Jump to content

ക്രിസ്റ്റ്യൻ ദെ ഡ്യൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റ്യൻ ദെ ഡ്യൂവ്
ജനനം (1917-10-02) ഒക്ടോബർ 2, 1917  (107 വയസ്സ്)
കലാലയംഓൺസെ-ലിയെവ്-വ്രൂകോളേജ്
ല്യൂവൻ കത്തോലിക്കാസർവ്വകലാശാല
തൊഴിൽജീവശാസ്ത്രജ്ഞൻ
അറിയപ്പെടുന്നത്Structure and function of organelles
പുരസ്കാരങ്ങൾFrancqui Prize for Biological and Medical Sciences 1960
Nobel Prize for Physiology or Medicine 1974
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾല്യൂവൻ കത്തോലിക്കാസർവ്വകലാശാല
റോക്ക്ഫെല്ലർ സർവ്വകലാശാല
വെബ്സൈറ്റ്J. Craig Venter Institute

ശരീരധർമശാസ്ത്ര(Physiology)ത്തിനുള്ള നോബൽ പുരസ്കാരം (1974) നേടിയ ശാസ്ത്രജ്ഞനാണ് ക്രിസ്റ്റ്യൻ ദെ ഡ്യൂവ്. കോശഭാഗങ്ങളായ ലൈസോസോമും (lysosome) പെറോക്സിസോമും (peroxisome) 1955-ൽ ഇദ്ദേഹം കണ്ടെത്തി.

ജനനവും വിദ്യാഭ്യാസവും

[തിരുത്തുക]

1917 ഒക്ടോബർ 2-ന് ലണ്ടന് അടുത്തുള്ള തേംസ്-ഡിറ്റൺ (Thames-Ditton) എന്ന സ്ഥലത്തു ജനിച്ചു. ബെൽജിയൻ നിവാസികളായിരുന്ന ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ യുദ്ധകാലത്ത് ഇംഗ്ലണ്ടിൽ അഭയാർഥികളായി എത്തിയിരുന്നു. 1920-ൽ ബെൽജിയത്തിൽ തിരിച്ചെത്തിയ ഡ്യൂവ്, ആന്റ് വെർപ് (Ant werp) എന്ന പട്ടണത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. ഫ്രഞ്ച്, ഫ്ലെമിഷ് എന്നീ ഭാഷകളിൽ ഇദ്ദേഹം വിദ്യാഭ്യാസം നടത്തി. 1934-ൽ ലൂവെയി(Louvain) നിലെ കാത്തലിക് സർവ്വകലാശാലയിൽ ചേർന്നു വിദ്യാഭ്യാസം തുടർന്നു. ഈ കാലയളവിൽ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുകയും വേറെ നാലു ഭാഷകൾകൂടി വശത്താക്കുകയും ചെയ്തു. ശാസ്ത്രകാരനെന്ന നിലയിൽ, ഈ ബഹുഭാഷാപരിജ്ഞാനം ഗവേഷണ കാര്യങ്ങൾക്കു വളരെ പ്രയോജനപ്രദമായി.

വൈദ്യശാസ്ത്രത്തിൽ ഗവേഷണം

[തിരുത്തുക]

