ഉള്ളടക്കത്തിലേക്ക് പോവുക

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Khan Abdul Ghaffar Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
ഖാൻ, c.1960s
ജനനം
ഖാൻ അബ്ദുൾ ഗഫാർ ഖാൻ

(1890-02-06)6 ഫെബ്രുവരി 1890
ഉത്മാൻസായ്, പഞ്ചാബ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ[1]
(ഇന്നത്തെ ഖൈബർ പഖ്തൂൺഖ്വ, പാകിസ്ഥാൻ)
മരണം20 ജനുവരി 1988(1988-01-20) (97 വയസ്സ്)
Resting placeജലാലാബാദ്, അഫ്ഗാനിസ്ഥാൻ
വിദ്യാഭ്യാസംഅലിഗഢ് മുസ്ലീം സർവകലാശാല
Titleബച്ചാ ഖാൻ
രാഷ്ട്രീയ പാർട്ടി
Movementഖുദായ് ഖിദ്മത്ഗർ
ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം
ജീവിതപങ്കാളിs
മെഹർഖണ്ഡ കിനാങ്കെl
(m. 19121918)
നമ്പാട കിനാങ്കെl
(m. 19201926)
കുട്ടികൾ5, including
Parentഅബ്ദുൾ ബഹ്‌റാം ഖാൻ (പിതാവ്)
ബന്ധുക്കൾഖാൻ അബ്ദുൾ ജബ്ബാർ ഖാൻ (സഹോദരൻ)
അവാർഡുകൾ

ബ്രിട്ടീഷ് ഇന്ത്യയിലെ നോർത്ത്-വെസ്റ്റ് ഫ്രോണ്ടിയർ പ്രവിശ്യയിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു ഖാൻ അബ്ദുൾ ഗഫാർ ഖാൻ (6 ഫെബ്രുവരി 1890-20 ജനുവരി 1988)[2]. ബച്ചാഖാൻ, ബാദ്ഷാ ഖാൻ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഖുദായി ഖിദ്മത്ഗർ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായിരുന്നു അദ്ദേഹം[3]. ഇന്ത്യാ വിഭജനത്തോടെ പാകിസ്ഥാനിലെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചുവന്നു[4].

സമാധാനപരമായി ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്ത അദ്ദേഹം ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ വക്താവായി അറിയപ്പെട്ടിരുന്നു[5]. മഹാത്മാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത സൗഹൃദവും ഇരുവരുടേയും ആശയസമാനതകളും കാരണം അതിർത്തി ഗാന്ധി ("the Frontier Gandhi" (सरहदी गांधी, Sarhadi Gandhi) എന്ന വിശേഷണത്തിലൂടെ പ്രസിദ്ധനായി[6][7][8][4][9][10][7] 1929-ൽ ഖാൻ ഖുദായ് ഖിദ്മത്ഗ എന്ന പേരിൽ ഒരു കൊളോണിയൽ വിരുദ്ധ, അഹിംസാത്മക പ്രതിരോധ പ്രസ്ഥാനം കെട്ടിപ്പടുത്തു. ഈ പ്രസ്ഥാനത്തിന്റെ ജനകീയതയിൽ പരിഭ്രാന്തരായ കൊളോണിയൽ സർക്കാർ കടുത്ത അടിച്ചമർത്തൽ നടപടികളുമായി മുന്നോട്ടുപോയി[11]. ഇതോടെ സംഘടനാപ്രവർത്തകർ വലിയ പീഢനങ്ങൾ നേരിടേണ്ടിവന്നു.

മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമങ്ങളെ നഖശിഖാന്തം എതിർത്തുവന്ന ഖാനും അദ്ദേഹം സ്ഥാപിച്ച സംഘടനയും, ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിച്ചു[12][13][14]. കോൺഗ്രസ് ഇന്ത്യാ വിഭജനത്തിന് സമ്മതിച്ചതോടെ തങ്ങളെ കോൺഗ്രസ് ചതിച്ചു എന്നവർ കരുതി[15]. വിഭജനം യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായതോടെ പാകിസ്ഥാനിൽ ചേരാൻ താല്പര്യപ്പെടാതിരുന്ന അവർ പഷ്തൂൺ പ്രവിശ്യകൾ ചേർന്നുള്ള ഒരു പഷ്തൂണിസ്ഥാൻ എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബന്നു പ്രമേയം അവതരിപ്പിച്ചു. ഇതിനായി റഫറണ്ടം ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടീഷ് അധികൃതർ അവ നിരസിച്ചു[16][17][18][19].

ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെ വിഭജിച്ചതിനുശേഷം, പുതുതായി സൃഷ്ടിക്കപ്പെട്ട പാകിസ്ഥാൻ രാഷ്ട്രത്തോട് കൂറ് പുലർത്തുന്നതായി പ്രതിജ്ഞയെടുത്ത ഖാൻ, ഇന്നത്തെ പാകിസ്ഥാൻ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ താമസിക്കുകയും ചെയ്തു. 1948 നും 1954 നും ഇടയിൽ പാകിസ്ഥാൻ സർക്കാർ അദ്ദേഹത്തെ പലപ്പോഴും അറസ്റ്റ് ചെയ്തു.[20][21]1956-ൽ, വൺ യൂണിറ്റ് പരിപാടിയോടുള്ള എതിർപ്പിന്റെ പേരിൽ അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും, പടിഞ്ഞാറൻ പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളെയും പഴയ കിഴക്കൻ പാകിസ്ഥാൻ്റെ (ഇന്നത്തെ ബംഗ്ലാദേശ്) രാഷ്ട്രീയ ഘടനയുമായി പൊരുത്തപ്പെടുത്തുന്നതിന് ഒരൊറ്റ യൂണിറ്റായി ലയിപ്പിക്കാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. 1960 കളിലും 1970 കളിലും ഖാൻ ജയിലിലടയ്ക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. 1987 ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി ആദരിച്ചു.

