പാറേമ്മാക്കൽ തോമ്മാക്കത്തനാർ
പാറേമ്മാക്കൽ തോമ്മാക്കത്തനാർ | |
---|---|
![]() | |
ജനനം | |
മരണം | മാർച്ച് 20, 1799 | (പ്രായം 62)
അറിയപ്പെടുന്നത് | വൈദികൻ |
പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളത്തിലെ സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ഒരു പുരോഹിതനുമാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ (ജനനം: 1736 സെപ്തംബർ 10; മരണം: 1799 മാർച്ച് 20). 1787 മുതൽ 1799 വരെ ഗോവർണ്ണദോർ സ്ഥാനത്ത് കൊടുങ്ങല്ലൂർ രൂപതയെ ഭരിച്ച തോമ്മാക്കത്തനാർ, പാറേമ്മാക്കൽ ഗോവർണ്ണദോർ എന്ന പേരിലും അറിയപ്പെടുന്നു. കരിയാറ്റിൽ മല്പാനുമൊത്ത്, സുറിയാനി കത്തോലിക്കരുടെ തനിമയും ദേശീയാഭിലാഷങ്ങളും അംഗീകരിച്ചു കിട്ടാനുള്ള നിവേദങ്ങളുമായി തോമ്മാക്കത്തനാർ പോർച്ചുഗലിലേയ്ക്കും റോമിലേയ്ക്കും നടത്തിയ യാത്ര, കേരളക്രൈസ്തവ സഭാചരിത്രത്തിലെ നിർണ്ണായക സംഭവങ്ങളിലൊന്നാണ്. അതിനൊടുവിൽ, വർത്തമാനപ്പുസ്തകം എന്ന പേരിൽ അദ്ദേഹം എഴുതിയ കൃതി, കേരള ക്രിസ്തീയചരിത്രത്തിലെ അടിസ്ഥാനരേഖകളിലൊന്നും മലയാളത്തിലേയും മുഴുവൻ ഭാരതീയസാഹിത്യത്തിലെ തന്നെയും ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥവുമാണ്.[1]
പോർച്ചുഗലിൽ വച്ച് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട കരിയാറ്റിൽ മല്പ്പാൻ മടക്കയാത്രക്കിടെ ഗോവയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരണമടഞ്ഞതിനാൽ, വിദേശദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ തോമ്മാക്കത്തനാർ, ഗോവർണ്ണദോർ എന്ന സ്ഥാനപ്പേരോടെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയനേതാവായി. ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടത്തിന്റെ വിഷമഘട്ടത്തിൽ (ജനുവരി 1788-ഡിസംബർ 1790[2])അദ്ദേഹമായിരുന്നു സുറിയാനി കത്തോലിക്കരുടെ അത്മീയാധികാരി.[3] കേരളകത്തോലിക്കരുടെ ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവമായ 1787-ലെ അങ്കമാലി പള്ളിപ്രതിപുരുഷയോഗത്തിൽ അദ്ധ്യക്ഷനായിരുന്നതും ഗോവർണ്ണദോർ തോമ്മാക്കത്തനാരായിരുന്നു. സുറിയാനി കത്തോലിക്കരുടെ അവകാശപ്രഖ്യാപന രേഖയെന്ന നിലയിൽ പ്രാധാന്യമുള്ള അങ്കമാലി പടിയോല ആ യോഗത്തിന്റെ തീരുമാനങ്ങൾ ഉൾക്കൊള്ളുന്നു. വിദേശദൗത്യത്തിൽ വഹിച്ച പങ്കും, വർത്തമാനപ്പുസ്തകത്തിലെ ദേശാഭിമാന ഭരിതമായ നിരീക്ഷണങ്ങളും, ഗോവർണ്ണദോർ എന്ന നിലയിൽ നൽകിയ നേതൃത്വവും മൂലം തോമ്മാക്കത്തനാർ സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രത്തിലെ നായകപുരുഷന്മാരിലൊരാളും ആ സമൂഹത്തിന്റെ ദേശീയബോധത്തിന്റേയും വിദേശീയസഭാനേതൃത്വത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിലുള്ള അഭിലാഷത്തിന്റേയും പ്രതീകവ്യക്തിത്വവും ആയി പരിഗണിക്കപ്പെടുന്നു.
ജീവിതാരംഭം[തിരുത്തുക]
ഇക്കാലത്ത് കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ പാലായ്ക്കു സമീപമുള്ള കടനാട് എന്ന ഗ്രാമത്തിലാണ് തോമ്മാക്കത്തനാർ ജനിച്ചത്. കുരുവിളയും അന്നയും ആയിരുന്നു മാതാപിതാക്കൾ. മീനച്ചിൽ ശങ്കരൻ കർത്താവിന് ശിഷ്യപ്പെട്ട് മൂന്നു വർഷം സംസ്കൃതവും കടനാട്ടിൽ കാനാട്ട് അയ്പു കത്തനാരിൽ നിന്ന് [ക]സുറിയാനിയും പഠിച്ച അദ്ദേഹം ആലങ്ങാടു സെമിനാരിയിൽ വൈദികവിദ്യാർത്ഥിയായിരിക്കെ ലത്തീൻ, പോർച്ചുഗീസ് ഭാഷകളും പഠിച്ചു. 1761-ൽ പൗരോഹിത്യപ്രവേശനത്തെ തുടർന്ന് അദ്ദേഹം സ്വന്തം ഇടവകയായ കടനാട് പള്ളിയിൽ വികാരിയായി. ഈ സ്ഥാനത്തിരിക്കെയാണ് അദ്ദേഹം കരിയാറ്റിൽ മല്പാന്റെ നേതൃത്വത്തിൽ യൂറോപ്പിലേയ്ക്കു പോയ സുറിയാനി കത്തോലിക്കരുടെ നിവേദക സംഘത്തിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
വിദേശദൗത്യം[തിരുത്തുക]
തോമ്മാക്കത്തനാരുടേയും സംഘത്തിന്റേയും ഐതിഹാസിക യാത്രയെക്കുറിച്ചുള്ള വിവരങ്ങൾക്ക് ആശ്രയമായുള്ളത്, യാത്രയുടെ അവസാനത്തോടടുത്ത് അദ്ദേഹം രചിച്ച വർത്തമാനപ്പുസ്തകം എന്ന ഗ്രന്ഥമാണ്.
