Jump to content

തെക്കേ അമേരിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദക്ഷിണ അമേരിക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ അമേരിക്ക
വിസ്തീർണ്ണം17,840,000 കി.മീ.2 (6,890,000 ച മൈ)
ജനസംഖ്യ387,489,196 (2011, 5ആം)
ജനസാന്ദ്രത21.4 പ്രതി ച കിമീ2 (56.0 പ്രതി ച മൈ)
Demonymതെക്കേ അമേരിക്കൻ, അമേരിക്കൻ[1]
രാജ്യങ്ങൾ12 (List of countries)
Dependencies3
ഭാഷകൾഭാഷകളുടെ പട്ടിക
സമയമേഖലകൾUTC-2 മുതൽ UTC-5 വരെ
വലിയ നഗരങ്ങൾ
ബ്രസീൽ സാവോ പോളൊ
അർജന്റീന ബ്യൂണസ് അയേഴ്സ്
ബ്രസീൽ റയോ ഡി ജനീറോ
പെറു ലിമ
കൊളംബിയ ബൊഗോട്ട
ചിലി സാന്റിയാഗോ
ബ്രസീൽ ബെലോ ഹൊറിസോണ്ടെ
വെനിസ്വേല കരാക്കാസ്
ബ്രസീൽ പോർട്ടോ അലെഗ്രെ
ബ്രസീൽ ബ്രസീലിയ
ഇക്വഡോർ ഗ്വായാക്വിൽ

ഭൂമിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് തെക്കേ അമേരിക്ക. വടക്കും കിഴക്കും അറ്റ്‌ലാന്റിക് സമുദ്രവും സമുദ്രവും വടക്ക്‌ പടിഞ്ഞാറു കരീബിയൻ കടലും വടക്കേ അമേരിക്കയും പടിഞ്ഞാറു ശാന്ത സമുദ്രവുമാണ്‌ അതിരുകൾ. പനാമ കടലിടുക്ക്‌ തെക്കേ അമേരിക്കയെ വടക്ക്‌ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വടക്കേ അമേരിക്കയുമായി ബന്ധിപ്പിക്കുന്നു.

17,840,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വൻകര (6,890,000 ച.മൈൽ), ഭൗമോപരിതലത്തിന്റെ 3.5% വ്യാപിച്ചുകിടക്കുന്നു. 2005-ലെ കണക്കുപ്രകാരം എവിടത്തെ ജനസംഖ്യ ഏകദേശം 37.1 കോടിയാണ്‌.വലിപ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്ത്‌ നിൽക്കുന്ന തെക്കേ അമേരിക്ക ജനസംഖ്യയുടെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ , വടക്കേ അമേരിക്ക എന്നിവയ്ക്കു പിന്നിൽ അഞ്ചാം സ്ഥാനത്താണ്‌ തെക്കേഅമേരിക്ക.

ലോക ഭുപടത്തിൽ തെക്കേ അമേരിക്ക

പേരിനു പിന്നിൽ

[തിരുത്തുക]

ഇറ്റാലിയൻ പര്യവേക്ഷകനായ അമരിഗോ വെസ്പൂചിയുടെ പേരിൽനിന്നാണ്‌ അമേരിക്ക എന്ന പേരു വന്നതെന്നാണു പരക്കെ വിശ്വസിക്കപ്പെടുന്നത്‌.അക്കാലത്ത്‌ പുതിയതായി കണ്ടെത്തിയ വൻകര ഇന്ത്യയല്ലെന്നും യൂറോപ്പുകാർക്ക്‌ അതുവരെ അജ്ഞാതമായിരുന്ന പുതിയ പ്രദേശമാണെന്നും ആദ്യമായി നിർദ്ദേശിച്ച അമരിഗോ വെസ്പൂചിയാണു തെക്കെ അമേരിക്കയും മധ്യ അമേരിക്കയിലെ പർവ്വതനിരകളും കണ്ടുപിടിച്ചത്‌ .

ചരിത്രം

[തിരുത്തുക]
യുനസ്‌കോയുടെ ലോകപൈതൃകസ്ഥാനങ്ങളിൽ ഒന്നായ ചരിത്രാതീതകാലത്തെ കേവ് ഒഫ് ഹാൻഡ്സ്, ആർജന്റീന

ഇന്നത്തെ ബേറിംഗ് കടലിടുക്കിന്റെ സ്ഥാനത്ത് സ്ഥിതിചെയ്തിരുന്ന ബേറിംഗ് വൻകരപ്പാലം കടന്ന് ഏഷ്യയിൽ നിന്നും എത്തിയ ഗോത്രവർഗക്കാരാണ് തെക്കേ അമേരിക്കയിലെ ആദിമ നിവാസികൾ എന്നത്രെ പ്രബലമതം. എന്നാൽ ഒരു വിഭാഗം പുരാതത്ത്വ ഗവേഷകർ ഇതിനോട് യോജിക്കുന്നില്ല. ക്രിസ്തുവിന് 6500 വർഷം മുൻപ് ആമസോൺ നദീതടം കേന്ദ്രീകരിച്ച് കാർഷികവൃത്തിയിൽ അധിഷ്ഠിതമായൊരു ജനസമൂഹം നിവസിച്ചിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങ്, മുളക്, ബീൻസ് എന്നിവയാണ് ഇക്കാലത്ത് ഇവിടെ പ്രധാനമായും കൃഷി ചെയ്തിരുന്നത്. ക്രിസ്തുവിന് 2000 വർഷങ്ങൾക്കു മുൻപുതന്നെ തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിൽ കളിമൺ പാത്രങ്ങളുടെ നിർമിതിയും ഉപയോഗവും വ്യാപിച്ചിരുന്നതായും പുരാതത്വഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ മരച്ചീനി(manioc) പോലെയുള്ള കൃഷിചെയ്തിരുന്നതായി കളിമൺ പാത്രങ്ങളുടെ അവശിഷ്ടങ്ങൾ തെളിയിക്കുന്നു[2] ബി.സി. 2000-ത്തോടെ ആൻഡീസിനു സമീപ പ്രദേശങ്ങളിലും കാർഷിക സമൂഹങ്ങൾ രൂപപ്പെട്ടിരുന്നതായും കരുതപ്പെടുന്നു. ഈ കാലയളവിൽ തീരദേശങ്ങൾ കേന്ദ്രീകരിച്ചു മത്സ്യബന്ധനവും വികസിച്ചു. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ കാർഷിക സമൂഹത്തിന്റെ വികാസം ദ്രുതഗതിയിലായി.

ബി.സി. 3000-തിനോടടുപ്പിച്ച് ആൻഡീസ് മേഖലയിലെ ജനങ്ങൾ കന്നുകാലി വളർത്തലിൽ പ്രാവീണ്യം നേടിയിരുന്നതായി കരുതപ്പെടുന്നു. ഒട്ടകവർഗത്തിൽപ്പെട്ട മൃഗങ്ങളെ പ്രത്യേകിച്ചും ലാമയെയാണ് പ്രധാനമായും വളർത്തിയിരുന്നത്. ഇറച്ചി, കമ്പിളി തുടങ്ങിയ ഉത്പന്നങ്ങൾക്കും ഗതാഗതാവശ്യങ്ങൾക്കുംവേണ്ടിയായിരുന്നു പ്രധാനമായും കന്നുകാലികളെ വളർത്തിയിരുന്നത്.[2] ഗിനിപ്പന്നികളെയും ഈ കാലഘട്ടത്തിൽ ഇറച്ചിക്കായി വളർത്തിയിരുന്നതായി കരുതപ്പെടുന്നു .[3]

പൂർവ-കൊളംബിയൻ നാഗരികത

[തിരുത്തുക]
ഇൻകൻ സാമ്രാജ്യത്തിലെ ഭാഗമായിരുന്ന മാച്ചു പിക്‌ച്ചുവിലെ അവശിഷ്ടങ്ങൾ .

കാർഷികവൃത്തിയുടെ വികാസം, സ്ഥിരതാമസത്തിന്റെ ആവിർഭാവം എന്നിവ തെക്കേ അമേരിക്കയിൽ ബഹുമുഖ സംസ്കൃതിയുടെ വികാസത്തിന് വഴിതെളിച്ചു. ഈ കാലഘട്ടത്തിൽ ആധുനിക കൊളംബിയയുടെ സ്ഥാനം കേന്ദ്രീകരിച്ച് നിരവധി നാഗരികതകൾ വികസിച്ചു. മ്യൂസ്ക (muisca) ഗോത്ര സംസ്കൃതിയായിരുന്നു ഇവയിൽ ശ്രദ്ധേയം. നിരവധി ഉപഗോത്രങ്ങളായി നിലനിന്നിരുന്ന മ്യൂസ്ക സംസ്കൃതി ഉപഗോത്രങ്ങൾക്കിടയിൽ ഒരു കോൺഫെഡറേഷൻ സ്ഥാപിക്കുകയും അവർക്കിടയിൽ സ്വതന്ത്രവ്യാപാരം നടത്തുകയും ചെയ്തിരുന്നു. ഇവരിൽ ഭൂരിഭാഗവും സ്വർണവിപണനക്കാരും കർഷകരുമായിരുന്നു. അറിയപ്പെട്ടതിൽ വച്ച് അമേരിക്കൻ വൻകരകളിൽ ഏറ്റവും ആദ്യം ഉണ്ടായിരുന്ന സംസ്കൃതിയാണ് ഇക്വഡോറിന്റെ തെക്ക് പടിഞ്ഞാറൻ തീരത്ത് നിലവിലിരുന്ന വാൾഡീവിയ സംസ്കൃതി(Valdivia Culture) .

