അഹത്തള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിറിയക്കാരനായിരുന്ന ഒരു മെത്രാപ്പോലീത്തയായിരുന്നു അഹത്തള്ള (1590 - സി. 1655). 1652-ൽ ഇന്ത്യയിലേക്കുള്ള യാത്രയുടെ പേരിൽ പ്രധാനമായും പ്രശസ്തനായ അദ്ദേഹം, ഒരു ഘട്ടത്തിൽ താൻ അന്ത്യോഖ്യയുടെ കാനോനിക പാത്രിയർക്കീസായ ഇഗ്നാത്തിയോസ് അഹത്തള്ളയാണ് എന്ന് അവകാശപ്പെട്ടു. അതു പോലെ ഇന്ത്യയിലായിരുന്ന അവസരത്തിൽ അദ്ദേഹം "മുഴുവൻ ഇന്ത്യയുടെയും ചൈനയുടെയും പാത്രിയർക്കീസ്" എന്ന് അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദങ്ങൾ അതിശയോക്തിപരമാണെന്ന് കരുതാം. പോർച്ചുഗീസ് ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശവും ദുരൂഹമായ തിരോധാനവും ഇവിടെ വലിയ കോളിളക്കമുണ്ടാക്കി. അത് പോർച്ചുഗീസുകാരുടെ സഭാ ഭരണത്തിനെതിരെ മാർത്തോമാ ക്രിസ്ത്യാനികൾ നടത്തിയ കൂനൻ കുരിശ് കലാപത്തിൽ കലാശിച്ചു.

ജീവചരിത്രം[തിരുത്തുക]

അഹത്തള്ളയുടെ ജീവചരിത്രം അവ്യക്തമാണ്. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ആരാണ് അയച്ചത് എന്നതിനെ പറ്റി ചരിത്രകാരന്മാരുടെ ഇടയിൽ ഏകാഭിപ്രായമില്ല. അതു പോലെ തന്നെ അദ്ദേഹത്തിന്റെ അന്ത്യത്തെപ്പറ്റിയും അവ്യക്തകൾ നിറഞ്ഞ വിവിധ ഭാഷ്യങ്ങൾ നിലനിൽക്കുന്നു. ലെബനീസ് പൗരസ്ത്യപണ്ഡിതനായ ജോസഫ് സൈമൺ അസെമാനി, എഡ്വേർഡ് റെനെ ഹാംബി എന്നിവരുൾപ്പെടെ മുമ്പ് പല പണ്ഡിതന്മാരും മാർ അഹത്തള്ള സുറിയാനി ഓർത്തഡോക്സ് സഭയിലെ അംഗമായ യാക്കോബായനാണെന്ന് വിശ്വസിക്കുന്നു.[1] എന്നിരുന്നാലും, പിന്നീട് വത്തിക്കാനിലെയും ഗോവയിലെയും ആർക്കൈവുകളിൽ നിന്ന് ലഭിച്ച കൂടുതൽ രേഖകളെ ആശ്രയിച്ച് കത്തോലിക്കാ പുരോഹിതനും സഭാചരിത്രകാരനുമായ ജോസഫ് തെക്കേടത്ത് നടത്തിയ ഗവേഷണത്തിൽ അഹത്തള്ളയുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായതായി അവകാശപ്പെടുന്നുണ്ട്.[1] ജോസഫ് തെക്കേടത്തിന്റെ അഭിപ്രായ പ്രകാരം 1590-ൽ സിറിയയിലെ ആലപ്പോയിൽ ജനിച്ച അഹത്തള്ള സുറിയാനി ഓർത്തഡോക്സ് സഭയിലെ അംഗമായിരുന്നു. ഒടുവിൽ ദമാസ്കസിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. അവിടെവെച്ച് അദ്ദേഹം റോമിന്റെ അധികാരത്തിന് കീഴടങ്ങി, 1632-ന്റെ മധ്യത്തിൽ റോമിലെത്തി. ആ വർഷവും പിന്നെ അല്പകാലവും കൂടി റോമിൽ ചെലവഴിച്ച അദ്ദേഹം ഇറ്റാലിയൻ നല്ല ഒഴുക്കോടെ സംസാരിക്കാൻ പഠിച്ചു. അതിനു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെട്ട അദ്ദേഹം സുറിയാനി ഓർത്തഡോക്സ് സഭയുടെ അന്നത്തെ പാത്രിയർക്കീസായിരുന്ന ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോ (ഇഗ്നാത്തിയോസ് ഹിദായത്തുള്ള)യെ റോമൻ അധികാരത്തിനു കീഴിൽ കൊണ്ടുവരാമെന്ന് വാഗ്ദാനം നൽകി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അവ്യക്തമാണ്.[2]

ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോ പാത്രിയർക്കീസിന്റെ നിര്യാണത്തെത്തുടർന്ന് നടന്ന പാത്രിയർക്കാ തെരഞ്ഞെടുപ്പിൽ ദമാസ്കസ് മെത്രാപ്പോലീത്തയായിരുന്ന മാർ അഹത്തള്ളയും ആലെപ്പോ മെത്രാപ്പോലീത്തയായിരുന്ന ശീമോനും ആയിരുന്നു മത്സരിച്ചത്.[അവലംബം ആവശ്യമാണ്] തുർക്കി സുൽത്താന്റെ പിന്തുണയുണ്ടായിരുന്ന ശീമോൻ പാത്രിയർക്കീസായി അംഗീകരിക്കപ്പെട്ടു. ഇത് അംഗീകരിക്കാൻ മാർ അഹത്തള്ള തയ്യാറായില്ല. അദ്ദേഹം സ്വയം ഇഗ്നാത്തിയോസ് എന്ന പാത്രിയർക്കാ സ്ഥാനപ്പേര് സ്വീകരിച്ചു. എന്നാൽ സുൽത്താന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ ഉസ്മാനിയാ സാമ്രാജ്യത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായി.[1][3]

ഇന്ത്യയിലേക്കുള്ള ആഗമനവും തിരോധാനവും തുടർസംഭവങ്ങളും[തിരുത്തുക]

1599 ലെ ഉദയംപേരൂർ സൂനഹദോസ് മുതൽ ഇന്ത്യയിലെ ക്രൈസ്തവസഭയെ മുഴുവൻ ഔദ്യോഗികമായി നിയന്ത്രിച്ചിരുന്ന പോർച്ചുഗീസ് പാദ്രുവാദോ ഭരണത്തിൽ നിന്ന് തങ്ങളെ മോചിപ്പിക്കാൻ ഒരു പുതിയ സുറിയാനി മെത്രാപ്പോലീത്തയെ കാത്തിരിക്കുകയായിരുന്നു കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾ. അതിനായി അവർ വ്യാപാരികൾ മുഖേന ബാബിലോണിലെ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച ഒരു കത്ത് ഇതിനിടെ അഹത്തള്ളയുടെ പക്കൽ എത്തിച്ചേർന്നു. തന്റെ സ്വാധീനം ശക്തമാക്കാൻ ശ്രമിച്ചുപോന്ന അദ്ദേഹം, മാർത്തോമാ ക്രിസ്ത്യാനികളുടെ കത്തിനോട് അനുകൂലമായി പ്രതികരിച്ചു. അതിൻപ്രകാരം അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.[4] അഹത്തള്ള ആദ്യം എത്തിയത് സൂറത്ത് തുറമുഖത്തായിരുന്നു. ഇതറിഞ്ഞ മാർത്തോമാ ക്രിസ്ത്യാനികൾ ആഹ്ലാദഭരിതരായി അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.[5] [6][7] അദ്ദേഹം, കേരളത്തിലെ മാർത്തോമാ നസ്രാണികൾക്ക് അവരെ ഭരിക്കുന്നതിന് മാർപ്പാപ്പയിൽ നിന്ന് ലഭിച്ച അധികാരത്തോടുകൂടെയാണ് താൻ എത്തിയിരിക്കുന്നെന്നും രണ്ടു പട്ടക്കാരും നാല്പതു ശെമ്മാശന്മാരും കൂടെ മൈലാപ്പൂരിൽ നിന്ന് തന്നെ ക്രമപ്രകാരം ആനയിച്ച് കൊണ്ടുവരണമെന്നും, അവർക്ക് സന്ദേശം അയച്ചു.[8]

