സഭ.[3] പൗരസ്ത്യ കൽദായ ആരാധനാക്രമങ്ങൾ ഭാരതസംസ്കാരവുമായി ഇടചേർത്ത് ഇന്നും സഭ സംരക്ഷിക്കുന്നു.[4] ഭാരതസഭയുടെ മേലദ്ധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്തയാണ്‌. ഇറാഖ് ആസ്ഥാനമായുള്ള കാഥോലിക്കോസ്-പാത്രിയർക്കീസ് ആണ് അസ്സീറിയൻ സഭയുടെ ആഗോള തലവനായിരിക്കുന്നത്. [5]

പേരിനു പിന്നിൽ

സഭയുടെ പേരായ കൽദായ എന്ന പദത്തിന് പല അർത്ഥങ്ങളും പറയുന്നുണ്ടെങ്കിലും സുറിയാനിയിൽ പൂർവ സുറിയാനിക്കാരൻ എന്നാണ് ഈ വാക്കിന്റെ അർത്ഥം.[4] ലത്തീനിലും മറ്റു യൂറോപ്യൻ ഭാഷകളിലും ഈ പദം സിറിയൻ ദേശീയതയെയും സിറിയൻ അല്ലെങ്കിൽ അറമായിക് ഭാഷകളെയും സൂചിപ്പിക്കാനാണ്‌ ഉപയോഗിച്ചിരുന്നത്. 16-ആം നൂറ്റാണ്ടിൽ ഉദയമ്പേരൂർ സുനഹദോസിനു ശേഷം ഒരു വിഭാഗമാളുകൾ റോമിലെ മാർപാപ്പയെ പിന്താങ്ങി, അതോടു കൂടി പ്രസ്തുത പദം പൗരസ്ത്യ-പശ്ചാത്യ സിറിയൻ റീത്തുകളെ തമ്മിൽ വേർതിരിച്ചു സൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി. കത്തോലിക്കാ സുറിയാനിക്കാരെ കൽദായ കത്തോലിക്ക ക്രിസ്ത്യാനികൾ എന്നും പൂർവ്വിക സുറിയാനി ക്രിസ്ത്യാനികളെ കൽദായ സുറിയാനി സഭക്കാർ എന്നും വിളിച്ചുവന്നു. കേരളത്തിലെ കൽദായ സുറിയാനി സഭ ഇപ്പോൾ അസ്സീറിയൻ പൗരസ്ത്യ സഭയുടെ ഭാഗമാണ്.

നെസ്തോറിയൻ സഭ എന്നു വിളിക്കുന്നതിന്റെ പിന്നിൽ

ഈ സഭയെ നെസ്തോറിയൻ സഭ എന്ന് വിളിക്കുന്നതിനെ സഭ ശക്തമായി എതിർക്കുന്നു - “ കിഴക്കിൻറെ സഭ സത്യത്തിൽ നിന്നു ഒട്ടും വ്യതിച്ചലിക്കുകയില്ല. എന്നാൽ ശ്ലീഹാമാരിൽ നിന്ന് സ്വീകരിച്ചീട്ടുള്ള വിശ്വാസം അതേപടി സൂക്ഷിക്കുകയും, മാറ്റം കൂടാതെ നിലനിര്ത്തി പോരുകയും ചെയ്തു. അവരെ അന്യായമായീട്ടാണ് നെസ്തോരീസ്സുക്കാരെന്നു വിളിക്കുന്നത്‌. എന്തുകൊണ്ടെന്നാൽ മാർ നെസ്തോരിസ് അവരുടെ പാത്രയര്കീസ് അല്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാഷ കിഴക്കൻ സഭയ്ക്ക് പരിചിതവും അല്ല. പക്ഷെ രണ്ടു സ്വഭാവങ്ങളും രണ്ടു വസ്തുക്കളും ഒരു അഭിപ്രായവും ആണ് ദൈവത്തിൻറെ ഏകപുത്രന്, ഏകമ്ശീഹായ്ക്കുള്ളതെന്നാണ് അദ്ദേഹം ഉപദേശിച്ചത്. ഈ വസ്തുത അറിഞ്ഞപ്പോൾ കി.തിരുസഭ മാർ നെസ്തോരിസ് സത്യവിശ്വാസമാണ് , പ്രത്യേകിച്ച് മറിയത്തെ ” മ്ശീഹായുടെ മാതാവ്‌ “ എന്നു വിളിക്കുന്നതിൽ, ഏറ്റുപറയുന്നതെന്ന് അവർ സാക്ഷ്യം നല്കി. തിരുസഭ ഇതിനെ അനുസരിച്ച് വന്നതുകൊണ്ട് മാർ നെസ്തോരിസ് അവരോടു ചേരുകയാണ് ഉണ്ടായതു അല്ലാതെ തിരുസഭ അദ്ദേഹതോട് ചേരുകയല്ല ഉണ്ടായതു. മാർ നെസ്തോരിസിനെ മഹറൊൻ ചൊല്ലാൻ അവർ നിര്ബന്ധിതരായപ്പോൾ , അതിന് വഴങ്ങാതെ അവർ പറഞ്ഞു “ മാർ നെസ്തോരിസിനെ മഹറൊൻ ചൊല്ലുന്നതും, ദൈവിക ഗ്രന്ഥങ്ങളെയും പരിശുദ്ധ ശ്ലീഹാമാരെയും മഹറൊൻ ചൊല്ലുന്നതും തമ്മിൽ വ്യതാസമില്ല. അവരിൽ നിന്നാണ് നാം മുറുകെ പിടിച്ചിരിക്കുന്ന വിശ്വാസം കൈകൊണ്ടിരിക്കുന്നത്‌ “ എന്നു. ഇതിനാണ് നിങ്ങൾ മാർ നെസ്തോരിസിനെയും ഞങ്ങളെയും കുറ്റം വിധിക്കുന്നത്.”.