1988-ൽ പെഷവാറിൽ വച്ച് അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ള വീട്ടുവളപ്പിൽ ഖബറടക്കി. പെഷവാറിൽ നിന്ന് ഖൈബർ ചുരം വഴി ജലാലാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. അഫ്ഗാൻ പ്രസിഡന്റ് മുഹമ്മദ് നജീബുള്ള ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അഫ്ഗാൻ സർക്കാർ അദ്ദേഹത്തിന് സൈനിക ബഹുമതികൾ നൽകി ആദരിക്കുകയും ചെയ്തു. അഫ്ഗാൻ-സോവിയറ്റ് സംഘർഷങ്ങൾ നടന്നിരുന്ന ആ കാലഘട്ടത്തിൽ ഈ സംസ്കാര ചടങ്ങ് പ്രമാണിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും രണ്ട് സ്ഫോടനങ്ങളിലായി 15 പേർ മരണപ്പെട്ടിരുന്നു.

1987-ൽ ഇദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം.[22][23]

ജീവിതരേഖ

[തിരുത്തുക]

1890-ൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്തെ ഹാഷ്‌ത്നഗ എന്ന സ്ഥലത്ത് ഉസ്മാൻസായ് ഗ്രാമത്തിലെ ഒരു സമ്പന്ന സുന്നി മുസ്ലീം മുഹമ്മദ്സായി പഷ്തൂൺ കുടുംബത്തിൽ ബഹ്റാം ഖാൻ എന്നയാളുടെ നാലാമത്തെ പുത്രനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് അബ്ദുൾ ബഹ്‌റാം ഖാൻ ഹാഷ്‌ത്നഗറിലെ ഒരു ഭൂവുടമയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ പഞ്ചാബ് പ്രവിശ്യയിലുൾപ്പെട്ടിരുന്ന സ്വാത് നദിയുടെ ഒരു ശാഖയായ ജിൻഡീ-എയ്ക്ക് സമീപമാണ് അവർ താമസിച്ചിരുന്നത്.[24][25] മത പാഠശാലയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഗാഫർ ഖാൻ പെഷവാറിലെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള എഡ്വേർഡ്‌സ് മിഷൻ സ്കൂളിൽ ഉപരിവിദ്യാഭ്യാസം നടത്തി. ഈ മേഖലയിലെ പൂർണ്ണമായി പ്രവർത്തിക്കുന്ന ഏക സ്‌കൂളായിരുന്നു അത്, ക്രിസ്ത്യൻ മിഷനറിമാരാണ് നടത്തിയിരുന്നത്. സ്കൂളിൽ, ഖാൻ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പ്രാദേശിക സമൂഹത്തിന് സേവനം നൽകുന്നതിൽ വിദ്യാഭ്യാസം വഹിക്കുന്ന നിർണായക പങ്ക് കാണാൻ അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ റെവറന്റ് വിഗ്രാമിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്തു. സെക്കൻഡറി സ്കൂളിലെ പത്താം വർഷത്തിലും അവസാന വർഷത്തിലും, ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ കോർപ്സ് ഓഫ് ഗൈഡ്സ് റെജിമെന്റിൽ വളരെ അഭിമാനകരമായ ഒരു കമ്മീഷൻ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യപ്പെട്ടു. ഗൈഡ്സിന്റെ ഇന്ത്യൻ ഓഫീസർമാർ പോലും സ്വന്തം രാജ്യത്ത് ഇപ്പോഴും രണ്ടാംതരം പൗരന്മാരായാണ് പരിഗണിക്കപ്പെടുന്നതെന്ന നിരീക്ഷണം ചെയ്ത ഖാൻ ആ വാഗ്ദാനം നിരസിച്ചു. യൂണിവേഴ്സിറ്റിയിൽ ചേരണമെന്ന തന്റെ പ്രാരംഭ ആഗ്രഹവുമായി അദ്ദേഹം പിന്നീട് മുന്നോട്ടുപോകുകയും, റവറന്റ് വിഗ്രാം (ഖാന്റെ അധ്യാപകൻ) തന്റെ സഹോദരൻ അബ്ദുൾ ജബ്ബാർ ഖാനെ പിന്തുടർന്ന് ഇംഗ്ലണ്ടിലെ ലണ്ടനിൽ പഠിക്കാൻ അവസരം നൽകുകയും ചെയ്തു. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം, ഖാന് ഒടുവിൽ ലണ്ടനിലേക്ക് പോകാൻ പിതാവിൽ നിന്ന് അനുമതി ലഭിച്ചു. എന്നിരുന്നാലും, മറ്റൊരു മകനെ ലണ്ടനിലേക്ക് അയയ്ക്കാൻ അമ്മ തയ്യാറായില്ല, അതിനാൽ തന്റെ അടുത്ത ലക്ഷ്യത്തേലേയ്ക്കുള്ള ചുവടുവയ്പ്പിനായി പിതാവിന്റെ ഭൂമിയിൽ ജോലി ചെയ്യാൻ തുടങ്ങി.[26]

1910-ൽ 20 വയസ്സുള്ളപ്പോൾ ഖാൻ തന്റെ ജന്മനാടായ ഉത്മൻസായിയിൽ ഒരു മദ്രസ ആരംഭിച്ചു. 1911-ൽ അദ്ദേഹം തുരാങ്‌സായിയിലെ പഷ്തൂൺ ആക്ടിവിസ്റ്റ് ഹാജി സാഹിബിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ചേർന്നു. 1915-ഓടെ, ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾ ഖാന്റെ മദ്രസയുടെ ഇന്ത്യൻ സ്വാതന്ത്ര്യ അനുകൂല പ്രവർത്തനങ്ങൾ തങ്ങളുടെ അധികാരത്തിന് ഭീഷണിയാണെന്ന് കരുതി അടച്ചുപൂട്ടി.[27] ബ്രിട്ടീഷ് ഭരണത്തിനെതിരായ ഇന്ത്യൻ കലാപങ്ങളുടെ ആവർത്തിച്ചുള്ള പരാജയം കണ്ട ഖാൻ, സാമൂഹിക പ്രവർത്തനങ്ങളും പരിഷ്കരണങ്ങളും വംശീയ പഷ്തൂണുകൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന് കണ്ടു. ഇത് 1921-ൽ അഞ്ജുമാൻ-ഇ ഇസ്‌ലാഹ്-ഇ അഫ്ഗാനിയ (പഷ്തു: انجمن اصلاح افاغنه, 'അഫ്ഗാൻ റിഫോം സൊസൈറ്റി') രൂപീകരിക്കുന്നതിലേക്കും 1927 ൽ യുവജന പ്രസ്ഥാനമായ പാക്‌ടൂൻ ജിർഗ (پښتون جرګه, 'പഷ്തൂൺ അസംബ്ലി') രൂപീകരിക്കുന്നതിലേയ്ക്കും നയിച്ചു. 1928 മെയ് മാസത്തിൽ ഹജ്ജ് തീർഥാടനത്തിനായി മക്കയിലെ ഹെജാസ്−നെജ്ദ് (ഇന്നത്തെ സൗദി അറേബ്യ) ലേക്ക് പോയി മടങ്ങിയെത്തിയ ഖാൻ, പാഷ്തോ ഭാഷയിലെ പ്രതിമാസ രാഷ്ട്രീയ ജേണലായ Pax̌tūn (پښتون, 'പഷ്തൂൻ') സ്ഥാപിച്ചു. ഒടുവിൽ, 1929 നവംബറിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിപ്പിക്കുന്നതിനും ഏകീകൃതവും സ്വതന്ത്രവുമായ ഒരു ഇന്ത്യ സ്ഥാപിക്കുന്നതിനും വേണ്ടി ശക്തമായി വാദിക്കുകയെന്ന ലക്ഷ്യത്തോടെ ഖുദായി ഖിദ്മത്ഗാർ (خدايي خدمتګار, 'ദൈവദാസന്മാർ') എന്ന പ്രസ്ഥാനം സ്ഥാപിച്ചു.[28]

