തോമസ് അത്താനാസിയോസ്
പാലക്കുന്നത്ത് തോമസ് മാർ അത്താനാസിയോസ് | |
---|---|
മലങ്കര മെത്രാപ്പോലീത്ത മാർത്തോമാ മെത്രാപ്പോലീത്ത | |
സഭ | മലങ്കര മാർത്തോമാ സുറിയാനി സഭ |
സ്ഥാനാരോഹണം | 16 ജൂലൈ 1877 |
ഭരണം അവസാനിച്ചത് | 10 ആഗസ്റ്റ് 1893 |
മുൻഗാമി | മാത്യൂസ് അത്താനാസിയോസ് |
പിൻഗാമി | തീത്തോസ് 1ാമൻ മാർത്തോമാ |
എതിർപ്പ് | ദിവന്നാസിയോസ് ജോസഫ് 2ാമൻ |
വൈദിക പട്ടത്വം | 1 ജൂൺ 1868 |
മെത്രാഭിഷേകം | 1869ൽ മാത്യൂസ് അത്താനാസിയോസ്[1] |
പദവി | മെത്രാപ്പോലീത്ത |
വ്യക്തി വിവരങ്ങൾ | |
ജനനം | മാരാമൺ |
ദേശീയത | തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ |
മാതാപിതാക്കൾ | പാലക്കുന്നത്ത് അബ്രാഹം മൽപാൻ, ഏലിയാമ്മ |
മലങ്കര മാർത്തോമാ സുറിയാനി സഭയുടെ നേതാവും മലങ്കര മെത്രാപ്പോലീത്തയുമായിരുന്നു പാലക്കുന്നത്ത് തോമസ് മാർ അത്താനാസിയോസ് (7 ഒക്ടോബർ 1836 - 10 ഓഗസ്റ്റ് 1893).
പത്തൊമ്പതാം നൂറ്റാണ്ടിൽ ആംഗ്ലിക്കൻ സഭാ മിഷനറിമാരുമായുള്ള ബന്ധത്തെ തുടർന്ന് പുത്തങ്കൂർ മലങ്കര സുറിയാനി സഭയിൽ പ്രോട്ടസ്റ്റൻറ് നവീകരണ ആശയങ്ങൾ പ്രചരിക്കാൻ തുടങ്ങി. നവീകരണവാദികളുടെ നേതാവായ അബ്രഹാം മൽപ്പാന്റെ മൂത്ത മകനായി മാരാമണിലെ പാലക്കുന്നത്തു കുടുംബത്തിൽ ജനിച്ച തോമസ് അത്താനാസിയോസ് സഭയിലെ നവീകരണവാദ പക്ഷത്തിന്റെ ശക്തരായ വാക്താക്കളിൽ ഒരാളായി മാറി. പാലക്കുന്നത്ത് കുടുംബക്കാരൻ തന്നെയായ മാത്യൂസ് മാർ അത്താനാസിയോസ് മലങ്കര മെത്രാപ്പോലീത്തയായി സ്ഥാനമേറ്റതോടെ സഭയിൽ ഈ വിഭാഗം വളരെ ശക്തരായി. മലങ്കര സഭ ഒരു സ്വതന്ത്ര സഭയാണെന്നും ആംഗ്ലിക്കൻ പ്രോട്ടസ്റ്റന്റ് സഭകളുമായുള്ള ബന്ധം സഭയ്ക്ക് ആവശ്യമാണ് എന്നും ഈ വിഭാഗം വാദിച്ചു. എന്നാൽ ഇതിനെ എതിർത്ത വിഭാഗം സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസുമായുള്ള സഭാപരവും വിശ്വാസപരവുമായ ബന്ധം നിലനിർത്തണമെന്ന് നിലപാടെടുത്തു. ഇവരുടെ അഭ്യർത്ഥന പ്രകാരം 1876ൽ ഇന്ത്യയിൽ എത്തിച്ചേർന്ന പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ മുളന്തുരുത്തിയിൽ സഭയുടെ സുന്നഹദോസ് വിളിച്ചു ചേർക്കുകയും മാത്യൂസ് അത്താനാസിയോസിനെ നീക്കി പുലിക്കോട്ടിൽ ദിവന്നാസിയോസ് ജോസഫ് രണ്ടാമനെ മലങ്കര മെത്രാപ്പോലീത്ത ആയി നിയമിക്കുകയും ചെയ്തു. ഈ തീരുമാനം അംഗീകരിക്കാൻ നവീകരണവാദികൾ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് സഭ നവീകരണ കക്ഷി - പാത്രിയർക്കീസ് കക്ഷി എന്നിങ്ങനെ രണ്ടായി പിളർന്നു. 1877ൽ മാത്യൂസ് മാർ അത്താനാസിയോസിന്റെ മരണത്തെ തുടർന്ന് അനന്തരവനായ തോമസ് അത്താനാസിയോസ് നവീകരണ കക്ഷിയുടെ മലങ്കര മെത്രാപ്പോലീത്തയായി ചുമതലയേൽക്കുകയും സഭാ സ്വത്തുക്കളുടെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗങ്ങളും തർക്കപരിഹാരത്തിന് കോടതി വ്യവഹാരത്തിലേക്ക് നീങ്ങി. വട്ടിപ്പണക്കേസ്, ഒന്നാം സമുദായ കേസ് എന്നെല്ലാം ഇത് അറിയപ്പെട്ടു. 1889ലെ തിരുവിതാംകൂർ റോയൽ കോടതി വിധി നവീകരണ കക്ഷിക്ക് പ്രതികൂലമായതോടെ തോമസ് അത്താനാസിയോസിന് ഔദ്യോഗിക വസതിയായ കോട്ടയം പഴയ സെമിനാരിയും സഭാ സ്വത്തുക്കളും വട്ടിപ്പണത്തിന് മേലുള്ള അവകാശവും സഭയിലെ പാത്രിയാർക്കീസ് അനുകൂല വിഭാഗത്തിന് കൈമാറേണ്ടതായി വന്നു.
തോമസ് അത്താനാസിയോസിനോട് വിശ്വസ്തത പുലർത്തിയിരുന്ന നവീകരണ കക്ഷിക്കാർ പിന്നീട് മലങ്കര മാർത്തോമ്മാ സുറിയാനി സഭ എന്ന പേരിൽ, ഒരു സ്വയംശീർഷക സ്വതന്ത്ര നവീകൃത സുറിയാനി സഭയായി രൂപപ്പെട്ടു. സഭയ്ക്ക് സ്വതന്ത്രമായ ഭരണസംവിധാനവും ദൈവാലയങ്ങളും സ്ഥാപനങ്ങളും ക്രമീകരിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ഇദ്ദേഹം ആധുനിക മാർത്തോമ്മാ സഭയുടെ സ്ഥാപകനായി അറിയപ്പെടുന്നു.[2][3]
അവലംബം
[തിരുത്തുക]- ↑ "His Grace the Most Rev Thomas Mar Athanasius Metropolitan".
- ↑ Pallikunnil, Jameson K. (2017-03-20). The Eucharistic Liturgy: A Liturgical Foundation for Mission in the Malankara Mar Thoma Syrian Church (in ഇംഗ്ലീഷ്). AuthorHouse. ISBN 978-1-5246-7652-0.
- ↑ Thomas, John (2020-12-02). THE MAR THOMA STORY: The Story of the Apostle: St. Thomas and The Syrian Christians (in ഇംഗ്ലീഷ്). Notion Press. ISBN 978-1-64760-817-0.