Jump to content

മാത്യൂസ് അത്താനാസിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലങ്കര മാർത്തോമാ സുറിയാനി സഭയുടെ നേതാവും മലങ്കര മെത്രാപ്പോലീത്തയും ആയിരുന്നു പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസ്.[1] അന്ത്യോഖ്യാ യാക്കോബായ പാത്രിയർക്കീസിനാൽ വാഴിക്കപ്പെട്ട് 1852ൽ സർക്കാർ വിജ്ഞാപനത്തോടെ മലങ്കര മെത്രാപ്പോലീത്ത സ്ഥാനം ഏറ്റെടുത്ത ഇദ്ദേഹം സഭയിലെ പ്രൊട്ടസ്റ്റൻറ് നവീകരണവാദികളുടെ പിന്തുണ നേടി. സഭയുടെ സ്വാതന്ത്ര്യത്തിനും ആംഗ്ലിക്കൻ ശൈലിയിലുള്ള നവീകരണത്തിനും പരിശ്രമിച്ച ഇദ്ദേഹത്തെ സഭയിലെ പാരമ്പര്യവാദികൾ എതിർത്തിരുന്നു. ഇതേത്തുടർന്ന് 1876ൽ അന്നത്തെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് 3ാമന്റെ അധ്യക്ഷതയിൽ ചേർന്ന മുളന്തുരുത്തി സുന്നഹദോസ് മാത്യൂസ് അത്താനാസിയോസിനെ ഔദ്യോഗികമായി സ്ഥാനഭൃഷ്ടനാക്കുകയും 1865ൽ വാഴിക്കപ്പെട്ട ദിവന്നാസിയോസ് ജോസഫ് 2ാമനെ മലങ്കര മെത്രാപ്പോലീത്തയായി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ 1877ൽ മരണപ്പെടുന്നത് വരെ മാത്യൂസ് അത്താനാസിയോസ് നവീകരണകക്ഷിക്കാരുടെ പിന്തുണയോടെ ഔദ്യോഗിക അധികാരത്തിൽ തുടർന്നു. അദ്ദേഹത്തിൻറെ മരണശേഷം ഇരുവിഭാഗവും തമ്മിൽ പിന്തുടർച്ചാതർക്കം രൂക്ഷമവുകയും ഇത് സഭയിൽ സമ്പൂർണമായ പിളർപ്പിന് കാരണമാവുകയും ചെയ്തു.[2]

പാലക്കുന്നത്ത്
 മാത്യൂസ് മാർ അത്താനാസിയോസ്
മലങ്കര മെത്രാപ്പോലീത്ത
സഭമലങ്കര മാർത്തോമാ സുറിയാനി സഭ
സ്ഥാനാരോഹണം1852
ഭരണം അവസാനിച്ചത്1877 ജൂലൈ 16
മുൻഗാമിദിവന്നാസിയോസ് ഫിലിപ്പോസ്
പിൻഗാമിതോമസ് അത്താനാസിയോസ്
എതിർപ്പ്ദിവന്നാസിയോസ് ഫിലിപ്പോസ് (1846വരെ),
യുയാഖീം കൂറിലോസ് (1846-1852),
ദിവന്നാസിയോസ് ജോസഫ് 2ാമൻ (1865 മുതൽ)
ഡീക്കൻ പട്ടത്വം1831ൽ ദിവന്നാസിയോസ് ഫിലിപ്പോസ്
വൈദിക പട്ടത്വം1842ൽ ഇഗ്നാത്തിയോസ് ഏലിയാസ് 2ാമൻ
മെത്രാഭിഷേകം1842ൽ ഇഗ്നാത്തിയോസ് ഏലിയാസ് 2ാമൻ
പദവിമെത്രാപ്പോലീത്ത
വ്യക്തി വിവരങ്ങൾ
ജനന നാമംമാത്തൻ
ജനനം25 ഏപ്രിൽ 1818
മരണം1877 ജൂലൈ 16
ദേശീയതതിരുവിതാംകൂർ,
ബ്രിട്ടീഷ് ഇന്ത്യ
മാതാപിതാക്കൾപാലക്കുന്നത്ത് മത്തായി, മറിയാമ്മ

ജീവചരിത്രം

[തിരുത്തുക]

തിരുവിതാംകൂറിലെ മാരാമൺ എന്ന സ്ഥലത്ത് പാലക്കുന്നത്ത് കുടുംബത്തിൽ മത്തായി, മറിയാമ്മ ദമ്പതികളുടെ മൂത്ത മകനായി 1818 ഏപ്രിൽ 25ന് മാത്തൻ എന്ന് പേരായ മാത്യൂസ് അത്താനാസിയോസ് ജനിച്ചു. ജനിച്ചതിന്റെ തൊണ്ണൂറാം ദിവസം മാരാമൺ പള്ളിയിൽ വെച്ച് അദ്ദേഹം മാമ്മോദിസാ മുക്കപ്പെട്ടു.[3][4]

വിദ്യാഭ്യാസം

[തിരുത്തുക]

മാത്തൻ തൻറെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത് മാരാമണ്ണിലെ കവിയും വിദ്വാനുമായ ചേകോട്ടാശാന്റെ കീഴിലാണ്. മലങ്കര സഭയുടെ അന്നത്തെ വിദ്യാഭ്യാസ, സഭാഭരണ കേന്ദ്രമായിരുന്ന കോട്ടയം പഴയ സെമിനാരിയിൽ ആണ് അദ്ദേഹം തുടർവിദ്യാഭ്യാസം നടത്തിയത്. പതിനൊന്നാം വയസ്സിൽ സെമിനാരിയിൽ പ്രവേശിച്ച അദ്ദേഹം രണ്ടു വർഷത്തിനുശേഷം ശെമ്മാശൻ സ്ഥാനം ഏറ്റു. അന്നത്തെ മലങ്കര മെത്രാപ്പോലീത്ത ദിവന്നാസിയോസ് ഫിലിപ്പോസ് (ദിവന്നാസിയോസ് 4ാമൻ) ആണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് ഉയർത്തിയത്. കോട്ടയം സെമിനാരിയിൽ വച്ച് സി. എം. എസ്. മിഷനറിമാരുമായി കൂടുതൽ ഇടപഴകാൻ അദ്ദേഹത്തിന് സാധിച്ചു. ഇതിനുശേഷം സുഹൃത്തായ മറ്റൊരു ശെമ്മാശനൊപ്പം മദ്രാസിലെ റവറന്റ് ജോൺ ആന്റേഴ്സൺ സ്കൂളിൽ (ഇന്നത്തെ മദ്രാസ് ക്രിസ്ത്യൻ കോളേജ്) ചേർന്ന് പഠനം ആരംഭിച്ചു. ഇക്കാലയളവിൽ ആംഗ്ലിക്കൻ മിഷനറിമാരുമായി അദ്ദേഹം കൂടുതൽ അടുത്തു. അദ്ദേഹത്തിൻറെ സുഹൃത്ത് സി. എം. എസ്. മിഷനറിമാരുടെ ഒപ്പം ചേരാനും ആംഗ്ലിക്കൻ സഭയിൽ അംഗത്വം എടുക്കാനും ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും മാത്തൻ അതിനു വഴങ്ങിയില്ല. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ സ്വന്തം മാതൃസഭയിൽത്തന്നെ നവീകരണങ്ങൾ കൊണ്ടുവരേണ്ടത് കൂടുതൽ പ്രധാനപ്പെട്ടതായിരുന്നു. അദ്ദേഹം ഇപ്രകാരം പറഞ്ഞിരുന്നു: "ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മാതൃസഭയിൽ മാത്രം പ്രവർത്തിക്കും, എന്റെ സഭയിലെ കളകൾ പറിച്ചെടുത്ത് ശുദ്ധമായ വിശ്വാസത്തിന്റെ യഥാർത്ഥ മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞാൻ യത്നിക്കും." 1839ൽ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി.[5]

മലങ്കര സഭാ നവീകരണവും അബ്രഹാം മല്പാനും

[തിരുത്തുക]