പശ്ചാത്തലം[തിരുത്തുക]
1653-ലെ കൂനൻ കുരിശു സത്യത്തോടെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഗണ്യമായൊരു വിഭാഗം റോമൻ കത്തോലിക്കാ സഭയുടെ മേൽക്കോയ്മയിൽ നിന്ന് വിട്ടുമാറി. 1599-ലെ ഉദയമ്പേരൂർ സൂനഹദോസിനു ശേഷം കേരളത്തിലെ ക്രിസ്ത്യാനികൾക്ക് മെത്രാന്മാരെ നിയമിക്കുന്നതിനുള്ള അവകാശം 'പദ്രുവാദോ' സംവിധാനം അനുസരിച്ച് പോർത്തുഗീസുകാർ കയ്യേറ്റിരുന്നു. കൂനൻ കുരിശുസത്യത്തിനുശേഷവും റോമൻ കത്തോലിയ്ക്കാ സഭയിൽ തുടർന്ന സുറിയാനി ക്രിസ്ത്യാനികളുടെ മേൽ ഈ അധികാരം പ്രയോഗിക്കാൻ, മാറിയ സാഹചര്യങ്ങളിൽ, പോർത്തുഗീസുകാർക്ക് സാധിക്കാതായി. കേരളത്തിലെ പോർത്തുഗീസ് ആധിപത്യത്തിന് ഡച്ചുകാർ അറുതിവരുത്തിയതും, പോർത്തുഗീസുകാരുടെ വരുതിയിൽ നിന്ന ഈശോസഭക്കാർ സുറിയാനിക്രിസ്ത്യാനികൾക്ക് തീരെ അനഭിമതരായിത്തീർന്നതും മറ്റുമായിരുന്നു ഇതിന് കാരണം. ഈ സാഹചര്യത്തിൽ, റോമിലെ പ്രൊപ്പഗാന്ത സംഘത്തിന്റെ നേരിട്ടുള്ള ഇടപെടൽ മൂലം, റോമൻ കത്തോലിക്കാസഭയിൽ തുടർന്ന സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയനേതൃത്വം കർമ്മലീത്താ വൈദികരുടെ കയ്യിൽ ചെന്നു പെട്ടു. ഇടക്കാലത്തെ പ്രത്യേകസാഹചര്യങ്ങളിൽ അവർക്ക് തദ്ദേശീയനായ ഒരു മെത്രാനുണ്ടാകുവാൻ കർമ്മലീത്താക്കാർ അനുവദിച്ചെങ്കിലും, അങ്ങനെ ലഭിച്ച മെത്രാൻ, പള്ളിവീട്ടിൽ ചാണ്ടി കത്തനാരുടെ മരണത്തിനു ശേഷം, സുറിയാനി കത്തോലിക്കരുടെ ആത്മീയനേതൃത്വം പ്രൊപ്പഗാന്ത സംഘം നിയമിക്കുന്ന കർമ്മലീത്തരായ വിദേശീയ മെത്രാന്മാരുടെ കയ്യിലായി.
ഈ വിദേശാധിപത്യം അപമാനകരമായ അനുഭവങ്ങളിലേയ്ക്കു നയിച്ചപ്പോൾ, കർമ്മലീത്താ മെത്രന്മാരുടെ ഭരണത്തിൽ നിന്ന് മുക്തികിട്ടാനായി ഒരു നിവേദകസംഘത്തെ യൂറോപ്പിലേയ്ക്കയക്കാൻ കേരളത്തിലെ സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതിനിധികൾ തീരുമാനിച്ചു. മാർത്തോമ്മാമെത്രാന്റെ നേതൃത്വത്തിൽ നിന്നിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനിസഭയെ, സുറിയാനി കത്തോലിക്കാ സഭയുമായി ഐക്യപ്പെടുത്താൻ വഴിതേടുകയെന്നതും ദൗത്യത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ അനൈക്യമാണ് അവരുടെ അപമാനത്തിന് കാരണം എന്ന ബോധ്യം മൂലമാണ്, സഭാവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ദൗത്യത്തിന്റെ ലക്ഷ്യമാക്കിയത്‍. നിവേദക സംഘത്തിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്, റോമിലെ പ്രൊപ്പഗാന്ത കലാലയത്തിൽ പഠനം നടത്തിയിട്ടുള്ളതിനാൽ യൂറോപ്യൻ ഭാഷകളിലും യൂറോപ്യൻ സഭാരാഷ്ട്രീയത്തിലും അവഗാഹമുണ്ടായിരുന്നു കരിയാറ്റിൽ യൗസേപ്പ് മല്പാനെയാണ്. വരാപ്പുഴ രൂപതക്കാരനായ അദ്ദേഹം ആലങ്കാട്ടു സെമിനാരിയിൽ അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തോടൊപ്പം, പള്ളികളുടെ ചെലവിൽ റോമിൽ പഠനത്തിനായയ്ക്കാൻ രണ്ട് വൈദികവിദ്യാർത്ഥികളേയും തെരഞ്ഞെടുത്തു. ഇവരടക്കം, യാത്രാ സംഘത്തിൽ ആകെ 22 പേരാണ് കരിയാറ്റിൽ മല്പാനെക്കൂടാതെ, തുടക്കത്തിൽ ഉണ്ടായിരുന്നത്. അവരിൽ ഒരാളായിരുന്നു തോമ്മക്കത്തനാർ.
യാത്രയുടെ തുടക്കം[തിരുത്തുക]
അവരുടെ ശത്രുക്കൾക്ക് കൊച്ചി തുറമുഖത്തിൽ അപ്പോഴും സ്വാധീനം ഉണ്ടായിരുന്നതിനാൽ ദൗത്യസംഘം കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി. 1778 മേയ് 7-ന് യാത്ര തിരിച്ച അവർ, കായംകുളം, അഞ്ചുതെങ്ങ്, കളച്ചൽ, തിരുവാങ്കോട്ട്, ഉദയഗിരി, വീരപാണ്ഡ്യൻ പട്ടണം, കാരയ്ക്കൽ എന്നീ സ്ഥലങ്ങൾ പിന്നിട്ട്, തരങ്ങൻപാടിയിലെത്തി. അവിടെ സംഘത്തിന് കുറേക്കാലം തങ്ങേണ്ടി വന്നു. അതിനിടെ മേയ് 4-ആം തിയതി കണക്കെടുത്തപ്പോൾ, സംഘത്തിന്റെ കൈവശം ഉണ്ടായിരുന്ന മൊത്തം പണം 43280 ചക്രമായിരുന്നു. ഏറെപ്പേരുടെ യാത്രയ്ക്കും ചെലവിനും അത് മതിയാവുകയില്ലെന്ന് മനസ്സിലായതിനാൽ, വെറും നാലുപേരുള്ളൊരു സംഘം മാത്രം യൂറോപ്പിലേയ്ക്കു പോയാൽ മതിയെന്നു തീരുമാനിച്ചു. കരിയാറ്റിൽ മല്പാനും വൈദിക വിദ്യാർത്ഥികൾക്കും പുറമേ, യാത്രാസംഘത്തിലേയ്ക്ക് അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട നാലാമനാണ് വർത്തമാനപ്പുസ്തകം എഴുതിയ പാറേമാക്കൽ തോമാക്കത്തനാർ. അദ്ദേഹത്തെ തെരഞ്ഞെടുത്തത്, ലത്തീൻ ഭാഷാജ്ഞാനം കണക്കിലെടുത്താണ്. അങ്ങനെ നാലായി ചുരുങ്ങിയ സംഘം, തരങ്ങൻ പാടിയിൽ നിന്ന് മദ്രാസിലെത്തി 1778 നവംബർ 14-ന് "എസ്പെരാസ്സാ" എന്നു പേരുള്ള കപ്പൽ കയറി.
യാത്രയുടെ ഈ ആദ്യഘട്ടത്തിൽ സംഘാംഗങ്ങൾ രോഗം മൂലം വലഞ്ഞു. ചൊറി വന്ന് ദേഹം മുഴുവൻ വ്രണപ്പെട്ട സംഘനേതാവ് കരിയാറ്റിൽ മല്പാൻ മരണത്തിന്റെ വക്കോളമെത്തിയെങ്കിലും ക്രമേണ അദ്ദേഹം സുഖം പ്രാപിച്ചു. ശുഭപ്രതീക്ഷാമുനമ്പും കടന്നുപോയ അവരുടെ കപ്പൽ, 1779 ഫെബ്രുവരി രണ്ടിന് പടിഞ്ഞാറൻ അംഗോളയിലെ ബെൻഗ്വാലയിലെത്തി. പതിനാലു ദിവസത്തെ താമസത്തിനു ശേഷം അവിടന്ന് തിരിച്ച അവർ, ആദ്യം ബ്രസീലിലെ ബഹിയയിലും തുടർന്ന്, ജൂലൈ 18-ന് അവരുടെ ആദ്യലക്ഷ്യമായിരുന്ന പോർത്തുഗലിലെ ലിസ്‌ബനിലും എത്തി.