നോർട്ടെ ചിക്കോ (Norte Chico) ആണ് തെക്കേ അമേരിക്കയിൽ നിലനിന്നിരുന്ന പൗരാണിക നാഗരികതകളിൽ മറ്റൊന്ന്. കളിമൺ സംസ്കൃതിയെക്കാൾ പഴക്കമുള്ള ഈ നാഗരികത മധ്യ പെറുവിന്റെ തീരപ്രദേശത്താണ് വികസിച്ചത്. പുരാതന ഈജിപ്റ്റിലെ പിരമിഡുകളുടെ കാലഘട്ടത്തിൽ നിലനിന്നിരുന്ന പ്രസ്തുത നാഗരികതയുടെ അവശിഷ്ടങ്ങൾ ചേതോഹരമാണ്. ബി.സി. 900-നും 300-നും മധ്യേ പെറുവിൽ നിലനിന്നിരുന്ന മറ്റൊരു നാഗരികതയായിരുന്നു ചാവിൻ നാഗരികത (chavin civilization). 1438-നും 1533-നും മധ്യേ ആൻഡീസ് മേഖലയിൽ പരിലസിച്ചിരുന്ന മറ്റൊരു നാഗരികതയായിരുന്നു ഇങ്കാ നാഗരികത. കല്ലുപാകിയ നഗരവീഥികൾ, തട്ടുകൃഷി, ലോഹപ്പണി എന്നിവ ഇങ്കാ നാഗരികതയുടെ സവിശേഷതകളാകുന്നു. എന്നാൽ ചക്രങ്ങളുടെ ഉപയോഗവും ലിപി സമ്പ്രദായവും ഇങ്കാ സംസ്കൃതിക്ക് അന്യമായിരുന്നു എന്നാണ് നിഗമന

പൂർവ-കൊളംബിയൻ നാഗരികതകളിൽ ഇക്വഡോറിന്റെ ദക്ഷിണ-മദ്ധ്യഭാഗത്ത് നിലവിലിരുന്ന കനാറിസ്, പെറുവിന്റെ വടക്കൻ തീരത്ത് നിലവിലിരുന്ന ചിമു സാമ്രാജ്യം (1300–1470), വടക്കൻ പെറുവിലെ ആമസോണാസ് മേഖലയിലെ ചാചപോയ സംസ്കാരം, ബൊളീവിയ, ദക്ഷിണ പെറു എന്നിവിടങ്ങളിൽ നിലവിലിരുന്ന അയ്‌മാരൻ (1000–1450) എന്നിവയും ഉൾപ്പെടുന്നു.

യൂറോപ്യൻ അധിനിവേശം

[തിരുത്തുക]
A representation of a Mestizo, in a "Pintura de Castas" in the Colonial era. "From Spaniard and Amerindian woman, begets Mestizo".

ക്രിസ്റ്റഫർ കൊളംബസിന്റെ നേതൃത്വത്തിലായിരുന്നു യൂറോപ്യർ ആദ്യം തെക്കേ അമേരിക്കയിലെത്തിയത് (1498). 1502-ൽ വീണ്ടും കൊളംബസ് ഈ വൻകര സന്ദർശിച്ചു. ട്രിനിഡാഡിൽ എത്തിച്ചേർന്ന ഇദ്ദേഹം ഓറിനാക്കോ നദീമുഖംവരെ യാത്ര ചെയ്തു. തുടർന്ന് അലോൻസൊ ദെ ഒജീഡ, റൊഡ്റിഗോ ദെ ബാസ്റ്റിദസ്, ജുവാൻ ദെ ലാകോസ, വിൻസന്റ് പിൻഡൻ തുടങ്ങിയ സ്പെയിൻകാരും തെക്കേ അമേരിക്കയിലേക്കു നാവികപര്യടനങ്ങൾ നടത്തി പുതിയ ഭൂഭാഗങ്ങൾ കണ്ടെത്തി.

നവീന ഭൂഖണ്ഡത്തിൽ 1531-ൽ പര്യടനം ആരംഭിച്ച സ്പാനിഷ് നാവികനായ ഫ്രാൻസിസ്കോ പിസാരോ (1470-1531) ഇങ്കാസാമ്രാജ്യത്തെ ആക്രമിച്ചു പെറു കീഴടക്കി. ഡീഗോ ദെ അൽമാഗ്രോയും പിന്നീട് പെദ്രോ ദെ വാൽദേവിയയും ചിലി കീഴടക്കി, സാന്തിയാഗോ നഗരം സ്ഥാപിച്ചു. 1534-ൽ സെബാസ്റ്റ്യൻ ദെ ബനാൽ കാസർ ഇക്വഡോർ കീഴടക്കി. 1538-ൽ ജിമേനസ് ദെ ക്വെസാദാ കൊളംബിയ അധീനത്തിലാക്കി. 1530 മുതൽ 1580 വരെയുള്ള കാലയളവിനുള്ളിൽ സ്പെയിൻകാർ ക്വിറ്റോ, ലീമ, ബൊഗോട്ടാ, സാന്തിയാഗോ, ലാപാസ്, ബ്യൂനസ് അയർസ് എന്നീ നഗരങ്ങൾ സ്ഥാപിച്ചു. വൻകരയുടെ പടിഞ്ഞാറ് കൂടി കിഴക്കോട്ടു നീങ്ങുവാനായിരുന്നു സ്പെയിൻകാരുടെ ശ്രമം.

പോർച്ചുഗീസ് ആധിപത്യം ആരംഭിച്ചത് 1500-ൽ പെദ്രോ അൽവാരിസ് കബ്രാൾ ബ്രസീൽ അധീനപ്പെടുത്തിയതോടെയാണ്. വൻകരയെ ചുറ്റി തെക്കേ അറ്റത്തുകൂടി യാത്ര ചെയ്ത ആദ്യത്തെ യൂറോപ്യൻ ഫെർഡിനാന്റ് മഗല്ലൻ (1521) ആയിരുന്നു. പോർച്ചുഗീസുകാർ കിഴക്ക്നിന്നും പടിഞ്ഞാറേയ്ക്കു നീങ്ങി. സവോ വിസെന്റേ (1532), ഒലിന്ത (1535), സവോ പോളോ (1554) എന്നീ നഗരങ്ങൾ പോർച്ചുഗീസുകാരാണ് സ്ഥാപിച്ചത്.

ക്വിറ്റോ, ഇക്വഡോർ


സ്വർണം, വെള്ളി തുടങ്ങിയ അമൂല്യലോഹങ്ങളുടെ സുലഭതയും മറ്റു വ്യാപാരസാധ്യതകളും യൂറോപ്യൻമാരെ തെക്കേ അമേരിക്കയിലേക്ക് ആകർഷിച്ചു; ഗതാഗതയോഗ്യമായ നദികളും അസംസ്കൃതവിഭവങ്ങളുടെ ബാഹുല്യവും അധിനിവേശം ഉറപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഇങ്ങനെ വന്നെത്തിയവരാണ്. ഡച്ചുകാർ തെക്കേ അമേരിക്കയിലെത്തിയത് 1616-ലാണ്. ഫ്രഞ്ചുകാർ 1635-ലും. ഇംഗ്ലീഷുകാർ 1651-ൽ സുരിനാമിൽ തങ്ങളുടെ കോളനി സ്ഥാപിച്ചു; എന്നാൽ 1664-ലെ ഉടമ്പടി പ്രകാരം ഈ പ്രദേശം വടക്കേ അമേരിക്കയിലെ ന്യൂയോർക്കിനു പകരമായി ഡച്ചുകാർക്കു കൈമാറ്റം ചെയ്യപ്പെട്ടു. 1796-ൽ ബ്രിട്ടീഷ് ഗയാന ഇംഗ്ലണ്ട് കൈവശപ്പെടുത്തി. നെപ്പോളിയന്റെ കാലത്തു ഫ്രഞ്ച് ഗയാന പോർച്ചുഗീസുകാർ പിടിച്ചെടുത്തെങ്കിലും 1817-ൽ ഫ്രാൻസിനു മടക്കിക്കൊടുത്തു.

സ്പെയിൻകാർ സ്ഥിരമായി പാർപ്പുറപ്പിച്ചതോടെയാണു വൻകരയിൽ ക്രിസ്തുമതത്തിനു പ്രചാരമുണ്ടായത്. അവർ തദ്ദേശീയരെ മതപരിവർത്തനം ചെയ്യിക്കുകയും അമേരിന്ത്യൻ പെൺകുട്ടികളുമായി വിവാഹബന്ധത്തിലേർപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി ഒരു സങ്കരവർഗം തന്നെ സൃഷ്ടിക്കപ്പെട്ടു. യൂറോപ്യൻ വംശജരായ ഇക്കൂട്ടരെ ക്രിയോൾ (Creole) എന്നു വിശേഷിപ്പിക്കുന്നു.

തെക്കേ അമേരിക്കയിലെ നദികൾ പൊതുവേ സഞ്ചാരയോഗ്യങ്ങളായിരുന്നതിനാൽ വൻകരയുടെ ഉൾഭാഗങ്ങളിലേക്കു കടന്നുകയറാനും കാർഷികപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സ്പെയിൻകാർക്കും മറ്റു വിദേശീയർക്കും വിഷമമുണ്ടായില്ല. പോർച്ചുഗീസുകാർ ആഫ്രിക്കയിൽനിന്നും 'നീഗ്രോ' അടിമകളെ ഇറക്കുമതി ചെയ്ത് കൃഷിയും ഖനനവും അഭിവൃദ്ധിപ്പെടുത്തി.

സ്വാതന്ത്ര്യസമരങ്ങൾ

[തിരുത്തുക]

തെക്കേ അമേരിക്കയിലെ കോളനികളിൽ സ്വാതന്ത്ര്യവാഞ്ഛ ആദ്യകാലം മുതല്ക്കുതന്നെ നിലവിലിരുന്നു. വടക്കേ അമേരിക്കയിലെ ബ്രിട്ടീഷ് കോളനികൾ സായുധസമരങ്ങളിലൂടെ സ്വാതന്ത്ര്യം നേടി അമേരിക്കൻ ഐക്യനാടുകൾ സ്ഥാപിച്ചതും ഫ്രാൻസിൽ ഏകാധിപത്യത്തിനും നാടുവാഴിത്തത്തിനും എതിരായ വിപ്ലവം സംഘടിപ്പിക്കപ്പെട്ട് ജനാധിപത്യവ്യവസ്ഥിതി നിലവിൽ വന്നതും സ്വാതന്ത്ര്യദാഹം വർധിപ്പിക്കുവാൻ ഇടയാക്കി.