ഇതാ, അഖിലേന്ത്യയിലെയും ചൈനയിലെയും പാത്രിയർക്കീസായിരിക്കുന്ന ​​ഇഗ്നാത്തിയോസ്, നിങ്ങളുടെ സ്ഥലത്ത് നിന്ന് ഇവിടെയെത്തിയ പുരോഹിതന്മാർ വഴി നിങ്ങൾക്ക് ഈ കത്ത് അയയ്ക്കുന്നു. നിങ്ങൾ ഈ കത്ത് വായിച്ചുകഴിഞ്ഞാൽ നമുക്കുവേണ്ടി രണ്ട് പുരോഹിതന്മാരെയും നാൽപത് ആളുകളേയും ഉത്സാഹത്തോടെ നിങ്ങൾ അയയ്ക്കുക. അവരെ നിങ്ങളുടെ സ്ഥലത്തുനിന്ന് ജാഗ്രതയോടെയും വേഗത്തിലും അയയ്‌ക്കാനും നിങ്ങൾ സന്നദ്ധരായാൽ നിങ്ങളുടെ ആളുകളെ കണ്ട് ഇവർ നമ്മെ തടയാതെ വിട്ടയക്കും. ധാരാളം ആളുകൾ ഇവിടെയെത്തുന്നുണ്ടെന്നും പുരോഹിതന്മാർ നമ്മെ നിങ്ങളുടെ ദേശത്തേക്ക് സ്ഥലത്തേക്ക് കൊണ്ടുവരുമെന്നും കരുതി നാം മൈലാപ്പൂർ നഗരത്തിലെത്തി. നമ്മുടെ കർത്താവിന്റെ വർഷം 1652-ൽ, ഓഗസ്റ്റ് മാസം, തിങ്കളാഴ്ച, ഞാൻ മൈലാപ്പൂരിൽ ഈശോസഭക്കാരുടെ ആശ്രമത്തിലെത്തി. നാം താമസിക്കുന്ന അതേ ആശ്രമത്തിൽ, അവർ നമ്മെ വളരെയധികം സഹായിക്കുന്നുണ്ട്; അവരുടെ പ്രതിഫലം ഇവിടെയും അവിടെയും വർദ്ധിക്കട്ടെ. അവരോടും നിങ്ങളോടും നമ്മോടും കൂടെ ഇപ്പോഴും എപ്പോഴും സമാധാനമുണ്ടായിരിക്കട്ടെ. ആമേൻ. എന്ന് നാം, ഇഗ്നാത്തിയോസ്, അഖിലേന്ത്യയുടെയും ചൈനയുടെയും പാത്രിയർക്കീസ്.[8]

അഹത്തള്ളയുടെ വരവ് മാർത്തോമാ ക്രിസ്ത്യാനികളെ അതിയായി സന്തോഷിപ്പിച്ചു എന്നിരുന്നാലും, താമസിയാതെ, ഈശോസഭക്കാരനായ മാനോവേൽ ഡി ലെയ്‌റ, അഹത്തള്ളയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പോർച്ചുഗീസ് അധികൃതരെ രഹസ്യമായി വിവരം ധരിപ്പിക്കുകയും അങ്ങനെ അവരുടെ നിർദേശപ്രകാരം അദ്ദേഹത്തെ കൊച്ചിയിലേക്കും ഗോവയിലേക്കും പോകുന്ന ഒരു കപ്പലിൽ കയറ്റിവിടുകയും ചെയ്തു.[9] ഇത് അറിഞ്ഞ ഉടനെ ആർച്ച്ഡീക്കൻ തോമാ തന്റെ സൈന്യത്തെ കൊച്ചിയിലേക്ക് നയിച്ചു. അവിടെവച്ച് അഹത്തള്ളയുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹത്തിൻറെ നിയമനപത്രങ്ങൾ പരിശോധിക്കാനും ആർച്ചുഡീക്കൻ അനുമതി തേടി. എന്നാൽ പോർച്ചുഗീസ് അധികൃതർ വിസമ്മതിച്ചു. പോർച്ചുഗീസുകാരുടെ അംഗീകാരം കൂടാതെ ഒരു പാത്രിയർക്കീസിനെയും നിയമപരമായി ഇന്ത്യയിലേക്ക് നിയോഗിക്കാൻ കഴിയില്ലെന്ന് അവർ പ്രസ്താവിച്ചു. അഹത്തള്ളയെ ഇതിനോടകം ഗോവയിലേക്ക് അയച്ചുകഴിഞ്ഞു എന്നും ആർച്ചുഡീക്കൻ തോമായെ അവർ അറിയിച്ചു.[10]