ആദ്യകാല കരിയർ

[തിരുത്തുക]
1938-ൽ പെഷവാറിൽ മഹാത്മാഗാന്ധിയോടൊപ്പം സ്വാതന്ത്ര്യാനുകൂല റാലിയിൽ പങ്കെടുക്കുന്ന ഖാൻ.
ഒന്നാം ലോകമഹായുദ്ധത്തിലെ പരാജയത്തിനുശേഷം (c. 1920) ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഇസ്ലാമിക ഖിലാഫത്തിനെ പുനഃസ്ഥാപിക്കാൻ ശ്രമിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സമയത്ത് ഇന്ത്യയിലെ പെഷവാറിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് മാർച്ച് നയിക്കുന്ന ഖാൻ.

സ്വന്തം വിദ്യാഭ്യാസം തുടരാൻ കഴിയാതിരുന്ന ബച്ചാ ഖാൻ മറ്റുള്ളവരെ വിദ്യാഭ്യാസം ആരംഭിക്കാൻ സഹായിക്കുന്നതിലേക്ക് തിരിഞ്ഞു. ലോകത്തിലെ അത്തരം പല പ്രദേശങ്ങളെയും പോലെ, റഷ്യൻ സ്വാധീനത്തിൽ നിന്ന് ബ്രിട്ടീഷ് രാജിന് ഒരു സംരക്ഷണമായി പുതുതായി രൂപീകരിച്ച വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയുടെ (ഇപ്പോൾ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ) തന്ത്രപരമായ പ്രാധാന്യം അവിടത്തെ നിവാസികൾക്ക് വലിയ പ്രയോജനമൊന്നും ചെയ്തിരുന്നില്ല. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തോടുള്ള എതിർപ്പിനോടൊപ്പം മുല്ലമാരുടെ അധികാരം, അക്രമം, പ്രതികാരം എന്നിവയിലൂന്നിയ ഗോത്രങ്ങളുടെ പുരാതന സംസ്കാരം എന്നിവയാണ് ബച്ചാ ഖാനെ വിദ്യാഭ്യാസത്തിലൂടെ കൂടെയുള്ളവരെ സേവിക്കാനും ഉയർത്താനും പ്രേരിപ്പിച്ചത്. 20 വയസ്സുള്ളപ്പോൾ, ബച്ചാ ഖാൻ ഉത്മാൻസായിയിൽ തന്റെ ആദ്യ വിദ്യാലയം ആരംഭിച്ചു. അത് ഒരു തൽക്ഷണ വിജയമാകുകയും, താമസിയാതെ പുരോഗമന ചിന്താഗതിക്കാരായ പരിഷ്കർത്താക്കളുടെ ഒരു വലിയ വലയത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കപ്പെടുകയും ചെയ്തു. പെൺകുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പ്രവേശനമുള്ള "ആസാദ്" വിദ്യാലയങ്ങളുടെ ഒരു പരമ്പര അദ്ദേഹം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ പഖ്തൂണുകൾക്കിടയിൽ വിപ്ലവകരമായ ആശയങ്ങൾ വ്യാപിക്കുമെന്ന് ഭയന്ന ബ്രിട്ടീഷ് അധികാരികൾ ഈ വിദ്യാലയങ്ങളിൽ പലതും അടച്ചുപൂട്ടി. അതിർത്തികളിലെ പഖ്തൂണുകൾക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും ലളിതവും പരമ്പരാഗതവുമായ ഒരു ജീവിതരീതിയിൽ ഒതുങ്ങി നിൽക്കണമെന്നുമുള്ള അവരുടെ കൊളോണിയൽ ആശയത്തിലും വിശ്വാസത്തിലും ഇത് വേരൂന്നിയിരുന്നു.[29][30]

ഒട്ടേറെ എതിർപ്പുകൾക്കും വ്യക്തിപരമായ ബുദ്ധിമുട്ടുകൾക്കിടയിലും , ബച്ചാ ഖാൻ തന്റെ സഹ പഷ്തൂണുകളെ സംഘടിപ്പിക്കുന്നതിനും അവർക്കിടയിൽ അവബോധം വളർത്തുന്നതിനും അക്ഷീണം യത്നിച്ചു.1915 നും 1918 നും ഇടയിൽ അദ്ദേഹം വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ (NWFP) ജനവാസ കേന്ദ്രങ്ങളിലെ 500 ഗ്രാമങ്ങളെങ്കിലും സന്ദർശിച്ചു. ഈ ഉന്മത്തമായ പ്രവർത്തനത്തിൽ അദ്ദേഹം ബാദ്ഷാ ഖാൻ ("മൂപ്പൻമാരുടെ രാജാവ്") എന്നറിയപ്പെടാൻ തുടങ്ങുകയും പിന്നീട് അത് ബച്ചാ ഖാൻ എന്ന ചുരുക്കപ്പേരായി മാറുകയും ചെയ്തു.[31][32]

വ്യക്തിജീവിതം

[തിരുത്തുക]
മോഡേൺ റിവ്യൂവിൽ (1939) പ്രസിദ്ധീകരിച്ച ഒരു ചിത്രം.