എ.ഡി. 1700 മുതല്ക്കേ ക്രിയോൾ ജനത സംഘടിതമായി ഭരണച്ചുമതലകളിലെ പ്രാതിനിധ്യത്തിനായി വാദിച്ചുതുടങ്ങി 19-ആം ശതകത്തിന്റെ ആദ്യ ദശകങ്ങളിൽ തദ്ദേശീയരുമായി കൂട്ടുചേർന്നു യൂറോപ്യൻമാർക്കെതിരെ വിപ്ലവം സംഘടിപ്പിക്കുകയും ചെയ്തു. വെനിസ്വേലയിലാണ് ആദ്യമായി സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത്. സ്പാനിഷ് സേനയിലെ ഉദ്യോഗസ്ഥനും ക്രിയോൾ വിഭാഗക്കാരനുമായ ഫ്രാൻസിസ്കോ മിരാൻഡ 1806-ൽ നയിച്ച സായുധവിപ്ളവം പരാജയപ്പെട്ടു ; 1810-ൽ വിപ്ളവം പുനഃസംഘടിപ്പിക്കപ്പെട്ടെങ്കിലും അത് മിരാൻഡയുടെ വധത്തിൽ കലാശിക്കയാണുണ്ടായത്. എന്നാൽ സൈമൺ ബൊളീവർ തുടർന്നും സമരം ചെയ്തു വെനിസ്വേലയെ സ്വതന്ത്രമാക്കി. ജോസ് ദെ സാൻ മാർട്ടിൻ നേതൃത്വം നല്കിയ സ്വാതന്ത്ര്യസമരങ്ങൾ ഇക്വഡോർ, അർജന്റീന, ചിലി എന്നീ രാജ്യങ്ങളിലെ സ്പാനിഷ് ആധിപത്യത്തിന് അന്ത്യം കുറിച്ചു. ചിലിയിലെ സ്വാതന്ത്ര്യസമരനേതാവായിരുന്ന ബെർണാഡോ ഒ. ഹിഗ്ഗിൻസും സ്മരണീയനാണ്. 1824-ലെ അയാക്കൂച്ചോ യുദ്ധത്തോടുകൂടി സ്പെയിൻകാരുടെ ശക്തി പൂർണമായും ക്ഷയിപ്പിക്കുവാൻ സൈമൺ ബൊളിവർക്കു കഴിഞ്ഞു. 1822-ൽ ബ്രസീലിൽ സ്വതന്ത്ര-രാജകീയഭരണം നിലവിൽവന്നു. 1830 ആയപ്പോഴേക്കും സ്പെയിൻകാരും പോർച്ചുഗീസുകാരും വൻകരയിൽനിന്നു പൂർണമായി നിഷ്കാസിതരായി. തെക്കേ അമേരിക്കയിലെ സ്പാനിഷ് കോളനികൾ സ്വതന്ത്ര റിപ്പബ്ലിക്കുകളായിത്തീർന്നു. 1889-ൽ ബ്രസീൽ സ്വതന്ത്ര റിപ്പബ്ളിക്കായി.

Guayaquil conference, between José de San Martín and Simón Bolívar.

ഒന്നാം ലോകയുദ്ധക്കാലത്തു തെക്കേ അമേരിക്കൻ രാജ്യങ്ങൾ നിഷ്പക്ഷത പാലിച്ചു. എന്നാൽ രണ്ടാംലോകയുദ്ധത്തിൽ ഈ റിപ്പബ്ളിക്കുകൾ അച്ചുതണ്ടു കക്ഷികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തിൽ ബ്രസീൽസേന സജീവമായി പങ്കുചേർന്നു.

സ്വാതന്ത്ര്യത്തിനായുള്ള തെക്കേ അമേരിക്കൻ യുദ്ധങ്ങളുടെ വിജയത്തോടെ സ്പെയിനിന്റെ കോളനികൾ മിക്കവയും പത്തൊമ്പതാം ശതകത്തിന്റെ ആദ്യദശകങ്ങളിൽത്തന്നെ സ്വതന്ത്രമായി. ഈ സമരങ്ങളുടെ മുഖ്യ നേതാവായിരുന്ന സൈമൺ ബൊളിവർ സ്പാനിഷ് ഭാഷ സംസാരിക്കുന്ന വൻകരയെ രാഷ്ട്രീയ ഐക്യത്തിൽ നിലനിർത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. വിവിധ സ്വതന്ത്രരാഷ്ട്രങ്ങൾ മാത്രമല്ല, പുതിയ സ്വാതന്ത്ര്യയുദ്ധങ്ങളുമുണ്ടായി.

ദക്ഷിണ അമേരിക്കയിൽ പല രാഷ്ട്രങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ സ്വാതന്ത്ര്യം നേടിയില്ല. ക്യൂബ 1902-ൽ സ്പെയിനിൽ നിന്നും, ട്രിനിഡാഡ് ടൊബാഗോ 1962-ലും, ഗയാന 1966-ലും ബ്രിട്ടനിൽ നിന്നും, സുരിനാം 1975-ൽ നെതർലഡ്സിൽ നിന്നുമാണ് സ്വതന്ത്രമായത് ഫ്രഞ്ചുഗയാനാ ഫ്രാൻസിന്റെ 'വിദേശ വകുപ്പാ'യി തുടരുന്നു.

1959-ലെ ക്യൂബൻ വിപ്ളവം ദക്ഷിണ അമേരിക്കയുടെ ചരിത്രത്തിന്റെ ഗതിയെ വളരെയേറെ സ്വാധീനിച്ചു. 20ആം ശതകത്തിന്റെ രണ്ടാം പകുതിയിൽ മറ്റുപല ഭൂഖണ്ഡങ്ങളിലുമെന്നപോലെ ദക്ഷിണ അമേരിക്കയും ശീതസമരത്തിന്റെ രണഭൂമിയായി. അറുപതുകളിലും എഴുപതുകളിലും, ബ്രസിൽ, അർജന്റീന, ഉറുഗ്വേ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ അവിടത്തെ സൈനിക നേതൃത്വങ്ങൾ അമേരിക്കയുടെ പിന്തുണയോടെ ഗവൺമെന്റുകളെ മാറ്റുകയോ അധികാരം പിടിച്ചടക്കുകയോ ചെയ്തു. ഈ സ്വേച്ഛാധിപത്യഭരണകൂടങ്ങൾ പതിനായിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ ക്രൂരമായി പീഡിപ്പിക്കുകയും അവരിൽ ആയിരക്കണക്കിന് ആളുകളെ വധിക്കുകയും ചെയ്തു.

ഈ രാഷ്ട്രങ്ങൾ നവ ലിബറൽ സാമ്പത്തിക നയങ്ങളിലേക്കു നീങ്ങി അമേരിക്കൻ മുതലാളിത്തത്തെ വളർത്തി. ആഭ്യന്തര അട്ടിമറിയെപ്പറ്റിയുള്ള അമേരിക്കയുടെ ശീതസമരദേശീയസുരക്ഷാ സിദ്ധാന്തത്തിന്റെ ചട്ടക്കൂടിനുള്ളിലായിരുന്നു ഇവിടത്തെ ഗവൺമെന്റുകളുടെ പ്രവർത്തനം. ഈ വലതുപക്ഷ സ്വേച്ഛാധിപത്യങ്ങൾക്കെതിരെ പ്രക്ഷോഭങ്ങളും വിപ്ലവപ്രസ്ഥാനങ്ങളും വളർന്നു.

എൺപതുകളുടെ അവസാനമായപ്പോഴേക്കും ഈ പ്രദേശത്തെല്ലാം ജനാധിപത്യ പ്രക്രിയ ശക്തമായി, ഇന്ന് ജനാധിപത്യഭരണം വ്യാപകമാണ്.[4]

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പല ദക്ഷിണ അമേരിക്കൻ രാഷ്ട്രങ്ങളിലും ഇടതുപക്ഷ ചിന്താഗതിക്കാരായ നേതാക്കളും കക്ഷികളും അധികാരത്തിൽ വന്നു. ചിലിയിലും, ബൊളീവിയയിലും, ബ്രസിലിലും, അർജന്റീനയിലും, വെനിസ്വേലയിലുമൊക്കെ നവലിബറൽ നയങ്ങൾ തിരസ്കരിക്കപ്പെട്ടു. ചില രാജ്യങ്ങളിൽ അത്തരം നയങ്ങൾ നടപ്പാക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങൾ ബഹിഷ്കരിക്കപ്പെട്ടു. ദക്ഷിണ അമേരിക്കൻ രാഷ്ട്രങ്ങളിലെ വിഭവങ്ങൾ വിദേശ രാഷ്ട്രങ്ങളും ബഹുരാഷ്ട്ര കോർപ്പറേഷനുകളും ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച് അവയെ ആ രാഷ്ട്രങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് പ്രത്യേകിച്ച് ദാരിദ്യ്രനിർമാർജ്ജനത്തിന് ഉപയോഗിക്കണമെന്നത് ഈ രാഷ്ട്രങ്ങളുടെ വിശ്വാസ പ്രമാണമായി മാറി. വെനിസ്വേല ദക്ഷിണ അമേരിക്കയ്ക്കു നൽകുന്ന നേതൃത്വം ആ പ്രദേശത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ദിശ നിർണയിക്കുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നു.

2009-ൽ ക്യൂബൻ വിപ്ലവത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കപ്പെടും. ഏതാണ്ട് അഞ്ചു ദശകങ്ങളായി അമേരിക്ക ക്യൂബക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, മുമ്പെന്നെത്തെക്കാൾ ദക്ഷിണ അമേരിക്കയിൽ ക്യൂബയുടെ നിലപാടിന് അംഗീകാരമുണ്ട്.

