തോമാ ധർമ്മോ
പുരാതന പൗരസ്ത്യ സഭയുടെ സ്ഥാപക പരമാധ്യക്ഷൻ ആയിരുന്നു മാർ തോമാ ധർമോ. ഇന്ത്യയിലെ കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. കിഴക്കിന്റെ സഭയിൽ നിലനിന്നിരുന്ന കുടുംബവാഴ്ച, ആരാധനാക്രമ പഞ്ചാംഗത്തിന്റെ പരിഷ്കരണം, എന്നിവ എതിർത്ത അദ്ദേഹം ഇറാഖി ഭരണകൂടത്തിന്റെ പിന്തുണയോടെ കാതോലിക്കോസ്-പാത്രിയർക്കീസ് ആയി സ്ഥാനമേൽക്കുകയായിരുന്നു.[1][2][3][4][5][6]
മാർ തോമാ രണ്ടാമൻ ധർമ്മോ | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
കിഴക്കിന്റെ കാതോലിക്കോസ് | |||||||||||||||||
ഭദ്രാസനം | സെലൂക്യാ-ക്ടെസിഫോൺ | ||||||||||||||||
സ്ഥാനാരോഹണം | 1968 ഒക്ടോബർ 11 | ||||||||||||||||
മുൻഗാമി | സ്ഥാപിതം | ||||||||||||||||
പിൻഗാമി | ആദ്ദായി രണ്ടാമൻ | ||||||||||||||||
എതിർപ്പ് | ശിമയോൻ 21ാമൻ ഏശായി | ||||||||||||||||
ഡീക്കൻ പട്ടത്വം | 1921 മേയ് 15 അബിമലേക്ക് തിമോത്തിയോസ് | ||||||||||||||||
വൈദിക പട്ടത്വം | 1952 മാർച്ച് 23 | ||||||||||||||||
മെത്രാഭിഷേകം | 1952 മേയ് 4 ശിമയോൻ 21ാമൻ ഏശായി | ||||||||||||||||
വ്യക്തി വിവരങ്ങൾ | |||||||||||||||||
ജനന നാമം | മൻസൂർ ധർമ്മോ | ||||||||||||||||
ജനനം | 1904 സെപ്റ്റംബർ 21 ഐയേൽ, ഊർമിയ (റിസായ്യ), ഒട്ടോമൻ തുർക്കി | ||||||||||||||||
മരണം | 7 സെപ്റ്റംബർ 1969 | (പ്രായം 64)||||||||||||||||
ദേശീയത | ഇറാഖി | ||||||||||||||||
വിഭാഗം | പുരാതന പൗരസ്ത്യ സഭ | ||||||||||||||||
മാതാപിതാക്കൾ | ഏലീഷാ ധർമ്മോ (പിതാവ്), ശിറിൻ ധർമ്മോ (മാതാവ്) | ||||||||||||||||
മുൻപദവി | |||||||||||||||||
|
ജീവചരിത്രം
[തിരുത്തുക]ആദ്യകാല ജീവിതം
[തിരുത്തുക]ഒട്ടോമൻ തുർക്കിയിലെ ഉർമ്മിയ പട്ടണത്തിന് സമീപത്തുള്ള ഐയേൽ എന്ന ഗ്രാമത്തിൽ ഏലീഷാ-ശിറിൻ ധർമ്മോ ദമ്പതികളുടെ പത്തുമക്കളിൽ ആറാമത്തെയാളായി 1904 സെപ്റ്റംബർ 21ന് മൻസൂർ ജനിച്ചു. ചെറുപ്പം മുതൽക്കേ മതവിശ്വാസകാര്യങ്ങളിലും സന്യാസത്തിലും തത്പരനായിരുന്നു അദ്ദേഹം. ആറുവയസ്സ് മുതൽ ഗ്രാമത്തിൽ കിഴക്കിന്റെ സഭയിൽ ഉൾപ്പെട്ട മാർ യൗനാൻ ഇടവകയിലെ ദാവീദ് എന്ന വൈദികന്റെ പ്രോത്സാഹനത്തോടെ സഭയുമായി അദ്ദേഹം കൂടുതൽ അടുത്തു. അക്കാലത്താണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധത്തിൽ ഒട്ടോമൻ തുർക്കിയിലെ ക്രൈസ്തവർ പൊതുവേ ബ്രിട്ടൺ, റഷ്യ എന്നീ രാജ്യങ്ങളുൾപ്പെട്ട സഖ്യകക്ഷികളെയാണ് പിന്തുണച്ചത്. ഇത് കേന്ദ്രീയശക്തികളിൽപ്പെട്ട ഒട്ടോമൻ തുർക്കിയെ വല്ലാതെ ചൊടിപ്പിച്ചു. യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും ന്യൂനപക്ഷ മതവിഭാഗമായ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്നതിൽനിന്ന് തുർക്കികൾ പിന്നോട്ട് പോയില്ല. അതേസമയം ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണയും സംരക്ഷണവും ക്രൈസ്തവർക്ക് കിട്ടിയതുമില്ല. അർമ്മേനിയൻ, ആസ്സീറിയൻ, ഗ്രീക്ക് വംശഹത്യകൾ അക്കാലത്ത് നടമാടി. കിഴക്കിന്റെ സഭയുടെ അന്നത്തെ പാത്രിയർക്കീസ് ശിമെയോൻ 19ാമൻ ബെന്യാമിൻ ക്രൂരമായി കൊല്ലപ്പെട്ടു. ഇതിനുപുറമെ ആയിരക്കണക്കിന് ആളുകൾ കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്തു. അവശേഷിച്ചവർ ബാഗ്ദാദിന് അടുത്തുള്ള ബഖൂബാ അഭയാർത്ഥി ക്യാമ്പുകളിൽ അഭയംതേടി. 1919ൽ ഗ്രാമത്തിലെ മറ്റ് ആൾക്കാരോടൊപ്പം മൻസൂറും അഭയാർത്ഥി ക്യാമ്പിൽ എത്തിച്ചേർന്നു. ഈ കലുഷിതമായ അന്തരീക്ഷത്തിലാണ് മൻസൂറിന്റെ ബാല്യകാലം കടന്നുപോയത്.[7]
മാർ തിമോത്തിയോസുമായുള്ള സമ്പർക്കം
