പള്ളിയോടം
ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പങ്കെടുക്കുന്ന വള്ളങ്ങളാണ് പള്ളിയോടങ്ങൾ എന്നറിയപ്പെടുന്നത്. കുട്ടനാട്ടിലെ ചുണ്ടൻവള്ളങ്ങളെ അപേക്ഷിച്ച് ഈ വള്ളങ്ങൾക്ക് 5-6 കോൽ നീളം കുറവായിരിക്കും. കുട്ടനാട്ടിലെ വള്ളങ്ങളുടെ അമരം(പിൻഭാഗം),കൂമ്പ്(മുൻഭാഗം) എന്നിവ വെള്ളത്തിനോട് ചേർന്നു കിടക്കുമ്പോൾ പള്ളിയോടങ്ങളുടെ മൂന്നിൽ രണ്ടു ഭാഗം മാത്രമേ ജലത്തിൽ സ്പർശിക്കുകയുള്ളൂ. അതുപോലെ തന്നെ വള്ളത്തിന്റെ 'ഉടമ'(വീതി) കുട്ടനാടൻ വള്ളങ്ങളെ അപേക്ഷിച്ചു കൂടുതൽ ആയിരിക്കും.
ഒരു വള്ളത്തിൽ 100-110 വരെ ആൾക്കാർ കയറും. 4 അമരകാർ, 10 നിലയാൾ, ബാക്കി തുഴക്കാർ എന്നാണ് കണക്ക്.4 അമരക്കാർ നാലു വേദങ്ങളെയും, കൂമ്പിൽ ഇരിക്കുന്ന 8 തുഴകാർ അഷ്ടദിക്‌ൿപാലകന്മാരേയും, അമരത്തിന്റെ ഇരുവശവും ഉള്ള 2 വെങ്കലകുമിളകൾ സൂര്യനേയും ചന്ദ്രനേയും പ്രധിനിധീകരിക്കുന്നു എന്നാണ് വിശ്വാസം.
ഉള്ളടക്കം |
[തിരുത്തുക] നിർമ്മാണ രീതി
ഒരു വള്ളം നിർമ്മിക്കുന്നതിന് ഏക്ദേശം 15 ലക്ഷം രൂപ ചെലവാകും. ഇതിന്റെ നിർമ്മാണത്തിനു ഉപയോഗിക്കുന്ന തടി ആഞ്ഞിലിയാണ്. പാലാ-മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളിൽ നിന്നാണ് സാധാരണയായി ഇതിനു വേണ്ടിയുള്ള വലിയ ആഞ്ഞിലിത്തടികൾ ലഭിക്കുന്നത്.
ആറിന്റെ കരയിൽ നിർമ്മിക്കുന്ന മാലിപ്പുരകളിൽ ആണ് വള്ളത്തിന്റെ നിർമ്മാണം നടത്തുന്നത്.'ഏരാവ്-മാതാവ്' എന്ന 2 നീളമുള്ള പലകകൾ ആണ് ഒരു വള്ളത്തിന്റെ നട്ടെല്ല്. ആദ്യം കമഴ്ത്തിയിട്ട് ഈ 2 പലകകൾ ഒരു അച്ചിൽ ഉറപ്പിച്ച് ഒരു വളവ് ഉണ്ടാക്കിയെടുത്തിട്ടാണ് വള്ളംപണി ആരംഭിക്കുന്നത്. ഈ വളവ് ഉണ്ടാക്കിയെടുക്കാൻ സാധാരണ 3-4 മാസം വേണ്ടിവരും.
