മാർത്തോമ്മാ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലങ്കര മാർത്തോമ്മാ സുറിയാനി സഭ
Mar Thoma Syrian Church Crest.png
മാർതോമ്മ സഭയുടെ മുദ്ര
സ്ഥാപകൻ മാർ തോമാശ്ലീഹാ
സ്വതന്ത്രമായത് അപ്പോസ്തോലിക കാലഘട്ടം
അംഗീകാരം നവീകരണ പൗരസ്ത്യ സഭ (Oriental)[1][2][3]
പരമാദ്ധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത
ആസ്ഥാനം പുലാത്തീൻ അരമന, തിരുവല്ല, കേരളം
ഭരണപ്രദേശം സാർവത്രികം
മേഖലകൾ ഇന്ത്യ, യു.എ.ഇ., യു.എസ്.എ., കാനഡ, യു.കെ., അയർലന്റ്, ദക്ഷിണാഫ്രിക്ക, കുവൈറ്റ്, മലേഷ്യ, ജർമനി, സ്വിറ്റ്സർലന്റ്, സിംഗപൂർ, ഒമാൻ, ന്യൂസിലന്റ്, ഓസ്ട്രേലിയ സ്കോട്ട്ലാൻഡ്
ഭാഷ മലയാളം, സുറിയാനി, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്
അനുയായികൾ 1,600,000 ആഗോളതലത്തിൽ.
വെബ്‌സൈറ്റ് മാർത്തോമ്മാ സുറിയാനി സഭ

"മലങ്കര മാർ തോമാ സുറിയാനി സഭ" അല്ലെങ്കിൽ "മലങ്കര സുറിയാനി സഭ" ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരിൽ ഒരുവനായ വിശുദ്ധ മാർ‌ തോമാ ശ്ലീഹയാൽ‌ സ്ഥാപിക്കപ്പെട്ട മലങ്കര സഭയുടെ ഭാഗവും, ശ്ലീഹായുടെ നാമത്താൽ അറിയപ്പെടുന്നതും, ആഗോള വ്യാപ്തമായതും, വിശ്വാസത്തിനു വേദപുസ്തകം അടിസ്ഥാനമാക്കിയിട്ടുള്ളതും, സുവിശേഷം ആദർശമായി സ്വീകരിച്ചിട്ടുള്ളതും, എക്യുമെനിക്കൽ ദർശനത്തോടുകൂടിയതും, കിഴക്കിനടുത്ത് ആരാധനരീതി അവലംബിച്ചിട്ടുള്ളതും, "മാർ യാക്കോബിന്റെ തക്സ" ആരാധന ക്രമം ഉപയോഗിക്കുന്നതും ജനാധിപത്യ ക്രമത്തിൽ നടത്തപ്പെടുന്നതും, പൗരോഹിത്യ ശ്രേണിയൊടുകൂടിയതുമായ ഒരു സഭയാണ്.[4]

മലങ്കര മെത്രാപോലിത്തയായ "മാർ തോമാ" മെത്രാപ്പോലീത്ത ആണ് മാർത്തോമ്മാ സുറിയാനി സഭയെ ഭരിക്കുന്നത്. മാർ തോമാ മെത്രാപ്പോലീത്ത സ്ഥാനം വിശുദ്ധ തോമാ ശ്ലീഹായുടെ മലങ്കര സിംഹാസനത്തിന്റെ പിന്തുടർച്ചയായാണ് സഭ കാണുന്നത് . ഇപ്പോഴത്തെ മാർ തോമാ മെത്രാപ്പോലീത്ത അഭിവന്ദ്യ‌ റവ. ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയാണ്[5]. മെത്രാപ്പോലീത്തയുടെ ആസ്ഥാനം കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള തിരുവല്ലയിലെ പുലാത്തീനിലാണ്.സഭയുടെ ആസ്ഥാനവും തിരുവല്ലയിൽ തന്നെയാണ്

ഏതാണ്ട് പതിനഞ്ചു ലക്ഷത്തോളം അംഗങ്ങൾ ഈ സഭയിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ സഭയിലെ ഭൂരിഭാഗം അംഗങ്ങളും കേരളത്തിൽ ആണുള്ളത്. ഇന്ത്യയിലുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഈ സഭയുടെ സാന്നിദ്ധ്യം ഉണ്ട്. മലയാളികൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി പാർത്തതിനാൽ വടക്കെ അമേരിക്ക, മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങൾ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ന് ഈ സഭ സാന്നിദ്ധ്യം അറിയിക്കുന്നു.

മലബാർ സ്വതന്ത്ര സുറിയാനി സഭ യുമായിമായി (തൊഴിയൂർ സഭ) കൂദാശാ/  കൈവെയ്പ്പ് തുടങ്ങിയ കാര്യങ്ങളിൽ സംസർഗ്ഗവും, ആംഗ്ലിക്കൻ സഭ, ദക്ഷിണേന്ത്യ സഭ (CSI), ഉത്തരേന്ത്യ സഭ (CNI) എന്നീ സഭകളുമായി കൂദാശേതര വിഷയങ്ങളിൽ "മാർ തോമാസുറിയാനി സഭ" സംസർഗ്ഗത്തിലാണ്.കൂടാതെ മലങ്കര സഭയിലെ മറ്റു  സുറിയാനി സഭകളായ, മലങ്കര കത്തോലിക്ക സിറിയൻ സഭ, മലങ്കര ഓർത്തഡോസ് സിറിയൻ സഭ, മലങ്കര യാക്കോബായ സിറിയൻ സഭ തുടങ്ങിയ സഭകളുമായും സാഹോദര്യ ബന്ധം തുടരുവാനും സഭയ്‌ക്ക്‌ സാധിക്കുന്നു.

ചരിത്രം[തിരുത്തുക]

മലങ്കര മാർ തോമാ സുറിയാനി സഭയുടെ ചരിത്രം മൂന്നു കാലഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു.

 • 1. നവീകരണത്തിന്  മുൻപുള്ള കാലം
 • 2. നവീകരണ കാലഘട്ടം
 • 3. നവീകരണത്തിനു ശേഷമുള്ള കാലം

നവീകരണത്തിനു മുൻപുള്ള കാലം (AD 52 മുതൽ AD 1836 വരെ)[തിരുത്തുക]

ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാന്മാരിൽ ഒരാളായ വി. തോമാ ശ്ലീഹ AD 52 -ൽ അക്കാലത്തെ ഒരു പ്രമുഖ തുറമുഖമായിരുന്ന മുസിരിസ്സിൽ (ഇപ്പോഴത്തെ കൊടുങ്ങല്ലൂർ) വന്നിറങ്ങി എന്നു വിശ്വസിക്കുന്നു. അക്കാലത്ത് മുസിരിസ്സിന് മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. ശലോമോൻ രാജാവിന്റെ കൊട്ടാരത്തിൽ സുഗന്ധദ്രവ്യങ്ങളും മറ്റ് ആഡംബര വസ്തുക്കളായ ആനക്കൊമ്പുകളും മറ്റും കൊണ്ട് വന്നു എന്ന് വിശുദ്ധ വേദപുസ്തകത്തിലെ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നുള്ള പരാമർശത്തിൽ നിന്നു ക്രിസ്തുവിന്റെ കാലഘട്ടത്തിനു വളരെ മുൻപു തന്നെ പലസ്തീനു മലബാർ തീരപ്രദേശവുമായി ബന്ധമുണ്ടായിരുന്നു എന്നു പല ചരിത്രകാരന്മാരും കരുതുന്നു. അതിനാൽ അക്കാലത്തെ ഒരു പ്രമുഖ സ്ഥലം ആയിരുന്ന ഈ പ്രദേശത്ത് എത്തിച്ചേരുക എന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. മാത്രമല്ല നെബുക്കദ്നേസർ രാജാവ് പട്ടണം പിടിച്ചെടുത്തത് മൂലം ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് ചിതറിപ്പോയ യഹൂദരുടെ ഒരു ചെറിയ സമൂഹം BC 10ൽ കൊച്ചിയിലും വന്നിട്ടുണ്ടായിരുന്നു. ഈ യഹൂദന്മാരാണ് തോമാശ്ലീഹയെ ഇങ്ങോട്ട് ആകർഷിച്ചത് എന്നു കരുതുന്നു. കൊടുങ്ങല്ലൂരിലെ മാല്യങ്കര യിൽ വന്നിറങ്ങിയ തോമാ ശ്ലീഹ അപ്പോസ്തോലിക പാരമ്പര്യം അനുസരിച്ച് ആദ്യം അവിടെ ഉണ്ടായിരുന്ന യഹൂദന്മാരോടും പിന്നീട് തദ്ദേശീയരായ ഹൈന്ദവരോടും സുവിശേഷം അറിയിച്ചു. സുവിശേഷ പ്രസംഗത്തിലൂടെയും, അത്ഭുത പ്രവർത്തികളിലൂടെയും തോമസ് അപ്പോസ്തോലൻ പല ഹിന്ദുക്കളേയും ക്രൈസ്തവ വിശ്വാസത്തിലേക്കു കൊണ്ടുവന്നു എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. 1 രാജാക്കന്മാരുടെ പുസ്‌തകം 10:22ൽ തർശീശ് എന്നുള്ളത് കൊല്ലം ജില്ലയിലെ ഒരു സ്ഥലമായിരുന്നു. ബൈബിളിൽ "ഗോഫ്" എന്നും "തുകിയും" എന്നും ഉപയോഗിച്ചിട്ടുള്ള വാക്കുകൾ ദ്രാവിഡിയ ഭാഷയിൽ നിന്ന് കടം എടുത്തിട്ടുള്ള വാക്കുകൾ ആണ്, കുരങ്ങു എന്നും മയിൽ എന്നും ആണ് ഇതിനു അർഥം.[6]

തോമാശ്ലീഹാ ഐതിഹ്യം[തിരുത്തുക]

ഇങ്ങനെ ക്രൈസ്തവ വിശ്വാസത്തിലേക്കു വന്ന ജനങ്ങളെ ഒന്നിച്ച് ചേർക്കുന്നതിനു അദ്ദേഹം 7 പള്ളികൾ സ്ഥാപിച്ചു എന്നും ഈ 7 പള്ളികളിൽ നാലു പ്രമുഖ കുടുംബങ്ങളിൽ നിന്നുള്ള ആളുകളെ മേൽനോട്ടക്കാരായി നിയമിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അദ്ദേഹം സ്ഥാപിച്ച ഏഴു പള്ളികൾ ഇവയാണ്.

