രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, കോട്ടയം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, കോട്ടയം ജില്ല
പേരുകൾ
ശരിയായ പേര്:രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, കോട്ടയം ജില്ല
സ്ഥാനം
സ്ഥാനം:രാമപുരം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീരാമൻ

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് രാമപുരം ശ്രീരാമസ്വാമിക്ഷേത്രം[1]. രാമപുരം ഗ്രാമത്തിന് ആ പേര് വരാൻ തന്നെ കാരണമായത് ഈ ക്ഷേത്രം നിലനിൽക്കുന്നതാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹു മഹാവിഷ്ണുവായി കുടികൊള്ളുന്ന വിഷ്ണുവിന്റെ സപ്തമാവതാരമായ ശ്രീരാമസ്വാമിയാണ്. കൂടാതെ ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, സീതാദേവി, ഹനുമാൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവരും കുടികൊള്ളുന്നുണ്ട്.

തൃശ്ശൂർ, എറണാകുളം ജില്ലകളിലെ നാലമ്പലങ്ങൾ കഴിഞ്ഞാൽ ഏറ്റവും പ്രസിദ്ധമായ നാലമ്പലങ്ങളുള്ളത് കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിലാണ്. അവയിൽ ആദ്യത്തെ ക്ഷേത്രമാണിത്[2]. എന്നാൽ, ആദ്യത്തെ നാലമ്പലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ക്ഷേത്രങ്ങളെല്ലാം നാല് കിലോമീറ്റർ ചുറ്റളവിലാണുള്ളത്. രാമപുരത്തുനിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി അമനകരയിൽ ഭരതനും, അത്രയും ദൂരം പടിഞ്ഞാറുമാറി കൂടപ്പുലത്ത് ലക്ഷ്മണനും, അത്രയും ദൂരം വടക്കുകിഴക്കുമാറി മേതിരിയിൽ ശത്രുഘ്നനും കുടികൊള്ളുന്നു. രാമായണമാസമായ കർക്കടകത്തിൽ ആയിരങ്ങൾ ഈ ക്ഷേത്രങ്ങൾ ദർശിച്ച് നിർവൃതി നേടാറുണ്ട്. ആദ്യത്തെ നാലമ്പലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏതാനും മിനിറ്റുകൾക്കുള്ളിൽ ദർശനം കഴിച്ചുപോരാം എന്നൊരു സൗകര്യവുമുണ്ട്. ഇത് ഒരു ഊരാഴ്മക്ഷേത്രമാണ്.

ഐതിഹ്യം[തിരുത്തുക]

ശ്രീരാമസ്വാമിയുടെ കഥയുമായി ഏറെ അടുത്ത ബന്ധമുള്ള ഒരു ക്ഷേത്രമാണിത്. ഐതിഹ്യപ്രകാരം സീതാദേവിയുടെ ദേഹവിയോഗത്തിനുശേഷം അയോധ്യ വിട്ട ശ്രീരാമൻ സീതാന്വേഷണത്തിന് താൻ സഞ്ചരിച്ച വഴിയിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ച് ഇവിടെയെത്തി. ചുറ്റും കാടും മലയും നിറഞ്ഞ, കിഴക്കുഭാഗത്ത് നദിയും പടിഞ്ഞാറുഭാഗത്ത് പാടവുമുള്ള അതിമനോഹരമായ ഇവിടത്തെ അന്തരീക്ഷം കണ്ട ഭഗവാൻ സമീപത്തുകണ്ട ഒരു ആൽമരത്തിന്റെ ചുവട്ടിൽ വിശ്രമിച്ചു. തുടർന്ന് ഇവിടെത്തന്നെ സാന്നിദ്ധ്യമാകാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ, ഈ സ്ഥലത്തിന് രാമപുരം എന്ന പേരുവന്നു.

