Jump to content

യോനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യോനി
പരിച്ഛേദം
യോനി-സ്ത്രിയുടെ പ്രതുൽപാധന അവയവം-രേഖാ ചിത്രം
1 കൃസരി;
2 ചെറു യോനി പുടം;
3 വൻ യോനീ പുടം;
4 മൂത്ര നാളി

6 യോനീനാളം
ലാറ്റിൻ "sheath" or "scabbard"
ഗ്രെയുടെ subject #269 1264
ശുദ്ധരക്തധമനി Iliolumbar artery, vaginal artery, middle rectal artery
ലസിക upper part to internal iliac lymph nodes, lower part to superficial inguinal lymph nodes
ഭ്രൂണശാസ്ത്രം urogenital sinus and paramesonephric ducts
കണ്ണികൾ Vagina
Dorlands/Elsevier v_01/12842531

സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്. ലിംഗം അഥവാ പുരുഷ ജനനേന്ദ്രിയത്തെപ്പോലെ ഇതൊരു മൂത്ര വിസർജനാവയവമല്ല. സ്ത്രീകളിൽ മൂത്രനാളി യോനിയിൽ നിന്നും വ്യത്യസ്തമായി കാണപ്പെടുന്നു. യോനിനാളം ഇംഗ്ലീഷിൽ വാജിന (അഥവാ വജൈന) (Vagina) എന്നറിയപ്പെടുന്നു. (സംസ്കൃത=യോന). യോനി എന്നത്‌ സംസ്കൃത പദമായ യോനയിൽ നിന്നുൽഭവിച്ചതാണ്‌. കുഴിഞ്ഞിരിക്കുന്നത്, കുഴൽ പോലെ ഉള്ളത്‌, ഉൾവലിഞ്ഞത് എന്നൊക്കെയാണർത്ഥം. ഗർഭാശയത്തിലേയ്ക്കുള്ള നീണ്ട കുഴൽ തന്നെയാണീ അവയവം. സസ്തനികളിലും മാർസൂപിയൽസിലും ഉള്ള പൊതുവായുള്ള അവയമാണ്‌. എല്ലാ പെൺ ജന്തുക്കളിലും ഇതിന്റെ രൂപഭേദങ്ങളാ എങ്കിലും ഈ അവയവം ഉണ്ട്‌. ആർത്തവം, പ്രസവം, ലൈംഗികബന്ധം എന്നിവ യോനിയിലൂടെ നടക്കുന്ന പ്രധാനപ്പെട്ട മൂന്ന് ജൈവീക പ്രക്രിയകളാണ്[1].

ശരീരഘടനാ ശാസ്ത്രം

[തിരുത്തുക]

യോനി, സ്ത്രീകളുടെ ഗർഭപാത്രത്തിലേക്ക് നയിക്കുന്ന ഇലാസ്തികതയുള്ള കുഴൽ പോലെയുള്ള അവയവമാണ്‌. ഏകദേശ വലിപ്പം 4 ഇഞ്ച്‌ നീളവും 1 ഇഞ്ച്‌ വ്യാസവും ആണ്‌. എന്നിരുന്നാലും ഇലാസ്തികത മൂലം പ്രസവ സമയത്ത് കുട്ടി പുറത്തേക്ക്‌ വരത്തക്ക രീതിയിൽ ഏതാണ്ട് 200% വരെ വികസിക്കാനും ഏതു വലിപ്പമുള്ള ലിംഗമായാലും അതിന് അനുസൃതമായി വികസിക്കാനും യോനി പേശികൾക്ക് സാധിക്കും. പുറമെ കാണുന്ന യോനീ നാളത്തെ ഗർഭാശയത്തിന്റെ ഭാഗമായ സെർവിക്സുമായി ബന്ധിപ്പിക്കുന്നു. നിവർന്നു നിൽക്കുന്ന ഒരു സ്തീയിൽ ഇത്‌ മുകളിലേയ്ക്കും പുറകിലേയ്ക്കുമായി 45-50 ഡിഗ്രി വരെ ചരിവിലാണ്‌ കാണുക[2][3].

ഉപസ്ഥം

[തിരുത്തുക]

യോനിയുടെ വെളിയിലായുള്ള ഭാഗം ഉപസ്ഥം (ഇംഗ്ലീഷിൽ വൾ‌വ) എന്നാണറിയപ്പെടുന്നത്. ഇതിനു മുകളിലായി മോൻ വാജിനിസ് കാണപ്പെടുന്നു. കൗമാര പ്രായം മുതൽക്കേ ഹോർമോൺ പ്രവർത്തനങ്ങളുടെ ഭാഗമായി പുറമേ കാണുന്ന ഭാഗത്ത് കൊഴുപ്പടിഞ്ഞു തടിക്കുകയും രോമവളർച്ചയുമുണ്ടാകുന്നു. ജനനേന്ദ്രിയ ഭാഗത്തിന്റെ സംരക്ഷണമാണ് ഗുഹ്യരോമത്തിന്റെ ധർമ്മം. ലോലമായ ഗുഹ്യചർമത്തിലേക്ക് നേരിട്ടുള്ള ഘർഷണം കുറയ്ക്കുവാനും അതുവഴി രോഗാണുബാധകളെ തടയുവാനും, ഫിറമോണുകൾ ശേഖരിക്കുന്നതിനും, പൊടിയും മറ്റും യോനിയുടെ ഉള്ളിലേക്ക് കടക്കാതിരിക്കുന്നതിനും ഗുഹ്യരോമം സഹായിക്കുന്നു. പൊതുവേ പ്രായമായവരിൽ ഗുഹ്യരോമത്തിന്റെ അളവ് കുറഞ്ഞു കാണപ്പെടുന്നു. പലപ്പോഴും ഇവ മൂടോടെ ഷേവ് ചെയ്യുന്നത് സൂക്ഷ്മമായ മുറിവുകൾ ഉണ്ടാകുവാനും രോഗാണുബാധകൾ എളുപ്പം പടരുവാനും കാരണമാകാറുണ്ട്[4][5][6].