[തിരുത്തുക]അഭയാർത്ഥികളായി എത്തിയ ക്രൈസ്തവരുടെ പുനരധിവാസം നടപ്പാക്കാൻ വേണ്ടി ഇന്ത്യയിൽ നിന്ന് അബിമലേക്ക് തിമോത്തിയോസ് മെത്രാപ്പോലീത്ത 1919ൽ ബാഗ്ദാദിൽ ഏതാനും കാലം പ്രവർത്തിച്ചിരുന്നു. കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസായിരുന്ന ശിമെയോൻ 20ാമൻ പൗലോസിന്റെ മരണത്തെ തുടർന്ന് ശിമെയോൻ 21ാമൻ എന്ന പേരിൽ പുതിയ പാത്രിയർക്കീസ് ആയി 12 വയസ്സുകാരനായ അദ്ദേഹത്തിൻറെ അനന്തരവൻ വാഴിക്കപ്പെട്ടു. പുതിയ പാത്രിയാർക്കീസിന്റെ അമ്മാവൻ ആയിരുന്ന യൗസേപ്പ് ഖനാനീശോ മെത്രാപ്പോലീത്തയാണ് ഈ സ്ഥാനാരോഹണത്തിന് നേതൃത്വം കൊടുത്തത്. പക്ഷേ ഇത് തിമോത്തിയോസിന്റെ അംഗീകാരം കൂടാതെയാണ് നടന്നത്. ഖനാനീശോയേക്കാൾ പ്രായം കൊണ്ടും സ്ഥാനലബ്ദിയുടെ മുൻഗണന കൊണ്ടും മുതിർന്ന ആളായിരുന്ന തിമോത്തിയോസ് ഇതിൽ പ്രതിഷേധിച്ചു. സഭാംഗങ്ങൾ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലത്ത് പ്രാർത്ഥനകൾ ചൊല്ലാൻ പോലും അറിയാത്ത ഒരു ബാലനെ കുടുംബ മഹിമ ഒന്നിന്റെ പേരിൽ മാത്രം സഭയുടെ പരമാധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് അദ്ദേഹത്തെ വല്ലാതെ ചൊടിപ്പിച്ചു. ഇതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് അദ്ദേഹം വീണ്ടും ബാഗ്ദാദിലേക്ക് വന്നു. അദ്ദേഹത്തെ തണുപ്പിക്കുന്നതിന് വേണ്ടി യൗസേപ്പ് ഖനാനീശോയും പാത്രിയർക്കീസിന്റെ കുടുംബത്തിലെ പ്രമുഖയായ സുർമയും അദ്ദേഹവുമായി ഒരു ഒത്തുതീർപ്പിലെത്തി. അതിൻപ്രകാരം പാത്രിയാർക്കീസിന് പ്രായപൂർത്തിയാകുന്നത് വരെ സഭാ ഭരണം മാർ തിമോത്തിയോസിനെ ഭരമേൽപ്പിച്ചു. ഇതിനു ശേഷം മൊസൂളിൽ എത്തിയ മാർ തിമോത്തിയോസിൽ നിന്ന് 1921 മെയ് 15നെ മൻസൂർ ധർമ്മോ ശെമ്മാശൻ പട്ടം സ്വീകരിച്ചു. മൻസൂർ അവിടെ സുറിയാനി പണ്ഡിതനായ ജോസഫ് കെല്ലൈത സ്ഥാപിച്ച അസ്സീറിയൻ വിദ്യാലയത്തിൽ ചേർന്നു. അവിടെ വെച്ച് അദ്ദേഹം അച്ചടിയും അഭ്യസിച്ചു.[8] രണ്ട് വർഷത്തിന് ശേഷം അതേ വിദ്യാലയത്തിൽ അദ്ധ്യാപകനായി ചേർന്നു. ഇതോടൊപ്പം കെല്ലൈത സ്ഥാപിച്ച അസ്സീറിയൻ അച്ചടിശാലയിലും അദ്ദേഹം പ്രവർത്തിച്ചു. 1926ൽ അദ്ദേഹം സ്വദേശത്തേക്ക് മടങ്ങി പോയി. അവിടെ മൂന്ന് വർഷം പ്രവർത്തിച്ചശേഷം മറ്റൊരു ഗ്രാമത്തിലേക്ക് മാറി അവിടെ ഏഴ് വർഷം പ്രവർത്തിച്ചു. ഇക്കാലമത്രയും ബാഗ്ദാദിലെ മെത്രാപ്പോലീത്തയായ യൗസേപ്പ് ഖനാനീശോയുമായും ഫിലിപ്പോസ് എന്ന വൈദികനുമായും (പിന്നീട് ബിഷപ്പ്) അടുത്ത ബന്ധം പുലർത്തിയിരുന്നു. 1927ൽ മാർ തിമോത്തിയോസ് വീണ്ടും മൊസൂളിൽ എത്തി. അവിടെ വെച്ച് ജോസഫ് കെല്ലൈതയെ വൈദികനായി അദ്ദേഹം വാഴിച്ചു. പാത്രിയർക്കീസും കുടുംബവും ഇക്കാലത്ത് അദ്ദേഹത്തെ വീണ്ടും ഉപദ്രവിക്കാൻ ആരംഭിക്കുകയും അദ്ദേഹം വാഴിച്ച വൈദികനെ ഉടനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇതിനെതിരെ മാർ തിമോത്തിയോസ് ശക്തമായി പ്രതികരിക്കുകയും ചെയ്തു.
സിറിയയിൽ
[തിരുത്തുക]1932ൽ ബ്രിട്ടീഷുകാർ ഇറാഖിൽ നിന്ന് ഒഴിയാൻ തുടങ്ങി. ഇത് അസ്സീറിയൻ ക്രൈസ്തവരുടെ നില കൂടുതൽ പ്രതിസന്ധിയിൽ ആക്കി. 1933ൽ സിമേലിൽ അവർക്ക് എതിരെ കലാപവും കൂട്ടക്കുരുതിയും ഉണ്ടായി. ഇതിനേത്തുടർന്ന് പാത്രിയർക്കീസിനടക്കം നാടുവിടേണ്ടതായി വന്നു. ജനങ്ങൾ സിറിയയിൽ അഭയം തേടി. 1936ൽ സിറിയയിലെ ഖാബോർ നദീ തീരത്ത് കുറേ ആൾക്കാരോടൊപ്പം മൻസൂറും പോയി താമസമാക്കി. അവിടെ അദ്ദേഹം അവരുടെ കാര്യങ്ങൾ നോക്കി അവരുടെ ഇഷ്ടം നേടിയെടുത്ത് അവരുടെ നേതാവായി. ഇതിനുപുറമേ ടെൽ-ഷമ്രാൻ, ടെൽ ജിസ്ര തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം അസ്സീറിയൻ ക്രൈസ്തവർക്ക് താമസസൗകര്യങ്ങൾ ഒരുക്കാൻ നേതൃത്വം കൊടുത്തു. അവിടെ അദ്ദേഹം മുന്തിരി, പരുത്തി എന്നിവയുടെ കൃഷിയും ആരംഭിച്ചു. സിറിയയിലും ഇറാഖിലുമുള്ള വളരെയധികം അസ്സീറിയൻ ക്രൈസ്തവർ മൻസൂറിനെ സ്നേഹിച്ചിരുന്നു.
സഭയുടെ നേതൃനിരയിലേക്ക്
[തിരുത്തുക]സിറിയയിൽ അക്കാലത്ത് അസ്സീറിയൻ ക്രൈസ്തവർക്ക് ബിഷപ്പുമാർ ആരും ഉണ്ടായിരുന്നില്ല. പാത്രിയർക്കീസിന്റെ വിശ്വസ്തനായിരുന്ന മാലിക്ക് യാക്കോബ് ഇസ്മായിൽ ആയിരുന്നു അവിടെ അവരുടെ നേതാവ്. അദ്ദേഹത്തിന് എതിരാളിയായി മാലിക്ക് ലോക്കോ ബാദവിയും ഉണ്ടായിരുന്നു. മൻസൂർ ധർമ്മോ മാലിക് യാക്കോബ് ഇസ്മായിലിന്റെ ഒപ്പം നിലയുറപ്പിച്ചു. 1945ൽ ഇന്ത്യയിലെ അതിരൂപതയിൽ മാർ അബിമലേക്ക് തിമോത്തിയോസ് അന്തരിച്ച ഒഴിവിലേക്ക് മെത്രാപ്പോലീത്തയായി മൻസൂർ ധർമ്മോയെ നിയമിക്കാൻ സഭാ നേതൃത്വം തീരുമാനിച്ചു. അക്കാലത്ത് അസ്സീറിയൻ പാത്രിയർക്കീസ് അഭയാർത്ഥികളായ വിശ്വാസികളോടൊപ്പം അമേരിക്കയിലായിരുന്നു കഴിഞ്ഞിരുന്നത്.