 • 1. മാല്യങ്കര(മലങ്കര),
 • 2. പാലയൂർ (ഇന്നത്തെ ചാവക്കാട്),
 • 3. കൊട്ടക്കാവ്‌(ആലുവായ്ക്കു സമീപം),
 • 4. കൊക്കോതമംഗലം,
 • 5. നിരണം,
 • 6. നിലയ്ക്കൽ (ചായൽ),
 • 7. കൊല്ലം.

ഇതിൽ നിലയ്ക്കൽ ഒഴിച്ച് ബാക്കിയെല്ലാം തീരപ്രദേശത്തുള്ള സ്ഥലങ്ങൾ ആണ്. ആനക്കൊമ്പും, സുഗന്ധദ്രവ്യങ്ങളും മറ്റും കയറ്റുമതി ചെയ്തിരുന്ന ഒരു പ്രധാന കച്ചവട കേന്ദ്രമായിരുന്നു നിലയ്ക്കൽ എന്നു വിശ്വസിക്കപ്പെടുന്നു. ഇവിടെ നിന്നുള്ള സുഗന്ധദ്രവ്യങ്ങളും മറ്റും ചുരം കടന്ന് തമിഴ്നാട് വഴി അന്യദേശങ്ങളിലേക്ക് പോയിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ഇതൊക്കെ കൊണ്ടായിരിക്കണം ഒരു തീരപ്രദേശം അല്ലാതിരുന്നിട്ടും നിലയ്ക്കലിൽ ഒരു പള്ളി സ്ഥാപിക്കാൻ തോമസ് അപ്പോസ്തോലൻ തയ്യാറായത് എന്ന് കരുതപ്പെടുന്നു. ഇന്നു കൊടുംകാടായി കിടക്കുന്ന ഈ പ്രദേശത്ത് പ്രാചീന കാലത്തെ മനുഷ്യ വാസത്തിന്റേയും പഴയ ആരാധാനാലയങ്ങളുടേയും പ്രത്യക്ഷ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, കടമ്പനാട് ഭാഗത്തുള്ള പല ക്രിസ്ത്യൻ കുടുബങ്ങളും അവരുടെ പാരമ്പര്യം നിലയ്ക്കൽ പള്ളിയുമായി ബന്ധപ്പെടുത്തി പറയുന്നു. ചായൽ (നിലയ്ക്കൽ) എന്നു പേരുള്ള ഒരു മാർത്തോമ്മാ പള്ളി ഇപ്പോഴും നാറാണംമൂഴിയിൽ ഉണ്ട്.

കേരളത്തിൽ നിന്നു വിശുദ്ധ തോമാ ശ്ലീഹാ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലേക്ക് പോവുകയും മദ്രാസിനു സമീപമുള്ള സെന്റ് തോമസ് മൗണ്ടിൽ രക്തസാക്ഷിയായി മരിക്കുകയും മൈലാപൂരിൽ അദ്ദേഹത്തെ അടക്കുകയും ചെയ്തു എന്നു വീശ്വസിക്കപ്പെടുന്നു.

ആദ്യ കാലങ്ങൾ[തിരുത്തുക]

കേരളത്തിൽ സ്ഥാപിതമായ ഈ പ്രാചീനക്രൈസ്തവ സഭയുടെ 4 മുതൽ 15-ആം നൂറ്റാണ്ടു വരെയുള്ള ചരിത്രം പരിശോധിച്ചാൽ പേർഷ്യയിലുള്ള ക്രിസ്തീയ സഭയുമായി ബന്ധം ഉണ്ടായിരുന്നു എന്നു കാണാം. റോമിനോടോ മറ്റു പാശ്ചാത്യ രാജ്യങ്ങളോടോ ബന്ധപ്പെടാൻ കഴിയാഞ്ഞ അന്നാളുകളിൽ വ്യാപാരശൃംഖലകളിലൂടെയാണ് ഈ ബന്ധം ഉണ്ടായത്. പഹ്ലാവി ഭാഷയിൽ മേൽകുറിപ്പുകളോടു കൂടിയ പേർഷ്യൻ കുരിശുകൾ കേര‍ളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട് എന്നത് ഇതിനു തെളിവാണ്. ഇടയ്ക്കും മുറയ്ക്കും തങ്ങളെ ഭരിക്കുന്നതിൻ പേർഷ്യയിലെ ബിഷപ്പുമാരുടെ സേവനം ഇതു മൂലം ആദ്യം ഇവിടത്തെ വിശ്വാസികൾക്ക് ലഭിച്ചുപോന്നു എന്ന് അനുമാനിക്കപ്പെടുന്നു. ക്രി.വ. മുന്നൂറുകളിൽ പേർഷ്യയിലെ ബിഷപ്പായിരുന്ന ദാവൂദ് ഇവിടെ സന്ദർശിക്കുകയും മതപരിവർത്തനങ്ങൾ നടത്തുകയും ചെയ്തു എന്നും കരുതപ്പെടുന്നു. ക്രി.വ. 345 -ൽ ഒരു കച്ചവടക്കാരനായിരുന്ന ക്നായി തൊമ്മന്റെ നേതൃത്വത്തിൽ 400 പേരോളം വരുന്ന ഒരു സംഘം പേർഷ്യയിൽ നിന്ന് മലബാർ തീരത്തെത്തി എന്നു വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ ക്നാനായ സമുദായം ആ സംഘത്തിന്റെ പിന്മുറക്കാരാണ്. ക്രി.വ. 825 -ൽ മറ്റൊരു പേർഷ്യൻ വ്യാപാരിയായ മാർവൻ സബ്രിസോയുടെ നേതൃത്വത്തിൽ, മാർ സബോർ, അദ്ദേഹത്തിന്റെ ഇരട്ടസഹോദരനായ മാർ ആഫ്രോത്ത് എന്നീ രണ്ട് ബിഷപ്പുമാർ അടക്കം മറ്റൊരു സംഘം കൊല്ലം തുറമുഖം വഴി കേരളത്തിലെത്തി എന്നു മറ്റൊരു വിശ്വാസവുമുണ്ട്. അന്നത്തെ കൊല്ലം രാജാവായിരുന്ന ചേരമാൻ പെരുമാൾ ഇവർക്ക് താമസിക്കാൻ സ്ഥലവും അതോടൊപ്പം ചെമ്പുതകിടിൽ (ചേപ്പേട്) ആലേഖനം ചെയ്ത് ചില പ്രത്യേക അവകാശങ്ങളും കൊടുത്തതായി വിശ്വസിക്കപ്പെടുന്നു (തരിസാപള്ളി ശാസനങ്ങൾ). ഈ ചേപ്പേടുകളിൽ 2 എണ്ണം മലങ്കര ഓർത്തഡോക്സ് സഭയുടെ അധീനതയിലുള്ള കോട്ടയം പഴയ സെമിനാരിയിലും ഒരെണ്ണം മലങ്കര മാർത്തോമ്മാ സഭയുടെ ആസ്ഥാനമായ തിരുവല്ലയിലെ പുലാത്തീനിലും സൂക്ഷിച്ചിരിക്കുന്നു. ബാബിലോണിയൻ പാത്രിയർക്കിസിന്റെ കീഴിൽ നിന്നു വന്ന ബിഷപ്പുമാർ നെസ്തോറിയന്മാരായിരുന്നു. ഇപ്പൊഴും തൃശൂരിൽ കൽദായ സുറിയാനി സഭയ്ക്ക് മാർ യോഹന്നാന്റെ പേരിൽ ഒരു പള്ളി ഉണ്ട്. അവർക്ക് നെസ്തോറിയൻ [7] പാത്രിയർക്കീസുമായി ബന്ധമുണ്ട് എന്ന് പറയപ്പെടുന്നു.