യോനിയുടെ ഉൾഭാഗം

[തിരുത്തുക]

യോനിയുടെ ഉൾഭാഗത്തെ മൃദുവായ ചർമ്മം ചുവപ്പ് കലർന്ന പിങ്ക് നിറത്തിലാണ്‌ കാണപ്പെടുന്നത്. ഇത് മൂക്കസ് സ്ഥരം കൊണ്ടാവരണം ചെയ്യപ്പെട്ടിരിക്കും. ഈസ്ട്രജൻ എന്ന സ്ത്രീ ഹോർമോൺ ആണ് യോനി ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുക. മധ്യവയസിൽ ഈസ്ട്രജൻ ഉത്പാദനം കുറഞ്ഞു ആർത്തവവിരാമം ഉണ്ടാകുന്നതോടെ ഈ സ്തരത്തിന്റെ കട്ടി കുറഞ്ഞു കാണപ്പെടുന്നു. അതിനാൽ ആർത്തവം നിലച്ച സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകുന്നു. നാഡീ ഞരമ്പുകൾ കൂടുതലായി കാണപ്പെടുന്നത് യോനിനാളത്തിന്റെ തുടക്കത്തിലെ രണ്ടര ഇഞ്ച് ഭാഗത്താണ്. അതിനാൽ ഈ ഭാഗത്താണ് സാധാരണ ഗതിയിൽ ലൈംഗികമായ സംവേദകത്വം അനുഭവപ്പെടാറുള്ളത്. സ്വയം വൃത്തിയാക്കാൻ ശേഷിയുള്ള ഒരവയവമാണ് യോനി. തൈരിലും മറ്റും കാണപ്പെടുന്നതിന് സമാനമായ ആരോഗ്യകരമായ നല്ല ബാക്റ്റീരിയകൾ യോനിയിൽ സ്വാഭാവികമായി ഉണ്ടാകാറുണ്ട്. ഇവ യോനിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. വീര്യം കൂടിയ സോപ്പ്, ബോഡിവാഷ്, പെർഫ്യൂം തുടങ്ങിയവ ഉൾഭാഗത്തു‌ ഉപയോഗിക്കുന്നത് യോനിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുവാനും അതുവഴി അണുബാധക്കും ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കാറുണ്ട്. എന്നാൽ പല ആളുകളും ഇതേപറ്റി ശാസ്ത്രീയമായ അറിവുള്ളവരല്ല[7][8].

യോനിസ്രവം

[തിരുത്തുക]

യോനിയിൽ സ്വാഭാവിക സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഗർഭാശയഗളം (Cervix), യോനി ഭിത്തികൾ, ബർത്തോളിൻ ഗ്രന്ഥികൾ എന്നിവയിൽ നിന്ന് സ്രവങ്ങൾ തികച്ചും സ്വഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നു. സെർവിക്സ് എന്ന ഭാഗവും യോനിയെ നനവുള്ളതാക്കുമെങ്കിലും സെർവിക്സിൽ ഗ്രന്ഥികൾ ഒന്നും തന്നെ ഇല്ല. ആർത്തവ ചക്രവുമായി ബന്ധപ്പെട്ടു ഇതിന്റെ അളവിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. അണ്ഡവിസർജനം അഥവാ ഓവുലേഷൻ സമയത്ത് യോനിസ്രവം കൂടുതലായി നേർത്തു കാണപ്പെടുന്നു. ഗർഭധാരണം നടക്കാൻ സാധ്യത കൂടിയ ദിവസങ്ങൾ ആണിത്. ആർത്തവത്തിന് ശേഷം കുറച്ചു ദിവസങ്ങൾ യോനിസ്രവം കുറഞ്ഞു കാണപ്പെടുന്നു. ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന സമയത്ത് യോനി ഭാഗത്തേക്കുള്ള രക്തയോട്ടം വർധിക്കുകയും യോനി ഭിത്തികൾ, ബർത്തോളിൻ ഗ്രന്ഥികൾ എന്നിവ വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ലൂബ്രിക്കേഷൻ സ്രവങ്ങൾ (രതിസലിലം) വേദനരഹിതവും സുഗമവുമായ ലൈംഗികബന്ധത്തിന് സഹായിക്കുന്നു. ഈസ്ട്രജൻ ഹോർമോൺ ഉത്പാദനം കുറഞ്ഞവരിലും, ആർത്തവവിരാമം സംഭവിച്ചവരിൽ ഇത്തരം സ്നേഹദ്രവത്തിന്റെ ഉത്പാദനം കുറയുന്നു. [9].

ബർത്തോളിൻ ഗ്രന്ഥികൾ

[തിരുത്തുക]

യോനിഭാഗത്തെ ഒരു പ്രധാനപ്പെട്ട ഗ്രന്ഥി ആണിത്. സ്ത്രീകളുടെ ലൈംഗിക ആസ്വാദനത്തിൽ ഇത് സുപ്രധാന പങ്കു വഹിക്കുന്നു. യോനി നാളത്തിന്റെ രണ്ടുവശങ്ങളിലുമായി ബർത്തോളിൻ നീർഗ്രന്ഥികളുടെ കുഴൽ തുറക്കുന്നു. ഇത് യോനീഭിത്തികളെ നനവുള്ളതാക്കുന്നു. ലൈംഗിക ഉത്തേജനത്തിന്റെ ഫലമായി യോനിയിലേക്കുള്ള രക്തയോട്ടം വർധിക്കുകയും ബർത്തോലിൻ ഗ്രന്ഥികൾ വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ (ലൂബ്രിക്കേഷൻ) ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് സുഖകരമായ സംഭോഗത്തിനും ഒപ്പം ബീജത്തിന്റെ സുരക്ഷിതത്വത്തിനും സഹായിക്കുന്നു. ഇത്തരം സ്നേഹദ്രവത്തിന്റെ അഭാവത്തിൽ സംഭോഗം വേദനാജനകവും ബുദ്ധിമുട്ടേറിയതും ആകാറുണ്ട്. ഏതാണ്ട് 45 മുതൽ 55 വയസ് വരെയുള്ള കാലയളവിൽ ആർത്തവവിരാമത്തോടെ (മെനോപോസ്) ബർത്തോളിൻ ഗ്രന്ഥികൾ ചുരുങ്ങുകയും മിക്കപ്പോഴും പ്രവർത്തനം നിലയ്ക്കുകയും ചെയ്യുന്നു. അതോടുകൂടി യോനി വരണ്ടു കാണപ്പെടുന്നു[10][11][12].

ലൈംഗിക ഉത്തേജനം

[തിരുത്തുക]

ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ പുരുഷലിംഗം ഉദ്ധരിക്കുന്നത് പൊലെ യോനിയിലും മാറ്റങ്ങൾ ഉണ്ടാകും. മത്തിഷ്ക്കത്തിലെ ഉത്തേജനത്തിന്റെ ഫലമായി യോനീഭാഗത്തേക്ക്‌ രക്തയോട്ടം വർധിക്കുന്നു. പേശികൾ വികസിച്ചു യോനീനാളം 2-3 ഇരട്ടി വലിപ്പം വയ്ക്കുകയും, കൃസരി ഉദ്ധരിക്കുകയും, വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവത്തിന്റെ ഉൽപ്പാദനം ഉണ്ടാവുകയും ചെയ്യും. മേൽപ്പറഞ്ഞ മാറ്റങ്ങൾ സുഗമവും സുഖകരവുമായ ലൈംഗികബന്ധത്തിനും സംതൃപ്തിക്കും അനിവാര്യമാണ്. എന്നിരുന്നാലും വലിപ്പം കൂടുമ്പൊൾ വ്യാസം കുറയുകയാണ്‌ ചെയ്യുന്നത്‌. എന്നാൽ ഘടനാപരമായി പല സ്ത്രീകളിലും പല വലിപ്പത്തിൽ കാണാം[13][14].

