യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ
വിർജിൻ ഐലന്റ്സ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് | |
---|---|
ദേശീയ മുദ്രാവാക്യം: യുനൈറ്റഡ് ഇൻ പ്രൈഡ് ആൻഡ് ഹോപ്പ് | |
ദേശീയ ഗാനം: "വിർജിൻ ഐലന്റ്സ് മാർച്ച്" | |
തലസ്ഥാനം and largest city | ചാർലോട്ട് അമെലി |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് |
വംശീയ വിഭാഗങ്ങൾ | കറുത്ത വംശജർ 79.7%, വെള്ളക്കാർ 7.1%, ഏഷ്യക്കാർ 0.5%, മിശ്രിതജനവിഭാഗങ്ങളും മറ്റുള്ളവരും 12.7%[1] |
നിവാസികളുടെ പേര് |
|
ഭരണസമ്പ്രദായം | അമേരിക്കൻ ഐക്യനാടുകളുടെ ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഭൂപ്രദേശം. |
• അമേരിക്കൻ പ്രസിഡന്റ് | ബറാക് ഒബാമ |
• ഗവർണർ | ജോൺ ഡെ ജോങ്ക് |
• ലഫ്റ്റനന്റ് ഗവർണർ | ഗ്രിഗറി ഫ്രാൻസിസ് |
നിയമനിർമ്മാണസഭ | ജനപ്രാതിനിദ്ധ്യസഭ |
അമേരിക്കൻ ഐക്യനാടുകളുടെ ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഭൂപ്രദേശം. | |
• ട്രീറ്റി ഓഫ് ദി ഡാനിഷ് വെസ്റ്റ് ഇൻഡീസ് | 1917 മാർച്ച് 31 |
• ഓർഗാനിക് ആക്റ്റ് | 1954 ജൂലൈ 22 |
• ആകെ വിസ്തീർണ്ണം | 346.36 കി.m2 (133.73 ച മൈ) (ഇരുനൂറ്റിരണ്ടാമത്) |
• ജലം (%) | 1.0 |
• 2010 census | 109,750 |
• ജനസാന്ദ്രത | 354/കിമീ2 (916.9/ച മൈ) (നാല്പത്തിരണ്ടാമത്) |
ജി.ഡി.പി. (PPP) | 2003 estimate |
• ആകെ | 157.7 കോടി ഡോളർ |
നാണയവ്യവസ്ഥ | അമേരിക്കൻ ഡോളർ (USD) |
സമയമേഖല | UTC−4 (അറ്റ്ലാന്റിക് സ്റ്റാന്റേഡ് ടൈം) |
• Summer (DST) | UTC−4 (No DST) |
ഡ്രൈവിങ് രീതി | ഇടതുവശം[2] |
കോളിംഗ് കോഡ് | +1 (spec. +1-340) |
ISO കോഡ് | VI |
ഇൻ്റർനെറ്റ് ഡൊമൈൻ | .vi and .us |
കരീബിയനിലെ ഒരു ദ്വീപസമൂഹമാണ് വിർജിൻ ഐലന്റ്സ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് (സാധാരണഗതിയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ, യു.എസ്. വിർജിൻ ദ്വീപുകൾ, യു.എസ്.വി.ഐ എന്നീ പേരുകളിൽ അറിയപ്പെടുന്നു). ഇത് അമേരിക്കൻ ഐക്യനാടുകളുടെ ഒരു ഇൻസുലാർ ഭൂപ്രദേശമാണ് (insular area).
സൈന്റ് ക്രോയി, സൈന്റ് ജോൺ, സൈന്റ് തോമസ് എന്നിവയാണ് പ്രധാന ദ്വീപുകൾ. 346.4 ചതുരശ്ര കിലോമീറ്ററാണ് പ്രദേശത്തിന്റെ ആകെ വിസ്തീർണ്ണം. [1]
അമേരിക്കൻ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് 2010-ൽ ജനസംഖ്യ 106,405 ആയിരുന്നു. [3] ഭൂരിഭാഗം നാട്ടുകാരും ആഫ്രിക്കൻ-കരീബിയൻ വംശജരാണ്. പ്രധാന വരുമാന മാർഗ്ഗം വിനോദസഞ്ചാരമേഖലയാണ്. ചെറുതല്ലാത്ത ഉത്പാദനമേഖലയും ഇവിടെയുണ്ട്.[1]
പണ്ട് ഇത് ഡാനിഷ് വെസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നു. ഡെന്മാർക്ക് ഈ ദ്വീപുകൾ അമേരിക്കൻ ഐക്യനാടുകൾക്ക് 1916-ൽ വിൽക്കുകയായിരുന്നു. സ്വയം ഭരണം നടത്താത്ത പ്രദേശമായാണ് ഐക്യരാഷ്ട്രസഭ ഈ ദ്വീപുകളെ കണക്കാക്കുന്നത്. നിലവിൽ അമേരിക്കൻ ഐക്യനാടുകളുടെ ഇൻകോർപ്പറേറ്റ് ചെയ്യപ്പെടാത്ത ഭൂവിഭാഗങ്ങളിലൊന്നാണിത്. 1954-ലെ പരിഷ്കരിച്ച ഓർഗാനിക് ആക്റ്റ് പ്രകാരം അമേരിക്കൻ വിർജിൻ ദ്വീപുകളെ സംഘടിതപ്രദേശമാക്കി വ്യവസ്ഥചെയ്തു. ഇതിനുശേഷം ഇവിടെ അഞ്ച് ഭരണഘടനാ കൺവെൻഷനുകൾ നടന്നിട്ടുണ്ട്. 2009-ൽ മുന്നോട്ടുവച്ച ഏക ഭരണഘടന അമേരിക്കൻ കോൺഗ്രസ്സ് 2010-ൽ നിരാകരിച്ചു. 2012 ഒക്ടോബറിൽ കൺവെൻഷൻ വീണ്ടും കൂടാൻ തീരുമാനിച്ചിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]സിബോണി വംശജരും, കരീബ് വംശജരും, അരവാക്കുകളുമാണ് കൊളംബസ് എത്തുന്നതിനു മുൻപ് വിർജിൻ ദ്വീപുകളിൽ വസിച്ചിരുന്നവർ. ക്രിസ്റ്റഫർ കൊളംബസ് തന്റെ രണ്ടാം യാത്രയിൽ ഈ ദ്വീപുകൾക്ക് പേരുനൽകിയത് വിശുദ്ധ അർസലയുടെയും പിന്മുറക്കാരായ കന്യാസ്ത്രീകളുടെയും ബഹുമാനാർത്ഥമാണ്. അടുത്ത ഇരുനൂറ് വർഷക്കാലം യു.എസ്. വിർജിൻ ദ്വീപുകൾ ഉൾപ്പെട്ട വിർജിൻ ദ്വീപുകൾ വിവിധ യൂറോപ്യൻ ശക്തികളുടെ കൈവശമായിരുന്നു. സ്പെയിൻ, ബ്രിട്ടൻ, നെതർലാന്റ്സ്, ഫ്രാൻസ്, ഡെന്മാർക്ക്-നോർവേ രാജ്യങ്ങൾ എന്നിവ ഈ ദ്വീപുകളുടെ ഉടമസ്ഥരായിരുന്നു.