അഹത്തള്ളയെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇന്ത്യയിൽ നിന്ന് കേട്ടിട്ടില്ല, മാർത്തോമാ ക്രിസ്ത്യാനികൾ പോർച്ചുഗീസുകാർ അദ്ദേഹത്തെ കൊലപ്പെടുത്തിയതായി സംശയിച്ചു. അഹത്തള്ളയെ പ്രവേശിപ്പിച്ചിരുന്ന കപ്പൽ ഗോവയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി പോർച്ചുഗീസുകാർ കൊച്ചി തുറമുഖത്ത് അദ്ദേഹത്തിൻറെ കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ താഴ്ത്തി അല്ലെങ്കിൽ അവർ അദ്ദേഹത്തെ മതവിചാരണ ചെയ്യുകയും സ്‌തംഭത്തിൽ കത്തിക്കുകയും ചെയ്തുവെന്ന അഭ്യൂഹങ്ങൾ പരന്നു. പട്ടണത്തിലുണ്ടാകാവുന്ന ആക്രമണം തടയുന്നതിനായി, നിർഭാഗ്യവാനായ അഹത്തള്ള ആകസ്മികമായി മുങ്ങിമരിച്ചതാണെന്ന കഥ പോർത്തുഗീസുകാരും പ്രചരിപ്പിച്ചു.[11]

ഗോവയിൽ വെച്ചുള്ള മതവിചാരണയിൽ അഹത്തള്ളയെ മതവിരുദ്ധനായി കുറ്റം വിധിക്കുകയുണ്ടായി എന്ന് കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയും ഗ്രന്ഥകാരനും ആയ മാർ അപ്രേം അഭിപ്രായപ്പെടുന്നു.[12] ജോസഫ് തെക്കേടത്തിന്റെ പഠനറിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സ്റ്റീഫൻ നീൽ ഇപ്രകാരം അഭിപ്രായപ്പെടുന്നു: മതവിരുദ്ധതയുടെ ക്രമക്കേടുകൾ സംശയിക്കപ്പെട്ടിട്ടുള്ള മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, യാത്രാമധ്യേ പാരീസിൽ വെച്ച് (1654-ൽ) അന്തരിച്ചു.[13]