“ രണ്ടു സ്വഭാവങ്ങളാലും സർവ്വരാലും ആരാധിക്കപ്പെട്ട ദൈവപുത്രനായ മ്ശീഹാ ഒരുവനാകുന്നു. അവൻ തൻറെ ദൈവത്വത്തിൽ കാലങ്ങളുടെ പൂർണ്ണതയിൽ സംയോജിച്ച ശരീരത്താൽ കന്യകമറിയത്തില്നി്ന്ന് ജനിച്ചവനാകുന്നു. അവൻറെ ദൈവത്വം അമ്മയുടെ സ്വഭാവത്തില്നിന്നല്ല, അവൻറെ മനുഷ്യത്വം പിതാവിൻറെ സ്വഭാവത്തില്നിന്നല്ല. ഈ സ്വഭാവങ്ങൾ അതിൻറെ പൂര്ണ്ണാവസ്ത പുത്രത്വത്തിൻറെ ഏക ആളിൽ സംരക്ഷിക്കപെട്ടിരിക്കുന്നു. ദൈവത്വം ഒരു സ്വഭാവത്തിൽ മൂന്നു വസ്തുക്കൾ അടക്കിയിരിക്കുന്നവിധത്തിൽ പുത്രത്വം ഒരാളിൽ രണ്ടു സ്വഭാവങ്ങളെ ഒരാളിൽ കൊള്ളിചിരിക്കുന്നു. വിശുദ്ധ സഭ ഇങ്ങനെയാണ് പഠിപ്പിക്കുന്നത്‌. എൻറെ കര്ത്താവേ അങ്ങയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും വിഭജിക്കാതെ ഞങ്ങൾ ആരാധിക്കുന്നു. ”

ചരിത്രം

കൽദായ സുറിയാനി ക്രിസ്ത്യാനികളുടെ കേരളത്തിലെ പ്രമുഖ കേന്ദ്രം ഇന്ന് തൃശ്ശൂർ ആണ്. എന്നാൽ മുൻകാലങ്ങളിലെ സ്ഥിതി അതായിരുന്നില്ല. വിശുദ്ധ തോമസിനാൽ സ്ഥാപിതമായ ഇന്ത്യയിലെ ക്രൈസ്തവ സഭ മുഴുവനും കല്ദായ സുറിയാനി അവരുടെ ആരാധനകൾക്കു ഉപയോഗിക്കുകയും, ബാബിലോണിലെ പാത്രയാർക്കീസിന്റെ ഭരണനേതൃത്വം അംഗീകരിക്കുകയും ചെയ്തുപോന്നിരുന്നതായി മിക്ക ക്രൈസ്തവ ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. പോർത്തുഗീസുകാരുടെയും മറ്റു വിദേശ ശക്തികളുടെയും ഇടപെടലും പ്രവർത്തനങ്ങളും മൂലമാണ് കല്ദായ സുറിയാനി സഭ ക്ഷയോന്മുഖമായത്.

