അബ്രഹാം മാർത്തോമ്മാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
H.G മോസ്റ്റ് റവ.ഡോ അബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്ത
മലങ്കര മാർത്തോമ്മാ സുറിയാനി സഭ
സ്ഥാനാരോഹണം1944.
ഭരണം അവസാനിച്ചത്സെപ്റ്റംബർ 1, 1947.
മുൻഗാമിതീത്തൂസ് ദ്വിതീയൻ മാർത്തോമ്മ (മാർ തോമ്മാ XVI)
പിൻഗാമിയൂഹാനോൻ മാർത്തോമ്മ (മാർ തോമ്മാ XVIII)
വൈദിക പട്ടത്വംഡിസംബർ 5, 1915.
മെത്രാഭിഷേകംഡിസംബർ 24, 1917
വ്യക്തി വിവരങ്ങൾ
ജനന നാമംഎം.എൻ. ഏബ്രഹാം
ജനനംഒക്ടോബർ 30, 1880.
കല്ലൂപ്പാറ
മരണംസെപ്റ്റംബർ 1, 1947
തിരുവല്ല
കബറിടംതിരുവല്ല
ദേശീയതഭാരതീയൻ

1944 മുതൽ 1947 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്നു അബ്രഹാം മാർത്തോമ്മ മെത്രാപ്പോലീത്ത. സഭയുടെ വികാസത്തിനും കെട്ടുറപ്പിനും വേണ്ടി അനവരതം യത്നിച്ച ഒരു ആത്മീയാചാര്യനായിരുന്നു ഇദ്ദേഹം.

ബാല്യകാലം[തിരുത്തുക]

മധ്യ തിരുവിതാംകൂറിലെ മാരേട്ട് എന്ന പ്രധാന ക്രൈസ്തവ കുടുംബത്തിൽ നൈനാന്റെയും ശങ്കരമംഗലത്ത് കരിക്കാട്ടു മറിയാമ്മയുടെയും ഏക പുത്രനായി 1880 ഓഗസ്റ്റ് 30-ന് അബ്രഹാം ജനിച്ചു. അഞ്ചു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. മാതാവിന്റെ വീട്ടിൽ മാതുലന്റെ സംരക്ഷണത്തിൽ വളർന്നുവന്ന അബ്രഹാമിനു ആധ്യാത്മിക വിഷയങ്ങളോട് ആഭിമുഖ്യം ഉണ്ടാകത്തക്ക സാഹചര്യങ്ങൾ ലഭിച്ചിരുന്നു.

ഇരവിപേരൂരും വള്ളംകുളത്തും തിരുവല്ലായിലുമുള്ള സർക്കാർ സ്കൂളുകളിൽ ആദ്യകാല വിദ്യാഭ്യാസം പൂർണമാക്കിയശേഷം അബ്രഹാം കോട്ടയം എം.ഡി. സെമിനാരിയിലും തുടർന്നു സി.എം.എസ്. കോളജിലും പഠിക്കുകയുണ്ടായി. 1904-ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ ചേർന്നു. അവിടെവച്ചു മലേറിയ പിടിപെട്ടതിനാൽ പഠിപ്പു മുടങ്ങിപ്പോയി. പിന്നീട് തൃശ്ശിനാപ്പള്ളി എസ്.പി.ജി. കോളജിൽ ചേർന്നു. 1906-ൽ വീണ്ടും മദ്രാസ് ക്രിസ്ത്യൻ കോളജിൽ ചേരുകയും ബി.എ. ബിരുദം നേടുകയും ചെയ്തു. പഠിക്കുന്ന കാലത്ത് സൽസ്വഭാവത്തിനുള്ള സമ്മാനത്തിന് ഇദ്ദേഹം അർഹനായി. ബാല്യകാലം തൊട്ടേ ആധ്യാത്മിക കാര്യങ്ങളിൽ തത്പരനായിരുന്ന അബ്രഹാം, രോഗികളെയും ദുഃഖിതരേയും ആശ്വസിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.