Romance languages in Latin America:
  Spanish
  Portuguese
  French

ഏതാണ്ടു നൂറോളം തദ്ദേശീയഭാഷകൾ തെക്കേ അമേരിക്കയിൽ പ്രചാരത്തിലുണ്ട്. ഇവയിൽ നാല്പതോളം ഭാഷകളുടെ മാത്രമേ ശാസ്ത്രീയപഠനം നിർവഹിക്കപ്പെട്ടിട്ടുള്ളു . ദേശീയഭാഷകളുടെ തായ്‌വഴിക്രമമനുസരിച്ചുള്ള വിഭജനം നടത്തുവാൻ പല ഭാഷാശാസ്ത്രജ്ഞന്മാരും ശ്രമിച്ചിട്ടുണ്ട്. എ.എഫ്. ചേംബർലിൻ (1913), പാൾ റിവൈറ്റ് (1924), സെസറ്റ്മിർ ലോകോട്ക (1935), ജെ.ആൽഡെൽ മേസൻ (1950) എന്നിവരുടെ വിഭജനക്രമങ്ങൾ ഏറെക്കുറെ അംഗീകാരം നേടിയവയാണ്. ഇവയെ ആധാരമാക്കിയുള്ള പഠനങ്ങൾ വഴി ജോസഫ് ഗ്രീൻബെർഗ് (1956) തെക്കേ അമേരിക്കൻ ദേശീയഭാഷകളെ മൊത്തത്തിൽ മൂന്നു തായ്‌വഴികളായി വിഭജിക്കുകയുണ്ടായി. മാക്രോ-ചിബ്ചൻ (ചിബ്ചൻ ഉൾപ്പെടെ), ആൻഡിയൻ-ഇക്വറ്റോറിയൽ (അരോകാനിയൻ, അരവാക്, അയ്മാരാ, ചോൻ, കെച്വാ, തൂപീ-ഗ്വാരനീ തുടങ്ങിയവ), ഗേ-പാനോ-കരീബ് (കരീബ്, ഗേ, ഗ്വായ്കുരൻ, പെനോവൻ തുടങ്ങിയവ) എന്നിവയാണ് ഈ തായ്‌വഴികൾ. കെച്വാ ഭാഷ ഇക്വഡോർ, പെറു, ചിലി, അർജന്റീന,ബൊളീവിയ എന്നിവിടങ്ങളിലും ഗ്വാരനീ ഭാഷ പരാഗ്വേയിലും ബൊളീവിയയിലെ ചുരുക്കം സ്ഥലങ്ങളിലും അയ്മാരാ ഭാഷ ബൊളീവിയ, പെറു, ചിലിയിലെ ചില സ്ഥലങ്ങളിലും സംസാരിക്കപ്പെടുന്നു, ഈ മൂന്നു ഭാഷകളും സ്പാനിഷിനോടൊപ്പം ദേശീയഭാഷകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.


തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്നത് ബ്രസീലിലെ ഔദ്യോഗികഭാഷയായ പോർച്ചുഗീസ് (193,197,164)[5] സ്പാനിഷ് (193,243,411)[6] എന്നിവയാണ് . ഹിന്ദി സംസാരിക്കുന്ന ജനങ്ങൾ ഏറെയുള്ള സുരിനാമിലെ ഔദ്യോഗികഭാഷ ഡച്ചും, അയൽ‌രാജ്യമായ ഗയാനയിലെ ഔദ്യോഗികഭാഷ ഇംഗ്ലീഷും, ഫ്രെഞ്ച്‌ ഗയാനയിലെ ഔദ്യോഗികഭാഷ ഫ്രെഞ്ചുമാണ്‌.

സാമ്പത്തികം

[തിരുത്തുക]

തെക്കേ അമേരിക്കയിലെ പല രാജ്യങ്ങളിലും പണക്കാരും പാവപ്പെട്ടവരും തമ്മിൽ സമ്പത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസമാണുള്ളത്‌ - ഏറ്റവും സമ്പന്നരായ 20% ആൾക്കാർ ആകെ സമ്പത്തിന്റെ 60% കൈയടക്കിവച്ചിരിക്കുമ്പോൾ പാവപ്പെട്ട 20% ആൾക്കാരുടെ ഓഹരി വെറും 5% മാത്രമാണ്‌.

വൻകിട വ്യവസായങ്ങൾക്ക് പ്രയോജനപ്രദമായ അസംസ്കൃത പദാർഥങ്ങൾ, കൃഷിക്കനുയോജ്യമായ വളക്കൂറുള്ള മണ്ണിന്റെ ലഭ്യത, ഊർജ ഉത്പാദനത്തിനുള്ള നൈസർഗിക സൌകര്യങ്ങൾ എന്നിവയാൽ അനുഗൃഹീതമാണ് തെക്കേ അമേരിക്ക. എന്നാൽ വൻകരയിലെ ചുരുക്കം ചില രാജ്യങ്ങൾ മാത്രമേ ലഭ്യമായ പ്രകൃതിവിഭവങ്ങളെയും സൌകര്യങ്ങളെയും വേണ്ടത്ര ചൂഷണവിധേയമാക്കിയിട്ടുള്ളൂ. അർജന്റീന, ബ്രസീൽ, വെനിസ്വേല എന്നിവയാണ് തെക്കേ അമേരിക്കയിലെ വികസിത രാഷ്ട്രങ്ങൾ; മറ്റുള്ളവ വികസ്വരരാഷ്ട്രങ്ങളും. ആധുനിക സാങ്കേതിക വിദ്യയും യന്ത്രസാമഗ്രികളും ഉപയോഗിച്ചുകൊണ്ടുള്ള വൻകിട വ്യവസായങ്ങളാണ് വികസിതരാജ്യങ്ങളുടെ മുഖമുദ്ര. കയറ്റുമതിയിലും ഈ രാജ്യങ്ങൾ മുന്നിൽത്തന്നെ. എന്നാൽ ഉത്പാദനത്തിലും കാർഷിക-ഖനിജ ഉത്പന്നങ്ങളുടെ കയറ്റുമതിയിലും വികസ്വരരാഷ്ട്രങ്ങൾ പിന്നിൽ നിൽക്കുന്നു. മാത്രമല്ല ഇവ വർധിച്ചതോതിൽ ഇന്ധനം, വിവിധയിനം ഉത്പന്ന ചരക്കുകൾ, സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഈ രാജ്യങ്ങളുടെ ജി.എൻ.പിയും താരതമ്യേന കുറവാകുന്നു.

രാഷ്ട്രീയം

[തിരുത്തുക]
Scheme for geographic regions and subregions used by the United Nations Statistics Division.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യശതകത്തിൽ തെക്കേ അമേരിക്കൻ രാജ്യങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് മാറുകയുണ്ടായി, ചിലി, ഉറുഗ്വായ്, ബ്രസീൽ, അർജന്റീന, ഇക്വഡോർ, ബൊളീവിയ, പരാഗ്വേ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിൽ സോഷ്യലിസ് രാഷ്ട്രനേതാക്കൾ തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത് സംഭവിച്ചത്. ഇടതുപക്ഷ ചിന്താഗതി നിലനിൽക്കുന്നുവെങ്കിലും കൂടുതലും സ്വന്തന്ത്രവിപണിയെ സ്വാഗതം ചെയ്യുന്നവയാണ്‌ ഭൂരിഭാഗവും.

ഭൂമിശാസ്ത്രം

[തിരുത്തുക]
തെക്കേ അമേരിക്കയുടെ ഉപഗ്രഹചിത്രം.

പുതിയ ലോകം എന്നു യൂറോപ്പുകാർ വിശേഷിപ്പിച്ചിരുന്ന അമേരിക്കയുടെ പ്രധാനമായും തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഭൂവിഭാഗത്തെയാണു തെക്കേ അമേരിക്ക എന്നു വിളിക്കുന്നത്‌. പനാമ കനാലിനു തെക്കും പടിഞ്ഞാറുമായാണു ഈ വൻകര സ്ഥിതിചെയ്യുന്നതെങ്കിലും രാഷ്ട്രീയമായി പനാമ രാജ്യം മുഴുവൽ വടക്കെ അമേരിക്കയിലാണ്‌ ഉൾപ്പെടുത്തുന്നത്‌. ഭൂമിശാസ്ത്രപരമായി വടക്കും തെക്കും അമേരിക്കകളെ ബന്ധിപ്പിക്കുന്ന പനാമ കടലിടുക്ക്‌ ഉരുത്തിരിഞ്ഞിട്ടു ഏകദേശം 30 ലക്ഷം വർഷമേ ആയിട്ടുള്ളൂ. താരതമ്യേന പ്രായം കുറഞ്ഞതും ഭൂകമ്പമേഖലയുമായ ആൻഡീസ്‌ പർവ്വതമേഖല ഈ വൻകരയുടെ പടിഞ്ഞാറെ അറ്റത്താണു കിടക്കുന്നത്‌. ആൻഡീസിന്റെ കിഴക്കു ഭാഗത്തായി മഴക്കാടുകളും ആമസോൺ നദീതടവും സ്ഥിതിചെയ്യുന്നു. ഇതിനു കൂടാതെ വരണ്ട കിഴക്കൻ പാറ്റഗോണിയയും അറ്റക്കാമ മരുഭൂമിയും ഈ വൻകരയിലാണു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ വെനിസ്യൂലയിലെ എയ്ഞ്ചൽ വെള്ളച്ചാട്ടം, ഏറ്റവും നീരൊഴുക്കുള്ള നദിയായ ആമസോൺ, ഏറ്റവും ദൈർഘ്യമുള്ള പർവതനിരകളായ ആൻഡീസ്‌, ഏറ്റവും വരണ്ട മരുഭൂമിയായ അറ്റകാമ, ഏറ്റവും വലിയ മഴക്കാടുകളായ ആമസോൺമഴക്കാടുകൾ തുടങ്ങിയവ തെക്കെ അമേരിക്കയിൽ സ്ഥിതിചെയ്യുന്നു. സ്വർണ്ണം, വെള്ളി, ചെമ്പ്‌, ഇരുമ്പ്‌, എണ്ണ എന്നിവയുടെ നിക്ഷേപങ്ങൾ തെക്കേ അമേരിക്കയിലുണ്ട്‌.