1952 ഫെബ്രുവരിയിൽ അദ്ദേഹം അമേരിക്കയിലേക്ക് പോയി. ഐക്യനാടുകളിലെ അസ്സീറിയൻ ഇടവകകൾ മൻസൂർ ധർമ്മോ സന്ദർശിച്ചു. 1952 മാർച്ച് 23ാം തീയ്യതി പാത്രിയർക്കീസ് ചിക്കാഗോയിൽ വെച്ച് അദ്ദേഹത്തെ വൈദികനായും തുടർന്ന് കോറപ്പിസ്കോപ്പയായും അർക്കദിയാക്കോനായും വാഴിച്ചു. വേറെ രണ്ട് പേരുകൂടി അന്ന് വൈദിക പട്ടം സ്വീകരിച്ചിരുന്നു. അവിടെ വെച്ച് മൻസൂർ ധർമ്മോയെ പാത്രിയർക്കീസ് ശിമയോൻ ഇന്ത്യയുടെ ഭാവി അസ്സീറിയൻ മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് മൻസൂർ മാർത്തോമ എന്ന പേര് സ്വീകരിച്ചു. 1952 മെയ് 4ന് കാലിഫോർണിയയിലെ ടർലോക്കിലുള്ള മാർ അദ്ദായി അസ്സീറിയൻ പള്ളിയിൽ വെച്ച് പാത്രിയർക്കീസ് അദ്ദേഹത്തെ അപ്പിസ്കോപ്പയായും മെത്രാപ്പോലീത്തയായും വാഴിച്ചു. ഇന്ത്യയിൽ നിന്ന് അടക്കമുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.[9] അമേരിക്കൻ മണ്ണിൽ പൗരസ്ത്യ സുറിയാനി ക്രമത്തിൽ നടക്കുന്ന ആദ്യ മെത്രാഭിഷേകം ആയിരുന്നു അത് പാത്രിയർക്കീസ് ശിമെയോൻ 21ാമൻ നടത്തിയ ആദ്യ മെത്രാഭിഷേകവും അതായിരുന്നു.
ഇന്ത്യയിൽ
[തിരുത്തുക]1952 ജൂൺ 17ന് മാർ തോമാ ധർമ്മോ ബോംബെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി. പൗരപ്രമുഖരും സഭാംഗങ്ങളും അടങ്ങുന്ന ഒരു വലിയ നിര അദ്ദേഹത്തെ സ്വീകരിക്കാൻ അവിടെ ഉണ്ടായിരുന്നു. തുടർന്ന് അദ്ദേഹം അവിടെ പല സ്വീകരണ ചടങ്ങുകളിലും പങ്കെടുത്തു. 20ാം തീയ്യതി വരെ ബോംബെയിൽ കഴിഞ്ഞശേഷം അദ്ദേഹം ട്രെയിൻ വഴി സഭാ ആസ്ഥാനമായ തൃശ്ശൂരിലേക്ക് യാത്രയായി. ഷോർണൂറിൽ ട്രെയിനിറങ്ങിയ അദ്ദേഹം തൃശ്ശൂരിലേക്ക് കാറിൽ യാത്ര ചെയ്ത് എത്തിച്ചേർന്നു. രണ്ടിടങ്ങളിലും അദ്ദേഹത്തിന് വലിയ സ്വീകരണങ്ങൾ ലഭിച്ചു.[10] 22ാം തീയതി തൃശ്ശൂരിൽ എത്തിച്ചേർന്ന അദ്ദേഹത്തിന് വലിയ വരവേൽപ്പാണ് സഭാ അംഗങ്ങളും പൊതുജനങ്ങളും നൽകിയത്. തൃശ്ശൂരിലെ മർത്തമറിയം വലിയ പള്ളിയിൽ എത്തിച്ചേർന്ന അദ്ദേഹം മാർ തിമോത്തെയോസിന്റെ കബറടത്തിൽ ആദരവർപ്പിച്ച ശേഷം അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് വിതുമ്പി. രാത്രി തിരുകൊച്ചി സംസ്ഥാനത്തെ മന്ത്രിമാരുടെയും മുഖ്യന്യായാധിപൻ ഉൾപ്പെടെയുള്ള മൂന്ന് ഹൈക്കോടതി ന്യായാധിപന്മാരുടെയും സാന്നിധ്യത്തിൽ അദ്ദേഹത്തിന് വലിയ ഒരു സ്വീകരണ സമ്മേളനം നടന്നു. 29ാം തീയ്യതി ഞായറാഴ്ച മാർ തോമാ മെത്രാപ്പോലീത്ത വിശുദ്ധ കുർബാനയ്ക്ക് കാർമ്മികത്വം വഹിച്ചു. ആറായിരത്തിലധികം ആളുകൾ അതിൽ പങ്കുചേർന്നു.
കേരളത്തിലെ സഭാഭരണം
[തിരുത്തുക]കേരളത്തിൽ എത്തിയ മാർ തോമാ ധർമ്മോയ്ക്ക് സഭാഭരണത്തിൽ വലിയ കടമ്പകൾ ഏറെ ഉണ്ടായിരുന്നു. കൽദായ സുറിയാനി സഭയിലെ വിശ്വാസികളുമായി ഇടപഴകാൻ ഭാഷ ഒരു വലിയ തടസ്സമായി. അതുകൊണ്ട് അദ്ദേഹം മലയാളവും ഇംഗ്ലീഷും പഠിക്കാൻ കഠിനമായി പരിശ്രമിച്ചിരുന്നു. മലയാളത്തിൽ വലിയ പുരോഗതി ഉണ്ടാക്കാൻ ആയില്ലെങ്കിലും ഇംഗ്ലീഷ് സ്വായത്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മുൻഗാമിയായ മാർ അബിമലേക്ക് തിമോത്തിയോസ് മെത്രാപ്പോലീത്തയും പാത്രിയർക്കീസ് ഏശായി ശിമെയോനും തമ്മിൽ ഉണ്ടായിരുന്ന കലഹം കാരണം കൽദായ സുറിയാനി സഭയിൽ അക്കാലത്ത് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് കലഹം പതിവായിരുന്നു. സഭയിലെ ഭിന്നത പരിഹരിക്കാനുള്ള തോമാ ധർമ്മോയുടെ പരിശ്രമങ്ങളോട് ഇരുവിഭാഗവും സഹകരിച്ചു. മാർ തിമോത്തിയോസിന്റെ മരണശേഷം 1945 മുതൽ 1952വരെയുള്ള ഏഴുവർഷം സഭയ്ക്ക് മെത്രാപ്പോലീത്ത ഇല്ലായിരുന്നു. ഇതുകാരണം സഭയിൽ അച്ചടക്കരാഹിത്യവും ഭരണപരമായ പ്രശ്നങ്ങളും പതിവായിരുന്നു. സഭയിലെ ഭരണപരമായ പ്രശ്നങ്ങൾ പരിഹരിക്കാനായി ഒരു സഭാ ഭരണഘടന രൂപീകരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. സഭാ ഭരണത്തിന് പൊതുയോഗ സംവിധാനം ഒഴിവാക്കി പകരം ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അടങ്ങിയ സമിതിയെ നിയോഗിച്ചു. വലിയ യോഗങ്ങളിൽ ഉണ്ടായിരുന്ന അച്ചടക്കരാഹിത്യമാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. ഭരണഘടനാ നിർമ്മാണത്തിന് ഒരു പ്രത്യേക സമിതി അദ്ദേഹം രൂപീകരിച്ചു. നിരവധി ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം ഭരണക്രമം എന്ന പേരിൽ ഒരു ഭരണഘടന അദ്ദേഹം തയ്യാറാക്കി. വർഷത്തിൽ ചിലപ്പോൾ തൃശ്ശൂരിലെ തന്റെ തിരിക്കേറിയ ജീവിതത്തിൽ നിന്ന് പിൻവാങ്ങി കുന്നൂറിൽ ചെന്ന് താമസിക്കാൻ അദ്ദേഹം പ്രത്യേകം താത്പര്യം കാണിച്ചിരുന്നു. തൃശ്ശൂരിലെ അസഹ്യമായ ചൂടും ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു.[11]
വൈദികർക്കായി ഒരു സമിതിയും അദ്ദേഹം രൂപീകരിച്ചു. വൈദികരുടയും ശെമ്മാശൻമാരുടെയും കുറവ് പരിഹരിക്കാൻ 1954 ജനുവരി 10ന് അഞ്ച് പുതിയ വൈദികരെയും ഏഴു ശെമ്മാശന്മാരെയും അദ്ദേഹം വാഴിച്ചു. തുടർന്ന് ആറുതവണ കൂടി ഇത്തരത്തിൽ പുരോഹിത അഭിഷേകങ്ങൾ അദ്ദേഹം നടത്തി. വൈദികരുടെ അംഗസംഖ്യ വർദ്ധിച്ചതോടെ 1955ൽ ബാഗ്ദാദിൽ നിന്ന് ഒരു സുറിയാനി മല്പാനെ അദ്ദേഹം ക്ഷണിച്ചു വരുത്തി. 1956ൽ സഭാംഗങ്ങളുടെ പിന്തുണയോടെ ഒരു സെമിനാരിയും അദ്ദേഹം തുടങ്ങി. ഇതുകൂടാതെ തിരൂർ, തൃശ്ശൂർ, അഞ്ചേരി, പീച്ചി, പുത്തൂർ, മരൂട്ടിച്ചാൽ, കൊച്ചി എന്നിവിടങ്ങളിലായി സഭയ്ക്ക് എട്ട് പുതിയ പള്ളികൾ അദ്ദേഹം പണികഴിപ്പിച്ചു. 1962ൽ മാർ തിമോത്തിയോസിന്റെ പേരിൽ ഒരു അനാഥാലയവും അദ്ദേഹം സ്ഥാപിച്ചു.[12] 4000 പേജുകൾ അടങ്ങിയ ഒരു ഹുദ്രാ പ്രാർത്ഥനാ ഗ്രന്ഥം സുറിയാനി ഭാഷയിൽ അദ്ദേഹം അച്ചടിച്ചിറക്കി. ഇതിനുപുറമെ മറ്റ് പല പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.