ഇങ്ങനെ പേർഷ്യൻ, സിറിയൻ സഭകളുമായുള്ള ബന്ധത്തിൽ നിന്നാണ് സുറിയാനി സഭ എന്നുള്ള പേർ ഉടലെടുക്കുന്നത്. ഇങ്ങനെ പല പേർഷ്യൻ ക്രിസ്തീയ സഭകളുമായി സഭാപരമായ ബന്ധം ഉണ്ടായിരുന്നു എങ്കിലും മലബാറിലെ ക്രിസ്തീയ സഭ സ്വതന്ത്രവും അതിന്റെ ഭരണം തദ്ദേശീയമായി സ്വന്തം അർക്കദിയോക്കോന്മാരുടെ കീഴിൽ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും പോർച്ഗീസ്സുകാരുടെ വരവിനുമുൻപ് തദ്ദേശീയരായ ക്രിസ്ത്യാനികൾ പ്രാർത്ഥനയിലും മറ്റും ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ അവരുടെ ഹിന്ദു പാരമ്പര്യം വിട്ടു മാറിയിട്ടില്ലാത്തവരായിരുന്നു. [8] ഉയർന്ന ജാതിയിൽ നിന്നു വന്നവർ അന്ന് തീണ്ടിക്കുളിയും, ജാതിക്കുളിയും താഴ്ന്ന ജാതിയിൽ നിന്നു വന്ന ക്രിസ്ത്യാനികളോട് പ്രയോഗിച്ചിരുന്നു.

പക്ഷേ AD 1498ൽ വാസ്കോഡ ഗാമയുടെ വരവോടെ പോർച്ചുഗീസുകാർ ഇന്ത്യയിൽ വന്നു ആധിപത്യം ഉറപ്പിക്കുവാൻ തുടങ്ങി. 16, 17 നൂറ്റാണ്ടുകളിൽ അവർ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. റോമൻ കത്തോലിക്ക സഭയുടെ മിഷനറി പ്രവർത്തനം മലങ്കരയിലെ ക്രിസ്തീയ സഭയിൽ സ്വാധീനം ഉണ്ടാക്കാൻ തുടങ്ങിയതും ഇക്കാലത്താണ്. അതിനു മുൻപ് മലങ്കരയിലെ ക്രിസ്തീയ സഭയ്ക്ക് റോമൻ കത്തോലിക്ക സഭയുമായി കാര്യമായ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. അന്ന് പോർച്ചുഗീസുകാർ കിഴക്കൻ രാജ്യങ്ങളിലെ പ്രധാന ശക്തിയായിരുന്നു. മാത്രമല്ല പ്രധാനപ്പെട്ട കപ്പൽ ചാലുകൾ ഒക്കെ അവരുടെ അധീനതയിൽ ആയിരുന്നു. റോമൻ കത്തോലിക്ക സഭ ഈ അനുകൂല സാഹചര്യം മുതലെടുത്ത് മലബാറിലെ ക്രിസ്തീയ സഭയുടെ മേൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. അതിനു വേണ്ടി ഗോവയിലെ ആർച്ച് ബിഷപ്പ് ഡോ. അലെക്സൊ ഡെ മെനസിസ് 1599-ൽ മലബാറിലെത്തി എറണാകുളത്തിനു തെക്കുള്ള ഉദയംപേരൂർ എന്ന സ്ഥലത്ത് ഒരു മലബാറിലെ ക്രിസ്തീയ സഭയെ റോമാ സഭയുടെ കീഴിൽ ആക്കുക എന്ന ഉദ്ദേശത്തോടുകൂടി ഒരു സുനഹദോസ് വിളിച്ചുകൂട്ടി. (ഈ സുനഹദോസ് ഉദയം‍പേരൂർ സുന്നഹദോസ് എന്ന പേരിൽ പിന്നീട് പ്രശസ്തമായി.) അന്നത്തെ മലങ്കര സഭകളിൽ നിന്ന് സുനഹദോസിനു വന്ന പ്രധിനിധികളെ കൊണ്ട് ആർച്ച് ബിഷപ്പ് വായിച്ച പോപ്പിന്റെ കല്പന ബലമായി അംഗീകരിപ്പിച്ചു. അങ്ങനെ കേരളത്തിലെ സുറിയാനി ക്രിസ്താനികൾ റോമാ സഭയുടെ സിംഹാസനത്തിനു കീഴിൽ വന്നു. പല ആചാരങ്ങളും തദ്ദേശീയമായവയും വിലക്കി. അയിത്തം ആചരിക്കുന്നത് തടഞ്ഞു.താഴ്ന്ന ജാതിക്കാർ വെള്ളമെടുത്താൽ കുളം, കിണർ എന്നിവ തോണ്ടി ശുദ്ധിയാക്കുന്നതും യാഗം, യജ്ഞം എന്നിവയും എന്നാൽ താഴന്ന ജാതിയിൽ നിന്നു വന്നവർ ചെയ്തിരുന്ന മന്ത്രവാദം, വശീകരണം, ചാരായ വില്പന എന്നിവയും തടഞ്ഞു.[9]

ഏതാണ്ട് അൻപത് വർഷത്തോളം ഈ നില തുടർന്നു. പോപ്പിന്റെ മലങ്കര സഭയുടെ ഭരണം പലർക്കും അസഹ്യമായി തുടങ്ങി. ആ സമയത്തോടടുത്തു തന്നെ പോർച്ചുഗീസുകാരുടെ ഇവിടുത്തെ ശക്തി ക്ഷയിച്ചു തുടങ്ങി. അത് മലബാറിലെ ക്രിസ്തീയ സഭയിലെ ജനങ്ങൾക്ക് സ്വാതന്ത്രത്തിനുള്ള ഒരു ഉണർവ്വ് നൽകി.

മലങ്കര ക്രിസ്ത്യാനികൾക്ക് അവരുടെ പ്രാചീനമായ ക്രൈസ്തവ പാരമ്പര്യം തുടരുന്നതിലായിരുന്നു താല്പര്യം. സിറിയൻ സഭകളിൽ നിന്ന് ഒരു ബിഷപ്പിനെ കൊണ്ടുവരുന്നതിനായി റോമാ സഭയുടെ കീഴിൽ അസഹിഷ്ണുതിരായി കഴിഞ്ഞിരുന്ന മലങ്കരയിലെ ക്രിസ്ത്യാനികൾ ശ്രമിച്ചു. പക്ഷേ അവരുടെ അതിനുള്ള ശ്രമം വിഫലമാകുന്നു എന്നു കണ്ടപ്പോൾ റോമാ സഭയെ അംഗീകരിക്കാത്തവരായ മലബാറിലെ ക്രിസ്ത്യാനികൾ എല്ലാം AD 1653ൽ മട്ടാഞ്ചേരി എന്ന സ്ഥലത്ത് ഒരുമിച്ചു കൂടി ഒരു കുന്നിന്റെ മുകളിൽ ഒരു മരക്കുരിശ് സ്ഥാപിച്ച് അതിൽ നിന്ന് ഒരു കയർ കെട്ടി താഴോട്ട് പിടിച്ചു. അതിനുശേഷം അവിടെ അന്ന് വന്ന ഒരു വിഭാഗം മലങ്കര ക്രിസ്ത്യാനികൾ ഈ കയറിൽ പിടിച്ചു കൊണ്ട് റോമാ സഭയുമായോ പോപ്പുമായോ യാതൊരു വിധ സഖ്യത്തിനും ഇല്ല എന്ന് സത്യം ചെയ്ത് പ്രഖ്യാപിച്ചു കൊണ്ട് റോമാ സഭയുടെ ഭരണത്തിൻ കീഴിൽ നിന്നു പുറത്തു വന്നു.അവർ പുത്തൻകൂറ്റുകാർ എന്നറിയപ്പെട്ടു. ഒരു വിഭാഗം പഴയകൂറ്റുകാർ എന്ന പേരിൽ പോപ്പിന്റെ ഭരണത്തിൽ തന്നെ തുടര്ന്നു. ഇങ്ങനെ സത്യം ചെയ്തപ്പോൾ അവർ പിടിച്ചിരുന്ന കയറിന്റെ വലിവ് മൂലം അവർ സ്ഥാപിച്ചിരുന്ന കുരിശ് ഒരു വശത്തേയ്ക്ക് ചരിഞ്ഞു.[അവലംബം ആവശ്യമാണ്] അതിനാൽ ഈ സത്യം ചെയ്യൽ പിന്നീട് കൂനൻ കുരിശു സത്യം എന്ന പേരിൽ പിന്നീട് പ്രശസ്തമായി.

കൂനൻ കുരിശു സത്യത്തിനു ശേഷം 1653 ൽ മലങ്കരയിലെ 12 പുരോഹിതന്മാർ ചേർന്ന് തോമസ് എന്ന പുരോഹിതനെ ബിഷപ്പായി വാഴിച്ചു. അതിനു ശേഷം 1665-ൽ അന്തോക്ക്യൻ പാത്രിക്കിസിനോട് വിധേയത്വം പുലർത്തുന്ന യെരുശലേമിലെ മാർ ഗ്രിഗോറിയോസ് ഇദ്ദേഹത്തെ മാർത്തോമ്മാ I എന്ന നാമം കൊടുത്ത് മലങ്കര സഭയുടെ മെത്രാപ്പോലിത്ത ആക്കി. മാർത്തോമ്മാ I നെ മെത്രാപ്പോലിത്തയായി വാഴിച്ചതിലൂടെ എപ്പിസ്‌ക്കോപ്പൽ പിന്തുടർച്ച പുനഃസ്ഥാപിച്ചു. അങ്ങനെ സുറിയാനി സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു. ഇങ്ങനെ സിറിയൻ സഭയുമായുള്ള ബന്ധം മൂലം മലങ്കര സഭയെ മലങ്കര സുറിയാനി സഭ എന്നും പറയുന്നു.