ഇതിനിടയിൽ, ജ്യേഷ്ഠനെ കാണാത്തതിനെത്തുടർന്ന് ലക്ഷ്മണനും ഭരതനും ശത്രുഘ്നനും ഒന്നിച്ച് അന്വേഷണം ആരംഭിച്ചു.[3] ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ അവർ ഇവിടെയെത്തി ജ്യേഷ്ഠനെ കാണുകയുണ്ടായി. മൂവരും ജ്യേഷ്ഠനെ വണങ്ങി അടുത്തുതന്നെ വാഴാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീരാമൻ അനുജന്മാരോട് തങ്ങൾക്കിഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്ത് അവിടെ താമസിയ്ക്കാൻ പറഞ്ഞു. അങ്ങനെ ലക്ഷ്മണൻ കൂടപ്പുലത്തും, ഭരതൻ അമനകരയിലും ശത്രുഘ്നൻ മേതിരിയിലും താമസമുറപ്പിച്ചു. പിൽക്കാലത്ത് നാലിടത്തും ക്ഷേത്രങ്ങൾ വന്നു. രാമായണമാസമായ കർക്കടകത്തിൽ ഈ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നാലമ്പലദർശനം നടത്തിവരുന്നു. രാമപുരത്തുനിന്ന് തുടങ്ങുന്ന ദർശനം തുടർന്ന് കൂടപ്പുലം, അമനകര, മേതിരി എന്ന ക്രമത്തിൽ പോയി അവസാനിയ്ക്കുന്നു. ധാരാളം ഭക്തർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിലെത്താറുണ്ട്.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

രാമപുരം ഗ്രാമത്തിന്റെ ഏകദേശം ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിൽ നിന്ന് അല്പം മാറി പാലാ-കൂത്താട്ടുകുളം റോഡ് കടന്നുപോകുന്നു. റോഡിന്റെ വശത്ത് ക്ഷേത്രത്തിന്റെ പേരെഴുതിവച്ച കവാടം കാണാം. കവാടത്തിന്റെ മുകളിലായി ഗണപതി, ശ്രീരാമപട്ടാഭിഷേകം, സരസ്വതി എന്നീ രൂപങ്ങൾ കാണാം. കൂടാതെ ഇരുവശങ്ങളിലുമായി ഹനുമാൻ, നാരദൻ എന്നിവരുടെ രൂപങ്ങളുമുണ്ട്. അവിടെനിന്ന് അല്പം നടന്നാൽ ക്ഷേത്രത്തിന്റെ മുന്നിലെത്താം. അതിമനോഹരമാണ് ഇവിടത്തെ കിഴക്കേ ഗോപുരം. രണ്ടുനിലകളോടുകൂടിയ ഗോപുരത്തിന്റെ ഇരുനിലകളും ഓടുമേഞ്ഞിട്ടുണ്ട്. താരതമ്യേന പഴക്കം കുറവാണ് ഗോപുരത്തിനെന്നത് വ്യക്തമാണ്. രാമപുരം പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ ക്ഷേത്രത്തിൽ നിന്ന് അല്പം കിഴക്കുമാറിയാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രക്കുളം വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. താരതമ്യേന ചെറിയ കുളമാണിത്. എന്നാൽ, വളരെ പവിത്രമാണ് ഇതിലെ ജലം. തൃപ്രയാറിലേതുപോലെ ഇവിടെയും മീനൂട്ട് വഴിപാട് നടത്തിവരുന്നുണ്ട്. കുളക്കരയിൽ വലിയ അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് ക്ഷേത്രത്തിലെ ആനക്കൊട്ടിലിലാണ്. താരതമ്യേന ചെറിയ ആനക്കൊട്ടിലാണിത്. എന്നാൽ എഴുന്നള്ളിപ്പുകൾ നിർബാധം നടത്താം. ആനക്കൊട്ടിലിനപ്പുറം ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. മുമ്പുണ്ടായിരുന്ന ചെമ്പുകൊടിമരം മാറ്റി 2006-ലാണ് ഈ കൊടിമരം പ്രതിഷ്ഠിച്ചത്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര പണിതിരിയ്ക്കുന്നു. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. സാമാന്യം വലിപ്പമുള്ള ബലിക്കല്ലാണ് ഇത്. അതിനാൽ, പുറത്തുനിന്ന് നോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