സി. എം. എസ്. മിഷനറിമാരുടെ പ്രവർത്തനഫലമായി പുത്തങ്കൂർ മലങ്കര സഭയിൽ പ്രൊട്ടസ്റ്റന്റ് ആംഗ്ലിക്കൻ ശൈലിയിലുള്ള നവീകരണത്തിന് ശ്രമങ്ങൾ കൂടുതൽ ശക്തമായി കൊണ്ടിരിക്കുകയായിരുന്നു. സുറിയാനി കത്തോലിക്കർക്കും ലത്തീൻ കത്തോലിക്കർക്കും യൂറോപ്പ്യൻ കത്തോലിക്കാ മിഷനറിമാരുടെ പിന്തുണയും സഹായവും ലഭിച്ചിരുന്നു. എന്നാൽ പുത്തങ്കൂർ വിഭാഗത്തിന് ഇത്തരം സഹായങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. മാത്രമല്ല പകലോമറ്റം മെത്രാന്മാരുടെ ആധിപത്യ ഭരണത്തിന് കീഴിലായിരുന്നു അക്കാലത്ത് പുത്തങ്കൂർ മലങ്കര സഭ. സഭയിലെ വൈദികർ കാര്യമായ വിദ്യാഭ്യാസമോ ദൈവശാസ്ത്രത്തിൽ പരിശീലനമോ സിദ്ധിച്ചവർ ആയിരുന്നില്ല. പുത്തങ്കൂറ്റുകാരുടെ സഭയിലെ കുടുംബാധിപത്യം അവസാനിപ്പിക്കുക, വൈദിക പരിശീലനം പാശ്ചാത്യ നിലവാരത്തിൽ ഉള്ളതാക്കുക, സമുദായത്തിന് സാമൂഹികവും സാമ്പത്തികവുമായ മേൽഗതി നേടിക്കൊടുക്കുക എന്നിവയെല്ലാം മിഷനറിമാരുടെ ലക്ഷ്യം ആയിരുന്നു. അക്കാലത്ത് സ്വതന്ത്ര നില പ്രാപിച്ചിരുന്ന മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരുടെ പിന്തുണ ഈ നീക്കത്തിന് ലഭിച്ചു. മാർത്തോമ്മാ 9ാമനെ മറികടന്ന് ബ്രിട്ടീഷുകാരുടെയും തൊഴിയൂർ മെത്രാപ്പോലീത്ത ഫീലക്സീനോസ് 2ാമന്റെയും പിന്തുണയോടെ സഭാ അദ്ധ്യക്ഷൻ പദവിയിൽ എത്തിയ ദിവന്നാസിയോസ് 2ാമൻ (പുലിക്കോട്ടിൽ ദിവന്നാസിയോസ് ജോസഫ് 1ാമൻ), ദിവന്നാസിയോസ് 3ാമൻ (പുന്നത്തറ ദിവന്നാസിയോസ്) എന്നിവർ ബ്രിട്ടീഷ് മിഷനറിമാരുമായി ശക്തമായ സഹവർത്തിത്വം വെച്ചുപുലർത്തിയിരുന്നു. അതേസമയംതന്നെ ഇവർ സുറിയാനി ഓർത്തഡോക്സ് സഭയോടും അതിന്റെ അദ്ധ്യക്ഷനായ പാത്രിയർക്കീസിനോടും കൂറുപുലർത്തിയിരുന്നു. അതുകൊണ്ട് വൈദിക പരിശീലനത്തിൽ ഊന്നൽ നൽകി സഭാ നേതൃത്വത്തെ ക്രമേണ തങ്ങളുടെ വരുതിയിൽ എത്തിക്കാൻ മിഷണറിമാർ ശ്രമിച്ചുകൊണ്ടിരുന്നു.[6] മിഷണറിമാരുടെ പിന്തുണയോടെ പണിയപ്പെട്ട കോട്ടയം പഴയ സെമിനാരിയായിരുന്നു ഇതിൻറെ പ്രധാന കേന്ദ്രം. സഭാ അധ്യക്ഷ പദവിയിൽ എത്തിയ ദിവന്നാസിയോസ് 4ാമൻ (ചേപ്പാട്ട് ദിവന്നാസിയോസ് ഫിലിപ്പോസ്) ആദ്യം തന്റെ മുൻഗാമികളുടെ നയം അതേപടി പിന്തുടർന്നുവന്നു. എങ്കിലും സഭയിൽ ബ്രിട്ടീഷുകാർ നേടിയെടുത്ത വർദ്ധിത പിന്തുണയും ക്ഷയിച്ചു കൊണ്ടിരിക്കുന്ന തന്റെ അധികാരവും അദ്ദേഹത്തെ ആശങ്കപ്പെടുത്തി. ഇക്കാലമത്രയും സഭയിലെ മെത്രാന്മാരുടെ പ്രോട്ടസ്റ്റന്റ് അനുഭാവത്തെ കുറിച്ച് പരാതികൾ മർദ്ദീനിൽ പാത്രിയർക്കീസിന്റെ അടുക്കൽ എത്തുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് 1825ൽ അത്താനാസിയോസ് അബ്ദ്ൽ മസിഹ് എന്ന ഒരു മെത്രാനെ പാത്രിയർക്കീസ് മലബാറിനുവേണ്ടി നിയമിച്ച് അയച്ചു.[7][8] മലബാറിലെത്തിയ അദ്ദേഹം മലങ്കര സഭയിലെ ആംഗ്ലിക്കൻ മിഷനറിമാരുടെ പ്രവർത്തനങ്ങളോട് വലിയ എതിർപ്പ് പ്രകടിപ്പിച്ചു. ദിവന്നാസിയോസ് 4ാമനെയും ഫീലക്സീനോസിനെയും മുടക്കാൻ ഒരുങ്ങിയ അദ്ദേഹത്തെ 1827ൽ ബ്രിട്ടീഷുകാർ തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നും നാടുകടത്തി.[7]

എന്നാൽ 1830ൽ ഫീലക്സീനോസ് മരണപ്പെട്ടതോടെ ദിവന്നാസിയോസ് ബ്രിട്ടീഷുകാരുമായി അകലാൻ തുടങ്ങി. ഇതോടെ ബ്രിട്ടീഷുകാർ ദിവന്നാസിയോസിനെ മറികടന്ന് സഭയുടെ നിയന്ത്രണം നേടിയെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിനോടകം ഒരു വിഭാഗം വൈദികരുടെയും ഒരു വിഭാഗം, പ്രത്യേകിച്ച് തെക്കൻ മേഖലയിലുള്ള, വിശ്വാസികളുടെയും ഇടയിൽ ശക്തമായ പിന്തുണ ഉണ്ടാക്കാൻ ആംഗ്ലിക്കൻ മിഷനറിമാർക്ക് കഴിഞ്ഞിരുന്നു. മലങ്കര സഭയിൽ അക്കാലത്ത് നിലനിന്നിരുന്ന സുറിയാനി ഓർത്തഡോക്സ് സ്വാധീനത്തിലുള്ള പൗരസ്ത്യ സഭാ പാരമ്പര്യങ്ങളും വീക്ഷണങ്ങളും മലബാറിൽ പ്രവർത്തിച്ചിരുന്ന പ്രോട്ടസ്റ്റൻറ് കാഴ്ചപ്പാടുകാരായിരുന്ന ബ്രിട്ടീഷ് മിഷണറിമാർക്ക് സ്വീകാര്യമായിരുന്നില്ല. ആംഗ്ലിക്കൻ പ്രോട്ടസ്റ്റന്റ് ശൈലിയിലുള്ള സഭാ നവീകരണത്തിന് അവർ പരിശ്രമിച്ചുകൊണ്ടിരുന്നു. ഇക്കാലത്താണ് സഭയിലെ വൈദിക പ്രമുഖനായിരുന്ന പാലക്കുന്നത്ത് അബ്രഹാം മൽപ്പാൻ നവീകരണവാദികളുടെ നേതാവായി ഉയർന്നുവന്നത്. മാത്തൻ ശെമ്മാശന്റെ പിതൃ സഹോദരനായിരുന്നു ഇദ്ദേഹം.[9]

അബ്രഹാം മല്പാൻ

അബ്രഹാം മൽപ്പാന്റെ നേതൃത്വത്തിൽ വിപ്ലവകരമായ നവീകരണ പ്രവർത്തനങ്ങൾ അരങ്ങേറി. 1837 ഓഗസ്റ്റ് 27ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുർബാന മലയാളഭാഷയിൽ ചൊല്ലി. അക്കാലമത്രയും സുറിയാനി ഭാഷയിൽ മാത്രമായിരുന്നു മാർത്തോമാ നസ്രാണികൾ കുർബാന അർപ്പിച്ചിരുന്നത്. സി. എം. എസ്. മിഷനറിമാരുടെ സഹായത്തോടെയാണ് കുർബാന ക്രമം മലയാളത്തിലേക്ക് അബ്രഹാം മൽപ്പാൻ തർജ്ജമ ചെയ്തത്. വിശുദ്ധരോടുള്ള പ്രാർത്ഥനകളും മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളും നവീകൃത ആരാധനാക്രമത്തിൽ നീക്കം ചെയ്യപ്പെട്ടിരുന്നു ഒക്ടോബർ അഞ്ചാം തീയതി മാരാമൺ പള്ളിയിൽ നടന്ന യൽദോ മോർ ബസേലിയോസിന്റെ ഓർമ്മപ്പെരുന്നാൾ ഒരു ശ്രദ്ധേയമായ സംഭവത്തിനടയാക്കി. മുത്തപ്പൻ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന എൽദോ ബസേലിയോസ് പുണ്യവാൻറെ തടിയിൽ തീർത്ത ഒരു ചിത്രം എഴുന്നള്ളിച്ചുകൊണ്ട് ഒരു പ്രദക്ഷിണം നടന്നു. വിശ്വാസികൾ പ്രാർത്ഥനകളും നേർച്ച കാഴ്ചകളുമായി പ്രദക്ഷിണത്തിൽ അണിനിരന്നു. ഇത് കണ്ട് പ്രകോപിതനായ അബ്രാഹാം മല്പാൻ ചിത്രം എടുത്ത് കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. ഇപ്രകാരം പറഞ്ഞു: ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് പ്രാർത്ഥിക്കുന്നത് എന്തിനാണ്? ബൈബിളിന്റെ പ്രൊട്ടസ്റ്റൻറ് വ്യാഖ്യാനത്തിലുള്ള നവീകരണ ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രാർത്ഥനാ പുസ്തകങ്ങളിലെ തിരുത്തലുകളും വരുത്തി.[10]

