അണ്ടികളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേനൽക്കാലത്ത് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ബാലൻമാർ കശുവണ്ടി (പറങ്കിയണ്ടി) ഉപയോഗിച്ചു നടത്തുന്ന ഒരുതരം കളിയാണ് അണ്ടിക്കളി. കളിക്കാരന്റെ കൈപ്പത്തിയുടെ വലിപ്പവും കൈക്കരുത്തും, ഉന്നവും ആണ് വിജയസിദ്ധിക്കുള്ള പ്രധാന ഘടകങ്ങൾ. പ്രദേശഭേദമനുസരിച്ച് കളിയുടെ നിയമങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടെങ്കിലും മധ്യകേരളത്തിലെ കളിയിൽ പൊതുസ്വഭാവങ്ങൾ ഒത്തുകാണുന്നുണ്ട്. ഒന്നിൽ കൂടുതലും പത്തിൽ കുറവുമായിരിക്കും കളിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം.

കളിസ്ഥലം ഒരുക്കുന്നവിധം[തിരുത്തുക]

പരിസരം വെടിപ്പാക്കിയശേഷം അണ്ഡാകൃതിയിലുള്ള ഒരു കുഴികുത്തുന്നു. കുഴിക്ക് ഏകദേശം 10 സെ.മീ. നീളവും 6 സെ.മീ. വീതിയും 5 സെ.മീ. ആഴവുമുണ്ടായിരിക്കും. കുഴിയിൽനിന്നും ഏകദേശം 2 മീറ്റർ അകലെ ആദ്യത്തെ ചാലും അവിടെനിന്നും 3 മീറ്റർ അകലെ രണ്ടാമത്തെ ചാലും വരയ്ക്കുന്നു. ആദ്യത്തേതിന് കളി-ചാൽ എന്നും രണ്ടാമത്തേതിന് കെട്ടുപിടി-ചാൽ എന്നും പറയുന്നു. ചാലുകൾക്ക് സമാന്തരമായി കുഴിയുടെ നടുവിൽനിന്നും വശങ്ങളിലേക്ക് കുറുകെ കുഴിവര വരയ്ക്കുന്നു.

കളിക്കുന്നവിധം[തിരുത്തുക]

ഓരോ കളിക്കാരനും കുഴിയിലിടുന്ന കശുവണ്ടികളുടെ എണ്ണം തുല്യമായിരിക്കും. വീതം നിശ്ചയിക്കുമ്പോൾ, എല്ലാംകൂടി ഒരു കൈപ്പത്തിയിലൊതുങ്ങുന്നതാവാൻ ശ്രദ്ധിക്കാറുണ്ട്. കളിക്കുന്നതിനുള്ള മുൻഗണന നിശ്ചയിക്കുകയാണ് അടുത്ത പടി. കെട്ടുപിടി-ചാലിന്റെ പുറത്ത് വലതുകാലിന്റെ പെരുവിരൽ സ്പർശിക്കത്തക്കവണ്ണം വലതുകാൽ മുന്നോട്ട് ഊന്നി ഇടതുകാൽ പിന്നാക്കം വച്ചുനിന്ന് കളിക്കാർ ഓരോരുത്തരായി ഓരോ കശുവണ്ടി കുഴിയിലേക്കെറിയുന്നു. കുഴിയിൽ വീഴുന്ന അണ്ടിയുടെ ഉടമസ്ഥന് ആദ്യം കളിക്കാം. കുഴിയിൽനിന്നുള്ള അകലത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ മുൻഗണനാക്രമം നിശ്ചയിക്കപ്പെടുന്നു. ഒന്നിലധികം പേരുടെ കശുവണ്ടികൾ കുഴിയിൽ വീഴാനിടയായാൽ ഏറ്റവും ഒടുവിൽ ഇട്ടയാളിനായിരിക്കും ആദ്യത്തെ ഊഴം; ആദ്യം ഇട്ടയാളിന് അവസാനത്തെ ഊഴവും. കളിക്കാനുള്ള ആദ്യത്തെ ഊഴം കിട്ടുന്നയാളെ കുഴിത്താപ്പൻ എന്നു വിളിക്കുന്നു.

