Jump to content

ടർക്സ്-കൈകോസ് ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Turks and Caicos Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടർക്സ്-കൈകോസ് ദ്വീപുകൾ

Flag of Turks and Caicos Islands
Flag
ദേശീയ മുദ്രാവാക്യം: Beautiful By Nature, Clean By Choice
ദേശീയ ഗാനം: "God Save the Queen"
National Song: "We Salute this Land of Ours"[1]
Location of Turks and Caicos Islands
Location of Turks and Caicos Islands
തലസ്ഥാനംCockburn Town
വലിയ നഗരംProvidenciales
ഔദ്യോഗിക ഭാഷകൾEnglish
വംശീയ വിഭാഗങ്ങൾ
Black 90%, Mixed, European, or North American 10%
നിവാസികളുടെ പേര്Turks and Caicos Islander
ഭരണസമ്പ്രദായംBritish overseas territory (self-government currently suspended)
• Queen
Elizabeth II
• Governor
Gordon Wetherell
• Premier
office suspended [2][3]
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
430 km2 (170 sq mi) (199th)
•  ജലം (%)
negligible
ജനസംഖ്യ
• 2009 estimate
36,605[4] (?)
•  ജനസാന്ദ്രത
88/km2 (227.9/sq mi) (n/a)
എച്ച്.ഡി.ഐ. (n/a)0.930
very high · n/a
നാണയവ്യവസ്ഥU.S. dollar (USD)
സമയമേഖലUTC-5
• Summer (DST)
UTC-4
തീയതി ഘടനd/m/yy (AD)
ഡ്രൈവിങ് രീതിleft
കോളിംഗ് കോഡ്+1-649
ISO കോഡ്TC
ഇൻ്റർനെറ്റ് ഡൊമൈൻ.tc

വെസ്റ്റിൻഡീസിലെ ഒരു ബ്രിട്ടിഷ് കോളനിയാണ് ടർക്സ്-കൈകോസ് ദ്വീപുകൾ. ബഹാമസ് ദ്വീപിനു 80 കി. മീ. കിഴക്കു മാറി അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു. നാൽപതിലധികം ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹത്തിൽ എട്ട് എണ്ണത്തിൽ മാത്രമേ ജനവാസമുള്ളു. 40 കി. മീ. നീളവും 19 കി. മീ. വരെ വീതിയുമുള്ള ഗ്രാൻഡ് കൈകോസ് ദ്വീപാണ് ഇവയിൽ ഏറ്റവും വലിപ്പമേറിയത്. സുമാർ 497 ച. കി. മീ. വിസ്തൃതിയിലാണ് ടർക്സ്-കൈകോസ് ദ്വീപുകൾ വ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ ഗ്രാൻഡ് ടർക് ദ്വീപിന് 10.5 കി. മീ. നീളവും 2.4 കി. മീ. വീതിയുമുണ്ട്. * ജനസംഖ്യ: 36,605 (2009 എസ്റ്റിമേറ്റ്);

ഭൂമിശാസ്ത്രം

[തിരുത്തുക]

ഭൂമിശാസ്ത്രപരമായി ബഹാമസ് ദ്വീപുകളുടെ ഭാഗമാണ് ടർക്സ്-കൈകോസ് ദ്വീപുകൾ. പഞ്ഞാറ് ഭാഗത്തായി 35 കി. മീ. വീതിയിൽ സ്ഥിതിചെയ്യുന്ന ആഴമുള്ള ഒരു സമുദ്രഭാഗം ടർക്സ് ദ്വീപുകളെ കൈകോസ് ദ്വീപുകളിൽ നിന്നു വേർതിരിക്കുന്നു. പൊതുവേ ഉയരം കുറഞ്ഞു നിരപ്പാർന്ന തരിശു ഭൂവിഭാഗങ്ങളാണ് ദ്വീപുകളിൽ കാണുന്നത്. ജനവാസമുള്ള ദ്വീപുകൾ വനങ്ങൾ നിറഞ്ഞവയും ഫലഭൂയിഷ്ഠങ്ങളുമാണ്. ശരാശരി താപനില: 16oC - 32oC. കിഴക്കു നിന്നും സ്ഥിരമായി വീശുന്ന വാണിജ്യവാതങ്ങൾ വേനൽക്കാലത്തെ (ഏപ്രിൽ-നവംബർ) ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നു. 660 മില്ലീ മീറ്ററാണ് ശരാശരി വാർഷിക വർഷപാതം. ഹരിക്കേയ്ൻ എന്നു വിളിക്കുന്ന കൊടുങ്കാറ്റ് ഈ ദ്വീപുകൾക്ക് ഇടയ്ക്കിടെ ഭീഷണിയാകാറുണ്ട്.

