Jump to content

കൂനൻ കുരിശുസത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Coonan Cross Oath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മാർ തോമാ നസ്രാണികൾ തങ്ങളുടെ സഭയെ പോർട്ടുഗീസുകാരും ജെസ്യൂട്ട് പാതിരിമാരും റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വരുത്തുവാൻ നടത്തിയ പീഡനങ്ങൾക്കെതിരെ 1653 ജനുവരി 3-ന് കൊച്ചിക്ക് സമീപമുള്ള മട്ടാഞ്ചേരിയിൽ വെച്ച് പരസ്യമായി എടുത്ത പ്രതിജ്ഞയാണ് കൂനൻ കുരിശുസത്യം അഥവാ കൂനൻ കുരിശ് പ്രതിജ്ഞ (ഇംഗ്ലീഷ്: Coonan Cross Oath) എന്ന് അറിയപ്പെടുന്നത്. ഈ സംഭവം കൂനൻ കുരിശ് കലാപം എന്ന് അറിയപ്പെടുന്നു. ഒരു പക്ഷേ, വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തുനില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.[1] ചില ചരിത്രകാരന്മാർ കൂനൻ കുരിശുസത്യം മുഖ്യമായും പോർട്ടുഗീസുകാർക്കും അവരുടെ വക്താക്കളായ ജെസ്യൂട്ട് മിഷണറിമാർക്കും എതിരായുള്ള പ്രതിഷേധമായിരുന്നു[2][3] എന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റ് ചില ചരിത്രകാരന്മാർ ഇത് അന്നത്തെ റോമൻ കത്തോലിക്കാ സഭയുടെ മേൽക്കോയ്മക്ക് എതിരെയുള്ള പ്രതിഷേധവും[3] അതോടൊപ്പം തങ്ങളുടെ പുരാതനസഭയെ അതിന്റെ മുമ്പുണ്ടായിരുന്ന എല്ലാ സ്വാതന്ത്യത്തോടും കൂടി പുനഃസ്ഥാപിക്കുവാനുള്ള മാർ തോമാ നസ്രാണികളുടെ അദമ്യമായ അഭിവാഞ്ജയുടെ പ്രതിഫലനവും ആയിരുന്നു എന്നും നിരീക്ഷിക്കുന്നു.[4]

2,500-ഓളം വരുന്ന വിശ്വാസികൾ[5] കുരിശിൽ വടം കെട്ടി അതിൽ പിടിച്ച് ഒരേ സമയം സത്യം ചെയ്യുക വഴിയായി ഭാരം കാരണം കുരിശു ഒരു വശത്തേക്ക് വളഞ്ഞുവെന്ന് പറയപ്പെടുന്നു. അത് കൊണ്ട് ഈ സംഭവം കൂനൻ കുരിശുസത്യം എന്ന പേരിൽ അറിയപ്പെടുന്നു.[6][7]

ചരിത്രം

മട്ടാഞ്ചേരി പള്ളി

മാർ തോമാ നസ്രാണികൾ (ചുരുക്കത്തിൽ നസ്രാണികൾ) അഥവാ മാർത്തോമാ ക്രിസ്ത്യാനികൾ എന്ന് അറിയപ്പെട്ടിരുന്ന കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികൾ മാർ തോമാ ശ്ലീഹായാൽ ഒന്നാം നൂറ്റാണ്ടിൽ ക്രൈസ്തവരാക്കപ്പെട്ടു എന്ന് വിശ്വസിച്ചിരുന്ന തദ്ദേശിയരും അവരോടൊപ്പം മധ്യ-പൗരസ്ത്യ ദേശത്ത് നിന്നും ഇവിടെ കുടിയേറി പാർത്തവരുടെ പിന്മുറക്കാരായ ഒരു ചെറിയ വിഭാഗവും ഉൾപ്പെട്ടിരുന്നു. പ്രാദേശികമായ ആചാരങ്ങൾ അവർക്കിടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു. ഹിന്ദുക്കളായ അദ്ധ്യാപകരുടെ കീഴിൽ അവർ വിദ്യ അഭ്യസിച്ചിരുന്നു. രാജാക്കന്മാരിൽ നിന്ന് അവർക്ക് പ്രത്യേകം പരിഗണനകൾ കിട്ടിയിരുന്നു. കച്ചവടത്തിൽ അവർ പ്രാമാണ്യം നേടിയിരുന്നു.[8] ക്രിസ്തുമതം കേരളത്തിൽ വളരെ പെട്ടന്ന് പ്രചരിച്ചു.[8] പള്ളി കേരളത്തിലെ സാമൂഹിക ജീവിതത്തിൽ ഉറപ്പുറ്റ ഒരു സ്ഥാപനവുമായി.[8] പള്ളികളുടെ ഘടനയിലും ആചാരങ്ങളിലും കേരള സംസ്കാരത്തിന്റെ സ്വാധീനത പലതരത്തിൽ പ്രകടമായി.[8] കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹത്തിന് പേർഷ്യ, സിറിയ, ഏഷ്യാമൈനർ തുടങ്ങിയ സ്ഥലങ്ങളിലെ പുരാതന ക്രൈസ്തവസമൂഹങ്ങളുമായി ബന്ധമുണ്ടായിരുന്നു.[9]

പേർഷ്യൻ സഭയുമായുള്ള ബന്ധവും ആർച്ച്ഡീക്കൻ പദവിയും

നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ സഭ പേർഷ്യയിലെ സഭയുമായി ബന്ധത്തിലെത്തി എന്ന് കരുതുന്നു. തെക്കേ ഇന്ത്യയും പേർഷ്യയും തമ്മിൽ നിലനിന്നിരുന്ന വ്യാപാരബന്ധങ്ങൾ കേരളത്തിലെ ക്രൈസ്തവ സമൂഹവും പേർഷ്യൻ സാമ്രാജ്യത്തിലെ സഭയും തമ്മിൽ ബന്ധം സ്ഥാപിക്കുവാൻ ഇടയാക്കി.[10][11] തോമാശ്ലീഹായാൽ സ്ഥാപിക്കപ്പെട്ടവയാണെന്നുള്ള ഇരു സഭകളുടെയും പൊതുവിശ്വാസം ഈ ബന്ധം ശക്തമാകാനുള്ള ഒരു ഘടകമായി കരുതപ്പെടുന്നു. എന്നാൽ പേർഷ്യയിലെ ഭരണാധികാരികൾ ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാൻ തുടങ്ങിയപ്പോൾ നിരവധി മെത്രാന്മാർ ഇന്ത്യയിലേയ്ക്ക് വന്നതാണ് ഇരുസഭകളും തമ്മിൽ ബന്ധത്തിലെത്താൻ കാരണമെന്നും അഭിപ്രായമുണ്ട്.[10][11] കേരളത്തിലെ സഭ തങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങൾക്കായി പേർഷ്യയിലെ കിഴക്കിന്റെ സഭയുടെ കാതോലിക്കാ-പാത്രിയർക്കീസ് നിയോഗിച്ചിരുന്ന മെത്രാന്മാരെ ആശ്രയിച്ചു വന്നിരുന്നു.[12] അങ്ങനെ മധ്യ-പൗരസ്ത്യ ദേശത്തു നിന്നുള്ള മെത്രാന്മാർ സഭാപരമായ കാര്യങ്ങളിൽ ആത്മീയാധികാരികളായിരുന്നപ്പോഴും കേരള സഭയുടെ പൊതുഭരണം നിയന്ത്രിച്ചിരുന്നത് അർക്കദ്യാക്കോൻ അഥവാ ആർച്ച്ഡീക്കൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന തദ്ദേശീയ പുരോഹിതനായിരുന്നു.[13] അദ്ദേഹത്തെ ജാതിക്കു കർത്തവ്യൻ എന്നും അറിയപ്പെട്ടിരുന്നു.[14] അദ്ദേഹത്തിനായിരുന്നു മാർ തോമാ നസ്രാണികളുടെ സാമുദായിക നേതൃത്വം.[14] ഒന്നിലേറെ വിദേശ മെത്രാന്മാർ നിലവിലിരുന്ന കാലഘട്ടങ്ങളിൽ പോലും അർക്കദ്യാക്കോൻ അഥവാ ആർച്ച്ഡീക്കൻ പദവിയിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.[15]സുറിയാനി ആരാധനാഭാഷയായി ഉപയോഗിച്ചിരുന്നതിനാൽ കാലക്രമേണെ[16] മാർത്തോമാ നസ്രാണികളെ സുറിയാനി ക്രിസ്ത്യാനികൾ എന്നും കൂടി അറിയപ്പെടാൻ ഇടയായി.[17]

പോർട്ടുഗീസ് മിഷണറിമാരുടെ ആഗമനം

1498-ൽ കോഴിക്കോട്ട് എത്തിയ വാസ്കോ ഡ ഗാമ തിരിച്ചു പോയതിന് ശേഷം 1500-ൽ പെഡ്രോ അൽവാരിസ് കബ്രാളിന്റെ നേതൃത്വത്തിൽ കേരളത്തിലെത്തിയ പോർട്ടുഗീസ് നാവിക സംഘത്തിൽ 19 പേരുൾപ്പെട്ട ഒരു മിഷണറി സംഘവും ഉണ്ടായിരുന്നു. അവരിൽ പകുതിയിലേറെ പേരും ഫ്രാൻസിസ്കൻ മിഷണറി വൈദികരായിരുന്നു. 1502-ൽ വാസ്കോ ഡ ഗാമ രണ്ടാം പ്രാവശ്യം കേരളത്തിൽ എത്തിയതിനു ശേഷം കൊച്ചിയിൽ വെച്ച് നസ്രാണികളുടെ ഒരു സംഘം അങ്കമാലി മെത്രാനായിരുന്ന മാർ യാക്കോബിനൊപ്പം അദ്ദേഹത്തെ ചെന്നു കാണുകയുണ്ടായി.[18] തങ്ങൾ തദ്ദേശീയരായ ക്രൈസ്തവരാണെന്നും ഒരേ മതവിശ്വാസം വെച്ചു പുലർത്തുന്നവർ എന്ന നിലയിലും ഇരുകൂട്ടരുടെയും നന്മക്കും സംരക്ഷണത്തിനുമായി ഔപചാരികമായ ഒരു സഖ്യത്തിലേർപ്പെടാൻ താത്പര്യപ്പെടുന്നുവെന്നും അറിയിച്ചു. ഈ സഖ്യത്തിന്റെ പ്രതീകം എന്ന നിലയിൽ നസ്രാണികൾ തങ്ങളുടെ കൈവശമുണ്ടായിരുന്ന വെള്ളി കെട്ടിയ അലങ്കാരപൂർണ്ണമായ ഒരു ചെങ്കോൽ ആചാരപൂർവ്വം ഗാമക്ക് സമ്മാനിച്ചു. ഒരു ഉപഹാരം എന്നതിനപ്പുറമായി ഇത് അവരുടെ സ്വയം സമർപ്പണത്തിന്റെയും പോർട്ടുഗീസ് അധികാരത്തോടുള്ള കീഴ്പ്പെടലിന്റെയും പ്രതീകമാണെന്ന് കരുതിയ ഗാമയും പോർട്ടുഗീസ് സംഘവും സസന്തോഷം ആ ചെങ്കോൽ സ്വീകരിച്ചു.[18]

ആദ്യമൊക്കെ പോർട്ടുഗീസ് മിഷണറിമാർ കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുമായി സൗഹാർദ്ദപരമായാണ് കഴിഞ്ഞിരുന്നതെങ്കിലും 1520-1530 കാലഘട്ടത്തോടു കൂടി ഇരുകൂട്ടരും തമ്മിലുള്ള ബന്ധം ഉലയുവാൻ തുടങ്ങി. പോർട്ടുഗീസുകാർ തങ്ങളുടെ സഭാപാരമ്പര്യങ്ങൾ ഇവിടുത്തെ ക്രിസ്ത്യാനികളുടെ മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങിയതാണ് ഇതിനു കാരണം. 1541-ൽ ഫ്രാൻസിസ്കൻ മിഷണറിമാർ കൊടുങ്ങല്ലൂരിൽ ദേവാലയം നിർമ്മിച്ചു. ഫ്രാൻസിസ്കൻ സഭക്കാരെ തുടർന്ന് 1542-ൽ ഈശോസഭക്കാരും (ജെസ്യൂട്ടകൾ / പൗലസ്ത്യർ) 1548-ൽ ഡൊമിനിക്കൻ സഭക്കാരും 1572-ൽ അഗസ്തീനിയൻ സഭക്കാരും ഇന്ത്യയിൽ എത്തി. ഇതിൽ ഈശോ സഭക്കാരാണ് മിഷണറിപ്രവർത്തനങ്ങൾക്ക് ഇവിടെ കൂടുതൽ വേരോട്ടം നൽകിയത്.[19] 1534-ൽ ഗോവാ രൂപത സ്ഥാപിതമായതോടെ ഇന്ത്യയിലെ ക്രൈസ്തവകേന്ദ്രം ഗോവയാക്കിത്തീർക്കാൻ പോർത്തുഗീസുകാർ ശ്രമിച്ചപ്പോൾ അവരുമായി ചേർന്നു ഈശോസഭക്കാരും ആ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. ഗുഡ് ഹോപ്പ് മുനമ്പ് മുതൽ ചൈന വരെ പോർട്ടുഗീസ് സർവ്വാധിപത്യമുള്ള സ്ഥലങ്ങളിലെ സഭാഭരണവും ഗോവയുടെ കീഴിൽ കൊണ്ടുവന്നു.[20] സഭയുടെ ആത്മീയ പരമാധികാരം റോമിലെ മാർപാപ്പയ്ക്കു തന്നെയായിരുന്നെങ്കിലും, പോർട്ടുഗീസ് ആധീന പ്രദേശങ്ങളിലെ സഭയുടെ ഭരണാധികാരം അഥവാ മെത്രാന്മാരെ നിയോഗിക്കലും മറ്റും പോർട്ടുഗീസ് രാജാവിന് വിട്ടു കൊടുത്തുകൊണ്ട് പദ്രുവാദോ എന്നറിയപ്പെട്ടിരുന്ന ഒരു ഉടമ്പടി നിലവിലുണ്ടായിരുന്നു.[21] റോമിലെ സഭാ നേതൃത്വവും പോർട്ടുഗീസുകാരും തമ്മിലുണ്ടാക്കിയ ഈ ഉടമ്പടി പ്രകാരം പോർട്ടുഗൽ രാജ്യാധിപന് അവരുടെ കൈവശത്തിലുള്ള പ്രദേശങ്ങളിലെ സഭാഭരണം നടത്തുവാനുള്ള അവകാശം സിദ്ധിച്ചിരുന്നു. പോർട്ടുഗീസുകാർക്ക് അഭിമതരായിരുന്ന ഈശോ സഭക്കാരായിരുന്നു ഇന്ത്യയിൽ ഇക്കാര്യങ്ങളിൽ മുൻകൈയെടുത്തു പ്രവർത്തിച്ചിരുന്നത്. അവർക്ക് കൊടുങ്ങല്ലൂരിലെ അമ്പഴക്കാട് എന്ന സ്ഥലത്ത് വൈദിക പഠനകേന്ദ്രവും ദേവാലയവും ഉണ്ടായിരുന്നു. ഇത് സെയിൻറ് പോൾസ് എന്നറിയപ്പെട്ടിരുന്നു. പ്രാദേശിക ഭാഷയിൽ ഇത് സെയിന്റ്പൊളൂർ എന്നും പിന്നീട് ഇന്നത്തെ സാമ്പാളൂർ എന്നും ആയി മാറി.[22][23] ഈശോസഭക്കാരെ അഥവാ ജസ്യൂട്ട് വൈദികരെ സാമ്പാളൂർ പാതിരിമാർ എന്നും പ്രാദേശികമായി അറിയപ്പെട്ടിരുന്നു.