ലിസ്‌ബൺ, നിവേദനം[തിരുത്തുക]
ലിസ്‌ബണിൽ അവർ, പദ്രുവാദോ അധികാരം ഉപയോഗിച്ച് കേരളസഭയിലേയ്ക്ക് മെത്രാന്മാരെ നിയോഗിക്കാൻ മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് പോർത്തുഗീസ് രാജ്ഞിക്ക് വിശദമായ നിവേദനം സമർപ്പിച്ചു.[4] പ്രൊപ്പഗാന്ത സംഘം നിയോഗിക്കുന്ന വിദേശീയരായ കർമ്മലീത്താ മെത്രാന്മാരെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നിരിക്കാം ഈ അഭ്യർത്ഥന എങ്കിലും ഇത് ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. വലിയ ദേശാഭിമാനിയായി ഗ്രന്ഥത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന തോമ്മാക്കത്തനാരുടെ യശസ്സിന്മേൽ നിഴൽ വീഴ്ത്തുന്നതാണ്, കേരളസഭയുടെ മേൽ പോർത്തുഗീസ് കൊളോനിയൽ നിയന്ത്രണം പുന:സ്ഥാപിക്കാനുള്ള ഈ അഭ്യർത്ഥന എന്ന് ജോസഫ് പുലിക്കുന്നേൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.[5]
റോമിൽ[തിരുത്തുക]
ലിസ്‌ബണിൽ നിന്ന് 1779 നവംബർ 4-ന് യാത്രതിരിച്ച സംഘം, ഇറ്റലിയിലെ നഗരങ്ങളായ ജെനോവ, ലിബർണോ, പിസാ എന്നിവിടങ്ങൾ വഴി 1780 ജനുവരി 3-ന് റോമിലെത്തി. റോമിൽ സന്ദർശകർക്കുണ്ടായത് മിക്കവാറും തിക്താനുഭവങ്ങളായിരുന്നു. അവരുടെ കൂടെ പോയിരുന്ന വൈദിക വിദ്യാർത്ഥികളെ പ്രൊപ്പഗാന്ത വിദ്യാലയത്തിൽ സ്വീകരിച്ചെങ്കിലും പ്രൊപ്പഗാന്തയിലെ പൂർവ വിദ്യാർത്ഥിയായിരുന്ന കരിയാറ്റിൽ മല്പാനും, തോമാക്കത്തനാർക്കും അവിടെ താമസിക്കാൻ ഇടം കൊടുക്കാൻ പോലും അധികാരികൾ വിസമ്മതിച്ചു. കേരളത്തിലെ കർമ്മലീത്താക്കാരായ സഭാധികാരികളുടെ സമ്മതമില്ലാതെ വന്ന അവരോട് "വിളിക്കാതെ വന്നവർക്ക് പ്രൊപ്പഗാന്തയിൽ ഇടമില്ല" എന്നാണ് ആദ്യം പറഞ്ഞത്. അങ്ങനെ ആദ്യം അവർക്ക് മറ്റൊരിടത്ത് താമസിക്കേണ്ടി വന്നെങ്കിലും പിന്നീട് പ്രൊപ്പഗാന്തയിൽ താമസം അനുവദിച്ചു.
മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ച[തിരുത്തുക]
മല്പാനും തോമ്മാക്കത്തനാരും ചേർന്ന്, അപ്പോൾ മാർപ്പാപ്പയായിരുന്ന പീയൂസ് ആറാമന് കൊടുക്കാൻ രണ്ട് അപേക്ഷകൾ എഴുതിയുണ്ടാക്കി. ആറാം തോമാ മെത്രാനെ സബഹുമാനം കത്തോലിക്കാ സഭയുമായി രമ്യപ്പെടുവാൻ അനുവദിച്ച് [ഖ] കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി വിഭാഗങ്ങളുടെ ഐക്യത്തിന് അവസരമുണ്ടാക്കണം എന്നായിരുന്നു ആദ്യത്തെ അപേക്ഷയുടെ സാരം. രണ്ടാമത്തെ അപേക്ഷയിൽ പലതരം വിഷയങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ മിഷൻ പ്രവർത്തനത്തിനു വരുന്ന കർമ്മലീത്താ നിഷ്പാദുകരും മറ്റുമായ മിഷനറിമാരെ വരുതിയ്ക്ക് നിർത്തണമെന്നായിരുന്നു അതിലെ ഒരപേക്ഷ. ഈ അപേക്ഷകളും, കേരളത്തിലെ പള്ളിക്കാർ എഴുത്തോലകളിൽ മലയാളത്തിൽ എഴുതി കൊടുത്തിരിക്കുന്ന നിവേദനങ്ങളും അവയുടെ ലത്തീൻ പരിഭാഷകളുമായി ഇരുവരും മാർപ്പാപ്പയെ കാണാനെത്തി. പ്രൊപ്പഗാന്ത സംഘത്തിന്റെ സെക്രട്ടറി മോൺസിഞ്ഞോർ ബോർജ്യായും അവർക്കൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ പള്ളികളിൽ ദുഃഖവെള്ളിയാഴ്ച ദിവസം ക്രൂശിതരൂപത്തെ കുമ്പിടുന്നതുപോലെ മൂന്നുതവണ മുട്ടുകുത്തി നമസ്കരിച്ച് പാദം ചുംബിച്ചാണത്രെ സന്ദർശകർ മാർപ്പാപ്പയെ കണ്ടത്. അപേക്ഷകൾ രണ്ടും പള്ളികളുടെ നിവേദനങ്ങളും അവർ മാർപ്പാപ്പയെ ഏല്പിച്ചു. "മലങ്കരയിൽ നാടുവാഴുന്ന രാജാവ് ആരാണെന്നും ക്രിസ്ത്യാനികൾക്ക് വല്ല ദോഷവും ചെയ്യുന്നുണ്ടോ എന്നും അവിടത്തെ കാലാവസ്ഥ നല്ലതാണോ എന്നും അവിടെ നല്ല മത്സ്യം കിട്ടുമോ എന്നും മറ്റുമുള്ള" കുശലങ്ങൾ മാർപ്പാപ്പ സന്ദർശകരോട് ചോദിച്ചു. ഒടുവിൽ തങ്ങളുടെ അപേക്ഷകളെ മാർപ്പാപ്പയുടെ പരിഗണനയ്ക്ക് ഏല്പിച്ച് അവർ വെളിയിൽ വന്നു.
കൂടിക്കാഴ്ച കഴിഞ്ഞ്[തിരുത്തുക]
കൂടിക്കാഴ്ചയ്ക്കു ശേഷം സന്ദർശകർ പുറത്തെ ഹാളിൽ തീകാഞ്ഞ് കാത്തിരിക്കുമ്പോൾ, അവർക്കൊപ്പമുണ്ടായിരുന്ന പ്രൊപ്പഗാന്തയിലെ മോൺസിഞ്ഞോർ ബോർജ്യായും മാർപ്പാപ്പയുടെ മുറിയിൽ നിന്ന് വെളിയിൽ വന്നു. തങ്ങൾ മാർപ്പാപ്പയെ ഏല്പിച്ച അപേക്ഷകൾ ബോർജ്യായുടെ കയ്യിൽ കണ്ടത് അവരെ അത്ഭുതപ്പെടുത്തി.