അബ്രാഹാം മല്പാന്റെ ഇത്തരം പ്രവർത്തനങ്ങൾ മലങ്കര സഭയിൽ വലിയ വിവാദം സൃഷ്ടിച്ചു. സി. എം. എസ്. മിഷനറിമാരുടെയും ഒരു വിഭാഗം സഭാംഗങ്ങളുടെയും അകമഴിഞ്ഞ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു എങ്കിലും വലിയൊരു വിഭാഗം ആളുകൾ പാരമ്പര്യത്തനിമ നിലനിർത്തണമെന്ന് ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ച് തിരുത്തി പരിഷ്കരിച്ച ആരാധനാക്രമത്തിന്റെ ഉപയോഗവും ആചാരക്രമങ്ങളിൽ അബ്രഹാം മല്പാൻ കൊണ്ടുവന്ന പ്രൊട്ടസ്റ്റൻറ് വൽക്കരണങ്ങളും അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന ചേപ്പാട്ട് ഫിലിപ്പോസ് ദിവന്നാസിയോസിനെ (ദിവന്നാസിയോസ് 4ാമൻ) ചൊടിപ്പിച്ചു. അബ്രഹാം മൽപ്പാന്റെ കീഴിൽ പരിശീലനം നേടിയ ശെമ്മാശന്മാർക്ക്, പരിശീലകന്റെ പ്രോട്ടസ്റ്റന്റ് പ്രബോധന രീതികൾ ചൂണ്ടിക്കാട്ടി, വൈദിക പട്ടം അദ്ദേഹം നിഷേധിച്ചു. അദ്ദേഹം അബ്രാഹാം മൽപ്പാനെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ആദ്യം തയ്യാറായില്ല എങ്കിലും പിന്നീട് അദ്ദേഹത്തെ പുരോഹിത ശുശ്രൂഷയിൽ നിന്ന് വിലക്കി. തനിക്ക് നേരെ മഹറോൻ പ്രഖ്യാപിച്ചാൽ അത് പിൻവലിക്കുന്നതിന് കേണപേക്ഷിച്ച് താൻ വരില്ല എന്നായിരുന്നു ഇതിന് അബ്രഹാം മല്പാന്റെ മറുപടി.[10]

സിറിയയിലേക്ക്

[തിരുത്തുക]

മലങ്കര മെത്രാപ്പോലീത്ത ദിവന്നാസിയോസ് 4ാമന്റെ എതിർപ്പും വിലക്കുകളും അവഗണിച്ച് അബ്രഹാം മൽപ്പാനും അനുയായികളും നവീകരണ നീക്കങ്ങൾ കൂടുതൽ ശക്തമാക്കി മുന്നോട്ടുപോയിക്കൊണ്ടിരുന്നു. ആംഗ്ലിക്കൻ സി. എം. എസ്. മിഷനറിമാരുടെയും പ്രാദേശിക ബ്രിട്ടീഷ് രാഷ്ട്രീയ സംവിധാനത്തിന്റെയും അകമഴിഞ്ഞ പിന്തുണ നവീകരണ വാദികൾക്ക് ഉണ്ടായിരുന്നു.

അബ്രഹാം മൽപ്പാന്റെ നേതൃത്വത്തിൽ അരങ്ങേറിക്കൊണ്ടിരുന്ന നവീകരണനീക്കങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ട് 1836 ജനുവരി 16ന് മാവേലിക്കരയിൽ ഒരു സഭാ സമ്മേളനം ദിവന്നാസിയോസ് 4ാമൻ വിളിച്ചുചേർത്തു. മാവേലിക്കര സുന്നഹദോസ് എന്ന പേരിൽ അറിയപ്പെട്ട ഈ യോഗത്തിൽ വച്ച് മലങ്കര സഭ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമാണെന്നും അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസിന് സഭയുടെ മേൽ പരമാധികാരം ഉണ്ടെന്നും പ്രഖ്യാപിച്ചു. യോഗത്തിന്റെ തീരുമാനങ്ങൾ മാവേലിക്കര പടിയോല എന്ന പേരിൽ അറിയപ്പെടുന്നു. പാത്രിയർക്കീസ് ​​അനുവാദം നൽകുന്ന ബിഷപ്പുമാർക്ക് മാത്രമേ സഭയിൽ അധികാരം ഏറ്റെടുക്കാൻ കഴിയൂ എന്നും യോഗം പ്രസ്താവിച്ചു.[11][12]

പാത്രിയർക്കീസിന്റെ അംഗീകാരം കൂടാതെ തങ്ങളുടെ ഉദ്യമം പൂർത്തിയാക്കാൻ ആവില്ല എന്ന് അബ്രഹാം മല്പാനും മാത്തൻ ശമ്മാശൻ ഉൾപ്പെടെയുള്ള അദ്ദേഹത്തിന് അനുയായികൾക്കും ബോധ്യമായി. ആംഗ്ലിക്കൻ മിഷനറിമാരോടും പ്രൊട്ടസ്റ്റൻറ് നവീകരണത്തോടും അഭിനിവേശം ഉണ്ടായിരുന്നപ്പോഴും അബ്രഹാം മൽപ്പാൻ അന്ത്യോഖ്യൻ സുറിയാനി പാരമ്പര്യത്തോട് കൂറുപുലർത്തിയിരുന്നു. അക്കാലത്തെ മാർത്തോമാ നസ്രാണികളിൽ പൊതുവായി ഉപയോഗിച്ചിരുന്ന കൽദായ സുറിയാനി ഭാഷയും ആരാധനാക്രമവും മദ്നഹായ (കൽദായ) ലിപിയും പുത്തൻകൂർ വിഭാഗത്തിന്റെ ഇടയിൽ നിന്ന് നീക്കം ചെയ്ത് പൂർണമായി അന്ത്യോക്യൻ സുറിയാനി ആരാധനാക്രമവും ഭാഷാശൈലിയും സെർത്തോ (പാശ്ചാത്യ സുറിയാനി) ലിപിയും വ്യാപകമാക്കുന്നതിന് അദ്ദേഹം ഉത്സുകനായിരുന്നു. എന്നാൽ ഇവയും സി. എം. എസ്. മിഷനറിമാരുടെ തീരുമാനങ്ങൾക്ക് വിധേയമായാണ് നടപ്പാക്കിയത്. പ്രാർത്ഥനകളിൽ ഏകസ്വഭാവവാദം ആരോപിക്കപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യുന്നതിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു.[13]

ഈ സാഹചര്യത്തിൽ ഏത് വിധേനയും, അത് മലങ്കര മെത്രാപ്പോലീത്തയുടെ അംഗീകാരം കൂടാതെയാണെങ്കിൽ പോലും, സിറിയയിലേക്ക് പോകാനും പാത്രിയർക്കീസിനെ കണ്ട് അദ്ദേഹത്തിൻറെ പിന്തുണ നേടാനും മാത്തൻ ശമ്മാശൻ തീരുമാനിച്ചു. സഭയിൽ നവീകരണം നടപ്പിലാക്കാൻ എന്തും ചെയ്യാൻ അബ്രഹാം മൽപ്പാൻ തയ്യാറായിരുന്നു. പാത്രിയർക്കീസിനെ അഭിസംബോധന ചെയ്തുള്ള കത്തുകൾ സുറിയാനി ഭാഷയിൽ തയ്യാറാക്കിയ അദ്ദേഹം ആംഗ്ലിക്കൻ മിഷനറിമാരുടെ സഹായത്തോടുകൂടി മാത്തൻ ശെമ്മാശനെ സഭാ ആസ്ഥാനമായ സിറിയയിലെ മർദ്ദീനിയിലേക്ക് അയച്ചു.

മെത്രാപ്പോലീത്തയായി അഭിഷേകം

[തിരുത്തുക]

മാത്തൻ ശെമ്മാശന്റെ സന്ദർശനം മർദ്ദീനിലെ ഇഗ്നാത്തിയോസ് ഏലിയാസ് 2ാമൻ പാത്രിയർക്കീസിനും സഭാ ആധികാരികൾക്കും അത്ഭുതകരമായ സംഭവമായിരുന്നു. അന്ത്യോക്യൻ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസിനെ സന്ദർശിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്ന ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം കാണിച്ച പാശ്ചാത്യ സുറിയാനി ലിപിയിൽ എഴുതപ്പെട്ട കത്തുകളും സഭാ അധികാരികളെ ആകർഷിച്ചു. അദ്ദേഹത്തിൻറെ വിദ്യാഭ്യാസ യോഗ്യതയും മിഷനറിമാരുമായുള്ള നല്ല ബന്ധവും അദ്ദേഹത്തിന് അവരുടെ ഇടയിൽ വലിയ ആദരവ് നേടിക്കൊടുത്തു. സുറിയാനി ഓർത്തഡോക്സ് വിശ്വാസം പിന്തുടരുന്ന മലങ്കര സഭയിലെ അംഗം എന്ന നിലയിൽ അദ്ദേഹത്തെ വൈദികനായി പാത്രിയർക്കീസ് അഭിഷേകം ചെയ്തു. 1842 ഫെബ്രുവരി 17ാം തീയതി മർദ്ദീനിൽ വെച്ച് പാത്രിയർക്കീസ് ഏലിയാസ് ദ്വിതീയന്റെ മുഖ്യകാർമികത്വത്തിൽ അദ്ദേഹത്തെ മാത്യൂസ് മാർ അത്താനാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. മൊസൂളിന്റെ മെത്രാപ്പോലീത്ത എന്ന ശീർഷകമാണ് അദ്ദേഹത്തിന് നൽകപ്പെട്ടത്.