ഭാഗങ്ങൾ

[തിരുത്തുക]
ഗർഭാശയവും യോനിയും മറ്റു ഭാഗങ്ങളും- രേഖാ ചിത്രം

യോനി


ബൃഹത് ഭഗോഷ്ടങ്ങൾ (വൻ യോനീപുടങ്ങൾ)

[തിരുത്തുക]

(labia majora)
ഭഗഭാഗത്ത് ലഘു ഭഗോഷ്ടങ്ങൾക്ക് വെളിയിലായുള്ള മാംസളമായ ഭാഗം. ചില സ്ത്രീകളിൽ മേൽ ഭാഗം കൊഴുപ്പുനിറഞ്ഞ് തടിച്ച് "രതി ശൈലം" ഉണ്ടാവുന്നു.

ലഘു ഭഗോഷ്ടങ്ങൾ (ചെറു യോനീപുടങ്ങൾ)

[തിരുത്തുക]

(labia minora)
ചെറു യോനീ പുടങ്ങൾ ബൃഹത് ഭഗോഷ്ടങ്ങൾക്ക് ഉള്ളിലായിക്കാണുന്ന മൃദുവായ ഭാഗം. ചിലരിൽ ഇത് വെളിയിലേയ്ക്ക് നീണ്ടുകിടക്കും.

കൃസരി (ഭഗശിശ്നിക)

[തിരുത്തുക]

(clitoris)
യോനീനാളത്തിന് മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷലിംഗത്തിൻറെ ഘടനയുള്ള ചെറിയ അവയവം. അതിനാൽ യോനിലിംഗം എന്നും അറിയപ്പെടുന്നു. ലൈംഗിക ആസ്വാദനമാണ് ഇതിന്റെ ധർമ്മം. വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്‌.[15] അതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. ഇതിന്റെ ഭൂരിഭാഗവും ശരീരത്തിന് ഉള്ളിലേക്കാണ് സ്ഥിതി ചെയ്യുന്നത്. ആയതിനാൽ മുകൾഭാഗം മാത്രമായിരിക്കും പുറത്തേക്കു കാണപ്പെടുന്നത്. പുരുഷ ലിംഗത്തിലേത് പോലെ സംവേദന ക്ഷമതയുള്ള ഞരമ്പുകൾ അധികമാകയാൽ കൂടുതൽ സുഖാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്‌. ഏതാണ്ട് 8000-ത്തോളം നാഡീ ഞരമ്പുകളുടെ സംഗമസ്ഥാനമാണ് ഭഗശിശ്നിക. ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന വേളയിൽ പുരുഷലിംഗത്തിന് ഉദ്ധാരണം ഉണ്ടാകുന്നത് പോലെ ഉറപ്പും കാഠിന്യവും കൃസരിക്കും ഉണ്ടാകാറുണ്ട്. ഇതാണ് "കൃസരി ഉദ്ധാരണം(Clitoral erection)". ഈ സമയത്ത് കൃസരിയിലേക്കുള്ള രക്തപ്രവാഹം വർധിക്കുന്നു. ഈ ഭാഗത്ത്‌ ലഭിക്കുന്ന മൃദുവായ പരിലാളനം സ്ത്രീയെ വേഗത്തിൽ രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട്. രതിമൂർച്ഛ ഉണ്ടാകുന്ന വേളയിൽ കൃസരി ഉള്ളിലേക്ക് വലിയുന്നു. പല സ്ത്രീകൾക്കും ലൈംഗിക ഉത്തേജനം, യോനിയിൽ നനവ് എന്നിവയുണ്ടാകാൻ ഭഗശിശ്നികയിലെ സ്പർശനം ആവശ്യമായി വരാറുണ്ട്. അതിനാൽ സംഭോഗപൂർവലീലകൾ അഥവാ ഫോർപ്ലേയിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു. സ്ത്രീകളുടെ സ്വയംഭോഗവും ഈ അവയവവുമായി ബന്ധപെട്ടു കിടക്കുന്നു[16][17].

ഭഗശിശ്നിക പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന "പെൺചേലാകർമ്മം" എന്നൊരു ആചാരം ആഫ്രിക്കൻ രാജ്യങ്ങളിലും ചില സമൂഹങ്ങളിലും കാണാറുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ടെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. ഒപ്പം സ്ത്രീകളുടെ ലൈംഗിക ആസ്വാദനശേഷിയെയും ദോഷകരമായി ബാധിക്കാം. പല രാജ്യങ്ങളിലും സ്ത്രീകളുടെ ചേലാകർമ്മം ഒരു കുറ്റകൃത്യമാണ്[18][19].

ഭഗശിശ്നികാഛദം

[തിരുത്തുക]

(clitoral hood),
കൃസരിയുടെ ചുവടുഭാഗം. പുരുഷലിംഗത്തിൽ അഗ്രചർമ്മം പോലെ ഇത് ഭഗശിശ്നികയെ മൂടി കിടക്കുന്നു. അതിനാൽ കൃസരിയുടെ അഗ്രചർമ്മം എന്നും പറയാം. ഏറെ സംവേദന ക്ഷമതയുള്ള ഈ അവയവത്തിന്റെ സംരക്ഷണമാണ് ഇതിന്റെ ധർമ്മം. പലരിലും ഭഗശിശ്നികാഛദത്താൽ ആവൃതമായതിനാൽ കൃസരി വ്യക്തമായി കാണാറില്ല[20].[citation required]

കന്യാചർമ്മം

[തിരുത്തുക]