“ | (ബോർജ്യാ) ഞങ്ങളെ കണ്ടയുടൻ "നിങ്ങൾ ഇത്രയും കാലം രഹസ്യമായി സൂക്ഷിച്ചിരുന്ന മലങ്കരപ്പള്ളിക്കാരുടെ സമ്പത്തൊക്കെയും ഇതല്ലയോ" എന്ന് ആക്ഷേപസ്വരത്തിൽ ചോദിച്ചു. ചിരിച്ചുകൊണ്ട്, (അപേക്ഷകൾ അടങ്ങിയ) പുസ്തകവും എഴുത്തോലകളും പ്രൊപ്പഗാന്തയിൽ ചെല്ലുന്നതുവരെ പിടിച്ചുകൊള്ളുവാൻ ഞങ്ങളെ തന്നെ ഏല്പിച്ചു....ഞങ്ങളെ അദ്ദേഹം പ്രൊപ്പഗാന്തയിൽ കൊണ്ടുവന്ന് ആക്കുകയും ചെയ്തു.[6] | ” |
ഈ അനുഭവത്തെക്കുറിച്ച് ഗ്രന്ഥകാരൻ തുടർന്ന് ഇങ്ങനെ എഴുതുന്നു:
“ | (നിവേദനം) വായിച്ചുനോക്കാതെയും......തുറന്നു നോക്കുക പോലും ചെയ്യാതെയും വിപരീതബുദ്ധിയായ മോൺസിഞ്ഞോർ ബോർജ്യായെ അദ്ദേഹം ഏല്പിച്ചതോർത്താൽ, ആറാം പീയൂസ് എന്നുപേരായ ഈ മാർപ്പാപ്പ ദൈവത്തിന്റെ തിരുസഭയെ എത്ര ഉത്തരവാദിത്തത്തോടെയാണ് ഭരിക്കുന്നതെന്നും നമ്മുടെ ശത്രുക്കൾക്ക് അദ്ദേഹത്തിന്റെ മേൽ എത്ര സ്വാധീനമുണ്ടെന്നും വ്യക്തമാകുമല്ലോ.[6] | ” |
റോം വിടുന്നു[തിരുത്തുക]
റോമിൽ സന്ദർശകർക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചറിഞ്ഞ പോർത്തുഗലിലെ അധികാരികൾ അവരെ സഹായിക്കാൻ ശ്രമിച്ചു. കരിയാറ്റിൽ മല്പാനെ പാദ്രുവാദോ അധികാരം ഉപയോഗിച്ച് മലങ്കരയിലെ മെത്രാപ്പോലീത്തയായി നിയമിക്കാൻ പോർത്തുഗീസ് അധികാരികൾ തീരുമാനിച്ചിരിക്കുന്നുവെന്ന സൂചന റോമിൽ വച്ചു തന്നെ കിട്ടിയത് സന്ദർശകർക്ക് ആശ്വാസമായി. എന്നാൽ സഭാ വിഭാഗങ്ങൾ തമ്മിൽ ഐക്യമുണ്ടാക്കുന്ന കാര്യത്തിൽ പ്രൊപ്പഗാന്ത അധികാരികളെ പ്രേരിപ്പിക്കാൻ സന്ദർശകർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. മലങ്കരയിലെ പള്ളിക്കാർ സമർപ്പിച്ച നിവേദനത്തിന് മറുപടിയായി ഒരു വരിയെങ്കിലും തങ്ങൾക്ക് എഴുതിത്തരണമെന്ന അവരുടെ അഭ്യർത്ഥനപോലും പ്രൊപ്പഗാന്ത അദ്ധ്യക്ഷൻ തള്ളിക്കളഞ്ഞു. മെത്രാനറിയാതെ കൊടുക്കുന്ന നിവേദനങ്ങൾക്ക് മാർപ്പാപ്പ മറുപടി കൊടുക്കാറില്ലെന്നായിരുന്നു അവർക്ക് ലഭിച്ച മറുപടി. ഇതിനെ പരാമർശിച്ച് ഗ്രന്ഥകർത്താവ് ഇങ്ങനെ എഴുതുന്നു:
“ | നമ്മുടെ തലവനായി ഒരു സ്വന്തം മെത്രാൻ ഇല്ലെങ്കിൽ അന്യജാതികളുടെയിടയിലും മാർപ്പാപ്പയുടെ പക്കലും കത്തോലിക്കാ രാജാക്കന്മാരുടെ മുന്നിലും നമ്മുടെ പള്ളിക്കാർക്ക് ഒരു വിലയുമില്ലായെന്ന് ഈ പ്രത്യുത്തരത്തിലൂടെ ദൈവം നമുക്കു കാണിച്ചുതരുന്നുണ്ട്.[7] | ” |
1780 ജൂൺ മുപ്പതാം തിയതി സന്ദർശകർ റോമിൽ നിന്നുള്ള മടക്കയാത്ര ആരംഭിച്ചു.
വീണ്ടും ലിസ്‌ബണിൽ[തിരുത്തുക]
ഇറ്റലിയിലെ അങ്കോണ, ജെനോവ, തെക്കൻ സ്പെയിനിലെ കാർദിസ്, തെക്കൻ പോർത്തുലിലെ തവിരാ എന്നിവിടങ്ങൾ വഴി കരിയാറ്റിൽ മല്പാനും തോമാകത്തനാരും, വീണ്ടും പോർത്തുഗലിന്റെ തലസ്ഥാനമായ ലിസ്‌ബണിലെത്തി. ഇത്തവണ, സംഭവബഹുലമായ അഞ്ചോളം വർഷങ്ങൾ അവർക്ക് അവിടെ താമസിക്കേണ്ടി വന്നു.
കരിയാറ്റിയുടെ മെത്രാഭിഷേകം[തിരുത്തുക]
തങ്ങളുടെ ലക്ഷ്യങ്ങളുടെ പ്രാപ്തിക്കായി സന്ദർശകർ പല വഴിക്ക് ശ്രമിച്ചു. നേരത്തേ അവർ പരിചയപ്പെട്ടിരുന്ന കയത്താനോസ് എന്ന പാതിരിയെ ആദ്യം അവർ ഏറെ ആശ്രയിച്ചിരുന്നു. എന്നാൽ സ്വയം ഗോവയിലെ മെത്രാൻ സ്ഥാനം കാംക്ഷിച്ചിരുന്ന കയത്താനോസ് അവരുടെ പേരിൽ നടത്തിയിരുന്ന ശ്രമങ്ങൾ സ്വന്തം കാര്യപ്രാപ്തിക്കായിട്ടാണെന്ന് ബോധ്യമായപ്പോൾ അദ്ദേഹത്തിൽ നിന്ന് അവർ അകന്നു. ഏതായാലും ദീർഘമായ ശ്രമത്തിനൊടുവിൽ 1782 ജൂലൈ പതിനാറാം തിയതി കരിയാറ്റിൽ മല്പാനെ കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാപ്പോലീത്തയായി നിർദ്ദേശിച്ചു കൊണ്ട് പോർത്തുഗീസ് രാജ്ഞി ഉത്തരവിട്ടു. രാജ്ഞിയുടെ നിർദ്ദേശം നടപ്പാക്കിക്കൊണ്ടുള്ള മാർപ്പാപ്പയുടെ ഉത്തരവും മെത്രാൻ പാലിയവും റോമിൽ നിന്ന് വന്നത് 1783 ഫെബ്രുവരി 6-നാണ്. ഫെബ്രുവരി 17-ന്, ലിസ്‌ബണിൽ അവർ താമസിച്ചിരുന്ന ബെനഡിക്ടൈൻ സന്യാസിമാരുടെ സംബന്തു ആശ്രമത്തിൽ വച്ച് കരിയാറ്റിൽ യൗസേപ്പ് മല്പാൻ കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു.