മാർ അവ്രാഹം പാത്രിയർക്കീസിന്റെ കാലത്ത് ഈ സഭ ഇന്ത്യയിൽ എല്ലായിടത്തും പടർന്നു പന്തലിച്ചു കിടന്നിരുന്നു. [6] എന്നാൽ, മുഗൾ ചക്രവർത്തിമാരുടെ കാലത്ത് ക്ഷയോന്മുഖമായി തുടങ്ങി. ഉദയം‌പേരൂർ സൂനഹദോസിനുശേഷം പോർച്ചുഗീസുകാർ ഈ സഭയെ കയ്യേറ്റം ചെയ്യുകയും അതിന് ഫലമായി ചിലർ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും ഇപ്പോഴും ചിലർ മാതൃ സഭയിലേക്ക് മടങ്ങി വരികയുണ്ടായത്രേ. പേർഷ്യൻ സഭയിൽ നിന്നു ഇന്ത്യൻ സഭയിലേക്ക് അയക്കുന്ന മെത്രാന്മാരെ പറങ്കികൾ കൊല്ലുക നിമിത്തം[7] ഇന്ത്യയിലെ കൽദായ സഭയ്ക്ക് നായകന്മാർ ഇല്ലാതെയായി. പോർച്ചുഗീസ് മെത്രാന്മാരുടെ ഭരണത്തിൽ അസ്വസ്ഥരായ ഒരു വിഭാഗം നസ്രാണികൾ സുറിയാനി മെത്രാന്മാരെ കിട്ടുന്നതിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഇതും പോർച്ചുഗീസുകാർ അനുവദിച്ചില്ല. ചിലർ 17-ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ കുടിയേറിയ സിറിയൻ ഓർത്തഡോക്സ് ബിഷപ്പിൽ നിന്ന് തങ്ങൾക്കായൊരു നേതൃത്വത്തിന്‌ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ കൽദായ സുറിയാനി സഭ പേർഷ്യൻ മെത്രാന്മാരെ കിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു. അതിൻ ഫലമായി 1814-ൽ ഈ സഭ ബാഗ്ദാദ് ആസ്ഥാനമായുള്ള പേർഷ്യൻ സിംഹസനതിലെ പൗരസ്ത്യസഭാ കാതോലിക്കാ-പാത്രിയർക്കീസിന്റെ അടുക്കലേക്ക് അന്തോണി തൊണ്ടനാട്ട് എന്ന വൈദികനെ അയക്കുകയും മാർ അബ്ദീശോ എന്ന പേരിൽ 1862-ൽ മെത്രാനായി വാഴിക്കുകയും ചെയ്തു. 1900-ത്തിൽ ഇദ്ദേഹം അന്തരിച്ചു.

പോർച്ചുഗീസ് ആധിപത്യം

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസുകാർ അവരുടെ ആസ്ഥാനം ഗോവയിൽ സ്ഥാപിച്ച് അവരുടെ ആധിപത്യം കേരളത്തിലേക്ക് വ്യാപിപ്പിച്ചിരുന്നു. പോർച്ചുഗീസുകാരുടെ പിന്തുണയോടെ ഗോവ അതിരൂപത, മലബാറിലെ സുറിയാനി ക്രിസ്ത്യാനികളുടെ മേലുള്ള അധികാരം അവകാശപ്പെട്ടു. പൗരസ്ത്യ കൽദായ ആരാധനക്രമവും സെന്റ് തോമസ് ക്രിസ്ത്യാനികളുടെ പേർഷ്യൻ ബന്ധവും നെസ്റ്റോറിയനിസത്തെ പറ്റിയുള്ള തെറ്റിധാരണകളും അഞ്ചാം നൂറ്റാണ്ടിലെ അലക്സാണ്ട്രിയൻ-അന്ത്യോഖ്യൻ ചിന്താധാരകളുടെ രാഷ്ട്രീയ വൈരാഗ്യം കാരണം ആഗോള പൗരസ്ത്യ സഭക്ക് നെസ്റ്റോറിയൻ എന്ന പേര് അന്യായമായി നൽകപ്പെടുകയായിരുന്നു. [8] 1598 ഡിസംബറിൽ കേരളത്തിലെത്തിയ ഗോവയിലെ ആർച്ച് ബിഷപ്പ് മെനെസിസ് അവരെ ലാറ്റിൻ ആരാധനാരീതിയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. 1599 ജൂണിൽ അദ്ദേഹം ഉദയംപേരൂരിൽ ഒരു സുൻഹാദോസ് വിളിച്ചു. [9] [10] അതുവരെ ഇന്ത്യയിലെ ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുമ്പോൾ കിഴക്കോട്ട് തിരിഞ്ഞു നിൽക്കുമായിരുന്നു , അവർക്ക് വ്യക്തിപരമായ കുമ്പസാരം ഇല്ലായിരുന്നു, വിവാഹം ഒരു കൂദാശ ആയിരുന്നില്ല, പുരോഹിതന്മാർക്ക് വിവാഹം അനുവദിച്ചിരുന്നു. [11] സുറിയാനി ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും ലാറ്റിനൈസേഷൻ സ്വീകരിക്കാൻ തുടങ്ങി. എന്നാൽ ബാക്കിയുള്ളവർ മുകളിൽ പറഞ്ഞ കൽദായ ആചാരാനുഷ്ഠാനങ്ങളിൽ ഉറച്ചുനിന്നു.

