കക്ക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഗ്രാമങ്ങളിലെ പെൺകുട്ടികളുടെ കളിയാണ് കക്ക് കളി. കുട്ടികൾ രണ്ടു ചേരികളായിത്തീരും, ഒരോ ഭാഗത്തുള്ളവർക്കും നാലു വീതം ആകെ എട്ട് കള്ളികളുള്ളതാണ് കളിക്കളം.

തത്സമയ വിവരണം[തിരുത്തുക]

കക്ക്/അക്ക് എന്നിവയൊക്കെ കളിക്കുപയോഗിക്കുന്ന കരുവിന്റെ പേരാണ്. അതിൽ നിന്നാണ് ഈ കളിക്ക് പേരു വീഴുന്നത്. അക്ക് കളി, ചിക്ക് കളി, കൊത്തൻ മാടിക്കളി, സ്കർക്ക് കളി, പാണ്ടിക്കളി, മലകളി എന്നിങ്ങനെ പ്രാദേശികമായി പേരുകളിൽ അറിയപ്പെടുന്നു.[1]

കളിനിയമങ്ങൾ[തിരുത്തുക]

ദീർഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം എട്ട് സമ ഭാഗങ്ങളായി ഭാഗിക്കുന്നു. കളിയിൽ പങ്കെടുക്കുന്ന ഓരോ ആളും കൈയിൽ കക്ക് കരുതണം. പൊളിഞ്ഞ മൺകലത്തിന്റെ തുണ്ടാണ് കക്ക്. അത് കളത്തിനു പുറത്ത് നിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആൾ തന്നെ ഒറ്റക്കാലിൽ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ച് വരണം. ചാട്ടത്തിനിടയിൽ വരകളിൽ തൊടാൻ പാടില്ല. കക്ക് കാൽ പാദത്തിനു മുകളിൽ വച്ച് വീഴാതെ എല്ലാ കളവും തുള്ളികടന്ന് വരുന്ന ഒരു രീതിയും ഉണ്ട്. വലതു പുറം കൈയിൽ കക്ക് വെച്ച് തുള്ളുന്നത് മറ്റൊരു രീതിയാണ്. ഒരു കണ്ണടച്ച് പോളയ്ക്ക് മുകളിൽ കക്ക് വെച്ച് വീഴാതെ തുള്ളിവരുന്നതാണ് അവസാന ഇനം. കളിക്കിടയിൽ കക്ക് വീണാലും വരയിൽ തൊട്ടുപോയാലും കളി തോറ്റതായി കണക്കാക്കും. തുടർന്ന് അടുത്ത ആൾക്ക് കളിക്കാം. ഇതെല്ലാം തെറ്റാതെ ചെയ്തു തീർത്താൽ കളത്തിനു പുറത്ത് പുറംതിരിഞ്ഞ് നിന്ന് കളങ്ങൾ ലക്ഷ്യമാക്കി പുറകോട്ട് കക്ക് വലിച്ചെറിയും. കക്ക് കൃത്യമായി കളത്തിൽ വീണാൽ ആ കളം ആ കളിക്കാരിയുടേതായി. കോണോട് കോൺ വരഞ്ഞ് അത് അടയാളപ്പെടുത്തും. തുടർന്ന് അടുത്ത ആളുടെ കളിയാണ്. മുൻ വിജയിയുടെ അടയാളപ്പെടുത്തിയ കളത്തിൽ കാൽ വെക്കാതെ വേണം അയാൾ ഇനി കളിക്കാൻ. കള്ളിയിൽ കാൽകുത്തിപ്പോകുകയോ വരയിൽ ചവിട്ടുകയോ ചെയ്താൽ കളിയിൽ നിന്നും പുറത്താകും.

കക്ക്[തിരുത്തുക]

ഉരച്ച് വൃത്തിയാക്കിയ മൺകലത്തിന്റെ ചെറിയതുണ്ടാണ് കക്കായി പൊതുവേ ഉപയോഗിക്കുന്നത്. ചിലപ്പോൾ ഓട്ടിൻ കഷണവും കക്കായി ഉപയോഗിക്കാറുണ്ട്. കക്ക് ചവിട്ടി തെറിപ്പിക്കുന്ന ഒരു തരം കളിയുണ്ട്.

റഫറൻസുകൾ[തിരുത്തുക]

  1. എം.വി., വിഷ്ണുനമ്പൂതിരി (1995). നാടൻ കളികളും വിനോദങ്ങളും. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. പുറം. 94. ISBN 81-7638-230-2.
"https://ml.wikipedia.org/w/index.php?title=കക്ക്കളി&oldid=3475666" എന്ന താളിൽനിന്ന് ശേഖരിച്ചത്