പേർഷ്യൻ സഭയിലെ പിളർപ്പ്

ഇതിനിടെ 1552-ൽ പേർഷ്യയിലെ കിഴക്കിന്റെ സഭയിൽ പിളർപ്പുണ്ടായി. മാർ യോഹന്നാൻ സുലാഖയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കൽദായ കത്തോലിക്ക സഭ എന്ന പേരിൽ റോമിനോട് വിധേയത്വം പ്രഖ്യാപിച്ചു. അങ്ങനെ നെസ്തോറിയൻ എന്ന് വിളിക്കപ്പെട്ടിരുന്ന കിഴക്കിന്റെ കാതോലിക്കാ-പാത്രിയർക്കീസ് സ്ഥാനത്തിനു സമാന്തരമായി റോമുമായി കൂട്ടായ്മയിലുള്ള കൽദായ പാത്രിയർക്കാ സ്ഥാനവും നിലവിൽ വന്നു. കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ സഭയെ ഈ പിളർപ്പ് എങ്ങനെ ബാധിച്ചുവെന്ന് വ്യക്തമായി പറയാൻ സാധ്യമല്ല. പിളർപ്പിന് മുമ്പ് അവിഭക്ത പേർഷ്യൻ സഭയിൽ നിന്നും കേരളത്തിലെത്തിയ അവസാനത്തെ മെത്രാപ്പോലീത്ത മാർ യാക്കോബ് ആയിരുന്നു. 1552-ലെ സഭാ പിളർപ്പിന് തൊട്ടു മുൻപായി അദ്ദേഹം അന്തരിച്ചിരുന്നു. പിളർപ്പിനെ തുടർന്ന് ഇരു വിഭാഗവും അവരവരുടെ മെത്രാന്മാരെ കേരളത്തിലേക്ക് അയച്ചു തുടങ്ങി. അവരിൽ ആദ്യം കേരളത്തിലെത്തിയ പേർഷ്യൻ മെത്രാപ്പോലീത്ത മാർ അബ്രാഹം ആയിരുന്നു. നെസ്തോറിയൻ കാതോലിക്കാ-പാത്രിയർക്കീസ് ആയിരുന്ന ശിമയോൻ ഏഴാമൻ ദെൻഹയായിരുന്നു അദ്ദേഹത്തെ അയച്ചത്. ഏകദേശം ഇതേ കാലയളവിൽ തന്നെ കൽദായ കത്തോലിക്കാ പാത്രിയർക്കീസും മാർ യോഹന്നാൻ സുലാഖയുടെ പിൻഗാമിയും ആയിരുന്ന മാർ അബ്ദീശോ (മാർ യോഹന്നാൻ സുലാഖ ഇതിനിടെ (1555-ൽ) കൊല്ലപ്പെട്ടിരുന്നു) യോഹന്നാൻ സുലാഖയുടെ സഹോദരനെ മാർ യൗസേപ്പ് എന്ന മെത്രാപ്പോലീത്തയെ മലബാറിലേക്ക് നിയോഗിക്കുകയും ചെയ്തു. എന്നാൽ മലബാറിലെത്തെപ്പെടാൻ മാർ യൗസേപ്പിന് കാലതാമസം നേരിട്ടു. 1556-ൽ ഗോവയിലെത്തിയ അദ്ദേഹം അപ്രതീക്ഷിതമായി അവിടെ തടയപ്പെട്ടു. കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളെ മുഴുവൻ റോമിന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിൽ കൊണ്ടു വരണമെന്ന് ആഗ്രഹിച്ചിരുന്ന ഗോവയിലെ റോമൻ കത്തോലിക്ക സഭാധികാരികൾ ഒരു വിഭാഗത്തിലുമുള്ള പേർഷ്യൻ ബിഷപ്പുമാരെയും കേരളത്തിലേക്ക് കടത്തിവിടരുതെന്ന് തീരുമാനമെടുത്തിരുന്നു.[24] എന്നാൽ നെസ്തോറിയനായ മാർ അബ്രഹാമിന്റെ കേരളത്തിലെ സാന്നിധ്യം അലോസരപ്പെടുത്തിയിരുന്ന പോർട്ടുഗീസുകാർ കൽദായ കത്തോലിക്കാ വിഭാഗത്തിൽ പെട്ട മാർ യൗസേപ്പിനെ ഒടുവിൽ കേരളത്തിലേക്ക് വരാൻ അനുവദിച്ചു.[25]

അങ്ങനെ 1558 കാലഘട്ടത്തിൽ 'നെസ്തോറിയൻ' - 'കൽദായ' എന്നിങ്ങനെ എതിർവിഭാഗങ്ങളിൽ പെട്ട ഈ രണ്ടു പേർഷ്യൻ ബിഷപ്പുമാരും കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ ഒരേ സമയം പ്രവർത്തിക്കുകയും അതു കാരണം ഭിന്നതകളുണ്ടാകുകയും ചെയ്തു. മാർ യൗസേപ്പ് പോർട്ടുഗീസുകാരുടെ സഹായം തേടി. അവർ മാർ അബ്രഹമിനെ പിടികൂടി യൂറോപ്പിലേക്കു കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ അദ്ദേഹം തടവുചാടി. പോർട്ടുഗീസ് മേൽക്കോയ്മയിലിയിരുന്ന കേരളത്തിൽ മാർപ്പാപ്പയുടെ അംഗീകാരമില്ലാതെ നിലനിൽക്കാനാവില്ലെന്ന ബോധ്യമായ മാർ അബ്രാഹം ഉത്തര ഇറാക്കിലെ മൊസൂലിലെത്തി, മാർപ്പാപ്പയോടു വിധേയത്വം പ്രഖ്യാപിച്ചിരുന്ന കൽദായ പാത്രിയർക്കീസ് മാർ അബ്ദീശോയെ സമീപിച്ചു. മാർ അബ്രാഹമിനെ തങ്ങളുടെ സഭാ വിഭാഗത്തിന്റെ മെത്രാപ്പോലീത്തയായി സ്വീകരിച്ച അബ്ദീശോ പാത്രിയർക്കീസ് അദ്ദേഹത്തെ റോമിൽ മാർപ്പാപ്പയുടെ അടുക്കലേക്ക് അയച്ചു.[26] റോമിലെത്തിയ മാർ അബ്രാഹമിന് വീണ്ടും മെത്രാപ്പോലീത്തയായി പട്ടമേൽക്കേണ്ടതായി വന്നുവെങ്കിലും പിയൂസ് നാലാമൻ മാർപ്പാപ്പയിൽ നിന്നും ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അധികാരപത്രങ്ങൾ അദ്ദേഹം നേടിയെടുത്തു.[26] കേരളത്തിലെ മാർത്തോമ ക്രിസ്ത്യാനികളുടെ ഭരണചുമതല മാർ അബ്രാഹമിനും മാർ യൗസേപ്പിനുമായി വീതിച്ചു നൽകുവാൻ മാർപ്പാപ്പ അബ്ദീശോ പാത്രിയർക്കീസിനോട് നിർദ്ദേശിച്ചു. എന്നാൽ 1569-ൽ മാർ യൗസേപ്പ് അന്തരിച്ചതിനാൽ ഈ ഭരണവിഭജനം നടപ്പാക്കേണ്ടി വന്നില്ല. 1570-ൽ മാർ അബ്രഹം വീണ്ടും കേരളത്തിലെത്തി മാർത്തോമ ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായി അധികാരമേറ്റു. അതേസമയം മാർ അബ്രാഹം കൽദായ പക്ഷത്തേക്ക് കൂറു മാറിയതറിഞ്ഞ നെസ്തോറിയൻ പക്ഷത്തെ കാതോലിക്കാ-പാത്രിയർക്കീസ്, മാർ ശിമയോൻ എന്നൊരു മെത്രാപ്പോലീത്തയെ കേരളത്തിലേക്ക് അയച്ചു. എട്ടു വർഷത്തോളം മാർ ശിമയോൻ കേരളത്തിൽ പ്രവർത്തിച്ചെങ്കിലും 1584-ൽ അദ്ദേഹത്തെ പോർട്ടുഗീസുകാർ പിടികൂടി ലിസ്ബണിലേക്ക് അയക്കുകയും അവിടെ വെച്ച് 1599-ൽ അദ്ദേഹം മരണമടയുകയും ചെയ്തു.[27] അങ്ങനെ കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ മുഴുവൻ വൈദികമേലധ്യക്ഷൻ ആയി മാറിയ മാർ അബ്രാഹം തന്റെ താമസം കൊടുങ്ങല്ലൂരിൽ നിന്നും അങ്കമാലിയിലേക്ക് മാറ്റി സഭാഭരണം നടത്തി.

മാർത്തോമാ ക്രിസ്ത്യാനികളുടെ ഭരണം നേടാനുള്ള പോർട്ടുഗീസ് ശ്രമങ്ങൾ

1500കളുടെ ആദ്യപകുതിയിൽത്തന്നെ കിഴക്കൻ രാജ്യങ്ങളിലെ പോർട്ടുഗീസ് സ്വാധീന മേഖലകളിലെ സഭാഭരണത്തിന്റെ അവകാശം പോർട്ടുഗീസ് ഭരണാധികാരികൾക്ക് മാർപ്പാപ്പ അനുവദിച്ചുകൊടുത്തിരുന്നു. പദ്രുവാദോ സംവിധാനം എന്നറിയപ്പെട്ട ഈ ക്രമീകരണം അനുസരിച്ച് ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ പൂർണ്ണ അധികാരം പോർട്ടുഗീസുകാർ അവകാശപ്പെട്ടു. 1553-ൽ കൊച്ചി രൂപത സ്ഥാപിക്കുകയും അതിനെ ഗോവാ അതിരൂപതയുടെ കീഴിലാക്കുകയും ചെയ്തു. എന്നാൽ മാർത്തോമാ ക്രിസ്ത്യാനികൾ അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ അബ്രാഹമിന്റെ കീഴിൽ തന്നെ നിലകൊണ്ടു. 1597-ൽ മാർ അബ്രാഹം അന്തരിച്ചു. ഇത് അവസരമാക്കി ഗോവ ആർച്ച്ബിഷപ്പായിരുന്ന അലെക്സൊ ഡെ മെനസിസ് അങ്കമാലിയെ ഗോവയ്ക്കു കീഴിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മാർത്തോമാ ക്രിസ്ത്യാനികളുടെ ഭരണാധികാരിയായി ഫ്രാൻസിസ്കോ റോസ് എന്ന ജെസ്യൂട്ട് വൈദികനെ മെനസിസ് നിയമിച്ചു. പക്ഷേ ഇവിടുത്തെ ക്രൈസ്തവ പാരമ്പര്യമനുസരിച്ച് അങ്കമാലി രൂപതയുടെ ഭരണം അന്നത്തെ അർക്കദിയാക്കോനായിരുന്ന ഗീവർഗ്ഗീസ് ഏറ്റെടുത്തു കഴിഞ്ഞിരുന്നതിനാൽ മെനസിസിന് താൻ നിയമിച്ച ഭരണാധികാരിയെ പിൻവലിക്കേണ്ടി വന്നു. ഒപ്പം അർക്കദിയാക്കോന്റെ പുതിയ നിയോഗം അംഗീകരിക്കുകയും ചെയ്തു.[28] എന്നിരുന്നാലും മാർത്തോമാ ക്രിസ്ത്യാനികളെ നിരുപാധികം പോർച്ചുഗീസ് പദ്രുവാദോയുടെ അധികാരപരിധിൽ എത്തിക്കണമെന്ന് മെനസിസ് തീരുമാനിച്ചുറപ്പിച്ചു. ഇക്കാര്യത്തിൽ അദ്ദേഹം ഗോവയിലെ വെസ്രോയിയുടെയും കൊച്ചിയിലെ പോർട്ടുഗീസ് ക്യാപ്റ്റന്റെയും കൊച്ചി രാജാവിന്റെയും പിന്തുണ പിടിച്ചു പറ്റി.[28] ഒപ്പം പൗരസ്ത്യ മെത്രാന്മാർ ആരും തന്നെ ഇനി കേരളത്തിലേക്ക് കടന്നു വരാതിരിക്കുവാൻ തുറുമുഖങ്ങളിൽ പോർട്ടുഗീസുകാർ അതീവജാഗ്രതയും പുലർത്തി.[28]