ഭൂവിജ്ഞാനീയം

[തിരുത്തുക]

ബ്രസീൽ പ്രദേശവും ഗയാനയിലെ ഉന്നതതടങ്ങളും പ്രതലവ്യതിയാനങ്ങളിൽപ്പെട്ട് വിസ്ഥാപിതമാകാത്ത ലോകത്തിലെ ഏറ്റവും പ്രാചീനമായ വൻകരഖണ്ഡങ്ങളിലൊന്നായി കരുതപ്പെടുന്നു. ഈ പ്രദേശത്തെ ആധാരശിലകൾ(Base rocks) പ്രധാനമായും പ്രീ കാംബ്രിയൻ കല്പത്തിലെ നൈസ്, ഷിസ്റ്റ് തുടങ്ങിയവയാണ്. മിക്ക ഭാഗങ്ങളിലും ഇവ ഉപരിതലത്തിൽ ദൃശ്യമായിരിക്കുന്നു. ശേഷിച്ച പ്രദേശങ്ങളിൽ ഇവ പാലിയോസോയിക് കല്പത്തിലെ അവസാദശിലാശേഖരങ്ങൾകൊണ്ടു മൂടപ്പെട്ടിരിക്കുന്നു. പശ്ചിമാഫ്രിക്കയിൽ വിശിഷ്യാ ഗിനി തീരത്തും ദക്ഷിണാഫ്രിക്കയിലെ ചില ഭാഗങ്ങളിലും ഇതിനോടു സദൃശമായ ശിലാഘടന കാണുന്നു എന്നത് ശ്രദ്ധേയമാണ്. ജുറാസിക് യുഗത്തോളം ദക്ഷിണ അമേരിക്കയും ആഫ്രിക്കയും ഒന്നുചേർന്നു സ്ഥിതി ചെയ്തിരുന്നു എന്ന 'ഭൂഖണ്ഡവിസ്ഥാപനസിദ്ധാന്ത'ത്തിലെ വാദത്തിന് ഉപോദ്ബലകമായി മേല്പറഞ്ഞ വസ്തുത ചൂണ്ടിക്കാണിക്കപ്പെടുന്നു. തെക്കേ അമേരിക്കയിലെ മറ്റു ഭാഗങ്ങളെയൊക്കെത്തന്നെ ആവർത്തിച്ചുള്ള പ്രോത്ഥാന-അവതലന (upheaval& subsidence) പ്രക്രിയകൾക്കു വിധേയങ്ങളായ സീമാന്തപ്രദേശങ്ങളായി കരുതാവുന്നതാണ്. വ്യാപകമായ അപരദനപ്രക്രിയയുടെ ഫലമായി അട്ടിയട്ടിയായി രൂപംകൊണ്ട അവസാദശിലകളുടെ ശേഖരങ്ങൾ ഈ ഭാഗങ്ങളിൽ സുലഭമാണ്. കടൽത്തീരസമതലങ്ങളിൽ സമുദ്രജന്യമായ അവസാദങ്ങളാണ് അധികമുള്ളത്. വൻകര സമുദ്രനിർമിതത്തിട്ടുകളിലേക്കു വ്യാപിച്ചുകൊണ്ടിരുന്നു എന്നതിനും മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഇന്നത്തെ വൻകരയുടെ വടക്കും പടിഞ്ഞാറും അരികുകൾ മിസോസോയിക് കാലത്തു വിസ്തൃതമായ ഒരു ഭൂ-അഭിനതി (geosyncline) ആയിരുന്നു. ഇതിൽ അനേകായിരം മീറ്റർ കനത്തിൽ അടിഞ്ഞുകൂടിയ അവസാദങ്ങൾ, തുടർന്നുണ്ടായ പർവതനപ്രക്രിയകളുടെ ഫലമായി ഉയർത്തപ്പെട്ടു. ക്രിട്ടേഷ്യസ് യുഗത്തിലാരംഭിച്ച ഈ പർവതനപ്രക്രിയ, ടെർഷ്യറി യുഗത്തിൽ ശക്തിയാർജിച്ച് മടക്കു പർവതങ്ങളുടെ ഒരു ശൃംഖല സൃഷ്ടിക്കപ്പെട്ടു. ആൻഡീസ് പർവതനിരയുടെ ഉദ്ഭവം ഇങ്ങനെയായിരുന്നു. ഈ അസ്വസ്ഥമേഖലയിൽ അഗ്നിപർവത വിസ്ഫോടനങ്ങൾ സജീവവും വ്യാപകവുമായി നടന്നുപോന്നു; ഇന്നും തുടർന്നു വരികയും ചെയ്യുന്നു. അനേകായിരം ച.കി.മീ. വിസ്തൃതിയുള്ള ലാവാപ്രദേശങ്ങൾ ഈ മേഖലയിൽ ധാരാളം കാണാം. കിഴക്കൻ പരാനാതടത്തിലും (തെക്കൻ ബ്രസീൽ) പരാഗ്വേയിലും ഇത്തരം ഭൂരൂപങ്ങൾ സുലഭമാണ്.

കാർബോണിഫറസ്, പ്ലീസ്റ്റോസീൻ യുഗങ്ങളിലുണ്ടായ ഹിമാതിക്രമണം തെക്കേ അമേരിക്കയിലേക്കും വ്യാപിച്ചിരുന്നു. കാർബോണിഫറസ് യുഗത്തിൽ ബ്രസീലിന്റെ തെക്കൻ ഭാഗത്തോളം ഹിമാവരണത്തിനു വിധേയമായിരുന്നതിനു തെളിവുകളുണ്ട്. പ്ളീസ്റ്റോസീൻ യുഗത്തിൽ ഇത്രത്തോളം വ്യാപിച്ചിരുന്നില്ല. പാറ്റഗോണിയയുടെ തെക്കരികിലുള്ള ഉച്ചാക്ഷാംശപ്രദേശങ്ങൾ സ്ഥിരഹിമപ്രദേശങ്ങളാണ്.

ഭൂപ്രകൃതി

[തിരുത്തുക]

വൻകരയോരങ്ങളുടെ അഭാവം തെക്കേ അമേരിക്കൻ തടരേഖയുടെ ഒരു പ്രത്യേകതയാണ്. പശ്ചിമതീരത്താണു വൻകരയോരം നന്നേ വീതികുറഞ്ഞു കാണുന്നത്. കുത്തിറക്കങ്ങളായിക്കാണുന്ന തടരേഖകളും തീരത്തിനു സമാന്തരമായുള്ള നിരവധി കിടങ്ങുകളും (deeps) ഈ ഭാഗത്തെ സവിശേഷതകളാണ്. ദക്ഷിണഅക്ഷാംശം 5° മുതൽ 35° വരെ ഇത്തരം നിരവധി കിടങ്ങുകൾ കാണാം. ദക്ഷിണഅക്ഷാംശം 26°-യിൽ കരയിൽനിന്ന് 80 കി.മീ. ദൂരെയുള്ള റിച്ചാർഡ് കിടങ്ങിന്റെ ആഴം 7,620 മീ.-ലേറെയാണ്. പാറ്റഗോണിയയ്ക്കു വടക്കുള്ള പസിഫിക് തീരത്ത് നൈസർഗിക സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും തുറമുഖങ്ങൾ ഇല്ലാതിരിക്കുന്നതിന് ഇതൊരു കാരണമാണ്. തെക്കോട്ടു പോകുന്തോറും ഈ സ്ഥിതി അല്പം മെച്ചപ്പെട്ടു കാണുന്നു. ദക്ഷിണഅക്ഷാംശം 41° മുതൽ കേപ്ഹോൺ വരെയുള്ള തീരം ദ്വീപുകളും ഫിയോഡുകളും(fiord) കായൽ തോടുകളും നിറഞ്ഞ് സങ്കീർണമായിക്കാണുന്നു. ആൻഡീസ് നിരകൾക്കും കടലിനുമിടയ്ക്ക് 65-80 കി.മീ. വിതീയിലാണ് ഇവയുടെ കിടപ്പ്. ചിലി തീരത്ത് കടലിനോടുരുമ്മി നില്ക്കുന്ന ഒരു സമാന്തര മലനിരയും കാണാം. ഇതിന്റെ ഉയരം വടക്ക് നിന്നു തെക്കോട്ടു കുറഞ്ഞുകാണുന്നു. ഈ നിരകൾക്കും ആൻഡീസുനുമിടയ്ക്കുള്ള താഴ്വര വടക്കൻ ചിലിയിൽ നിമ്നോന്നതങ്ങൾ നിറഞ്ഞ ഉന്നതപ്രദേശങ്ങളായി മാറുന്നു. വടക്കൻ പെറു, ഇക്വഡോർ, കൊളംബിയ എന്നിവിടങ്ങളിൽ ഈ മലനിര എഴുന്നുകാണുന്നില്ല.

പടിഞ്ഞാറൻ തീരത്തിൽനിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് കിഴക്കൻ തീരത്തിലുള്ളത്. ബ്രസീൽ പീഠഭൂമിയുടെ തുടർച്ചയായി വടക്കുകിഴക്കൻ തീരങ്ങളിൽ സാമാന്യം വിസ്തൃതമായ വൻകരയോരമുണ്ട്. സവോറോക് മുനമ്പിനും റയോഗ്രാന്റേദോസുലിനുമിടയ്ക്കു വലയാകാരങ്ങളായ അനേകം ഉടവുകൾ ഈ തീരത്തുണ്ട്. ലോകത്തെ ഏറ്റവും പ്രമുഖങ്ങളായ നൈസർഗിക തുറമുഖങ്ങൾ ഇവിടെയാണുള്ളത്. റീസീഫ്, സാൽവഡോർ, വിറ്റോറിയ, റയോ ദെ ജനീറോ, ഫ്ളോറിയനോപോളിസ് തുടങ്ങിയവയൊക്കെയും ഈ ഭാഗത്താണു സ്ഥിതിചെയ്യുന്നത്. റയോ ദെ ലാപ്ലാറ്റ, പരാനാ, ഉറുഗ്വേ എന്നീ നദീവ്യൂഹങ്ങളുടെ പതനസ്ഥാനങ്ങളും ഇവിടെ തന്നെ. ഇവിടെയും ഒന്നാംതരം തുറമുഖ സൗകര്യം ഉണ്ട്. എന്നാൽ ഇതിനു തെക്ക് പാറ്റഗോണിയൻ തീരത്തു തുറമുഖങ്ങൾ അഭിവൃദ്ധിപ്പെട്ടിട്ടില്ല. ധാരാളം ഭാഗങ്ങളിൽ കടൽ ഉള്ളിലേക്കു കയറിക്കിടക്കുന്നുണ്ടെങ്കിലും തടരേഖയിലെ സങ്കീർണമായ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയും തുറമുഖവികസനത്തിനു തടസ്സം സൃഷ്ടിക്കുന്നു.