ഡാനിഷ് വെസ്റ്റ് ഇൻഡ്യ കമ്പനി യു.എസ്. വിർജിൻ ദ്വീപുകളിലെ സൈന്റ് തോമസ് എന്ന ദ്വീപിൽ 1672-ൽ താവളമുറപ്പിച്ചു. സൈന്റ്-ക്രോയി എന്ന ദ്വീപ് ഇവർ 1733-ൽ ഫ്രാൻസിൽ നിന്ന് വാങ്ങി. 1754-ൽ ഇത് ഡാനിഷ് കോളനിയായി മാറി. ഡാനിഷ് വെസ്റ്റ് ഇൻഡ്യൻ ദ്വീപുകൾ എന്നായിരുന്നു പേര് (Danish: De dansk-vestindiske øer).[4] പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ അടിമകളെക്കൊണ്ട് നടത്തിയിരുന്ന കരിമ്പ് കൃഷിയായിരുന്നു ഈ ദ്വീപുകളിൽ മുഖ്യമായും നടന്നിരുന്നത്. 1848 ജൂലൈ 3-ന് ഗവർണർ പീറ്റർ ഫോൺ ഷോൾട്ടൺ അടിമത്തം നിർത്തലാക്കും വരെ ഇത് തുടർന്നു.
അടിമത്തം നിർത്തലാക്കിയതിനെ തുടർന്നുള്ള ഡാനിഷ് ഭരണകാലത്ത് ദ്വീപുകളുടെ ഭരണം നടത്തിക്കൊണ്ടുപോവുക സാമ്പത്തികമായി ഒരു ബാദ്ധ്യതയായി മാറി. ദ്വീപുഭരണകൂടത്തിന് ഡാനിഷ് ബഡ്ജറ്റിൽ നിന്ന് വലിയ തുക ചെലവായിക്കൊണ്ടിരുന്നു. 1867-ൽ സൈന്റ് തോമസ്, സൈന്റ് ജോൺ എന്നീ ദ്വീപുകൾ അമേരിക്കൻ ഐക്യനാടുകൾക്ക് വിൽക്കാൻ ഒരുടമ്പടിയിലൂടെ തീരുമാനിച്ചുവെങ്കിലും വിൽപ്പന നടപ്പിലായില്ല. [5] ദ്വീപുകളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ പല ശ്രമങ്ങളും നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. ദ്വീപുകൾ വിൽക്കാനുള്ള മറ്റൊരു കരാർ 1902-ൽ രൂപപ്പെടുത്തിയെങ്കിലും ഇത് ഡാനിഷ് പാർലമെന്റിൽ പരാജയപ്പെട്ടു. [5]
ഒന്നാം ലോകമഹായുദ്ധം പരിഷ്കാരങ്ങൾക്ക് വിരാമമിടാൻ കാരണമായി. ദ്വീപുകൾ വീണ്ടും ഒറ്റപ്പെട്ട സ്ഥിതിയിലായി. ഒന്നാം ലോകമഹായുദ്ധത്തിലെ അന്തർവാഹിനികൾ ഉപയോഗിച്ചുള്ള പോരാട്ടത്തിൽ ജർമനി ഈ ദ്വീപുകളെ ഒരു താവളമായി ഉപയോഗിക്കും എന്ന ഭീതി കാരണം അമേരിക്ക വീണ്ടും ഡെന്മാർക്കിനെ വിൽപ്പനയ്ക്കായി സമീപിച്ചു. കുറച്ചു മാസത്തെ വിലപേശലിനു ശേഷം രണ്ടരക്കോടി അമേരിക്കൻ സ്വർണ്ണനാണയങ്ങൾക്ക് വിൽപ്പന ഉറപ്പിച്ചു. ഇത് 2012-ലെ സ്വർണ്ണത്തിന്റെ വില (ഔൺസിന് 1770 ഡോളർ) അനുസരിച്ച് 220 കോടി ഡോളർ വരും. ദ്വീപുകൾ തുടർന്ന് കൈവശം വയ്ക്കുന്നതിന്റെ ചെലവുകൂടി കണക്കാക്കിയപ്പോൾ ഡാനിഷ് പാർലമെന്റിൽ വില്പനയ്ക്കനുകൂലമായ ഒരു സമവായം രൂപപ്പെട്ടു.
1916-ആഗസ്റ്റിൽ ട്രീറ്റി ഓഫ് ദി ഡാനിഷ് വെസ്റ്റ് ഇൻഡീസ് ഒപ്പുവയ്ക്കപ്പെട്ടു. [6] ഇത് അംഗീകരിക്കാൻ ഒരു റഫറണ്ടം ഡെന്മാർക്കിൽ 1916-ൽ നടക്കുകയുണ്ടായി. 1917 ജനുവരി 17-ന് കരാർ ഉറപ്പിക്കപ്പെട്ടു. 1917 മാർച്ച് 31-ന് അമേരിക്കൻ ഐക്യനാടുകൾ ദ്വീപുകളുടെ ഭരണം ഏറ്റെടുത്തു. ദ്വീപുകളുടെ പേര് ഇതോടെ വിർജിൻ ഐലന്റ്സ് ഓഫ് ദി യുനൈറ്റഡ് സ്റ്റേറ്റ്സ് എന്ന് മാറ്റപ്പെട്ടു. 1927-ൽ ദ്വീപുവാസികൾക്ക് അമേരിക്കൻ പൗരത്വം നൽകപ്പെട്ടു.