അഭിഷേകത്തിനു ശേഷം[തിരുത്തുക]
വിവിധകാര്യങ്ങൾക്കായി പിന്നെയും രണ്ടു വർഷത്തോളം അവർക്ക് ലിസ്‌ബണിൽ തങ്ങേണ്ടി വന്നു. ഇതിനിടയ്ക്ക് ആദ്യം തോമാക്കത്തനാരും തുടർന്ന് കരിയാറ്റിയും (ഇപ്പോൾ കരിയാറ്റി മെത്രാപ്പോലീത്ത) വസൂരി രോഗം വന്ന് മരണത്തോടടുത്തെങ്കിലും രക്ഷപെട്ടു. കേരളത്തിലെ സുറിയാനിക്രിസ്ത്യാനിവിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിനുവേണ്ടിയുള്ള ശ്രമം തുടരുകയായിരുന്നു ലിസ്‌ബണിലെ ഈ താമസത്തിനിടെ മുഖ്യമായും അവർ. എന്നാൽ ഈ വഴിക്കുള്ള അവരുടെ ശ്രമങ്ങൾ വിജയം കണ്ടില്ല. കേരളത്തിലെ ക്രിസ്ത്യാനികളുടെ ഐക്യം യൂറോപ്പിലേയും കേരളത്തിലെ തന്നെയും വിദേശികളായ സഭാധ്യക്ഷന്മാർ ആഗ്രഹിക്കാതിരുന്നതാണ് ഈ പരാജയത്തിന് കാരണമായി തോമ്മാക്കത്തനാർ പറയുന്നത്.
ബഹിയാ വരെയുള്ള മടക്കയാത്ര[തിരുത്തുക]
1785 ഏപ്രിൽ 23-ന് സന്ദർശകർ ലിസ്‌ബണിൽ നിന്നുള്ള മടക്കയാത്ര ആരംഭിച്ചു. വഴിയ്ക് ആദ്യം അവർ ബ്രസീലിലെ ബഹിയായിലാണ്. അവിടെയെത്തുന്നതിനു മുൻപുണ്ടായ ഒരു കൊടുങ്കാറ്റിനോട് കപ്പലിലുള്ളവർ പ്രതികരിച്ചത് തോമ്മാക്കത്തനാർ ഇങ്ങനെ വിവരിയ്ക്കുന്നു:-
“ | കപ്പിത്താൻ പരിഭ്രമിച്ച് ഓടിനടക്കുന്നതും, മാമൂലികൾ വിറച്ചുനിൽക്കുന്നതും, കപ്പലിലുള്ള ജനങ്ങളിൽ ചിലർ ചോരമയം കൂടാതെ ചത്തതുപോലിരിക്കുന്നതും, ചിലർ ഭയംകൊണ്ടു നിലവിളിക്കുന്നതും, മറ്റുചിലർ ക്രൂശിതരൂപം കൈയിൽ പിടിച്ചുകൊണ്ട് സംഭ്രാന്തിയോടെ തങ്ങൾ ചെയ്ത പാപങ്ങളിൽ പശ്ചാത്തപിച്ച് ദൈവസഹായം അപേക്ഷിക്കുന്നതും, വേറെ ചിലർ ഉറച്ച സ്വരത്തിൽ ഉടയതമ്പുരാന്റെ കരുണ യാചിക്കുന്നതും, വേറെ ചിലർ വേദനയടക്കാനാകാതെ ഓടിനടക്കുന്നതും, യൗസേപ്പ് അന്തോനി എന്ന ഗോവക്കാരൻ പാതിരി എല്ലാവരോടും പശ്ചാത്താപപ്രകരണം ചൊല്ലി പ്രാർത്ഥിക്കാൻ ഉപദേശിച്ചുകൊണ്ടു നടക്കുന്നതും, മെത്രാപ്പോലീത്താ കപ്പലിന്റെ മുകൾത്തട്ടിലുള്ള കൂടാരത്തിന്റെ പിൻഭാഗത്ത് വേദനയോടെ നോക്കിയിരുന്നു ദൈവത്തോടു പ്രാർത്ഥിക്കയും ഇടയ്ക്കിടെ കടലിനെ ആശീർവദിക്കുന്നതും....ഞാനും വേറെ ചിലരും മുട്ടുകുത്തി സകലപുണ്യവാന്മാരുടെ ലുത്തിനിയാ ചൊല്ലി ദൈവത്തോടപേക്ഷിക്കുന്നതും, ഇങ്ങനെ കപ്പലിലുണ്ടായ കോലാഹലങ്ങളൊന്നും വർണ്ണിക്കാതിരിക്കുകയാണു ഭേദം.[8] | ” |
ഏതായാലും ജൂൺ 23-ന് കപ്പൽ അപകടമില്ലാതെ ബഹിയയിൽ നങ്കൂരമിട്ടു.
യാത്രയുടെ പരിണാമം[തിരുത്തുക]
ബഹിയായിൽ നിന്ന് യാത്ര പുനരാരംഭിച്ചത് 1785 ആഗസ്റ്റ് 30-നായിരുന്നു. ഏറെ വിഷമം പിടിച്ച ഈ യാത്രയിൽ കപ്പലിന് വഴിതെറ്റി എവിടെയാണെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലെത്തി. ഒടുവിൽ എങ്ങനെയോ ആഫ്രിക്കയുടെ തെക്കേയറ്റം ചുറ്റി മൗറീഷ്യസിനു സമീപമെത്തിയപ്പോൾ, അവിടെ ഇറങ്ങി കപ്പലിൽ തീരാറായിരുന്ന വെള്ളവും ഭക്ഷണവും മറ്റും എടുക്കാമെന്ന് യാത്രക്കാർ പറഞ്ഞെങ്കിലും കപ്പിത്താൻ സമ്മതിച്ചില്ല. അങ്ങനെ തുടർന്ന യാത്രയിൽ, ഇല്ലായ്മകളും രോഗങ്ങളും കൊണ്ടു വലഞ്ഞ്, കപ്പലിലുണ്ടായിരുന്നവരിൽ 23 കുറ്റപ്പുള്ളികളും എട്ടൊൻപത് യാത്രക്കാരും മരിച്ചു. ഒടുവിൽ 1786 മാർച്ച് 18-ന് അവർക്ക് ചെല്ലമെന്ന ദ്വീപ് കാണാറായി. ചെല്ലം സിലോൺ(ഇന്നത്തെ ശ്രീലങ്ക) ആണെന്ന് കരുതപ്പെടുന്നു. തോമാക്കത്തനാർ യാത്രാ വിവരണം ഇവിടെ അവസാനിപ്പിക്കുന്നു.
