Jump to content

ഷാൽ നിക്കോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഷാൾ നിക്കോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാർലീസ് നിക്കോൾ
ജനനം21 September 1866
മരണം28 February 1936
ദേശീയതFrance
അറിയപ്പെടുന്നത്Epidemic typhus
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1928)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBacteriology
സ്ഥാപനങ്ങൾPasteur Institute of Tunis

ചാർലീസ് നിക്കോൾ നോബൽ സമ്മാനിതനായ ഫ്രഞ്ച് ബാക്ടീരിയ വിജ്ഞാനിയാണ്. പേനുകളാണ് ടൈഫസ് രോഗ സംക്രമണകാരകങ്ങൾ എന്ന കണ്ടെത്തലാണ് നോബൽ സമ്മാനത്തിന് ഇദ്ദേഹത്തെ അർഹനാക്കിയത്.

1866 സെപ്റ്റംബർ 21-ന് ഫ്രാൻസിലെ റൂനിൽ ജനിച്ചു. ഭിഷഗ്വരനായ പിതാവിൽ നിന്നു ജീവശാസ്ത്രത്തിൽ ശിക്ഷണം ലഭിച്ച നിക്കോൾ മെഡിക്കൽ കോളജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജനനേന്ദ്രിയ സംബന്ധമായ ഒരിനം സാംക്രമിക രോഗത്തെ കുറിച്ചു നടത്തിയ പഠനങ്ങൾക്ക് (റിസർച്ചസ് ഓൺ സോഫ്റ്റ് ഷാങ്കെർ) എം.ഡി ബിരുദം ലഭിച്ചു. തുടർന്ന് റൂണിൽ തിരികെ എത്തിയ നിക്കോൾ റൂൺ മെഡിക്കൽ കോളജിൽ അധ്യാപകനായി ചേരുകയും 1896-ൽ അവിടുത്തെ ഡയറക്ടറായി നിയമിതനാവുകയും ചെയ്തു. 1903 വരെ ഈ പദവിയിൽ തുടർന്ന ഇദ്ദേഹം പിന്നീട് ടൂണിസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് തലവനായി നിയമിതനായി. ഡിഫ്തീരിയയുടെ പ്രതിസിറം ഉത്പാദനത്തിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണ് നിക്കോൾ തന്റെ ഗവേഷണജീവിതം ആരംഭിക്കുന്നത്. തുടർന്നുള്ള 33 വർഷക്കാലംകൊണ്ട് ഇദ്ദേഹത്തിന്റെ സാരഥ്യത്തിൽ ടൂണിസ് പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്, ബാക്ടീരിയോളജിക്കൽ ഗവേഷണകേന്ദ്രം എന്ന നിലയിൽ ആഗോളപ്രശസ്തി നേടി. സാംക്രമിക രോഗങ്ങൾക്കുള്ള സിറവും വാക്സിനുകളും നിർമ്മിക്കുന്ന ഒരു പ്രധാന കേന്ദ്രവുമായി ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നതിലും നീക്കോൾ കാരണഭൂതനായി.

ടൈഫസ് രോഗത്തിന്റെ കാരണം

[തിരുത്തുക]

ഈ കാലഘട്ടത്തിലാണ് ടൈഫസ് രോഗം കൊടുംഭീതി പരത്തിക്കൊണ്ട് വ്യാപകമായി പടർന്നു പിടിച്ചത്. രോഗബാധിതരായ വ്യക്തികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശരീരം കഴുകി വൃത്തിയാക്കുകയും വസ്ത്രങ്ങൾ നശിപ്പിക്കുകയും ചെയ്താൽ രോഗം സംക്രമിക്കുന്നില്ലെന്നു മനസ്സിലാക്കിയതോടെ ടൈഫസ് രോഗകാരകം തൊലിപ്പുറത്തോ വസ്ത്രത്തിലോ ആണെന്ന് നിക്കോൾ തിരിച്ചറിഞ്ഞു. ഈ അറിവ് രോഗകാരകം നിർണയിക്കുന്നതിലെ വഴിത്തിരിവായി. അങ്ങനെ മനുഷ്യനുൾപ്പെടുന്ന മൃഗശരീരത്തിലെ പേനുകൾ (പെഡിക്കുലസ് ഹ്യുമാനസ്) ആണ് ടൈഫസ് വിപത്തിനു കാരണമെന്ന് കുരങ്ങുകളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് നീക്കോൾ തെളിയിച്ചു (1909).

ടൈഫസ് രോഗനിയന്ത്രണം

[തിരുത്തുക]

ഈ ദിശയിൽ നടത്തിയ തുടർ പഠനങ്ങളിലൂടെ എലികളിലെ ചെള്ളുകൾ പടർത്തുന്ന മ്യൂറൈൻ ടൈഫസും പേൻ പടർത്തുന്ന ടൈഫസും തമ്മിൽ വേർതിരിച്ചറിയുന്നതിനുള്ള വഴിയൊരുക്കുന്നതിനും നിക്കോളിനു സാധിച്ചു. ടൈഫസിന്റെ സംക്രമണരീതിയെകുറിച്ചുള്ള നിക്കോളിന്റെ കണ്ടെത്തലുകളാണ് 1914-18, 1939-45 ലോകയുദ്ധങ്ങളിൽ ടൈഫസ് സംക്രമണം പ്രതിരോധിക്കുന്നതിനു സഹായകമായത്. ബ്രൂസെല്ലോസിസ് (Brucellosis), മീസിൽസ്, ഡിഫ്തീരിയ, ക്ഷയം തുടങ്ങിയ രോഗങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ അറിവ് ലഭ്യമാക്കുന്നതിലും നിക്കോളിന്റെ സംഭാവനകൾ ഗണ്യമാണ്. 1936 ഫെബ്രുവരി 28-ന് ട്യൂണിസിൽ ഇദ്ദേഹം നിര്യാതനായി.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിക്കോൾ, ഷാർല് ഷൂൾ ആങ്റി (1866 - 1936) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഷാൽ_നിക്കോൾ&oldid=2286301" എന്ന താളിൽനിന്ന് ശേഖരിച്ചത്