സൈന്റ് തോമസ് ദ്വീപിന് തെക്കുള്ള വാട്ടർ ദ്വീപ് എന്ന കൊച്ചുദ്വീപ് ആദ്യം അമേരിക്കൻ ഫെഡറൽ ഭരണകൂടം നേരിട്ടു ഭരിക്കുകയായിരുന്നു. 1996-ൽ രണ്ടു ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം പ്രാദേശിക ഭരണകൂടത്തിന് കൈമാറ്റം ചെയ്യപ്പെട്ടു. ബാക്കിയുള്ള ഇരുനൂറ് ഏക്കർ അമേരിക്കൻ ഇന്റീരിയർ ഡിപ്പാർട്ട്മെന്റിൽ നിന്നും 2005 മേയ് മാസം 10 ഡോളറിന് വാങ്ങുകയാണുണ്ടായത്. ഈ കൈമാറ്റത്തോടെ ഔദ്യോഗികമായി ഈ ദ്വീപും പ്രാദേശിക ഭരണത്തിൻ കീഴിലായി. [7]
1989-ൽ ഹ്യൂഗോ എന്ന് പേരിട്ടുവിളിക്കുന്ന കൊടുങ്കാറ്റ് ദ്വീപിൽ വലിയ തോതിൽ നാശനഷ്ടങ്ങളുണ്ടാക്കി. 1995-ൽ ഈ പ്രദേശത്ത് മെറിലിൻ എന്ന കൊടുങ്കാറ്റും നാശം വിതച്ചു. എട്ടു പേരുടെ ജീവനും 200 കോടി ഡോളറിൽ കൂടുതൽ നഷ്ടവും ഇതുമൂലമുണ്ടായത്രേ. 1996-ൽ ബെർത്ത, 1998-ൽ ജോർജ്ജസ്, 1999-ൽ ലെന്നി, 2008-ൽ ഒമാർ എന്നീ കൊടുങ്കാറ്റുകളും ദ്വീപിൽ വീശിയെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായില്ല.
ഭൂമിശാസ്ത്രം
[തിരുത്തുക]കരീബിയൻ കടലിലും അറ്റ്ലാന്റിക് മഹാസമുദ്രത്തിലുമായാണ് ദ്വീപുകളുടെ സ്ഥാനം. പോർട്ടോ റിക്കോയ്ക്ക് 64 കിലോമീറ്റർ കിഴക്കും ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾക്ക് തൊട്ടുപടിഞ്ഞാറുമാണീ ദ്വീപുകൾ. സൈന്റ് തോമസ് (റോക്ക് സിറ്റി), സൈന്റ് ജോൺ (ലവ് സിറ്റി), സൈന്റ് ക്രോയി (ട്വിൻ സിറ്റി), വാട്ടർ ഐലന്റ് എന്നീ നാലു പ്രധാനദ്വീപുകളും ഡസൻ കണക്കിന് കുഞ്ഞുദ്വീപുകളും ഇവിടെയുണ്ട്.[8]
വെള്ളമണൽ നിറഞ്ഞ കടൽത്തീരങ്ങൾക്ക് പ്രസിദ്ധമാണ് ഈ ദ്വീപുകൾ. മിക്ക ദ്വീപുകളും (സൈന്റ് തോമസ് ഉൾപ്പെടെ) അഗ്നിപർവ്വതത്തിൽ നിന്നുണ്ടായവയാണ്. ദ്വീപുകളിലെ ഏറ്റവും ഉയർന്ന സ്ഥലം സൈന്റ് തോമസ് ദ്വീപിലെ ക്രൗൺ കുന്നാണ് (ഉയരം 474 മീറ്റർ).
ഏറ്റവും വലിയ ദ്വീപായ സൈന്റ് ക്രോയിക്ക് പരന്ന ഭൂപ്രകൃതിയാണുള്ളത്. സൈന്റ് ജോൺ ദ്വീപിന്റെ പകുതിയും ഹാസ്സൽ ദ്വീപിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും വലിയ ഭാഗം പവഴപ്പുറ്റുകളും നാഷണൽ പാർക്ക് സർവീസിന്റെ കൈവശമാണ്.
വടക്കേ അമേരിക്കൻ പ്ലേറ്റിന്റെയും കരീബിയൻ പ്ലേറ്റിന്റെയും അതിർത്തിയിലാണ് യു.എസ്. വിർജിൻ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കങ്ങളും കൊടുങ്കാറ്റുകളുമാണ് ഈ പ്രദേശത്തെ സ്ഥിരമായി ബാധിക്കുന്ന പ്രകൃതി ദുരന്തങ്ങൾ.
കാലാവസ്ഥ
[തിരുത്തുക]സൈന്റ് തോമസ് പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °F (°C) | 85 (29) |
85 (29) |
86 (30) |
87 (31) |
88 (31) |
89 (32) |
90 (32) |
90 (32) |
90 (32) |
89 (32) |
87 (31) |
86 (30) |
88 (31) |
ശരാശരി താഴ്ന്ന °F (°C) | 72 (22) |
73 (23) |
73 (23) |
74 (23) |
76 (24) |
78 (26) |
78 (26) |
78 (26) |
78 (26) |
77 (25) |
75 (24) |
74 (23) |
75 (24) |
താഴ്ന്ന റെക്കോർഡ് °F (°C) | 63 (17) |
62 (17) |
56 (13) |
62 (17) |
66 (19) |
67 (19) |
57 (14) |
59 (15) |
64 (18) |
66 (19) |
52 (11) |
62 (17) |
52 (11) |
മഴ/മഞ്ഞ് inches (mm) | 2.38 (60.5) |
1.48 (37.6) |
1.42 (36.1) |
2.74 (69.6) |
3.06 (77.7) |
2.53 (64.3) |
2.85 (72.4) |
3.74 (95) |
5.58 (141.7) |
5.42 (137.7) |
5.23 (132.8) |
2.96 (75.2) |
39.39 (1,000.5) |
ഉറവിടം: weather.com[9] |
ഭൂമദ്ധ്യരേഖാപ്രദേശത്തെ ഈർപ്പമുള്ളതും വരണ്ടതുമായ കാലാവസ്ഥകൾ ഇവിടെ കാണാറുണ്ട്. വാണിജ്യവാതങ്ങൾ വീശുന്നതുകാരണം കാലാവസ്ഥ മിതമായതാണ്.
ഭരണം
[തിരുത്തുക]രാഷ്ട്രീയസംവിധാനം
[തിരുത്തുക]യു.എസ്. വിർജിൻ ദ്വീപുകൾ അമേരിക്കൻ ഐക്യനാടുകളിലെ ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഭൂവിഭാഗമാണ്. അമേരിക്കൻ പൗരത്വമുണ്ടെങ്കിലും ഇവിടുത്തുകാർക്ക് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ല. എങ്കിലും പ്രൈമറി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനും അതുവഴി റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും പ്രസിഡന്റ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ പങ്കാളികളാവാനും ഇവർക്ക് സാധിക്കും.