യോനിയുടെ തുടക്കത്തിൽ കാണപ്പെടുന്ന മ്യുക്കസ് നിർമിതമായ നേർത്ത ചർമം. ഇംഗ്ലീഷിൽ ഹൈമെൻ (Hymen) എന്നറിയപ്പെടുന്നു. ഇത് യോനീനാളത്തെ ഭാഗികമായി മൂടിയിരിക്കുന്നു. ചിലർക്ക് ജന്മനാ തന്നെ കന്യാചർമം ഉണ്ടാവില്ല. ഈ പാളി പലരിലും പല വലിപ്പത്തിൽ കാണപ്പെടുന്നു. യോനിനാളത്തിന്റെ അതേ നിറമാണ് എന്നത്കൊണ്ടു തന്നെ പൊതുവേ കാണാൻ സാധിക്കുകയില്ല, മാത്രമല്ല വിരലുകൊണ്ട് പോലും ഇത് മനസ്സിലാക്കാനും എളുപ്പമല്ല. കൗമാരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തന ഫലമായി ഇത് കൂടുതൽ നേർത്ത് ഇലാസ്തികതയുള്ളതായി മാറുന്നു. കന്യാചർമത്തിൽ കാണപ്പെടുന്ന ദ്വാരത്തിലൂടെ ആർത്തവരക്തം പുറത്തേക്ക് പോകുന്നു. ലൈംഗികബന്ധത്തിൽ മാത്രമല്ല, യോനി കഴുകുമ്പോഴോ, മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം മൂലമോ, കായികാദ്ധ്വാനങ്ങളിലോ, നൃത്തത്തിലോ, യോഗ ചെയ്യുമ്പോഴോ, സ്വയംഭോഗത്തിലോ ഏർപ്പെട്ടാൽ പോലും ഇത് പൊട്ടിപ്പോയെന്നു വരാം. അതിനാൽ കന്യാചർമ്മം ഉള്ള ഒരു സ്ത്രീ കന്യക ആയിക്കൊള്ളണമെന്നില്ല, കന്യാചർമ്മം ഇല്ലായെന്നുള്ളത് കന്യകയല്ല എന്നതിന് തെളിവുമല്ല. കന്യാചർമ്മവുമായി കന്യകാത്ത്വത്തിന് പ്രത്യേകിച്ച് ബന്ധമില്ലെന്നും പറയാം. കന്യകാത്വം കണ്ടുപിടിക്കാൻ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ഒരു മാർഗവും നിലവിലില്ല[21][22]. അതുകൊണ്ട് തന്നെ ഫിംഗർ ടെക്സ്റ്റ്‌ പോലെയുള്ള പരിശോധനകൾ ഇന്ന്‌ ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും നിയമ വിരുദ്ധമാണ്.

കന്യാചർമ്മവും മിഥ്യാധാരണകളും
[തിരുത്തുക]

കന്യാചർമവുമായി ബന്ധപെട്ടു അബദ്ധജടിലമായ ധാരണകൾ പല സമൂഹങ്ങളിലും കാണപ്പെടാറുണ്ട്. ഇവയിൽ പലതും സ്ത്രീകളുടെ ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്. ആദ്യത്തെ ലൈംഗികബന്ധത്തിൽ കന്യാചർമം മുറിയുമെന്നും വേദനയും രക്തസ്രാവവും ഉണ്ടാകുമെന്നുമുള്ള ധാരണ അതിൽ പ്രധാനമാണ്. പണ്ടു കാലത്ത് ചില സംസ്കാരങ്ങളിൽ നവദമ്പതികളുടെ കിടക്കയിൽ വെള്ള വസ്ത്രങ്ങൾ വിരിക്കുന്നത് രക്തസ്രാവം പരിശോധിക്കാൻ വേണ്ടിയാണെന്ന് പറയപ്പെടുന്നു. എന്നാൽ ഇത് തികച്ചും അശാസ്ത്രീയമാണ്. കന്യാചർമത്തിൽ അമിതമായി രക്തപ്രവാഹം ഉണ്ടാകുന്ന തരത്തിലുള്ള രക്തക്കുഴലുകൾ ഒന്നും തന്നെയില്ല. സ്ത്രീകളിൽ മാനസികമായ ലൈംഗിക ഉത്തേജനമുണ്ടാകുമ്പോൾ യോനിഭാഗത്തേക്കുള്ള രക്തപ്രവാഹം വർധിക്കുകയും, യോനീപേശികൾ വികസിക്കുകയും, വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ (Vaginal Lubrication) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു; തുടർന്ന് വേദനയോ രക്തസ്രാവമോ ഉണ്ടാകുവാനുള്ള സാധ്യത തീരെ കുറവാണ്. പലപ്പോഴും ഇലാസ്തികതയുള്ള കന്യാചർമ്മം സംഭോഗത്തിനായി മാറിക്കൊടുക്കുന്നു. എന്നാൽ ബന്ധപ്പെടാൻ ആവശ്യമായ ലൂബ്രിക്കേഷനോ പേശികൾക്ക് വികാസമോ ഇല്ലെങ്കിൽ വേദനയുണ്ടാകുവാനും യോനി ചുരുങ്ങി ഇരിക്കുവാനും സാധ്യതയുണ്ട്. ഘർഷണം കാരണം വരണ്ട യോനിയിലുണ്ടാകുന്ന ചെറിയ മുറിവുകളും പോറലുകളും രക്തം പൊടിയാൻ കാരണമാകാം. പരിചയക്കുറവും മാനസിക അടുപ്പമില്ലായ്മയും ഇതിനൊരു പ്രധാന കാരണമാണ്. യോനിയിൽ ആഘാതമുണ്ടാക്കുന്ന തരത്തിലുള്ള ക്രൂരമായ ലൈംഗികബന്ധവും മറ്റൊരു കാരണമാണ്. ഭയം, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ മൂലമുണ്ടാകാകുന്ന യോനീസങ്കോചം (വജൈനിസ്മസ്), യോനീ വരൾച്ച, വൾവോഡയനിയ, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ്, എന്ടോമെട്രിയോസിസ്, യോനിയിലെ അണുബാധ എന്നിവ വേദനാജനകമായ ലൈംഗികബന്ധം ഉണ്ടാകാൻ പ്രധാന കാരണമാണ്. ഇവയൊന്നും തന്നെ കന്യാചർമവുമായി യാതൊരു ബന്ധവുമില്ല. ഉഭയ സമ്മതത്തോടെയും, സന്തോഷത്തോടെയും, പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കിയും മാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും, ആവശ്യത്തിന് സമയം ആമുഖലീലകൾ അഥവാ ഫോർപ്ലേയ്ക്ക് (Foreplay) ചിലവഴിക്കേണ്ടതും ശരിയായ ഉത്തേജനത്തിന് അനിവാര്യമാണ്. ഫാർമസിയിൽ ലഭ്യമായ ഏതെങ്കിലും മികച്ച ജലാധിഷ്ഠിത ലൂബ്രിക്കന്റ് ജെല്ലി/കൃത്രിമ സ്നേഹകങ്ങൾ (ഉദാ: കെവൈ ജെല്ലി) ആദ്യമായി ബന്ധപ്പെടുമ്പോൾ ഉപയോഗിക്കുന്നത് ഗുണകരമാണ് എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മേല്പറഞ്ഞ കാര്യങ്ങളിൽ ശാസ്ത്രീയമായ ധാരണയുള്ളവരിൽ ഇത്തരം പ്രശ്നങ്ങളും കുറവായിരിക്കും. യോനി ഭാഗത്ത്‌ നിന്നും അമിതമായ രക്തസ്രാവം ഉണ്ടാവുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ടു പരിശോധിക്കേണ്ടത് അനിവാര്യമാണ്[23][24][25][26].