കളിക്കാൻ ഉപയോഗിക്കുന്ന ചെറിയ അണ്ടിക്ക് കുനുഅണ്ടി എന്നു പറയും. കളിക്കാനുള്ള മുൻഗണന നിശ്ചയിച്ചുകഴിഞ്ഞാൽ കുഴിത്താപ്പൻ കുഴിയിൽനിന്നും കുനു അണ്ടികളെല്ലാംകൂടി വലതുകൈയിലെടുത്ത് കളിച്ചാലിനുപുറത്ത് വലതുകാലിന്റെ പെരുവിരൽ തൊടുവിച്ചുനിന്നുകൊണ്ട് അവയെല്ലാംകൂടി കുഴിയിലേക്കിടുന്നു. മൂന്നോ മൂന്നിന്റെ ഗുണിതമോ ആണ് കുഴിയിൽ വീഴുന്നതെങ്കിൽ മുച്ച (മുച്ച്) വീണെന്നു പറയും. മുച്ചവീണാൽ കളിക്കാരന്റെ ഊഴം അവസാനിക്കും. കൈയിലുള്ളതു മുഴുവൻ ഒന്നിച്ച് കുഴിയിൽ വീഴുകയും അത് മുച്ചയല്ലാതിരിക്കുകയും ചെയ്താൽ കുനുഅണ്ടികളെല്ലാം അയാൾക്കു ലഭിക്കും. അടുത്ത കളിക്കുള്ള കുഴിത്താപ്പനും അയാൾ തന്നെ. കുഴിത്താപ്പൻ കുഴിയിടം വിട്ട് കളിച്ചാലിന് പുറത്തുപോകുന്നപക്ഷം മറ്റൊരു കളിക്കാരൻ കുഴിയിടത്തിലെത്തി സ്വയം കുഴിത്താപ്പനെന്നു പ്രഖ്യാപിച്ചാൽ കുഴിത്താപ്പനുള്ള മുൻഗണനാവകാശം സ്വയം പ്രഖ്യാപിച്ച ആളിനു ലഭിക്കുന്നു.

കുനുഅണ്ടികളെല്ലാംകൂടി കുഴിയിലേക്കിടുമ്പോൾ കുറെയെണ്ണം കുഴിയിലും ബാക്കി വെളിയിലും വീഴാനാണ് കൂടുതൽ സാധ്യത. വെളിയിൽ വീണിട്ടുള്ള അണ്ടികളിൽ മറ്റു കളിക്കാർ നിർദ്ദേശിക്കുന്ന ഒന്നിനെ കൈയിലുള്ള വലിയ അണ്ടികൊണ്ടു എറിഞ്ഞു തെറിപ്പിക്കുകയാണ് അടുത്തപടി. എറിയാനുപയോഗിക്കുന്ന വലിയ അണ്ടിക്കു പൂട്ടിയണ്ടി എന്നു പറയും. ദേശഭേദമനുസരിച്ച് വക്കനണ്ടി, വെണ്ടയണ്ടി എന്നീ പേരുകളുമുണ്ട്. ചിലർ വലിയ കശുവണ്ടി തിരഞ്ഞെടുത്തു തുരന്ന് അതിനകത്തുള്ള പരിപ്പുമാറ്റിയിട്ട് ഈയം ഉരുക്കി ഒഴിച്ച് ഭാരംകൂട്ടി പൂട്ടിയണ്ടിയായി ഉപയോഗിക്കാറുണ്ട്. ഇത് കൊണ്ടു എറിഞ്ഞാൽ ഉന്നം പിഴക്കാതിരിക്കുവാനും നിർദിഷ്ടമായ കുനുഅണ്ടി ഏറെദൂരം തെറിച്ചുപോകാനും സാധ്യതയുണ്ട്. മറ്റു കളിക്കാർ നിർദ്ദേശിച്ച കുനുഅണ്ടിയെ പൂട്ടിയണ്ടികൊണ്ടു ചില നിയമങ്ങൾക്കു വിധേയമായി എറിഞ്ഞു തെറിപ്പിക്കാൻ കഴിഞ്ഞാൽ മുഴുവൻ കുനു-അണ്ടിയും കളിക്കാരനു ലഭിക്കും. അയാൾക്കു കുഴിത്താപ്പൻ ആകുകയും ചെയ്യാം.