1912-ൽ അദ്ദേഹം ഉത്മാൻസായിക്ക് സമീപത്തുള്ള ഗ്രാമമായ റസ്സറിലെ മുഹമ്മദ്സായി ഗോത്രത്തിലെ കിനാൻഖേൽ വംശത്തിലെ യാർ മുഹമ്മദ് ഖാന്റെ മകളായിരുന്ന മെഹർഖണ്ഡയെ വിവാഹം കഴിച്ചു. 1913-ൽ അവർക്കുണ്ടായ മകൻ പിൽക്കാലത്ത് ഒരു പ്രശസ്ത കലാകാരനും കവിയുമായി മാറി. തുടർന്ന്, അവർക്ക് മറ്റൊരു മകനായ അബ്ദുൾ വാലി ഖാൻ (17 ജനുവരി 1917 - 2006), മകളായ സർദാരോ എന്നിവരും ജനിച്ചു. 1918-ലെ ഇൻഫ്ലുവൻസ പകർച്ചവ്യാധിയുടെ കാലത്ത് മെഹർഖണ്ഡ മരിച്ചു. 1920-ൽ, ബച്ച ഖാൻ വീണ്ടുമൊരു വിവാഹം കഴിച്ചു; അദ്ദേഹത്തിന്റെ പുതിയ ഭാര്യയായ നമ്പാത്ത, ആദ്യ ഭാര്യയുടെ കസിനും റസ്സറിലെ സുൽത്താൻ മുഹമ്മദ് ഖാന്റെ മകളുമായിരുന്നു. അവർക്ക് മെഹർ താജ് (25 മെയ് 1921 - 29 ഏപ്രിൽ 2012), അബ്ദുൾ അലി ഖാൻ (20 ഓഗസ്റ്റ് 1922 - 19 ഫെബ്രുവരി 1997) എന്ന മകനും ജനിച്ചു. വിധിവൈപരീത്യമെന്നുപറയട്ടെ, 1926-ൽ ജറുസലേമിൽ താമസിച്ചിരുന്നപ്പോൾ അപ്പാർട്ട്മെന്റിന്റെ പടികളിൽ നിന്ന് വീണു നമ്പാറ്റയും അകാലത്ത് അന്തരിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിശ്വസിച്ചിരുന്ന ബച്ചാ ഖാൻ, തന്റെ മകൾക്ക് ആൺമക്കൾക്ക് തുല്യമായ വിദ്യാഭ്യാസമാണ് നൽകിയത്.[33]

ഖുദായി ഖിദ്മത്ഗർ

[തിരുത്തുക]
ഖാന്റെ ഖുദായി ഖിദ്മത്ഗർ പ്രസ്ഥാനത്തിൻ്റെ അനുയായികൾ (c. 1947).

കാലക്രമേണ, ബച്ചാ ഖാന്റെ ലക്ഷ്യം ഒരു ഏകീകൃത, സ്വതന്ത്ര, മതേതര ഇന്ത്യ രൂപീകരിക്കുക എന്നതായി മാറി. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, 1920-കളിൽ അദ്ദേഹം "റെഡ് ഷർട്ടുകൾ" (സുർഖ് പോഷ്) എന്നറിയപ്പെടുന്ന ഖുദായ് ഖിദ്മത്ഗർ ("ദൈവത്തിന്റെ ദാസന്മാർ") സ്ഥാപിച്ചു.

ഒരു സത്യപ്രതിജ്ഞയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സജീവമായ അഹിംസയുടെ ഒരു രൂപമെന്ന നിലയിൽ ഗാന്ധിജിയുടെ സത്യാഗ്രഹമെന്ന ആശയത്തിന്റെ ശക്തിയിലുള്ള വിശ്വാസത്തിലാണ് ഖുദായ് ഖിദ്മത്ഗർ സ്ഥാപിതമായത്, അദ്ദേഹം അതിലെ അംഗങ്ങളോട് പറഞ്ഞു:

"പോലീസിനും സൈന്യത്തിനും നേരിടാൻ കഴിയാത്ത ഒരു ആയുധമാണ് ഞാൻ നിങ്ങൾക്ക് നൽകാൻ പോകുന്നത്. അത് പ്രവാചകന്റെ ആയുധമാണ്, പക്ഷേ നിങ്ങൾ ഇനിയും അത് എന്താണെന്ന് അറിഞ്ഞിട്ടില്ല. ആ ആയുധം ക്ഷമയും നീതിയുമാണ്. ഭൂമിയിലെ ഒരു ശക്തിക്കും അതിനെ ചെറുക്കാൻ കഴിയില്ല."[34]

കൊളോണിയൽ സർക്കാരിനെതിരായ ചെറുത്തുനിൽപ്പിനായി സ്വാതന്ത്ര്യസമരത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഈ സംഘടന ഏകദേശം 100,000-ത്തിലധികം അംഗങ്ങളെ ചേർത്തു. പണിമുടക്കുകൾ, രാഷ്ട്രീയ സംഘടനകൾ, അഹിംസയിലൂന്നയി ചെറുത്തുനിൽപ്പ് എന്നിവയിലൂടെ ഖുദായി ഖിദ്മത്ഗറിന് ഏതാനും ചില വിജയം നേടാനും NWFP യുടെ രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിക്കാനും കഴിഞ്ഞു. പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്ന (1937 മുതലും പിന്നീട് 1947 വരെയും മുസ്ലീം ലീഗിലെ മുഹമ്മദ് അലി ജിന്ന അദ്ദേഹത്തിന്റെ സർക്കാരിനെ പിരിച്ചുവിടുന്നതുവരെ) സഹോദരൻ ഡോ. ഖാൻ അബ്ദുൾ ജബ്ബാർ ഖാനായിരുന്നു (ഡോ. ഖാൻ സാഹിബ് എന്നറിയപ്പെടുന്നു) പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിഭാഗത്തിന് നേതൃത്വം നൽകിയിരുന്നത്.