ഉദയംപേരൂർ സുന്നഹദോസും തുടർന്നുള്ള ലത്തീൻവൽക്കരണങ്ങളും

1599 ജനുവരിയിൽ ആർച്ച് ബിഷപ്പ് മെനസിസ് കേരളത്തിലെത്തി. അദ്ദേഹത്തിന്റെ പ്രവർത്തികൾ പലതും അധികാരത്തിന്റേതായിരുന്നു. തങ്ങളുടെ അതിഥിയെന്ന നിലയിൽ എല്ലാ മര്യാദകളോടും അദ്ദേഹത്തെ സ്വീകരിക്കേണ്ടതും പള്ളികളിൽ ദിവ്യബലി അർപ്പിക്കുന്നതിനും പ്രബോധനങ്ങൾ നടത്തുന്നതിനും ഇടവകജനത്തെ ആശീർവദിക്കുന്നതിനുമൊക്കെ അദ്ദേഹത്തെ അനുവദിക്കേണ്ടതാണെങ്കിലും കല്പനകൾ പുറപ്പെടുവിക്കുന്നതും ശിക്ഷണ നടപടികൾ എടുക്കുന്നതും ക്ഷണം കൂടാതെ പള്ളികൾ സന്ദർശിക്കുന്നതും അനുവദിക്കാൻ പാടില്ലെത്തതുമായിരുന്നു മാർത്തോമാ ക്രിസ്ത്യാനികളുടെ നിലപാട്.[28] പക്ഷേ പ്രാദേശിക അധികാരികളുടെയും നാട്ടുകാരായ ചില വൈദികരുടെയും പിന്തുണ നേടാൻ മെനസിസിനായി. ഒപ്പം നിരവധി പേർക്ക് വൈദികപട്ടം നൽകി പിന്തുണ വർദ്ധിപ്പിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചു. നാലു മാസം പള്ളികൾ തോറും സന്ദർശനം നടത്തിയ മെനസിസ് കൊച്ചിക്കടുത്തുള്ള ഉദയം‍പേരൂർ എന്ന സ്ഥലത്ത് ഒരു സുന്നഹദോസ് വിളിച്ചു കൂട്ടി. ഇന്ത്യയിലെ ആദ്യത്തെ സുന്നഹദോസ് ഇതായിരുന്നു.[29] 1599 ജൂൺ 20 മുതൽ 26 വരെ നടന്ന ഈ സുന്നഹദോസിൽ ആർച്ച്ഡീക്കനും 153 കത്തനാർമാരും 660 അൽമായ പ്രതിപുരുഷന്മാരും മാർത്തോമാ ക്രിസ്ത്യാനികളെ പ്രതിനിധാനം ചെയ്തു. മാർത്തോമാ ക്രിസ്ത്യാനികളുടെ സഭാജീവിതത്തിൽ ഏറെ വ്യതിയാനങ്ങൾക്ക് കളമൊരുക്കിയ സംഭവമായി ഈ സുന്നഹദോസ് മാറി. ഇരുനൂറിലേറെ തീരുമാനങ്ങൾ കാര്യമായ ചർച്ചകൾ കൂടാതെ തന്നെ അംഗീകരിച്ച് എടുക്കപ്പെട്ടു.[30] ഈ സുന്നഹദോസിലെ തീരുമാനപ്രകാരം വിശ്വാസപ്രമാണത്തിൽ നിന്നും കൽദായ പാത്രിയർക്കീസിന്റെ പേരു മാറ്റി പകരം റോമിലെ മാർപ്പാപ്പയുടേതാക്കി. പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തെ കഴിയുന്നത്ര റോമൻ ആരാധനാക്രമത്തോട് സാമ്യമുള്ളതാക്കാൻ റോമൻ ആരാധനാ കലണ്ടർ ഉപയോഗിക്കുവാൻ നിർബന്ധിച്ചു. വിശുദ്ധ കുർബാനയിൽ ഉപയോഗിച്ചിരുന്ന തിയഡോറിന്റെയും നെസ്തോറിന്റെയും അനാഫറകൾ (ശുശ്രൂഷാക്രമങ്ങൾ) നിർത്തലാക്കി. മാർത്തോമാ ക്രിസ്ത്യാനികൾ വിശുദ്ധരായി കരുതി ബഹുമാനിച്ചിരുന്ന പേർഷ്യൻ മെത്രാന്മാരായ സാബോർ, പ്രോത്ത് എന്നിവർക്ക് പകരം റോമൻ കലണ്ടറിലുള്ള ഗർവ്വാസീസ്, പ്രോത്താസീസ് എന്നീ വിശുദ്ധരുടെ പേരുകൾ എഴുതി ചേർത്തു. അങ്ങനെ പരമ്പരാഗതമായി ഇവിടുത്തെ ക്രിസ്ത്യാനികളുടെ ഇടയിൽ നിലനിന്നിരുന്ന നിരവധി വിശ്വാസാചാരങ്ങളിലും സാമൂഹിക-സാംസ്കാരിക നടപടിക്രമങ്ങളിലും ഈ സുന്നഹദോസ് കാതലായ മാറ്റങ്ങൾ വരുത്തി.

ഉദയംപേരൂർ സുന്നഹദോസിനു ശേഷം 1599 നവംബർ വരെ കേരളത്തിൽ തങ്ങിയ മെനസിസ് പള്ളികളിൽ ചുറ്റി സഞ്ചരിച്ച് അവിടങ്ങളിൽ സൂക്ഷിക്കപ്പെട്ടിരുന്ന പരമ്പരാഗത ഗ്രന്ഥങ്ങൾ പരിശോധിക്കയും അദ്ദേഹത്തിന്റെ ബോധ്യത്തിനെതിരായവയെല്ലാം ചരിത്രരേഖകളടക്കം കത്തിച്ചുകളയുകയും ചെയ്ത ശേഷം ഗോവയിലേയ്ക്ക് തിരിച്ചു പോയി.[30] മാർത്തോമാ ക്രിസ്ത്യാനികളുടെ സഭാഭരണത്തിന്റെ തദ്ദേശിയവും പൗരസ്ത്യവുമായ ഘടകങ്ങൾ മാറ്റപ്പെട്ട് ഭരണ സംവിധാനം പോർട്ടുഗീസ് പുരോഹിതസമൂഹം ഏറ്റെടുത്തു.[31] അങ്കമാലി അതിരൂപത പോർട്ടുഗീസുകാരുടെ കീഴിലായി. അങ്കമാലി അതിരൂപതയെ ഗോവ അതിരൂപതയുടെ കീഴിലുള്ള രൂപതയാക്കി തരംതാഴ്ത്തുകയും കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളെ ഔപചാരികമായി പോർട്ടുഗീസ് പദ്രുവാദോ ഭരണത്തിൻ കീഴിലാക്കുകയും ചെയ്തു. 1601-ൽ ഫ്രാൻസിസ് റോസ് (ഫ്രാൻസിസ്കോ റോസ്) പദ്രുവാദോ മെത്രാനായി അവരോധിതനായി. ഇദ്ദേഹമാണ് മാർത്തോമാ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ ആദ്യ ലത്തീൻ മെത്രാൻ. 1608-ൽ അങ്കമാലിക്ക് അതിരൂപത സ്ഥാനം തിരികെ ലഭിച്ചുവെങ്കിലും അതിരൂപത കൊടുങ്ങല്ലൂരേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. റോസിന്റെ നിയമനത്തോടു കൂടി മാർത്തോമാ ക്രിസ്ത്യാനികളുടെ ആരാധനക്രമവും സഭാജീവിതവും ലത്തീൻവത്ക്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.[32] 1624-ൽ റോസ് അന്തരിച്ചതിനെ തുടർന്നു സ്റ്റീഫൻ ബ്രിട്ടോ മെത്രാനായി സ്ഥാനമേറ്റു. ഫ്രാൻസിസ് റോസ് തുടങ്ങി വെച്ച ലത്തീൻവൽക്കരണ നടപടികൾ തുടർന്നുള്ള മെത്രാന്മാരും പിന്തുടർന്നതോടെ, നൂറ്റാണ്ടുകളിലൂടെ വളർന്ന് വന്ന കേരളത്തിലെ സഭ ഒരു "അധിനിവേശ സഭ"യായി മാറ്റപ്പെട്ടു.[32] ആരാധനാക്രമ ഭാഷ പൗരസ്ത്യ സുറിയാനിയായി തുടർന്നുവെന്നു മാത്രം. അങ്ങനെ പൗരസ്ത്യ സുറിയാനി ഭാഷയുടെ വേഷഭൂഷാദികളാൽ ആവരണം ചെയ്യപ്പെട്ടിരുന്നെങ്കിലും ലത്തീൻ സഭയുടെ ആരാധനാക്രമത്തിന്റെ മനോഭാവത്തിൽ മാർത്തോമാ ക്രൈസ്തവരുടെ സഭാജീവിതം ചുറ്റിത്തിഞ്ഞു തുടങ്ങി. അവരുടെ പരമ്പരാഗത ആരാധനക്രമം അപ്രധാനമാകുകയും അതിന്റെ സ്ഥാനത്ത് ആരാധനാക്രമവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഭക്താനുഷ്ഠാനുങ്ങൾ കടന്നു വരികയും ചെയ്തു.[32] 1632-ൽ മാർത്തോമാ ക്രിസ്ത്യാനികൾ ഇടപ്പള്ളിയിൽ വച്ച് ഒരു മഹാസമ്മേളനം വിളിച്ചു കൂട്ടി. സുറിയാനിക്രമങ്ങൾക്കു പകരം ലത്തീൻ ആരാധനാക്രമങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെതിരായി യോഗം പ്രതിഷേധം രേഖപ്പെടുത്തി.

ഇക്കാലയളവിലെ ശ്രദ്ധേയമായ മറ്റൊരു സംഭവപരമ്പരയായിരുന്നു പദ്രുവാദോ ആർച്ചുബിഷപ്പുമാരും മാർത്തോമാ ക്രിസ്ത്യാനികളുടെ സാമുദായികനേതൃത്വം വഹിച്ചിരുന്ന തദ്ദേശീയരായ ആർച്ച്ഡീക്കന്മാരും തമ്മിലുള്ള തർക്കങ്ങൾ. തന്റെ പരമ്പരാഗത അവകാശങ്ങൾ വെട്ടിച്ചുരുക്കിയതിന്റെ പേരിൽ ആർച്ച്ഡീക്കൻ ഗീവർഗീസിന് ആർച്ചുബിഷപ്പുമാരായിരുന്ന ഫ്രാൻസിസ് റോസിനോടും സ്റ്റീഫൻ ബ്രിട്ടോയോടും കലഹിക്കേണ്ടി വരികയും ശിക്ഷണനടപടികൾ ഏറ്റു വാങ്ങേണ്ടതായും വന്നിട്ടുണ്ട്. ആർച്ച്ഡീക്കൻ ഗീവർഗീസ് 1640-ൽ മരണമടഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന പറമ്പിൽ തോമ ആർച്ച്ഡീക്കനായി അവരോധിക്കപ്പെട്ടു. തൊട്ടടുത്ത വർഷം (1641-ൽ) ആർച്ച്ബിഷപ്പ് സ്റ്റീഫൻ ബ്രിട്ടോയും മരണമടഞ്ഞു. പുതിയ ആർച്ച്ബിഷപ്പായി ഫ്രാൻസിസ് ഗാർസിയ സ്ഥാനമേറ്റു. തോമായുടെയും ഗാർസിയയുടെയും കാലത്ത് ആർച്ച്ബിഷപ്പ്-ആർച്ച്ഡീക്കൻ അധികാരതർക്കങ്ങൾ അതിന്റെ പാരമ്യതയിലെത്തി. ആർച്ച്ഡീക്കൻ ആർച്ച്ബിഷപ്പിനെ വെല്ലുവിളിച്ചു. തന്റെ സമ്മതമില്ലാതെ മറ്റെയാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇരുവരും അവകാശപ്പെട്ടു.[33]

അഹത്തള്ള മെത്രാൻ ഇന്ത്യയിലെത്തുന്നു

പോർട്ടുഗീസ് പദ്രുവാദോ ഭരണം മൂലമുള്ള മാർത്തോമാ ക്രിസ്ത്യാനികളുടെ കഷ്ടപ്പാടുകളിൽ നിന്നും ഒരു മോചനം സാധ്യമാകണമെങ്കിൽ തങ്ങൾക്ക് നൂറ്റാണ്ടുകളായി പരിചിതമായിരുന്ന പൗരസ്ത്യസഭയിൽ നിന്നുള്ള ഒരു മെത്രാൻ ഇവിടെയെത്തേണ്ടതുണ്ടെന്ന് ആർച്ച്ഡീക്കൻ തോമാക്ക് ബോധ്യമായി.[34] ഒരു മെത്രാനെ ലഭിക്കുന്നതിനായി അലക്സാണ്ഡ്രിയയിലെ കോപ്റ്റിക്ക് പാത്രിയാർക്കീസിനും അന്ത്യോക്യയിലെ യാക്കോബായ പാത്രിയർക്കീസിനും ബാബിലോണിയയിലെ നെസ്തോറിയൻ പാത്രിയർക്കീസിനും കത്തുകൾ അയച്ചു.[35] എന്നാൽ അവിടെങ്ങളിൽ നിന്നും മറുപടികൾ ഒന്നും ലഭിച്ചില്ല.[35]