ഭിന്നതയുടെ തുടക്കം
[തിരുത്തുക]അസ്സീറിയൻ യൂത്ത് അസോസിയേഷൻ എന്ന പേരിൽ ഒരു ഏകീകൃത യുവജന സംഘടന സഭയിലെ യുവജനങ്ങൾക്കായി അദ്ദേഹം തുടങ്ങി. ഇതോടൊപ്പം സ്ത്രീകൾക്കായി മഹിളാ സമാജം എന്ന സംഘടനയ്ക്കും അദ്ദേഹം രൂപംകൊടുത്തു. 1954മുതൽ യുവജന സംഘടനയുടെ നേതൃത്വത്തിൽ 'വോയ്സ് ഓഫ് ദി ഈസ്റ്റ്' എന്ന പേരിൽ ഒരു മാസികയുടെ പ്രസിദ്ധീകരണവും ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തുള്ള സഭാ വിശ്വാസികളുടെ ഇടയിൽ വലിയ പ്രചാരം നേടാൻ അതിന് സാധിച്ചു. തോമാ ധർമ്മോ ഇതിനെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുകയും അതിന്റെ സുറിയാനി പതിപ്പിൽ ലേഖനങ്ങൾ എഴുതുകയും ചെയ്തുവന്നു. എന്നാൽ സുറിയാനി പതിപ്പിലെ ചില ലേഖനങ്ങൾ സഭയുടെ പാത്രിയർക്കൽ പദവിയിലുള്ള കുടുംബാധിപത്യത്തെ വിമർശിക്കുന്നതായതോടെ മാസികയുടെ ഇന്ത്യയ്ക്ക് പുറത്തുള്ള പ്രചാരത്തിന് വലിയ കോട്ടം സംഭവിച്ചു. സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയ യുവ ശെമ്മാശന്മാരെ ഉന്നതവിദ്യാഭ്യാസത്തിന് അയയ്ക്കുന്നതിൽ അദ്ദേഹം പ്രത്യേക താൽപര്യം പ്രകടിപ്പിച്ചു. ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്ത് ചൈനയിലും ജപ്പാനിലും മറ്റുമായി മിഷനറി പ്രവർത്തനങ്ങൾക്കും തോമാ ധർമ്മോ പരിശ്രമങ്ങൾ നടത്തി. പള്ളിപ്പെരുന്നാളുകളിലും ആഘോഷങ്ങൾക്കും നടത്തിയിരുന്ന വലിയ ബഹളമയമായ ജാഥകളും വെടിക്കെട്ടുകളും അദ്ദേഹം നിരുത്സാഹപ്പെടുത്തി പകരം സുവിശേഷയോഗങ്ങൾക്കും ആത്മീയ അനുഷ്ഠാനത്തിനും പ്രാധാന്യം നൽകി. ആരാധനാ സമയത്തെ സംഗീതോപകരണങ്ങളുടെ അമിത ഉപയോഗവും അദ്ദേഹം വിലക്കി. എന്നാൽ ഇത് സഭയിലെ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടില്ല. പ്രത്യേകിച്ച് പി. റ്റി. ജോൺ എന്ന വൈദികൻ അദ്ദേഹത്തെ പലപ്പോഴും എതിർത്തിരുന്നു. തോമാ ധർമ്മോയുടെ ഇന്ത്യാ ആഗമനം സമയത്ത് സഭയുടെ ഏക ട്രസ്റ്റി ആയിരുന്ന എം. ഒ. തോമാക്കുട്ടി ക്രമേണ അദ്ദേഹത്തെ എതിർക്കാൻ ആരംഭിച്ചു. മറ്റൊരു അത്മായ പ്രമുഖനായ ഒ. റ്റി. ഈനാശുവുമായുള്ള മത്സരമായിരുന്നു ഇതിന് കാരണം.[13] എന്നാൽ 1961ഓടെ ഈനാശുവും മെത്രാപ്പോലീത്തയോട് വിരോധത്തിലായി.[14]
ആരോഗ്യപ്രശ്നങ്ങൾ
[തിരുത്തുക]നിരവധി ആരോഗ്യപ്രശ്നങ്ങളും തോമാ ധർമ്മോ നേരിട്ടിരിന്നു. അദ്ദേഹത്തിന്റെ ചെവിക്ക് തുടർച്ചയായ അസ്വസ്ഥതയും കണ്ണിന് കാഴ്ച്ചകുറവും ഉണ്ടായിരുന്നു. ഇതിനുപുറമെ വാതവും പ്രമേഹവും അദ്ദേഹത്തെ ബാധിച്ചു. ആശുപത്രികളിൽ അദ്ദേഹം ഒരു സ്ഥിര സന്ദർശകനായി.[15] 1954 മുതൽക്കേതന്നെ ഇന്ത്യയിലെ സഭയുടെ ചുമതലകൾ ഒഴിഞ്ഞ് തിരിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സഭാംഗങ്ങൾ ഇത് എതിർത്തു. ഇന്ത്യയിലെ സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ച മറ്റൊരാളെ കണ്ടെത്താൻ കഴിയില്ല ഏന്നറിയമായിരുന്ന പാത്രിയർക്കീസും ഇതിന് അദ്ദേഹത്തെ അനുവദിച്ചില്ല.[16]
സഭാനേതൃത്വവുമായി അകലുന്നു
[തിരുത്തുക]എന്നാൽ 1961ഓടെ തന്റെ മുൻഗാമിയായ മാർ തിമോത്തിയോസ് നേരിട്ട അതേ പ്രതിസന്ധി മാർ തോമാ ധർമ്മോയ്ക്കും നേരിടേണ്ടതായി വന്നു. പാത്രിയർക്കീസ് പദവിയിലേക്കുള്ള ബേഥ് ശിമെയോൻ കുടുംബത്തിന്റെ ആധിപത്യം തോമാ ധർമ്മോ ചോദ്യം ചെയ്തത് പാത്രിയർക്കീസ് ഏശായി ശിമെയോനെ ചൊടിപ്പിച്ചു. 1955ൽ പാത്രിയർക്കീസ് തന്റെ സഹോദരനായ സെർജൊൻ പാഷയുടെ കുട്ടിയെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കാൻ ശ്രമിച്ചെന്നും കുട്ടി പെൺകുട്ടിയായി പോയതിനാൽ മാമ്മോദീസ നൽകിയ ശേഷം പാത്രിയർക്കീസ് മടങ്ങിപ്പോയി എന്നുമുള്ള ഒരു വാർത്ത തോമാ ധർമ്മോയ്ക്ക് കിട്ടി. ഇതിൽ ധർമ്മോ ശക്തമായി പ്രതിഷേധിച്ച് ഒരു മറുപടിക്കത്ത് എഴുതി. ഇത് പാത്രിയർക്കീസ് വായിക്കാൻ ഇടയായതോടെയാണ് അവർ തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. 1961ൽ മാർ ധർമ്മോയിലുള്ള അപ്രീതി പ്രകടമാക്കി ക്കൊണ്ട് പാത്രിയർക്കീസിന്റെ സഹായിയായ മാന്നു ഓശാനാ എന്ന വൈദികൻ തൃശ്ശൂരിലേക്ക് ഒരു കത്തെഴുതി.[17]
ശിമെയോൻ പാത്രിയർക്കീസിന്റെ ഇടപെടലുകൾ