ഡെമോക്രാറ്റിക് കക്ഷിയും, ഇൻഡിപ്പൻഡന്റെ സിറ്റിസൺസ് മൂവ്മെന്റ് എന്ന കക്ഷിയും റിപ്പബ്ലിക്കൻ കക്ഷിയുമാണ് ഇവിടുത്തെ പ്രധാന രാഷ്ട്രീയപ്പാർട്ടികൾ. സ്വതന്ത്രസ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പിൽ മത്സരിക്കാറുണ്ട്.
അമേരിക്കൻ കോൺഗ്രസ്സിലേയ്ക്ക് ഒരു പ്രതിനിധിയെ ഇവിടെനിന്ന് അയയ്ക്കുന്നുണ്ടെങ്കിലും സഭയിൽ അയാൾക്ക് വോട്ടവകാശമുണ്ടാകാറില്ല. എങ്കിലും കമ്മിറ്റികളിൽ വോട്ടുചെയ്യാനുള്ള അവകാശമുണ്ട്. ഡെമോക്രാറ്റിക് കക്ഷിക്കാരിയായ ഡോണ്ണ ക്രിസ്റ്റൻസൺ ആണ് നിലവിൽ പ്രതിനിധി.
പ്രാദേശികമായി രണ്ടുവർഷ കാലാവധിയിൽ പതിനഞ്ച് സെനറ്റർമാരെ (സൈന്റ് ക്രോയിയിൽ നിന്ന് ഏഴുപേർ, സൈന്റ് തോമസും സൈന്റ് ജോണും ചേർന്ന ജില്ലയിൽ നിന്ന് ഏഴുപേർ, സൈന്റ് ജോണിൽ താമസക്കാരനായ ഒരാൾ എന്നിങ്ങനെ) തിരഞ്ഞെടുക്കുന്നു.
1970 മുതൽ നാലുവർഷ കാലാവധിയിൽ ഗവർണർമാരെ തിരഞ്ഞെടുക്കുന്നുണ്ട്. ഇതിനു മുൻപ് ഗവർണർമാരെ നോമിനേറ്റ് ചെയ്യുകയായിരുന്നു പതിവ്.
ഇവിടെ ഒരു ഡിസ്ട്രിക്റ്റ് കോടതിയും; സുപ്പീരിയർ കോടതിയും സുപ്രീം കോടതിയുമുണ്ട്.
ഭരണപരമായ വിഭജനം
[തിരുത്തുക]മൂന്ന് ഡിസ്ട്രിക്റ്റുകളും (ജില്ല) 20 സബ് ഡിസ്ട്രിക്റ്റുകളുമായാണ് (ഉപജില്ല) യു.എസ്. വിർജിൻ ദ്വീപുകളെ ഭരണസൗകര്യത്തിനായി വിഭജിച്ചിരിക്കുന്നത്.
ജില്ലകൾ
[തിരുത്തുക]മൂന്നു പ്രധാന ദ്വീപുകളോടനുബന്ധിച്ചാണ് മൂന്നു ജില്ലകൾ രൂപീകരിച്ചിരിക്കുന്നത്.
- സൈന്റ് ക്രോയി
- സൈന്റ് തോമസ്
- സൈന്റ് ജോൺ
ഉപജില്ലകൾ
[തിരുത്തുക]സൈന്റ് ക്രോയി ജില്ല:
- അന്നാസ് ഹോപ്പ് വില്ലേജ്
- ക്രൈസ്റ്റ്ലാന്റ്
- ഈസ്റ്റ് എൻഡ്
- ഫ്രെഡറിക്സ്റ്റെഡ്
- നോർത്ത് സെൻട്രൽ
- നോർത്ത് വെസ്റ്റ്
- സിയോൺ ഫാം
- സൗത്റ്റ് സെൻട്രൽ
- സൗത്ത് വെസ്റ്റ്
സൈന്റ് തോമസ് ജില്ല:
- ഷാർലോട്ട് അമെലി
- ഈസ്റ്റ് എൻഡ്
- നോർത്ത് സൈഡ്
- സൗത്ത് സൈഡ്
- ടുടു
- വാട്ടർ ഐലന്റ്
- വെസ്റ്റ് എൻഡ്
സൈന്റ് ജോൺ ജില്ല:
- സെൻട്രൽ
- കോറൽ ബേ
- ക്രൂസ് ബേ
- ഈസ്റ്റ് എൻഡ്
ക്വാർട്ടേഴ്സുകളും എസ്റ്റേറ്റുകളും
[തിരുത്തുക]ഡെന്മാർക്കിന്റെ കൈവശമായിരുന്നപ്പോൾ ദ്വീപുകളെ "ക്വാർട്ടേഴ്സാ"യി തിരിച്ചിരുന്നു. സെന്റ് ജോൺ ദ്വീപിൽ അഞ്ച് ക്വാർട്ടറുകളും സൈന്റ് ക്രോയി ദ്വീപിൽ ഒൻപത് ക്വാർട്ടറുകളുമായിരുന്നു ഉണ്ടായിരുന്നത്. ഈ ക്വാർട്ടറുകളെ ഡസൻ കണക്കിന് എസ്റ്റേറ്റുകളായി വീണ്ടും തരം തിരിച്ചിരുന്നു. ഈ എസ്റ്റേറ്റ് പേരുകൾ ഇപ്പോഴും മേൽവിലാസം എഴുതാനായി ഉപയോഗിക്കാറുണ്ട്. [10][11]
സ്വയം നിർണ്ണയം
[തിരുത്തുക]ഐക്യരാഷ്ട്രസഭ തയ്യാറാക്കിയിട്ടുള്ള സ്വയംഭരണമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയിൽ യു.എസ്. വിർജിൻ ദ്വീപുകളും പെടും 1993-ൽ പ്രദേശത്തിന്റെ സ്ഥിതി എന്താകണമെന്ന് നിർണ്ണയിക്കാൻ ഒരു റെഫറണ്ടം നടത്തിയെങ്കിലും 31.4% വോട്ടർമാരേ സമതിദാനം രേഖപ്പെടുത്തിയുള്ളൂ. നിലവിലുള്ള അവസ്ഥ തുടരാനാണ് ഭൂരിപക്ഷം പേരും വോട്ടുചെയ്തതെങ്കിലും തീരുമാനം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. അതിനുശേഷം റെഫറണ്ടങ്ങൾ നടന്നിട്ടില്ല.