അങ്ങനെയിരിക്കെ 1652-ൽ അഹത്തള്ള എന്ന ഒരു പൗരസ്ത്യ മെത്രാൻ ഇന്ത്യയിലെത്തി. അദ്ദേഹത്തെ ആരാണ് ഇന്ത്യയിലേക്ക് അയച്ചത് എന്നതിനെ പറ്റി ചരിത്രകാരന്മാരുടെ ഇടയിൽ ഏകാഭിപ്രായമില്ല. അതു പോലെ അദ്ദേഹം ഏതു സഭാവിശ്വാസത്തിൽ ഉൾപ്പെട്ടയാളാണെന്നതിനെ പറ്റിയും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. ആർച്ച്ഡീക്കൻ തോമയുടെ കത്ത് ലഭിച്ചതിൻ പ്രകാരം അലക്സാണ്ഡ്രിയയിലെ പാത്രിയാർക്കീസാണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയച്ചത് എന്നാണ് സ്കോട്ട്ലൻഡിൽ നിന്നുള്ള ഒരു ആംഗ്ലിക്കൻ പ്രൊട്ടസ്റ്റന്റ് മിഷനറിയും പ്രസിദ്ധ സഭാചരിത്രകാരനുമായ സ്റ്റീഫൻ നീൽ, ചരിത്രകാരനും ഇന്ത്യൻ ചരിത്രത്തിലും സഭാചരിത്രത്തിലുമുള്ള പുസ്തങ്ങൾ രചിച്ചിട്ടുള്ള റോബർട്ട് എറിക്ക് ഫ്രൈക്കൻബർഗ് എന്നിവർ രേഖപ്പെടുത്തിയിരിക്കുന്നത്.[36][37] സ്റ്റീഫൻ നീലിന്റെ വിവരണപ്രകാരം സുറിയാനി ഓർത്തഡോക്സ് സഭയുടെ ദമാസ്കസിലെ മെത്രാപ്പോലീത്തയായിരുന്ന അഹത്തള്ള അവിടെ വെച്ച് റോമിന്റെ അധികാരത്തിന് കീഴടങ്ങുകയും, 1632-ൽ റോമിലെത്തുകയും അവിടെ ഒരു വർഷത്തിലേറെ താമസിക്കുകയും ചെയ്തു.[38] സുറിയാനി ഓർത്തഡോക്സ് സഭയുടെ അന്നത്തെ പാത്രിയർക്കീസായിരുന്ന ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോ (ഇഗ്നാത്തിയോസ് ഹിദായത്തുള്ള)യെ റോമൻ അധികാരത്തിനു കീഴിൽ കൊണ്ടുവരാമെന്ന് വാഗ്ദാനം നൽകി സ്വദേശത്തേക്ക് മടങ്ങിയെങ്കിലും പിന്നീട് എന്തു സംഭവിച്ചു എന്ന് വ്യക്തമല്ല.[38] എന്നാൽ ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോയുടെ നിര്യാണത്തെത്തുടർന്ന് അഹത്തള്ള സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് അവകാശപ്പെടുകയും 'ഇഗ്നാത്തിയോസ്' എന്ന സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസുമാരുടെ സ്ഥാനപ്പേര് സ്വീകരിക്കുകയും ചെയ്തുവെങ്കിലും തുർക്കി ഭരണാധികാരികളുടെ എതിർപ്പു കാരണം ഈ സ്ഥാനം ഏറ്റെടുക്കാൻ സാധിക്കാതെ വന്ന അദ്ദേഹത്തെ പേർഷ്യയിലെ ഇടവകകളുടെ നടത്തിപ്പിനായി അയക്കുകയും ചെയ്തു. പേർഷ്യയിലും അവിടെ നിന്നും ഈജിപ്തിലെ കെയ്റോയിലും എത്തിയ അഹത്തള്ളയോട് അലക്സാണ്ഡ്രിയൻ പാത്രിയാർക്കീസ് കേരളത്തിലെ ക്രിസ്ത്യാനികളെ സഹായിക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു. മറ്റ് സുപ്രധാന ചുമതലകളൊന്നും ഇല്ലാതിരുന്ന അഹത്തള്ള ഈ ദൗത്യം സന്തോഷപൂർവ്വം ഏറ്റെടുത്തുവെന്നും നീൽ വിവരിക്കുന്നു.[38]

അഹത്തള്ള ആദ്യം എത്തിയത് സൂറത്ത് തുറമുഖത്തായിരുന്നു. അവിടെ നിന്നും ഒരു ഡച്ച് കപ്പലിൽ കയറി അദ്ദേഹം മൈലാപ്പൂരിൽ എത്തി. പോർട്ടുഗീസുകാർ മൈലാപ്പൂരിൽ വച്ച് അഹത്തള്ളയെ പിടിച്ചു ഈശോ സഭക്കാരുടെ നിരീക്ഷണത്തിലുള്ള വീട്ടുതടങ്കലിൽ ആക്കി. ഈയവസരത്തിൽ മൈലാപ്പൂരിലേയ്ക്ക് തീർത്ഥാടനത്തിനായി വന്ന ഇട്ടി എന്നും കുര്യൻ എന്നും അറിയപ്പെടുന്ന കേരളത്തിൽ നിന്നുള്ള രണ്ട് ശെമ്മാശന്മാർ അഹത്തള്ളയെ കാണാനിടയായി. അവർ മടങ്ങി പോകുന്ന വേളയിൽ അഹത്തള്ള മാർ തോമാ നസ്രാണികളുടെ തലവന്മാർക്ക് നൽകേണ്ടതിനായി താൻ 'അഖിലേന്ത്യയുടെയും ചൈനയുടെയും പാത്രിയർക്കീസ്' ആണെന്നും രണ്ടു പട്ടക്കാരും നാല്പതു ആളുകളും കൂടെ മൈലാപ്പൂരിൽ നിന്ന് തന്നെ ക്രമപ്രകാരം ആനയിച്ച് നിങ്ങളുടെ സ്ഥലത്തേക്ക് കൊണ്ടുപോകണം എന്നും എഴുതിയ ഒരു കത്ത് കൊടുത്തയച്ചു.[39] ഈ വിവരം അറിഞ്ഞ നസ്രാണികൾ ആഹ്ലാദഭരിതരായി അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. എന്നാൽ മൈലാപ്പൂരിലെ ഈശോസഭക്കാർ, അഹത്തള്ളയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പോർട്ടുഗീസ് അധികൃതരെ രഹസ്യമായി വിവരം ധരിപ്പിക്കുകയും അവരുടെ നിർദേശപ്രകാരം അദ്ദേഹത്തെ കൊച്ചി വഴിയായി ഗോവയിലേക്കു പോകുന്ന ഒരു കപ്പലിൽ കയറ്റിവിടുകയും ചെയ്തു.[40] ഇതറിഞ്ഞ് ആർച്ച്ഡീക്കനും അനേകം വൈദികരും ആയിരക്കണക്കിന് നസ്രാണികളും കൂടി കൊച്ചിയിലെത്തി അഹത്തള്ളയെ കാണുന്നതിനും അദ്ദേഹത്തിന്റെ അധികാരപത്രങ്ങൾ പരിശോധിക്കുന്നതിന് അനുവദിക്കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം നിരസിക്കപ്പെട്ടു. [41] അഹത്തള്ളയെ ഇതിനോടകം ഗോവയിലേക്ക് അയച്ചു കഴിഞ്ഞു എന്നും ആർച്ച്ഡീക്കൻ തോമായെ അവർ അറിയിച്ചു.[41]

മട്ടാഞ്ചേരി കുരിശിങ്കലെ പ്രതിജ്ഞ അഥവാ കൂനൻ കുരിശുസത്യം

എന്നാൽ ഇതേ സമയം അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്ന മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ അഹത്തള്ളയെ പോർട്ടുഗീസുകാർ കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ താഴ്ത്തി എന്ന കിംവദന്തി പരന്നു.[42][43] പട്ടണത്തിലുണ്ടാകാവുന്ന ആക്രമണം തടയുന്നതിനായി, നിർഭാഗ്യവാനായ അഹത്തള്ള ആകസ്മികമായി മുങ്ങിമരിച്ചതാണെന്ന കഥ പോർട്ടുഗീസുകാരും പ്രചരിപ്പിച്ചു.[44] തങ്ങളുടെ ദേശത്തേക്ക് എത്തിയ മെത്രാനെ ദൂരത്തേക്ക് കടത്തിക്കൊണ്ട് പോയി എന്നറിഞ്ഞ വാർത്ത മാർത്തോമാ ക്രിസ്ത്യാനികളിൽ ഉണ്ടാക്കിയ ഞടുക്കം പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമായിരുന്നു. തദ്ദേശീയരായ വൈദികരും സാധാരണക്കാരായ നസ്രാണികളും ചേർന്ന് കൊച്ചിയിലെ ക്യാപ്റ്റന് എഴുതിയ കത്തിൽ ആ ദയനീയത പ്രകടമാകുന്നുണ്ട്. ആ കത്ത് ഇപ്രകാരം ആയിരുന്നു:[45]

എന്തെങ്കിലും കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മുമ്പായി മാർത്തോമാ ക്രിസ്ത്യാനികൾ ഏതെങ്കിലും തരത്തിലുള്ള അനുരഞ്ജനത്തിനു വേണ്ടി ഒരു ശ്രമം കൂടി നടത്തി. അവർ ആർച്ച്ബിഷപ്പ് ഗാർസിയയോട് തങ്ങളെ വന്ന് കാണണമെന്നും ഇല്ലാത്ത പക്ഷം അദ്ദേഹത്തെ ഒരു ഇടയനായി മേലിൽ കാണുകയില്ലന്നും കത്ത് മുഖേനെ അറിയിച്ചു. എന്നാൽ ഗാർസിയ അവരുടെ അഭ്യർത്ഥന നിഷ്കരുണം നിരസിച്ചു.[46]

അതോടെ അവർ കൂട്ടം ചേർന്നു മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുൻപിൽ കൂട്ടം ചേർന്ന് കുരിശിൽ തൊട്ട്‌ പ്രതിജ്ഞയെടുക്കുവാൻ തീരുമാനിച്ചു. എന്നാൽ എല്ലാവർക്കും ഒരേ സമയം കുരിശിൽ തൊടാൻ കഴിയാത്തതിനാൽ കുരിശിൽ ആലാത്ത് (വടം) കെട്ടി അതിൽ പിടിച്ചു സത്യം ചെയ്തു തങ്ങളുടെ പ്രതിഷേധം അറിയിച്ചു. സത്യം ചെയ്യുന്നതിനിടയിൽ വിശ്വാസികൾ വടത്തിൽ വലിക്കുന്ന ശക്തിയാൽ കുരിശു ഒരു വശത്തേക്ക് വളഞ്ഞു പോയി എന്നു പറയപ്പെടുന്നു. അതിനാൽ 1653 ജനുവരി 3-ന് മട്ടാഞ്ചേരിയിൽ വെച്ച് നടന്ന ഈ സംഭവം കൂനൻ കുരിശു സത്യം എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു.[6][7]

പ്രതിജ്ഞയുടെ ഉള്ളടക്കവും വിവരണങ്ങളും - വിവിധ ഭാഷ്യങ്ങൾ

കൂനൻകുരിശു സത്യത്തിൽ ഉപയോഗിച്ച പ്രതിജ്ഞാവാചകം എന്തായിരുന്നു എന്നത് സംബന്ധിച്ച് വ്യത്യസ്ഥഭാഷ്യങ്ങൾ നിലവിലുണ്ട്.[3] ചില ഭാഷ്യങ്ങൾ പ്രകാരം ഇത് പോർട്ടുഗീസുകാരോട് ഉള്ള എതിർപ്പാണ്, മറ്റ് ചിലവയനുസരിച്ച് ഇത് ജസ്യൂട്ട് വൈദിക മേലധ്യക്ഷന്മാരോടുമുള്ള എതിർപ്പാണ്, ഇനി മറ്റ് ചില ഭാഷ്യങ്ങൾ പ്രകാരം ഇത് റോമൻ കത്തോലിക്ക സഭയുടെ മേൽക്കോയ്മയോട് തന്നെയുള്ള എതിർപ്പാണ്.[3] വിവിധ ചരിത്രകാരന്മാരുടെ വിവരണങ്ങളിലും ഈ വ്യത്യാസം പ്രകടമാകുന്നുണ്ട്.

സ്റ്റീഫൻ നീൽ

സ്റ്റീഫൻ നീൽ തന്റെ ഭാരത ക്രൈസ്തവികതയെ കുറിച്ചുള്ള എ ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ: ദി ബിഗിനിംഗ്സ് ടു എ.ഡി 1707 എന്ന പുസ്തകത്തിൽ കൂനൻ കുരിശുസത്യത്തെക്കുറിച്ച് ഇപ്രകാരം വിവരിക്കുന്നു:[2]

സ്റ്റീഫൻ നീൽ തുടർന്ന് പ്രസ്താവിക്കുന്നു: മാർത്തോമാ നസ്രാണികൾ മാർപ്പാപ്പയുടെ അധികാരത്തിൽനിന്ന് സ്വയം വേർപെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് ഒരു ഘട്ടത്തിലും സൂചിപ്പിച്ചിട്ടില്ല. ഗാർസിയയുടെ അഹങ്കാരം അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല. ജെസ്യൂട്ടുകളെ അവർ വെറുത്തു, ജെസ്യൂട്ടുകളുടെ അമിതമായ തീക്ഷ്ണതയും സഹതാപത്തിന്റെ അഭാവവുമാണ് അവരുടെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം, ഇത് അക്കാലത്തെ എല്ലാ രേഖകളിലൂടെയും പുറത്ത് വരുന്നു. എന്നാൽ മാർപ്പാപ്പ ഒരു യഥാർത്ഥ മെത്രാനെ, ഒരു ജെസ്യൂട്ടുകാരൻ അല്ലാത്തയാളെ, അയയ്ക്കട്ടെ; അദ്ദേഹത്തെ സ്വീകരിക്കാനും അനുസരിക്കാനും അവർക്ക് സന്തോഷമേയുണ്ടായിരുന്നുള്ളൂ.[2] ഇവിടെ സ്റ്റീഫൻ നീൽ കൂനൻ കുരിശു പ്രതിജ്ഞയെ ആർച്ച്ബിഷപ്പ് ഗാർസിയക്കും ജെസ്യൂട്ടുകൾക്കും എതിരേയുള്ള രോഷപ്രകടനമായി മാത്രം വിവരിക്കുന്നു.