കിസ്സ ഖ്വാനി കൂട്ടക്കൊല

[തിരുത്തുക]

1930 ഏപ്രിൽ 23 ന്, ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ ബച്ചാ ഖാൻ അറസ്റ്റിലായി. പെഷവാറിലെ കിസ്സ ഖ്വാനി (കഥാകൃത്ത്) ബസാറിൽ ഖുദായി ഖിദ്മത്ഗറിൻ്റെ അനുയായികളായ ജനക്കൂട്ടം ഒത്തുകൂടി. നിരായുധരായ ജനക്കൂട്ടത്തിന് നേരെ മെഷീൻ ഗൺ ഉപയോഗിച്ച് വെടിയുതിർക്കാൻ കൊളോണിയൽ ഗവൺമെൻ്റ് സൈന്യത്തോട് ഉത്തരവിട്ടു. ഈ വെടിവയ്പ്പിൽ ഏകദേശം 200-250 പേർ കൊല്ലപ്പെട്ടു.[35] ബച്ചാ ഖാന്റെ കീഴിൽ അഹിംസയിൽ അധിഷ്ടിതമായ പരിശീലനം നേടിയിരുന്ന ഖുദായ് ഖിദ്മത്ഗർ അംഗങ്ങൾ സൈന്യത്തിന്റെ വെടിയുണ്ടകളെ നിരായുധരായി നേരിട്ടു.[36] ചന്ദ്ര സിംഗ് ഗർവാലിയുടെ കീഴിലുള്ള ഗർവാൾ റൈഫിൾസ് റെജിമെന്റിലെ രണ്ട് പ്ലാറ്റൂണുകൾ സമാധാനപരമായി സമരം ചെയ്ത ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കാൻ വിസമ്മതിച്ചു. പിന്നീട് അവരെ കോർട്ട്മാർഷൽ ചെയ്യുകയും ജീവപര്യന്തം തടവ് ഉൾപ്പെടെ വിവിധ ശിക്ഷകൾക്ക് വിധിക്കുകയും ചെയ്തു.

1988-ൽ പെഷവാറിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ബച്ചാ ഖാൻ അന്തരിച്ചു, അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ സംസ്കാരം നടന്നു.[37][38] അഫ്ഗാൻ പ്രസിഡന്റ് മുഹമ്മദ് നജിബുള്ള ഉൾപ്പെടെ 200,000-ത്തിലധികം പേർ അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സിയ ഉൾ-ഹഖ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സന്ദർശനം തടയാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ രാജീവ് ഗാന്ധി പെഷവാറിലേക്ക് പോയി. കൂടാതെ, അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഇന്ത്യൻ സർക്കാർ അഞ്ച് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.[39] ആവർത്തിച്ച് തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള, അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിൽ പതിനായിരക്കണക്കിന് വിലാപയാത്രക്കാർ പങ്കെടുത്തു. ഒരു റിപ്പോർട്ടർ വിശേഷിപ്പിച്ചത്, "സ്നേഹത്തിന്റെ സന്ദേശം വഹിക്കുന്ന സമാധാനത്തിന്റെ ഒരു യാത്രാസംഘം" ഖൈബറിന് കിഴക്കുള്ള പഷ്തൂണുകളിൽ നിന്ന് പടിഞ്ഞാറുള്ളവരിലേക്ക്, പെഷവാറിൽ നിന്ന് ജലാലാബാദിലേക്ക് ചരിത്രപ്രസിദ്ധമായ ഖൈബർ ചുരത്തിലൂടെ മാർച്ച് ചെയ്തു" എന്നാണ്. സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിൽ, പതിനഞ്ച് പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടനങ്ങളാൽ പ്രദേശം കലുഷിതമായിരുന്നെങ്കിലും ശവസംസ്കാരം നടത്താൻ അനുവദിക്കുന്നതിനായി വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.[40]

സ്വാതന്ത്ര്യസമര രംഗത്ത്

[തിരുത്തുക]

1919-ൽ റൗലറ്റ് നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ സമയത്ത് മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടി. ഗാന്ധി-ഖാൻ സൗഹൃദം നീണ്ട നാളുകൾ തുടർന്നു. അതിനു ശേഷം അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തിൽ അംഗമാവുകയും മഹാത്മാ ഗാന്ധിയുടെ അനുയായിയായി മാറുകയും ചെയ്തു.

ബച്ചാ ഖാനും ഇന്ത്യൻ നാഷണൽ കോൺഗ്രസും

[തിരുത്തുക]

അഹിംസാത്മകമായ ബഹുജന സിവിൽ നിയമലംഘനത്തിന്റെ തുടക്കക്കാരനായ മഹാത്മാ ഗാന്ധിയുമായി അടുത്ത് ഇടപഴകിയ ബച്ചാ ഖാൻ അദ്ദേഹവുമായി ആത്മീയവും തടസ്സമില്ലാത്തതുമായ ഒരു സൗഹൃദബന്ധം സ്ഥാപിച്ചു. ഇരുവരും പരസ്പര ബഹുമാനം പുലർത്തുകയും 1947 വരെ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഖുദായ് ഖിദ്മത്ഗർ (ദൈവദാസന്മാർ) സ്വാതന്ത്ര്യത്തിനായി പോരാടുന്ന പ്രമുഖ ദേശീയ സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടൊത്ത് (ഐഎൻസി) പ്രക്ഷോഭം നടത്തുകയും യോജിച്ച് പ്രവർത്തിക്കുകയും ചെയ്തു. ബച്ചാ ഖാൻ ആ സംഘടനയിലെ മുതിർന്ന അംഗവും ആദരണീയനുമായിരുന്നു. കോൺഗ്രസ് മഹാത്മാഗാന്ധിയോട് നയപരമായ വിയോജിപ്പുകൾ പ്രകടിപ്പിച്ച പല സന്ദർഭങ്ങളിലും ബച്ചാ ഖാൻ അദ്ദേഹത്തിന്റെ ഏറ്റവും ഉറച്ച സഖ്യകക്ഷിയായി തുടർന്നു. 1931-ൽ കോൺഗ്രസ് അദ്ദേഹത്തിന് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തുവെങ്കിലും അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിച്ചു, "ഞാൻ ഒരു ലാളിത്യം ഇഷ്ടപ്പെടുന്ന ഒരു പട്ടാളക്കാരനും ഖുദായ് ഖിദ്മത്ഗറുമാണ്, എനിക്ക് സേവനമനുഷ്ഠിക്കാൻ മാത്രമേ ആഗ്രഹമുള്ളൂ." വർഷങ്ങളോളം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ അംഗമായി തുടർന്നു അദ്ദേഹം, പാർട്ടിയുടെ യുദ്ധനയവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം 1939-ൽ മാത്രമാണ് രാജിവച്ചത്. യുദ്ധനയം പരിഷ്കരിച്ചപ്പോൾ അദ്ദേഹം വീണ്ടും കോൺഗ്രസ് പാർട്ടിയിൽ അംഗമായി ചേർന്നു.