വള്ളംപണിക്കായി എഴുതപ്പെട്ട തച്ചുശാസ്ത്രം നിലവില്ല. പ്രധാന ആശാരിയുടെ മനസ്സിൽ രൂപപ്പെടുന്ന കണക്കുകൾ വെച്ചാണ് പണി പുരോഗമിക്കുന്നത്. വള്ളം പണിയാൻ ആവശ്യമായ 'തറകൾ'(അഥവാ ചതുരത്തിൽ ഉള്ള ആണികൾ) നിർമ്മിക്കുന്നത് മാലിപ്പുരയിൽ തന്നെയാണ്. നല്ലൊരു തൂക്കം ഇരുമ്പ് വള്ളംപണിക്ക് ആവശ്യമാണ്.ഇതുകൂടാതെ തടികൾക്കിടയിൽ കൂടി വെള്ളം കയറാതിരിക്കുവാൻ വേണ്ടി 'ചെഞ്ചല്യം' എന്ന ഒരു കൂട്ടുപശയും ഉപയോഗിക്കും.
[തിരുത്തുക] പ്രധാന തച്ചന്മാർ
വള്ളത്തിന്റെ അവസാന അലങ്കാരപ്പണികൾ പ്രധാന ആശാരിയാണ് ചെയ്യുന്നത്. പണ്ടുകാലത്ത് പള്ളിയോടങ്ങൾ നിർമ്മിച്ചിരുന്നത് റാന്നി മുണ്ടപ്പുഴ തച്ചന്മാർ ആയിരുന്നു. ഇന്ന് ഈ ശാഖയിൽ നിന്ന് ആരും തന്നെ പള്ളിയോടനിർമ്മാണത്തിൽ ഏർപ്പെടുന്നില്ല. ഇപ്പോഴുള്ള പ്രധാന ശിൽപ്പി ചങ്ങങ്കരി വേണു ആശാരി ആണ്. ഇതിനു മുൻപ് കോഴിമുക്ക് നാരായണൻ ആശാരിയും ചങ്ങങ്കരി തങ്കപ്പൻ ആശാരിയും ആയിരുന്നു വള്ളങ്ങൾ നിർമ്മിച്ചിരുന്നത്. കോഴഞ്ചേരി, കീഴുകര, നെല്ലിക്കൽ,കാട്ടൂർ എന്നീ പള്ളിയോടങ്ങൾ കോഴിമുക്ക് നാരായണൻ ആശാരി നിർമ്മിച്ചതാണ്. പൂവത്തൂർ പടിഞ്ഞാറ്, മാലക്കര, ഇടനാട് എന്നിവ തങ്കപ്പൻ ആചാരി നിർമ്മിച്ചതാണ്. ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക ഇടയാറന്മുള, ഇടശ്ശേരിമല, ഇടശ്ശേരിമല കിഴക്ക്, കീഴുവന്മഴി, വന്മഴി,ഇടപ്പാവൂർ-പേരൂർ എന്നീ വള്ളങ്ങൾ നിർമ്മിച്ചത് വേണു ആശാരി ആണ്.
[തിരുത്തുക] പ്രധാന പള്ളിയോടങ്ങൾ
പണ്ട് മദ്ധ്യതിരുവിതാംകൂറിൽ പടിഞ്ഞാറു പള്ളിപ്പാട് മുതൽ കിഴക്ക് വടശ്ശേരിക്കര വരെയായി 48 കരകളിൽ പള്ളിയോടങ്ങൾ ഉണ്ടായിരുന്നു. കാലം കടന്നുപോയപ്പോൾ പലവള്ളങ്ങളും ജീർണ്ണാവസ്ഥയിലും പിന്നെ കരകാരുടെ വഴക്കിലും പെട്ടു നശിച്ചു പോയി. പരുമല, ഇരമല്ലിക്കര, ഇരുവെള്ളിപ്ര, പള്ളിപ്പാട്, മേപ്രം, വാഴാർമങ്കലം, പ്രയാർ, പാണ്ടനാട്, കീക്കൊഴൂർ, ഐത്തല, റാന്നി, വടശ്ശേരിക്കര എന്നിങ്ങനെ പഴയ പല വള്ളങ്ങളും ഇപ്പോൾ പഴമക്കാരുടെ ഓർമ്മകളിലെ ഉള്ളു. അടുത്തകാലത്ത് ഓർമ്മയായി മാറിക്കൊണ്ടിരിക്കുന്ന മഴുക്കീർ എന്ന വള്ളവും. 90കളുടെ മദ്ധ്യത്തിൽ എണ്ണം കുറഞ്ഞുകുറഞ്ഞു 27ൽ എത്തി നിന്നു. പിന്നീട് പലകരക്കാരും വളരെ ഉത്സാഹത്തോടെ വള്ളം നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു.