കിഴക്കൻ തീരത്തു ദ്വീപുകളുടെ എണ്ണം താരതമ്യേന കുറവാണ്; ഉള്ളവ നന്നെ ചെറുതും. ആമസോൺ മുഖത്തുള്ള മരാജോയും വെനിസ്വേലയ്ക്കു വടക്കായി സ്ഥിതിചെയ്യുന്ന ട്രിനിഡാഡും ആണ് പ്രധാനദ്വീപുകൾ. ട്രിനിഡാഡിനും വൻകരയ്ക്കുമിടയ്ക്കുള്ള കടൽഭാഗത്തിനെ പാരിയാ ഉൾക്കടൽ എന്നു വിളിക്കുന്നു. ഭൂവിജ്ഞാനീയപരമായി വെനിസ്വേലയിലെ കുമാനാനിരകളുടെ തുടർച്ചയാണ് ഈ ദ്വീപെന്നു കരുതുന്നു. ട്രിനിഡാഡിനു വടക്ക് പടിഞ്ഞാറായി കിടക്കുന്ന ടോബാഗോ, മാർഗരീതാ തുടങ്ങിയ ദ്വീപുകളുടെ ശൃംഖല വാണിജ്യപ്രാധാന്യമുള്ളവയാണ്. സവോറോക് മുനമ്പിനു 370 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ഫെർണാണ്ടോ ദെ നൊറോണ നന്നേ വിസ്തൃതി കുറഞ്ഞ അഗ്നിപർവതദ്വീപുകളാണ്. ഈ ദ്വീപുകൾക്കും വൻകരയ്ക്കുമിടയ്ക്ക് 3,960 മീ. ആഴത്തിലുള്ള ഒരു കടൽച്ചാലുണ്ട്. ദക്ഷിണഅക്ഷാംശം 51° യിലുള്ള ഫാക്ലൻഡ് ദ്വീപുകളും ഫർണാണ്ടോ ദേ നൊറോണയും വൻകരയുടെ സമുദ്രാക്രമണവിധേയമായ ഭാഗങ്ങളുടെ അവശിഷ്ടങ്ങളായി കരുതപ്പെടുന്നു. ഫാക്ലൻഡ് ദ്വീപുകളിലെ സസ്യജന്തുജാലങ്ങൾ ഇതിനു തെളിവു നല്കുന്നു. ഈ ദ്വീപുകൾക്കും വൻകരയ്ക്കുമിടയ്ക്കുള്ള കടലിന്റെ ആഴം നന്നേ കുറവാണ്. പടിഞ്ഞാറേ തീരത്തുള്ള ദ്വീപുകളിൽ പ്രധാനമായവ ജോൻ ഫെർണാണ്ടസ്, ഗുവാനോ, ഗാലപഗോസ് എന്നിവയാകുന്നു.


സ്ഥലരൂപങ്ങൾ

[തിരുത്തുക]

ആൻഡീസ് പർവതശൃംഖലയാണ് പ്രമുഖമായ സ്ഥലരൂപം. കിഴക്ക് ഗയാന, ബ്രസീൽ എന്നീ ഉന്നതപ്രദേശങ്ങളും തെക്ക് പാറ്റഗോണിയ ഉന്നതപ്രദേശവും കിടക്കുന്നു. ഈ ഭൂഭാഗങ്ങളെ വേർതിരിക്കുന്ന സമതലപ്രദേശങ്ങളാണ് ശേഷിക്കുന്ന ഭാഗങ്ങൾ; ഓറിനാക്കോ സമതലം, ആമസോൺതടം, പരാഗ്വേതടം, പാംപസ് എന്നിവയാണവ.

ഹിമാലയം കഴിഞ്ഞാൽ ശരാശരി ഉയരത്തിൽ ഏറ്റവും ഉയർന്നുനില്ക്കുന്ന ആൻഡീസ് പർവതനിരകളുടെ നീളം 7,200 കി.മീ. വരും. വൻകരയുടെ തെക്കേ അറ്റത്ത് ഈ ശൃംഖല അവിച്ഛിന്നമായി കാണുന്നു. 28&de g; വടക്ക് ഇവയ്ക്കു സങ്കീർണമായ സംരചനയാണുള്ളത്. ബൊളീവിയയിൽ ഏതാണ്ടൊരു പീഠഭൂമിയായിത്തീരുന്ന ഈ പർവതനിര പെറുവിൽ സമാന്തരനിരകളുടെ ഒരു ശൃംഖലയായും ഇക്വഡോറിൽ രണ്ടു നിരകളായും കാണപ്പെടുന്നു. മിക്ക മേഖലകളിലും അഗ്നിപർവതപ്രക്രിയ സജീവമാണ്. ഗയാനയിലെ ഉന്നതപ്രദേശങ്ങളും ബ്രസീൽ പ്രദേശവും ചേർന്നതാണ് തെക്കേ അമേരിക്കയിലെ പുരാതനഭൂഭാഗം. ആമസോൺ നദി ഇതിനെ രണ്ടായി വിഭജിക്കുന്നു. ഈ പീഠപ്രദേശങ്ങൾ അരുവികളും വെള്ളച്ചാട്ടങ്ങളും കൊണ്ട് സമൃദ്ധമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ (980 മീ.) വെള്ളച്ചാട്ടങ്ങളിൽ ഒന്നായ ആൻജെൻ ഗയാനയിലാണ്. ബ്രസീലിൽ സവോ ഫ്രാൻസിസ്കോ നദിയിലെ അഫോൻസോ വെള്ളച്ചാട്ടത്തിന് വൈദ്യുതി ഉത്പാദനത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്. കുംഭാകൃതിയിലുള്ള ശിലകൾ ഈ പ്രദേശത്തു സാധാരണമാണ്. റയോ ദെ ജനീറോയിൽ ഉൾക്കടലിലേക്കുന്തിനില്ക്കുന്ന ഷുഗർലോഫ് ആണ് ഇവയിൽ പ്രമുഖം. ഗയാനയിലെ ഏറ്റവും ഉയർന്ന ഭാഗം മൌണ്ട് റൊറെയ്മ (2,774 മീ.) ആണ്. ബ്രസീലിലെ പികോ ദാ ബന്ദെയ്രായുടെ ഉയരം 2,896 മീ. ആണ്. ശുഷ്കകാലാവസ്ഥ അനുഭവപ്പെടുന്ന പാറ്റഗോണിയ പീഠപ്രദേശത്ത് മണൽക്കല്ലും ലാവാ അട്ടികളും ചേർന്നുള്ള ശിലാസഞ്ചയമാണുള്ളത്.

നിരന്നപ്രദേശങ്ങൾ അധികവും വൻകരയുടെ ഉൾഭാഗത്താണ് കാണപ്പെടുന്നത്. കടൽത്തീരപ്രദേശങ്ങളിൽ അവ വളരെയൊന്നും വിസ്തൃതമല്ല. ആമസോൺ, റയോ ദെ ലാപ്ലാറ്റ എന്നീ നദീമുഖങ്ങളോടടുത്ത് കടലോരസമതലങ്ങൾ കാണാം. ഉള്ളിലോട്ടു പോകുന്തോറും ഇവയുടെ വിസ്തീർണം വർധിക്കുന്നു.

ആൻഡീസ് നിരകൾക്കും ഗയാനാ ഉന്നതതടത്തിനും ഇടയ്ക്കായുള്ള താഴ്വരപ്രദേശമാണ് ലാനോസ് ദെൽ ഓറിനാക്കോ. ഇതിന്റെ വലത്തെ അറ്റത്തുകൂടിയാണ് ഓറിനാക്കോനദി ഒഴുകുന്നത്. ആൻഡീസിൽനിന്നും ഒലിച്ചിറങ്ങുന്ന മണ്ണും നദീജന്യനിക്ഷേപങ്ങളും ഇടകലർന്നുള്ള എക്കൽഭൂമിയാണിവിടം.

ആമസോൺതടം നിരപ്പുള്ളതും താഴ്ന്നതുമാണ്. ഇതിന്റെ വിസ്തൃതിയിലും ഉയരത്തിലും വ്യത്യാസമുണ്ട്. എന്നാൽ ഈ പ്രദേശങ്ങൾ പ്രളയബാധിതമാകുന്നില്ല. ആമസോണിന്റെയും പോഷകനദികളുടെയും ചാലുകൾ നന്നേ താഴ്ചയുള്ളവയാണെന്നതാണ് ഇതിനു കാരണം.

പരാനാ-പരാഗ്വേ നദീവ്യൂഹങ്ങളുടെ പ്രഭവസ്ഥാനങ്ങൾ പൊതുവേ ചതുപ്പുനിലങ്ങളാണ്. ചരിവുമാനത്തിന്റെ കുറവുമൂലം ജലനിർഗമനം തടസ്സപ്പെടുന്നതാണിതിനു കാരണം. കൂടുതൽ തെക്കോട്ട് പാംപസ് സമതലപ്രദേശമാണ്.

മണ്ണിനങ്ങൾ

[തിരുത്തുക]

അർജന്റീന, ഉറുഗ്വേ എന്നീ രാജ്യങ്ങളിലെ 'പാംപസ്' എന്നറിയപ്പെടുന്ന പ്രയറിപ്രദേശത്ത് ഉർവരത കൂടിയ എക്കൽ കരിമണ്ണാണ് ഉള്ളത്. ലോകത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിൽ ഒന്നാണ് ഇത്. പരാനാനദീതടത്തിലെ 'റ്റെറാറോസ്സാ' എന്നറിയപ്പെടുന്ന ചെമ്മണ്ണും വളക്കൂറിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ആഗ്നേയശിലകൾ കാറ്റിന്റെ അപരദനത്തിന് വിധേയമാകുന്നതിന്റെ ഫലമായി പൊടിഞ്ഞുണ്ടായ മണ്ണിനമാണ് റ്റെറാറോസ്സാ. കാപ്പിക്കൃഷിക്കു ഇത് വളരെ പറ്റിയതാണ്. കൊളംബിയയിലെ ആൻഡീസ് പ്രദേശവും കാപ്പിക്കൃഷിക്കു വിശേഷമാണ്. ഇവിടെ അഗ്നിപർവതജന്യമായ ലാവാ മണ്ണാണുള്ളത്. ഇത്രതന്നെ വിസ്തൃതങ്ങളല്ലെങ്കിലും, വളക്കൂറുള്ള ധാരാളം പ്രദേശങ്ങൾ വൻകരയിൽ അങ്ങിങ്ങായി ഉണ്ട്. ആൻഡീസിലെയും പടിഞ്ഞാറ് തീരത്തെയും താഴ്വരപ്രദേശങ്ങൾ, ഇക്വഡോറിലെ ഗയാസ് താഴ്വര, കൊളംബിയയിലെ കൊക്കോ താഴ്വര എന്നിവ ഇതിൽപ്പെടുന്നു. ചിലിയിൽ തെക്ക് വടക്കായി രാജ്യത്തുടനീളം നീണ്ടുകാണുന്ന താഴ്വരപ്രദേശം ഇക്കൂട്ടത്തിൽ പ്രത്യേക പ്രാമാണ്യമുള്ളതാണ്.