തോമാക്കത്തനാരുടെ വിവരണം ഈ സാഹസയാത്രയുടെ അന്ത്യത്തെക്കുറിച്ച് ഒന്നും പറയാതെ സമാപിക്കുന്നു. കപ്പൽ ചെല്ലം(സിലോൺ/ശ്രീലങ്ക) ദ്വീപിനെ സമീപിച്ചതിനു ശേഷമുള്ള കാര്യങ്ങൾ നിശ്ചയമില്ല.
കപ്പൽ ശ്രീലങ്കയിലെ ഗാൾ(Galle) തുറമുഖത്ത് ആദ്യം നങ്കൂരമിട്ടെന്നും തുടർന്നു മലബാർ തീരത്തുകൂടിയുള്ള യാത്രയിൽ എന്തുകൊണ്ടോ കൊച്ചിയിലിറങ്ങാതെ ഗോവയ്ക്ക് പോയെന്നും പറയപ്പെടുന്നു. വർത്തമാനപ്പുസ്തകത്തിന്റെ രചനാകാലത്തിനടുത്ത് അത് പകർത്തിയെഴുതിയവരിലൊരാൾ, ചേർത്ത അടിക്കുറിപ്പനുസരിച്ച്, കൊച്ചിയിലോ, പിന്നീട് അവർ എത്തിയ കൊല്ലത്തോ മെത്രാപ്പോലീത്തയെ സ്വീകരിക്കാൻ എത്തുമെന്ന് കരുതിയിരുന്ന നാട്ടുകാർ, കപ്പലിൽ നിന്ന് നേരത്തേ അയച്ചിരുന്ന കത്ത് കിട്ടാതെ വന്നതുകൊണ്ടൊ മറ്റോ, എത്താതെ പോയതിനാലാണ് സന്ദർശകർ ഗോവയ്ക്ക് പോയത്. മെത്രാപ്പോലീത്തയ്ക്ക് കിട്ടാനുള്ള ശമ്പളവും മറ്റും ഗോവയിൽ നിന്ന് വാങ്ങുക എന്നതും അവിടേയ്ക്ക് പോകാൻ കാരണമായെന്ന് കുറിപ്പിൽ പറയുന്നു[9]ഗോവയില്‍, രോഗബാധിതനായ കരിയാറ്റി മെത്രാപ്പോലീത്ത, സംശയാസ്പദമായ സാഹചര്യങ്ങളിൽ മരണമടഞ്ഞു. പോർത്തുഗീസുകാർ അദ്ദേഹത്തെ കൊലപ്പെടുത്തുകയാണുണ്ടായതെന്ന് വിശ്വസിക്കുന്നവരുണ്ട്.[ഗ]
വർത്തമാനപ്പുസ്തകം[തിരുത്തുക]
വർത്തമാനപ്പുസ്തകത്തിന്റെ ആമുഖത്തിന്റെ അവസാനവാചകം "ഇതു മിശിഹാ പിറന്നിട്ട് 1785-ആം കാലം കന്നിമാസം ഒന്നാം തിയതി(സെപ്തംബർ ഒന്ന്) പാറയാമ്മാക്കൽ തൊമ്മൻ കത്തനാര് എഴുതുന്നത്" എന്നാണ്. യാത്ര അവസാനിച്ചത് 1786-ൽ ആയതിനാൽ, ഇതെഴുതിയത് യാത്രയുടെ സമാപ്തിയ്ക്കു മുൻപായിരുന്നെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഈ കൃതിയുടെ രചനയിൽ താൻ ലക്ഷ്യം വച്ചതെന്തെന്ന് മുഖവുരയിൽ ഗ്രന്ഥകാരൻ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്[10]:-(കന്നിമാസം ഒന്നാം തീയതി, സെപ്റ്റംബർ ഒന്ന് ആവുകയില്ല..)
“ | എന്നുവരുമ്പോൾ ആയതിന്റെ അവസ്ഥ വെണ്ടും വണ്ണം നമ്മുടെ ജ്യേഷ്ഠാനുജന്മാരും എണങ്ങരും ബോധിപ്പാനായിട്ടു നമ്മുടെ നാട്ടിൽ നിന്നു പുറപ്പെട്ടു എവുറൊപ്പയും പോയ വഴിയിലും പൊർത്തുക്കാൽ രാജ്യത്തും റോമാനഗരത്തും ശേഷമുള്ള ഇടങ്ങളിലും നമുക്കുണ്ടായ വർത്തമാനങ്ങളും ഉടയതമ്പുരാന്റെ പ്രത്യേകമുള്ള സഹായങ്ങളും ഈ പുസ്തകത്തിൽ എഴുതി നമ്മുടെ ജ്യേഷ്ഠാനുജന്മാർ എല്ലാവരെയും അറിയിപ്പാൻ നിശ്ചയിക്കുകയും ചെയ്തു. | ” |
പതിനെട്ടാം ശതകത്തിന്റെ അന്ത്യപാദത്തിലെ മദ്ധ്യകേരളത്തിൽ, പ്രത്യേകിച്ച് നസ്രാണിസമൂഹത്തിൽ നടപ്പുണ്ടായിരുന്ന വാമൊഴിയുടെ ദർപ്പണമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വർത്തമാനപ്പുസ്തകം, സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ അടിസ്ഥാനരേഖകളിലൊന്നാണ്. എട്ടുവർഷം ദീർഘിച്ച വിദേശയാത്രയുടെ കഥയാണെങ്കിലും, യാത്രയുടെ വിശദാംശങ്ങൾക്കൊപ്പം സുറിയാനിക്രിസ്ത്യാനി സമുദായത്തിന്റെ അവസ്ഥയേയും ഭാവിയേയും സംബന്ധിച്ച ദീർഘമായ കാര്യവിചാരവും ഈ കൃതിയിലുണ്ട്. കേരള ക്രൈസ്തവ സമുദായത്തെക്കുറിച്ച് വിശദമായി വിവരിച്ചും വിചിന്തനം ചെയ്തും ഒരു മലയാളി എഴുതിയ ആദ്യത്തെ ഗ്രന്ഥം വർത്തമാനപ്പുസ്തകമാണ്. ഈ രചന തോമ്മാക്കത്തനാരെ ഭാരതനസ്രാണിസഭയിൽ "സഭാപിതാവ്" എന്നറിയപ്പെടാൻ അർഹനാക്കുന്നതായി ജോസഫ് പുലിക്കുന്നേൽ നിരീക്ഷിച്ചിട്ടുണ്ട്.[11] യാത്രയുടെ ഓരോ ഘട്ടത്തിന്റേയും അവതരണത്തിനു ശേഷം അതിനെ സുറിയാനി ക്രിസ്ത്യാനി സമൂഹത്തിന്റെ ശ്രേയസ്സുമായി ബന്ധപ്പെടുത്തുന്ന പരിചിന്തനത്തിൽ ഏർപ്പെട്ട് ഗ്രന്ഥകർത്താവ് എതിരാളികളുടെ വാദങ്ങളെ എതിർയുക്തികൾ നിരത്തി ഖണ്ഡിക്കുകയും സ്വന്തം നിലപാട് വാദിച്ചുറപ്പിക്കുകയും ചെയ്യുന്നു.