വൈദ്യശാസ്ത്രങ്ങളോടുള്ള ഡ്യൂവിന്റെ അഭിരുചി ബൊക്കാർട്ടി (J.P.Bouckaert)ന്റെ ഫിസിയോളജി ലബോറട്ടറിയിൽ ചേർന്ന് ഗവേഷണം നടത്താൻ പ്രേരകമായിത്തീർന്നു. ഗ്ലൂക്കോസ് എന്ന പദാർഥത്തിൽ ഇൻസുലിനുള്ള പ്രഭാവമാണ് ഇദ്ദേഹം ഗവേഷണ വിഷയമാക്കിയത്. 1941-ൽ എം.ഡി. ബിരുദം നേടിയ ഡ്യൂവ് വൈദ്യശാസ്ത്രരംഗത്തു തുടരാനുള്ള ആഗ്രഹം ഉപേക്ഷിച്ച് ഇൻസുലിൻ പ്രവർത്തനങ്ങളുടെ ക്രിയാവിധിയിൽ ഗവേഷണം തുടരാൻ തീരുമാനിച്ചു. 1945-ൽ ഈ വിഷയത്തിൽ ഗവേഷണ പ്രബന്ധം തയ്യാറാക്കി അവതരിപ്പിച്ചു. ഈ പ്രബന്ധത്തെ ആസ്പദമാക്കി ഇദ്ദേഹത്തിന് ഡോക്ടറേറ്റിനു തുല്യമായ ഉന്നത ബിരുദം ലഭിച്ചു. ഇതേ വിഷയത്തിൽത്തന്നെ നിരവധി ഗവേഷണ ലേഖനങ്ങളും പ്രസിദ്ധീകരിച്ച് ശാസ്ത്രലോകത്തു പ്രശസ്തി നേടി.

നോബൽ പുരസ്കാര ജേതാവ്

[തിരുത്തുക]

ഡ്യൂവ് 18 മാസക്കാലത്തോളം (1946-47) സ്റ്റോക്ഹോമിലെ മെഡിക്കൽ നോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ബയോകെമിസ്ട്രിയിൽ ഗവേഷണം നടത്തിയിരുന്നു. 1955-ൽ നോബൽ പുരസ്കാരം ലഭിച്ച ഹ്യൂഗോ തിയോറെലി(Hugo Theorell)ന്റെ ലബോറട്ടറിയിലാണ് ഡ്യൂവ് ഗവേഷണം തുടർന്നത്. ഇതിനുശേഷം ആറുമാസക്കാലത്തോളം റോക്ഫെല്ലർ ഫൌണ്ടേഷനിൽ കാൾ (Carl), ഗെർറ്റി കോറി (Gerty Coril) എന്നീ നോബൽ പുരസ്കാര ജേതാക്കളോടൊപ്പം ഫെലോ ആയും പ്രവർത്തിച്ചു. സെന്റ് ലൂയിസിൽ (St.Louis) നോബൽ പുരസ്കാരം നേടിയ ഏൾ സുതർലാന്റി(Earl Sutherland, 1971)നോടു സഹകരിച്ചാണ് ഡ്യൂവ് ഗവേഷണം നടത്തിയത്. ഇത്തരത്തിൽ വിശിഷ്ട വ്യക്തികളോടു ചേർന്നുള്ള ഗവേഷണങ്ങളെല്ലാം വിവിധതരത്തിലുള്ള സാങ്കേതിക രീതികളും ശാസ്ത്രഗവേഷണ വൈഭവവും സ്വായത്തമാക്കാൻ ഇദ്ദേഹത്തെ സഹായിച്ചു.

1947 മാർച്ചിൽ ലൂവെയിനിൽ തിരിച്ചെത്തിയ ഡ്യൂവിന് ആദ്യം ഫിസിയോളജിക്കൽ കെമിസ്ട്രിയിൽ അധ്യാപകനായും പിന്നീട് 1951-ൽ പ്രൊഫസറായും നിയമനം ലഭിച്ചു.

ഗവേഷണ പഠനങ്ങൾ

[തിരുത്തുക]