പ്രസവവും യോനിയിലെ മാറ്റങ്ങളും

[തിരുത്തുക]

യോനി വഴിയുള്ള സാധാരണ പ്രസവ ശേഷം യോനിയിൽ സ്വാഭാവികമായ ചില മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഇതേപറ്റി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രസവശേഷം യോനി പേശികൾ അല്പം അയഞ്ഞ രീതിയിൽ കാണപ്പെടാറുണ്ട്. രണ്ടും മൂന്നും പ്രസവം കഴിഞ്ഞവരിൽ യോനി കൂടുതൽ അയഞ്ഞു കാണപ്പെടാറുണ്ട്. പലപ്പോഴും ഇത് ലൈംഗിക ജീവിതത്തെയും മോശമായി ബാധിച്ചേക്കാം. കെഗൽ വ്യായാമം ചെയ്യുന്നത് ഒരു പരിധിവരെ ഇത് പരിഹരിക്കാൻ സഹായകരമാണ്[27].

ആർത്തവവിരാമവും യോനിയും

[തിരുത്തുക]

മധ്യവയസ്ക്കരിൽ, ഏകദേശം 45 മുതൽ 55 വയസ് പിന്നിട്ടവരിൽ ആർത്തവം നിലയ്ക്കാം. ആർത്തവവിരാമം അഥവാ മെനോപോസ് (Menopause) കൊണ്ടോ, യുവതികളിൽ പ്രസവശേഷം മുലയൂട്ടുന്ന കാലയളവിലൊ, ഓവറി നീക്കം ചെയ്തവരിലോ ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് മൂലം യോനിയിൽ കാര്യമായ ചില മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. അതിന്റെ ഭാഗമായി യോനി ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുക, ബർത്തോലിൻ നീർ ഗ്രന്ഥികളുടെ പ്രവർത്തനം കുറയുക, ഇതുമൂലം യോനിയുടെ ഉൾത്തൊലിയിൽ നനവ് നൽകുന്ന സ്നേഹദ്രവങ്ങളുടെ ഉത്പാദനം കുറയുക, യോനീ വരൾച്ച അഥവാ വാജിനൽ ഡ്രൈനസ് ഉണ്ടാവുക എന്നിവ ഉണ്ടാകുന്നു. ഏതാണ്ട് 75% ആളുകളിലും ഇങ്ങനെ സംഭവിക്കാം. അതോടൊപ്പം യോനീചർമത്തിന്റെ കട്ടിയും ഇലാസ്തികതയും കുറയുകയും അണുബാധ ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് കടുത്ത വേദനയോ ബുദ്ധിമുട്ടോ അനുഭവപ്പെടാനും ചെറിയ മുറിവുകൾ, പോറലുകൾ എന്നിവ ഉണ്ടാകുവാനും രതിമൂർച്ഛ ഇല്ലാതാകാനും കാരണമാകാം. സ്ത്രീകൾക്ക് അത് ലൈംഗിക വിരക്തിക്കും ചിലപ്പോൾ പങ്കാളിയോട് അകൽച്ചയ്ക്കും കാരണമാകാറുണ്ട്. സ്ത്രീകളുടെ ഇത്തരം ബുദ്ധിമുട്ടുകൾ തിരിച്ചറിയാതെ അവരെ പഴിക്കുന്നവരും കുറവല്ല. എന്നാൽ ശാസ്ത്രീയമായ മാർഗങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ബന്ധപ്പെടുന്ന സമയത്ത് ഏതെങ്കിലും ഗുണമേന്മയുള്ള കൃത്രിമ സ്നേഹകങ്ങൾ (ലൂബ്രിക്കന്റ് ജെല്ലി) ഉപയോഗിക്കുക വഴി ഈ അവസ്ഥ പരിഹരിക്കാം. അതുവഴി വേദനയും ബുദ്ധിമുട്ടും കുറയുകയും ലൈംഗിക ആസ്വാദ്യതയും താല്പര്യവും വർധിക്കുകയും ചെയ്യുന്നു. ഇന്ന്‌ ഫാർമസി, സൂപ്പർമാർക്കറ്റ്, ഓൺലൈൻ സ്റ്റോർ തുടങ്ങിയവ വഴി മികച്ച ലൂബ്രിക്കന്റുകൾ ലഭ്യമാണ്.

ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ അടങ്ങിയ ക്രീം യോനിയിൽ ഉപയോഗിക്കുന്നത് ഏറ്റവും ഫലപ്രദമായ ചികിത്സയാണ്. ഇത് യോനീചർമത്തിന്റെ കട്ടി വർധിക്കാനും, യോനിയുടെ സ്വഭാവികമായ ഈർപ്പവും ഇലാസ്തികതയും നിലനിർത്താനും, ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ തടയുവാനും രതിമൂർച്ഛയ്ക്കും ഫലപ്രദമാണ്. ശരിയായ ലൈംഗികബന്ധം യോനിയുടെ ആകൃതിയും രക്തയോട്ടവും നിലനിർത്തുകയും, പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുകയും, വസ്തി പ്രദേശത്തെ മസിലുകളുടെ ബലവും രക്തയോട്ടവും വർധിപ്പിക്കുകയും അജിതേന്ദ്രിയം ഉണ്ടാകാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. അണുബാധ ഉള്ളവർ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു വിദഗ്ദ ചികിത്സ സ്വീകരിക്കുക തന്നെ വേണം.[28][29][30][31] [32]

യോനിയുടെ ആരോഗ്യം

[തിരുത്തുക]

പലവിധ ആരോഗ്യപ്രശ്നങ്ങളും യോനിയെ ബാധിക്കാറുണ്ട്. യോനിയിൽ അനുഭവപ്പെടുന്ന അസ്വസ്ഥതയും എരിച്ചിലുമാണ് യോനി അണുബാധ അഥവാ രോഗാണുബാധ. വളരെ സാധാരണമായി കാണപ്പെടുന്ന ഈ രോഗം ശരിയായ ചികിത്സ ലഭ്യമായില്ലെങ്കിൽ ഗുരുതരമാകാറുണ്ട്. ചിലരിൽ ഇതിന് ലക്ഷണങ്ങൾ ഉണ്ടാകാറില്ല. യോനിയിൽ നിന്നും അസാധാരണമായ രൂക്ഷമായ ഗന്ധത്തോട് കൂടിയ സ്രവം പുറത്തുവരിക, യോനിയ്ക്ക് ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുക, മൂത്രമൊഴിക്കുമ്പോൾ വേദനയോ പുകച്ചിലോ അനുഭവപ്പെടുക. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ വേദനയോ പ്രയാസമോ ഉണ്ടാവുക, യോനിയിൽ അസ്വസ്ഥത, യോനിയിൽ നിന്ന് അസാധാരണമായ രക്തസ്രാവം തുടങ്ങിയവയാണിത്.