2004-ൽ യു.എസ്. വിർജിൻ ദ്വീപുകളുടെ അഞ്ചാമത് ഭരണഘടനാ കൺവെൻഷൻ നടന്നു. ഇതിന്റെ ഫലമായുണ്ടായ കരട് 2009-ൽ ഗവർണർ ജോൺ ഡെ ജോങ്ക് തള്ളിക്കളഞ്ഞു. ഈ ഭരണഘടന ഫെഡറൽ നിയമത്തിനെതിരാണെന്നും ഫെഡറൽ പരമാധികാരത്തിനു കീഴ്പ്പെടുന്നില്ലെന്നും പൊതു അവകാശങ്ങൾ അംഗീകരിക്കുന്നില്ലെന്നുമുള്ള കാരണങ്ങളായിരുന്നു തള്ളാനുള്ള കാരണങ്ങൾ. [12] പക്ഷേ ഭരണഘടനാ കൺവെൻഷൻ അംഗങ്ങൾ കോടതിയെ സമീപിക്കുകയും പ്രസിഡന്റ് ഒബാമയ്ക്ക് ഈ കരട് അയച്ചുകൊടുക്കാനുള്ള വിധി സമ്പാദിക്കുകയും ചെയ്തു. ഒബാമ ഇത് കോൺഗ്രസ്സിന്റെ പരിഗനനയ്ക്കയച്ചു. 2010 മേയ് മാസത്തിൽ നീതിന്യായ വകുപ്പിന്റെ എതിർപ്പുകളും ഗവർണർ ഉന്നയിച്ച വാദങ്ങളും മറ്റും ചൂണ്ടിക്കാണിച്ച് അമേരിക്കൻ കോൺഗ്രസ്സ് ഈ കരട് തള്ളിക്കളഞ്ഞു. അഞ്ചാം ഭരണഘടനാ കൺവെൻഷനോട് വീണ്ടും ചേരാനും ഈ വിഷയങ്ങൾ പരിഗണിക്കാനും കോൺഗ്രസ്സ് നിർദ്ദേശിച്ചു. ഈ നിർദ്ദേശം ഒബാമയുടെ ഒപ്പോടുകൂടി 2010 ജൂൺ 30-ന് നിയമമായി. [13][14]
അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും കോൺഗ്രസ്സിൽ പ്രാതിനിധ്യം ലഭിക്കാനും വേണ്ടി കൊടുത്ത ഒരു കോടതിക്കേസ് ഇപ്പോൾ വിർജിൻ ദ്വീപുകളിലെ ഡിസ്ട്രിക്റ്റ് കോർട്ടിൽ നിലനിൽക്കുന്നുണ്ട്. യു.എസ്. വിർജിൻ ദ്വീപുവാസികളോടുള്ള വർണ്ണവിവേചനമാണ് അവർക്ക് ഇത്തരം ജനാധിപത്യാവകാശങ്ങൾ നൽകാതിരിക്കാൻ കാരണമെന്നാണ് കേസിലെ വാദം. 1917-ലെ വെള്ളക്കാർക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസ്സാണ് കറുത്തവർഗ്ഗക്കാർക്ക് ഭൂരിപക്ഷമുള്ള സ്ഥലത്തിന് പ്രാതിനിദ്ധ്യം നിഷേധിക്കാനുള്ള തീരുമാനമെടുത്തതെന്നാണ് ആരോപണം.
സാമ്പദ്‌വ്യവസ്ഥ
[തിരുത്തുക]ടൂറിസമാണ് പ്രധാന വരുമാനമാർഗ്ഗം. 20 ലക്ഷം വിനോദസഞ്ചാരികൾ ദ്വീപിൽ എല്ലാ വർഷവും എത്താറുണ്ട്.
ഓയിൽ റിഫൈനറികളും, തുണിമില്ലുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും, റം എന്ന മദ്യവും, മരുന്നുകളും, വാച്ചു നിർമ്മാണവും മറ്റുമാണ് മറ്റു വ്യവസായങ്ങൾ. കൃഷി കുറവാണ്. ഭക്ഷണസാമഗ്രികൾ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര ധനകാര്യ ഇടപാടുകളുടെ ബിസിനസ് ചെറുതാണെങ്കിലും വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ്സാണ്. ഇറക്കുമതി ചെയ്ത എണ്ണയിൽ നിന്നാണ് ഊർജ്ജോത്പാദനം നടത്തുന്നത്. [15] ജലം ശുദ്ധീകരിക്കുന്നത് ഇറക്കുമതി ചെയ്ത ഊർജ്ജമുപയോഗിച്ചാണ്. [16].
ഹോവെൻസ പ്ലാന്റ് ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം റിഫൈനറികളിലൊന്നായിരുന്നു. ഇപ്പോൾ ഇത് ഏറെക്കുറെ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതുകാരണം പ്രദേശം ഒരു സാമ്പത്തികപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.[17]
സാങ്കേതികവിദ്യ ആശ്രയിച്ചുള്ള വ്യവസായങ്ങളെ ആകർഷിക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ട്.
യു.എസ്. വിർജിൻ ദ്വീപുകൾ ഒരു സ്വതന്ത്ര കസ്റ്റംസ് മേഖലയാണ്. അമേരിക്കയിൽ നിന്ന് ഇങ്ങോട്ടുവരുന്നവർക്ക് കസ്റ്റംസ് പരിശോധന നേരിടേണ്ടിവരില്ലെങ്കിലും ഇവിടെനിന്ന് അമേരിക്കയിലേയ്ക്ക് പ്രവേശിക്കണമെങ്കിൽ പരിശോധന നേരിടേണ്ടിവരും.