1653-ൽ മാർത്തോമ്മാ I നെ മെത്രാപ്പോലിത്താ ആക്കി വാഴിക്കാൻ ഉപയോഗിച്ച സിംഹാസനം ഇപ്പോഴും മാത്തോമ്മാ സഭയുടെ മെത്രാപ്പോലിത്തയുടെ ആസ്ഥാനമായ പുലാത്തീനിൽ സൂക്ഷിച്ചിരിക്കുന്നു. ഇപ്പോഴും പുതിയ മെത്രാപ്പോലിത്തമാരെ വാഴിക്കുമ്പോൾ ഈ സിംഹാസനം ഉപയോഗിക്കുന്നു.

1653 മുതൽ 1843 വരെ പത്തു ബിഷപ്പുമാരെ മാർത്തോമ്മാ എന്ന പേരിൽ മെത്രാപ്പോലിത്ത ആയി വാഴിച്ചു. ഈ പത്തുപേരിൽ നാല് പേർ മാർ ദിവാന്ന്യോസ് എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.

മാർത്തോമ്മാ VIന്റെ (ഇദ്ദേഹം ദിവാന്ന്യോസ് മാർ ഗ്രിഗോറിയോസ് I എന്ന പേർ ആയിരുന്നു സ്വീകരിച്ചിരുന്നത്) കാലത്ത് ഒരു വിദേശ ബിഷപ്പ്, മാർ കൂറിലോസ് എന്ന മറ്റൊരു ബിഷപ്പിനെ വാഴിച്ചു. ദിവാന്ന്യോസ് I ഇതിനെതിര പ്രതിഷേധം ഉയർത്തി. മാർ കൂറിലോസ് തന്റെ സിംഹാസനം കുന്നകുളത്തിനടുത്തുള്ള തോഴിയൂർ എന്ന സ്ഥലത്ത് സ്ഥാപിച്ചു ഭരണം തുടങ്ങി. ഈ സഭ സ്വതന്ത്ര സുറിയാനി സഭ, തോഴിയൂർ എന്ന പേരിൽ അറിയപ്പെടുന്നു. മാർത്തോമ്മാ സഭ ഈ സഭയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നു.

ഈ സമയം മലങ്കര സുറിയാനി ക്രിസ്ത്യാനികൾ ലണ്ടനിലെ ചർച്ച് മിഷ്ൻ സൊസൈറ്റി അയച്ച മിഷനറിമാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി. പക്ഷേ താമസിയാതെ ഈ ബന്ധത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങി. മിഷനറിമാരുടെ പ്രവർത്തനം മൂലം മറ്റ് മതങ്ങളിൽ നിന്നു ക്രിസ്തുമതത്തിലേക്ക് വന്നവരേയും തങ്ങളോട് കൂറുപുലർത്തുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനികളേയും കൊണ്ട് അവർ 1879-ൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തിരുവിതാംകൂർ-കൊച്ചി ഭദ്രാസനം സ്ഥാപിച്ചു.

പക്ഷേ മിഷനറിമാരുമായി ഉണ്ടാക്കിയ ബന്ധം മൂലമുള്ള സ്വാധീനം അവിടെ അവസാനിച്ചില്ല. അവരുമായുണ്ടായിരുന്ന ബന്ധം മൂലം മലങ്കര ക്രിസ്ത്യാനികളിലെ ഒരു ചെറിയ സമൂഹം അതുവരെ പുരോഹിതർ കുത്തകയാക്കിവെച്ചിരുന്ന വേദപുസ്തകം സൂക്ഷ്മമായി പഠിക്കാനാരംഭിച്ചു. ആ സമയത്തോടടുതന്നെയാണ് ബൈബിൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. അങ്ങനെ ബൈബിൾ പഠിക്കാൻ ആരംഭിച്ചപ്പോൾ നൂറ്റാണ്ടുകൾ കൊണ്ട് സഭയിൽ കടന്നു കൂടിയ പല അനാചാരങ്ങളും വേദപുസ്തകത്തിനെതിരായ പല പ്രവർത്തനങ്ങളും അവർ കണ്ടെത്തി. അങ്ങനെ മലങ്കര സഭയിൽ ഒരു നവീകരണ പ്രവർത്തനം ആരംഭിച്ചു. ഈ നവീകരണ പ്രവർത്തനത്തിന്റെ രണ്ട് പ്രമുഖ നേതാക്കൾ ആയിരുന്നു പാലക്കുന്നത്ത് അബ്രഹാം മല്പാനും (1796-1845) കൈതയിൽ ഗീവർഗീസ് മല്പാനും (1800-1855).

ഇവർ രണ്ടു പേരും 1813-ൽ പുലിക്കോട്ടിൽ മാർ ദിവാന്ന്യോസ് മെത്രാപ്പോലിത്താ (മാർത്തോമ്മാ പത്താമൻ) സ്ഥാപിച്ച സുറിയാനി സെമിനാരിയിലെ അദ്ധ്യാപകരായിരുന്നു. രണ്ട് പേർക്കും ബ്രിട്ടിഷ് മിഷനറിമാരുമായി വളരെ അടുത്ത ബന്ധം പുലർത്താനും വേദ പുസ്തകം ആഴത്തിൽ പഠിക്കാനും ശ്രമിച്ചു. അതിലൂടെ ക്രിസ്തീയ ജീവിതത്തെ കുറിച്ച് ഒരു പുതിയ ഉൾക്കാഴ്ച ലഭിയ്ക്കാനും സഭയുടെ പ്രവത്തനം പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെയായിരിക്കണം എന്നു മനസ്സിലാക്കാനും സാധിച്ചു. മാത്രമല്ല പശ്ച്യാത്യ നാടുകളിൽ ഉണ്ടായ നവീകരണത്തെ കുറിച്ചും ഇവർ മനസ്സിലാക്കി. ഇതോടു കൂടി ഇവർക്ക് രണ്ട് പേർക്കും അവരോട് വിധേയത്വം പുലർത്തുന്ന ആളുകൾക്കും മലങ്കര സഭയിൽ ഒരു ഉണർവ്വ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു.

നവീകരണ കാലഘട്ടം (1836- 1899)[തിരുത്തുക]

മാരാമണിലെ മാർത്തോമാ പള്ളി

മലങ്കര സഭയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പുന്നത്തറ മാർ ദിയോന്യസിയൂസിന്റെ നവീകരണ കമ്മിറ്റിയിലെ പ്രധാന അംഗങ്ങൾ ആയിരുന്ന പാലക്കുന്നത്ത് അബ്രഹാം മല്പാനും (മാരാമൺ) കൈതയിൽ ഗീവർഗീസ് മല്പാനും (കോട്ടയം) ഒരു പ്രത്യേക സഭയുണ്ടാക്കുന്നതിൽ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.[10] സഭയ്ക്ക് അകത്തു തന്നെ നിന്നുകൊണ്ട് മലങ്കര സഭയെ നവീകരിക്കുന്നതിലായിരുന്നു അവർക്ക് താല്പര്യം. ഈ സംഘം ആംഗലേയ സുവുശേഷകരിൽ നിന്ന് ലഭിച്ച ആഗോള ദിശാബോധത്തിന്നു അനുസരണമായി 1836-ൽ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ആയിരുന്ന കേണൽ ഫ്രേസർക്ക് ഒരു മെമ്മോറൻഡം സമർപ്പിക്കുകയും ചെയ്തു.

പക്ഷേ മെമ്മോറൻഡം കൊണ്ട് ഫലം ഒന്നും ഉണ്ടാകുന്നില്ല എന്നു കണ്ട അബ്രഹാം മല്പാൻ തന്നോട് വിധേയത്വം പുലർത്തുന്ന തന്റെ ഇടവകയായ മാരാമൺ പള്ളിയിൽ തന്നെ നവീകരണ ആശയങ്ങൾ നടപ്പിലാക്കാൻ നിശ്ചയിച്ചു. ആദ്യമായി അദ്ദേഹം സുറിയാനിയിൽ ചൊല്ലികൊണ്ടിരുന്ന കുർബ്ബാന ക്രമം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. വേദപുസ്തക പരാമർശമില്ല എന്ന് കണ്ട് മരിച്ചവർക്കുവേണ്ടിയും, വിശുദ്ധന്മാരോടുമുള്ള പ്രാർത്ഥനകൾ അദ്ദേഹം കുർബ്ബാന ക്രമത്തിൽ നിന്നു നീക്കി. ഈ പരിഷ്ക്കരിച്ച കുർബ്ബാന ക്രമം ഉപയോഗിച്ച് 1836-ൽ ഒരു ഞായറാഴ്ച മാരാമൺ പള്ളിയിൽ അദ്ദേഹം കുർബ്ബാന ചൊല്ലി. ഇത് മലങ്കര സഭയിലെ യാഥാസ്തികയ്ക് ഇളക്കം തടുത്തന്നതായുള്ള ആദ്യത്തെ പ്രവർത്തനം ആയിരുന്നു.