എറിക് ഫ്രൈക്കൻബർഗ്

എറിക് ഫ്രൈക്കൻബർഗ് തന്റെ ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ: ഫ്രം ബിഗിനിംഗ്സ് ടു ദ പ്രസന്റ് എന്ന പുസ്തത്തിൽ അല്പം വ്യത്യസ്ഥമായ ഒരു വിവരണമാണ് നൽകുന്നത്: [4]

ഫ്രൈക്കൻബർഗ് കൂനൻകുരിശ് പ്രതിജ്ഞയെ റോമൻ കത്തോലിക്കാ സഭയുടെ മേലധികാരത്തോട് തന്നെയുള്ള മാർത്തോമാ ക്രിസ്ത്യാനികളുടെ പ്രതിരോധമായി കാണുന്നു. അന്നത്തെ ക്രിസ്ത്യാനികൾ പാപ്പായുടെ അധികാരം അംഗീകരിച്ചു കൊടുത്തിരുന്നില്ല എന്ന് ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് മിഷനറി ക്ലോഡിയസ് ബുക്കാനനും അദ്ദേഹത്തിന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.[47]

സഭകളുമായി ബന്ധപ്പെട്ട രേഖകളിലെ പരാമർശങ്ങൾ

മാർത്തോമാ ക്രിസ്ത്യാനി സമുദായത്തിൽ നിന്നും പിൽക്കാലത്ത് ഉരുത്തിരിഞ്ഞ വിവിധ സഭാ വിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള രേഖകളിലും കൂനൻകുരിശ് സത്യത്തെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും വ്യത്യസ്ഥ രീതികളിലുള്ള പരാമർശങ്ങൾ കാണാവുന്നതാണ്.

 • അങ്കമാലി പടിയോല

1787-ൽ അങ്കമാലിയിൽ വെച്ച് നടന്ന സുറിയാനി കത്തോലിക്കരുടെ പള്ളി പ്രതിനിധിയോഗ നിശ്ചയപ്രകാരം പുറത്തിറപ്പെട്ട അങ്കമാലി പടിയോലയിൽ കൂനൻകുരിശ് സത്യത്തെക്കുറിച്ച് ഇപ്രകാരം പരാമർശിച്ചിരിക്കുന്നു:

"നമ്മുടെ കാർണ്ണവന്മാർ, തോമ്മാശ്ലീഹായുടെ കയ്യാലെ ഈശോമിശിഹാടെ പട്ടാങ്ങയുടെ മാർഗ്ഗം കൈക്കൊണ്ടതിന്റെ ശേഷം 1597-ആം ആണ്ടിൽ അങ്കാമാലി കെഴക്കെപ്പള്ളിയിൽ കാലം ചെയ്ത മാർ അവുറാഹം മെത്രാപ്പോലീത്താടെ കാലത്തോളം കൽദായ സുറിയാനി പട്ടക്കാരര് മലങ്കരെ വാണ നമ്മെ പവിച്ചതിന്റെ ചെഷം, പൗലീസ്ഥക്കാരരുടെ ശക്തികൊണ്ട സുറിയാനിക്കാരരുടെ വരവു മുടക്കി നമ്മുടെ പരുഷക്കാരരെ കീഴടക്കി ഭരിച്ചുവരുമ്പൊൾ, സുറിയാനിക്കാരരിൽ ഒരു മെല്പട്ടക്കാരൻ നമ്മുടെ എടത്ത് വരുവാനായിട്ട കൊച്ചിയിൽ വന്നതിന്റെ ചെഷം കടലിൽ താഴ്ത്തി അവശയപ്പെടുത്തിയ പ്രകാരം ബൊധിക്കകൊണ്ട, നമ്മുടെ കാരണവന്മാര മട്ടാഞ്ചെരിൽ കൂടി പൗലിസ്ത്യക്കാരരെ നാമും നമ്മുടെ അനന്തരവരും കൂടുക ഇല്ലെന്ന സത്യവും ചെയിത ആലങ്ങാട്ട പള്ളിയിൽ കൂടി തൊമ്മ എന്ന അർക്കദ്യാക്കോനെ യൊഗമായിട്ടു പെരുവിളിച്ചു വാഴിച്ചതിന്റെ ചെഷം...."[48]

 • ചർച്ച് മിഷണറി സൊസൈറ്റി (സി.എം.എസ്) റിപ്പോർട്ട് 1818-1819

ചർച്ച് മിഷനറി സൊസൈറ്റിയുടെ 1818-19 വർഷത്തെ റിപ്പോർട്ടിൽ (പേജ് 317) മലങ്കര സുറിയാനി സഭയുടെ സംക്ഷിപ്ത ചരിത്രമെന്ന നിലയിൽ ചേർത്തിരിക്കുന്ന ഭാഗത്ത് കൂനൻകുരിശു സത്യത്തെ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

"ഈ പോർട്ടുഗീസുകാർ മാർ അഹത്തള്ളയെ കൊലചെയ്തിരിക്കുകയാൽ, ഞങ്ങൾ ഇനി അവരോട് ചേരുകയില്ല. ഞങ്ങൾ അവരെ തള്ളിപ്പറയുന്നു, അതോടൊപ്പം അവരുടെ സ്നേഹമോ മമതയോ ഞങ്ങൾക്ക് ഇനി വേണ്ട. ഇപ്പോഴത്തെ മെത്രാൻ, ഫ്രാൻസിസ്, ഞങ്ങളുടെ ഭരണാധികാരി ആയിരിക്കില്ല. ഞങ്ങൾ അയാളുടെ മക്കളോ അനുയായികളോ ആയിരിക്കുകയില്ല. ഞങ്ങൾ ഇനി ഒരിക്കലും പോർട്ടുഗീസുകാരെ ഞങ്ങളുടെ മെത്രാന്മാരായി അംഗീകരിക്കുകയില്ല."[49]

 • സി. എം. എസി-ന് പുന്നത്തറ ദിവന്നാസിയോസ് മൂന്നാമൻ അയച്ച കത്തിൽ കൂനൻ കുരിശുസത്യത്തെക്കുറിച്ചുള്ള വിവരണം

പത്തൊമ്പതാം നൂറ്റാണ്ടിലെ പുത്തൻകൂർ വിഭാഗം തലവനും മലങ്കര സുറിയാനി സഭയുടെ മെത്രാപ്പോലീത്തയുമായിരുന്ന പുന്നത്തറ ദിവന്നാസിയോസ് മൂന്നാമൻ (c. മരണം 1825) ആംഗ്ലീക്കൻ ചർച്ച് മിഷനറി സൊസൈറ്റിയുടെ തലവൻ ലോർഡ് ഗിംബിയറിന് എഴുതിയ കത്തിലെ പ്രസക്തഭാഗം സുറിയാനി മൂലത്തിൽ നിന്ന് 1822-ലെ മിഷനറി റെജിസ്റ്ററിയിൽ തർജ്ജമ ചെയ്യപ്പെട്ടത്:

"സിറിയയിലെ അന്ത്യോഖ്യയുടെ അപ്പസ്തോലിക സിംഹാസനത്തിൽ വാഴുന്ന, മിശിഹായുടെ പ്രിയപ്പെട്ടവനായ മാർ ഇഗ്നാത്തിയോസിന്റെ അധികാരത്തിന് കീഴുള്ള മലബാറിലെ യാക്കോബായ സുറിയാനിക്കാരുടെ മെത്രാപ്പോലീത്തയായ മാർ ദിവന്നാസിയോസ്.....
നമ്മുടെ കർത്താവിന്റെ വർഷം 1653-ൽ, ഞങ്ങളുടെ അദ്ധ്യാത്മിക പിതാവ്, മാർ ഇഗ്നാത്തിയോസ്, പാത്രിയർക്കീസ്, അന്ത്യോഖ്യയിൽ നിന്നും മലബാറിലേക്ക് വന്നു: പക്ഷേ, പറങ്കികൾ ഇത് അറിഞ്ഞപ്പോൾ, അവർ ആ പുണ്യ പുരുഷനെ കൊച്ചി കോട്ടയിലേക്ക് കൊണ്ടുചെന്നു, അദ്ദേഹത്തെ ഒരു ചെറിയ മുറിയിൽ അടച്ചിട്ടു അതോടൊപ്പം കൊച്ചി രാജാവിന് ഒട്ടും കുറയാതെ പണവും കൊടുത്തു. എന്നിട്ടവർ ആ നല്ല മനുഷ്യനെ പുറത്തെത്തിക്കുകയും, കടലിൽ മുക്കിത്താഴ്ത്തുകയും ചെയ്തു, അങ്ങനെ അവർ അദ്ദേഹത്തെ വധിച്ചു. പക്ഷേ ഞങ്ങൾ ഇതറിഞ്ഞപ്പോൾ, മലബാറിലെ എല്ലാ യാക്കോബായ സുറിയാനിക്കാരും, കൊച്ചിയിലുള്ളതായ, മട്ടാഞ്ചേരി പള്ളിയിൽ അണിനിരക്കുകയും ഇനി മുതൽ പറങ്കികളോട് അടുക്കുകയോ, റോമാ പാപ്പയുടെ വിശ്വാസം സ്വീകരിക്കുകയോ ചെയ്യുകയില്ലെന്ന്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റയും നാമത്തിൽ, ഒരു മഹാ സത്യം ചെയ്തു. ഞങ്ങൾ അങ്ങനെ അവരിൽ നിന്ന് അകന്നു."[50]

 • ഇടവകപത്രിക മാസികയിലെ വിവരണം

ക്നാനായ സുറിയാനി ഓർത്തഡോക്സ് ചരിത്രകാരനും എഴുത്തുകാരനുമായ ഇ. എം. ഫിലിപ്പ് 1896-ൽ പ്രസിദ്ധീകരിച്ച ഇടവകപത്രിക മാസികയിൽ (പുസ്തകം 5, ലക്കം 3, മീനം) , അച്ചടിച്ച മട്ടാഞ്ചേരി പടിയോല കൂനൻ കുരിശു സത്യത്തെ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്:

“മോറാൻ ഈശോമശിഹാ പിറന്നിട്ട് 1653-ാമത് മകരമാസം 3-ാം തീയതി വെള്ളിയാഴ്ചനാൾ അർക്കദിയാക്കോൻ അച്ചനും മലങ്കര ഇടവകയിലുള്ള പള്ളികളിലെ വികാരിമാരും ദേശത്തു പട്ടക്കാരും എല്ലാവരും കൂടി മട്ടാഞ്ചേരിൽ പള്ളിയിൽ വച്ച് നിശ്ചയിച്ച് കല്പിച്ച കാര്യം അതായത് ശുദ്ധമാന കാതോലിക്കാ പള്ളി കല്പിച്ച് നമുക്കായിട്ട് മലങ്കരയ്ക്ക് യാത്രയാക്കിയ പാത്രിയർക്കീസിനെ ബലത്താലെ മെത്രാനും സാമ്പാളൂർ പാതിരിമാരും കൂടി പിടിച്ച് നമുക്ക് അനുഭവിക്കരുതെന്ന് കല്പിച്ചത് കൊണ്ടും ആ പാത്രിയർക്കീസ് മലങ്കരയ്ക്ക് വന്ന് നമ്മുടെ കണ്ണുംമുന്നിൽ കാലത്തോളം നേരം (പൊടിവ്) ഇപ്പോൾ മലങ്കര വാഴുന്ന മാർ ഫ്രഞ്ചിയൂസ് മെത്രാൻ നമുക്ക് മെത്രാനല്ല, നാം അയാളുടെ ഇടവകയിലുള്ള പ്രജകളുമല്ല എന്ന് ഒന്മ. ശുദ്ധമായ പള്ളിയുടെ ക്രമത്തിൽ തക്കവണ്ണം നമ്മുടെ എടവക വാഴുവാൻ മേല്പട്ടക്കാരൻ വേണ്ടുന്നതിന് ഇപ്പോൾ തൊട്ട് തോമ്മാ അർക്കദിയാക്കോൻ തന്നെ വാണുകൊള്ളുകയും വേണമെന്ന് ഒന്മ. ഇതിന് വിചാരമായിട്ട് കല്ലിശ്ശേരി പള്ളിയിൽ ഇട്ടിത്തോമൻ കത്തനാരും കടുത്തുരുത്തി പള്ളിയിൽ കടവിൽ ചാണ്ടിക്കത്തനാരും അങ്കമാലി പള്ളിയിൽ വേങ്ങൂർ ഗീവറുഗീസ് കത്തനാരും കുറവിലങ്ങാട്ടു പള്ളിയിൽ പള്ളിവീട്ടിൽ ചാണ്ടിക്കത്തനാരും ഇവർ നാലുപേരും വിചാരക്കാരായിരുന്ന് മൂവാണ്ടിൽ മൂവാണ്ടിൽ കൂടിവിചാരിച്ച് കല്പിച്ചു കൊള്ളുകയും വേണമെന്ന് ഒന്മ. ഈ കല്പിച്ച മേക്ക് കടവിൽ ചാണ്ടിക്കത്തനാർ കയ്യെഴുത്ത്"[51]

കൂനൻ കുരിശുസത്യത്തിന് ശേഷം

കൂനൻ കുരിശുസത്യത്തെ തുടർന്നുള്ള കാലത്ത് അഹത്തള്ള അയച്ചത് എന്ന പേരിൽ ചില കത്തുകൾ പ്രചരിച്ചു. 1653 ഫെബ്രുവരി 5-ന് ഇടപ്പള്ളിയിൽ കൂടിയ ഒരു സമ്മേളനത്തിൽ അത്തരത്തിലുള്ള ഒരു കത്ത് വായിച്ചു. ആർച്ച്ഡീക്കൻ തോമാക്ക് ആർച്ച്ബിഷപ്പിന്റേതായ ചില പദവികൾ അനുവദിച്ച് നൽകുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ഇതു കേട്ട് അവിടെ കൂടിയിരുന്ന ജനം വലിയ സന്തോഷത്തോടെ ആർച്ച്ഡീക്കൻ തോമായെ തങ്ങളുടെ സഭയുടെ ഗവർണറായി അംഗീകരിക്കുകയും നാലു മുതിർന്ന കത്തനാർമാരെ അദ്ദേഹത്തിന്റെ കാര്യവിചാരകായി നിയമിക്കുകയും ചെയ്തു. കല്ലിശേരി ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാർ, കുറുവിലങ്ങാട്ട് പള്ളിവീട്ടിൽ പറമ്പിൽ ചാണ്ടി കത്തനാർ, കടുത്തുരുത്തി കടവിൽ ചാണ്ടി കത്തനാർ, അങ്കമാലി വേങ്ങൂർ ഗീവർഗീസ് കത്തനാർ എന്നിവരായിരുന്നു ആ കാര്യവിചാരകർ.