ഇന്ത്യയിലേക്ക് മടക്കം

[തിരുത്തുക]

1843 മെയ് 17ന് മടങ്ങിയെത്തിയ മാത്യൂസ് അത്താനാസിയോസ് മെത്രാപ്പോലീത്തയെ കുറേ വൈദികരും അൽമായരും ചേർന്ന് സ്വീകരിച്ചു. എന്നാൽ അദ്ദേഹത്തിൻറെ തിരിച്ചുവരവ് എല്ലാവർക്കും സ്വീകാര്യമായിരുന്നില്ല. ഏലിയാസ് 2ാമൻ പാത്രിയർക്കീസിൽ നിന്ന് മലങ്കര മെത്രാപ്പോലീത്ത സ്ഥാനത്തേക്കുള്ള നിയമനപത്രവുമായാണ് അത്താനാസിയോസ് എത്തിച്ചേർന്നത്. യാക്കോബായ പാത്രിയർക്കീസ് നിയമിച്ച് അയച്ച ഒരു മെത്രാൻ എന്ന നിലയിൽ, ഇതിനോടകം യാക്കോബായക്കാർ എന്ന് അറിയപ്പെട്ടു തുടങ്ങിയിരുന്ന പുത്തൻകൂർ സുറിയാനി ക്രിസ്ത്യാനികളുടെ സഭാതലവൻ ആകാൻ ഉള്ള പിന്തുണ നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആംഗ്ലിക്കൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ കൊണ്ട് പ്രതിസന്ധിയിലായിരുന്ന ദിവന്നാസിയോസ് 4ാമന്റെ സ്ഥിതി അദ്ദേഹത്തിൻറെ ആഗമനം കൂടുതൽ ദുർബലപ്പെടുത്തി. എങ്കിലും തൻറെ അധികാരസ്ഥാനം അത്താനാസിയോസിന് കൈമാറി ഒഴിഞ്ഞുപോകാൻ അദ്ദേഹം കൂട്ടാക്കിയില്ല.[14] മിഷനറിമാരോടും നവീകരണ ചിന്താഗതിയോടും ഉള്ള അത്താനാസിയോസിന്റെ ചായ്‌വിൽ സഭയിലെ വലിയൊരു വിഭാഗത്തിന് അതൃപ്തി ഉണ്ടായിരുന്നു. കൊച്ചിയിൽ വെച്ച് അദ്ദേഹത്തെ സന്ദർശിച്ച കോനാട്ട് വർഗീസ് മൽപ്പാൻ ഇതിൽ അദ്ദേഹത്തിന് മുന്നറിയിപ്പു നൽകി. ഇതിനാൽ തന്നെ സുറിയാനി ഓർത്തഡോക്സ് ആചാര രീതികളിൽ നിന്നും വിശ്വാസ സംഹിതകളിൽ നിന്നും കാര്യമായി വ്യതിചലിക്കാൻ അത്താനാസിയോസ് ശ്രമിച്ചില്ല. 1843ൽ കല്ലുകന്ത്ര പള്ളിയിൽ വെച്ച് എഴുതപ്പെട്ട പടിയോല ഇതിന് തെളിവാണ്. എങ്കിലും അദ്ദേഹത്തിനുമേൽ ആംഗ്ലിക്കൻ മിഷനറിമാരുടെ സമ്മർദ്ദം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരുന്നു. ദിവന്നാസിയോസിനെ മറികടന്ന് സഭാ അദ്ധ്യക്ഷൻ എന്ന പദവി നേടാൻ അത്താനാസിയോസിന് മിഷനറിമാരുടെ പിന്തുണ അത്യാവശ്യമായിരുന്നു. നവീകരണ ആശയങ്ങൾ മലങ്കര സഭയിൽ നടപ്പാക്കുന്നതിന് പകരമായി ഈ പിന്തുണ അദ്ദേഹത്തിന് അവർ നൽകിവന്നു. സഭാ അധ്യക്ഷന് ബ്രിട്ടീഷ് സർക്കാർ അനുവദിച്ചിരുന്ന വട്ടിപ്പണത്തിന്റെ പേരിലുള്ള തർക്കത്തിൽ അത്താനാസിയോസിന് അനുകൂലമായ നിലപാടാണ് തിരുവിതാംകൂറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നത്.[15] അതേസമയം ദിവന്നാസിയോസ് 4ാമൻ അടങ്ങിയിരുന്നില്ല. തന്റെ സ്ഥാനം തട്ടിയെടുക്കാനുള്ള അത്താനാസിയോസിന്റെ ശ്രമം തടുക്കാൻ അദ്ദേഹം പാത്രിയാർക്കീസിന്റെ സഹായം തേടി. പാത്രിയാർക്കീസിനോട് യഥാർത്ഥത്തിൽ വിധേയത്വം ഉള്ള മെത്രാപ്പോലീത്ത താൻ ആണെന്നും മാത്യൂസ് അത്താനാസിയോസ് ആംഗ്ലിക്കൺ പ്രോട്ടസ്റ്റന്റ് അനുഭാവിയാണ് എന്നും കത്തുകൾ മുഖാന്തരം അദ്ദേഹം പാത്രിയാർക്കീസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.[16]

യുയാഖീം കൂറിലോസ്

[തിരുത്തുക]

അത്താനാസിയോസിന്റെ ആംഗ്ലിക്കൻ നവീകരണ അനുഭാവത്തെക്കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ പറ്റിയുള്ള വിവരങ്ങളും കത്തുകൾ വഴി മർദ്ദീനിൽ എത്തിക്കൊണ്ടിരുന്നു. ആംഗ്ലിക്കൻ മിഷണറിമാരുമായുള്ള അത്താനാസിയോസിന്റെ അടുത്ത ബന്ധത്തെക്കുറിച്ചും മലങ്കര മെത്രാപ്പോലീത്ത ദിവന്നാസിയോസ് 4ാമന്റെ അനുവാദമില്ലാതെ ആണ് അദ്ദേഹം മർദ്ദീനിൽ എത്തിയതെന്നും തിരിച്ചറിഞ്ഞ പാത്രിയാർക്കീസ് അത്താനാസിയോസിനെ നേരിടുന്നതിന് തൻറെ സഹായിയായി പ്രവർത്തിച്ചിരുന്ന ഒരു സിറിയൻ മെത്രാനെ ഇന്ത്യയിലേക്ക് അയച്ചു. യുയാഖീം കൂറിലോസ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്.[17][18]

യുയാഖീം കൂറിലോസ്

1846 ജൂൺ 23ന് മർദ്ദീനിൽ നിന്ന് പുറപ്പെട്ട യുയാഖീം കൂറിലോസ് ഓഗസ്റ്റിൽ മലബാറിലെത്തി. അദ്ദേഹം സ്വന്തം സഹോദരനെയും കൂടെക്കൂട്ടിയിട്ടുണ്ടായിരുന്നു. അടിയന്തരമായ സാഹചര്യം ഉണ്ടായാൽ ദിവന്നാസിയോസ് 4ാമന്റെ പിൻഗാമിയായി യോഗ്യനായ ഒരു വ്യക്തിയെ തിരഞ്ഞെടുത്ത് മലങ്കര മെത്രാപ്പോലീത്തയായി നിയമിക്കാൻ ഉള്ള അധികാരവും പാത്രിയർക്കീസ് ഇദ്ദേഹത്തിന് കൊടുത്തിരുന്നു. ഇതിനായി ഒരാളുടെ പേര് എഴുതിച്ചേർക്കാൻ ഇടവിട്ട ഒരു നിയമന പത്രികയും അദ്ദേഹത്തിന് കൈവശം ഏൽപ്പിച്ചു. മലബാറിൽ എത്തിച്ചേർന്ന കൂറിലോസിനെ ചേപ്പാട് ദിവനാസ്സിയോസും അനുയായികളും സ്വീകരിച്ചു. പാത്രിയർക്കീസിന്റെ പ്രതിനിധി എന്ന അധികാരാവകാശങ്ങളോടെ തന്നെ സ്വീകരിച്ച ദിവന്നാസിയോസ് 4ാമന് പിന്തുണ നൽകാൻ കൂറിലോസ് അമാന്തിച്ചില്ല. ഇതിനോടകം പാത്രിയർക്കീസ് ഏലിയാസ് 2ാമൻ മരണപ്പെടുകയും അദ്ദേഹത്തിൻറെ പിൻഗാമിയായി ഇഗ്നാത്തിയോസ് യാക്കൂബ് 2ാമൻ മർദ്ദീനിൽ സ്ഥാനമേൽക്കുകയും ചെയ്തിരുന്നു. ദിവന്നാസിയോസ് 4ാമനെ പിന്തുണച്ചും അത്താനാസിയോസിനെ എതിർത്തും കൊണ്ട് കൂറിലോസ് വിവരണങ്ങൾ പാത്രിയാർക്കീസിന് അയച്ചുകൊടുത്തു. അത്താനാസിയോസിനെ ഏതുവിധേനയും സ്ഥാനത്തുനിന്ന് താഴെയിറക്കാൻ പാത്രിയർക്കീസ് രണ്ടുപേരോടും നിർദ്ദേശിച്ചു.[16]