പിന്നീട് അദ്ദേഹം മാരാമൺ പള്ളിയിൽ അന്ന് സ്ഥാപിച്ചിരുന്ന 1680തുകളളിൽ ജറുസലേമിൽ നിന്ന് ഇന്ത്യയിൽ പ്രവർത്തിക്കാൻ വന്ന ബസേലിയോസ് മാർ എൽദോ മെത്രപൊലീത്തയുടെ മരപ്രതിമ പള്ളി കിണറ്റിൽ എറിഞ്ഞു . മുത്തപ്പൻ എന്ന സ്നേഹത്തോടെ നാട്ടുകാർ വിളിച്ചു കൊണ്ടിരുന്ന ഈ വിശുദ്ധന്റെ പേരിൽ എല്ലാവർഷവും നടത്തിയിരുന്ന പെരുന്നാൾ വഴി നല്ല വരുമാനം ലഭിച്ചിരുന്നത് സംവാദങ്ങളോടെ നിർത്തലാക്കുകയും ചെയ്തു.

മേല്പട്ടക്കാരനും അന്നത്തെ സഭയുടെ പരമാധ്യക്ഷനുമായ ചേപ്പാട് ഫിലിപ്പോസ് മാർ ദിയോന്യസിയൂസ് (മാർത്തോമ്മാ പന്ത്രണ്ടാമൻ) ഈ അനുസരണക്കേടും ചട്ടങ്ങൾക്കും സാക്ഷ്യങ്ങൾക്കും വിരുദ്ധമായ പ്രവർത്തങ്ങൾ അംഗീകരിക്കാൻ പറ്റുന്നത് അല്ലായിരുന്നു. അന്ന് എബ്രഹാം മല്പാൻറെ കൂടെ നിന്ന് പഠിച്ചവർക് മല്പാൻ തെറ്റായ ഉപദേശങ്ങൾ നൽകി എന്ന വെളിച്ചത്തിൽ അവരുടെയ് പഠനം റദ്ധാക്കുകയും, അബ്രഹാം മല്പാനു കീഴിൽ പഠിച്ച ശെമ്മാശന്മാർക്ക് പട്ടം കൊടുക്കാൻ വിസമ്മതിച്ചു, മാല്പനയെ വിശുദ്ധ കുർബാന എടുക്കത്തിൽ നിന്ന് വിലക്കുകയും ചെയ്തു. പിന്നിട്ട് കശീശ്ശായി സ്ഥാനമേല്കുന്നതിനു മുൻപ് ദൈവമുന്പാകെ സത്യം ചെയ്തത് തെറ്റിക്കുകയും നവീകരണം എന്ന പേരിൽ സഭയെ വേര്പിരിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് ശിക്ഷയായി മല്പാനെ സഭയിൽ നിന്നു പുറത്താക്കി. മാരാമണ്ണും കോട്ടയത്തെ സുറിയാനി സെമിനാരിയുടെ സമീപ ഇടവകകളായ പള്ളം, കൊല്ലാട് എന്നിവടങ്ങളിലും അബ്രഹാം മല്പാൻ രീതികൾ പ്രോത്സാഹിപ്പിച്ചു.

1840-ൽ അബ്രഹാം മല്പാനും, കൈതയിൽ ഗീവർഗീസ് മല്പാനും സുറിയാനി സെമിനാരിയിലെ തങ്ങളുടെ സേവനം അവസാനിപ്പിക്കേണ്ടി വന്നു. അതിനു ശേഷം അബ്രഹാം മല്പാൻ നവീകരണ പ്രവർത്തനങ്ങൾ തുടരുന്നതിലും, വേദപുസ്തക പഠനക്ലാസ്സുകൾ എടുക്കുന്നതിലും, പ്രസംഗങ്ങൾ, പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നതിലും, തന്റെ നവീകരണ ആശയങ്ങളോട് അഭിമുഖ്യമുള്ളവരെ സംഘം ചേർക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിച്ചു. നവീകരണപ്രസ്ഥാനത്തിന്റെ പ്രധാന ആശയങ്ങൾ വേദപുസ്തകപരമായ സന്ദേശത്തിലേക്ക് മടങ്ങി പോവുക അതിനു പ്രാഥമ്യം കൊടുക്കുക എന്നത് ആയിരുന്നു.

നിർദ്ദോഷങ്ങളായ ആചാരങ്ങളും പാരമ്പര്യങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ ആദിമ ക്രിസ്തീയ സഭയുടെ ജീവിത വിശുദ്ധിയിലേക്കും പ്രവർത്തങ്ങളിലേക്കും ഉള്ള ഒരു മടങ്ങിപ്പോകുവാനുള്ള ശ്രമമായിരുന്നു ഈ നവീകരണ പ്രസ്ഥാനം. ദൈവവചനത്തേപ്പറ്റി പ്രസംഗിക്കുന്നതിലും ഉണർവ്വ് യോഗങ്ങൾ സംഘടിപ്പിക്കുന്നതിലും നവീകരണ പ്രസ്ഥാനത്തോട് കൂറു പുലർത്തുന്ന പുരോഹിതന്മാരും സഭാവിശ്വാസികളും പ്രത്യേകം ശ്രദ്ധിച്ചു. ദൈവനുഗ്രഹം കൊടുക്കുന്നതിന് പുരോഹിതന്മാർക്ക് മാത്രമാണ് അവകാശം എന്ന വിശ്വാസം തിരുത്തപ്പെട്ടു. ക്രിസ്തുവിന്റെ ഏക മാദ്ധ്യസ്ഥം‍, സാധാരണ സഭാജനങ്ങളുടെ പ്രാധാന്യം, എല്ലാ വിശ്വാസികളുടേയും വിശ്വാസപരമായ പട്ടത്വം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു. വേദപുസ്തകപഠനത്തിനായി കൂടുതൽ കൂട്ടങ്ങൾ രൂപവത്കരിച്ചു, ദൈവവചന പ്രചാരണത്തിനായി കൺവെൻഷനുകൾ സംഘടിപ്പിച്ചു, ദൈവവചനം കേൾക്കുക എന്നത് സാധാരണമായി.

അങ്ങനെ സഭയിൽ നവീകരണ പ്രസ്ഥാനം കൂടുതൽ ശക്തി ആർജ്ജിച്ചു. അതോടെ അബ്രഹാം മല്പാൻ തന്റെ മാതൃ ഇടവകയായ മാരാമൺ പള്ളിയിൽ പ്രവർത്തനങ്ങൾക്കു അശ്രാന്തം ശ്രമിച്ചു. തന്റെ ജീവിതത്തിലെ അവസാന കാലഘതങ്ങളിൽ നേരിടുന്ന ഈ വലിയ പ്രതിസന്ധിയിലും അദ്ദേഹം തന്റെ നവീകരണപ്രവർത്തനങ്ങളിൽ അചലഞ്ചനായി നിന്നു. മാതൃ ഇടവക അദ്ദേഹത്തിനു പിന്തുണയുമായി നിന്നു. നവീകരണ ആശയങ്ങളോട് ആഭിമുഖ്യം ഉള്ള ജനങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ പോവുകയും ആ ഉപദേശങ്ങളിൽ ബലപ്പെടുകയും ചെയ്തു. മാരാമണ്ണിനു പുറമേ മറ്റു ചില ഇടവകകളും നവീകരണ ആശയങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചു.

നവീകരണ ആശയങ്ങൾ മനസ്സിലാക്കുയും അതിനോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്ന ഒരു ബിഷപ്പ് ഇല്ലെങ്കിൽ ഈ നവീകരണ ആശയങ്ങൾ മുന്നോട്ട് പോകില്ല എന്നു അബ്രഹാം മല്പാന് മനസ്സിലായി. അന്ന് മദ്രാസിൽ പഠിക്കുകയായിരുന്ന തന്റെ ഒരു ബന്ധുവായ മാത്യു ശെമ്മാശനെ അദ്ദേഹം അന്നത്തെ രീതികൾ തെറ്റിച്ചു അന്ത്യോക്യൻ പാത്രിയർക്കിസിന്റെ അടുത്തേക്ക് അയച്ചു. മല്പാൻറെ കത്തുകളിലും ശെമ്മാശന്റെ കഴിവിലും സ്വഭാവത്തിലും വിശ്വസിച്ചു പാത്രിയർക്കിസ് അദ്ദേഹത്തെ ആദ്യം പുരോഹിതനായും പിന്നീട് മാത്യൂസ് മാർ അത്താനോസ്യോസ് എന്ന പേരിൽ മെത്രാപ്പോലിത്തയായും വാഴിച്ചു. പാത്രിയർക്കിസിൽ നിന്നു ലഭിച്ച പുതിയ സ്ഥാനമാനങ്ങളുമായി മാത്യൂസ് മാർ അത്താനാസ്യോസ് 1843-ൽ കൊച്ചിയിലെത്തി.