ഗ്ലൂക്കോഗോണും ഇൻസുലിനുമായുള്ള പ്രവർത്തനങ്ങളെക്കുറിച്ച് നടത്തിയ ഇദ്ദേഹത്തിന്റെ പഠനങ്ങൾ ഇന്നും ഗവേഷണ വിഷയമാണ്. ചില എൻസൈമുകൾക്ക് കരളിലെ കാർബോഹൈഡ്രേറ്റ് ഉപാപചയ പ്രക്രിയയിലുള്ള പങ്ക് കണ്ടെത്താനായത് ഇദ്ദേഹത്തിന്റെ ഇൻസുലിൻ പഠനങ്ങളെ കൂടുതൽ വിപുലീകരിക്കാൻ സഹായകമായി. ഇദ്ദേഹത്തിന്റേയും സഹപ്രവർത്തകരുടേയും ഗവേഷണ ഫലമായിട്ടാണ് 1955-ൽ കോശഭാഗങ്ങളായ ലൈസോസോമും പെറോക്സിസോമും കണ്ടെത്താൻ കഴിഞ്ഞത്. ഇതോടൊപ്പംതന്നെ കോശഭാഗങ്ങളെ വേർതിരിച്ച് വിശകലനം ചെയ്ത് ജീവശാസ്ത്രപരമായും വൈദ്യശാസ്ത്രപരമായും പ്രയോജനപ്പെടുത്താനാവശ്യമായ സാങ്കേതികത്വവും ഉപയുക്ത ഉപകരണങ്ങളും വികസിപ്പിച്ചെടുക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇത് വൈദ്യശാസ്ത്രത്തിലേയും ജീവശാസ്ത്രത്തിലേയും വിവിധ തരത്തിലുള്ള നിരവധി വിഷമ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമായി.

പ്രൊഫസർ പദവിയിൽ നിയമനം

[തിരുത്തുക]

ഡ്യൂവ് 1962-ൽ ന്യൂയോർക്കിലെ റോക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസർ പദവിയിൽ നിയമിതനായി. ഇതോടൊപ്പം ലൂവെയി നിലെ ഗവേഷണവും ഇദ്ദേഹം തുടർന്നിരുന്നു. ലൂവെയിനിൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെല്ലുലാർ ആൻഡ് മോളി ക്കുലാർ പാതോളജി (ICP) എന്ന ഗവേഷണസ്ഥാപനം ആരം ഭിച്ചത് ഡ്യൂവായിരുന്നു. തന്മാത്രാജീവശാസ്ത്രത്തിലും കോശ ജീവശാസ്ത്രത്തിലും വളരെ പ്രയോജനപ്രദമായ ഗവേഷണവും പരിശീലനവും നടത്തുക എന്നതാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. ന്യൂയോർക്കിലേയും ലൂവെയിനിലേയും സർവകലാ ശാലകളിൽ ഡ്യൂവും സഹപ്രവർത്തകരും സമാനമായ ഗവേഷണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു.

1943-ൽ ഡ്യൂവ് ജാനിൻ ഹെർമാനെ വിവാഹം ചെയ്തു. ഇവർക്ക് നാലു കുട്ടികളുണ്ട്.

പഠന ഗ്രന്ഥങ്ങൾ

[തിരുത്തുക]

1985-ൽ ലൂവെയിൻ സർവകലാശാലയിലും 1988-ൽ റോക്ഫെല്ലർ സർവകലാശാലയിലും എമരിറ്റസ് പ്രൊഫസറായി. 1991-ൽ ഐ.സി.പി. പ്രസിഡന്റുസ്ഥാനത്തുനിന്നു വിരമിച്ച ശേഷവും ബോർഡ് അംഗമായി തുടർന്നു. ജീവന്റെ ഉത്പത്തിയേയും പരിണാമത്തേയും കുറിച്ച് ഡ്യൂവ് നടത്തിയ പഠനങ്ങൾ വളരെ പ്രാധാന്യമേറിയവയാണ്.

  • എ ഗൈഡഡ് ടൂർ ഒഫ് ദ ലിവിങ് സെൽ (1984)
  • ബ്ലു പ്രിന്റ് ഫോർ എ സെൽ (1991)
  • വൈറ്റൽ ഡസ്റ്റ് (1995)

എന്നീ മൂന്നു ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ വിവിധ ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്തിട്ടുമുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്യൂവ് ദെ ക്രിസ്റ്റ്യൻ (1917 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റ്യൻ_ദെ_ഡ്യൂവ്&oldid=3659653" എന്ന താളിൽനിന്ന് ശേഖരിച്ചത്