സിറിയൻ കലാപത്തിനു ശേഷം

എ.ഡി. 1653-ലെ കൂനൻ കുരിശ് സത്യം എന്ന സംഭവം ലാറ്റിൻവൽക്കരണത്തിനെതിരായ പ്രതിഷേധമായിരുന്നു. അതിന് ശേഷം മലബാറിലെ ചില സുറിയാനി ക്രിസ്ത്യാനികൾ 1665-ൽ ഡച്ച് കപ്പലിൽ കേരളത്തിലെത്തിയ പാശ്ചാത്യ സുറിയാനിക്കാരനായ ജറുസലേമിലെ മാർ ഗ്രിഗോറിയസ് അബ്ദുൾ ജലീലിനെ സ്വീകരിച്ചു. [12][13] ശേഷിക്കുന്ന സുറിയാനി ക്രിസ്ത്യാനികൾ കിഴക്കിന്റെ സുറിയാനി മെത്രാന്മാരെ കാത്തിരുന്നു, 1701-ൽ കേരളത്തിലേക്ക് വന്ന മാർ ഗബ്രിയേൽ 1731-ൽ കേരളത്തിൽ വച്ചുതന്നെ അന്തരിച്ചു. 18ാം നൂറ്റാണ്ടിനുശേഷം കൽദായ സുറിയാനിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വന്നു. ടിപ്പു സുൽത്താന്റെ ആക്രമണത്തെത്തുടർന്ന് കൊച്ചിയിലെ വാണിജ്യം മെച്ചപ്പെടുത്തുന്നതിനായി 1796-ൽ കൊച്ചിൻ രാജാവ് 52 ക്രിസ്ത്യാനി കുടുംബങ്ങളെ തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പുത്തൻപേട്ടയിൽ പാർപ്പിച്ചു. 1814 ൽ ശക്തൻ തമ്പുരാൻ കൊണ്ടുവന്ന കൽദായ സുറിയാനിക്കാരുടെ ആരാധനയ്ക്കായി തൃശ്ശൂരിൽ മാർത്ത് മറിയം വലിയ പള്ളി നിർമ്മിച്ചു.[14] പിന്നീട് കൽദായ പാത്രിയർക്കീസ് മാർ ജോസഫ് ഔദോ രണ്ട് മെത്രാന്മാരെ ഭാരതത്തിലേക്ക് അയക്കുകയും; മാർ തോമ റോക്കോസ് 1861-ൽ എത്തിച്ചേരുകയും ചെയ്തു, 1862-ൽ ആണിവർ തിരിച്ചുപോയത്. പിന്നീട് പ്രധാന വൈദികനായ മാർ യോഹന്നാൻ ഏലിയ മേലൂസ് 1874-ൽ തൃശ്ശൂരിലെത്തി ചേർന്നു. 1882-ൽ അദ്ദേഹത്തിന് മടങ്ങിപ്പോകേണ്ടി വന്നു. 