ചിലപ്രധാനനിയമങ്ങൾ[തിരുത്തുക]

  1. ഏറുമൂലം കുഴിവക്ക് ഉടയരുത്.
  2. പൂട്ടിയണ്ടി (നിർദിഷ്ട-കുനുഅണ്ടിയും) മറ്റു കുനുഅണ്ടികളിൽ കൊള്ളരുത്.
  3. പൂട്ടിയണ്ടി (നിർദിഷ്ട-കുനുഅണ്ടിയും) ഏറ് ഏറ്റ ആദ്യസ്ഥാനത്തുനിന്നും എല്ലാ കുനു-അണ്ടികളിൽനിന്നും കുഴിവരയ്ക്കു പുറത്തായിട്ട് കുഴിവരയിൽനിന്നും ഒരു ചാണിൽക്കൂടുതൽ നീങ്ങിയിരിക്കണം.
  4. കുഴിക്കും, കളിച്ചാലിനും ഇടയ്ക്കു വീണിട്ടുള്ള അണ്ടിയാണ് തെറിപ്പിക്കാൻ നിർദ്ദേശിക്കപ്പെടുന്നതെങ്കിൽ കളിച്ചാലിനുമുകളിൽ കാലുകൾ ചേർത്തുവച്ച് മുട്ടു വളയാതെവേണം കളിക്കാരൻ പൂട്ടിയണ്ടി എറിയുവാൻ.
  5. ഏറിനുശേഷം പൂട്ടിയണ്ടിയും നിർദിഷ്ട കുനുഅണ്ടിയും തമ്മിലുള്ള അകലം ഒരു ചാണിൽ കൂടുതലായിരിക്കണം. ചാൺ അളക്കുന്നത് മറ്റു കളിക്കാരിൽ വിരലിന് നീളക്കൂടുതലുള്ള ആളായിരിക്കണം.

മേൽപ്പറഞ്ഞ നിയമങ്ങളിലേതെങ്കിലും ലംഘിച്ചാൽ ഒന്നും നേടാതെതന്നെ കളിക്കാരന്റെ ഊഴം അവസാനിക്കും. എന്നാൽ എറിഞ്ഞുതെറിപ്പിക്കാൻ ശ്രമിച്ചിട്ട് നിർദിഷ്ട-കുനു അണ്ടിയുടെ അടുത്തെങ്ങാനും മാത്രമേ പൂട്ടിയണ്ടി കൊള്ളുന്നുള്ളുവെങ്കിൽ ഏറ് ഏറ്റ സ്ഥാനത്തുനിന്നും നിർദിഷ്ട-കുനുഅണ്ടിയിലേക്കുള്ള ദൂരം അളക്കുന്നു. ഇത് കളിക്കാരന്റെ കൈക്ക് ഒരു ചാൺ ഉണ്ടെങ്കിൽ കുഴിയിൽ കിടക്കുന്ന അണ്ടികൾ അയാൾക്കു കിട്ടും. അകലം ഒരു ചാണിൽ കൂടുതൽ വരികയോ നിയമങ്ങളിൽ ഏതെങ്കിലും ലംഘിക്കുകയോ ചെയ്താൽ ഒന്നും ലഭിക്കാതെ അയാളുടെ ഊഴം തീരും. ഇതോടെ അടുത്തയാളിന്റെ ഊഴം ആരംഭിക്കുകയായി.

