Jump to content

എഡ്വേർഡ് ലാറി ടാറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്വേർഡ് ലാറി ടാറ്റം
ജനനംDecember 14, 1909
മരണംനവംബർ 5, 1975(1975-11-05) (പ്രായം 65)
കലാലയംUniversity of Chicago
University of Wisconsin–Madison
അറിയപ്പെടുന്നത്Gene regulation of biochemical events within cells
പുരസ്കാരങ്ങൾവൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജനിതകശാസ്ത്രം
സ്ഥാപനങ്ങൾStanford University
Yale University
Rockefeller Institute

നോബൽ സമ്മാനാർഹിതനായ യു.എസ്. ജനിതകശാസ്ത്രജ്ഞനാണ് എഡ്വേർഡ് ലാറി ടാറ്റം.

ജീവിതരേഖ

[തിരുത്തുക]

1909 ഡി. 14-ന് കൊളറാഡോ (Colorado)യിലെ ബോൾഡറിൽ (Boulder) ജനിച്ചു. വിസ്കോൻസിൻ (wisconsin) സർവകലാശാലയിൽനിന്ന് 1932-ൽ മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദവും 1934-ൽ ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. മൂന്നു വർഷത്തിനുശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിൽ റിസർച്ച് അസ്സോസിയേറ്റായി ചേർന്ന ഇദ്ദേഹം അവിടെത്തന്നെ ജീവശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായി. 1945-മുതൽ മൂന്നു വർഷക്കാലം യേൽ (Yale) സർവകലാശാലയിൽ അധ്യാപകനായി ജോലി ചെയ്തു. അതിനു ശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിൽ പ്രൊഫസറായി ചേർന്ന ഇദ്ദേഹം 1957-ൽ ന്യൂയോർക്കിലെ റോക് ഫെല്ലർ സർവകലാശാലയിൽ ചേർന്നു.

ആദ്യകാലങ്ങളിൽ ടാറ്റം പഠനം നടത്തിയത് പ്രാണികളുടെ, പ്രധാനമായും പഴഈച്ചകളുടെ ( ഡ്രോസോഫില മെലനോഗാസ്റ്റർ) പോഷക അനിവാര്യതയിലും ഉപാപചയ പ്രക്രിയയിലുമാണ്. അമേരിക്കൻ ജനിതകശാസ്ത്രജ്ഞനായ ജോർജ് ഡബ്ലിയു. ബീഡിലുമൊത്ത് ഇദ്ദേഹം നടത്തിയ പഠനങ്ങളിൽ നിന്ന് പഴഈച്ചകളുടെ കണ്ണിന്റെ നിറം കൈനൂറെനിൻ (Kynurenine) എന്ന ഹോർമോൺ മൂലമാണെന്ന് കണ്ടെത്തി.

1940 മുതൽ ടാറ്റവും ബീഡിലും ഒന്നിച്ചു റൊട്ടിയിലെ പിങ്ക് പൂപ്പലായ ന്യൂറോസ്പോറ ക്രാസയിൽ നടത്തിയ എക്സ്റേ പരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ന്യൂറോസ്പോറ ജീനുകളിൽ എക്സ്റേ മൂലമുണ്ടായ വ്യതിയാനം ഒരു പുതിയ അസാധാരണ ഇനത്തിന് ജന്മം നൽകി. എക്സ്റേ മൂലം ജീനുകൾക്ക് കേടും നഷ്ടവും സംഭവിക്കുന്നതും മ്യൂട്ടന്റ് ജീനുകളുണ്ടാകുന്നതും, ജീവരാസപ്രവർത്തനങ്ങൾ തകരാറിലാകുന്നതും ടാറ്റം പഠനവിധേയമാക്കി. ആവർത്തിച്ചു ചെയ്ത പരീക്ഷണങ്ങളിലൂടെ ജീനുകളാണ് ഓരോ ജീവിയിലെയും രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നും ഇദ്ദേഹം കണ്ടെത്തി. ജീവികളുടെ കുടലിൽ കാണപ്പെടുന്ന ഇസ്ചറീഷ്യ കോളൈ (Escheritia coli) ബാക്ടീരിയത്തിലും ഇത്തരം ഉത്പരിവർത്തനങ്ങൾ ഉണ്ടാക്കാനാവുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. എ. കോളൈയുടെ മ്യൂട്ടന്റുകളുപയോഗിച്ചാണ് ടാറ്റവും ലെഡൻബർഗും ബാക്ടീരിയങ്ങളുടെ ലൈംഗിക പ്രത്യുത്പാദനത്തിലെ ജനിതക പുനഃസംയോജനം കണ്ടെത്തിയത്. ജീവികളുടെ തന്മാത്രാതലത്തിലുള്ള ജീൻ പ്രവർത്തനവും ഓരോ ജീവിയുടെയും സവിശേഷതകൾ നിർണയിക്കുന്നതിൽ ജീനുകൾക്കുള്ള പങ്കും ഇവർ പഠനവിധേയമാക്കി. സൈറ്റോപ്ലാസ്മിക പാരമ്പര്യവും ന്യൂക്ലിയികഅമ്ല ഉപാപചയപ്രക്രിയയും ആന്റിബയോട്ടിക്കുകളുടെ ജൈവസംശ്ലേഷണവും ഇദ്ദേഹത്തിന്റെ ഗവേഷണവിഷയങ്ങളായിരുന്നു.

1975 ന. 5-ന് ന്യൂയോർക്കിൽ ഇദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]

1958-ൽ വൈദ്യശാസ്ത്രത്തിനും ഫിസിയോളജിക്കുമുള്ള നോബൽ സമ്മാനം ജോർജ് ഡബ്ലൂ.ബീഡി (George W. Beadle)ലും ജോഷ്വാ ലെഡർ ബെർഗു (Joshua Lederberg) മായി ടാറ്റം പങ്കുവച്ചു.

അവലംബം

[തിരുത്തുക]

അധിക വായനക്ക്

[തിരുത്തുക]
  • Nobel Lectures, Physiology or Medicine 1942–1962, Elsevier Publishing Company, Amsterdam, 1964
  • Biographical Memoirs: National Academy of Sciences, Volume 59, National Academy Press, 1990

പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എഡ്വേർഡ് ലാറി ടാറ്റം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എഡ്വേർഡ്_ലാറി_ടാറ്റം&oldid=3607082" എന്ന താളിൽനിന്ന് ശേഖരിച്ചത്