ദിവന്നാസിയോസ് 4ാമൻ സ്ഥാനമൊഴിയുന്നു, യുയാഖീം കൂറിലോസുമായി തർക്കം

[തിരുത്തുക]

പ്രായാധിക്യം കാരണം അവശനായിരുന്ന ദിവന്നാസിയോസ് 4ാമൻ മലങ്കര മെത്രാപ്പോലീത്ത സ്ഥാനം ഒഴിയാനും യുയാഖീം കൂറിലോസിനെ തൻറെ പിൻഗാമിയായി പ്രഖ്യാപിക്കാനും സന്നദ്ധനായി. ഇത് പാത്രിയർക്കീസിനെ അറിയിച്ച്, അദ്ദേഹത്തിന് ഇതിൻപ്രകാരം ഒരു പുതിയ നിയമന പത്രിക വാങ്ങിയെടുക്കാൻ കാത്തിരിക്കാതെ കൂറിലോസ് തൻറെ കൈവശമുള്ള നിയമന പത്രികയിലെ പേര് എഴുതാനുള്ള വിടവിൽ തൻറെ പേര് തന്നെ എഴുതിച്ചേർത്തു. അങ്ങനെ മലങ്കര മെത്രാപ്പോലീത്തയായി പാത്രിയർക്കീസ് തന്നെ നിയമിച്ചു എന്ന് പ്രഖ്യാപിച്ചു. എന്നാൽ മാത്യൂസ് അത്താനാസിയോസും കൂട്ടരും ഇത് അംഗീകരിച്ചില്ല. മലങ്കര മെത്രാപ്പോലീത്തയായി പാത്രിയർക്കീസ് നിയമിച്ചത് യഥാർത്ഥത്തിൽ തന്നെ മാത്രമാണെന്ന് അത്താനാസിയോസ് വാദിച്ചു. അങ്ങനെ തർക്കം കോടതി മുമ്പാകെ എത്തി. മലങ്കര മെത്രാപ്പോലീത്തയായി തന്നെ നിയമിച്ചുകൊണ്ടുള്ള പാത്രിയർക്കീസിന്റെ കൽപ്പന അത്താനാസിയോസ് കോടതിയിൽ ഹാജരാക്കി. തന്റെ കൈവശമുള്ള നിയമനപത്രം കൂറിലോസും ഹാജരാക്കി. തുടർന്ന് നടന്ന അന്വേഷണത്തിൽ കൂറിലോസിന്റെ കൈവശമുള്ളത് വ്യാജരേഖയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. വ്യാജരേഖ ചമച്ചതിൽ ദിവന്നാസിയോസ് 4ാമനും പങ്കാളിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 1852ൽ മാത്യൂസ് അത്താനാസിയോസിന് അനുകൂലമായി കോടതി വിധി വന്നു. കേസിൽ പരാജയപ്പെട്ട കൂറിലോസിനെ ബ്രിട്ടീഷ് റസിഡന്റിന്റെ നിർദ്ദേശപ്രകാരം തിരുവിതാംകൂർ സർക്കാർ നാടുകടത്തി. ഇതിനേത്തുടർന്ന് കൂറിലോസ് ബ്രിട്ടീഷ് മലബാറിലെ കുന്നംകുളത്ത് പോയി കഴിയേണ്ടതായി വന്നു. മാത്യൂസ് അത്താനാസിയോസിനെ മലങ്കര മെത്രാപ്പോലീത്തയായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ദിവന്നാസിയോസ് 4ാമൻ അപമാനിതനാവുകയും ഒറ്റപ്പെടുകയും ചെയ്തു. അങ്ങനെ നവീകരണവാദികൾ സഭയുടെ നിയന്ത്രണം നേടിയെടുക്കുന്നതിൽ വിജയിച്ചു. കേസിന്റെ നടപടിക്രമത്തിൽ ഉടനീളം മിഷനറിമാരുടെ പിന്തുണ മാത്യൂസ് അത്താനാസിയോസിന് ലഭിച്ചിരുന്നു.[16][19]

യുയാഖീം കൂറിലോസ് വീണ്ടും സജീവമാകുന്നു; പുലിക്കോട്ടിൽ ദിവന്നാസിയോസ് 2ാമൻ

[തിരുത്തുക]
അത്താനാസിയോസ് സ്തേഫാനോസ്

മലങ്കര സഭയിലെ പ്രശ്നങ്ങൾ കാരണം അശ്രാന്തനായിരുന്ന പാത്രിയർക്കീസ് യാക്കൂബ് 2ാമൻ 1849ൽ മറ്റൊരു മെത്രാനെ കൂടി മലബാറിലേക്ക് അയച്ചിരുന്നു. അത്താനാസിയോസ് സ്തേഫാനോസ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. മലങ്കര സഭയിൽ ഇടപെടുന്നതിൽ നിന്ന് റസിഡന്റ് ഇദ്ദേഹത്തെ വിലക്കി. ഇതിനെതെരിരേ ലണ്ടനിൽ മേൽക്കോടതിയെ സമീപിച്ച ഇദ്ദേഹം അനുകലവിധി നേടിയെടുത്തു. സിറിയൻ മെത്രാന്മാരുടെ ആത്മീയ പ്രവർത്തന സ്വതന്ത്ര്യം അനുവദിക്കണമെന്ന് 1857ൽ റസിഡന്റിനോട് കോടതി നിർദേശിച്ചു. ഇത് അവസരമായത് യുയാഖീം കൂറിലോസിനാണ്. ഇതേത്തുടർന്ന് അദ്ദേഹം വീണ്ടും സഭയിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങി. ഇത് സഭയിൽ കലഹം വീണ്ടും മൂർച്ഛിക്കാൻ കാരണമായി. തുടർന്ന് കൂറിലോസിനെ പിന്തുണയ്ക്കുന്നവർക്ക് ആ രീതിയിൽ മുന്നോട്ട് പോകാൻ സ്വാതന്ത്ര്യമുണ്ട് എന്നും എന്നാൽ പള്ളികൾ അത്താനാസിയോസിനെ പിന്തുണയ്ക്കുന്നവർക്ക് ഒഴിഞ്ഞു കൊടുക്കണമെന്നും 1863ൽ തിരുവിതാംകൂർ സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു. 1856ൽ തൊഴിയൂർ സഭയുടെ അപേക്ഷ അനുസരിച്ച് കുന്നംകുളം ആർത്താറ്റുകാരനായ ആലത്തൂർ ഔസേപ്പ് കത്തനാരെ ജോസഫ് കൂറിലോസ് എന്ന പേരിൽ മാത്യൂസ് അത്താനാസിയോസ് അഭിഷേകം ചെയ്തിരുന്നു. തൊഴിയൂർ സഭയുടെ പിന്തുണ ആർജിക്കാൻ ഇതിലൂടെ മാത്യൂസ് അത്താനാസിയോസിന് കഴിഞ്ഞെങ്കിലും പ്രദേശത്തെ നിരവധി ആളുകളുടെ എതിർപ്പിനും ഇത് കാരണമായി. മാത്യൂസ് അത്താനാസിയോസിന് അനുകൂലമായ സർക്കാർ നിർദ്ദേശത്തിനെതിരെ യുയാഖീം കൂറിലോസിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹർജിക്ക് പോയത് കുന്നംകുളം സ്വദേശിയായ പുലിക്കോട്ടിൽ ഔസേപ്പ് എന്ന വൈദികനായിരുന്നു. എന്നാൽ ഈ കേസിലും യുയാഖീം കൂറിലോസിന്റെ പക്ഷം പരാജയപ്പെട്ടു. തദ്ദേശീയനായ ഒരു മെത്രാൻ ആവശ്യമാണെന്ന് കൂറിലോസും അനുയായികളും വിലയിരുത്തി. തുടർന്ന് 1865ൽ പുലിക്കോട്ടിൽ ഔസേപ്പിനെ തിരഞ്ഞെടുത്ത് അവർ മർദ്ദീനിൽ പാത്രിയർക്കീസിന്റെ അടുക്കലേക്ക് അയച്ചു. എത്തിച്ചേർന്ന് അധികം വൈകാതെ തന്നെ പാത്രിയാർക്കീസ് യാക്കൂബ് 2ാമൻ അദ്ദേഹത്തെ ദിവന്നാസിയോസ് ജോസഫ് 2ാമൻ (ദിവന്നാസിയോസ് 5ാമൻ) എന്ന പേരിൽ മെത്രാനായി വാഴിക്കുകയും മലങ്കര മെത്രാപ്പോലീത്ത എന്ന നിലയിലുള്ള നിയമനപത്രിക കൊടുത്ത് തിരിച്ചയക്കുകയും ചെയ്തു.[20]