കൊച്ചിയിലെത്തിയ മാത്യൂസ് മാർ അത്താനോസ്യോസ് മെത്രപ്പോലീത്താ തിരുവനന്തപുരത്തേക്ക് പോയി രാജാവിനെ കണ്ട് തന്നെ മലങ്കര മെത്രാപ്പോലീത്താ ആയി ചുമതല പെടുത്തികൊണ്ടുള്ള കല്പന പുറപ്പെടുവിക്കണം എന്ന് അഭ്യർത്ഥിച്ചു. സ്വാഭാവികമായും അന്നത്തെ മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന ചേപ്പാട്ട് മാർ ദിവാന്ന്യോസ് ഇതിനെ എതിർത്തു. ഈ സമയത്തോടടുത്ത് 1845-ൽ 49-മത്തെ വയസ്സിൽ അബ്രഹാം മല്പാൻ മരിച്ചു. ചേപ്പാട്ട് മാർ ദിയോന്യസിയൂസിന്റെ മരണാന്തരം മാത്യൂസ് മാർ അത്താനോസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള രാജകല്പന 1852-ൽ പുറത്തു വന്നു. രാജാവിന്റെ അംഗീകാരം കിട്ടിയതോടെ മെത്രാപ്പോലിത്താ കൂടുതൽ പ്രവർത്തന നിരതനാവുകയും നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. മാത്യൂസ് മാർ അത്താനോസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചതിനാൽ സുറിയാനി സെമിനാരി നവീകരണക്കാരുടെ അധീനതയിൽ ആയിരുന്നു. മാത്യൂസ് മാർ അത്താനോസ്യോസ് 1868-ൽ അബ്രഹാം മല്പാന്റെ പുത്രനെ തോമസ് മാർ അത്താനോസ്യോസ് എന്ന പേരിൽ ബിഷപ്പായി വാഴിച്ചു.

വർഷങ്ങൾക്ക് ശേഷം മാത്യൂസ് മാർ അത്തനാസിയൂസിന്റെ പാത പിൻതുടർന്നു കാര്യങ്ങൾ വെക്തമായി ബോധിപ്പിച്ചു അന്ത്യോക്യൻ പാത്രിയർക്കീസിനാൽ മെത്രാപ്പോലീത്ത ആയി വാഴിക്കപ്പെട്ട പുലിക്കോട്ടിൽ ജോസഫ് മാർ ദിവാന്ന്യോസോസും കൂട്ടരും മാത്യൂസ് മാർ അത്താനോസ്യോസിനെയും അദ്ദേഹം നടത്തുന്ന നവീകരണ പ്രവർത്തനങ്ങളെയും ശക്തിയായി എതിർത്തു.

അന്തോക്യൻ പാത്രിയർക്കീസ് പ്രശ്നം പരിഹരിക്കാനായി 1875-ൽ കേരളത്തിലെത്തുകയും മുളംതുരുത്തിയിൽ ഒരു സുനഹദോസ് വിളിച്ചു കൂട്ടുകയും ചെയ്തു. സുനഹദോസ് മലങ്കര സഭയെ 7 ഭദ്രാസനങ്ങളായി വിഭജിക്കുകയും മാത്യൂസ് മാർ അത്താനോസ്യോസിനെയും അദ്ദേഹത്തോട് കൂറു പുലർത്തുന്ന നവീകരണക്കാരേയും തള്ളിപ്പറയുകയും ചെയ്തു. മലങ്കര സഭയുടെ ഭരണ കാര്യങ്ങളിൽ ഇടപെടാൻ അന്തോക്യൻ പാത്രിയർക്കീസിനു അധികാരമില്ല എന്നു മാത്യൂസ് മാർ അത്താനോസ്യോസ് വാദിച്ചു. ആരാണ് യഥാർത്ഥത്തിൽ മലങ്കര മെത്രാപ്പോലീത്താ എന്നതിനെ ചൊല്ലി തർക്കം മുറുകി. കേസ് കോടതിയിലെത്തി. കേസെന്നു ആധാരം 1808-ൽ കേണൽ മെക്കാളെയുടെ ഉത്സാഹത്താൽ തിരുവിതാംകൂർ സർക്കാരിൽ നിന്നു മലങ്കര സഭയ്ക്കു പതിനായിരത്തഞ്ഞൂറു രൂപ (മൂവായിരം പൂവരാഹൻ) നിക്ഷേപത്തിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന പലിശയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഉള്ളത് ആയിരുന്നു. സഭയുടെ ആവശ്യങ്ങൾക്കായി ഒരു വരുമാന മാർഗ്ഗത്തിനായി ബ്രിട്ടീഷുകാർ ഗവൺമെന്റിനെ ഏൽപ്പിച്ചത് ആണ്. വട്ടിപ്പണം ആധാരം ആയിരുനതാൽ വട്ടിപ്പണം കേസ് എന്ന പേരിൽ ഇത് അറിയപ്പെടുന്നു. 1877-ൽ മാത്യൂസ് മാർ അത്താനോസ്യോസ് കാലം ചെയ്തു. തോമസ് മാർ അത്താനാസ്യോസ് അദ്ദേഹത്തിന്റെ പിന്തുർച്ചയായി അധികാരമേറ്റു. തോമസ് മാർ അത്താനാസ്യോസിനു കോടതി കേസുകളുടെയും, സുറിയാനി സെമിനാരിയുടേയും, പള്ളികളുടേയും ഉടമസ്ഥ തർക്കത്തിന്റേയും അധിക ബാദ്ധ്യത പേറേണ്ടി വന്നു.അവസാനം 1889-ൽ തിരുവനന്തപുരം കോടതി ചേപ്പാട്ട് മാർ ദിവാന്ന്യോസോസ് അന്ത്യോക്യൻ പാത്രിയർക്കീസിനു വിധേയപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹമാണ് മലങ്കര മെത്രാപ്പോലീത്താ എന്നു വിധിച്ചു. ജഡ്ജിമാരിൽ ഒരാൾ മലങ്കര സഭ തുടക്കം മുതൽ ഒരു സ്വതന്ത്ര സഭ ആയിരുന്നു എന്നും അതിനാൽ തോമസ് മാർ അത്താനാസ്യോസ് ആണ് മലങ്കര മെത്രാപ്പോലീത്ത എന്നു വിധിച്ചു. സ്വാഭാവികമായും ഭൂരിപക്ഷം ചേപ്പാട്ട് മാർ ദിവാന്ന്യോസോസിനോടൊപ്പമായതിനാൽ അദ്ദേഹം കേസ് ജയിച്ചു.

വിധി വന്നതോടെ തോമസ് മാർ അത്താനാസ്യോസിനു സുറിയാനി സെമിനാരി വിടേണ്ടി വന്നു. അന്ത്യോക്യൻ പാത്രിയർക്കിസിനെ അംഗീകരിക്കാമെങ്കിൽ തോമസ് മാർ അത്താനാസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി അംഗീകരിക്കാം എന്നൊരു നിർദ്ദേശം വന്നു എങ്കിലും അദ്ദേഹം അതിനോട് യോജിച്ചില്ല. ആരാധന ക്രമങ്ങൾ പരിഷ്ക്കരിക്കുന്നതിലും മലങ്കര സഭയിൽ നില നിന്നിരുന്ന പല അനാചാരങ്ങളും നിർത്തലാക്കുന്നതിലും ഒക്കെ നവീകരണക്കാർ വിജയിച്ചു എങ്കിലും അവർക്ക് അതിനു വലിയ വില കൊടുക്കേണ്ടി വന്നു. കേസുനടത്തികൊണ്ടു പോകുന്നതിനുണ്ടായ ഭാരിച്ച ചെലവും കേസിൽ തോറ്റതു മൂലം ഉണ്ടായ വിഷമവും ആയിരുന്നു മലങ്കര സഭയെ നവീകരിക്കാൻ പുറപ്പെട്ട നവീകരണകാരുടെ പ്രവർത്തികൾക്ക് കിട്ടിയത്. കേസിൽ ഉണ്ടായ തോൽവി മൂലം നവീകരണ പ്രസ്ഥാനത്തിന്റെ ബിഷപ്പുമാർക്ക് മലങ്കര സഭയുടെ ആസ്ഥാനമായി കരുതിയിരുന്ന കോട്ടയം സുറിയാനി സെമിനാരി വിട്ടിറങ്ങേണ്ടി വന്നു. എല്ലാം നഷ്ടപ്പെട്ടവരായി നവീകരണക്കാർ സുറിയാനി സെമിനാരിയും ദുഃഖത്തോടെ വിട്ടിറങ്ങി. അവർ വേറെ ഒരു പുതിയ ഒരു സഭ രൂപവത്കരിക്കാൻ തീരുമാനിച്ചു. അന്ന് അവരെ പുത്തൻ കൂറ്റുകാർ എന്നാണ് വിളിച്ചിരുന്നത്.

