ഇന്ത്യ (പൗരസ്ത്യ സുറിയാനി മെത്രാസന പ്രവിശ്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ത്യ (പൗരസ്ത്യ സുറിയാനി മെത്രാസനം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഴാം നൂറ്റാണ്ട് മുതൽ നിലനിന്നുവരുന്ന പൗരസ്ത്യ സുറിയാനി സഭയുടെ ഒരു സഭാ പ്രവിശ്യ ആണ് ഇന്ത്യാ മെത്രാസനം (സുറിയാനി: ബേഥ് ഹെന്ദായേ).[1] ഇന്ത്യയിലെ മലബാർ പ്രദേശം (കേരളം) വളരെക്കാലമായി മാർത്തോമാ നസ്രാണികൾ എന്നറിയപ്പെടുന്ന ഒരു പൗരസ്ത്യ ക്രിസ്ത്യൻ സമൂഹത്തിന്റെ കേന്ദ്രമായിരുന്നു. ഒന്നാം നൂറ്റാണ്ടിൽ തോമാശ്ലീഹായുടെ സുവിശേഷ പ്രവർത്തനത്തിൽ നിന്നാണ് ഈ സമൂഹം അതിന്റെ ഉത്ഭവം കണക്കാക്കുന്നത്. കിഴക്കിന്റെ സഭയുടെ പരമ്പരാഗത ആരാധനാക്രമമായ പൗരസ്ത്യ സുറിയാനി ആചാരക്രമമാണ് ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹങ്ങൾ ഉപയോഗിച്ചിരുന്നത്. സഭയുടെ ദൈവശാസ്ത്രത്തിന് അനുസൃതമായി അവർ പലപ്പോഴും നെസ്റ്റോറിയനിസം എന്ന് തെറ്റായി പരാമർശിക്കപ്പെടുന്ന, പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രവും സ്വീകരിച്ചു.[2] മാർത്തോമാ നസ്രാണികളും കിഴക്കിന്റെ സഭയും തമ്മിലുള്ള ബന്ധം എപ്പോഴാണ് സ്ഥാപിതമായതെന്ന് വ്യക്തമല്ല. തുടക്കത്തിൽ, അവർ പാർസ് മെത്രാസനത്തിന്റെ പ്രവിശ്യയിൽ ഉൾപ്പെട്ടവരായിരുന്നു. എന്നാൽ ഏഴാം നൂറ്റാണ്ടോടെ ആ പ്രവിശ്യയിൽ നിന്ന് വേർപെടുത്തപ്പെട്ടു. കിഴക്കിന്റെ കാതോലിക്കോസ് അവർക്കായി സ്വന്തമായി മെത്രാപ്പോലീത്തമാരെ നൽകിത്തുടങ്ങി.[1][3] 1552ൽ കിഴക്കിന്റെ സഭയിൽ ഉണ്ടായ പിളർപ്പോടുകൂടി സഭയിലെ ഒരു വിഭാഗം കത്തോലിക്കാ സഭയുടെ സഭാസംസർഗ്ഗത്തിലും മാർപ്പാപ്പയുടെ അധികാരത്തിന് കീഴിലുമുള്ള കൽദായ കത്തോലിക്കാ സഭ രൂപീകരിച്ചു. തുടർന്നുള്ള ദശകങ്ങളിൽ കൽദായ കത്തോലിക്കാ മെത്രാന്മാരും കേരളത്തിലെ സഭാംഗങ്ങളുടെ ആത്മീയ നേതാക്കന്മാരായി. 1555ൽ കൽദായ കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ മെത്രാസനം അങ്കമാലി ആസ്ഥാനമായി മാർപ്പാപ്പയുടെ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു. എന്നാൽ 1599ൽ നടന്ന ഉദയംപേരൂർ സൂനഹദോസിന് ശേഷം കേരളത്തിലെ മാർത്തോമാ നസ്രാണികൾ റോമൻ ലത്തീൻ കത്തോലിക്കാ സഭയുടെ അധികാരത്തിന് കീഴിലാവുകയും അവരുടെ അങ്കമാലി അതിരൂപത നിർത്തലാക്കപ്പെടുകയും അതിന് പകരമായി പോർച്ചുഗീസ് പാദ്രുവാദോയുടെ കീഴിൽ അവർക്കായി ഒരു രൂപത സ്ഥാപിതമാവുകയും ചെയ്തു. ഇതിനെതിരെ സുറിയാനി നസ്രാണി സമൂഹം നടത്തിയ ചെറുത്തുനിൽപ്പ് 1653ലെ കൂനൻ കുരിശ് സത്യത്തിൽ കലാശിച്ചു. എന്നാൽ ഇതിനേത്തുടർന്ന് നസ്രാണികളുടെ ഇടയിൽ ഭിന്നതയുണ്ടായി. ഒരുവിഭാഗം മാർപ്പാപ്പയുടെ കീഴിലും എന്നാൽ പോർച്ചുഗീസ് പദ്രുവാദോയിൽ നിന്ന് സ്വതന്ത്രമായും നിലകൊണ്ടു. മറുവിഭാഗം അന്ത്യോക്യൻ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധം സ്ഥാപിച്ചു. അങ്ങനെ പഴയകൂറ്റുകാർ എന്നും പുത്തങ്കൂറ്റുകാർ എന്നും രണ്ട് വിഭാഗങ്ങളായി ഇവർ പിരിഞ്ഞു.[4]