പല കാരണങ്ങൾ കൊണ്ടാണ് സ്ത്രീകളിൽ യോനി അണുബാധയുണ്ടാവുന്നത്. ചിലപ്പോൾ ബാക്ടീരിയ, ഫംഗസ്, പ്രോട്ടോസോൺ എന്നിവ കൊണ്ടോ, ആർത്തവവിരാമവുമായി ബന്ധപ്പെട്ടോ, അലർജി മൂലമോ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലമോ ഇതുണ്ടാകാം. ഇത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

യോനി വൃത്തിയാക്കാൻ സോപ്പ്, ലായനി, സ്പ്രേ തുടങ്ങിയവ യോനിയിൽ ഉപയോഗിക്കുന്നത് അണുബാധ ഉണ്ടാകാൻ ഒരു കാരണമാണ്. അതിനാൽ ഇവ യോനി ഭാഗത്ത്‌ ഉപയോഗിക്കാതിരിക്കുക. യോനി വൃത്തിയാക്കുവാൻ ശുദ്ധജലം തന്നെ ധാരാളമാണ്. മറ്റൊന്ന് യോനി മുന്നിൽനിന്നും പിന്നിലേക്ക് മാത്രം തുടയ്ക്കുക മറിച്ചായാൽ മലദ്വാരത്തിന് സമീപത്തുള്ള ബാക്റ്റീരിയ യോനിയിലേക്ക് വ്യാപിക്കാനിടയാകും, ആർത്തവകാലങ്ങളിൽ പാഡ് അഥവാ പിരീഡ് കപ്പ് കൃത്യമായ ഇടവേളകളിൽ മാറ്റി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മധ്യവയസ്ക്കരിൽ ആർത്തവവിരാമവുമായി ബന്ധപെട്ടു ഈസ്ട്രജന്റെ കുറവുമൂലം യോനിയിൽ മാറ്റങ്ങൾ ഉണ്ടാകാം. ഇത് അണുബാധക്ക് ഇടയാക്കും. യോനിഭാഗത്തെ രോമങ്ങൾ ക്ഷ്വരം അഥവാ ഷേവ് ചെയ്യുന്നത് ഒഴിവാക്കുക. ഷേവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സൂക്ഷ്മമായ മുറിവുകൾ വഴി രോഗാണുബാധ വേഗം പടരാനുള്ള സാധ്യതയുണ്ട്. സുരക്ഷിതമായ ലൈംഗികബന്ധത്തിൽ മാത്രം ഏർപ്പെടുകയോ അല്ലെങ്കിൽ ഗർഭനിരോധന ഉറ അഥവാ കോണ്ടം നിർബന്ധമായും ഉപയോഗിക്കുക. ഇതുവഴി പങ്കാളിയിൽ നിന്നും ലൈംഗികബന്ധത്തിലൂടെ പകരുന്ന അനേകം രോഗാണുബാധകൾ നല്ലൊരു പരിധിവരെ തടയാൻ സാധിക്കും. ലൈംഗികബന്ധത്തിന് മുൻപും ശേഷവും മൂത്രമൊഴിക്കുന്നത് അണുബാധ ഒഴിവാക്കാൻ സഹായിക്കും. യോനിയിൽ നിന്നും സ്വഭാവികമല്ലാത്ത രീതിയിൽ രക്തസ്രാവമോ മറ്റോ ഉണ്ടായാൽ ഉടനടി ഒരു ഡോക്ടറെ കണ്ടു ചികിത്സ തേടുന്നതാവും ഉത്തമം, കാരണം ഇത് ഗർഭാശയമുഖ കാൻസർ പോലെയുള്ള ചില രോഗങ്ങളുടെ ലക്ഷണം കൂടിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മറ്റു ചിലപ്പോൾ മധുവിധു കാലഘട്ടത്തിലോ ലൈംഗികബന്ധം ആരംഭിക്കുമ്പോഴോ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഹണിമൂൺ സിസ്റ്റയ്‌റ്റിസ് (honeymoon cystitis) എന്നറിയപ്പെടുന്ന രോഗമാണ് ഇത്.[33]

യോനിയെ ബാധിച്ചേക്കാവുന്ന സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ് (എസ്ടിഐ) എച്ച്ഐവി, ഹ്യൂമൺ പാപ്പിലോമ വൈറസ്, ജനിറ്റൽ ഹെർപെസ്, ട്രൈക്കോമോണിയാസിസ് എന്നിവ. ഇവയും മറ്റ് എസ്ടിഐകളും പകരുന്നത് തടയാൻ ആരോഗ്യ സ്രോതസ്സുകൾ സുരക്ഷിതമായ ലൈംഗിക രീതികൾ ശുപാർശ ചെയ്യുന്നു.[34][35] സുരക്ഷിതമായ ലൈംഗികതയിൽ സാധാരണയായി സ്ത്രീ കോണ്ടം (സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നു), പുരുഷ കോണ്ടം എന്നിവ ഉൾപ്പടെയുള്ള ഗർഭനിരോധന ഉറകളുടെ ഉപയോഗം ഉൾപ്പെടുന്നു. ഇവ യോനിയുമായി ശുക്ലം, സ്നേഹദ്രവം എന്നിവയുടെ നേരിട്ടുള്ള സമ്പർക്കം തടയുന്നതിലൂടെ രണ്ട് തരങ്ങൾക്കും ഗർഭധാരണവും രോഗാണു പകർച്ചയും നല്ലൊരു പരിധിവരെ തടയാൻ കഴിയും.[36][37] എന്നിരുന്നാലും, എസ്ടിഐകൾ തടയുന്നതിന് സ്ത്രീ കോണ്ടം പുരുഷ കോണ്ടം പോലെ ഫലപ്രദമാണോ എന്നതിനെക്കുറിച്ച് കാര്യമായ ഗവേഷണങ്ങൾ നടന്നിട്ടില്ല.[37] സ്ത്രീകളുടെ കോണ്ടം യോനിയിൽ വഴുതി ശുക്ലം ചൊരിയാം എന്നതിനാൽ പുരുഷ ഗർഭനിരോധന ഉറകളേക്കാൾ അവയ്ക്ക്ക്ക്ക്ക് ഗർഭത്തിൽ നിന്ന് സംരക്ഷണം അൽപ്പം കുറവാണ്. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിക്കുക ആണെങ്കിൽ ഇതും വളരെ ഫലപ്രദമാണ്.[38][39][40]