വനിതകളുടെ അവകാശങ്ങളുടെയും അഹിംസയുടെയും വക്താവായിരുന്നു ബച്ചാ ഖാൻ. അക്രമം ആധിപത്യം പുലർത്തുന്ന ഒരു സമൂഹത്തിൽ അദ്ദേഹം ഒരു നായകനായി മാറി. അദ്ദേഹത്തിന്റെ ലിബറൽ കാഴ്ചപ്പാടുകളും അചഞ്ചലമായ വിശ്വാസവും വ്യക്തമായ ധൈര്യവും വളരെയധികം ബഹുമാനം നേടുന്നതിന് കാരണമായി. ജീവിതത്തിലുടനീളം, അഹിംസാത്മക രീതികളിലോ ഇസ്ലാമിന്റെയും അഹിംസയുടെയും പൊരുത്തത്തിലോ അദ്ദേഹത്തിന് ഒരിക്കലും വിശ്വാസം നഷ്ടപ്പെട്ടില്ല. വാളുകൾ മാത്രം പിടിച്ചിരിക്കുന്ന ശത്രുക്കളുമായി ഒരു ജിഹാദ് പോരാട്ടം നടത്തേണ്ടിതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞു. അഹിംസാത്മക തത്വങ്ങൾ കാരണം മഹാത്മാ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദഹം ഇന്ത്യയിൽ 'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കോൺഗ്രസ് സഹകാരികളിൽ പ്രധാനിയായിരുന്നു പെഷവാറിലെ പണ്ഡിറ്റ് അമീർ ചന്ദ് ബോംബ്വാൾ.

വിഭജനം

[തിരുത്തുക]
ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിപ്പിക്കാനും ഒരു സംയുക്ത ഹിന്ദു-മുസ്ലിം രാഷ്ട്രം സ്ഥാപിക്കാനും ശ്രമിച്ച ഇസ്ലാമിക പ്രസ്ഥാനമായ ഖക്‌സർ തെഹ്‌റിക്കിൻ്റെ നേതാവിനൊപ്പം ഖാനും ഗാന്ധിജിയും പെഷവാറിൽ. (6 മെയ് 1938).
മഹാത്മാഗാന്ധിയോടൊപ്പം പ്രാർത്ഥനയിലിരിക്കുന്ന ഖാൻ (ഏകദേശം 1940-കൾ)

ഇന്ത്യാ വിഭജനത്തെ ഖാൻ ശക്തമായി എതിർത്തിരുന്നു.[41][42] ചില രാഷ്ട്രീയക്കാർ അദ്ദേഹം ഒരു മുസ്ലീം വിരുദ്ധനാണെന്ന് ആരോപിച്ചതോടെ, 1946-ൽ ഖാൻ ശാരീരികമായി ആക്രമിക്കപ്പെടുകയും പെഷവാറിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.[43] 1947 ജൂൺ 21-ന്, വിഭജനത്തിന് കേവലം ഏഴ് ആഴ്ച മുമ്പ് ബന്നുവിൽവച്ച്, ബച്ചാ ഖാൻ, ഖുദായ് ഖിദ്മത്ഗറുകൾ, പ്രവിശ്യാ അസംബ്ലി അംഗങ്ങൾ, മിർസാലി ഖാൻ (ഇൽപിയിലെ ഫഖീർ), മറ്റ് ഗോത്ര മേധാവികൾ എന്നിവർ ഉൾപ്പെടുന്ന ഒരു ലോയ ജിർഗ (സമവായത്തിലൂടെ തീരുമാനങ്ങൾ എടുക്കുന്ന ഗോത്ര നേതാക്കളുടെ ഒരു സമ്മേളനം) നടന്നു. ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരുന്നതിന് പകരം ബ്രിട്ടീഷ് ഇന്ത്യയിലെ എല്ലാ പഷ്തൂൺ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര പഷ്തൂണിസ്ഥാൻ സംസ്ഥാനം പഷ്തൂണുകൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ലോയ ജിർഗ ബന്നു പ്രമേയം പുറപ്പെടുവിച്ചു.[44][45] എന്നിരുന്നാലും, ഈ പ്രമേയപ്രകാരമുള്ള ആവശ്യം പാലിക്കാൻ ബ്രിട്ടീഷുകാർ വിസമ്മതിച്ചു.[46][47]

കാബിനറ്റ് മിഷൻ പദ്ധതിയും ജിന്നയ്ക്ക് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യാനുള്ള ഗാന്ധിയുടെ നിർദ്ദേശവും പോലെ വിഭജനം തടയാനുള്ള അവസാനത്തെ വിട്ടുവീഴ്ചകൾ കോൺഗ്രസ് പാർട്ടി നിരസിച്ചു. 1947 ജൂലൈയിൽ പാകിസ്ഥാനിൽ ചേരുന്നതിനെക്കുറിച്ചുള്ള NWFP റഫറണ്ടം നടന്നപ്പോൾ ബച്ചാ ഖാൻ, ഖുദായ് ഖിദ്മത്ഗാർസ്, അന്നത്തെ മുഖ്യമന്ത്രി ഖാൻ സാഹിബ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി എന്നിവർ റഫറണ്ടം ബഹിഷ്കരിച്ചു. ജനസംഖ്യയിലെ ഒരു വിഭാഗത്തിന് വോട്ടുചെയ്യുന്നതിൽ നിന്ന് വിലക്കുണ്ടായിരുന്നുവെന്ന് ചിലർ വാദിക്കുന്നു.[48]

പൈതൃകം

[തിരുത്തുക]
ഖാൻ മഹാത്മാഗാന്ധിയോടൊപ്പം (ഏകദേശം 1940).
1993 ൽ ഇന്ത്യ തപാൽ സ്റ്റാമ്പ് പുറത്തിറക്കി.