ആർച്ച്ഡീക്കനെ മെത്രാപ്പോലീത്തയായി വാഴിക്കുന്നു

1653 മേയ് 23-ന് ആലങ്ങാട്ട് കൂടിയ സമ്മേളനത്തിൽ അഹത്തള്ളയുടേതെന്ന പ്രസ്താവിച്ച മറ്റൊരു കത്ത് വായിച്ചു. അതിൽ മെത്രാഭിഷേകം ചെയ്യാൻ ഒരു മെത്രാനെയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, ആർച്ച്ഡീക്കൻ തോമ്മായെ പന്ത്രണ്ടു വൈദികർ ചേർന്ന് ഇതേ കത്ത് ശിരസ്സിൽ വച്ച് മെത്രാനായി അഭിഷേകം നടത്തണം എന്നും എഴുതിയിരുന്നു.[52] എന്നാൽ അന്ത്യോക്യൻ സഭയിലോ പേർഷ്യൻ സഭയിലോ ഇത്തരം കൈവയ്പ്പ് ക്രമം നിലവിലില്ലെന്നും അതിനാൽതന്നെ ഈ കത്ത് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും പറയപ്പെടുന്നു [53] ഒരു മെത്രാനു മാത്രമേ മറ്റൊരു വൈദികനെ മെത്രാനായി വാഴിക്കാനുള്ള അധികാരം ഉണ്ടായിരുന്നുള്ളൂ. ഈ കത്ത് ഇട്ടിത്തൊമ്മൻ കത്തനാർ തന്നെ ചമച്ച വ്യാജരേഖയാവാം എന്ന് സ്റ്റീഫൻ നീൽ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ പുരോഹിതന്മാരുടെ കൈവെയ്പോടെ ഒരു പുരോഹിതനെ പാത്രിയർക്കീസായി വാഴിക്കുന്ന ഒരു പുരാതന കീഴ്‌വഴക്കം അലക്സാസാണ്ഡ്രിയൻ സഭയിൽ നിലനിന്നിരുന്നതായി ആദിമസഭാ പിതാക്കളിലൊരാളായ ജെറോം പറഞ്ഞിട്ടുണ്ട് എന്ന് നീൽ അംഗീകരിക്കുന്നുണ്ട്. അവിടെ പാത്രിയർക്കീസ് മരണമടയുമ്പോൾ നഗരത്തിലെ ദേവാലയങ്ങളിലെ 12 പുരോഹിതന്മാർ (പ്രെസ്‌ബിസ്റ്റർമാർ) അവരിൽ ഒരാളെ പാത്രിയർക്കീസായി തെരഞ്ഞെടുക്കുകയും മറ്റ് 11 പേരും അവരുടെ കൈകൾ തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ശിരസ്സിൽ വെച്ച് പാത്രിയർക്കീസായി വാഴിക്കുകയും ഉടനെ തന്നെ മറ്റൊരാളെ പ്രസ്ബിസ്റ്ററായി തെരഞ്ഞെടുത്ത് അവരുടെ സംഘബലം എപ്പോഴും 12 ആയി നിലനിർത്തുകയും ചെയ്യുമായിരുന്നു.[54]

അസാധാരണമായ ഈ ചടങ്ങിനെക്കുറിച്ച് ചിലർക്ക് സംശയമുണ്ടായിരുന്നു. പക്ഷേ അഹത്തള്ളയോടുള്ള മതിപ്പും ആവേശകരമായ മാനസികാവസ്ഥയും ചടങ്ങുകൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് കൊണ്ടുപോയി. അഹത്തള്ളയുടെതെന്ന് കരുതപ്പെട്ട കത്തുകളിലൊന്ന് ആർച്ച്ഡീക്കൻ തോമ്മായുടെ ശിരസ്സിൽ വച്ചശേഷം പന്ത്രണ്ട് വൈദികർ കത്തിൽ പ്രതിപാദിച്ച പ്രകാരമുള്ള അഭിഷേകക്രമം നടത്തി ആർച്ച്ഡീക്കനെ മാർത്തോമാ ഒന്നാമൻ എന്ന പേരിൽ മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു.[55][56]തുടർന്ന് ഈ മെത്രാഭിഷേകത്തെ കുറിച്ചുള്ള വിവരം എല്ലാ പള്ളികളെയും അറിയിച്ചു. മഹാഭൂരിപക്ഷം പള്ളികളും മാർത്തോമാ ഒന്നാമനെ തങ്ങളുടെ മെത്രാനായി സ്വീകരിച്ചു.[56] അങ്ങനെ ചരിത്രത്തിൽ ആദ്യമായി മാർത്തോമാ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ കൂട്ടത്തിൽ പെട്ടതും തങ്ങൾ തന്നെ തെരഞ്ഞെടുത്തതുമായ ഒരു മെത്രാനെ ലഭ്യമായി.[56]

മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിലെ പിളർപ്പ്

ഈ സംഭവവികാസങ്ങളെ തുടർന്ന് പോർട്ടുഗീസ് മിഷണറിമാർ മാർത്തോമ്മാ ഒന്നാമനെയും അനുയായികളെയും അനുനയിപ്പിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അവർ മുന്നോട്ട് വെച്ച ഒത്തുതീർപ്പു ധാരണകൾക്ക് വഴങ്ങാൻ മാർത്തോമയും കൂട്ടരും തയ്യാറായില്ല. ഇതിനിടെ ഗാർസിയ അദ്ദേഹവുമായി മമതയുള്ളതും മാർത്തോമാ ഒന്നാമന്റെ തന്നെ കുടുംബത്തിൽ പെട്ടതുമായ കുന്നേൽ മത്തായി എന്ന ഒരു മുതിർന്ന കത്തനാരെ ആർച്ച്ഡീക്കനായി പ്രഖ്യാപിച്ചെങ്കിലും ആ നടപടി മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിൽ ഒരു വിധ സ്വാധീനവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്.[57] ഇക്കാര്യങ്ങളെല്ലാം ഇവിടെയുള്ള മിഷണറിമാർ റോമിനെ അറിയിച്ചു. റോമിലെ അധികാരികൾ 1657-ൽ ജോസഫ് മരിയ സെബസ്ത്യാനി എന്ന കർമ്മലീത്താ വൈദികന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മിഷണറിമാരെയും 1658-ൽ വിൻസന്റ് ഹയസിന്ത് എന്ന വൈദികന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം കർമ്മലീത്തക്കാരെയും മാർത്തോമാ ക്രിസ്ത്യാനികളുമായുള്ള അനുരഞ്ജനചർച്ചകൾക്കായി കേരളത്തിലേക്ക് അയച്ചു. അർക്കദിയാക്കോനെ പുരോഹിതർ മാത്രം ചേർന്ന് മെത്രാനായായി അഭിഷേകം ചെയ്ത നടപടി സഭാനിയമങ്ങൾക്കനുസൃതമല്ല എന്ന് ഇവർ പ്രചരിപ്പിച്ചു. മാർത്തോമ ഒന്നാമന്റെ നാല് കാര്യവിചാരകരിൽ പറമ്പിൽ ചാണ്ടി കത്തനാർ, കടവിൽ ചാണ്ടി കത്തനാർ, വേങ്ങൂർ ഗീവർഗീസ് കത്തനാർ എന്നിവരെ അടക്കം ഒരു കൂട്ടം നസ്രാണികളെ ഇക്കാര്യം ധരിപ്പിക്കുന്നതിൽ ഇവർ വിജയിച്ചു. മാർത്തോമാ ഒന്നാമന്റെ മെത്രാഭിഷേകത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ടതോട് കൂടി അദ്ദേഹത്തിന് അനുയായികളെ നഷ്ടപ്പെടാൻ തുടങ്ങി. ഇതിനിടെ മലബാറിലെ നസ്രാണികളുടെ പുനരൈക്യം സാധ്യമാക്കുന്നതിന് റോമിലേക്ക് മടങ്ങിയ ജോസഫ് മരിയ 15 ഡിസംബർ 1659-ൽ ജോസഫ് സെബസ്ത്യാനി മാർപ്പാപ്പയിൽ നിന്നും മെത്രാനായി അഭിഷേകമേറ്റു.[58] 1661-ൽ ജോസഫ് സെബസ്ത്യാനി തിരികെ കേരളത്തിലേക്ക് വന്നപ്പോഴേക്കും ഫ്രാൻസിസിസ് ഗാർസിയ (1659-ൽ) അന്തരിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ ദൗത്യം കൂടുതൽ എളുപ്പമായി. കൊടുങ്ങല്ലൂർ അതിരൂപതയുടെ ഭരണം ഏറ്റെടുത്ത ജോസഫ് സെബസ്ത്യാനി ചുരുങ്ങിയ കാലം കൊണ്ട് മാർത്തോമ്മാ ഒന്നാമന്റെ ഒപ്പമുണ്ടായിരുന്ന പള്ളികളിൽ നല്ലൊരു പങ്കും തിരികെ റോമിന്റെ മേൽക്കോയ്മയിലേക്ക് കൊണ്ടു വന്നു.

പക്ഷേ, 1663-ൽ ഡച്ചുകാർ കൊച്ചി കീഴടക്കിയതോട് കൂടി മലബാർ തീരത്ത് ഉള്ള പോർട്ടുഗീസുകാരുടെ സ്വാധീനം നഷ്ടമായി. ഡച്ചുകാർ പോർട്ടുഗീസ് മിഷണറിമാരോട് മലബാർ വിട്ട് പോകുവാൻ ആവശ്യപ്പെട്ടു. അതോടൊപ്പം മലബാറിൽ കഴിഞ്ഞിരുന്ന കർമലീത്ത മിഷനറിമാർ ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻമാരോടും മലബാർ വിടാൻ ഡച്ചുകാർ നിർദ്ദേശിച്ചു. അതിന് മുൻപായി സെബസ്ത്യാനി റോമിന്റെ മേൽക്കോയ്മ അംഗീകരിച്ചിട്ടുള്ള മാർത്തോമാ ക്രിസ്ത്യാനികളുടെ മെത്രാനായി 1663 ഫെബ്രുവരി 1-ന് മാർത്തോമാ ഒന്നാമന്റെ അടുത്ത ബന്ധുവും മുൻപ് അദ്ദേഹത്തിന്റെ ഉപദേഷ്ടകരിലൊരാളുമായിരുന്ന പറമ്പിൽ ചാണ്ടി കത്തനാരെ വാഴിച്ചു.

പഴയകൂറ്റുകാരും പുത്തൻ കൂറ്റുകാരും: പിളർപ്പ് പൂർണ്ണമാവുന്നു

മാർത്തോമ്മാ ഒന്നാമൻ തനിക്ക് ശരിയായ കൈവയ്പ് അഭിഷേകം ലഭിക്കാനായി പൗരസ്ത്യദേശങ്ങളിലേക്ക് എഴുത്തുകുത്തുകൾ നടത്തിവരികയായിരുന്നു. പോർട്ടുഗീസുകാർ സമുദ്രമാർഗ്ഗമുള്ള യാത്രകൾ നിയന്ത്രിച്ചിരുന്നതിനാൽ അവരുടെ കണ്ണുകൾ വെട്ടിച്ച് അവിടെ നിന്നും ഒരു മെത്രാന് ഇവിടെയെത്തുക പ്രയാസമായിരുന്നു. എന്നാൽ 1665-ൽ ഒട്ടോമൻ തുർക്കിയിലെ പാലസ്തീനിൽ നിന്ന് യെരുശലേമിന്റെ മെത്രാപ്പൊലിത്ത എന്ന പദവിയുള്ള മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ എന്ന സുറിയാനി ഓർത്തഡോക്സ് മെത്രാൻ കേരളത്തിൽ വന്നു. അദ്ദേഹത്തിന്റെ കൈവശം മാർത്തോമ്മാ ഒന്നാമന്റെ അധികാരം ഉറപ്പിക്കാൻ ഉള്ള അന്ത്യോക്യാ പാത്രിയാർക്കിസിന്റെ അനുമതിപത്രം ഉണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്നും മാർത്തോമാ ഒന്നാമൻ തനിക്ക് വേണ്ടിയിരുന്ന കൈവെയ്പ് നേടുകയും അതുവഴി അന്ത്യോക്യയിലെ പാത്രിയർക്കീസിനൊപ്പം ചേരുകയുമുണ്ടായി. മാർ ഗ്രിഗോറിയോസ് കേരളത്തിൽ തന്നെ താമസിച്ച് മാർത്തോമാ ഒന്നാമനൊപ്പം പുതുതായി രൂപീകരിക്കപ്പെട്ട യാക്കോബായ മലങ്കര സഭയുടെ ഭരണം സംയുക്തമായി നിർവ്വഹിച്ചു. ഇതോടെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ നെടുകെയുണ്ടായതായ പിളർപ്പ് പൂർണ്ണമായി. 1599-ലെ ഉദയംപേരൂർ സുന്നഹദോസ് മുതൽ റോമാ സഭയോട് ചേർന്ന് നിന്നവരും 1657-1663 കാലത്തെ ജോസഫ് സെബസ്ത്യാനിയുടെ പ്രവർത്തനഫലമായി കത്തോലിക്കാ സഭയിൽ മടങ്ങിയെത്തിയവരും പഴയകൂറ്റുകാർ അഥവാ സുറിയാനി കത്തോലിക്കർ അല്ലെങ്കിൽ റോമാ സുറിയാനികൾ എന്നും കൂനൻ കുരിശു സത്യത്തിന് ശേഷം മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീലിലൂടെ അന്ത്യോക്യയുടെ ആത്മീയാമേധാവിത്വം അംഗീകരിച്ചവർ പുത്തങ്കൂറ്റുകാർ അഥവാ യാക്കോബായ സുറിയാനികൾ എന്നും അറിയപ്പെട്ടു.[59][60] എന്നാൽ "പഴയകൂർ"-"പുത്തൻകൂർ" എന്നീ സംജ്ഞകൾ ചരിത്രപരമായി തകരാറുള്ളവയാണെന്നും അവ തെറ്റിദ്ധാരണാജനകങ്ങളായ പേരുകളാണെന്നും അഭിപ്രായങ്ങളുണ്ട്.[61][62]