അതിനു ശേഷം പള്ളികളുടെ ഉടമസ്ഥതയെ ചൊല്ലി തർക്കം ഉടലെടുത്തു. നവീകരണക്കാർക്ക് കോടതി വിധിയിലൂടെ മാരാമൺ, കോഴഞ്ചേരി എന്നീ പള്ളികളും തർക്കം കൂടാതെ കൊട്ടാരക്കര പള്ളിയും ലഭിച്ചു. അഞ്ച് പള്ളികളിൽ രണ്ട് കൂട്ടർക്കും ഇടവിട്ട ഞായറാഴ്ചകളിൽ ആരാധന നടത്താൻ അനുമതി കൊടുത്തു. ബാക്കിയെല്ലാം നഷ്ടപ്പെട്ട നവീകരണക്കാർ ചെറിയ ഷെഡുകൾ നിർമ്മിച്ചു അതിൽ ആരാധന നടത്തി. സത്യത്തിൽ ഭൗതികമായി നേരിട്ട ഈ വമ്പൻ തോൽവി നവീകരണക്കാർക്ക് വിശ്വാസപരമായിമായി ഒരു നവചൈതന്യം സമ്മാനിച്ചു. തങ്ങൾക്ക് കൂടി പാരമ്പര്യമായി അവകാശപ്പെട്ട ചിലതെല്ലാം നഷ്ടപ്പെട്ടു എങ്കിലും ഈ അവസരം ദൈവശക്തിയിൽ എല്ലാം അർപ്പിക്കാനും ഉള്ള ഒരു അവസരമായി സഭാ ജനങ്ങളും പുരോഹിതന്മാരും ഉപയോഗിച്ചു. ഈ സമയത്ത് സഭ ആത്മീകമായി അതിന്റെ ഔന്നത്യങ്ങളിൽ ആയിരുന്നു.

തോമസ് മാർ അത്താനാസ്യോസ് ആത്മീയമായി തളർന്ന തന്റെ പിൻഗാമിയെ വാഴിക്കാതെ 1893-ൽ കാലം ചെയ്തു. ഈ സമയത്ത് ഈ പുതിയ സഭയുടെ (നവീകരണക്കാരുടെ) രക്ഷയ്ക്ക് തോഴിയൂർ സഭയുടെ ബിഷപ്പായ ഗീവർഗീസ് മാർ കൂറിലോസ് എത്തി. അദ്ദേഹം തോമസ് മാർ അത്താനാസ്യോസിന്റെ ഇളയ സഹോദരനെ ടൈറ്റസ് ഒന്നാമൻ എന്ന പേരിൽ ബിഷപ്പായി വാഴിച്ചു. ഇത് നവീകരണത്തിന്റെ വരവ് അറിയിച്ചു കൊണ്ടുള്ള ശരിയായ ദിശയിലുള്ള പുതു യാത്രയായി. അദ്ദേഹത്തിന്റെ സമയത്താണ് 1896-ൽ പ്രശസ്തമായ മാരാമൺ കൺവൻഷനു‍ തുടക്കം കുറിച്ചത്. വർഷം തോറും ഫെബ്രുവരിമാസം നടക്കുന്ന ഈ കൺവെൻഷൻ മാർത്തോമ്മാ സഭയുടെ ആത്മീയ അഭിവൃദ്ധിയിൽ ഒരു വലിയ പങ്കു വഹിക്കുന്നു.

113-മത്തെ മാരാമൺ കൺവൻഷൻ 2008.

നവീകരണത്തിനു ശേഷമുള്ള കാലം (1899-ഇന്നു വരെ)[തിരുത്തുക]

നവീകരണകാലഘട്ടത്തിനു ശേഷം സഭയുടെ ആദിമ പിതാക്കന്മാർക്ക് സഭയെ ഒന്നുമില്ലായ്മയിൽ നിന്നു വളർത്തി കൊണ്ടു വരേണ്ടി വന്നു. ആത്മീയമായി നേടിയ വളർച്ച മറ്റ് നഷ്ടങ്ങളെ കുറിച്ച് മറക്കാൻ അവരെ സഹായിച്ചു. സുവിശേഷം പ്രചരിപ്പിക്കുന്നതിനെകുറിച്ചുള്ള അറിവ് നവീകരണ പ്രസ്ഥാനത്തിനു പുത്തൻ ഉണർവ്വ് നൽകി.1909 -ൽ തീത്തൂസ് പ്രഥമനെ തുടർന്ന് തീത്തൂസ് ദ്വിതീയൻ മലങ്കര മെത്രാപ്പോലിത്ത ആയി സ്ഥാനമേറ്റു. ഇദ്ദേഹത്തിന്റെ കാലത്താണ് നവീകരണക്കാർ മാർത്തോമ്മാ സുറിയാനി സഭ എന്ന പേര് സ്വീകരിച്ചത്. 1927-ൽ നവീകരണ ദൈവശാസ്ത്ര പ്രകാരം കുർബ്ബാനക്രമവും മറ്റ് സഭാസംബന്ധിയായ പുസ്തകങ്ങളും സഭാ ജനങ്ങൾക്ക് ഉപയോഗിക്കുവാൻ വേണ്ടി പുറത്തിറക്കി. 1944-ൽ തീത്തൂസ് ദ്വിതീയൻ കാലം ചെയ്തപ്പോൾ അബ്രഹാം മാർത്തോമ്മായും അദ്ദേഹത്തെ തുടർന്ന് 1947-ൽ യൂഹാനോൻ മാർത്തോമ്മായും മെത്രാപ്പോലിത്താ ആയി സ്ഥാനമേറ്റു.

1961-ൽ ദൈവശാസ്ത്രപരമായും, പാരമ്പര്യമായും ചില വിഷയങ്ങളിൽ അഭിപ്രായ ഭിന്നത ഉള്ളതിനാൽ ശ്രീ. കെ.എൻ ദാനിയേലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം മാർത്തോമ്മാ സഭയിൽ നിന്നു വിഘടിച്ചു പോയി സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ എന്ന പേരിൽ ഒരു പുതിയ സഭ രൂപവത്കരിച്ചു. തിരുവല്ലയിലെ മീന്തലക്കരയാണ് സഭയുടെ ആസ്ഥാനം. [11] യൂഹാന്നോൻ മാർത്തോമാ മെത്രാപ്പോലിത്തയുടെ കാലത്ത് സഭ ഭൌതീകമായി വളരെ വളർച്ച നേടി. യൂഹാന്നോൻ മെത്രാപ്പോലിത്തയെ തുടർന്ന് 1976-ൽ അലക്സാണ്ടർ മെത്രാപ്പോലിത്തയും അദ്ദേഹത്തെ തുടർന്ന് 1999-ൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലിത്തയും മാർത്തോമ്മാ സഭയെ നയിക്കാൻ തെരെഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ നി.വ.ദി.മ ശ്രീ ഡോ. ജോസഫ് മാർത്തോമ മെത്രാപോലിത്ത ആണ് മലങ്കര മാർത്തോമ്മാ സുറിയാനി സഭയെ നയിക്കുന്നത്.

ഭൌതീകമായി കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലം കൊണ്ട് സഭ വളരെയധികം വളർന്നു. വടക്കേ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവടങ്ങളിലും ഇന്ന് ഈ സഭയുടെ സാന്നിധ്യം ഉണ്ട്. പന്ത്രണ്ട് ഭദ്രാസനങ്ങൾക്ക് കീഴിലായി 1229 ഇടവകകൾ ഇന്നു മാർത്തോമ്മാ സഭയിൽ. മാർത്തോമ്മാ മെത്രാപ്പോലീത്തായോടൊപ്പം, 1 വലിയ മെത്രാപ്പോലീത്തായും, 1 സഫ്രഗൻ മെത്രാപ്പോലീത്തായും, 10 എപ്പിസ്കോപ്പാമാരും, 786 പുരോഹിതന്മാരും സഭയിൽ വിവിധ ഭദ്രാസനങ്ങളിലായി സഭയെ നയിക്കുന്നു. ജനാധിപത്യമായ ഒരു ഭരണ സംവിധാനം ആണ് സഭയ്ക്ക് ഉള്ളത്. ഇതിനു വേണ്ടി പ്രതിനിധി മണ്ഡലം, സഭാ കൌൺസിൽ, എപ്പിസ്ക്കോപ്പൽ സിനഡ് എന്നിങ്ങനെ മൂന്നു സംവിധാനം സഭയ്ക്ക് ഉണ്ട്.

സ്ഥാപനങ്ങൾ[തിരുത്തുക]

വിദ്യാഭ്യാസ മേഖലയിൽ സഭ അതിന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സഭയ്ക്ക് ഇപ്പോൾ 8 കോളേജുകളും, 6 ഹയർ സെക്കന്ററി സ്ക്കൂളുകളും, ഒരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളും, 8 ഹൈസ്ക്കൂളുകളും, പിന്നെ മറ്റു ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. പ്രാദേശിക ഇടവകൾക്ക് ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ ആണിത്.

ദയറാകളും സന്യാസിനി സമൂഹങ്ങളും[തിരുത്തുക]

ഇപ്പോൾ ദയറാകളും, സന്യാസിനി സമൂഹങ്ങളുമുൾപ്പടെ 7 സന്യാസ ആശ്രമങ്ങൾ മാർത്തോമ്മാ സഭയുടെ അധീനതയിലുണ്ട്[12] ;

 1. ക്രിസ്തുമിത്ര ആശ്രമം, അങ്കോള
 2. ക്രിസ്തപന്തി ആശ്രമം, സീഹോറ
 3. മാർത്തോമ്മാ ദയറായ സമൂഹം, പുനലൂർ
 4. ശാന്തിഗിരി ആശ്രമം, ആലുവ
 5. സുവാർത്തപ്രേമി സമിതി, പിത്തോറാഗഡ്
 6. മാർത്തോമ്മാ സന്യാസിനി സമൂഹം, ഇലന്തൂർ
 7. ക്രിസ്തുദാസ ആശ്രമം, പാലക്കാട്

ഭരണം[തിരുത്തുക]

മാർത്തോമ്മാ സഭയ്ക്ക് വ്യക്തമായി നിർവചിക്കപ്പെട്ട ഒരു ഭരണ ഘടന ഉണ്ട്. ത്രിത്വത്തിലുള്ള വിശ്വാസം, യേശുക്രിസ്തുവിലൂടെ ആണ് രക്ഷ എന്ന വിശ്വാസം, എല്ലാ ദൈവശാസ്ത്രപമായ വിശ്വാസങ്ങളുടേയും അടിസ്ഥാനം വേദപുസ്തകം ആണെന്നുള്ള വിശ്വാസം, മുതലായ ചില അടിസ്ഥാന ശിലകളിൽ ആണ് സഭയുടെ ഭരണ ഘടന പടുത്തുയർത്തിയിരിക്കുന്നത്.