വസ്തുനിഷ്ഠമായി കാര്യങ്ങൾ പറയാൻ ശ്രമിക്കുന്ന കത്തനാർ, സ്വന്തം "ശുദ്ധഗതിയും" മണ്ടത്തരങ്ങളും പോലും രേഖപ്പെടുത്തിയിട്ടുണ്ട്. മെത്രാപ്പോലീത്തയായി നിയമനം കിട്ടിയ വിവരം, സ്വാർത്ഥനും, ചതിയനുമായ കയത്താനോസ് പാതിരിയെ നേരിട്ടു ചെന്നറിയിച്ച് നന്ദി പറയണമെന്ന മൂഢൻ ഉപദേശം കരിയാറ്റിൽ മല്പാന് കൊടുത്തത് താനാണെന്ന് കത്തനാർ സമ്മതിക്കുന്നു. ഈ ഉപദേശം പിന്തുടർന്നതുമൂലം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പിന്നീട് ഏറെ പണിപ്പെടേണ്ടി വന്നു.[12] യാത്രയിൽ കണ്ടുമുട്ടിയ കൗതുകങ്ങളും, നാടകീയതയും ഉദ്വേഗവും നിറഞ്ഞ മുഹൂർത്തങ്ങളും ഗ്രന്ഥകർത്താവ് മിഴിവോടെ അവതരിപ്പിക്കുന്നു. മടക്കയാത്രയിൽ കപ്പൽ ഒരു കൊടുങ്കാറ്റിൽ പെട്ടപ്പോഴുണ്ടായ കോലാഹലത്തിന്റെ വർണ്ണന ഉദാഹരണമാണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ എഴുതപ്പെട്ട വർത്തമാനപ്പുസ്തകത്തിന്റെ ആദ്യത്തെ അച്ചടി നടന്നത് 1936-ൽ മാത്രമാണ്. അതിരമ്പുഴയിൽ[ഘ] നിന്നായിരുന്നു പ്രസിദ്ധീകരണം.[13]
ഗോവർണ്ണദോർ[തിരുത്തുക]
ഗോവയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ തോമ്മാക്കത്തനാർ, പരേതനായ കരിയാറ്റിൽ മെത്രാപ്പോലീത്തയുടെ അന്തിമാഭിലാഷം അനുസരിച്ച്, ഗോവർണ്ണദോർ എന്ന സ്ഥാനപ്പേരോടെ 1787-ൽ കൊടുങ്ങല്ലൂർ രൂപതയുടെ ഭരണാധികാരിയായി. രാമപുരം പള്ളി ആയിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം. തോമ്മാക്കത്തനാരുടെ ഭരണകാലത്ത്, കേരളത്തിലെ സുറിയാനി കത്തോലിക്കരെല്ലാം കൊടുങ്ങല്ലൂർ രൂപതയുടെ ഭരണത്തിൽ വന്നു.[14] തോമ്മാക്കത്തനാർ ഗോവർണ്ണദോരായിരിക്കെയാണ് സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതിപുരുഷന്മാർ അങ്കമാലിയിൽ അവരുടെ സമുദായത്തിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ സമ്മേളിച്ചത്. ആ സമ്മേളനം സംഘടിപ്പിക്കുന്നതിൽ, തിരുവിതാംകൂർ, കൊച്ചി ഭരണകൂടങ്ങളിൽ സ്വാധീനമുണ്ടായിരുന്ന ക്രിസ്തീയ നേതാവ് തച്ചിൽ മാത്തൂ തരകൻ മുൻകൈ എടുത്തിരുന്നു. തോമ്മാക്കത്തനാർ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ എഴുതിയുണ്ടാക്കിയ അവകാശപ്രഖ്യാപന രേഖ, അങ്കമാലി പടിയോല എന്ന പേരിൽ അറിയപ്പെടുന്നു.[15] തോമ്മാക്കത്തനാരെ തന്നെ സുറിയാനി കത്തോലിക്കരുടെ മെത്രാപ്പോലീത്തയായി വാഴിച്ചുകിട്ടാനുള്ള ആഗ്രഹം പടിയോലയിൽ പള്ളിപ്രതിപുരുഷന്മാർ പ്രകടിപ്പിക്കുന്നുണ്ട്.[16]
തോമ്മാക്കത്തനാരുടെ ഭരണത്തിന്റെ ആരംഭകാലത്താണ്, കേരളത്തിന്റെ ക്രിസ്ത്യാനികൾക്ക് ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടവുമായി ബന്ധപ്പെട്ട വിഷമഘട്ടത്തെ നേരിടേണ്ടി വന്നത്. പടയോട്ടക്കാലത്ത് ഗോവർണ്ണദോർ, രാമപുരത്തു നിന്നു വൈക്കത്തടുത്തുള്ള വടയാർ പള്ളിയിലേയ്ക്ക് താൽക്കാലികമായി ആസ്ഥാനം മാറ്റി.
മരണം[തിരുത്തുക]
രോഗബാധിതനായ തോമ്മാക്കത്തനാർ 1798-ൽ കടനാട്ടേയ്ക്ക് വിശ്രമത്തിനായി പോയി. 1799 മാർച്ച് 20-ന് അദ്ദേഹം അന്തരിച്ചു. രാമപുരം പള്ളിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.[17] സുറിയാനി ക്രിസ്ത്യാനികൾ നാട്ടുകാരായ മെത്രാന്മാരുടെ ഭരണത്തിൽ ആയതിനെ തുടർന്ന് 1936-ൽ തോമ്മാക്കത്തനാരുടെ ഭൗതികാവശിഷ്ടം വീണ്ടെടുത്ത് രാമപുരത്തെ പുരാതനമായ വിശുദ്ധ ആഗസ്തീനോസിന്റെ പള്ളിയിൽ(ചെറിയ പള്ളി) ബലിപീഠത്തിനടുത്ത് വലത്തേ ഭിത്തിയിൽ, ബഹുമാനപൂർവം നിക്ഷേപിച്ചു.[18] എറണാകുളം മെത്രാപ്പോലീത്ത കണ്ടത്തിൽ ആഗസ്തീനോസിന്റെയും കേരളത്തിലെ ഇതര സുറിയാനി കത്തോലിക്കാ മെത്രാന്മാരുടേയും സാന്നിദ്ധ്യത്തിലാണ് ഇത് നിർവഹിച്ചത്.
ഇന്ത്യൻ ദേശീയതയുടെ പിതാവ്[തിരുത്തുക]
"ഇന്ത്യ ഇന്ത്യക്കാരുടേത്" " ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാർ" "നാം ഇന്ത്യ മക്കൾ" " ഇന്ത്യക്കാരായ നാമെല്ലാം ഒരു ജാതി" - മാർ പാറേമാക്കൽ തോമാകത്തനാർ
കുറിപ്പുകൾ[തിരുത്തുക]
ക. ^ തോമ്മാക്കത്തനാർ നാട്ടിൽ നിന്ന് തിരിക്കുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു അദ്ദേഹത്തിന്റെ ഗുരു അയ്പു കത്തനാർ മരിച്ചത്. നാട്ടിൽ നിന്ന് തിരിച്ചപ്പോൾ ഉണ്ടായിരുന്ന വലിയ സംഘത്തിലെ മറ്റംഗങ്ങളോട് തമിഴ്നാട്ടിലെ തരങ്ങൻപാടിയിൽ വച്ച് യാത്രചോദിച്ച് പിരിഞ്ഞ അവസരത്തിൽ, ഗുരുവിന്റെ അനന്തരവൻ മാത്തൻ കത്തനാരിൽ നിന്ന് ഗുരുവിന്റെ നാമത്തിലുള്ള ആശീർവാദം "തനിക്ക് ഏറ്റം പ്രിയങ്കരമായ സുറിയാനി ഭാഷയിൽ" താൻ ചോദിച്ചു വാങ്ങിയതായി തോമ്മാക്കത്തനാർ വർത്തമാനപ്പുസ്തകത്തിൽ പറയുന്നുണ്ട്.[19]
ഖ. ^ കേരളത്തിൽ നിന്ന് തിരിക്കുന്നതിനു മുൻപ് ആറാം തോമാ മെത്രാനെ കണ്ടിരുന്ന കരിയാറ്റി മല്പാൻ വശം, കത്തോലിയ്ക്കാ സഭയുമായി രമ്യപ്പെടുന്നതിനാവശ്യമായ വിശ്വാസപ്രഖ്യാപനം, തോമാ മെത്രാൻ ഒപ്പിട്ട് കൊടുത്തയച്ചിരുന്നതായും ഗ്രന്ഥകാരൻ പറയുന്നുണ്ട്.