അഹിംസാത്മക പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിൽ ബച്ചാ ഖാന്റെ രാഷ്ട്രീയ പാരമ്പര്യം പഷ്തൂണുകൾക്കിടയിലും ഒപ്പം ആധുനിക ഇന്ത്യയിലുള്ളവർക്കിടയിലും പ്രസിദ്ധമാണ്. പഷ്തൂൺ ദേശീയതയുടെ മുൻനിര വ്യക്തികളിൽ ഒരാളായി അദ്ദേഹം പലപ്പോഴും കണക്കാക്കപ്പെടുന്നു.[49] എന്നിരുന്നാലും, പാകിസ്ഥാനിൽ മുസ്ലീം ലീഗിനോടും ഇന്ത്യാ വിഭജനത്തോടും ജിന്നയോടുമുള്ള അദ്ദേഹത്തിന്റെ എതിർപ്പിനെക്കുറിച്ചും അതുപോലെതന്നെ അഖിലേന്ത്യാ കോൺഗ്രസിനോടുള്ള അദ്ദേഹത്തിന്റെ നിലപാട് സംബന്ധമായും സമൂഹത്തിലെ ബഹുഭൂരിപക്ഷവും ചോദ്യം ചെയ്തിട്ടുണ്ട്.പ്രത്യേകിച്ച്, ബച്ചാ ഖാന്റെ രാജ്യസ്നേഹം എവിടെയാണ് കുടികൊള്ളുന്നതെന്നും ആളുകൾ ചോദ്യം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ മൂത്ത മകൻ ഘാനി ഖാൻ ഒരു കവിയായിരുന്നു. ഘാനി ഖാന്റെ ഭാര്യയായിരുന്ന റോഷൻ ഒരു പാർസി കുടുംബത്തിൽ നിന്നുള്ള വനിതയും ഹൈദരാബാദ് രാജകുമാരനായിരുന്ന നവാബ് റുസ്തം ജാങ്ങിന്റെ മകളുമായിരുന്നു.[50] അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ അബ്ദുൾ വാലി ഖാൻ 1986 മുതൽ 2006 വരെ അവാമി നാഷണൽ പാർട്ടിയുടെ സ്ഥാപകനും നേതാവുമായിരുന്നു, മാത്രമല്ല 1988 മുതൽ 1990 വരെ അദ്ദേഹം പാകിസ്ഥാൻ നാഷണൽ അസംബ്ലിയിൽ പ്രതിപക്ഷ നേതാവുമായിരുന്നു.

മൂന്നാമത്തെ മകനായ അബ്ദുൾ അലി ഖാൻ രാഷ്ട്രീയക്കാരനല്ലാത്തയാളും ഒരു മികച്ച അധ്യാപകനുമായിരുന്നു. പെഷവാർ സർവകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ലാഹോറിലെ ഐച്ചിസൺ കോളേജിന്റെയും മർദാനിലെ ഫാസിൽ ഹഖ് കോളേജിന്റെയും തലവനായിരുന്നു

അദ്ദേഹത്തിന്റെ അനന്തരവളായിരുന്ന മറിയം 1939 ൽ ജസ്വന്ത് സിംഗിനെ വിവാഹം കഴിച്ചു. ജസ്വന്ത് സിംഗ് ഒരു യുവ ബ്രിട്ടീഷ് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനും സിഖ് മതവിശ്വാസിയുമായയിരുന്നു. മറിയം പിന്നീട് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു.[51]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1969-ൽ നെഹ്രു അവാർഡ്
  • 1987-ൽ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.
  • ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ ഇദ്ദേഹം.(ഇദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലാണു ജനിച്ചതെങ്കിലും, വിഭജനാനന്തരം പാക് പൗരനായി അറിയപ്പെടുന്നു.)


1988 ജനുവരി 20ന് അബ്ദുൽ ഗഫാർ ഖാൻ അന്തരിച്ചു.