സഭയുടെ ഭരണ സംവിധാനം മൂന്നായി വിഭജിച്ചിരിക്കുന്നു.

 • 1. സഭയെ മൊത്തമായി നയിക്കുന്ന കേന്ദ്രഭരണ സംവിധാനം
 • 2. ഭദ്രാസനങ്ങൾ
 • 3. ഇടവകകൾ

കേന്ദ്ര ഭരണം[തിരുത്തുക]

കേന്ദ്ര ഭരണ സംവിധാനത്തിൽ മെത്രാപ്പോലിത്തയും, എപ്പിസ്ക്കോപ്പൽ സുന്നഹദോസും, പ്രധിനിധി മണ്ഡലവും ഉൾപ്പെടുന്നു.

ഭദ്രാസനങ്ങൾ[തിരുത്തുക]

സഭയെ വിവിധ ഭദ്രാസനങ്ങളായി വിഭജിച്ചിരിക്കുന്നു. കേന്ദ്ര ഭരണസംവിധാനത്തെ ഭദ്രാസനങ്ങ ള്സഹായിക്കുന്നു. ഭദ്രാസന എപ്പിസ്കോപ്പാമാ൪ മെത്രാപ്പോലിത്തായെ ഭരണത്തിൽ സഹായിക്കുന്നു. 13 ഭദ്രാസനങ്ങളാണ് ഇപ്പോൾ സഭയിൽ ഉള്ളത്[13];

 1. അടൂ൪ ഭദ്രാസനം
 2. ചെങ്ങന്നൂ൪-മാവേലിക്കര ഭദ്രാസനം
 3. ചെന്നൈ-ബെംഗളുരു ഭദ്രാസനം
 4. ഡൽഹി ഭദ്രാസനം
 5. കോട്ടയം-കൊച്ചി ഭദ്രാസനം
 6. കുന്നംകുളം-മലബാ൪ ഭദ്രാസനം
 7. മലേഷ്യ-സിംഗപ്പൂ൪-ഓസ്ട്രേലിയ-ന്യൂസിലാ൯ഡ് ഭദ്രാസനം
 8. മുംബൈ ഭദ്രാസനം
 9. നിരണം-മാരാമണ് ഭദ്രാസനം
 10. നോ൪ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം
 11. റാന്നി-നിലക്കൽ ഭദ്രാസനം
 12. തിരുവനന്തപുരം-കൊല്ലം ഭദ്രാസനം
 13. കൊട്ടാരക്കര—പുനലൂ൪ ഭദ്രാസനം

ഇടവകകൾ[തിരുത്തുക]

ഇടവകകൾ ആണ് സഭയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക ഘടകം. ഇടവകയുടെ രജിസ്ട്രറിൽ പേരുള്ള എല്ലാവരും ഇടാവകാംഗങ്ങൾ ആണ്. ഇടവകാംഗങ്ങളെ വിശ്വാസപരമായ കാര്യങ്ങളിൽ നയിക്കുന്നത് കശ്ശീശന്മാരാണ്

മേല്പട്ടക്കാർ[തിരുത്തുക]

ഇപ്പോഴത്തെ മേല്പട്ടക്കാർ[തിരുത്തുക]

സഭയെ മുൻപ് ഭരിച്ച മെത്രാപ്പോലീത്തമാർ[തിരുത്തുക]

 • മാർത്തോമ്മ XXI (2007-202O)

ജോസഫ് മാർത്തോമ്മ

കാലം ചെയ്ത മേല്പട്ടക്കാർ[തിരുത്തുക]

 • റൈറ്റ് റവ. ഗീവർഗീസ് മാർ അത്താനാസ്യോസ് സഫ്രഗൻ മെത്രാപ്പോലിത്താ
 • റൈറ്റ് റവ. ഡോ. സഖറിയാസ് മാർ തെയോഫിലസ് സഫ്രഗൻ മെത്രാപ്പോലിത്താ
 • റൈറ്റ് റവ. ഡോ.മാത്യൂസ് മാർ അത്താനോസ്യോസ് എപ്പിസ്ക്കോപ്പ
 • റൈറ്റ് റവ. ഡോ. തോമസ് മാർ അത്താനാസ്യോസ് സഫ്രഗൻ മെത്രാപ്പോലീത്ത
 • റൈറ്റ് റവ. ഡോ.ഈശോ മാർ തിമൊഥെയോസ് എപ്പിസ്ക്കോപ്പ

അവലംബം[തിരുത്തുക]

 1. Pallikunnil, Jameson K. (2017). The Eucharistic Liturgy: A Liturgical Foundation for Mission in the Malankara Mar Thoma Syrian Church (ഭാഷ: ഇംഗ്ലീഷ്). AuthorHouse. ISBN 978-1-5246-7652-0. Metropolitan Juhanon Mar Thoma called it "a Protestant Church in an oriental grab."...As a reformed Oriental Church, it agrees with the reformed doctrines of the Western Churches. Therefore, there is much in common in faith and doctrine between the MTC and the reformed Churches of the West. As the Church now sees it, just as the Anglican Church is a Western Reformed Church, the MTC is an Eastern Reformed Church. At the same time as it continues in the apostolic episcopal tradition and ancient oriental practices, it has much in common with the Oriental Orthodox Churches. Thus, it is regarded as a "bridging Church".
 2. Alexander (Metropolitan of Mar Thoma Syrian Church.) (2010). The Marthoma Church: Heritage and Mission (ഭാഷ: ഇംഗ്ലീഷ്). Christava Sahitya Samithy. pp. 14–18. ISBN 978-81-7821-207-4. The Mar Thoma Church combines evangelical and reformed doctrines with ancient forms of worship and practices. As a reformed Church with progressive outlook, it agrees with the reformed doctrines of Western Churches. Therefore, in the days of ecumenism, there is much in common between the Mar Thoma Church and other reformed Churches. At the same time as it continues the Apostolic Episcopal tradition and ancient Oriental practices, it has much in common with the Orthodox Churches. Thus it is regarded by many in the ecumenical world as a bridging Church.
 3. Abraham Kuruvilla) (2018). Eastern and Reformed: A Theological Enquiry into the Doctrine of Atonement and the Holy Spirit of the Mar Thoma Syrian Church. WIPF&STOC Pulishers. pp. xi. ISBN 978-1-5326-5960-7. The book looks into the liturgy of the Mar Thoma Church. The Mar Thoma Church claims to be eastern and reformed..
 4. Adapted from Rev.C.P.Philipose, in the Introduction to മലങ്കര മാർ‌ത്തോമ്മാ സഭാ ചരിത്ര സംഗ്രഹം.1936. by T.C. Chacko, Page 12-13.
 5. "മാർത്തോമ്മാ.ഇൻ". ശേഖരിച്ചത് 2020 നവംബർ 14. |first= missing |last= (help); Check date values in: |accessdate= (help)
 6. Vahan Hovhanessian, The Old Testament as Authoritative Scripture in the Early Churches of the East, 2010, ISBN:9781433107351
 7. http://www.gsbkerala.com/christ/christian.htm
 8. സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ, ജാതിവ്യവസ്ഥ (2005). "369". ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ്, തൃശൂർ. ISBN 81-226-0468-4. More than one of |author= and |last= specified (help)
 9. കെ.പി. പത്മനാഭൻ. കൊച്ചി രാജ്യ ചരിത്രം. ഉദയമ്പേരൂർ സുന്നഹദോസ് വാള്യം 1 പുറങ്ങൾ 175-177. ഡിസി ബുക്സ്.
 10. The Cambridge History of Christianity Volume 8: World Christianities c.1815–c.1914
 11. മനോരമ ഇയർ ബുക്ക്‌ 2006 ഏട് 424. മനോരമ പ്രസ്സ്‌ കോട്ടയം
 12. "മാർത്തോമ്മാ.ഇൻ". ശേഖരിച്ചത് 2013 ഒക്ടോബർ 4. |first= missing |last= (help); Check date values in: |accessdate= (help)
 13. http://marthoma.in/diocese-directory സഭയിലെ ഭദ്രാസനങ്ങൾ

ചിത്രശാല[തിരുത്തുക]

മാരാമൺ കൺവൻഷൻ 2009

പുറത്തേക്കുള്ള ലിങ്കുകൾ[തിരുത്തുക]

വിഭാ ഗം:കേരളത്തിലെ ക്രൈസ്തവ സഭകൾ

"https://ml.wikipedia.org/w/index.php?title=മാർത്തോമ്മാ_സഭ&oldid=3497058" എന്ന താളിൽനിന്ന് ശേഖരിച്ചത്