1900 നവംബറിൽ മാർ ഔദീശോ മരിച്ചപ്പോൾ അനാഥമായ സഭക്ക് ഒരു മെത്രാപോലീത്തയെ ലഭിക്കാൻ തൃശ്ശൂർ പള്ളിയിലെ ആളുകൾ മാർ ബെന്യാമിൻ ശീമോൻ പാത്രിയർക്കീസിന് (1903 - 1918) ഒരു മെമ്മോറാണ്ടം അയച്ചു. അങ്ങനെ 1908 ൽ തുർക്കിയിലെ മാർ ബീശോ ഗ്രാമത്തിൽ നിന്ന് മാർ അബിമലേക് തിമോഥെയൂസ് മെത്രാപോലീത്ത തൃശ്ശൂരിലേക്ക് വന്നുചേർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മാർത്ത് മറിയം വലിയപ്പള്ളിയുടെ അവകാശത്തിനു വേണ്ടി നൽകിയ കേസ് വിജയിച്ചു. മാർ അബിമലേക് തിമോഥെയൂസ് 1945 ഏപ്രിൽ 30 ന് തൃശ്ശൂരിൽ വെച്ച് അന്തരിച്ചു. 1952 ജൂണിൽ മാർ തോമ ധർമോ മെത്രാപോലീത്ത ഇന്ത്യയിൽ എത്തിച്ചേർന്നു. [15] ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു സഭയിൽ കാര്യമായ പുരോഗതി കൈവരിച്ചത്. പിന്നീട്, ചില കാരണങ്ങളാൽ സഭ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞെങ്കിലും കഥോലിക്കാ പാത്രിയർക്കീസ് പരിശുദ്ധ മാർ ദിൻഹ നാലാമന്റെ നേതൃത്വത്തിൽ 1995 നവംബറിൽ രണ്ടുകൂട്ടരും വീണ്ടും ഒന്നിച്ചു. 2010 ജനുവരി 13 മുതൽ 19 വരെ തൃശ്ശൂരിലെ മെത്രാപോലീത്തൻ അരമനയിൽ വെച്ച് ആഗോള സുൻഹാദോസ് കൂടിയിരുന്നു. ഇപ്പോൾ സഭക്ക് രണ്ട് എപ്പിസ്കോപ്പകളുണ്ട്, മാർ യോഹന്നാൻ യോസെഫ്, മാർ ഔഗിൻ കുര്യാക്കോസ് എന്നിവരാണവർ. മാർ തോമ ധർമോ മെത്രാപോലീത്തയുടെ പിൻഗാമിയാണ് മാർ അപ്രേം മെത്രാപോലീത്ത . 2015 മാർച്ച് 26 ന് പരിശുദ്ധ മാർ ദിൻഹ നാലാമൻ പാത്രിയർക്കീസ് മരണമടഞ്ഞത്. അദ്ദേഹത്തിന്റെ പിൻഗാമിയാണ് പരിശുദ്ധ മാർ ഗീവർഗീസ് മൂന്നാമൻ സ്ലീവ പാത്രിയർക്കീസ്. 2019 ൽ പരിശുദ്ധ സുൻഹാദോസിന്റെ തീരുമാനമനുസരിച്ച്, ദിവംഗതനായ മാർ അബിമലേക് തിമോഥെയൂസ് മെത്രാപോലീത്തയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