ഇന്ത്യാ മെത്രാസനം
ആലങ്ങാട്ട് നിന്ന് കണ്ടെടുക്കപ്പെട്ട പാഹ്ലവി ലിപി ആലേഖിതമായ ചരിത്രപ്രസിദ്ധമായ പേർഷ്യൻ കുരിശ് - "മാർത്തോമാ സ്ലീവാ"
സ്ഥാനം
പ്രദേശംഇന്ത്യ
മെത്രാസനംഇന്ത്യ
അർക്കദ്യാക്കോൻഇന്ത്യയുടെ ആർക്കദിയാക്കോൻ
വിവരണം
സഭാശാഖകിഴക്കിന്റെ സഭ
ആചാരക്രമംകൽദായ ആചാരക്രമം
ഭദ്രാസനപ്പള്ളിവിശുദ്ധ ഹോർമ്മിസ്ദിന്റെ പള്ളി, അങ്കമാലി
പാത്രിയർക്കീസ്‌പൗരസ്ത്യ കാതോലിക്കോസ്
മെത്രാപ്പൊലീത്തഅഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും കവാടവും
സാമന്ത രൂപതകൾസൊകോത്ര, ചൈന (മഹാചീന)[5][6]
ഭൂപടം

ഇന്ത്യൻ മഹാസമുദ്രത്തിലെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തൻ പ്രവിശ്യകൾ, രൂപതകൾ, സുമുദ്രാന്തര പാതകളിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവ

ഇതിൽ പഴയകൂറ്റുകാർ പൗരസ്ത്യ സുറിയാനി ആചാരാനുഷ്ഠാനങ്ങൾ നിലനിർത്താൻ ഉത്സുകരായിരുന്നു. പൂർവ്വിക പൗരസ്ത്യ സുറിയാനി മെത്രാസനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ കിഴക്കിന്റെ സഭയുടെ ഹൃദയഭൂമിയായ മെസപ്പൊട്ടാമിയയിൽ നിന്നും ഇന്ത്യയിലെ പഴയകൂറ്റുകാരുടെ ഇടയിൽ നിന്നും തുടർച്ചയായി നടന്നുകൊണ്ടിരുന്നു. ഇതിൽ ഏറ്റവും സജീവമായത് കൽദായ കത്തോലിക്കാ സഭയായിരുന്നു. എങ്കിലും ഈ ശ്രമങ്ങൾ ശാശ്വതമായി ഫലമണിഞ്ഞത് അസീറിയൻ പൗരസ്ത്യ സഭയുടെ കീഴിലുള്ള കൽദായ സുറിയാനി സഭയുടെ രൂപീകരണത്തോടെയാണ്.[7]

അവലംബം[തിരുത്തുക]