മാർത്തോമ്മാ ക്രിസ്ത്യാനികൾ പിന്നീടും സാംസ്കാരികവും വംശീയവുമായി ഒരു സമുദായമായി തന്നെ നിലകൊണ്ടെങ്കിലും സഭാപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളിൽ അവർ വിഭിന്നരായി മാറി. മാത്രമല്ല, അസ്വസ്ഥതകളുടെ ഒരു നീണ്ട കാലഘട്ടത്തിലൂടെ ഇരുവിഭാഗങ്ങൾക്കും കടന്നു പോകേണ്ടി വന്നു. 1687-ൽ മാർ ചാണ്ടി മെത്രാന്റെ മരണത്തെ തുടർന്ന് പഴയകൂർ വിഭാഗം വീണ്ടും ഒരു നീണ്ടകാലം വിദേശവൈദികനേതൃത്വത്തിന്റെ കീഴിലായി. ഇക്കാലയളവിലെ പദ്രുവാദോ, പ്രൊപ്പഗന്ത എന്നീ മിഷണറി ഭരണസമ്പ്രദായങ്ങളും ചിലപ്പോഴൊക്കെയുള്ള ഇരുവരും ചേർന്ന ദ്വിഭരണങ്ങളും അവരെ സംബന്ധിച്ചിടത്തോളം ദുർഭരണത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കയ്പേറിയ അനുഭവമായി മാറി.[63] അവർക്ക് തങ്ങളുടെ "പൗരസ്ത്യ", "മലബാർ", അല്ലെങ്കിൽ "സുറിയാനി" പാരമ്പര്യം, ബന്ധം ആരാധന എന്നിവയിലുണ്ടായ നഷ്ടവുമായി ഒരിക്കലും പൂർണമായി പൊരുത്തപ്പെടുവാനായില്ല. അവരിലേറെ പേർക്കും പൂർണ്ണ സ്വയംഭരണാധികാരവും തദ്ദേശീയരായ മെത്രാന്മാരെയും പുരോഹിതരെയും ആണ് വേണ്ടിയിരുന്നത്.[64]തങ്ങളുടെ പഴയകാല ആരാധനക്രമം അതിന്റെ അവികലരൂപത്തിൽ പുനഃസ്ഥാപിക്കുവാനുള്ള റോമിനോടുള്ള അപേക്ഷ ഇവർ തുടർന്നു കൊണ്ടിരുന്നു.[65] അതേ സമയം പുത്തൻകൂർ വിഭാഗം അവരുടെ നിലയിലും അതൃപ്തരായിരുന്നു. പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന പൗരസ്ത്യസുറിയാനി ആരാധനക്രമം ഉപേക്ഷിച്ച് ക്രമേണെ പാശ്ചാത്യ സുറിയാനി അഥവാ അന്ത്യോക്യൻ ആരാധനാക്രമവും പാരമ്പര്യങ്ങളും അവർക്ക് സ്വീകരിക്കേണ്ടതായി വന്നു.[66] അതോടൊപ്പം മാർത്തോമാ ഒന്നാമന്റെ പിൻഗാമികളായി വന്ന തദ്ദേശീയരായ മെത്രാന്മാരും വിദേശത്തു നിന്ന് എത്തിയിരുന്ന സുറിയാനി മെത്രാന്മാരും തമ്മിലുള്ള അധികാര വടംവലികളും മൂപ്പിളമ തർക്കങ്ങളും അതുമൂലം ഉടലെടുത്തിരുന്ന വിഭാഗീയതകളും അവരുടെ സഭാരംഗത്തും പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

പിൽക്കാല പിളർപ്പുകൾ

സഭാപരമായ ഭിന്നിപ്പുകൾ വീണ്ടും തുടർന്നു കൊണ്ടിരുന്നു. തൽഫലമായി മാർത്തോമാ ക്രിസ്ത്യാനികളെ ഇന്ന് കേരളത്തിൽ നിലവിലുള്ള ഏഴ് സുറിയാനി സഭകളാക്കി മാറ്റി. പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമം പിന്തുടർന്ന പഴയകൂറ്റുകാർ സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയായും പാശ്ചാത്യ സുറിയാനി ആരാധനാക്രമം സ്വീകരിച്ച പുത്തൻകൂറ്റുകാർ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയായും പരിണമിച്ചു.[67]