യോനിസങ്കോചം (വാജിനിസ്മസ്)

[തിരുത്തുക]

ലൈംഗികബന്ധമോ, ആർത്തവ ടാമ്പൂണ് പോലെയുള്ളവ ഉപയോഗിക്കുന്നതോ, മെൻസ്ട്രുവൽ കപ്പോ, ചിലപ്പോൾ യോനിപരിശോധനയോ പോലും ദുഷ്ക്കരമോ വേദനാജനകമോ ആക്കുന്ന ഒരു അവസ്ഥയാണ് യോനീസങ്കോചം അഥവാ വാജിനിസ്‍മസ് അല്ലെങ്കിൽ വജൈനിസ്മസ്(Vaginismus). ബോധപൂർവ്വമല്ലാത്ത യോനിപേശിയുടെ സങ്കോചങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. യോനിയുടെ സങ്കോചവികാസങ്ങൾ നിയന്ത്രിക്കുന്ന മസിലുകൾ വലിഞ്ഞു മുറുകി ബന്ധപ്പെടാൻ സാധിക്കാതെ വരുന്നതും അസ്സഹനീയമായ വേദനയും ഇതിന്റെ പ്രധാന ലക്ഷണമാണ്. സ്ത്രീ പങ്കാളിക്ക് യോനിയിൽ ലൈംഗിക ബന്ധത്തിന് ആവശ്യമായ വികാസമോ, നനവോ (ലൂബ്രിക്കേഷൻ അഥവാ രതിസലിലം) ഉണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കും. അതോടൊപ്പം പുരുഷ പങ്കാളിക്ക് ലിംഗ പ്രവേശനം സാധിക്കാതെ വരുന്നതും, ചിലപ്പോൾ ഉദ്ധാരണശേഷിക്കുറവും അനുഭവപ്പെടാം. ഇത്തരം അവസ്ഥമൂലം വന്ധ്യത പോലെയുള്ള പ്രശ്നങ്ങളും, ബന്ധങ്ങളുടെ തകർച്ചയും ഉണ്ടായി കാണാറുണ്ട്.

യോനിസങ്കോചത്തിന് ശാരീരികവും മാനസികവും സാമൂഹികവുമായ കാരണങ്ങൾ ഉണ്ട് എങ്കിലും പ്രധാനമായും ഇതൊരു മാനസികമായ പ്രശ്നം തന്നെ ആണ്. പ്രധാനമായും ലൈംഗിക ബന്ധത്തോടുള്ള ഭയം, സംഭോഗം വേദന ഉളവാക്കുമോയെന്ന ഭയം, ലൈംഗികതയോടുള്ള വെറുപ്പ്, ലൈംഗിക താല്പര്യക്കുറവ്, ലൈംഗികതയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവില്ലായ്മ, പാപചിന്ത, തെറ്റായ ധാരണകൾ, നേരത്തേ അനുഭവിക്കേണ്ടി വന്നിട്ടുള്ള ലൈംഗികപീഡനത്തിന്റെ ഓർമ്മകൾ, വൈവാഹിക ബലാത്സംഗം, പങ്കാളിയോടുള്ള അടുപ്പക്കുറവ് തുടങ്ങിയവയൊക്കെ വജൈനിസ്മസിന് കാരണമാകുന്ന മാനസികമായ ഘടകങ്ങൾ ആണ്‌. മനസിന്റെ ആഴങ്ങളിൽ അറിയാതെ കിടക്കുന്ന ഇത്തരം കാര്യങ്ങൾ ഒരുപക്ഷെ വ്യക്തി ബോധപൂർവം ശ്രമിച്ചാലും മാറിക്കൊള്ളണമെന്നില്ല. ശാരീരികമായ കാരണങ്ങളിൽ മൂത്രാശയ അണുബാധ, യോനിഭാഗത്തെ അണുബാധ, പ്രസവത്തിന് വേണ്ടി യോനി ഭാഗത്ത്‌ ചെയ്യുന്ന എപ്പിസിയോട്ടമി എന്നറിയപ്പെടുന്ന കീറൽ, ഫൈബ്രോയ്ഡ് മുഴകൾ, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങൾ, യോനിവരൾച്ച, മലബന്ധം, പെൺചേലാകർമ്മം തുടങ്ങിയവ സ്ത്രീകൾക്ക് വേദനാജനകമായ ലൈംഗികബന്ധം ഉണ്ടാകാൻ കാരണമാകും. ഈ വേദന ഭയത്തിലേക്കും താല്പര്യക്കുറവിലേക്കും പിന്നീട് വജൈനിസ്മസ് എന്ന അവസ്ഥയിലേക്കും നയിക്കാറുണ്ട്. മധ്യവയസ്ക്കരിൽ ആർത്തവവിരാമത്തിന് ശേഷം യോനിചർമ്മം വരണ്ടു നേർത്തു വരിക, ലൈംഗികബന്ധത്തിൽ കടുത്ത വേദന, ബുദ്ധിമുട്ട് എന്നിവ ഉണ്ടായേക്കാം. ഇതും ക്രമേണ യോനീസങ്കോചത്തിലേക്ക് നയിക്കാം. അതിനാൽ ഏതു പ്രായക്കാരായ സ്ത്രീകളിലും യോനി സങ്കോചം ഉണ്ടാകാം. ഈ സാഹചര്യത്തിൽ പങ്കാളി ബന്ധപ്പെടാൻ നിർബന്ധിച്ചാൽ അത് പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളു എന്ന് മാത്രമല്ല അത് സ്ത്രീയുടെ ഉള്ള ലൈംഗികതാല്പര്യത്തെ കൂടി ഇല്ലാതാക്കുകയും മാനസിക നിലയെ മോശമായി ബാധിക്കുകയും ചെയ്യും. ലൈംഗിക ബന്ധത്തിന് ശ്രമിച്ചാൽ യോനിയിലേക്ക് ലിംഗ പ്രവേശനം സാധിക്കാതെ വരികയും, കഠിനമായ വേദന ഉണ്ടാകുകയും, സംഭോഗം പരാജയത്തിൽ കലാശിക്കുകയും ചെയ്യും. ഇതെപ്പറ്റി ശാസ്ത്രീയമായി അറിവില്ലാത്ത പങ്കാളികൾ പരസ്പരം കുറ്റപ്പെടുത്തുന്നതും പതിവായേക്കാം.