പുലിക്കോട്ടിൽ ദിവന്നാസിയോസ് ജോസഫ് 2ാമൻ

1866ൽ മലബാറിൽ എത്തിച്ചേർന്ന ഉടനെ ദിവന്നാസിയോസ് മലങ്കര മെത്രാപ്പോലീത്ത എന്ന നിലയിലുള്ള അവകാശവാദം ഉന്നയിച്ച് തിരുവിതാംകൂർ സർക്കാരിനെ സമീപിച്ചു. മാത്യൂസ് അത്താനാസിയോസുമായി സംസാരിച്ച് ഒത്തുതീർപ്പിൽ എത്തിച്ചേരാൻ ആണ് അദ്ദേഹത്തിന് മറുപടി ലഭിച്ചത്. സമവായത്തിൽ എത്തിച്ചേരാൻ ആകാത്ത പക്ഷം തർക്ക പരിഹാരത്തിന് കോടതിയെ സമീപിക്കാനും അദ്ദേഹത്തോട് നിർദ്ദേശിച്ചു. കേസിൽ പരാജയം ഭയപ്പെട്ട ദിവന്നാസിയോസ് ഇതിന് തയ്യാറായില്ല. നവീകരണ കക്ഷിക്കാർക്ക് മറ്റൊരു മെത്രാൻ ഇല്ലാത്തതുകൊണ്ട് അത്താനാസിയോസിന്റെ മരണശേഷം മെത്രാൻ സ്ഥാനത്തേക്ക് തനിക്ക് മാത്രമേ അവകാശം ഉണ്ടാവുകയുള്ളൂ എന്ന് വിലയിരുത്തിയ ദിവന്നാസിയോസ് തൻറെ അവസരത്തിനായി കാത്തിരുന്നു. അതേസമയം അപകടം മനസ്സിലാക്കിയ മാത്യൂസ് അത്താനാസിയോസ് തന്റെയും അനുയായികളുടെയും അധികാരം നിലനിർത്താൻ ശ്രദ്ധചുലത്തികൊണ്ടിരുന്നു.[20]

തോമസ് അത്താനാസിയോസ് പിൻഗാമി

[തിരുത്തുക]
തോമസ് അത്താനാസിയോസ്

തന്റെ കാലശേഷം സഭയുടെ അധ്യക്ഷനായി ഒരു മെത്രാൻ അവശേഷിക്കണം എന്ന ബോധ്യം മാത്യൂസ് അത്താനാസിയോസിന് ഉണ്ടായിരുന്നു. എന്നാൽ ഇതിനുവേണ്ടി പാത്രിയർക്കീസുമായി ഒരു ഒത്തുതീർപ്പിലും എത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. മലങ്കര സഭ ഒരു സ്വതന്ത്ര സഭയാണെന്നും മറ്റേതൊരു ക്രൈസ്തവ സഭയെയും പോലെ സ്വന്തം തലവനെ സ്വമേധയാ തെരഞ്ഞെടുത്ത് നിയമിക്കാനുള്ള അധികാരം തന്റെ സഭയ്ക്കുണ്ട് എന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. മാർത്തോമാ ശ്ലീഹായുടെ പൈതൃകം പിന്തുടരുന്ന മലങ്കര സഭ എങ്ങനെയാണോ 1653ൽ റോമാ സഭയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് അതുപോലെ തന്നെ അന്ത്യോഖ്യൻ സഭയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കണം എന്ന നിലപാടാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മലബാറിലെ ബ്രിട്ടീഷ് മിഷണറിമാരുടെ പിന്തുണയും ആശിർവാദവും അദ്ദേഹത്തിന്റെ നിലപാടിന് പിന്നിൽ ഉണ്ടായിരുന്നു. മുമ്പ് 1856ൽ മലബാർ സ്വതന്ത്ര സുറിയാനി (തൊഴിയൂർ) സഭയ്ക്ക് ജോസഫ് കൂറിലോസ് എന്ന മെത്രാപ്പോലീത്തയെ അത്താനാസിയോസ് വാഴിച്ചത് ഈ നിലപാട് കാരണമാണ്. ഈ നടപടിയിലൂടെ തൊഴിയൂർ സഭയുടെ പിന്തുണ നേടിയെടുക്കാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു.

അങ്ങനെ മലങ്കര സഭക്ക് നാട്ടുകാരനായ ഒരു മെത്രാനെ അഭിഷേകം ചെയ്യാൻ മാത്യൂസ് അത്താനാസിയോസ് തീരുമാനിച്ചു. തൻ്റെ നിലപാടുകൾ മുന്നോട്ടു കൊണ്ടുപോകാനും നവീകരണ ആശയങ്ങൾ കൂടുതൽ പ്രചരിപ്പിക്കാനും ഏറ്റവും യോജിച്ചയാൾ എന്ന നിലയിൽ അബ്രഹാം മൽപ്പാന്റെ ജ്യേഷ്ഠ സഹോദരൻറെ പുത്രനും തൻ്റെ സഹചാരിയും കുടുംബക്കാരനുമായ പാലക്കുന്നത്ത് തോമസ് അത്താനാസിയോസിനെ അദ്ദേഹം തന്റെ പിൻഗാമിയായി തിരഞ്ഞെടുത്തു. 1868 ജൂൺ 1ന് തന്റെ സാമന്തനും സഹാധികാരിയും പിന്തുടർച്ചാവകാശിയുമായി നിയമിച്ചുകൊണ്ട് തോമസ് അത്താനാസിയോസിനെ മാത്യൂസ് അത്താനാസിയോസ് മെത്രാനായി അഭിഷേകം ചെയ്തു. തൊഴിയൂർ സഭാദ്ധ്യക്ഷൻ ജോസഫ് കൂറിലോസും മരാമണ്ണിൽ വെച്ച് നടന്ന ഈ ചടങ്ങിൽ പങ്കാളിയായി. നിയമപരമായി ഈ നടപടി സ്ഥിരപ്പെടുത്തുന്നതിന് തോമസ് അത്താനാസിയോസിന്റെ പേരിൽ തന്റെ എല്ലാ അധികാര അവകാശങ്ങളും കാലശേഷം എത്തിച്ചേരുന്നതിന് ഒരു ഒസ്യത്തും മാത്യൂസ് അത്താനാസിയോസ് തയ്യാറാക്കിവെച്ചു.[21]

പാത്രിയർക്കീസിന്റെ വരവും മുളന്തുരുത്തി സുന്നഹദോസും

[തിരുത്തുക]

മാത്യൂസ് അത്താനാസിയോസ് തന്റെ പിൻഗാമിയായി തോമസ് അത്താനാസിയോസിനെ നിയമിച്ച് മെത്രാനായി അഭിഷേകം ചെയ്യുക്കുകയും അദ്ദേഹത്തിൻറെ പേർക്ക് തന്റെ ഒസ്യത്ത് എഴുതിവെക്കുകയും ചെയ്തതോടെ അദ്ദേഹത്തിൻറെ കാലശേഷം അധികാരം ഏറ്റെടുക്കാൻ കാത്തിരുന്ന പുലിക്കോട്ടിൽ ദിവന്നാസിയോസിന്റെ നില പരുങ്ങലിലായി. 1869ൽ തർക്കപരിഹാരത്തിന് ഇടപെടലിനായി ദിവന്നാസിയോസ് മദ്രാസ് സർക്കാരിനെ സമീപിച്ചെങ്കിലും അവരും ദിവന്നാസിയോസിനെ കൈവിട്ടു. കാര്യങ്ങൾ മാത്യൂസ് അത്താനാസിയോസിനും നവീകരണ പക്ഷക്കാർക്കും അനുകൂലമായി നീങ്ങിക്കൊണ്ടിരുന്നു.[21]

ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ

അങ്ങനെയിരിക്കെ 1872ൽ പാത്രിയാർക്കീസ് യാക്കൂബ് 2ാമൻ മരണപ്പെട്ടു. അദ്ദേഹത്തിൻറെ പിൻഗാമിയായി ഇഗ്നാത്തിയോസ് പത്രോസ് 3ാമൻ സ്ഥാനമേറ്റു. സഭയിലെ ഒഴിവാക്കാനാവാത്ത ഒരു ഭാഗം തന്റെ അധികാരത്തിനു കീഴിൽ നിന്ന് അടർന്നു പോകുന്നു എന്ന് മനസ്സിലാക്കിയ അദ്ദേഹം ഏതുവിധേനയും അത് തടയാൻ ഉറച്ചു. 1874ൽ ഇതിനുവേണ്ടി അദ്ദേഹം ലണ്ടനിൽ പോയി അവിടെ ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷനായ ക്യാന്റെർബെറി ആർച്ചുബിഷപ്പുമായും രാഷ്ട്രീയ അധികാരികളുമായും അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തി. ഇന്ത്യയിലെ തൻറെ കീഴിലുള്ള സഭയിൽ മിഷനറിമാർ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെയും അതിനെ തുടർന്ന് ഉണ്ടായ ഭിന്നതയെയും കുറിച്ച് ഉള്ള പരാതികൾ ആയിരുന്നു അവിടെയെല്ലാം അദ്ദേഹം ഉണർത്തിച്ചത്. സഭയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് അനുവദിക്കണം എന്നതായിരുന്നു അദ്ദേഹത്തിൻറെ ആവശ്യം. ഇതിനെ തുടർന്ന് ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരികളെ, പ്രത്യേകിച്ച് തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിലെ ബ്രിട്ടീഷ് അധികാരികളെ, മലങ്കര സുറിയാനി സഭയിൽ ഇടപെടുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് സ്വതന്ത്രമായ സഭാ ഭരണത്തിന് അവസരം കൊടുക്കാൻ നിർദ്ദേശം നൽകി. മലബാറിലെ മിഷണറിമാരെ ക്യാന്റെർബെറി ആർച്ചുബിഷപ്പും താക്കീത് ചെയ്തു.[21]

