ഇസാഫ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ESAF Small Finance Bank
Formerly
ESAF Microfinance & Investments (P) Ltd.
Scheduled Bank
വ്യവസായംBanking
സ്ഥാപിതം10 March 2017
ആസ്ഥാനംThrissur (Registered & Corporate Office)
ലൊക്കേഷനുകളുടെ എണ്ണം
400 branches
സേവന മേഖല(കൾ)India
പ്രധാന വ്യക്തി
Mr. Prabha Raveendranathan
(Chairman)
Mr. K. Paul Thomas
(MD & CEO)
Total equity475 crore (US$73 million) (2018)
ജീവനക്കാരുടെ എണ്ണം
4,000 (2018)
വെബ്സൈറ്റ്[ഇസാഫ് വെബ്സൈറ്റ്]

തൃശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനമാണ് ഇസാഫ് ബാങ്ക്. (ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്). സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളത്തിൽ പിറവിയെടുക്കുന്ന ആദ്യ ഷെഡ്യൂൾഡ് ബാങ്കാണ് ഇസാഫ് ബാങ്ക്. [1]

2015 ൽ ഭാരതീയ റിസർവ് ബാങ്ക് രാജ്യത്ത് ചെറുകിട ബാങ്കുകളായി (സ്‌മോൾ ബാങ്ക്) പ്രവർത്തിക്കാൻ അനുമതി നൽകിയ 10 ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് ഇസാഫ്. ഇസാഫ് ബാങ്ക് 2017 മാർച്ച് 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്താണ് പ്രവർത്തനം ആരംഭിച്ചത്.

ചരിത്രം[തിരുത്തുക]

ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഇസാഫ്, കേരള ഇവാഞ്ചലിക്കൽ ഗ്രാജ്വേറ്റ്‌സ് ഫെലോഷിപ്പിന് കീഴിൽ 1992 ലാണ് ആരംഭിച്ചത്. കെ പോൾ തോമസാണ് ആദ്യ സ്ഥാപകനും മാനേജിങ് ഡയറക്ടറും. ബംഗ്ലാദേശിൽ പ്രഫ. മുഹമ്മദ് യൂനുസ് ആരംഭിച്ച ഗ്രാമീൺ ബാങ്കാണ് ഇസാഫിന് പ്രചോദനമായത്. സംസ്ഥാനത്തെ ആദ്യ മൈക്രോ ഫിനാൻസ് സ്ഥാപനമായ ഇസാഫിന് 10 സംസ്ഥാനങ്ങളിലായി 285 ശാഖകളുണ്ട്. ഇതിൽ 104 ശാഖകൾ കേരളത്തിലാണ്. [2]

1995 ൽ ത്യശ്ശൂരിലെ പാണഞ്ചേരി പഞ്ചായത്തിലെ താളിക്കോട് ഗ്രാമത്തിലെ 10 സ്ത്രീകൾക്ക് 3000 രൂപ വീതം നൽകിക്കൊണ്ടായിരുന്നു ഇസാഫ് ആദ്യമായി സ്വയംതൊഴിൽ വായ്പാ പദ്ധതിക്ക് തുടക്കമിട്ടത്. 2008 ൽ തമിഴ്‌നാട്ടിലേക്കും അവിടെ നിന്നു കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജാർഖണ്ഡ്, വെസ്റ്റ് ബംഗാൾ, ബീഹാർ, ചത്തീസ്ഗഢ്, മേഘാലയ തുടങ്ങി 10 സംസ്ഥാനങ്ങളിൽ ഇസാഫ് ഇന്ന് സജീവമാണ്. സ്ത്രീശാക്തീകരണത്തിലൂടെ സാമൂഹികമായ മുന്നേറ്റം എന്ന അടിസ്ഥാന ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് ഇസാഫ് നടത്തിവരുന്നത്. സ്ത്രീകൾക്കു സ്വയംതൊഴിൽ കണ്ടെത്താനുള്ള സഹായമാണ് ഇതിൽ പ്രധാനം. ജാർഖണ്ഡ്, നാഗ്പൂർ, വിദർഭ തുടങ്ങിയ സ്ഥലങ്ങളിലെ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു. [3]

പ്രവർത്തനങ്ങൾ[തിരുത്തുക]

സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ അരലക്ഷം രൂപ വരെ വായ്പ നൽകുന്നതാണ് ഇപ്പോഴത്തെ പ്രവർത്തന രീതി. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്കാണ് വായ്പ നൽകുന്നത്. ആദിവാസി മേഖലകൾ ഉൾപ്പെടെയുളള പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവബോധം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇസാഫിന്റെ പ്രവർത്തനങ്ങൾ.

