മുളന്തുരുത്തി സുന്നഹദോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലങ്കര സഭയിൽ 1876-ൽ വിളിച്ചുകൂട്ടപ്പെട്ട പ്രാദേശിക സുന്നഹദോസ് ആണ് മുളന്തുരുത്തി സുന്നഹദോസ് (1876 ജൂൺ 28 മുതൽ 30 വരെ) [1]. ഉദയം‌പേരൂർ സുന്നഹദോസിനു ശേഷം മലങ്കര സഭാംഗങ്ങൾ പങ്കെടുത്ത ആദ്യ സുന്നഹദോസ് കൂടിയാണിത്. അന്ത്യോഖ്യാ പാത്രിയർക്കീസ് ആയിരുന്ന ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ പാത്രിയർക്കീസ് ആണ് സുന്നഹദോസ് വിളിച്ചുകൂട്ടിയതും നേതൃത്വം നൽകിയതും. അദ്ദേഹത്തിനൊപ്പം മലങ്കര സഭയിലെ നവീകരണവിരുദ്ധ വിഭാഗത്തിലെ മെത്രാപ്പൊലീത്തയായിരുന്ന പുലിക്കോട്ടിൽ മാർ ദീവന്നാസ്യോസും അബ്ദേദ് ആലോഹോ ഗ്രിഗോറിയോസ് (പിന്നീട് പാത്രിയർക്കീസ്) എന്ന സുറിയാനി മെത്രാപ്പൊലീത്തയും സുന്നഹദോസിൽ സംബന്ധിച്ചു.[2]

എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ സ്ഥിതി ചെയ്യുന്ന മാർത്തോമൻ പള്ളിയിൽ വെച്ച് നടന്നതിനാലാണ് ഈ സുന്നഹദോസിന് മുളത്തുരുത്തി സുന്നഹദോസ് എന്ന പേരു വന്നത്.[3]

തീരുമാനങ്ങൾ[തിരുത്തുക]

സുന്നഹദോസിലെ പ്രധാന തീരുമാനങ്ങൾ ക്രോഡീകരിച്ച രേഖയെ മുളന്തുരുത്തി പടിയോല എന്നും വിളിക്കുന്നു. നവീകരണ സിദ്ധാന്തങ്ങളെ തള്ളിക്കളഞ്ഞ സുന്നഹദോസ് മലങ്കര സഭയിലെ ഭൂരിഭാഗത്തെ സുറിയാനി ഓർത്തഡോക്സ് വിശ്വാസത്തിൽ നിലനിർത്തുന്നതിനും നവീകരണ വിഭാഗത്തെ സഭയിൽ നിന്ന് മാറ്റുന്നതിനും ശ്രദ്ധ നൽകി. എന്നാൽ അന്ത്യ്യോഖ്യ പാത്രിയർക്കീസിന്റെ അധികാരം മലങ്കര സഭയുടെ മേൽ അടിച്ചേൽ‌പ്പിക്കുന്നതിലും ഈ സുന്നഹദോസ് കാരണമായി എന്നും വാദിക്കുന്നവരുണ്ട്.

സുന്നഹദോസ് എടുത്ത മറ്റൊരു പ്രധാന തീരുമാനം മലങ്കരയിലെ മെത്രാപ്പൊലീത്തയുടെ സ്ഥാനത്തെ സംബന്ധിച്ചാണ്. ഒരു മെത്രാപ്പൊലീത്ത സഭയിൽ നവീകരണവാദത്തിൽ ആകൃഷ്ടനായി സഭ മുഴുവൻ തർക്കത്തിൽ മുഴുകിയതുപോലെ ഒരു അവസ്ഥ ഇനിയും ഉണ്ടാവാതെ ഇരിക്കുവാൻ പരുമല മാർ ഗ്രീഗോറിയോസ് അടക്കമുള്ള ആറ് മെത്രാപ്പൊലീത്തന്മാരെ വാഴിക്കുന്നതിനും മലങ്കര സഭയെ ഏഴ് ഭദ്രാസനങ്ങളാക്കി വേർതിരിക്കുന്നതിനുമുള്ള തീരുമാനം ഈ സുന്നഹദോസ് എടുക്കുകയുണ്ടായി. കേരളത്തിൽ പലഭാഗങ്ങളിൽ നിന്നായി 103 ദേവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ സംബന്ധിക്കുകയും ഇവരിൽ നിന്ന് ആദ്യമായി സഭയ്ക്ക് ഒരു വൈദികേതര ഭരണ കമ്മിറ്റി രൂപികരിക്കപ്പെടുകയും ചെയ്തു.[4]

അവലംബം[തിരുത്തുക]

  1. http://www.syriacchristianity.info/PARAVUR/mulunthuruthy_padiyola.htm
  2. Visvanathan, Susan (1993). The Christians of Kerala : history, belief and ritual among the Yakoba. India: Oxford University Press. p. 31. ISBN 9781118759332.
  3. T. K. Balakrishna Menon, ed. (1946). The Travancore Law Journal. India. p. 155-156.{{cite book}}: CS1 maint: location missing publisher (link)
  4. http://www.syriacchristianity.info/PARAVUR/mulunthuruthy_padiyola.htm