തൻറെ ലണ്ടൻ സന്ദർശനം സമ്പൂർണ്ണ വിജയമാണെന്ന് മനസ്സിലാക്കിയ പാത്രിയർക്കീസ് അതേ വർഷം തന്നെ മലബാറിൽ എത്തി. ലണ്ടനിലേക്കുള്ള യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ച ജറുസലേം മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് അബദുല്ലയും (പാത്രിയർക്കീസ് അബ്ദുല്ല 2ാമൻ) അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു. ഒരു സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് ഇന്ത്യയിൽ നടത്തുന്ന ആദ്യ സന്ദർശനം ആയിരുന്നു അത്. സഭാംഗങ്ങളുടെ ഇടയിൽ വലിയ കോളിളക്കം സൃഷ്ടിക്കാൻ ഈ സന്ദർശനത്തിന് സാധിച്ചു. സഭയിലെ ഭൂരിപക്ഷവും സഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയർക്കീസിന് ഒപ്പം അണിനിരന്നു.[21]

ഗ്രിഗോറിയോസ് അബ്ദുള്ള

എന്നാൽ മലങ്കര മെത്രാപ്പോലീത്ത മാത്യൂസ് അത്താനാസിയോസ് കിഴടങ്ങാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിന്നു. അതേസമയം പാത്രിയാർക്കീസ് മലങ്കര മെത്രാപ്പോലീത്തയ്ക്കും പ്രഖ്യാപിത പിന്തുടർച്ചവകാശിക്കും എതിരെ താക്കീതുകൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ഇതിനൊന്നും അത്താനാസിയോസ് വഴങ്ങുന്നില്ല എന്ന് തിരിച്ചറിഞ്ഞ പാത്രിയർക്കീസ് മലങ്കര സഭയിലെ വൈദികരുടെയും അല്മായരുടെയും പ്രതിനിധികളുടെ ഒരു യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു. മുളന്തുരുത്തിയിൽ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യുയാഖീം കൂറിലോസ് ഇതിനോടകം മരണപ്പെട്ടിരുന്നു. അവിടെ അദ്ദേഹത്തിൻറെ ശിഷ്യനായിരുന്ന ചാത്തുരുത്തിൽ ഗീവർഗീസ് പാത്രിയർക്കീസിന്റെ സഹായിയായി ചുമതലയേറ്റു.

ചാത്തുരുത്തിൽ ഗീവർഗീസ്

യുയാഖീം കൂറിലോസ് താവളമാക്കുകയും 1874ൽ മരിച്ച് അടക്കപ്പെടുകയും ചെയ്ത മുളന്തുരുത്തി പള്ളി യാഗത്തിന് വേദിയായി പാത്രിയർക്കീസ് തിരഞ്ഞെടുത്തു. 1876ൽ നടന്ന ചരിത്രപ്രസിദ്ധമായ ഈ യോഗം മുളന്തുരുത്തി സുന്നഹദോസ് എന്നറിയപ്പെട്ടു. സുന്നഹദോസിലേക്ക് മലങ്കര മെത്രാപ്പോലീത്ത മാത്യൂസ് അത്താനാസിയോസിനെയും പാത്രിയർക്കീസ് വിളിച്ചു എങ്കിലും അദ്ദേഹം വരാൻ കൂട്ടാക്കിയില്ല. അങ്ങനെ അത്താനാസിയോസിന്റെ അഭാവത്തിൽ പുലിക്കോട്ടിൽ ദിവന്നാസിയോസും വൈദികപ്രമുഖരും ഇടവകകളുടെ പ്രതിനിധികളും പാത്രിയർക്കീസിന്റെ അദ്ധ്യക്ഷതയിൽ സുന്നഹദോസിൽ പങ്കെടുത്തു.[22]

സുന്നഹദോസ് മാത്യൂസ് അത്താനാസിയോസിനും തോമസ് അത്താനാസിയോസിനും നവീകരണ പക്ഷക്കാർക്കും എതിരെ നിലപാട് എടുക്കുകയും മാത്യൂസ് അത്താനാസിയോസിനുപകരം ദിവന്നാസിയോസ് ജോസഫ് 2ാമനെ മലങ്കര മെത്രാപ്പോലീത്തയായി അംഗീകരിക്കുകയും ചെയ്തു. സുന്നഹദോസ് പാത്രിയാർക്കീസിന് പൂർണ്ണ വിധേയത്വം പ്രഖ്യാപിച്ചു. മലങ്കര സഭയെ ഏഴ് ഭദ്രാസനങ്ങളാക്കി തിരിച്ച് ഓരോന്നിനും ഓരോ മെത്രാനെ നിയമിക്കാനും പാത്രിയർക്കീസിന്റെ ശുപാർശ പ്രകാരം സുന്നഹദോസിൽ തീരുമാനമുണ്ടായി. സഭയുടെ പൊതുസ്വത്തുക്കൾ ഭരിക്കാനും അവയിൽ നിന്നുള്ള വരുമാനം വിനിയോഗിക്കാനും മലങ്കര മെത്രാപ്പോലീത്തയ്ക്ക് ഒപ്പം വൈദികരിൽ നിന്നും അൽമായരിൽ നിന്നും ഓരോന്ന് വീതം രണ്ട് പ്രതിനിധികളെ കൂടി തെരഞ്ഞെടുക്കാൻ യോഗത്തിൽ തീരുമാനമായി. ഇവർ യഥാക്രമം വൈദിക ട്രസ്റ്റി, അല്മായ ട്രസ്റ്റി എന്നിങ്ങനെ അറിയപ്പെട്ടു. മലങ്കര മെത്രാപ്പോലീത്തയിലുള്ള അധികാരകേന്ദ്രീകരണം ഇല്ലാതാക്കാൻ ആണ് ഈ നീക്കങ്ങൾ പാത്രിയർക്കീസ് നടത്തിയത്.[22][23]

ഇതിന് പുറമേ താൻ വിളിച്ചു ചേർത്ത യോഗത്തിന് നെയ്യാമിക പരിരക്ഷ ലഭിക്കേണ്ടതിന് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ എന്ന പേരിൽ അതിനെ സ്ഥിരപ്പെടുത്താനും സഭയുടെ ഭരണത്തിന് അതിൽ നിന്നുള്ള പ്രതിനിധികളെക്കൂടി ഉൾക്കൊള്ളിച്ച് സമിതികൾ രൂപീകരിക്കാനും പാത്രിയാർക്കീസ് തീരുമാനിച്ചു. ഈ തീരുമാനവും പുലിക്കോട്ടിൽ ദീവന്നാസിയോസിനെയും യോഗത്തെയും കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ പാത്രിയാർക്കീസ് വിജയിച്ചു. എല്ലാ കാര്യങ്ങളും പൂർത്തിയാക്കുകയും സുന്നഹദോസിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭദ്രാസന തലവന്മാരെ മെത്രാന്മാരായി അഭിഷേകം ചെയ്യുകയും ചെയ്തശേഷം 1877ൽ പാത്രിയർക്കീസ് സിറിയയിലെ മർദ്ദീനിയിലേക്ക് മടങ്ങി.[24][21][8]

മരണവും പിന്തുടർച്ചയും

[തിരുത്തുക]

പാത്രിയർക്കീസിന്റെ വരവും പ്രവർത്തനങ്ങളും മാത്യൂസ് അത്താനാസിയോസിന് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു എങ്കിലും കീഴടങ്ങാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സഭാ ആസ്ഥാനത്ത് തുടർന്ന അദ്ദേഹം സഭാ അധ്യക്ഷ പദവിയിൽ മരണംവരെ തുടരാൻ ഉറച്ചു. തൻ്റെ കാലശേഷമുള്ള പിന്തുടർച്ചാവകാശിയായി തോമസ് അത്താനാസിയോസിനെ അദ്ദേഹം നിലനിർത്തി. അങ്ങനെയിരിക്കെ ആകസ്മികമായാണ് അദ്ദേഹം മരണപ്പെട്ടത്.

1877 ജൂലൈ 16ന് കോട്ടയം പഴയ സെമിനാരിയിൽ വെച്ച് തന്റെ 59ാം വയസ്സിൽ മാത്യൂസ് അത്താനാസിയോസ് മരണപ്പെട്ടു. ഒരു എലിയുടെ കടിയേടറ്റതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. മാരാമൺ പള്ളിയിൽ അദ്ദേഹത്തിൻറെ കബറടക്കം നടന്നു. അദ്ദേഹത്തിൻറെ മരണശേഷം പിന്തുടരാവകാശിയായിരുന്ന തോമസ് അത്താനാസിയോസ് അധികാരം ഏറ്റെടുത്തു. കോട്ടയം പഴയ സെമിനാരിയുടെയും സഭാസത്തുകളുടെയും ഭരണം അദ്ദേഹം തന്നെ നിർവഹിച്ചു. ഇതിനെതിരെ ദിവന്നാസിയോസും പാത്രിയർക്കീസ് അനുകൂലികളും കോടതിയെ സമീപിക്കുകയും കോടതി ദിവന്നാസിയോസിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനെതിരെ തോമസ് അത്താനാസിയോസ് തിരുവിതാംകൂർ റോയൽ കോടതിയെ സമീപിച്ചു. പ്രമാദമായ മലങ്കര സഭ ഒന്നാം സമുദായ കേസിലേക്ക് നയിച്ചത് ഇതാണ്.