അഹത്തള്ളയുടെ മരണത്തിന്റെ കിംവദന്തി പരന്നശേഷം മാർത്തോമാ ക്രിസ്ത്യാനികളുടെ പ്രതിനിധികൾ മട്ടാഞ്ചേരിയിലെ കന്യകാമറിയത്തിന്റെ പള്ളിയിൽ ഒത്തുകൂടി തങ്ങൾ ഇനി ഒരിക്കലും പോർച്ചുഗീസുകാരായ ഈശോസഭാ വൈദികർക്ക് (സാൻപാളൂർ പാതിരിമാർക്ക്) വിധേയപ്പെടില്ല എന്ന് പ്രതിജ്ഞചെയ്തു. ഈ നടപടിയിലൂടെ, പോർട്ടുഗീസ് അധീശത്വത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അഹത്തള്ള വഹിക്കുമെന്ന് അവർ നേരത്തെ കരുതിയിരുന്ന മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ആർച്ച്ഡീക്കൻ തോമായെ ഉയർത്തണമെന്ന് അവരുടെ നേതാക്കൾ ഇടപ്പള്ളി പള്ളിയിൽവച്ച് യോഗം ചേർന്ന് തീരുമാനിച്ചു. ഇതിന് നേതൃത്വംനൽകിയ മുതിർന്ന പുരോഹിതന്മാരിലൊരാളായ ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ, അഹത്തള്ളയെഴുതിയത് എന്ന വ്യാജേന രണ്ട് കത്തുകൾ ഹാജരാക്കി, പന്ത്രണ്ട് കത്തനാർമാർ ചേർന്ന് മെത്രാനെ വാഴിക്കുന്നതിന്, ഒരു ചടങ്ങ് അതിൽ വിശദീകരിച്ചു.[14] ഈ കത്തുകൾ അനുസരിച്ച്, മെത്രാഭിഷേകംചെയ്യാൻ ഒരു മെത്രാനെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, പന്ത്രണ്ട് കത്തനാർമാർചേർന്ന് സ്ഥാനാർത്ഥിയുടെ തലയിൽ കൈവയ്പ് നടത്തി മെത്രാഭിഷേകം ചെയ്യാമെന്ന് പരാമർശം ചേർത്തു.[1][15] സ്റ്റീഫൻ നീലിന്റെ അഭിപ്രായത്തിൽ, ഈ കത്തുകൾ മിക്കവാറും ആധികാരികമല്ല, മാത്രമല്ല ഇട്ടിത്തൊമ്മൻ തന്നെ ചമച്ച വ്യാജരേഖകൾ ആകാം.[1][14] ഈ വിചിത്രമായ ചടങ്ങിനെക്കുറിച്ച് ചിലർക്ക് സംശയമുണ്ടായിരുന്നു, പക്ഷേ അഹത്തള്ളയുടെ പ്രശസ്തിയും അദ്ദേഹത്തിൻറെ ആഗമനം മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിലുണ്ടാക്കിയ ആവേശകരമായ മാനസികാവസ്ഥയും ഇട്ടിത്തൊമ്മൻ കത്തനാർ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് ഉറപ്പാക്കി. അഹത്തള്ളയുടെ കത്തുകളിൽ ഒന്ന് ആർച്ചുഡീക്കൻ തോമ്മായുടെ ശിരസ്സിൽ വച്ചശേഷം പന്ത്രണ്ട് വൈദികർ കത്തിൽ പ്രതിപാദിച്ച അഭിഷേകക്രമം നടത്തി ആർച്ചുഡീക്കനെ മാർത്തോമാ ഒന്നാമൻ എന്ന പേരിൽ മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു.[14]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 Vadakkekara, pp. 80–81 and note.
 2. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (ഭാഷ: ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 317. While there, he made his submission to Rome, and arrived in Rome itself about the middle of the year 1632. During the year and more that he spent in Rome he learned to speak Italian fluently. He asked to be sent back to his own country, promising that he would bring the patriarch Hidayat Allah over to the Roman obedience.
 3. Neill, pp. 316–317.
 4. Neill, pp. 316–317.
 5. Neill, pp. 316–317.
 6. Neill, p. 316.
 7. Neill, p. 316.
 8. 8.0 8.1 Kollamparambil, Dr Jacob (1981). The St. Thomas Christian Revolution 1653. Catholic Bishop's House Kottayam. p. foot note 38.
 9. Frykenberg, p. 367.
 10. Frykenberg, p. 367–368.
 11. (മാർ), അപ്രേം (1983). The Chaldean Syrian Church of the East (ഭാഷ: ഇംഗ്ലീഷ്). I.S.P.C.K. for the National Council of Churches in India. p. 23. In order to prevent any attack on the town, they spread the less palatable story that the unfortunate prelate had been accidently drowned.
 12. (മാർ), അപ്രേം (1983). The Chaldean Syrian Church of the East (ഭാഷ: ഇംഗ്ലീഷ്). I.S.P.C.K. for the National Council of Churches in India. p. 23. Ahatallah was condemned as a heretic by the Inquisition of Goa.
 13. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (ഭാഷ: ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 319. Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way.
 14. 14.0 14.1 14.2 Neill, pp. 320–321.
 15. Vadakkekara, p. 82.
"https://ml.wikipedia.org/w/index.php?title=അഹത്തള്ള&oldid=3547839" എന്ന താളിൽനിന്ന് ശേഖരിച്ചത്