സഭാസേവനം[തിരുത്തുക]

ഒരു ബ്രഹ്മചാരിയായി സഭാസേവനം അനുഷ്ഠിക്കാനുദ്യമിച്ചപ്പോൾ അബ്രഹാമിനു പല പ്രതിബന്ധങ്ങളേയും നേരിടേണ്ടിവന്നു. സഭാസേവനം ചെയ്യാൻ ഇദ്ദേഹം തീരുമാനിച്ചതിൽ അമർഷംകൊണ്ട പിതാമഹൻ, പൌത്രന് കുടുംബസ്വത്ത് നൽകുകയില്ലെന്ന് തീർത്തു പറഞ്ഞു. എങ്കിലും സഭാസേവനത്തിന് അബ്രഹാം സ്വജീവിതം അർപ്പിച്ചു. 1911 ഏപ്രിൽ 30-ന് ഇദ്ദേഹം ശെമ്മാശുപട്ടം ഏറ്റു. അതിനുശേഷം കാനഡയിലെ ടൊറെന്റോ സർവകലാശാലയിലെ വിക്ളിഫ് കോളജിൽ ചേർന്നു ദൈവശാസ്ത്രം പഠിച്ചു. 1915-ൽ എം.എ., ബി.ഡി. ബിരുദങ്ങൾ നേടി. 1916-ൽ ഇദ്ദേഹം കശ്ശീശാസ്ഥാനം ഏറ്റു. കായംകുളം, കറ്റാനം, പള്ളിക്കൽ എന്നീ ഇടവകകൾ ആണ് അബ്രഹാം കശ്ശീശയുടെ ആദ്യകാല സേവനരംഗങ്ങൾ.

മെത്രാപ്പോലീത്ത[തിരുത്തുക]

1917-ൽ തീത്തൂസ് ദ്വിതീയൻ മെത്രാപ്പോലീത്തായുടെ സഫ്രഗൻ അഥവാ സഹായമെത്രാനായി അബ്രഹാം കശ്ശീശാ വാഴിക്കപ്പെട്ടു. മാർത്തോമ്മാ സഭയുടെ ആധ്യാത്മിക നവോത്ഥാനത്തിനും കെട്ടുറപ്പിനും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ഇദ്ദേഹം അനവരതം യത്നിക്കുകയും സുവിശേഷഘോഷണപരമായ സംഘടിത പ്രവർത്തനങ്ങൾക്കായി മാർത്തോമ്മാ സഭയെ സന്നദ്ധമാക്കുകയും ചെയ്തു. സുവിശേഷസേവികാസംഘം, സന്നദ്ധസുവിശേഷസംഘം തുടങ്ങിയ നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഇദ്ദേഹത്തിന്റെ പ്രേരണയും നേതൃത്വവും മൂലം ജന്മമെടുത്തു. മാരാമൺ കൺവെൻഷനെ പ്രസിദ്ധമായ ഒരു പ്രസ്ഥാനമാക്കിത്തീർത്തതും ഇദ്ദേഹമാണ്.

1944-ൽ തീത്തുസ് ദ്വിതീയൻ കാലം ചെയ്തപ്പോൾ അബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്തയായി അവരോധിക്കപ്പെട്ടു. ഒരു മികച്ച വാഗ്മിയായിരുന്ന ഇദ്ദേഹം ഭാരതത്തിൽ ഉടനീളം സഞ്ചരിച്ചു പ്രസംഗിക്കുകയും ജറുസലേമിലും മറ്റു വിദേശരാജ്യങ്ങളിലും പര്യടനം നടത്തുകയും ചെയ്തിട്ടുണ്ട്. 1947 സെപ്റ്റംബർ 1-ന് അന്തരിച്ച ഇദ്ദേഹത്തെ തിരുവല്ലയിലാണ് കബറടക്കിയിരിക്കുന്നത്.

അവലംബം[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്രഹാം മാർത്തോമ്മ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്രഹാം_മാർത്തോമ്മാ&oldid=3623337" എന്ന താളിൽനിന്ന് ശേഖരിച്ചത്