[തിരുത്തുക]വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ മൂന്നാമത്തെ യോഗം 1961 ഡിസംബറിൽ ന്യൂഡൽഹിയിൽ വെച്ച് നടന്നു. ഈ സമ്മേളനത്തിലേക്ക് പാത്രിയാർക്കീസ് ഏശായി ശിമയോൻ ക്ഷണിക്കപ്പെട്ടു. യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് പുറപ്പെട്ട അദ്ദേഹത്തെ ഡൽഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തോമാ ധർമ്മോ സ്വീകരിച്ചു.[18] സഭാംഗങ്ങൾ വമ്പിച്ച സ്വീകരണമാണ് അദ്ദേഹത്തിന് ഒരുക്കിയത്. ചരിത്രത്തിൽ ആദ്യമായി ആയിരുന്നു ഒരു പൗരസ്ത്യ സുറിയാനി സഭ പാത്രിയർക്കീസ് ഇന്ത്യ സന്ദർശിക്കുന്നത്. അതുകൊണ്ട് സഭാംഗങ്ങൾ വലിയ ഒരു സംഭവമായി തന്നെ അതിനെ കണ്ടു. തൃശ്ശൂരിൽ അദ്ദേഹത്തിന് രാജകീയമായ സ്വീകരണം ഒരുക്കി. വലിയ ജാഥകളും കൊട്ടും പാട്ടും മേളവും വെടിക്കെട്ടും മറ്റും അണിനിരത്തപ്പെട്ടു. മെത്രാപ്പോലീത്തയുമായി ഉരസലിൽ ആയിരുന്ന ആളുകൾ ഇതൊരു അവസരമായി കണ്ട് ആഘോഷങ്ങൾക്ക് ഊർജ്ജമായി. തൃശ്ശൂർ വരെ തോമാ ധർമ്മോയും പാത്രിയർക്കീസിനെ അനുഗമിച്ചിരുന്നു. അവിടെനിന്ന് എറണാകുളത്തേക്കും പിന്നീട് ബോംബെയിലേക്കും ഡൽഹിയിലേക്കും പാത്രിയാർക്കീസ് പോയി. ഡൽഹിയിൽ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും അദ്ദേഹം സന്ദർശിച്ചു അതിനുശേഷം ടെഹ്റാനിലേക്ക് യാത്രയായി. 1962 ജനുവരി 30ന് ടെഹ്റാനിൽ വച്ച് പാത്രിയർക്കീസ് ശിമയോൻ ഇന്ത്യയിലെ സഭയുടെ ഭരണത്തിനായി തോമാ ധർമ്മോയ്ക്ക് ഒരു ഉപദേശക സമിതിയെ പ്രഖ്യാപിച്ചു. എന്നാൽ ഈ സമിതിയിലെ ഭൂരിഭാഗം ആളുകളും മെത്രാപ്പോലീത്തയുടെ എതിരാളികൾ ആയിരുന്നു. അതുകൊണ്ട് അദ്ദേഹം ഈ തീരുമാനം അംഗീകരിക്കാൻ തയ്യാറായില്ല. സഭയുടെ ഭരണം സഭയുടെ ഭരണഘടന അനുസരിച്ച് വേണം എന്ന് അദ്ദേഹം നിലപാടെടുത്തു എന്നാൽ ഈ ഭരണഘടനയ്ക്ക് തന്റെ അംഗീകാരത്തിനായി സമർപ്പിക്കപ്പെടുകയോ താൻ അംഗീകരിക്കുകയോ ചെയ്തിട്ടില്ലാത്തതുകൊണ്ട് പാത്രിയാർക്കീസ് അതിനെ എതിർത്തു. എന്നാൽ ഇന്ത്യൻ സഭയുടെ ആഭ്യന്തര ഭരണ സംവിധാനം ആയതുകൊണ്ട് പാത്രിയർക്കീസിന്റെ അംഗീകാരം ആവശ്യമില്ല എന്ന് മെത്രാപ്പോലീത്തയും വാദിച്ചു. താൻ നിയമിച്ച ഉപദേശക സമിതിക്ക് യാതൊന്നും ചെയ്യാനായില്ല എന്ന് മനസ്സിലാക്കിയ പാത്രിയർക്കീസ് 1962 ഡിസംബർ പതിനാറാം തീയതി ഉപദേശക സമിതിയെ നിയമിച്ചത് ന്യായീകരിച്ച് വീണ്ടും ഒരു കത്ത് എഴുതി. ഇതിലും ഒരു ഫലവും കാണാതെ വന്ന പാത്രിയർക്കീസ് 1963 ജൂലൈ 2ന് തോമാ ധർമ്മോയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഒരു കത്ത് എഴുതി സഭാംഗങ്ങൾക്ക് എല്ലാവർക്കുമായി അയച്ചുകൊടുത്തു. ഇന്ത്യയിലെ സഭയിൽ മെത്രാപ്പോലീത്ത ഭിന്നതയും കലഹവും ഉണ്ടാക്കി എന്നും തന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങുന്നില്ല എന്നും പാത്രിയർക്കീസ് ആരോപിച്ചു. ലൈറ്റ് ഓഫ് ദി ഈസ്റ്റ് മാസികയിൽ തനിക്കെതിരെ വ്യക്തിപരമായി മെത്രാപ്പോലീത്ത ആക്ഷേപം ഉന്നയിക്കുന്നു എന്നും ഈ കത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. തോമാ ധർമ്മോയോട് അതേ വർഷം സെപ്റ്റംബറിൽ സാൻ ഫ്രാൻസിസ്കോയിലെ തൻറെ ആസ്ഥാനത്തെത്തി തന്നെ നേരിൽ കണ്ട് ഇതിൽ വിശദീകരണം നൽകണമെന്ന് പാത്രിയർക്കീസ് നിർദ്ദേശിച്ചു. സി ഐ അന്തോണി എന്ന വൈദികനെ ഇന്ത്യയിലെ രൂപതയുടെ താൽക്കാലിക അഡ്മിനിസ്ട്രേറ്ററായും പാത്രിയർക്കീസ് നിയമിച്ചു. ഈ കത്തിനോട് തോമാ ധർമ്മോ ഉടനെ പ്രതികരിച്ചു. ഇന്ത്യയിലെ സഭയിൽ താൻ ഭിന്നത ഉണ്ടാക്കി എന്ന പാത്രിയർക്കീസിന്റെ ആരോപണം തള്ളിയ അദ്ദേഹം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് സഭയുടെ കാനോൻ നിയമങ്ങൾക്ക് അനുസൃതമായ മറുപടി നൽകുമെന്നും ഉറപ്പുപറഞ്ഞു. ഈ വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നതും വിധി പറയുന്നതും പാത്രിയർക്കീസ് തന്നെയാകുന്നത് ശരിയല്ല എന്നും എടുത്തുപറഞ്ഞ ധർമ്മോ മാർ നെസ്റ്റോറിയസിനെതിരെ കൂറിലോസ് ഒരേസമയം കുറ്റാരോപകനും വിധികർത്താവുമായ സംഭവമൊഴിച്ചാൽ ഇത്തരം നടപടി സഭാ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ ഈ വിഷയം പരിഹരിക്കാൻ ഉടനെ ഒരു സൂനഹദോസ് വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ടു. ഒരു രൂപതയുടെ മെത്രാപ്പോലീത്ത ഉള്ളപ്പോൾ മറ്റൊരു അഡ്മിനിസ്ട്രേറ്ററെ പാത്രിയർക്കീസ് നിയമിക്കുന്നത് തെറ്റാണെന്നും ധർമ്മോ വാദിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ അമേരിക്കയിൽ എത്തിച്ചേരാൻ സാധ്യമല്ല എന്നും അദ്ദേഹം പറഞ്ഞു. [19] തോമാ ധർമ്മോയ്ക്ക് ഒരു രാജ്യത്തും പൗരത്വം ഉണ്ടായിരുന്നില്ല. 1960 ഏപ്രിൽ 9ന് സിറിയൻ പൗരത്വം അദ്ദേഹം ഉപേക്ഷിച്ചിരുന്നു. ഇന്ത്യയിൽ പൗരത്വത്തിനായി ശ്രമിച്ചിരുന്നെങ്കിലും അത് ഒരിക്കലും കിട്ടിയില്ല. ഈ കാരണത്താൽ അദ്ദേഹത്തിന് വിദേശയാത്രകൾ ദുഷ്കരമായിരുന്നു.[20]