ടർക്സ്-കൈകോസ് ദ്വീപുകളിലെ 90 ശതമാനത്തിലധികം ജനങ്ങളും കറുത്ത വംശജരാണ്. 14 വയസ്സുവരെ സർക്കാർ തലത്തിൽ വിദ്യാഭ്യാസം സൗജന്യമാണ്. ഗ്രാൻഡ് ടർക്കിലും പ്രോവിഡൻഷിയാലിസിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. ഗ്രാൻഡ് ടർക്, കോക്ബേൺ പ്രോവിഡൻഷിയാലിസ് എന്നിവ പ്രധാന തുറമുഖങ്ങളാണ്.

വിളവുത്പാദനം കൈകോസ് ദ്വീപുകളിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. സിസാൽ (sisal), ചോളം, ബീൻസ് എന്നിവയാണ് പ്രധാനവിളകൾ. കന്നുകാലികൾ, പന്നി, കോഴി, വിവിധതരം സമുദ്രോല്പന്നങ്ങൾ എന്നിവ ഭക്ഷ്യോല്പന്നങ്ങളിൽപ്പെടുന്നു.

കക്കവർഗങ്ങളാണ് മുഖ്യകയറ്റുമതി ഉത്പന്നം. ചിറ്റക്കൊഞ്ച് (cray fish), ശംഖ് എന്നിവയാണ് മറ്റു പ്രധാന കയറ്റുമതി വിഭവ ങ്ങൾ. ഇതിൽ ശംഖ് ഹെയ്തിയൻ കമ്പോളത്തിലേക്കും, ചിറ്റക്കൊഞ്ച് യു. എസ്സിലേക്കും കയറ്റി അയയ്ക്കുന്നു. പുരാതനകാലം മുതൽ ഉപ്പുശേഖരണം ഇവിടത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗ്ഗമായിരുന്നു. 1964-ൽ പൂർണമായി നിറുത്തലാക്കപ്പെടുന്നതുവരെയും ഉപ്പ് ശേഖരണത്തിന് ഗവൺമെന്റ് സബ്സിഡി നൽകി യിരുന്നു. ഇപ്പോൾ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ് ടൂറിസം. ബ്രിട്ടന്റെ ആശ്രിതപ്രദേശമെന്ന നിലയിൽ ടർക്സ്-കൈകോസ് ദ്വീപുകൾ കോമൺവെൽത്തിൽ അംഗമാണ്. കാരികോമിലും (caricom) ഈ ദ്വീപുകൾക്ക് അംഗത്വമുണ്ട്.

ചരിത്രം

[തിരുത്തുക]

സ്പാനിഷ്പര്യവേക്ഷകനായ ജൂവൻ പോൺസി ദ ലിയോൺ (Juan Ponce de Leon) 1512-ൽ ഈ ദ്വീപ് കണ്ടെത്തുന്നതിനു മുമ്പുതന്നെ ആരാവാക് ഇന്ത്യാക്കാർ ഇവിടെ വസിച്ചിരുന്നതായി കരുതപ്പെടുന്നു. 1678 വരെ ഇവിടെ ജനവാസമുറപ്പിക്കുവാനുള്ള മറ്റു നീക്കങ്ങളൊന്നും ഫലപ്രദമായി നടന്നില്ല. ഉപ്പു തേടിയുള്ള തങ്ങളുടെ അന്വേഷണത്തിനിടയ്ക്ക് 1678-ൽ ബർമുഡാക്കാർ (Bermudians) ഇവിടെയെത്തി. 1764-ൽ ഫ്രഞ്ചുകാർ ഇവരെ തുരത്തിയോടിച്ചു. രണ്ടുവർഷത്തിനുശേഷം ഒരു റസിഡന്റ് എജന്റിനെ നിയമിച്ചുകൊണ്ടു ബ്രിട്ടൻ ഈ ദ്വീപുകളെ തങ്ങളുടെ അധീശത്വത്തിൻ കീഴിലാക്കി. അമേരിക്കൻ വിപ്ലവത്തിനുശേഷം തെക്കൻ യു. എസ്സിൽ നിന്നും കൂടിയേറിയ ബ്രിട്ടിഷ് അനുഭാവികൾ തങ്ങളുടെ അടിമകളുമായി കൈകോസ് ദ്വീപുകളിൽ താമസമുറപ്പിച്ചു. 1834-ൽ അടിമത്തം അവസാനിപ്പിച്ചതിനുശേഷമാണ് ഇവർ ഇവിടം വിട്ടുപോയത്.