നികുതികൾ
[തിരുത്തുക]യു.എസ്. വിർജിൻ ദ്വീപുകൾ ഒരു സ്വതന്ത്ര കസ്റ്റംസ് മേഖലയായതുകാരണം നാട്ടുകാർക്ക് അമേരിക്കൻ ഫെഡറൽ ഭരണകൂടത്തിന്റെ വരുമാനനികുതി നൽകേണ്ടതില്ല. [18]
ജനങ്ങൾ
[തിരുത്തുക]Year | Pop. | ±% |
---|---|---|
1970 | 62,468 | — |
1980 | 96,569 | +54.6% |
1990 | 1,01,809 | +5.4% |
2000 | 1,08,612 | +6.7% |
2010 | 1,06,405 | −2.0% |
2010-ലെ സെൻസസ് അനുസരിച്ച് ഇവിടെ 106,405 ആൾക്കാർ താമസിക്കുന്നുണ്ട്. [19] 40,648 വീടുകളും 26,636 കുടുംബങ്ങളുമാണിവിടെ ഉള്ളത്. വിവിധ ജനവിഭാഗങ്ങളുടെ വിതരണം 2010-ലെ കണക്കനുസരിച്ച് ഇപ്രകാരമായിരുന്നു:[1]
- കറുത്ത വർഗ്ഗക്കാരോ ആഫ്രോ കരീബിയൻ വംശജരോ: 79.7%
- വെള്ളക്കാർ: 7.1%
- ഏഷ്യക്കാർ: 0.5%
- മിശ്രിതവംശജരും മറ്റുള്ളവരും: 12.7%
ജനസംഖ്യയിലെ 22.3% ഹിസ്പാനിക് വിഭാഗത്തിൽ പെടുന്നു. ഇതിൽ 57% മിശ്രിതവംശജരാണ്. 27% കറുത്തവർഗ്ഗക്കാരും 16% വെള്ളക്കാരുമാണ്. ഹിസ്പാനിക് വംശജർ മുഖ്യമായും പോർട്ടോ റിക്കോയിൽ നിന്ന് വന്നവരാണ്. ബാക്കിയുള്ളതിന്റെ മുഖ്യപങ്കും ഡൊമനിക്കക്കാരാണ്. മിക്ക നാട്ടുകാരും സമീപ ദ്വീപുകളിൽ വേരുകളുള്ളവരാണ്. [1]
31.6% ആൾക്കാരും 18 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. 8.4% പേരേ 65 വയസ്സിനു മുകളിൽ പ്രായമുള്ളവരുള്ളൂ. 100 സ്ത്രീകൾക്ക് 91.4 പുരുഷന്മാരാണ് നിലവിലുള്ള അനുപാതം.
24,704 ഡോളറാണ് ഒരു കുടുംബത്തിന്റെ ശരാശരി വരുമാനം. പ്രതിശീർഷവരുമാനം 13,139 ഡോളറാണ്. 28.7% കുടുംബങ്ങളും 32.5% ആൾക്കാരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.
വംശങ്ങൾ
[തിരുത്തുക]ആഫ്രിക്കയിൽ നിന്ന് യൂറോപ്യന്മാർ കരിമ്പുതോട്ടങ്ങളിൽ ജോലി ചെയ്യാനായി കൊണ്ടുവന്ന അടിമകളുടെ പിൻതലമുറക്കാരാണ് മിക്ക വിർജിൻ ദ്വീപുവാസികളും. മറ്റ് ദ്വീപുകളിൽ നിന്ന് കുടിയേറിയവരും ഇക്കൂട്ടത്തിൽ പെടും.
ഭാഷ
[തിരുത്തുക]ഔദ്യോഗികഭാഷ ഇംഗ്ലീഷാണെങ്കിലും ഇംഗ്ലീഷിനെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു തരം ക്രിയോൾ ഭാഷ അനൗപചാരിക ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ട്. വിർജിൻ ഐലന്റ് ക്രിയോൾ എന്നാണ് ഇതിന്റെ പേര്. സൈന്റ് ക്രോയി ദ്വീപിൽ സംസാരിക്കുന്ന ക്രിയോൾ ഭാഷയ്ക്ക് (ക്രൂസിയൻ) സൈന്റ് തോമസ്, സൈന്റ് ജോൺ എന്നീ ദ്വീപുകളിലെ ക്രിയോളുമായി ചെറിയ വ്യത്യാസമുണ്ട്. സ്പാനിഷ്, ഫ്രഞ്ച് അടിസ്ഥാനമായുള്ള ക്രിയോൾ എന്നിങ്ങനെ പല ഭാഷകളും ഈ ദ്വീപുകളിൽ സംസാരിക്കുന്നുണ്ട്. 2000-ലെ സെൻസസ് അനുസരിച്ച് അഞ്ചുവയസ്സിനു മേൽ പ്രായമുള്ളവരിൽ 25.3% പേർ വീട്ടിൽ ഇംഗ്ലീഷല്ലാത്ത ഭാഷ സംസാരിക്കുന്നവരാണ്. [20]
മതം
[തിരുത്തുക]ക്രിസ്തുമതമാണ് പ്രധാന മതം. പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരാണ് കൂടുതൽ പേരും. റോമൻ കത്തോലിക്കാ വിഭാഗവും ധാരാളമായുണ്ട്.
സംസ്കാരം
[തിരുത്തുക]വിർജിൻ ദ്വീപുകളുടെ സംസ്കാരം വിവിധ കാലഘട്ടങ്ങളിൽ ഈ ദ്വീപുകളിൽ (ഇപ്പോൾ അമേരിക്കയുടെയും ബ്രിട്ടന്റെയും കൈവശമുള്ളവ ഇക്കൂട്ടത്തിൽ പെടും) താമസിച്ചിരുന്ന ആൾക്കാരുടെ സംസ്കാരങ്ങളുടെ മിശ്രണത്താൽ ഉണ്ടായതാണ്. രാഷ്ട്രീയമായി ഈ പ്രദേശങ്ങൾ വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവ സാംസ്കാരികമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
പശ്ചിമാഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സ്വാധീനം ഇവിടുത്തെ സംസ്കാരത്തിനുണ്ട്. ഡെന്മാർക്ക് പല വർഷങ്ങൾ ഈ ദ്വീപുകൾ നിയന്ത്രിച്ചുവെങ്കിലും ഇംഗ്ലീഷ് ഭാഷയ്ക്കും സംസ്കാരത്തിനുമാണ് ഇവിടെ കൂടുതൽ സ്വാധീനവും സ്വീകാര്യതയുമുള്ളത്. ഫ്രഞ്ച്, ഡാനിഷ് സ്വാധീനവും ഇന്ത്യയിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും വന്നവരുടെ സ്വാധീനവും ഇവിടെ കാണാൻ സാധിക്കും.
