മാർ അപ്രേം മെത്രാപ്പൊലീത്താ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചർച്ച് ഓഫ് ദ ഈസ്ത് അഥവാ പൌരസ്ത്യ അസ്സീറിയൻ സഭയുടെ ഭാരതത്തിന്റെ മെത്രാപ്പോലീത്തയാണ് മാർ അപ്രെം മെത്രാപ്പൊലീത്താ.

ജീവിതരേഖ[തിരുത്തുക]

ജനനം, വിദ്യാഭ്യാസം[തിരുത്തുക]

തൃശ്ശൂരിലെ മൂക്കൻ തറവാട്ടിൽ ദേവസ്സിയുടെയും കൊച്ചു മറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂൺ 13-ന് ജനനം. ജോർജ്ജ്‌ ഡേവിസ്‌ മൂക്കൻ എന്നായിരുന്നു ആദ്യനാമം. തൃശ്ശൂർ സി എം എസ്‌ എൽ. പി സ്കൂളിലും കാൽഡിയൻ സിറിയൻ സ്കൂളിലുമായി വിദ്യാഭ്യാസം. ഉയർന്ന മാർക്കോടെ സ്കൂൾ പരീക്ഷ പാസായി സെന്റ് തോമസ്‌ കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. ഇന്റർമീഡിയറ്റിന് ശേഷം ജബൽപൂരിലെ ലീയൊണാർഡ്‌ തിയോളോജിക്കൽ സെമിനാരിയിൽ നിന്നും 1961-ൽ ദൈവശാസ്ത്രത്തിൽ ബിരുദം നേടി.

പൌരോഹിത്യവും വൈദിക ഉപരിപഠനവും[തിരുത്തുക]

1961 ജൂൺ 25-ന് ശെമ്മശനായും പിന്നീട് 1965 ജൂൺ 13-ന് കശ്ശീശ്ശയായും മാർ തോമ ധർമോയിൽ നിന്നും പട്ടം സ്വീകരിച്ച്‌ അദ്ദേഹം വൈദികശുശ്രൂഷയിൽ പ്രവേശിച്ചു. തുടർന്ന്‌ ബാംഗ്ലൂരിലെ യൂണൈറ്റെഡ്‌ തിയോളോജിക്കൽ കോളേജിൽ നിന്നും ന്യൂ യോർക്കിലെ യൂണിയൻ തിയോളൊജിക്കൽ സെമിനാരിയിൽ നിന്നും സഭാചരിത്ര വിഷയത്തിൽ രണ്ട്‌ ബിരുദാനന്ത ബിരുദങ്ങൾ നേടിയെടുത്തു. പ്രിൻസ്റ്റണിലെ തിയോളൊജിക്കൽ സെമിനാരിയിൽ ഡോക്റ്ററേറ്റ് വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും 1968-ൽ ബാഗ്ദാദിലെ മാർ സയ്യാ ചർച്ചിൽ വെച്ച്‌ കിഴക്കിന്റെ മെത്രാപ്പോലിത്തയായി അരോഹണം ചെയ്യപ്പെടുകയും തൃശ്ശൂരിലെത്തി സഭാ ഭരണം ഏറ്റെടുക്കേണ്ടതായും വന്നതിനാൽ വിദ്യാഭ്യാസം തുടരുവാൻ സാധിച്ചില്ല. 28 വയസ്സിൽ മാർ അപ്രെം മെത്രപ്പോലീത്തയായി സ്വന്ത നാട്ടിൽ എത്തിയപ്പൊൾ അതു വരെയുള്ള ഭാരത ക്രൈസ്തവസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ[൧] മെത്രാനായി.1976-ൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്‌റേറ്റ്‌ ബിരുദം(D.Th) നേടി.2002-ൽ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും സുറിയാനി സാഹിത്യത്തിൽ മറ്റൊരു ഡോക്‌റേറ്റും(Ph.D) അദ്ദേഹം നേടി.

സാഹിത്യ പ്രവർത്തനങ്ങൾ[തിരുത്തുക]