പാത്രിയർക്കീസിന്റെ കത്ത് ലഭിച്ചശേഷവും ധർമ്മോ സഭാഭരണം തുടർന്നു. 1963 ഒക്ടോബറിൽ ഒരു ശെമ്മാശാനെയും രണ്ട് യൗപ്ദിയാകോനാമാരെയും അദ്ദേഹം വാഴിച്ചു. ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞിട്ടും സഭയുടെ സ്കൂളുകളുടെ മാനേജർ പദവിയിൽ തുടർന്ന എം. ഒ. തോമാകുട്ടിയെ ആ സ്ഥാനത്ത് നിന്ന് മാറ്റി പകരം മറ്റൊരു ട്രസ്റ്റിയായ വി. വി. ചാക്കപ്പനെ തത്സ്ഥാനത്ത് അദ്ദേഹം നിയമിച്ചു. എന്നാൽ ഇതിനോട് വഴങ്ങാൻ തോമാകുട്ടി തയ്യാറായില്ല. പാത്രിയർക്കീസിന്റെ നടപടികൾക്ക് പിന്നിൽ ഇദ്ദേഹമാണെന്ന് ധാർമ്മോ വിശ്വസിച്ചു.[21]
പുറത്താക്കൽ നടപടിയും തുടർന്നുള്ള ഭിന്നിപ്പും
[തിരുത്തുക]1964 ജനുവരി 10ന് ഒരു കത്തിലൂടെ പാത്രിയർക്കീസ് ശിമെയോൻ ഏശായി തോമാ ധർമ്മോയെ സ്ഥാനത്ത് നിന്നും ചുമതലകളിൽ നിന്നും നീക്കി. 17ാം തീയ്യതി ഈ കത്ത് ധർമ്മോയുടെ പക്കലെത്തിച്ചേർന്നു. ഇതിന്റെ ഒരു പകർപ്പ് സി. ഐ. അന്തോണിക്കും ലഭിച്ചു. അടുത്ത ദിവസം അദ്ദേഹം മെത്രാപ്പോലീത്തയെ കാണാൻ അംഗരക്ഷകരോടൊപ്പം എത്തിച്ചേർന്നു. രണ്ട് വിഭാഗങ്ങളായി വിശ്വാസികളും മെത്രാപ്പോലീത്തൻ കൊട്ടാരത്തിൽ തടിച്ചുകൂടി. പള്ളികളിൽ ഉൾപ്പെടെ പല ഇടങ്ങളിലും മെത്രാപ്പോലീത്തയ്ക്കെതിരെ പാത്രിയർക്കീസ് അനുകൂലികളുടെ മുദ്രാവാക്യം വിളികളും പ്രതിഷേധങ്ങളും ഉണ്ടായി. ക്രമസമാധാനപാലനത്തിന് ഇവിടങ്ങളിലെല്ലാം പൊലീസിന്റെ സാന്നിധ്യം ആവശ്യമായി.[22] 26ാം തീയ്യതി ചേർന്ന സഭയുടെ പ്രതിനിധി യോഗം മെത്രാപ്പോലീത്തയ്ക്കെതിരെയുള്ള പാത്രിയർക്കീസിന്റെ പുറത്താക്കൽ ഉത്തരവിനെ അവഗണിക്കാൻ തീരുമാനിച്ചു. വിഷയത്തിൽ രണ്ട് പ്രമേയങ്ങൾ പ്രതിനിധി യോഗം പാസാക്കി. അതിൽ ഒന്നിൽ പാത്രിയർക്കീസിന്റെ പല ആരോപണങ്ങളും തള്ളുകയും അവശേഷിച്ചവയിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. തോമാ ധർമ്മോയുടെ പ്രവർത്തനങ്ങളെ യോഗം ശ്ലാഘിച്ചു. അടുത്ത പ്രമേയത്തിൽ സഭാംഗങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള പ്രതിനിധി സമിതിയുടെയും സഭാ ഭരണഘടനയുടെയും ആധികാരികത ഉറപ്പിച്ചു പറഞ്ഞു. ഈ രണ്ട് പ്രമേയങ്ങളും സഭയുടെ കേന്ദ്ര ട്രസ്റ്റിമാർ പാത്രിയർക്കീസിന് അയച്ചുകൊടുത്തു. തോമാ ധർമ്മോയും സ്വന്തം നിലയ്ക്കുകൂടി പാത്രിയർക്കീസിന്റെ ഉത്തരവിന് മറുപടി എഴുതി. പുറത്താക്കൽ നടപടി ചോദ്യം ചെയ്ത അദ്ദേഹം വിഷയത്തിൽ സൂനഹദോസ് തീരുമാനെടുക്കണമെന്ന് ആവശ്യപ്പെട്ടു.[23]
എന്നാൽ സി. ഐ. അന്തോണിയുടെ നേതൃത്വത്തിൽ ധാർമ്മോയ്ക്കെതിരെ പാത്രിയർക്കീസ് അനുകൂല വിഭാഗവും സംഘടിച്ചു. നാല് വൈദികരും രണ്ട് ശെമ്മാശന്മാരും ഇതിൽ ഉൾപ്പെട്ടു. സമാധാന അന്തരീക്ഷം നിലനിർത്താൻ സർക്കാർ അധികൃതരുടെ ഇടപെടലിലൂടെ മൂന്ന് പള്ളികൾ അവരുടെ നിയന്ത്രണത്തിലായി. എന്നാൽ സംഘർഷാവസ്ഥ ഇവിടങ്ങളിൽ തുടർന്നു. പാത്രിയർക്കീസ് പക്ഷക്കാർ മെത്രാപ്പോലീത്ത പക്ഷത്തിനെതിരെ കോടതിയെ സമീപിച്ചു.[24]
തുടർസംഭവങ്ങൾ
[തിരുത്തുക]ഈ സാഹചര്യത്തിൽ റോമൻ കത്തോലിക്കാ സഭയിൽപ്പെട്ട ചിലയാളുകൾ തോമാ ധർമ്മോയെ തങ്ങളുടെ സഭയിലേക്ക് ക്ഷണിച്ചു. ഈ ക്ഷണം അദ്ദേഹം നിരസിച്ചു. ഇതിനിടെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനായി ബസേലിയോസ് ഔഗേൻ പ്രഥമനെ വാഴിക്കാൻ എത്തിച്ചേർന്ന സുറിയാനി ഓർത്തഡോക്സ് സഭാ പരാമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ 1964 ജൂൺ 14ന് ധർമ്മോയെ വസതിയിൽ എത്തി സന്ദർശിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന അത്താഴവിരുന്നിൽ നിരവധി പ്രമുഖർ പങ്കുചേർന്നു. ഇതെല്ലാം തോമാ ധർമ്മോയുടെ പൊതുസമ്മതിയുടെ തെളിവായി.[25] അദ്ദേഹത്തിന്റെ അറുപതാം പിറന്നാളും തൃശ്ശൂർ മർഥ് മറിയം വലിയപള്ളിയുടെ 150ാം സ്ഥാപനവാർഷികവും അതേ വർഷം അത്യന്തം ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ടു.[26] ഇത് സഭാംഗങ്ങളുടെ ഇടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെ തെളിവുമായി.[27] 1965 ജൂൺ 13ന് നാല് വൈദികരെയും ഒരു ശെമ്മാശനെയും കൂടി അദ്ദേഹം വാഴിക്കാൻ തീരുമാനിച്ചു. ഇതിനെതിരെയും പാത്രിയർക്കീസ് പക്ഷം കോടതിയിൽ പോയി. മെത്രാപ്പോലീത്തയ്ക്കെതിരായ സസ്പെൻഷൻ ഉത്തരവ് സാധുവായി പ്രഖ്യാപിക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചു. എന്നാൽ പാത്രിയർക്കീസിന്റെ പുറത്താക്കൽ നടപടി സാമാന്യ നീതിയ്ക്ക് നിരക്കുന്നതല്ലെന്നും ചടങ്ങ് നടക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കേസ് വാദിഭാഗം വൈകിപ്പിച്ചെന്നും വിലയിരുത്തിയ കോടതി അവരുടെ ആവശ്യം തള്ളി.[28] ഒരു ബിഷപ് ഇല്ലാതെ ഇന്ത്യയിൽ തങ്ങൾക്ക് നിലനിൽപ്പില്ല എന്ന് മനസ്സിലാക്കിയ അവർ 1967 ജനുവരിയിൽ ഇറാനിൽ നിന്ന് ടെഹ്റാൻ ബിഷപ്പ് മാർ ഖാന്നാന്യ ദിൻഖയെ കേരളത്തിൽ എത്തിച്ചു. എന്നാൽ മെത്രാപ്പോലീത്ത പക്ഷം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടിയതിനാൽ ഔദ്യോഗിക ചുമതലകൾ ഒന്നും ഏറ്റെടുക്കാൻ കഴിയാതെ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു.[29]