ഇന്നത്തെ വിർജിൻ ദ്വീപ് സംസ്കാരത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളത് പതിനേഴാം നൂറ്റാണ്ടുമുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ ഇവിടെ കൊണ്ടുവരപ്പെട്ട ആഫ്രിക്കൻ അടിമകളിൽ നിന്നാണ്. നൈജീരിയ, സെനഗൽ, കോംഗോ, ഗാംബിയ, ഘാന എന്നീ പ്രദേശങ്ങളിൽ നിന്നാണ് പ്രധാനമായും ഇവിടെ അടിമകളെ കൊണ്ടുവന്നിരുന്നത്. [21]
ഭക്ഷണം (ലഘുഭക്ഷണങ്ങൾ ഉൾപ്പെടെ), പാനീയങ്ങൾ, സംഗീതം, ഭാഷ, കായികവിനോദങ്ങൾ, നൃത്തം എന്നിവയിലൊക്കെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സംസ്കാരങ്ങളുടെ മേളനം ദൃശ്യമാണ്.
ഗതാഗതവും ആശയവിനിമയവും
[തിരുത്തുക]സൈന്റ് ക്രോയി ദ്വീപിൽ ഹെൻട്രി ഇ. റോൾസൺ ഇന്റർനാഷണൽ വിമാനത്താവളവും; സൈന്റ് ജോൺ, സൈന്റ് തോമസ് എന്നീ ദ്വീപുകൾക്കായി സിറിൽ ഇ. കിംഗ് ഇന്റർനാഷണൽ വിമാനത്താവളവുമുണ്ട്.
അമേരിക്കൻ അധീന പ്രദേശങ്ങളിൽ ഇടതുവശത്ത് വണ്ടിയോടിക്കുന്ന ഒരേയൊരു പ്രദേശം യു.എസ്. വിർജിൻ ദ്വീപുകളാണ്. 1917-ൽ ദ്വീപ് കൈമാറ്റം ചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന സമ്പ്രദായം തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ മിക്ക കാറുകളും അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന (ഇടതുവശം സ്റ്റിയറിംഗ് വീലുള്ള) കാറുകളായതിനാൽ സുരക്ഷയെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
അമേരിക്കൻ പോസ്റ്റൽ സർവീസാന് ഇവിടുത്തെ തപാൽ കൈകാര്യം ചെയ്യുന്നത്. [22][23][24] പിൻ കോഡുകൾ 008xx എന്ന് തുടങ്ങുന്നവയാണ്. [24] 2010 ജനുവരിയിലെ വിവരമനുസരിച്ച് പ്രധാന കോഡുകൾ ഇവയാണ്: 00801-00805 (സൈന്റ് തോമസ്),[25] 00820-00824 (ക്രിസ്റ്റ്യൻസ്റ്റെഡ്),[26] 00830-00831 (സൈന്റ് ജോൺ),[27] 00840-00841 (ഫ്രെഡറിക്സ്റ്റെഡ്),[28] 00850-00851 (കിംഗ്സ് ഹിൽ) എന്നിങ്ങനെയാണ് നമ്പരുകൾ.[29] ടെലിഫോൺ നമ്പരുകൾ വടക്കേ അമേരിക്കയിലെ സമ്പ്രദായമനുസരിച്ചുള്ളവയാണ്. [22]
മാദ്ധ്യമങ്ങൾ
[തിരുത്തുക]ദ്വീപുകളിൽ ധാരാളം എ.എം., എഫ്.എം. സ്റ്റേഷനുകളും ടെലിവിഷൻ സ്റ്റേഷനുകളുമുണ്ട്.
പ്രധാന മാദ്ധ്യമങ്ങൾ താഴെപ്പറയുന്നവയാണ്:
- സൈന്റ് ക്രോയിയിലെ ആവിസ് പത്രം
- ദി വിർജിൻ ഐലന്റ് ഡൈലി ന്യൂസ്[30] (സൈന്റ് തോമസിൽ അച്ചടിക്കുന്ന ദിനപത്രം)
- സൈന്റ് ജോൺ ട്രേഡ് വിൻഡ്സ്[31] (സൈന്റ് ജോണിലെ വാരിക)
- സൈന്റ് തോമസ് സോഴ്സ്[32] (ഓൺലൈൻ പത്രം)
- സൈന്റ് ക്രോയി സോഴ്സ്[33] (ഓൺലൈൻ പത്രം)
- സൈന്റ് ജോൺ സൺ ടൈംസ്[34] (രണ്ടുമാസത്തിലൊരിക്കൽ അച്ചടിക്കുന്നു)
വിദ്യാഭ്യാസം
[തിരുത്തുക]വിർജിൻ ദ്വീപുകളിലെ വിദ്യാഭ്യാസവകുപ്പ് പ്രദേശത്തിന്റെ വിദ്യാഭ്യാസത്തിന് മേൽനോട്ടം വഹിക്കുന്നു. ഇവിടെ രണ്ട് വിദ്യാഭ്യാസ ജില്ലകളുണ്ട്. സൈന്റ് തോമസ്, സൈന്റ് ജോൺ എന്നീ ദ്വീപുകൾക്കായി ഒരു ജില്ലയും സൈൻറ്റ് ക്രോയിക്കായി മറ്റൊരു ജില്ലയും. [35]
യൂണിവേഴ്സിറ്റി ഓഫ് ദി വിർജിൻ ഐലന്റ് അസ്സോസിയേറ്റ്, ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് എന്നീ ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും നൽകുന്നുണ്ട്. സൈന്റ് തോമസിലും സൈന്റ് ക്രോയിയിലും കലാലയങ്ങളുണ്ട്.