ഇതിൽനിന്നും ഭിന്നമായ ചില സമ്പ്രദായങ്ങളും നിലവിലുണ്ട്. അവയിൽ പ്രചാരക്കൂടുതൽ വരയണ്ടികളിക്കാണ്. ഇതിന് കുഴികുത്തേണ്ട ആവശ്യമില്ല. കുഴിക്കുപകരം കുറുകെ ഒരു വര വരച്ചശേഷം ആദ്യത്തെ കളിയിലേതെന്നപോലെ തന്നെ കളിച്ചാലും, കെട്ടുപിടിച്ചാലും വരയ്ക്കുന്നു. കുഴിയുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ ഒഴിച്ചാൽ മറ്റു നിയമങ്ങൾ വരയണ്ടികളിയിലും ഏറെക്കുറെ മുൻപു പറഞ്ഞവതന്നെയാണ്. ആദ്യത്തെ സമ്പ്രദായത്തിലുള്ള കളിയോളം പ്രചാരം ഇതിനില്ല. ചിലപ്പോൾ പുന്നയ്ക്കാ, വെള്ളയ്ക്കാ, മാങ്ങയണ്ടി എന്നിവ ഉപയോഗിച്ചും ഈ കളികൾ നടത്താറുണ്ട്.

കൊടുങ്ങല്ലൂർ പറവൂർ ഭാഗത്തെ വ്യത്യാസം[തിരുത്തുക]

കൊടുങ്ങല്ലൂർ ഭാഗത്ത് അണ്ടികളി മേൽ പറഞ്ഞതിൽ നിന്ന് തുലോം വ്യത്യസ്തമാണ്. ഇവിടങ്ങളിൽ ഇക്കാലത്ത് ഈ കളി ഏതാണ്ട് എല്ലാവരും മറന്നിരിക്കുന്നു. കളിക്കുന്ന കുട്ടികൾ ഒരോ കശുവണ്ടി വീതം പൊതുവായി നൽകുന്നു. ഇവയെല്ലാം ചേർത്ത് ആദ്യം ഊഴം കിട്ടുന്ന കുട്ടി ഒരു ചതുരകള്ളിയിലേക്ക് അല്പം ദൂരെ നിന്ന് നീട്ടിയെറിയും. മറ്റു കളിക്കാർ നിർദ്ദേശീക്കുന്ന അണ്ടീക്ക് ഒരു കട്ട കൊണ്ട് എറിഞ്ഞ് കൊള്ളിച്ചാൽ ആ ചതുരത്തിലെ അണ്ടികളെല്ലാം എറിഞ്ഞയാൾക്ക് ലഭിക്കും. മറ്റേതെങ്കിലും അണ്ടിയിലാണു കൊള്ളുന്നതെങ്കിൽ പിഴയായി ഒരു അണ്ടി നൽകണം. അതും ചേർത്താണ് അടുത്ത ആൾ എറിയേണ്ടത്.എറിയാൻ ഉപയോഗിക്കുന്ന കല്ലിന്റെയോ ഓടിന്റെയൊ കട്ടക്ക് അടിമൻ എന്നാണു പേർ പറയുക. അടിമൻ കൊണ്ട് ഏറു കൊണ്ടില്ല എങ്കിൽ അടുത്ത ഊഴക്കാരൻ കളിക്കും. ഇതിലും പ്രാദേശിക നിയമഭേദങ്ങൾ ഉണ്ട്. [1]

റഫറൻസുകൾ[തിരുത്തുക]


  1. എം.വി., വിഷ്ണു നമ്പൂതിരി. നാടൻ കളികളും വിനോദങ്ങളും. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിസ്റ്റ്യൂട്ട്. ISBN 81-7638-230-2.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണ്ടികളി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അണ്ടികളി&oldid=3378623" എന്ന താളിൽനിന്ന് ശേഖരിച്ചത്