ആമസോൺ തടപ്രദേശത്ത് പൊതുവേ വളക്കൂറു കുറഞ്ഞ മണ്ണാണുള്ളത്. വെള്ളപ്പൊക്കങ്ങളുടെ ഫലമായി ഏറിയ ഭാഗവും ചെളികെട്ടുന്ന ഈ സമതലങ്ങളിലെ മണ്ണ് ക്ഷാരഗുണം കുറഞ്ഞതായതിനാൽ കൃഷിക്ക് ഉത്തമമല്ല. ചുണ്ണാമ്പും രാസവളങ്ങളും ഉപയോഗിച്ച് ഇവിടത്തെ ഉർവരത വർധിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

ജലസമ്പത്ത്

[തിരുത്തുക]

ആമസോൺ, റയോ ദെ ലാപ്ലാറ്റ, മഗ്ഡലെന-കൗക, ഓറിനോക്കോ, സാവോഫ്രാൻസിസ്കോ എന്നീ നദീവ്യൂഹങ്ങൾ ഉൾപ്പെടുന്നതാണ് തെക്കേ അമേരിക്കയുടെ ജലസമ്പത്ത്. 70,00,000 ച.കി.മീ. നീർവാർച്ചാ വിസ്തൃതിയുള്ള ആമസോൺ നദിക്ക് 6437 കി.മീ. ദൈർഘ്യമുണ്ട്. ലോകത്തിൽ ഏറ്റവും വിസ്തൃതിയേറിയ നീർവാർച്ചാതടം ആമസോൺ നദിയുടേതാണ്. (70,00,000 ച.കി.മീ.) ദൈർഘ്യത്തിൽ ആഫ്രിക്കയിലെ നൈൽ ആണ് ആമസോണിനെക്കാൾ മുന്നിൽ. ഭൂമുഖത്തെ മൊത്തം ശുദ്ധജലസ്രോതസ്സിന്റെ അഞ്ചിൽ ഒരുഭാഗം ആമസോൺ വഹിക്കുന്നു. പെറുവിൽ ആൻഡീസിൽ നിന്നും ഉദ്ഭവിക്കുന്ന ആമസോൺ അത്‌ലാന്തിക് സമുദ്രത്തിലാണ് നിപതിക്കുന്നത്.

പരാന, പരാഗ്വേ, ഉറുഗ്വേ നദികൾ ഉൾപ്പെടുന്നതാണ് തെക്കേ അമേരിക്കയിലെ രണ്ടാമത്തെ നദീവ്യൂഹമായ റയോ ദെ ലാപ്ലാറ്റ. തെക്കേ അമേരിക്കയുടെ തെക്ക് കിഴക്കൻ തീരത്ത് ചോർപ്പിന്റെ ആകൃതിയിൽ വ്യാപിച്ചിരിക്കുന്ന റെയോ ദെ ലാപ്ലാറ്റ തടാകത്തിലേക്ക് പ്രവഹിക്കുന്ന ഈ നദീവ്യൂഹം അർജന്റീന, ബൊളീവിയ, ബ്രസീൽ, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളിൽ ഉൾനാടൻ ഗതാഗത സൗകര്യം പ്രദാനം ചെയ്യുന്നു.

തെക്കേ അമേരിക്കയിലൂടെ വടക്കോട്ട് ഒഴുകുന്ന പ്രധാന നദികളാണ് മഗ്ഡലെന, കൗക എന്നിവ. മഗ്ഡലെനയുടെ പ്രധാനപോഷക നദിയാണ് കൗക. കാസ്പിയൻ കടലാണ് മഗ്ഡലെനയുടെ പതനസ്ഥാനം.

ആമസോണിനെപ്പോലെ ആൻഡീസ് പർവതത്തിൽ നിന്നും ഉദ്ഭവിക്കുന്ന മറ്റൊരു നദിയാണ് ഓറിനാക്കോ. വെനിസ്വേലയിലൂടെ അത് ലാന്തിക്കിലേക്ക് പ്രവഹിക്കുന്ന ഈ നദി കുറച്ചുദൂരം കൊളംബിയും വെനിസ്വേലയുമായി അതിർത്തി പങ്കിടുന്നു. വെനിസ്വേലയിലെ നദീമുഖതുറമുഖമായ സിയുഡാഡ്ഗയാനയിൽ വൻ കപ്പലുകൾക്ക് അടുക്കുവാനുള്ള സൗകര്യമുണ്ട്.

വടക്ക് കിഴക്കൻ ബ്രസീലിലൂടെ ഉദ്ദേശം 3200 കി.മീ. ദൈർഘ്യത്തിൽ പ്രവഹിക്കുന്ന നദിയാണ് സാവോ ഫ്രാൻസിസ്കോ. തുടക്കത്തിൽ ഒരു മരുപ്രദേശത്തിലൂടെ വടക്കോട്ടൊഴുകുന്ന ഈ നദി തുടർന്ന് തെക്ക് കിഴക്ക് ദിശയിൽ ഒഴുകി അത് ലാന്തിക്കിൽ നിപതിക്കുന്നു. 1400 കി.മീറ്ററോളം ഈ നദി ഗതാഗതയോഗ്യമാണ്. നിരവധി വൻകിട ജലവൈദ്യുത പദ്ധതികൾ ഈ നദിയിൽ പ്രവർത്തിക്കുന്നുണ്ട്.

വെനിസ്വേലയിലെ മാരക്കാബാ തടാകമാണ് തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം. 13,512 ച.കി.മീ. ആണ് ഇതിന്റെ വിസ്തൃതി. ഇടുങ്ങിയ ഒരു ചാനൽ ഈ തടാകത്തെ വെനിസ്വേല ഉൾക്കടലുമായി ബന്ധിപ്പിക്കുന്നു. തടാകത്തിലും കരയിലുമായി നിരവധി എണ്ണക്കിണറുകൾ പ്രവർത്തിക്കുന്നുണ്ട്.

ആൻഡീസ് പർവത്തിൽ സ്ഥിതിചെയ്യുന്ന ടിറ്റിക്കാക്കയാണ് വൻകരയിലെ മറ്റൊരു പ്രധാന തടാകം. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ തടാകമാണ് ടിറ്റിക്കാക്ക. ബൊളീവിയയുടെയും പെറുവിന്റെയും അതിർത്തിയിൽ സു. 3812 കി.മീ. ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. പൂപോയാണ് മറ്റൊരു പ്രധാന തടാകം.

കാലാവസ്ഥയിലെ വൈവിധ്യങ്ങൾക്കനുസരിച്ച് ഉൾനാടൻ ജലാശയങ്ങളുടെയും നദീവ്യൂഹങ്ങളുടെയും സ്വഭാവവും പ്രകൃതിയും വ്യത്യസ്തമായി കാണുന്നു. ആൻഡീസ് മേഖലയിൽ ഭൂപ്രകൃതിയിലെ നിമ്നോന്നതാവസ്ഥ മൂലം നദികൾ ജലസമൃദ്ധമാണെങ്കിൽപ്പോലും ഗതാഗതക്ഷമമല്ല. മഗ്ഡലെന നദി മാത്രമാണ് സഞ്ചാരയോഗ്യം. ടിറ്റിക്കാക്ക തടാകവും ഗതാഗതയോഗ്യമത്രെ. ചിലിയിലും അർജന്റീനയിലുമുള്ള തടാകങ്ങളിലും ജലയാനം സാധ്യമാണ്. ആമസോൺ നദീവ്യൂഹത്തിൽ മൊത്തം 12,875 കി.മീ. ഗതാഗതസൗകര്യമാണുള്ളത്.

ജലവൈദ്യുതി കുറഞ്ഞ തോതിലേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളു. ആമസോൺ വ്യൂഹത്തിലെ നദികൾ ഏറിയ ദൂരവും നിരപ്പായ പ്രദേശങ്ങളിലൂടെ ഒഴുകുന്നവയാണ്. തന്മൂലം വൈദ്യുതോത്പാദനത്തിനുള്ള സാധ്യത പ്രായേണ കുറവായിരിക്കുന്നു. സവോപൌലോയ്ക്കു സമീപം നദീജലത്തെ സെറാ ദോ മാറിനു മുകളിലൂടെ ഗതിമാറ്റിയൊഴുക്കി വൈദ്യുതി ഉത്പാദനം സാധിച്ചിരിക്കുന്നു. വടക്ക് കിഴക്ക് ബ്രസീലിലെ ഒട്ടുമുക്കാലും പ്രദേശങ്ങളിൽ ജലവൈദ്യുതി ലഭ്യമാണ്. പൗലോ അഫോൺസോ വെള്ളച്ചാട്ടത്തിൽ നിന്നുമാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്. ബ്രസീലിലെ പീഠപ്രദേശത്തു ധാരാളം വെള്ളച്ചാട്ടങ്ങൾ ഉള്ളതിനാൽ ജലവൈദ്യുതി ലഭിക്കുന്നതിനുള്ള സാധ്യതകൾ ധാരാളമാണ്. മൊത്തത്തിൽ നോക്കുമ്പോൾ ആൻഡീസ് മേഖലയിലും താഴ്വര പ്രദേശങ്ങളിലും ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ധാരാളം സൌകര്യങ്ങൾ ഉണ്ടെങ്കിലും അതിലേക്കുള്ള പദ്ധതികൾ ഇനിയും പ്രാവർത്തികമാക്കേണ്ടതായാണിരിക്കുന്നത്. പെറുവിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗം മുതൽ പാറ്റഗോണിയ വരേക്കും ജലസേചനവ്യവസ്ഥകൾ വികസിച്ചിട്ടുണ്ട്.

കാലാവസ്ഥ

[തിരുത്തുക]

തെക്ക് 55° അക്ഷാംശത്തോളം വ്യാപിച്ചിട്ടുണ്ടെങ്കിലും കരഭാഗത്തിന്റെ വീതി കുറവായതിനാൽ ശൈത്യാധിക്യം അനുഭവപ്പെടുന്നില്ല. പൊതുവേ സമശീതോഷ്ണകാലാവസ്ഥയാണ് തെക്കൻ ഭാഗങ്ങളിലുള്ളത്.