  1. 1.0 1.1 Mingana (1926), പുറം. 25–35, 74–75.
  2. "Nestorianism | Definition, History, & Churches | Britannica" (in ഇംഗ്ലീഷ്). Retrieved 2023-04-22. The Nestorian Church in India, part of the group known as the Christians of St. Thomas, allied itself with Rome (1599) and then split, half of its membership transferring allegiance to the Syrian Jacobite (monophysite) patriarch of Antioch (1653).
  3. Wilmshurst (2011), പുറം. 104–105.
  4. പെർസെൽ, ഇസ്ത്വാൻ (2018). ഡാനിയൽ കിംഗ് (ed.). സിറിയാക് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ഡിയ. ദ സിറിയാക് വേൾഡ്. Routledge. pp. 653–697. ISBN 9781317482116.
  5. ഗുവേയ, അന്റോണിയോ (1606). മേലേക്കണ്ടത്തിൽ, പയസ് (ed.). ജോർണാഡ ഓഫ് ഡോം അലക്സിസ് മെനസീസ് (2003 ed.). L. R. C. pp. 7–8. ISBN 9788188979004. എന്നിരുന്നാലും, മലനാട്ടിലെ ഭദ്രാസനത്തിന്റെ പഴയ രചനകൾ വളരെ പ്രയോജനകരമാണ്, അതിൽ ബാബിലോണിയയിൽ നിന്ന് മലബാറിലെ ക്രിസ്ത്യാനികൾക്കായി ഇന്ത്യയായ "ഇന്ദുവിന്റെ" ഒരു വലിയ ബിഷപ്പും രണ്ട് ബിഷപ്പുമാരും ഈ ഭാഗങ്ങളിലേക്ക് വന്നിരുന്നുവെന്ന് വായിക്കാനാകും. അദ്ദേഹം മെത്രാപ്പോലീത്തായുടെ അവകാശം വിനിയോഗിച്ചിരുന്നു, ഒന്ന് സോകോത്രയുടെയും മറ്റൊന്ന് മസീനയുടെയും (മസിന, അതായത്, മഹാചിന).
  6. റോസ്, ഫ്രാൻസിസ് (1604). നെടുങ്ങാട്ട്, ജോർജ്ജ് (ed.). എ റിപ്പോർട്ട് ഓൺ സെറ. ദ സിനഡ് ഓഫ് ഡയംപർ റീവിസിറ്റഡ് (2001 ed.). റോം: Pontificio Instituto. p. 305. ISBN 9788872103319. പോർച്ചുഗീസുകാർ ഇന്ത്യയിൽ വരുന്നതിനു കുറച്ചുമുമ്പ്, അവർ പുരോഹിതന്മാരോ ആചാര്യന്മാരോ ഇല്ലാതെ വളരെക്കാലം കഴിഞ്ഞിരുന്നു. എന്നിരുന്നാലും, ഈ കാലയളവ് എത്രത്തോളം നീണ്ടുനിന്നുവെന്ന് അറിയില്ല. അതേ പുരാതന കൽദായ പുസ്തകങ്ങളിൽ നാം വായിച്ചതുപോലെ, പിന്നീട് അർമേനിയൻ വലിയബിഷപ്പുമാർ അവരെ സന്ദർശിച്ചു. ബിഷപ്പുമാർ വലിയബിഷപ്പ് പദവിയിൽ ഇവിടെയെത്തി മാത്രമല്ല, മറ്റുള്ളവരെയും ബാബിലോണിൽ നിന്ന് സോക്കോത്രയിലേക്കും ചൈനയിലേക്കും അയച്ചു. എന്നിരുന്നാലും, മുഖ്യ ഭദ്രാസനം ഇതാണ്, അവർ കൽദായയിൽ ഹെന്ദു എന്ന് വിളിക്കുന്ന, അതായത് മലവാറിൽ, പോർച്ചുഗീസുകാർ ഇന്ത്യയിൽ വന്നതിനുശേഷവും മൂന്ന് സാമന്ത ബിഷപ്പുമാരുണ്ടായിരുന്നു.
  7. പെർസെൽ, ഇസ്ത്വാൻ (2013). പീറ്റർ ബ്രൺസ്; ഹെയ്ൻസ് ഓട്ടോ ലൂഥെ (eds.). സം ന്യൂ ഡോക്യുമെന്റ്സ് ഓൺ ദ സ്ട്രഗ്ൾ ഓഫ് ദ സെയ്ന്റ് തോമസ് ക്രിസ്റ്റ്യൻസ് റ്റു മെയിൻറ്റെയ്ൻ ദ കാൽഡിയൻ റൈറ്റ് ആന്ഡ് ജൂറിസ്ഡിക്ഷൻ. ഫെസ്റ്റ്‌സ്‌ക്രിഫ്റ്റ് ഫ്യൂർ ഹ്യൂബർട്ട് കോഫ്‌ഹോൾഡ് സും 70 ഗെബർട്സ്റ്റാഗ്. വീസ്ബഡൻ: Harrassowitz Verlag. pp. 415–436. ISBN 9783447068857. {{cite book}}: |journal= ignored (help)