ഒഴിവുദിവസങ്ങൾ
[തിരുത്തുക]- ജനുവരി – (1) പുതുവർഷം, മാർട്ടിൻ ലൂഥർ കിങ് ജൂ. ദിവസം
- ഫെബ്രുവരി – (14) വാലന്റൈൻസ് ഡേ, പ്രെസിഡന്റ്സ് ഡേ (കുറിപ്പ്: കാർഷികച്ചന്ത ഈ ആഴ്ചാവസാനമാണ്)
- മാർച്ച് – (31) ട്രാൻസ്ഫർ ഡേ
- ഏപ്രിൽ – ഈസ്റ്റർ, വി. തോമായുടെ കാർണിവൽ
- മേയ് – മെമ്മോറിയൽ ഡേ
- ജൂലൈ – (3) ഇമാൻസിപ്പേഷൻ ദിനം (4) സ്വാതന്ത്ര്യദിവസം (വി. ജൂണിന്റെ ഉത്സവം ഈ രണ്ടു ദിവസങ്ങളിലുമായി നടത്തപ്പെടുന്നു)
- സെപ്റ്റംബർ – തൊഴിലാളി ദിനം, (11) 9/11 അനുസ്മരണം
- ഒക്ടോബർ – വിർജിൻ ദ്വീപുകൾ പ്യൂറിട്ടോറിക്കോ സൗഹൃദ ദിനം/കൊളംബസ് ദിനം
- നവംബർ – (1) ഡേവിഡ് ഹാമിൽട്ടൺ ജാക്സൺ ദിനം (ബുൾ ആൻഡ് ബ്രെഡ് ദിനം എന്നും അറിയപ്പെടുന്നു), (11) വെറ്ററൻസ് ദിനം, താങ്ക്സ്ഗിവിങ് ദിനം
- ഡിസംബർ – (24-25) ക്രിസ്തുമസ് ഈവ്, ക്രിസ്തുമസ്, ക്രൂഷ്യൻ ഉത്സവം (ജനുവരിയിലേയ്ക്കു തുടരും)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "CIA - The World Factbook-US Virgin Islands". Archived from the original on ഏപ്രിൽ 26, 2020. Retrieved മാർച്ച് 25, 2012.
- ↑ അമേരിക്കൻ അധിനിവേശപ്രദേശങ്ങളിൽ ഇടതുവശത്ത് വണ്ടിയോടിക്കുന്ന ഒരേയൊരു പ്രദേശം ഇതാണ്.
- ↑ 2010 Population Counts for the U.S. Virgin Islands Archived 2012-11-01 at the Wayback Machine., U.S. Census Bureau.
- ↑ Danish Wikipedia entry.
- ↑ 5.0 5.1 A Brief History of the Danish West Indies, 1666–1917, Danish National Archives
- ↑ Convention between the United States and Denmark for cession of the Danish West Indies Archived 2011-07-21 at the Wayback Machine., 39 Stat. 1706
- ↑ Poinski, Megan. "Water Island appears frozen in time, but big plans run under the surface – V.I. says land acquired from the feds is about to undergo large-scale improvements" Archived 2007-09-27 at the Wayback Machine.. The Virgin Islands Daily News, November 18, 2005, online edition. Retrieved September 6, 2007.
- ↑ Slawych, Diane. "Love is in the air". CANOE.ca. Archived from the original on ജൂലൈ 18, 2012. Retrieved ജനുവരി 25, 2008.
- ↑ "Average Conditions Saint Thomas, VI". weather.com. Archived from the original on ഡിസംബർ 3, 2010. Retrieved മേയ് 16, 2010.
- ↑ http://www.americanparadise.com/estate_map.html
- ↑ http://www.american-virgin-islands.com/islandmaps.html
- ↑ Poinski, Megan, "Governor Rejects Constitution Draft" Archived 2013-01-05 at Archive.is, article in The Virgin Islands Daily News, June 13, 2009. Retrieved July 29, 2009.
- ↑ Office of the White House Press Secretary (ജൂൺ 30, 2010). "Statement by the Press Secretary on S.J.Res. 33". Archived from the original on ജൂലൈ 15, 2010. Retrieved ജൂൺ 30, 2010.
- ↑ "USVI Constitutional Convention mandated to reconsider autonomous proposals". Virgin Islands News Online. ജൂൺ 30, 2010.
- ↑ http://cleantechnica.com/2012/02/19/us-virgin-islands-launches-15-year-energy-initiative-to-reduce-fossil-fuel-use-60/
- ↑ http://www.viwapa.vi
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on ജൂലൈ 28, 2012. Retrieved ഒക്ടോബർ 30, 2012.
- ↑ U.S. INSULAR AREAS, Application of the U.S. Constitution (PDF), U.S. General Accounting Office, നവംബർ 1997, p. 37, archived from the original (PDF) on ഫെബ്രുവരി 29, 2020, retrieved ജൂലൈ 16, 2012,
US federal individual and corporate income taxes as such are not currently imposed in US insular areas.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on നവംബർ 1, 2012. Retrieved ഒക്ടോബർ 28, 2012.
- ↑ Detailed Tables – American FactFinder Archived 2020-02-12 at Archive.is United States Census Bureau Retrieved January 11, 2011.
- ↑ Sheehy, pp 968-974
- ↑ 22.0 22.1 "Virgin Islands Tourist Tips". Here.VI Search. WebMastersVI.com. Archived from the original on ഫെബ്രുവരി 10, 2009. Retrieved ജനുവരി 24, 2010.
- ↑ "Official USPS Abbreviations". United States Postal Service. Retrieved ജനുവരി 24, 2010.
- ↑ 24.0 24.1 "Virgin Islands General Information". United States Postal Service. Retrieved ജനുവരി 24, 2010.
- ↑ "St Thomas, VI". Zip-Codes.com. Datasheer, LLC. Retrieved ജനുവരി 24, 2010.
- ↑ "Christiansted, VI". Zip-Codes.com. Datasheer, LLC. Retrieved ജനുവരി 24, 2010.
- ↑ "St John, VI". Zip-Codes.com. Datasheer, LLC. Retrieved ജനുവരി 24, 2010.
- ↑ "Frederiksted, VI". Zip-Codes.com. Datasheer, LLC. Retrieved ജനുവരി 24, 2010.
- ↑ "Kingshill, VI". Zip-Codes.com. Datasheer, LLC. Retrieved ജനുവരി 24, 2010.
- ↑ http://www.dailynews.vi/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on ഡിസംബർ 20, 2012. Retrieved ഒക്ടോബർ 31, 2012.
- ↑ http://stthomassource.com/
- ↑ http://stcroixsource.com/
- ↑ http://www.stjohnsuntimes.com/.
{{cite news}}
: Missing or empty|title=
(help) - ↑ "Home." U.S. Virgin Islands Department of Education. Retrieved October 13, 2010. Go to the "Schools" tab and two school districts are listed.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- VI.gov - Official USVI Government Website
- Official Tourism Website
- Governor's Website
- Office of the Lieutenant Governor Archived 2016-02-04 at the Wayback Machine.
- Virgin Islands entry at The World Factbook
- U.S. Census Bureau: Island Areas Census 2000
- United States Virgin Islands Archived 2008-04-07 at the Wayback Machine. from UCB Libraries GovPubs
- യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Wikimedia Atlas of the United States Virgin Islands
- Real-time, geographic and other scientific resources of Virgin Islands Archived 2016-02-01 at the Wayback Machine. from the United States Geological Survey
- Convention between the United States and Denmark for cession of the Danish West Indies