ആമസോൺ മേഖലയിലെ ശരാശരി താപനില 27 °C ആണ്. ഋതുഭേദം താപനിലയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നില്ല. എന്നാൽ ആൻഡീസ് ഉന്നതതടങ്ങളിലെ സ്ഥിതി ഇതിൽനിന്നു തുലോം വിഭിന്നമാണ്. മധ്യരേഖയ്ക്കടുത്തുള്ള ക്വിറ്റോ (2,852 മീ.) യിലെ ശരാശരി താപനില 13 °C ആണ്. താപനിലയിലെ അന്തരം തെക്കൻ ഭാഗങ്ങളിൽ വർധിച്ചുവരും. പാറ്റഗോണിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ശൈത്യകാലത്തെ താപനില ഗ്രീഷ്മകാലത്തേതിനെക്കാൾ 18 °C കുറവായിരിക്കുന്നു. ശൈത്യകാലത്ത് ഇവിടെ വെള്ളം ഉറയുക സാധാരണമാണ്; ചിലിയിലും അർജന്റീനയിലെ ചില ഭാഗങ്ങളിലും താപനില 0 °C-ൽ താഴെയാകുന്നു.

പെറുവിന്റെ തീരത്തുകൂടി വടക്കോട്ടൊഴുകുന്ന ഹംബോൾട്ട് പ്രവാഹത്തിന്റെ സ്വാധീനം മൂലം മധ്യരേഖവരെമുള്ള പടിഞ്ഞാറ് തീരങ്ങളിലെ താപനില സമീകൃതമാകുന്നു. ഇതേ രീതിയിലുള്ള സ്വാധീനം അർജന്റീന തീരങ്ങളിൽ ഫാക്ലൻഡ് പ്രവാഹവും ചെലുത്തുന്നു. വൻകരയുടെ ശേഷം തീരങ്ങൾ ഉഷ്ണജലപ്രവാഹങ്ങളുടെ പ്രഭാവത്തിനു വിധേയമാണ്.

മഴയുടെ വിതരണം വാതസഞ്ചരണത്തിനനുസൃതമാണ്. ആൻഡീസിനു കിഴക്കുള്ള ഉഷ്ണമേഖലാപ്രദേശത്ത് വടക്ക് കിഴക്ക് , കിഴക്ക് , തെക്ക് കിഴക്ക് എന്നീ ദിശകളിൽനിന്നുള്ള സ്ഥിരവാതങ്ങളാണു വീശുന്നത്. നീരാവിനിറഞ്ഞ ഈ കാറ്റുകൾ സംവഹനരീതിയിലുള്ള മഴയ്ക്കു കാരണമാകുന്നു. ആമസോൺ നദീതടങ്ങളിലും ഗയാനയുടെ തീരപ്രദേശത്തും ശരാശരി 200-300 സെ.മീ. മഴ ലഭിക്കുന്നു. ബ്രസീലിന്റെ തെക്ക് ഭാഗങ്ങൾ പൊതുവേ വരണ്ട പ്രദേശങ്ങളാണ്. താപനിലയും ഇവിടെ വളരെക്കൂടുതലാകുന്നു. ലാനോസ്ഡെൽ ഓറിനാക്കോയിലും ഗയാന പീഠപ്രദേശത്തും ഉഷ്ണകാലത്തു സാമാന്യമായി മഴ ലഭിക്കുന്നു. വടക്ക് പടിഞ്ഞാറ് പ്രദേശങ്ങളിൽ പൊതുവേ മഴ കൂടുതലുള്ള രണ്ടു കാലങ്ങളോടെ ഗ്രീഷ്മകാലത്തുടനീളം വർഷപാതമുള്ള ഉഷ്ണകാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൊളംബിയയുടെ പടിഞ്ഞാറ് തീരങ്ങളും ഇക്വഡോറിന്റെ വടക്ക് ഭാഗങ്ങളും കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്. അറ്റക്കാമാ മരുഭൂമി ലോകത്തിലെ തന്നെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ്. പസിഫിക് തീരത്തിന് തെക്ക് അക്ഷാ. 33° ക്കു തെക്ക് സാമാന്യമായി മഴ ലഭിക്കുന്നു; 38° ക്കും തെക്ക് കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്. ചിലിയുടെ മധ്യഭാഗങ്ങൾ മുതൽ തെക്കോട്ടു ചക്രവാതങ്ങളിൽനിന്ന് വർഷത്തിൽ ശരാശരി 265 സെ. മീ. മഴ ലഭിക്കുന്നു. ആൻഡീസിനു കിഴക്കുള്ള പാറ്റഗോണിയ മരുഭൂമി ഒരു മഴനിഴൽ പ്രദേശം ആണ്. ഇവിടെ പ്രാദേശിക വ്യതിയാനങ്ങൾമൂലം അല്പമായി മഴ കിട്ടിയെങ്കിലായി. ഇത്തരം പ്രദേശങ്ങളിൽ സ്റ്റെപ്പ് മാതൃകയിലുള്ള സസ്യജാലങ്ങൾ കാണാം. അർജന്റീനയിലെ പുൽപ്രദേശങ്ങൾ, ഉറുഗ്വേ, ബ്രസീലിന്റെ ദക്ഷിണഭാഗം എന്നിവിടങ്ങളിൽ മിതവും സാമാന്യവുമായ മഴ ലഭിക്കുന്നു (65-125 സെ.മീ.). പരാഗ്വേയുടെ കിഴക്ക് ഭാഗത്തു മഴക്കൂടുതലുണ്ട് (125-190 സെ.മീ.).


ജനസംഖ്യാവിവരം

[തിരുത്തുക]
തെക്കേ അമേരിക്കയുടെ രാഷ്ട്രീയഭൂപടം.
രാജ്യം വിസ്തീർണ്ണം ജനസംഖ്യ
(ജുലൈ 1 2005 അനുസരിച്ചുള്ള കണക്ക്)
ജനസാന്ദ്രത
(/ച.കി,മീ)
തലസ്ഥാനം
ആർജന്റീന 2,766,890 39,537,943 14.3 ബ്യൂണസ് ഐറീസ് (Buenos Aires)
ബൊളീവിയ 1,098,580 8,857,870 8.1 ലാ പാസ് (La Paz)
ബ്രസീൽ 8,514,877 187,550,726 22 ബ്രസീലിയ (Brasília)
ചിലി 756,950 15,980,912 21.1 സാന്റിയാഗൊ (Santiago)
കൊളംബിയ 1,138,910 42,954,279 37.7 ബൊഗോട്ട (Bogotá)
ഇക്വഡോർ 283,560 13,363,593 47.1 ക്വിറ്റോ (Quito)
ഫോക്‌ലാൻ‌ഡ് ദ്വീപുകൾ (UK) 12,173 2,967 0.24 സ്റ്റാൻ‌ലീ (Stanley)
ഗയാന 214970 765283 3.6 ജോർജ്‌ടൗൺ (Georgetown)
ഫ്രഞ്ച് ഗയാന (France) 91,000 190506 2.1 കയെൻ (Cayenne)
പരാഗ്വേ 406,750 6,347,884 15.6 അസുൻ‌സ്യോൻ (Asunción)
പെറു 1,285,220 27,925,628 21.7 ലിമ (Lima)
തെക്കൻ ജ്യോർജിയ, തെക്കൻ സാൻ‌ഡ്‌വിച് ദ്വീപുകൾ. 3,093 0 0 ഗ്രൈറ്റ്‌വികെൻ (Grytviken)
സുരിനാം 163,270 438,144 2.7 പാരമാറിബോ (Paramaribo)
ഉറുഗ്വേ 176,220 3,415,920 19.4 മൊണ്ടേവീഡിയോ (Montevideo)
വെനിസ്വേല 912,050 25,375,281 27.8 കറാകസ് (Caracas)
പനാമ (തെക്കേ അമേരിക്കൻ ഭാഗത്തേത്‌ മാത്രം) 25,347 504433 211.3 പാനമ സിറ്റി (Panama City)
മൊത്തം 17,846,948 371,814,437 20.8

കുറിപ്പുകൾ

[തിരുത്തുക]

ബൊളിവീയയുടെ തലസ്ഥാനം ലാ പാസാണെങ്കിലും ജുഡീഷ്യറിയുടെ ആസ്ഥാനം സൂക്രെയാണ്‌.(Sucre)

അവലംബം

[തിരുത്തുക]
  1. "American - Definition". Merriam-Webster Dictionary. Retrieved 2012-05-21.
  2. 2.0 2.1 O'Brien, Patrick. (General Editor). Oxford Atlas of World History. New York: Oxford University Press, 2005. pp. 25
  3. Diamond, Jared. "Guns, Germs and Steel: The Fates of Human Societies." New York: Norton, 1999 pp.100
  4. "The Cambridge History of Latin America", edited by Leslie Bethell, Cambridge University Press (1995) ISBN 0-521-39525-9
  5. "Estimativas da População".
  6. Based on recent estimates, as of 2010. Sources by country: Argentina "Proyecciones provinciales de población por sexo y grupos de edad 2001–2015" (pdf). Gustavo Pérez (in español). INDEC. Archived (PDF) from the original on 2005-11-09. Retrieved 2008-06-24. {{cite web}}: Unknown parameter |páginas= ignored (|pages= suggested) (help)CS1 maint: unrecognized language (link); Bolivia "Bolivia". World Gazetteer. Archived from the original on 2010-12-19. Retrieved 2010-01-07.; Colombia "Departamento Administrativo Nacional de Estadística". Dane.gov.co. Archived from the original on 2012-01-14. Retrieved 2010-05-16.; Ecuador Department of Economic and Social Affairs Population Division (2009). [_text_tables.pdf "World Population Prospects, Table A.1"] (PDF). 2008 revision. United Nations. Retrieved 2009-03-12. {{cite journal}}: Check |url= value (help); Cite journal requires |journal= (help); Paraguay Department of Economic and Social Affairs Population Division (2009). "World Population Prospects, Table A.1" (PDF). 2008 revision. United Nations. Retrieved 2009-03-12. {{cite journal}}: Cite journal requires |journal= (help); Peru Instituto Nacional de Estadística e Informática (INEI) del Perú Archived 1997-04-12 at the Wayback Machine.INEI. Retrieved on June 10, 2010; Uruguay Central Intelligence Agency. "Uruguay". The World Factbook. Archived from the original on 2007-06-12. Retrieved January 5, 2010.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെക്കേ അമേരിക്ക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തെക്കേ_അമേരിക്ക&oldid=3904118" എന്ന താളിൽനിന്ന് ശേഖരിച്ചത്