ഗ. ^ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ പഴയകൂറ്റുകാരും പുത്തൻകൂറ്റുകാരും തമ്മിൽ ഐക്യമുണ്ടാക്കാൻ സംഘടിത പരിശ്രമം നടക്കുകയുണ്ടായി. പഴയകൂറുകാരെ ഭരിച്ചിരുന്ന കർമ്മലീത്താ മിഷനറിമാർക്ക് ഈ നീക്കം ഹിതകരമായിരുന്നില്ല. കേരള ക്രൈസ്തവരുടെ നിവേദനം റോമിൽ നേരിട്ടു സമർപ്പിക്കാൻ കരിയാറ്റിൽ മല്പാനും പാറേമാക്കൽ തോമ്മാക്കത്തനാരും പോർത്തുഗൽ വഴി റോമിലേക്കു പോയി. പ്രസിദ്ധമായ വർത്തമാനപ്പുസ്തകത്തിൽ ഈ വൃത്താന്തമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്ലേശകരമായ ഈ യാത്രകൊണ്ട് ഉദ്ദേശിച്ച ഫലമൊന്നും ഉണ്ടായില്ല. കരിയാറ്റിൽ മല്പാൻ കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായെങ്കിലും അദ്ദേഹം കേരളത്തിലെത്തിച്ചേർന്നില്ല. മാർഗ്ഗമദ്ധ്യേ, ഗോവയിൽ വച്ച് അദ്ദേഹം അന്തരിച്ചു. പോർത്തുഗീസുകാർ അദ്ദേഹത്തെ കൊലപ്പെടുത്തുകായാണ് ചെയ്തതെന്ന് മാർത്തോമ്മാ നസ്രാണികളിൽ ഒരു വിഭാഗം വിശ്വസിക്കുന്നു.[20]
ഘ. ^ കരിയാറ്റി മല്പാനും തോമ്മാക്കത്തനാരും കായം കുളത്തേയ്ക്ക് യാത്രചെയ്തത് അതിരമ്പുഴ നിന്ന് വള്ളത്തിലായിരുന്നു. ആ യാത്രയ്ക്ക് അവർ ഉപയോഗിച്ച നാടൻ വള്ളം അതിരമ്പുഴ അടുത്തുള്ള നീണ്ടൂരെ ഒരു വീട്ടിൽ സൂക്ഷിച്ചിട്ടുള്ളതായി അതിരമ്പുഴ വിശുദ്ധമറിയത്തിന്റെ പള്ളിയുടെ വെബ്സൈറ്റിൽ പറയുന്നു.[13]
അവലംബങ്ങൾ[തിരുത്തുക]
- ↑ വർത്തമാനപ്പുസ്തകം, പാറേമ്മാക്കൽ തോമ്മാക്കത്തനാർ(ആധുനികഭാഷാന്തരം: മാത്യു ഉലകംതറ), ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം, കേരളം
- ↑ എ.ശ്രീധരമേനോൻ, കേരളചരിത്രവും അതിന്റെ സ്രഷ്ടാക്കളും, പുറങ്ങൾ 171-176
- ↑ പാലാ രൂപതയുടെ പാഠപുസ്തക സമിതി 1966-ൽ പ്രസിദ്ധീകരിച്ച "തിരുസഭാചരിത്രസംഗ്രഹം"(പുറം 102)
- ↑ വർത്തമാനപ്പുസ്തകം, അദ്ധ്യായം 33, മാത്യു ഉലകംതറയുടെ ആധുനിക ഭാഷ്യം അടങ്ങുന്ന ഓശാന പതിപ്പ്.
- ↑ വർത്തമാനപ്പുസ്തകത്തിന്റെ ഓശാന പതിപ്പിന് ആമുഖമായി ചേർത്തിരിക്കുന്ന ചരിത്രപശ്ചാത്തലം പുറം xvi
- ↑ 6.0 6.1 വർത്തമാനപ്പുസ്തകം - അദ്ധ്യായം 48
- ↑ വർത്തമാനപ്പുസ്തകം, അദ്ധ്യായം 54
- ↑ വർത്തമാനപ്പുസ്തകം, അദ്ധ്യായം 77
- ↑ വർത്തമാനപ്പുസ്തകം ഓശാനപ്പതിപ്പിനൊടുവിൽ ചേർത്തിരിക്കുന്ന "കഥാശേഷം"
- ↑ വർത്തമാനപ്പുസ്തകം ഒരു പഠനം, പ്രൊഫ. കെ.വി. ജോസഫിന്റെ ഗവേഷണപ്രബന്ധം, മഹാത്മഗാന്ധി സർവകലാശാല, ഓൺലൈൻ തീസിസ് ലൈബ്രറി [1] Archived 2009-12-05 at the Wayback Machine.
- ↑ വർത്തമാനപ്പുസ്തകത്തിന്റെ ഓശാന പതിപ്പിലെ "പ്രസാധകക്കുറിപ്പ്"
- ↑ വർത്തമാനപ്പുസ്തകം, അദ്ധ്യായങ്ങൾ 64-66
- ↑ 13.0 13.1 "അതിരമ്പുഴയിലെ വിശുദ്ധമാതാവിന്റെ ഫൊറോനാപ്പള്ളിയുടെ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2009-07-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-02.
- ↑ പാല രൂപതയുടെ പാഠപുസ്തകസമിതി 1966-ൽ പ്രസിദ്ധീകരിച്ച തിരുസഭാചരിത്രസംഗ്രഹം(പുറം 102)
- ↑ "അങ്കമാലി വിശുദ്ധ ഗീവർഗീസിന്റെ പള്ളിയുടെ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2021-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-01.
- ↑ അങ്കമാലി വിശുദ്ധ ഗീവർഗ്ഗീസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റിലുള്ള പടിയോലയുടെ പകർപ്പ് - മൂന്നാം പുറം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ രാമപുരം പള്ളി പരിരക്ഷിക്കുന്നതിനെ സംബന്ധിച്ച തർക്കം, ജോർജ്ജ് ജേക്കബ്ബ്. 2005 ഫെബ്രുവരി 18-ന് ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത [2] Archived 2005-05-12 at the Wayback Machine.
- ↑ രാമപുരം പള്ളിയുടെ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വർത്തമാനപ്പുസ്തകം, അദ്ധ്യായം 21
- ↑ ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾക്ക് സ്കറിയാ സക്കറിയ എഴുതിയ ഉപോത്ഘാതം, പുറം 70