മാർ അബിമലെക് തിമോഥെയൂസ് മെത്രാപോലീത്ത

1908 മുതൽ 1945 വരെ കേരളത്തിലെ കല്ദായ സുറിയാനി സഭയെ നയിച്ചത് മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത ആയിരുന്നു. അക്കാലത്ത്‌ ഇന്ത്യ സന്ദർശി്ച്ച പ്രസിദ്ധനായ ഒരു പാശ്ചാത്യ നിരൂപകൻ [16] ഇദ്ദേഹത്തെ കുറിച്ചു പറഞ്ഞിരുന്നു. 1931 ൽ ജവഹർലാൽ നെഹ്റു സകുടുംബം കേരളം സന്ദർശിച്ചപ്പോൾ അദ്ദേഹം മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയെ സന്ദർശിക്കുകയുണ്ടായി. ജവഹർലാൽ നെഹ്റുവിൻറെ ആത്മകഥയിൽ ആ സംഭവം അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

ഇന്ന്

സഭയുടെ ആസ്ഥാനം തൃശ്ശൂരും സഭയുടെ പ്രാദേശിക തലവനായ മെത്രാപ്പോലീത്തയുടെ ആസ്ഥാനദേവാലയം തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന മർത്ത് മറിയം കത്തീഡ്രലുമാണ്‌. 1968-ൽ സ്ഥാനമേറ്റ മാർ അപ്രേം മൂക്കനാണ്‌ സഭയുടെ മെത്രാപ്പോലീത്താ. ഇദ്ദേഹത്തെ കൂടാതെ മാർ യോഹന്നാൻ യൊസെഫ്, മാർ ഔഗിൻ കുറിയാക്കോസ് എന്നീ രണ്ടു എപ്പിസ്കോപ്പമാർ കൂടി കൽദായ സഭയിലുണ്ട്. ഇവരുടെ ആസ്ഥാനം തൃശൂർ അഞ്ജങ്ങാടിയിലുള്ള ബിഷപ്പ് പാലസ് ആണ്. സഭയുടെ കീഴിലുള്ള മാർ നർസയി പ്രസ് അസ്സീറിയൻ പൗരസ്ത്യ സഭയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നു. സഭയിൽ നിന്നു പൌരസ്ത്യനാദം എന്നാ പേരിൽ മലയാളം മാസികയും വോയിസ്‌ ഓഫ് ദി ഈസ്റ്റ്‌ എന്നാ പേരിൽ ഇംഗ്ലീഷ് മാസികയും പുറത്തിറക്കുന്നു. ഹൂയാദ എന്ന പേരിൽ വിവാഹ വേദിയും ഉണ്ട്.

അവലംബം

 1. Patriarch Ishoyahb III
 2. ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; പേജ് 15, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994
 3. Church of the East , A concise history - 2003, Wilhem Baum and Dietmar W. Winkler, P-51.
 4. 4.0 4.1 Church of the East, An illustrated history of Assyrian Christianity- Christoph Baumer,2006,P-235,236
 5. അഴിമുഖം
 6. അസ്സീറിയൻ സഭാ ചരിത്രം 33 AD മുതൽ 2011AD വരെ, കാലിഫോർന്നിയ. 18 ആം നൂറ്റാണ്ടിലെ കൈയ്യെഴുത്ത് പുസ്തകം - സുറിയാനി ലൈബ്രറി - തൃശൂർ
 7. കേരളത്തിലെ കൽദായ സുരിയനിക്കാരുടെ ചരിത്ര സംക്ഷേപം, പ്രിന്റെഡ്‌ തിരുവനന്തപുരം
 8. വിൽഹെം ബം, ഡയറ്റ്മാർ ഡബ്ല്യു. വിങ്ക്ലർ, ദി ചർച്ച് ഓഫ് ഈസ്റ്റ്: എ കോൺകൈസ് ഹിസ്റ്ററി, 2003, P-4
 9. റവ. ജോൺ സ്റ്റുവാർട്ട്, എം.എ., പി.എച്ച്.ഡി. നെസ്റ്റോറിയൻ മിഷനറി എന്റർപ്രൈസ്: എ ചർച്ച് ഓൺ ഫയർ, 1961. P- 128
 10. ഉദയമ്പേരൂർ സുനഹദോസ് വാർത്ത
 11. ഇന്ത്യ ഇൻ എ ഡി 1500, ദി നറേറ്റീവ്സ് ഓഫ് ജോസഫ് ദി ഇന്ത്യൻ, ആന്റണി വല്ലവന്തര, 1984. P-97, 98.
 12. ദി ചർച്ച് ഓഫ് ദി ഈസ്റ്റ് - ക്രിസ്റ്റോഫ് ബോമർ - 2006. P-240
 13. Assyrian Churches Syriac Literature
 14. ശക്തൻ തമ്പുരാൻ പണിത പള്ളി
 15. ദി ചർച്ച് ഓഫ് ദി ഈസ്റ്റ് - ക്രിസ്റ്റോഫ് ബോമർ - 2006. P-243 ] [ ഡോ. മാർ ആപ്രേം, ഇന്ത്യൻ ചർച്ച് ഹിസ്റ്ററി പ്രഭാഷണങ്ങൾ, 2007
 16. ഉദയംപേരൂർ സുനഹദോസ്, By, MV Paul. Thrissur
 • മാർ അപ്രേം മൂക്കൻ, The Chaldean Syrian Church in India, (തൃശ്ശൂർ: മാ‍ർ നഴ്സായി പ്രസ്, 1977).
 • മെത്രാപ്പോലീത്താ മാർ മൂക്കൻ, Church of the East, (St. Thomas Christian Encyclopaedia, തൃശ്ശൂർ: 1973).

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കൽദായ_സുറിയാനി_സഭ&oldid=3701897" എന്ന താളിൽനിന്ന് ശേഖരിച്ചത്