93 മുതൽ മിക്കവാറും എല്ലാവർഷവും ഒരു പുതിയ വള്ളം എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. നെല്ലിക്കൽ, മാലക്കര, കാട്ടൂർ, ഇടനാട്,ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക ഇടയാറന്മുള, ഇടശ്ശേരിമല, ഇടശ്ശേരിമല കിഴക്ക് എന്നിങ്ങനെ പോയി അതിന്റെ കണക്ക്. ഈക്കുറി എല്ലാവരുടേയും ആവേശം കൂട്ടാനായി ആദ്യമായി 3 പുതിയ വള്ളങ്ങൾ ഒരുമിച്ചു നിർമ്മിച്ചു. വന്മഴി, കീഴുവന്മഴി, ഇടപ്പാവൂർ-പേരൂർ എന്നിങ്ങനെ മൂന്നു പുതിയ വള്ളങ്ങൾ ഈക്കുറി ഉണ്ട്. അടുത്ത വർഷവും പുതിയ 2 എണ്ണം കൂടിയുണ്ടാവും എന്നാണു കരുതപ്പെടുന്നത്. പുന്നംതോട്ടം കരക്കാർ ഒരു പുതിയ വള്ളം നിർമ്മിക്കാൻ തീരുമാനിച്ചു കഴിഞ്ഞു.
[തിരുത്തുക] ആറന്മുള വള്ളംകളിയിലെ പള്ളിയോടങ്ങൾ
മദ്ധ്യതിരുവിതാംകൂറിൽ പടിഞ്ഞാറു ചെന്നിത്തല മുതൽ കിഴക്ക് എടപ്പാവൂർ വരെയുള്ള 39 പള്ളിയോടങ്ങളാണ് ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്നത്.
- ചെന്നിത്തല
- കടപ്ര
- വെൺപാല-കദളിമങ്കലം
- വന്മഴി
- കീഴുവന്മഴി
- മുതവഴി
- ഉമയാറ്റുകര
- മുണ്ടങ്കാവ്
- കോടിയാട്ടുകര
- തൈമറവുംകര*
- മംഗലം
- ഓതറ
- ഇടനാട്
- ആറാട്ടുപുഴ
- കോയിപ്രം
- മാലക്കര
- നെല്ലിക്കൽ
- ഇടയാറന്മുള
- ഇടയാറന്മുള കിഴക്ക്
- ളാക ഇടയാറന്മുള
- പൂവത്തൂർ പടിഞ്ഞാറ്
- പൂവത്തൂർ കിഴക്ക്
- തോട്ടപ്പുഴശ്ശേരി
- ഇടശ്ശേരിമല
- ഇടശ്ശേരിമല കിഴക്ക്
- മല്ലപ്പുഴശ്ശേരി
- മാരാമൺ
- പുന്നംത്തോട്ടം
- മേലുകര
- കീഴുകര
- നെടുമ്പ്രയാർ
- കോഴഞ്ചേരി
- അയിരൂർ
- ചെറുകോൽ
- കുറിയന്നൂർ
- കോറ്റാത്തൂർ
- കാട്ടൂർ
- ഇടപാവൂർ-പേരൂർ
- ഇടപ്പാവൂർ
*തൈമറവുംകര വള്ളം 3-4 വർഷമായി വളരെ പരിതാപകരമായ അവസ്ഥയിൽ ആയിരുന്നു. അവർ വള്ളംകളിയിൽ പങ്കെടുത്തിട്ട് ഇപ്പോൾ 3-4 വർഷം ആയി. പക്ഷെ കരക്കാരുടെ ഉത്സാഹത്തിൽ അവരും വള്ളം പുതുക്കിപ്പണിത് അടുത്തവർഷത്തേക്ക് തിരിച്ചുവരാൻ ഉള്ള ശ്രമത്തിലാണ്.