വിദഗ്ദരുടെ നേതൃത്വത്തിൽ ശരിയായ ചികിത്സ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ ലജ്ജയോ മടിയോ വിചാരിച്ചു പലരും ഇത്തരം പ്രശ്നങ്ങൾക്ക് ചികിത്സ തേടാറില്ല. ടോപ്പിക്കൽ തെറാപ്പി, പെൽവിക് ഫ്ലോർ തെറാപ്പി അഥവാ കെഗൽ വ്യായാമം, ഡയലേറ്റർ തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ഈസ്ട്രജൻ തെറാപ്പി തുടങ്ങിയ വിവിധ ചികിത്സാ മാർഗങ്ങൾ ഇന്ന് വികസിച്ചു വന്നിട്ടുണ്ട്. പ്രാഥമികമായ രീതികളിൽ ഫാർമസിയിലും മറ്റും ലഭ്യമായ കൃത്രിമ സ്നേഹകങ്ങൾ അഥവാ ഗുണമേന്മയുള്ള ലൂബ്രിക്കന്റ് ജെല്ലി ഉപയോഗിക്കുന്നത് ഫലം ചെയ്യും. ഗൈനക്കോളജിസ്റ്റ്, സെക്സോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയ വിദഗ്ദരുടെ സേവനം ഇത്തരം അവസ്ഥകളിൽ പ്രയോജനപ്പെടുത്താം[41][42][43][44].

ഇത് കൂടി കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "Female Sexual Anatomy | Vulva, Vagina and Breasts". www.plannedparenthood.org. www.plannedparenthood.org.[പ്രവർത്തിക്കാത്ത കണ്ണി]
  2. "The vagina".[പ്രവർത്തിക്കാത്ത കണ്ണി]
  3. "Female Anatomy: Labeled Diagrams (Inside and Outside)". www.verywellhealth.com. www.verywellhealth.com.[പ്രവർത്തിക്കാത്ത കണ്ണി]
  4. "en.wikipedia.org › wiki". en.wikipedia.org. en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Why do humans have pubic hair? - Medical News Today". www.medicalnewstoday.com. www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Pubic Hair: Everything You Wanted to Know but Were ... - Flo". flo.health › menstrual-cycle.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Vagina: Anatomy, Function, Conditions & What's Normal". my.clevelandclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Vagina: What's typical, what's not - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  9. "Vaginal discharge color guide: Causes and when to see a doctor". www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  10. "Bartholin's gland - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Bartholin's Cyst: Symptoms, Causes, and Treatment | Patient". patient.info.[പ്രവർത്തിക്കാത്ത കണ്ണി]
  12. "Decreased Desire, Sexual Side Effects of Menopause". www.menopause.org.[പ്രവർത്തിക്കാത്ത കണ്ണി]
  13. "vaginal lubrication".[പ്രവർത്തിക്കാത്ത കണ്ണി]
  14. "Vaginal Wetness: Everything You Need to Know About Different ..." www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  15. [Arthur C. Guyton (Author), John E. Hall (Author): Textbook of Medical Physiology, W.B. Saunders Company; 10th edition; ISBN 0-7216-8677-X ]
  16. "The clitoris: anatomy, size, where it is and female pleasure". www.netdoctor.co.uk.[പ്രവർത്തിക്കാത്ത കണ്ണി]
  17. "Clitoris | Definition, Location, & Facts". www.britannica.com.[പ്രവർത്തിക്കാത്ത കണ്ണി]
  18. "What is female genital mutilation?". www.unicef.org.[പ്രവർത്തിക്കാത്ത കണ്ണി]
  19. "Circumcision: Benefits, Risks, and Procedure". www.webmd.com.[പ്രവർത്തിക്കാത്ത കണ്ണി]
  20. "Clitoris".[പ്രവർത്തിക്കാത്ത കണ്ണി]
  21. "Hymen".[പ്രവർത്തിക്കാത്ത കണ്ണി]
  22. "What is a hymen, and what does it look like? - Flo". flo.health.[പ്രവർത്തിക്കാത്ത കണ്ണി]
  23. "Hymen".[പ്രവർത്തിക്കാത്ത കണ്ണി]
  24. "What Is a Hymen and How Does It "Break"? - SELF". www.self.com.[പ്രവർത്തിക്കാത്ത കണ്ണി]
  25. "Myths about the hymen debunked | Patient". patient.info.[പ്രവർത്തിക്കാത്ത കണ്ണി]
  26. "The hymen's a myth and virginity's a construct". www.cnn.com.[പ്രവർത്തിക്കാത്ത കണ്ണി]
  27. "Changes in the uterus, cervix and vagina - OpenLearn". www.open.edu.[പ്രവർത്തിക്കാത്ത കണ്ണി]
  28. "Decreased Desire, Sexual Side Effects of Menopause". www.menopause.org.[പ്രവർത്തിക്കാത്ത കണ്ണി]
  29. "Yes, You Can Have an Orgasm After Menopause". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  30. "Your Ultimate Guide To Great Sex During (And After) Menopause". www.yourtango.com.
  31. "Sex after menopause: Side effects, tips, and treatments". www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]
  32. "vagina changes with age".
  33. "Vaginitis".
  34. Hales D (2008). An Invitation to Health Brief 2010-2011. Cengage Learning. pp. 269–271. ISBN 978-0-495-39192-0. Archived from the original on December 31, 2013. Retrieved October 27, 2015.
  35. Alexander W, Bader H, LaRosa JH (2011). New Dimensions in Women's Health. Jones & Bartlett Publishers. p. 211. ISBN 978-1-4496-8375-7. Archived from the original on July 15, 2014. Retrieved October 27, 2015.
  36. Knox D, Schacht C (2007). Choices in Relationships: Introduction to Marriage and the Family. Cengage Learning. pp. 296–297. ISBN 978-0-495-09185-1. Archived from the original on July 3, 2019. Retrieved January 16, 2017.
  37. 37.0 37.1 Kumar B, Gupta S (2014). Sexually Transmitted Infections. Elsevier Health Sciences. pp. 126–127. ISBN 978-81-312-2978-1. Archived from the original on July 3, 2019. Retrieved January 16, 2017.
  38. Hornstein T, Schwerin JL (2012). Biology of Women. Cengage Learning. pp. 126–127. ISBN 978-1-4354-0033-7. Archived from the original on July 3, 2019. Retrieved January 16, 2017.
  39. "Vagina: What's typical, what's not - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  40. "Tips To Keep Your Vagina Healthy". health.clevelandclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
  41. "Vaginismus".[പ്രവർത്തിക്കാത്ത കണ്ണി]
  42. "Vaginismus: Symptoms, Causes, Treatments, and More". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
  43. "Diagnosing and managing vaginismus". www.bmj.com.[പ്രവർത്തിക്കാത്ത കണ്ണി]
  44. "Vaginismus: Types, Causes, Symptoms, and Treatment". www.webmd.com.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=യോനി&oldid=4111927" എന്ന താളിൽനിന്ന് ശേഖരിച്ചത്