18-ം ശതകത്തിന്റെ അവസാനഘട്ടത്തിൽ തന്നെ ഈ ദ്വീപുകളിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുവാനുള്ള നീക്കങ്ങൾ ബഹാമസ് ആരംഭിച്ചു കഴിഞ്ഞിരുന്നു. 1804-ൽ ബഹാമസ് ഭരണകൂടം അതിന്റെ അധികാരം ഈ ദ്വീപുകളിലേക്ക് വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു. തുടർന്നുണ്ടായ പോരാട്ടങ്ങൾക്കുശേഷം, 1874-ൽ ദ്വീപുകൾ ജമൈക്കൻ ബ്രിട്ടിഷ് കോളനിയുടെ ആശ്രിതപ്രദേശമായി മാറി. 1959-ൽ ജമൈക്കയ്ക്ക് ആഭ്യന്തര ദേശീയ ഭരണസംവിധാനം നടപ്പിലാക്കാൻ അനുമതി ലഭിച്ചതിൻപ്രകാരം ഈ ദ്വീപുകൾ ജമൈക്കൻ കോളനിയിലെ ഗവർണറുടെ ഭരണത്തിൻ കീഴിൽ തുടർന്നെങ്കിലും തങ്ങളുടേതായ നിയമനിർമ്മാണസഭ രൂപപ്പെടുത്തുന്നതിൽ ഇവർ പിന്നീട് വിജയംവരിച്ചു. 1962-ൽ ജമൈക്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ തുടർന്ന് ടർക്സ്-കൈകോസ് ദ്വീപുകൾ പ്രത്യേക കോളനിയായി മാറി (1973). 1976-ൽ നിലവിൽ വന്ന ഭരണഘടനയനുസരിച്ച് മന്ത്രിസഭാമാതൃകയിലുള്ള ഭരണസംവിധാനം നിലവിൽ വന്നു.

1988-ലെ പുതിയ ഭരണഘടന 1992-ൽ ഭേദഗതി ചെയ്തു. ഇതനുസരിച്ച് വിദേശകാര്യം, ആഭ്യന്തരസുരക്ഷ, പ്രതിരോധം തുടങ്ങിയ വകുപ്പുകളുടെ ചുമതല പൂർണമായും ഗവർണറിൽ നിക്ഷിപ്തമാക്കി. 1995 ജനുനുവരിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിലൂടെ മാർട്ടിൻ ബൂർക്ക് (Martin Bourke) ഗവർണറായും ഡെറിക് ടെയ്ലർ പ്രധാനമന്ത്രിയായും സ്ഥാനമേറ്റു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2010-11-08.
  2. "UK imposes Turks and Caicos rule". BBC News. 14 August 2009. Retrieved 2009-08-14.
  3. McElroy, Damien (14 August 2009). "Turks and Caicos: Britain suspends government in overseas territory". The Daily Telegraph. London. Retrieved 2009-08-14.
  4. "Turks and Caicos Department of Economic Planning and Statistics". Retrieved 2010-08-16.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടർക്സ്-കൈകോസ് ദ്വീപുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടർക്സ്-കൈകോസ്_ദ്വീപുകൾ&oldid=3633116" എന്ന താളിൽനിന്ന് ശേഖരിച്ചത്