ബാഗ്ദാദിലേക്ക്
[തിരുത്തുക]1968 സെപ്റ്റംബർ 5ന് ധാർമ്മോ ബാഗ്ദാദിലേക്ക് പുറപ്പെട്ടു. 1968 ജൂൺ 28 ന് മദ്രാസ് അസിസ്റ്റന്റ് പാസ്പോർട്ട് ഓഫീസർ അനുവദിച്ചു കൊടുത്ത പ്രത്യേക തിരിച്ചറിയൽ രേഖ ഇതിന് സഹായമായി.[30] ബാഗ്ദാദിലേക്കുള്ള വരവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അവിടത്തെ പാത്രിയർക്കീസ് അനുകൂലികൾ അദ്ദേഹത്തിന് ഒരു ടെലിഗ്രാഫ് സന്ദേശം അയച്ചു. എന്നാൽ ധാർമ്മോ അത് അവഗണിച്ചു. ബാഗ്ദാദിൽ അദ്ദേഹത്തിന് അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. മാലിക് യൗസേപ്പ് ഖൊശാബ, വൈദികനായ ഇസഹാഖ് ന്‌വീയ തുടങ്ങിയ പാത്രിയർക്കീസ് വിരുദ്ധ ചേരിയിലെ നേതാക്കളും വലിയ ഒരു കൂട്ടം ആളുകളും അദ്ദേഹത്തെ സ്വീകരിക്കാൻ അവിടെ ഉണ്ടായിരുന്നു. പാത്രിയർക്കീസിന്റെ കുടുംബാധിപത്യത്തിനെതിരെ പോരടിക്കുന്ന സഭാ രക്ഷകനായി അദ്ദേഹത്തെ അവർ വാഴ്ത്തി.[31] ഇതേത്തുടർന്ന് ഇറാഖി സർക്കാർ ശിമെയോൻ ഏശായിയെ കിഴക്കിന്റെ സഭയുടെ സഭാദ്ധ്യക്ഷൻ എന്ന പദവിയിൽ നിന്ന് നീക്കിയതായി പ്രഖ്യാപിച്ചു. ഈ വിളംബരം എല്ലായിടത്തും പ്രചരിപ്പിച്ചതോടെ പാത്രിയർക്കീസ് ശിമെയോന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന പല പള്ളികളും തോമാ ധർമ്മോയുടെ കീഴിലായി. സഭയുടെ ഭരണാധികാരിയായി തോമാ ധർമ്മോയെ നിയമിക്കുകയും ചെയ്തു. ധാർമ്മോയ്ക്കും കൂടെയുള്ളവർക്കും പ്രത്യേക വസതി ഒരുക്കപ്പെട്ടു. സെപ്റ്റംബർ 13ന് ഇസ്ഹാഖ് ന്‌വീയ അടക്കമുള്ള മൂന്ന് പുരോഹിതരെ അദ്ദേഹം അർക്കദിയാക്കോന്മാരായി ഉയർത്തി. അവരിൽ ഇന്ത്യാക്കാരനായ കെ. എ. പോളും ഉൾപ്പെട്ടിരുന്നു. അതേ ചടങ്ങിൽ വെച്ച് അദ്ദേഹം മാർ പൗലോസ് എന്ന പേരിൽ അപ്പിസ്കോപ്പയായും വാഴിക്കപ്പെട്ടു. മാർ പൗലോസും പുതിയ വൈദികരെ വാഴിക്കാൻ തുടങ്ങി. സെപ്റ്റംബർ 21ന് ഇന്ത്യാക്കാരനായ ജോർജ് മൂക്കൻ, ശ്ലേമോൻ ഗീവർഗീസ് എന്നിവരെയും ധാർമ്മോ അർക്കദിയാക്കോന്മാരായി വാഴിച്ചു. അന്നുതന്നെ ജോർജ് മൂക്കനെ മാർ അപ്രേം എന്ന പേരിലും പിറ്റേദിവസം ശ്ലേമോൻ ഗീവർഗീസിനെ അദ്ദായി ഗീവർഗീസ് എന്നപേരിൽ അപ്പിസ്കോപ്പയായും ഇറാഖിന്റെ മെത്രാപ്പോലീത്തയായും അദ്ദേഹം അഭിഷേകം ചെയ്തു. 29ന് മാർ അപ്രേം ഇന്ത്യയുടെ പുതിയ മെത്രാപ്പോലീത്തയായും നിയമിക്കപ്പെട്ടു.[32][33]
പാത്രിയർക്കീസായി സ്ഥാനമേൽക്കുന്നു
[തിരുത്തുക]സർക്കാർ നിർദേശപ്രകാരം ബാഗ്ദാദിലെ ആസ്ഥാന കത്തീഡ്രൽ പള്ളിയായ മാർ സൈയാ കത്തീഡ്രൽ തോമാ ധർമ്മോയ്ക്ക് കൈമാറി. മാലിക് യൗസേപ്പ് ഖൊശാബയുടെയും മറ്റ് അസ്സീറിയൻ നേതാക്കളുടെയും പ്രതിനിധികളുടേയും യോഗത്തിൽ മാർ അദ്ദായി ഗീവർഗീസ് മാർ തോമാ ധർമ്മോയെ അടുത്ത പാത്രിയർക്കീസായി ശുപാർശ ചെയ്തു. 1968 ഒക്ടോബർ 11ന് ഉന്നത സർക്കാർ അധികൃതരുടെയും സാന്നിധ്യത്തിൽ മാർ തോമാ ധർമ്മോ കിഴക്കിന്റെ സഭയുടെ കാതോലിക്കോസ് പാത്രിയർക്കീസായി വാഴിക്കപ്പെട്ടു. മാർ അപ്രേം, മാർ അദ്ദായി എന്നീ മെത്രാപ്പോലീത്തമാരാണ് പാത്രിയർക്കീസ് അഭിഷേകത്തിന് നേതൃത്വം കൊടുത്തത്.[34]
പ്രവർത്തനങ്ങൾ
[തിരുത്തുക]പാത്രിയർക്കീസ് പദവിയിലേക്ക് ഉയർത്തപ്പെട്ട തോമാ ധർമ്മോ സഭയുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു. സഭയ്ക്ക് പൊതുവായ ഒരു ഭരണഘടനയും വൈദികരുടെ പരിശീലനത്തിന് ഒരു സെമിനാരിയും സ്ഥാപിക്കാൻ അദ്ദേഹം ശ്രമിച്ചു. സിറിയ സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഇക്കാലമത്രയും അദ്ദേഹത്തിന് ഒരു രാജ്യത്തെയും പൗരത്വം ഉണ്ടായിരുന്നില്ല. അറബി ഭാഷ ഇതിനോടകം അദ്ദേഹത്തിന് ദുഷ്കരമായി തീർന്നിരുന്നു. അതുകൊണ്ട് സഭാംഗങ്ങളുമായി സുറിയാനിയിൽ മാത്രം ഇടപെടാൻ തുടങ്ങി.[35]
അന്ത്യം