അവലംബങ്ങൾ

 1. S. C. Bhatt, Gopal, K. Bhargav (2006). Land and People of Indian States and Union Territories:a. Gyan Publishing House.
 2. 2.0 2.1 2.2 നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 319-320. On 3 January 1653 priests and people assembled in the church of Our Lady at Mattanceri, and standing in front of a crucifix and lighted candles swore upon the holy Gospel that they would no longer obey Garcia, and that they would have nothing further to do with the Jesuits; they would recognise the archdeacon as the governor of their church.....The Thomas Christians did not at any point suggest that they wished to separate themselves from the pope. They could no longer tolerate the arrogance of Garcia. And their detestation of the Jesuits, to whose overbearing attitude and lack of sympathy they attributed all their troubles, breathes through all the documents of the time. But let the pope send them a true bishop not a Jesuit, and they will be pleased to receive and obey him.
 3. 3.0 3.1 3.2 3.3 India Census Division, . (1965). Census of India (1961) :Kerala (in ഇംഗ്ലീഷ്). Office of the Registrar General. p. 111. There are various versions about the wording of swearing, one version being that it was directed against the Portugese, another that it was directed against Jesuits, yet another that it was directed against the authority of church of Rome {{cite book}}: |first= has numeric name (help)
 4. 4.0 4.1 ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 360. At Koonen Cross, the assembly of priests (kattanars) and people formally stood before a crucifix and lighted candles and solemnly swore an oath upon the Gospel that they would strive, henceforth, to restore their ancient Church to its former full independence and that they would no longer obey Francis Garcia (SJ) or any other prelate sent by the Pfarangi Church of Rome.
 5. http://kottayamad.org/knanaya-history/
 6. 6.0 6.1 Eastern Churches Journal : A Journal of Eastern Christendom-Volume 10 (in ഇംഗ്ലീഷ്). Society of Saint John Chrysostom. 2003. p. 55. The crowd outside shared in the oath by holding on to a rope tied to a cross in the Churchyard . It is said that the cross bent as a result . Hence the oath is known as Coonan ( bent ) Cross Oath.
 7. 7.0 7.1 Oommen, M. A. (1999). Rethinking Development - Kerala's Development Experience · Volume 1 (in ഇംഗ്ലീഷ്). Institute of Social Sciences and Concept Publishing Company. p. 81. ISBN 9788170227649. The oath is known in history as the Kunan Kurisu Satyam , an oath taken by holding a rope tied to a cross that consequently developed a bend.
 8. 8.0 8.1 8.2 8.3 ശ്രീധരമേനോൻ, എ (2010). കേരളസംസ്കാരം. ഡി.സി ബുക്സ്. p. 28. ISBN 81-264-1585-1.
 9. "Newly discovered 300-yr-old inscription sheds light on Kerala's forgotten Persian Bishop". thenewsminute.com. The Newsminute. 19 നവംബർ 2021. Retrieved 22 ഡിസംബർ 2021. Christianity established itself in Kerala within the first century A.D, and the local Christian community known as the Nasranis made connections with various ancient Christian communities in Persia, Syria, Asia Minor.
 10. 10.0 10.1 ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
 11. 11.0 11.1 എഴുത്തുപുരക്കൽ കപ്പൂച്ചിൻ, ജോസഫ് (2016). സിറോ-മലബാർ ആരാധനാക്രമവും ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയും. മീഡിയഹൗസ്. p. 77. ISBN 978-93-84034-98-6.
 12. "Thomas Christians". britannica.com. എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക. Retrieved 25 ഡിസംബർ 2021. India's ancient Christians looked to the Assyrian Church of the East (often disparaged as "Nestorian" by Western or Roman Catholic Christians, who associated it with the anathematized bishop Nestorius) and its catholicos (or patriarch) for ecclesiastical authority
 13. "Thomas Christians". e-GEDSH:Gorgias Encyclopedic Dictionary of the Syriac Heritage. Although India was supplied with bishops from the Middle East, the effective control lay in the hands of the indigenous Archdeacon.
 14. 14.0 14.1 ജോസഫ്, ക്ലാര. എ.ബി (2019). Christianity in India: The Anti-Colonial Turn (in ഇംഗ്ലീഷ്). Taylor & Francis. ISBN 9781351123846. Documents address him as the Jathikku Karthavyan [the head of the caste], that is, the head of the Thomas Christians."
 15. ജോസഫ്, ക്ലാര. എ.ബി (2019). Christianity in India: The Anti-Colonial Turn (in ഇംഗ്ലീഷ്). Taylor & Francis. ISBN 9781351123846. even when there were more than one foreign bishop, there was only one Archdeacon for entire St.Thomas Community.."
 16. ഡോ:പി.ജെ. തോമസിന്റെ 'മലയാള സാഹിത്യവും ക്രിസ്ത്യാനികളും' എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ 'ചർച്ചയും പൂരണവും' എന്ന അനുബന്ധ ഭാഗത്തു നിന്നും. ഡി.സി. ബുക്‌സ്. 1989. p. 323. ...അവരെ ലത്തീൻകാരിൽ നിന്നും വേർതിരിച്ചു കാണിച്ച് സുറിയാനിക്കാർ എന്നു പേരു വിളിച്ചു തുടങ്ങി. ഡച്ചുകാരാണ് ഈ പേര് സമുദായനാമമായി ഉപയോഗിച്ച് തുടങ്ങിയത് എന്നു കേൾക്കുന്നു. ഏതായാലും സുറിയാനിക്കാർ എന്ന സമുദായപ്പേരുണ്ടാകുന്നത് പോർത്തുഗീസുകാരുടെ വരവിന് ശേഷമാണ്....ബ്രിട്ടീഷുകാരായിരുന്നു ഈ പേരിന്റെ പ്രചാരകർ. ഇന്ന് സുറിയാനിക്കാർ എന്ന് അറിയപ്പെടുന്ന പ്രാചീന മാർത്തോമാ നസ്രാണികൾക്കു സുറിയാനിയുമായി ഉണ്ടായിരുന്ന ബന്ധം ആരാധനാഭാഷയിൽ മാത്രമായിരുന്നു....ഇന്ന് സുറിയാനി ക്രിസ്ത്യാനികൾ എന്ന് അറിയപ്പെടുന്ന മാർത്തോമാ നസ്രാണികളെല്ലാം വിദേശത്തു നിന്ന് കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് എന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു.
 17. "Newly discovered 300-yr-old inscription sheds light on Kerala's forgotten Persian Bishop". thenewsminute.com. The Newsminute. 19 നവംബർ 2021. Retrieved 25 ഡിസംബർ 2021. The Nasranis used an ancient language known Syriac in their liturgy, which led to them being referred to as Syrian Christians.
 18. 18.0 18.1 ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 123-124. Two years later, in November 1502, not long after the arrival from Lisbon of the Captain-Major, Admiral Vasco da Gama, another delegation of Indian Christian leaders, also led by Mar Jacob, the Metran of Ankama¯li,.........In token of this alliance, they ceremonially presented the Captain-Major with a highly ornate red staff, richly inlaid, with silver bands on its ends and three silver bells on its top..........rather than serving as tokens of submission, symbolized superiority—the Portuguese were only too happy to accept.
 19. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 129. By far the most important and influential of all missionaries in India, incessantly in competition and controversy with the Franciscans, and eventually becoming the spearhead of missionary activity, both within and outside of Portuguese-held enclaves and territories, would be the Society of Jesus, better known as 'Jesuits'.
 20. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 139. The boundaries of the diocese of Goa were defined as being in one direction the Cape of Good Hope and in the other the kingdom of China...
 21. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 127. The Padroado Real, granted by the Church of Rome to the Portuguese Crown, gave it exclusive authority to fill clerical positions within its overseas domains.
 22. k, pradeep (29 മാർച്ച് 2021). "The times and life of Arnos Paathiri". thehindu.com. The Hindu. Retrieved 25 ഡിസംബർ 2021. History has it that Sampaloor was etymologically known as San-Paul-Ur because of the Portuguese-Jesuit presence
 23. Whitehouse, Thomas (1873). Lingerings of light in a dark land: Researches into the Syrian church of Malabar (in ഇംഗ്ലീഷ്). William Brown and Co. p. 169 - footnotes. Sampallur is equivalent of St.Pauls Town, so called because Paulists or Jesuite resided there
 24. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 202.
 25. Susanne Röhl; Ernst Bremer, eds. (2006). Language of Religion, Language of the People - Medieval Judaism, Christianity, and Islam (in ഇംഗ്ലീഷ്). Wilhelm Fink Verlag. p. 400. ISBN 9783770542819.
 26. 26.0 26.1 നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 204.
 27. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 134.
 28. 28.0 28.1 28.2 28.3 നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707. കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 209-210.
 29. http://www.synodofdiamper.com/synod.php
 30. 30.0 30.1 "Diamper, Synod of". gedsh.bethmardutho.org. Gorgias Encyclopedic Dictionary of the Syriac Heritage. Retrieved 25 ഡിസംബർ 2021. The synod, attended by 153 local priests and 660 lay representatives, lasted from the 20th to the 27th of June, and passed more than 200 decrees in rapid succession and evidently without any serious debate..........After the synod, Menezes remained in Kerala until Nov. 1599 and made a tour of the diocese, during which books preserved in the local churches were submitted to his entourage for examination and those deemed heretical were consigned to the flame.
 31. "Synod-of-Diamper". britannica.com. എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക. Retrieved 25 ഡിസംബർ 2021. The local patriarch—representing the Assyrian Church of the East, to which ancient Christians in India had looked for ecclesiastical authority—was then removed from jurisdiction in India and replaced by a Portuguese bishop; the East Syrian liturgy of Addai and Mari was "purified from error"; and Latin vestments, rituals, and customs were introduced to replace the ancient traditions. The forced Latinization and disregard for local tradition were accompanied by violence and led to schism among Thomas Christians by the mid-17th century
 32. 32.0 32.1 32.2 എഴുത്തുപുരക്കൽ കപ്പൂച്ചിൻ, ജോസഫ് (2016). സിറോ-മലബാർ ആരാധനാക്രമവും ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയും. മീഡിയഹൗസ്. p. 80-81. ISBN 978-93-84034-98-6.
 33. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 367. Refusal of those loyal to the Church of the East to submit to dictates from the Church of the West entered a new phase with the rise of two new figures. The new Archdeacon, named Thomas, challenged the new Padroado Archbishop of Kodungallur (Cranganore), named Francis Garcia(SJ). Each claimed that the other could do nothing without his consent.
 34. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 316. By this time Thomas had come to the conclusion that no remedy for the ills from which the Thomas Christians were suffering would be effective, other than the arrival of an Eastern bishop of the tradition to which they had been accustomed through the centuries
 35. 35.0 35.1 നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 316. He took the unusual step of writing to the Coptic patriarch in Alexandria, the Jacobite (Monophysite) patriarch of Antioch, and the Nestorian patriarch of Babylon, asking them to provide the necessary help. Not unnaturally no answer was received to any of the letter.
 36. Neill, p. 317
 37. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 367. Ahatallah, hailing from the West Syrian Church of Antioch and claiming to be the 'Patriarch of All India and China', arrived in Mylapore at the behest of the Coptic Patriarch
 38. 38.0 38.1 38.2 നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 317. While there, he made his submission to Rome, and arrived in Rome itself about the middle of the year 1632.... promising that he would bring the patriarch Hidayat Allah over to the Roman obedience...What follows is obscure. ...after the death of Hidayat Allah, he himself had been elected patriarch and given the title Ignatius.... he had been despatched to Persia to care for the churches there....The patriarch, having no one else to send, seems to have suggested to Ahatallah....Having nothing else to do, Ahatallah gladly accepted this commission.
 39. Kollamparambil, Dr Jacob (1981). The St. Thomas Christian Revolution 1653. Catholic Bishop's House Kottayam. p. foot note 38.
 40. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 367. ISBN 0-19-826377-5. After Manoel de Leira (SJ) sent secret information about him to Portuguese officials, they apprehended him and put him aboard a ship bound for Cochin and Goa.
 41. 41.0 41.1 ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 367-368. ISBN 0-19-826377-5. Without letting Archdeacon Thomas see Ahatallah or his credentials, they claimed that the ship had already sailed for Goa.
 42. Neill, p. 316.
 43. Vadakkekara, p. 81.
 44. (മാർ), അപ്രേം (1983). The Chaldean Syrian Church of the East (in ഇംഗ്ലീഷ്). I.S.P.C.K. for the National Council of Churches in India. p. 23. In order to prevent any attack on the town, they spread the less palatable story that the unfortunate prelate had been accidently drowned. {{cite book}}: Check |first= value (help)
 45. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 319. in case the patriarch cannot be produced, he having been killed by the Paulists [Jesuits], let any other person of the four religious orders come here by order of the supreme pontiff, a man who knows Syriac, and can teach us in our offices, except the Paulists, whom we do not at all desire, because they are enemies of us and of the church of Rome; with that exception let anybody come, and we are ready to obey without hesitation
 46. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 319. The Thomas Christians made one more attempt to reach some kind of compromise before proceeding to extreme measures....Garcia summarily refused to accept the invitation.
 47. ഡോ. ക്ലോഡിയസ് ബുക്കാനൻ, ഡോ. കുരിയാക്കോസ് കോർഎപ്പിസ്ക്കോപ്പ മൂലയിൽ; Four Historic Documents; മോർ ആദായ് സ്റ്റഡി സെന്റർ . 2002
 48. അങ്കമാലി സെന്റ് ജോർജ്ജ് ബസിലിക്കായുടെ വെബ്സൈറ്റിൽ പടിയോലയെക്കുറിച്ചുള്ള ലേഖനവും പടിയോലയുടെ പകർപ്പും Archived 2012-07-23 at the Wayback Machine.
 49. Whitehouse, Thomas (1873). Lingerings of light in a dark land: Researches into the Syrian church of Malabar (in ഇംഗ്ലീഷ്). William Brown and Co. p. 306.
 50. Professor Lee, ed. (October 1822). "Letter from Punnathara Dionysious (Thoma XI) to the Head of the Church Mission Society". The Missionary Register. M DCCC XXII: 431–432.
 51. ചീരൻ, ജോസഫ് (2013). പാലൂർ-കുന്നംകുളം ഇടവകകൾ: ചരിത്രവും സംസ്കാരവും. കുന്നംകുളം: M. J. D. Publishing House. p. 53.
 52. Neill, pp.320
 53. Vadakkekara, p. 82.
 54. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 320. Jerome was the ancient custom of the church of Alexandria. There, when the patriarch died, the twelve priests of the city churches would elect one of their number as patriarch; the eleven would then lay hands on the elected person and thus consecrate him as their patriarch, and would also immediately elect another presbyter, so that the college should never consist of less than twelve persons.
 55. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 368. Archdeacon Thomas, having been elevated to High Metran by the laying on of hands by twelve kattanars, took the title of Mar Thoma I.
 56. 56.0 56.1 56.2 Neill, pp. 320–321.
 57. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 323.
 58. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 324. To bring one of the cattanars to Rome for consecration would have resulted in endless delays...So at the age of thirty-six Joseph Sebastiani, in religion Fr Joseph of Saint Mary OCD, was consecrated secretly on 15 December 1659, and given the title bishop of Hierapolis.
 59. The Quarterly Journal of the Mythic Society. Vol.3 (in ഇംഗ്ലീഷ്). മിത്തിക്ക് സൊസൈറ്റി. 1911. p. 141. This incident marks an epoch in the history of the Syrian Church, and led to a separation of the community into parties, namely the Pazhayakuru (the Romo - Syrians) who adhered to the Church of Rome according to the Synod at Diamper ; and the Puttankuru , the Jacobite Syrians , who after the oath of the Coonan Cross got Mar Gregory from Antioch, acknowledged the spiritual supremacy thereof. The former owed its foundation to the Archbishop Menezes and the Synod at Diamper in 1599 and its reconciliation after the revolt to the Carmelite Bishop Father Joseph of St.Mary whom the Pope appointed in 1659.
 60. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 369. Once Mar Thoma I had been consecrated and joined to the Patriarchate of Antioch, Mar Gregorios himself stayed on in Malabar as joint ruler over the newly formed Jacoba Malankara Church. This joint rule, lasting twenty years (when they both died), made permanent the 'vertical' split between Malabar Christians linked to Rome and Malankara Christians linked to Antioch (in Mardin). Those of the 'new allegiance', known as Puthankuttukar, were led by metrans who looked to the Jacoba Patriarch of Antioch in Mardin.
 61. തോമസ്, ബോബി (2016). ക്രിസ്ത്യാനികൾ-ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം. ഡി.സി. ബുക്സ്. p. 309-310. നാടകീയ സംഭവവികാസങ്ങളുടെ പരമ്പരകൾ വീണ്ടും തുടർന്നു കൊണ്ടിരുന്നു. പുത്തൻ കൂറ്റുകാരും പഴയ കൂറ്റുകാരും പള്ളികൾ പിടിക്കാനുള്ള മത്സരം ശക്തമാക്കി. അവരുടെ ഈ പേരുകൾ തന്നെ തകരാറുള്ളതാണ്. പോർച്ചുഗീസുകാർ ഇവിടെ വന്നതിന് ശേഷം മാത്രം കേരളത്തിൽ സ്ഥാപിതമായ കത്തോലിക്കാസഭ എങ്ങനെ പഴയ കൂറ്റാകും? അവരും പുത്തൻ കൂറ്റ് തന്നെ. കത്തോലിക്കാ ഇതരപക്ഷം അന്ത്യോക്യൻ പക്ഷത്ത് ചേർന്ന് യാക്കോബായക്കാർ ആയതോടെ അവരും പുത്തൻ കൂറ്റുകാർ തന്നെയാണായത്. പാശ്ചാത്യ സുറിയാനി പാരമ്പര്യമാണ് അന്ത്യോക്യയുടേത്. ബാബിലോണിലെ പൗരസ്ത്യ സുറിയാനി കൽദായ പാരമ്പര്യം എന്ന നസ്രാണികളുടെ യഥാർത്ഥ പഴയകൂറ്റ് അപ്പോഴേക്കും വിസ്മൃതിയിലേക്ക് തള്ളപ്പെട്ടിരുന്നു. അതിനാൽ കത്തോലിക്കാ പക്ഷത്തെയും കത്തോലിക്കാ ഇതരപക്ഷത്തെയും യഥാക്രമം പുത്തൻകൂറ്റ്-എ, പുത്തൻകൂറ്റ്-ബി എന്നോ മറ്റോ വിശേഷിപ്പിക്കുന്നതാവും ചരിത്രപരമായി കൂടുതൽ ശരിയാവുക.
 62. ശങ്കരമേനോൻ, എം (1903). Census of India-1901, XX, Cochin, Part-I (in ഇംഗ്ലീഷ്). Census Operations, Cochin State. p. 51-52. "The Pazheia Kuttukar, or old Church, owed its foundation to Archbishop Menezes and the Synod of Diamper in 1599, and its reconciliation, after the revolt, to the Carmelite Bishop of St.Mary, in 1656. It retains in its services Syrian language and in part the syrian ritual. But it acknowledges the supremacy of Pope and its Vicars Apostolic....The other section of the Syrian Christians of Malabar is called the Puttan kuttukar, or new Church. It adheres to the Jacobite tenets introduced by its first Jacobite Bishop, Mar Gregory in 1665" - quoting the book 'Indian Empire' by W.W Hunter, 3rd Edition, pp:203-04............These names are of course misnomers as the New Church party are as old as, if not older than, the Old Church party.
 63. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 360. ...and then later, after 1653 but especially between 1663 and 1710, under the double government of both Padroado and Propaganda, is a long and unending tale of misgovernment, bitterness, tyranny, and woe.
 64. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 369. The Yet,those who were Catholic never became fully reconciled to the loss of their 'Eastern', 'Malabar', or 'Syrian' heritage, connection, or rite. Most of all they wanted their own fully autonomous and ethnically distinct bishops and clergy.
 65. എഴുത്തുപുരക്കൽ കപ്പൂച്ചിൻ, ജോസഫ് (2016). സിറോ-മലബാർ ആരാധനാക്രമവും ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയും. മീഡിയഹൗസ്. p. 93. ഉദയംപേരൂർ സൂനഹദോസ് കഴിഞ്ഞതു മുതൽ മലബാർ സഭയുടെ ആരാധനാക്രമം പുനഃസ്ഥാപിക്കുന്നതിനായി റോമിനോട് ആവർത്തിച്ച് അപേക്ഷിച്ച് കൊണ്ടിരുന്നു.1908-ൽ അവരുടെ അപേക്ഷയോട് അനുകൂലമായി പ്രതികരിക്കുവാൻ റോം സന്നദ്ധത പ്രകടിപ്പിച്ചു....1957-ൽ പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പ മാർ അദ്ദായിയുടെയും മാറിയുടെയും അനാഫൊറായോട് കൂടി പരിഷ്കരിച്ച മലബാർ സഭയുടെ വി. കുർബാനക്ക് അംഗീകാരം നൽകി.
 66. ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 14 June 2021. Contact in due course was made by the adherents of Thomas with a Syr. Orth. bp., Mar Gregorios, in 1665, and links with the Syr. Orth. Church were further strengthened in 1685,....... In this way the W.-Syr. liturgical tradition (and script) was gradually introduced into Malabar, and seems to have been fully effected by the end of the first quarter of the 19th cent.
 67. ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 14 June 2021. however, successive divisions have taken place, with the result that today in Kerala there are seven different Churches of Syriac tradition: those of the original E.-Syr. liturgical tradition are: the Malabar Catholic Church and the Chaldean Syrian Church (the latter belonging to the Ch. of E., and not the Chaldean Catholic Church); and of W.-Syr. liturgical tradition: the Malankara Syriac Orthodox Church, under the Patriarchate of Antioch; the independent Malankara Orthodox Syrian Church; the Malankara Catholic Church; the small Malabar Independent Syrian Church, and the reformed Mar Thoma Syrian Church.
"https://ml.wikipedia.org/w/index.php?title=കൂനൻ_കുരിശുസത്യം&oldid=4011621" എന്ന താളിൽനിന്ന് ശേഖരിച്ചത്