ബാങ്കിലേക്കുള്ള വളർച്ച[തിരുത്തുക]

മൈക്രാഫിനാൻസിങ്ങ് രംഗത്ത് കഴിഞ്ഞ 25 വർഷമായി വ്യത്യസ്തമായ പാതകളിലൂടെ ആയിരുന്നു ഇവാഞ്ചലിക്കൽ സോഷ്യൽ ആക്ഷൻ ഫോറം എന്ന ഇസാഫിന്റെ സഞ്ചാരം. പട്ടിണിയോടും ദാരിദ്ര്യത്തോടും മല്ലിടുന്ന ജനവിഭാഗങ്ങളിലേക്ക് കാൽനൂറ്റാണ്ടു മുമ്പേ ഇസാഫിന് ഇറങ്ങിച്ചെല്ലാനായി. സ്വയംതൊഴിൽ പരിശീലനങ്ങൾ നൽകിയ ശേഷം ചെറിയ തുക വിശ്വാസത്തിന്റെ മാത്രം ഉറപ്പിൽ വ്യക്തികൾക്ക് നൽകി, അവർ ഉണ്ടാക്കുന്ന വസ്തുക്കൾക്ക് വിപണിയും കണ്ടെത്തി നൽകിയായിരുന്നു ബാങ്കിന്റെ പ്രവർത്തനം. ബംഗ്ലാദേശിലെ ഗ്രാമീൺ ബാങ്കിനെ കുറിച്ച് അറിഞ്ഞതിനെ തുടർന്ന് അതിന്റെ ഉപഞ്ജാതാവായ പ്രൊഫസർ മുഹമ്മദ് യൂനൂസിനെയും, ബാങ്കിന്റെ പ്രവർത്തനങ്ങളേയും കുറിച്ച് മനസ്സിലാക്കി. അതായിരുന്നു പിന്നീടിങ്ങോട്ട് ഇസാഫിന്റെ മാതൃക. [4]

സാമൂഹിക ഇടപെടൽ[തിരുത്തുക]

സുനാമിയുൾപ്പെടെയുള്ള വൻ പ്രക്യതി ദുരന്തമുഖങ്ങളിലെല്ലാം ഇസാഫിന്റെ സാന്നിധ്യമുണ്ടായിരുന്നു. സുനാമിയിൽ വീടു തകർന്ന 400 കുടുംബങ്ങൾക്ക് കന്യാകുമാരിയിൽ വീടുകൾ നിർമിച്ചു നൽകി. ഭാഗികമായി തകർന്ന ആലപ്പുഴയിലെ 200 വീടുകളും ഇസാഫ് പുതുക്കിപ്പണിതു നൽകി. നിലവിൽ ഇസാഫിന് ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ 4000 ജീവനക്കാരുണ്ട്. ഇസാഫിന്റെ ജീവനക്കാരിൽ 80 ശതമാനം പേരും വനിതകളാണെന്നതും മറ്റൊരു പ്രത്യേകതയാണ്. [5]

ഷെഡ്യൂൾഡ് ബാങ്ക് പദവി[തിരുത്തുക]

2018-ൽ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചതോടെ റിസർവ് ബാങ്കിൽ നിന്ന് ദീർഘകാല വായ്പ, ക്ലിയറിങ് ഹൗസ് അംഗത്വം, കറൻസി ചെസ്റ്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങൾ ഇസാഫിന് ലഭിക്കും.  ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചതോടെ നിക്ഷേപകർക്ക് ബാങ്കിൽ വിശ്വാസം വർദ്ധിക്കുകയും ചെയ്യും. 

ഇതും കാണുക[തിരുത്തുക]

ബാങ്ക്

ഷെഡ്യൂൾഡ് ബാങ്ക്

അവലംബം[തിരുത്തുക]

  1. മലയാള മനോരമ [1] ശേഖരിച്ചത് 2019 ജൂലൈ 21
  2. മാതൃഭൂമി ദിനപത്രം [2] Archived 2019-07-21 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 21
  3. മാധ്യമം [3] ശേഖരിച്ചത് 2019 ജൂലൈ 21
  4. ഏഷ്യാനെറ്റ് ന്യൂസ് [4] ശേഖരിച്ചത് 2019 ജൂലൈ 21
  5. ദേശാഭിമാനി [5] ശേഖരിച്ചത് 2019 ജൂലൈ 21
"https://ml.wikipedia.org/w/index.php?title=ഇസാഫ്_ബാങ്ക്&oldid=3801785" എന്ന താളിൽനിന്ന് ശേഖരിച്ചത്