ഇംഗ്ലീഷിലും മലയാളത്തിലുമായി ഏഴുപതോളം പുസ്തകങ്ങൾ രചിച്ചു.യാത്രവിവരണങ്ങൾ,ജീവചരിത്രം,ആത്മകഥ,ഫലിതം,സഭാചരിത്രം എന്നിങ്ങനെ നിരവധി വിഭാഗത്തിൽ പെടുന്ന ഈ പുസ്തകങ്ങളിൽ പലതും അസ്സീറിയൻ, അറബിക്‌, റഷ്യൻ ഭാഷകളിലേക്ക്‌ തർജ്ജമ ചെയ്തിട്ടുണ്ട്‌. വിശുദ്ധ ഫലിതങ്ങൾ, Bishop’s Jokes, Laugh With the Bishop എന്നീ തലക്കെട്ടുകളിൽ പുറത്തിറങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ നർമ്മശേഖരങ്ങൾ നാനാ ജാതിമതസ്ഥരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. മാർ അബീമലെക്ക്‌ തിമോഥിയോസ്‌ തിരുമേനിയെയും മാർ തോമ ധർമോ തിരുമേനിയും മാർ ദിൻഹ പാത്രീയാർക്കീസിനെയും പറ്റിയുള്ള ജീവചരിത്രങ്ങളും Nestorian Missions,Council of Ephesus of 431 AD, The Nestorian Fathers തുടങ്ങിയ ഗ്രന്ഥങ്ങളും സഭാചരിത്ര പണ്ഡിതർക്ക് വളരെ പ്രയോജനപ്രദങ്ങളാണ്. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങളും മാർ അപ്രെം രചിച്ചിട്ടുണ്ട്. "കാൽവരി ക്രൂശെ നോക്കി ഞാൻ" എന്നു തുടങ്ങുന്ന ഗാനം ഭാരതത്തിലെയും വിദേശത്തെയും ഒട്ടനവധി ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

ബഹുമതികളും പുരസ്ക്കാരങ്ങളും[തിരുത്തുക]

ധാരാളം പുരസ്കാരങ്ങൾ മാർ അപ്രെം മെത്രാപ്പൊലീത്തക്ക് ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ് ഇന്റർനാഷണൽ ബയോഗ്രാഫിക്കൽ സെന്റർ നൽകുന്ന മാൻ ഓഫ്‌ അച്ചീവ്മെന്റ് അവാർഡ് (1984), മെഡൽ ഓഫ്‌ മെറിറ്റ്‌ ഓഫ്‌ കോപ്റ്റിക്ക്‌ ഓർത്തഡോക്സ്‌ ചർച്ച്‌, ലിറ്റററി അവാർഡ്‌ ഓഫ്‌ തൃശ്ശൂർ റോട്ടറി ക്ലബ്ബ്‌(1990), ക്രൈസ്തവ സാഹിത്യ സമിതിയുടെ വില്യം കേറി അവാർഡ്, World Wide Award of Thrissur(1991),മികച്ച എക്യൂമെനിക്കൽ പ്രവർത്തകനുള്ള മേരി പോൾ ചമ്മണം അവാർഡ്‌ (2002)എന്നിവ അവയിൽ ചിലതാണ്‌.[1]

സുറിയാനി ലിഖിതങ്ങളുടെ ശേഖരം[തിരുത്തുക]

അത്യപൂർവ്വവും അതിപുരാതനവുമായ നിരവധി സുറിയാനി ലിഖിതങ്ങളുടെ ഒരു വിപുലശേഖരം മാർ അപ്രേമിന് സ്വന്തമായുണ്ട് . 1585 ൽ എഴുതിയ പ്രതിദിന പ്രാർത്ഥനകളുടെ കാശ്‌കോൽ എന്ന പുസ്തകം മുതൽ മാർ തോമ ധർമോ തിരുമേനിയുടെ ഡയറി വരെയുള്ളവ ഇവയിലുൾപ്പെടുന്നു. ഈ പുസ്തകങ്ങളും രേഖകളും മാർ അപ്രെം മാനുസ്ക്രിപ്റ്റ്സ് എന്ന പേരിൽ ലോകമെമ്പാടുമുള്ള സുറിയാനി പണ്ഡിതരുടെയിടയിൽ അറിയപ്പെടുന്നു.ഈ അപൂർവ ശേഖരത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥം "Assyrian Manuscripts in India" എന്ന പേരിൽ, തന്റെ എഴുപത്തിയൊന്നാം പുസ്തകമായി പുറത്തിറക്കാനുള്ള അവസാന മിനുക്കുപണിയിലാണു മെത്രാപ്പോലീത്ത

കുറിപ്പുകൾ[തിരുത്തുക]

^ 1842-ൽ അന്ത്യോഖ്യയിൽ വെച്ച്‌ സ്ഥാനമേറ്റ മാർത്തോമ്മാ സഭയിലെ മാത്യൂസ്‌ മാർ അത്താനാസ്യോസ്‌ തന്റെ ഇരുപത്തിനാലാം വയസ്സിൽ മെത്രാനായി.

അവലംബം[തിരുത്തുക]

  1. മാർ അപ്രെം മെത്രാപ്പൊലീത്തയുടെ ജീവിതരേഖ, ചർച്ച് ഓഫ് ദ ഈസ്റ്റ്, ഇന്ത്യ വെബ്‌സൈറ്റ്