സ്വാധീനം

[തിരുത്തുക]

മാത്യൂസ് അത്താനാസിയോസ് മലങ്കര സഭാ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധരായ സഭാ നേതാക്കളിൽ ഒരാളാണ്. മാർത്തോമാ ശ്ലീഹായുടെ ഇന്ത്യയിലെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള മലങ്കര സഭയുടെ ശ്ലൈഹിക പൈതൃകത്തിന്റെ ശക്തനായ വാക്താവായിരുന്നു അദ്ദേഹം. തൻറെ സഭയുടെ സ്വാതന്ത്ര്യത്തിനും സ്വയം ഭരണാവകാശത്തിനും ഉയർച്ചയ്ക്കും വേണ്ടി പരിശ്രമിച്ച അദ്ദേഹം വൈദേശിക ആധിപത്യത്തിന് മുമ്പിൽ മുട്ടുമടക്കാൻ അവസാന നിമിഷം വരെയും തയ്യാറായില്ല. അദ്ദേഹം സ്വന്തം മരണം വരെ സഭാ അധ്യക്ഷൻ എന്ന പദവിയിൽ തുടരുകയും തൻറെ പിൻഗാമിയെ മുൻകൂറായി നിയമിച്ചുകൊണ്ട് അധികാര പിന്തുടർച്ച ഭദ്രമാക്കുകയും ചെയ്തു. എങ്കിലും കോടതി വ്യവഹാരങ്ങളിലൂടെ അദ്ദേഹത്തിൻറെ പിന്തുടർച്ചാവകാശിയായ തോമസ് അത്താനാസിയോസിന് പദവിയും അധികാര ചിഹ്നങ്ങളും ആസ്ഥാന സിരാകേന്ദ്രവും എല്ലാം എതിർപക്ഷത്തിന് വിട്ടുകൊടുക്കേണ്ടതായി വന്നു. എങ്കിലും മാത്യൂസ് അത്താനാസിയോസിന്റെ അനുയായികൾ തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയും സ്വതന്ത്രമായ ഒരു സഭാ സംവിധാനം തങ്ങൾക്കായി ക്രമീകരിക്കുകയും ചെയ്തു. മലങ്കര മാർത്തോമാ സുറിയാനി സഭയുടെ ഉത്ഭവം ഇങ്ങനെയാണ്.

മാത്യൂസ് അത്താനാസിയോസിന്റെ സ്വാധീനം മാർത്തോമാ സഭയിൽ മാത്രം ഒതുങ്ങുന്നത് ആയിരുന്നില്ല. അദ്ദേഹത്തെ എതിർത്തിരുന്നവർ പാത്രിയർക്കീസിനെയും വൈദേശിക ആധിപത്യത്തെയും അംഗീകരിച്ചുവെങ്കിലും അധികം വൈകാതെ തന്നെ അവരുടെ ഇടയിലും അതിനെതിരെ പടലപ്പിണക്കങ്ങൾ തുടങ്ങി. പാത്രിയാർക്കീസിന്റെ പരമാധികാരം അംഗീകരിച്ച യാക്കോബായ സഭയിൽ അതിനെ ചൊല്ലിതെതന്നെ കലഹം ആരംഭിച്ചു. 1912ൽ ഇത് സമ്പൂർണ്ണ പൊട്ടിത്തെറിയിലേക്ക് നയിക്കുകയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന പേരിൽ പാത്രിയർക്കീസിൻറെ പരമാധികാരം തള്ളിപ്പറയുന്ന വിഭാഗം രൂപപ്പെടുകയും ചെയ്തു. പാത്രിയർക്കീസിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ബാവാ കക്ഷി - മെത്രാൻ കക്ഷി എന്നറിയപ്പെടുകയും ഇവർ തമ്മിൽ ദശാബ്ദങ്ങളോളം കോടതി വ്യവഹാരങ്ങൾ നടക്കുകയും ചെയ്തു. രണ്ടാം സമുദായക്കേസ് കേസ് എന്ന് ഇത് അറിയപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നടന്ന കാതോലിക്കേറ്റ് സ്ഥാപനവും പിളർപ്പും കോടതിവിധികളും പാത്രിയാർക്കീസിന്റെ അധികാരത്തിന് കടുത്ത വെല്ലുവിളിയായി. 1958ൽ ഇരുവിഭാഗവും പാത്രിയാർക്കീസിന്റെ ആത്മീയ മേലദ്ധ്യക്ഷതയും മലങ്കര സഭയുടെ സ്വയംഭരണ അവകാശവും അംഗീകരിച്ചുകൊണ്ട് ഒന്നായിത്തീർന്നു എങ്കിലും അധികം വൈകാതെ പാത്രിയർക്കീസിന്റെ അധികാരങ്ങൾ വീണ്ടും തർക്ക വിഷയമായി. ഇതിനെത്തുടർന്ന് 1974ൽ ഇവർ വീണ്ടും പിളരുകയും പാത്രിയർക്കീസിനെ എതിർത്തവർ കാലക്രമേണ സമ്പൂർണ്ണ സ്വതന്ത്ര്യം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഇവർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നറിയപ്പെട്ടു. റോയൽ കോടതി വിധിയിൽ പാത്രിയർക്കീസിന് അവകാശമായി ഉണ്ടായിരുന്ന ആത്മീയ മേലധ്യക്ഷതയും പരമാധ്യക്ഷൻ പദവിയും പോലും കോടതിവിധികൾ പ്രകാരം ചോദ്യം ചെയ്യപ്പെടുന്ന നിലയിൽ എത്തി. ഇരു വിഭാഗങ്ങളും തമ്മിലുള്ള സഭാ തർക്കം സഭയിൽ ഇതുവരെയും പരിഹരിക്കാനാവാത്ത കലഹമായി തുടരുന്നു.

അവലംബം

[തിരുത്തുക]
  1. Neill, Stephen (2002). A History of Christianity in India: 1707-1858 (in ഇംഗ്ലീഷ്). Cambridge University Press. pp. 251–252. ISBN 978-0-521-89332-9.
  2. Neill (2002), പുറം. 252-254.
  3. ജോർജ്ജ്, എം.സി. (1919). പാലക്കുന്നത്ത് അബ്രഹാം മല്പാൻ.
  4. മാത്യു, എൻ.എം. (2003). History of Palakunnathu Family.
  5. ചാക്കോ, റ്റി.സി. (1936). മാർത്തോമാ സഭ ചരിത്ര സംഗ്രഹം. p. 95.
  6. Mackenzie (1906), പുറം. 214–215.
  7. 7.0 7.1 Mackenzie (1906), പുറം. 215.
  8. 8.0 8.1 Thomas Joseph (2011). "Malankara Syriac Orthodox Church". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopaedia of Syriac Heritage. Gorgias Press.
  9. Fenwick, John R. K. (2011). Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Mar Thoma Syrian Church (Malankara). Gorgias Encyclopaedia of Syriac Heritage. Gorgias Press.
  10. 10.0 10.1 ജോർജ്ജ് (1919), പുറം. 42.
  11. "Mavelikara Padiyola". Archived from the original on 2023-10-02. Retrieved 2023-10-02.
  12. "Mor Dionysius IV of Chepaud". Archived from the original on 2023-10-02. Retrieved 2023-10-02.
  13. Fenwick (2011).
  14. Mackenzie (1906), പുറം. 216.
  15. "Yuyakim Kurillos".
  16. 16.0 16.1 16.2 Mackenzie (1906), പുറം. 217.
  17. "Yuyakim Kurillos".
  18. Mackenzie, G. T. (1906). History of Christianity in travancore. Travancore State Manual. Vol. 2. p. 216-219.
  19. nalloorlibrary (2016-04-20). "A murder mystery! Who killed the Metropolitan's horse?" (in ഇംഗ്ലീഷ്). Retrieved 2023-10-02.
  20. 20.0 20.1 Mackenzie (1906), പുറം. 217-218.
  21. 21.0 21.1 21.2 21.3 21.4 Mackenzie (1906), പുറം. 218.
  22. 22.0 22.1 Varghese, Alexander P. (2008). India: History, Religion, Vision and Contribution to the World. India: Atlantic Publishers & Distributors. pp. 357–364. ISBN 9788126909032.
  23. Baby Varghese (2011). "Malankara Orthodox Syrian Church". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopaedia of Syriac Heritage. Gorgias Press.
  24. Pallikunnil, Jameson K. (2017-03-20). The Eucharistic Liturgy: A Liturgical Foundation for Mission in the Malankara Mar Thoma Syrian Church (in ഇംഗ്ലീഷ്). AuthorHouse. ISBN 978-1-5246-7652-0.