[തിരുത്തുക]നിരവധി ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഇതോടൊപ്പം ബാഗ്ദാദിലെ ചൂടേറിയ കാലാവസ്ഥയും അദ്ദേഹത്തിന്റെ ആരോഗ്യനിലയെ ദോഷകരമായി ബാധിച്ചു. കഠിനമായ തൊണ്ടവേദനയും അദ്ദേഹത്തെ കഷ്ടപ്പെടുത്തി. അമേരിക്കയിലേക്ക് പോയി ചികിത്സ തേടാൻ അദ്ദേഹം തീരുമാനിച്ചെങ്കിലും ബാഗ്ദാദിലെ ഡോക്ടർ ജാബിർ മുഹ്സിന്റെ അഭ്യർത്ഥന പ്രകാരം 1969 ആഗസ്റ്റ് 20ന് അദ്ദേഹം അവിടെവെച്ച് തന്നെ ശസ്ത്രക്രിയക്ക് വിധേയനായി. ആ മാസം പ്രസിദ്ധീകരിച്ച വോയ്സ് ഓഫ് ദി ഈസ്റ്റിന്റെ പതിപ്പിന്റെ മുൻതാളിൽ മാർ അപ്രേം മെത്രാപ്പോലീത്ത ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ അച്ചടിച്ചത് ധർമ്മോ കാണാനിടയായി. ഇതിൽ അദ്ദേഹം അതീവ സന്തുഷ്ടനായി കാണപ്പെട്ടു. ആഗസ്റ്റ് 25ാം തീയ്യതി കടുത്ത പനി ബാധിച്ച് അദ്ദേഹത്തിന്റെ നില കൂടുതൽ വഷളായി. മുമ്പേ പ്രമേഹ രോഗിയായിരുന്ന അദ്ദേഹത്തിന് ടൈഫോയ്ഡ് രോഗവും സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ബാഗ്ദാദിലെ സെന്റ് റപ്പായേൽ ആശുപത്രിയിൽ അദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടു. അവിടെവെച്ച് വെച്ച് 1969 സെപ്റ്റംബർ 7ന് രാവിലെ 9.45ന് മാർത്തോമാ ധർമ്മോ കാലംചെയ്തു. അധികം വൈകാതെതന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം ജനങ്ങളുടെ വലിയ അകമ്പടിയോടെ ബാഗ്ദാദിലെ മാർ സൈയ്യാ പാത്രിയർക്കൽ കത്തീഡ്രൽ പള്ളിയിലേക്ക് വഹിക്കപ്പെട്ടു. ഒരു മണിക്കൂറോളം നീണ്ട കാൽനട യാത്രയിൽ പൂശ് ബശ്ലാമാ ഗീതികൾ പാടിക്കൊണ്ട് വൈദികരും ശെമ്മാശന്മാരും ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. 9ാം തീയ്യതി മാർ അദ്ദായി ഗീവർഗീസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ഇതിനുശേഷം അവിടെ വെച്ച് മാർത്തോമാ ധർമ്മോയുടെ കബറടക്കം നടന്നു.[36]
അവലംബം
[തിരുത്തുക]- ↑ "പാത്രിയാർക്കീസ് മാറാൻ മാർ അദ്ദായ് ഗീവർഗീസ് രണ്ടാമൻ അന്തരിച്ചു". Retrieved 2023-02-10.
- ↑ Kurian, George Thomas; Lamport, Mark A. (2016-11-10). Encyclopedia of Christianity in the United States (in ഇംഗ്ലീഷ്). Rowman & Littlefield. pp. 85–6. ISBN 978-1-4422-4432-0.
- ↑ Joseph, John (2016-05-18). The Modern Assyrians of the Middle East: Encounters with Western Christian missions, archaeologists, and colonial power (in ഇംഗ്ലീഷ്). BRILL. p. 248. ISBN 978-90-04-32005-5.
- ↑ Hanoosh, Yasmeen (2019-05-30). The Chaldeans: Politics and Identity in Iraq and the American Diaspora (in ഇംഗ്ലീഷ്). Bloomsbury Publishing. p. 98. ISBN 978-1-78673-600-0.
- ↑ Baumer, Christoph (2016-09-05). The Church of the East: An Illustrated History of Assyrian Christianity (in ഇംഗ്ലീഷ്). Bloomsbury Publishing. p. 243. ISBN 978-1-83860-934-4.
- ↑ Coakley, J.F. (1999). Reinink, G. J.; Klugkist, Alexander Cornelis; Klugkist, A. C. (eds.). Patriarchal Lists of the Church of the East. After Bardaisan: Studies on Continuity and Change in Syriac Christianity in Honour of Professor Han J.W. Drijvers (in ഇംഗ്ലീഷ്). Peeters Publishers. pp. 66–7. ISBN 978-90-429-0735-5.
- ↑ Mooken, Aprem (1974). Mar Thoma Darmo: A Biography (in ഇംഗ്ലീഷ്). തൃശ്ശൂർ: Mar Narsai Press. Archived from the original on 2023-02-18. Retrieved 2023-02-22.
{{cite book}}
: CS1 maint: bot: original URL status unknown (link) - ↑ Mooken (1974), പുറം. 6.
- ↑ Mooken (1974), പുറം. 15.
- ↑ Mooken (1974), പുറം. 23-26.
- ↑ Mooken (1974), പുറം. 52-53.
- ↑ Mooken (1974), പുറം. 34-36.
- ↑ Mooken (1974), പുറം. 44-47.
- ↑ Mooken (1974), പുറം. 48-49.
- ↑ Mooken (1974), പുറം. 49-50.
- ↑ Mooken (1974), പുറം. 50-52.
- ↑ Mooken (1974), പുറം. 55-57.
- ↑ Mooken (1974), പുറം. 57.
- ↑ Mooken (1974), പുറം. 62-63.
- ↑ Mooken (1974), പുറം. 107.
- ↑ Mooken (1974), പുറം. 64.
- ↑ Mooken (1974), പുറം. 65-66.
- ↑ Mooken (1974), പുറം. 66-70.
- ↑ Mooken (1974), പുറം. 71-73.
- ↑ Mooken (1974), പുറം. 74-76.
- ↑ Mooken (1974), പുറം. 77-87.
- ↑ Mooken (1974), പുറം. 86.
- ↑ Mooken (1974), പുറം. 90-92.
- ↑ Mooken (1974), പുറം. 98-99.
- ↑ Mooken (1974), പുറം. 107-108.
- ↑ Mooken (1974), പുറം. 108-109.
- ↑ Mooken (1974), പുറം. 110-111.
- ↑ Baum, Wilhelm; Winkler, Dietmar W. (2003-12-08). The Church of the East: A Concise History (in ഇംഗ്ലീഷ്). Routledge. pp. 147–149. ISBN 978-1-134-43019-2.
- ↑ Mooken (1974), പുറം. 112.
- ↑ Mooken (1974), പുറം. 112-113,116.
- ↑ Mooken (1974), പുറം. 114,115.