ചിത്രശാല

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Manishika, Meena (2021). Biography of Khan Abdul Ghaffar Khan: Inspirational Biographies for Children (in ഇംഗ്ലീഷ്). Prabhat Prakashan.
  2. Hamling, Anna (16 October 2019). Contemporary Icons of Nonviolence (in ഇംഗ്ലീഷ്). Cambridge Scholars Publishing. ISBN 978-1-5275-4173-3.
  3. Burrell, David B. (7 January 2014). Towards a Jewish-Christian-Muslim Theology (in ഇംഗ്ലീഷ്). John Wiley & Sons. p. 137. ISBN 978-1-118-72411-8.
  4. 1 2 Burrell, David B. (23 March 2011). Towards a Jewish-Christian-Muslim Theology (in ഇംഗ്ലീഷ്). John Wiley & Sons. p. 138. ISBN 978-1-4443-9579-2.
  5. An American Witness to India's Partition by Phillips Talbot, (2007), Sage Publications ISBN 978-0-7619-3618-3
  6. Service, Tribune News. "Uttarakhand journalist gave Frontier Gandhi title to Abdul Gaffar Khan, claims book". Tribuneindia News Service (in ഇംഗ്ലീഷ്). Retrieved 28 April 2021.
  7. 1 2 Raza, Moonis; Ahmad, Aijazuddin (1990). An Atlas of Tribal India: With Computed Tables of District-level Data and Its Geographical Interpretation. Concept Publishing Company. p. 1. ISBN 978-8170222866.
  8. Hamling, Anna (16 October 2019). Contemporary Icons of Nonviolence (in ഇംഗ്ലീഷ്). Cambridge Scholars Publishing. ISBN 978-1-5275-4173-3.
  9. An American Witness to India's Partition by Phillips Talbot, (2007), Sage Publications ISBN 978-0-7619-3618-3
  10. Service, Tribune News. "Uttarakhand journalist gave Frontier Gandhi title to Abdul Gaffar Khan, claims book". Tribuneindia News Service (in ഇംഗ്ലീഷ്). Retrieved 28 April 2021.
  11. Zartman, I. William (2007). Peacemaking in International Conflict: Methods & Techniques. US Institute of Peace Press. p. 284. ISBN 978-1929223664. Retrieved 4 February 2013.
  12. "Abdul Ghaffar Khan". Encyclopædia Britannica. Retrieved 24 September 2008.
  13. "Abdul Ghaffar Khan". I Love India. Archived from the original on 6 March 2023. Retrieved 24 September 2008.
  14. Qasmi, Ali Usman; Robb, Megan Eaton (2017). Muslims against the Muslim League: Critiques of the Idea of Pakistan (in ഇംഗ്ലീഷ്). Cambridge University Press. p. 2. ISBN 978-1108621236.
  15. "Partition and Military Succession Documents from the U.S. National Archives".
  16. Ali Shah, Sayyid Vaqar (1993). Marwat, Fazal-ur-Rahim Khan (ed.). Afghanistan and the Frontier. University of Michigan: Emjay Books International. p. 256.
  17. H Johnson, Thomas; Zellen, Barry (2014). Culture, Conflict, and Counterinsurgency. Stanford University Press. p. 154. ISBN 978-0804789219.
  18. Meyer, Karl E. (2008). The Dust of Empire: The Race For Mastery in the Asian Heartland – Karl E. Meyer – Google Boeken. PublicAffairs. ISBN 978-0786724819. Retrieved 10 July 2013.
  19. "Was Jinnah democratic? — II". Daily Times. 25 December 2011. Retrieved 24 February 2019.
  20. Shah, Sayed Wiqar Ali. "Abdul Ghaffar Khan" (PDF). Baacha Khan Trust. Archived from the original (PDF) on 25 March 2018. Retrieved 10 July 2013.
  21. Christophe Jaffrelot (2015). The Pakistan Paradox: Instability and Resilience. Oxford University Press. p. 153. ISBN 978-0-19-023518-5.
  22. bharatratna_awards_list1
  23. List of all Bharat Ratna award winners, NDTV
  24. "Abdul Ghaffar Khan". Encyclopædia Britannica. Retrieved 24 September 2008.
  25. "Ghani Khan". Kyber Gateway. Archived from the original on 23 August 2007.
  26. Meyer, Karl E. (7 December 2001). "The Peacemaker of the Pashtun Past". The New York Times.
  27. "Khan Abdul Ghaffar Khan" (PDF). Baacha Khan Trust. Archived from the original (PDF) on 27 August 2018. Retrieved 4 February 2013.
  28. Zartman, I. William (2007). Peacemaking in International Conflict: Methods & Techniques. US Institute of Peace Press. p. 284. ISBN 978-1929223664. Retrieved 4 February 2013.
  29. Khan, Mohammad Sohail (2018). Bacha Khan`s Vision of Alternative Education (First ed.). Bacha Khan Chair. ISBN 9789692325813.
  30. Vinay Lal (21 June 2025). Badshah Khan: A Perfect Muslim Exponent of Nonviolence. Retrieved 22 June 2025 via YouTube.
  31. Meyer, Karl E. (7 December 2001). "The Peacemaker of the Pashtun Past". The New York Times.
  32. Ahmad, Aijaz (2005). "Frontier Gandhi: Reflections on Muslim Nationalism in India". Social Scientist. 33 (1/2): 22–39. JSTOR 3518159.
  33. Vinay Lal (21 June 2025). Badshah Khan: A Perfect Muslim Exponent of Nonviolence. Retrieved 22 June 2025 via YouTube.
  34. Nonviolence in the Islamic Context by Mohammed Abu Nimer 2004 Archived 1 ജൂലൈ 2007 at the Wayback Machine
  35. Habib, p. 56.
  36. Johansen, p. 62.
  37. Ron Tempest (21 June 1988). "Ghaffar Khan: 'Frontier Gandhi' of India". Los Angeles Times. Retrieved 19 July 2024.
  38. "15 Killed at Afghan Rites for Pathan Leader". The New York Times. AP. 23 January 1988. p. Section 1, page 28.
  39. Abdul Ghaffar Khan, 98, a Follower of Gandhi (21 January 1988) The New York Times. Retrieved 21 January 2008
  40. "15 Killed at Afghan Rites for Pathan Leader". The New York Times. AP. 23 January 1988. p. Section 1, page 28.
  41. "Abdul Ghaffar Khan". Encyclopædia Britannica. Retrieved 24 September 2008.
  42. "Abdul Ghaffar Khan". I Love India. Archived from the original on 6 March 2023. Retrieved 24 September 2008.
  43. "Abdul Ghaffar Khan, 98, a Follower of Gandhi." The New York Times, 21 January 1988.
  44. Ali Shah, Sayyid Vaqar (1993). Marwat, Fazal-ur-Rahim Khan (ed.). Afghanistan and the Frontier. University of Michigan: Emjay Books International. p. 256.
  45. H Johnson, Thomas; Zellen, Barry (2014). Culture, Conflict, and Counterinsurgency. Stanford University Press. p. 154. ISBN 978-0804789219.
  46. Ali Shah, Sayyid Vaqar (1993). Marwat, Fazal-ur-Rahim Khan (ed.). Afghanistan and the Frontier. University of Michigan: Emjay Books International. p. 256.
  47. H Johnson, Thomas; Zellen, Barry (2014). Culture, Conflict, and Counterinsurgency. Stanford University Press. p. 154. ISBN 978-0804789219.
  48. Meyer, Karl E. (2008). The Dust of Empire: The Race For Mastery in the Asian Heartland – Karl E. Meyer – Google Boeken. PublicAffairs. ISBN 978-0786724819. Retrieved 10 July 2013.
  49. Ashraf, Syed Irfan (2 November 2021). The Dark Side of News Fixing (in ഇംഗ്ലീഷ്). Anthem Press. ISBN 978-1-83998-138-8.
  50. Arbab, Safoora (2016). "Ghani Khan: A Postmodern Humanist Poet-Philosopher" (PDF). Sagar: A South Asia Research Journal. 24: 24–63, 30.
  51. Banerjee, Mukulika (2001). The Pathan Unarmed: Opposition & Memory in the North West Frontier. James Currey Publishers. p. 185. ISBN 0852552734.
  52. Abdul Ghaffar Khan, britannica.com
  53. Who was Badshah Khan, wagingnonviolence.org
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "britanica" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "waging" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...


"https://ml.wikipedia.org/w/index.php?title=ഖാൻ_അബ്ദുൽ_ഗാഫർ_ഖാൻ&oldid=4648248" എന്ന താളിൽനിന്ന് ശേഖരിച്ചത്