ഏകദേശം മൂന്നരയേക്കർ വലിപ്പമുള്ള മതിലകമാണ് രാമപുരം ക്ഷേത്രത്തിലേത്. പലയിടത്തായി ചില ചെടികളും മരങ്ങളും വളരുന്നുണ്ട്. അവ കാഴ്ചയ്ക്ക് ഭംഗിയുണർത്തുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേമൂലയിൽ ഭദ്രകാളിക്ഷേത്രം സ്ഥിതിചെയ്യുന്നു. അത്യുഗ്രദേവതയായ ഭദ്രകാളി ദേശദേവതയായി കണക്കാക്കപ്പെടുന്നു. പണ്ട് ഇവിടെ സ്ഥിരം വെളിച്ചപ്പാടുണ്ടായിരുന്നു. ഭദ്രകാളിക്ഷേത്രത്തിനടുത്ത് ആൽമരച്ചുവട്ടിൽ നാഗദൈവങ്ങൾ കുടികൊള്ളുന്നു. പരിവാരസമേത നവനാഗപ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. വടക്കുപടിഞ്ഞാറേമൂലയിൽ ചെറിയൊരു ഗണപതിക്ഷേത്രമുണ്ട്. ഇവയ്ക്കിടയിലാണ് ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരം സ്ഥിതിചെയ്യുന്നത്. വടക്കുവശത്ത് ക്ഷേത്രം വക ഊട്ടുപുര പണിതിരിയ്ക്കുന്നു. നിത്യേന ഇവിടെ ഊട്ടുണ്ട്. വടക്കുകിഴക്കേമൂലയിൽ ചെറിയ ശ്രീകോവിലിൽ ശ്രീരാമദാസനായ ഹനുമാൻ സ്വാമി കുടികൊള്ളുന്നു. തൃക്കവിയൂർ ശിവ-പാർവ്വതി-ഹനുമാൻ ക്ഷേത്രത്തിലെ വിഗ്രഹം പോലെ തീരെ ചെറുതാണ് ഇവിടെയും ഹനുമദ്വിഗ്രഹം. എങ്കിലും, സവിശേഷപ്രാധാന്യമുള്ള പ്രതിഷ്ഠയാണിത്. ശ്രീരാമന് വഴിപാട് കഴിയ്ക്കുന്നവർ ഹനുമാന്നും വഴിപാട് കഴിയ്ക്കാറുണ്ട്. തന്റെ ഭക്തനായ ഹനുമാനെ പ്രീതിപ്പെടുത്താതെ ശ്രീരാമൻ പ്രസാദിയ്ക്കില്ലെന്നാണ് വിശ്വാസം. ഹനുമാന്റെ ശ്രീകോവിലിന് സമീപം തന്നെയാണ് ബ്രഹ്മരക്ഷസ്സിന്റെയും യക്ഷിയുടെയും പ്രതിഷ്ഠകൾ സ്ഥിതിചെയ്യുന്നത്. ഇരുവർക്കും സാധാരണ പോലെയുള്ള വിഗ്രഹങ്ങളാണുള്ളത്.

ശ്രീകോവിൽ[തിരുത്തുക]

സാമാന്യം വലിപ്പമുള്ള വട്ടശ്രീകോവിലാണ് രാമപുരത്തുള്ളത്. തൃപ്രയാറിലെ ശ്രീകോവിലിന്റെയത്രയില്ലെങ്കിലും ഇതിന് ഏകദേശം 130 അടി ചുറ്റളവുണ്ടെന്ന് പറയപ്പെടുന്നു. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് രണ്ട് മുറികളാണ്. അവയിൽ പടിഞ്ഞാറുഭാഗത്തുള്ളത് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മഹാവിഷ്ണുഭഗവാന്റെ ഏഴാം അവതാരമായ ശ്രീരാമസ്വാമി, ആറടി ഉയരം വരുന്ന ചതുർബാഹു വിഷ്ണുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. വിഗ്രഹരൂപം പൂർണ്ണമായും മഹാവിഷ്ണുവിന്റേതാണ്. പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി ഗദയും മുന്നിലെ വലതുകയ്യിൽ താമരയും കാണാം. പട്ടാഭിഷേകസമയത്തെ ശ്രീരാമനായാണ് പ്രതിഷ്ഠയുടെ സങ്കല്പം. അതിനാൽ, ഏറ്റവും മംഗളകരമായ ഭാവത്തിലാണ് ഭഗവാൻ ഇവിടെ കുടികൊള്ളുന്നത്. സീതാസമേതനായി പീഠത്തിലിരിയ്ക്കുന്ന ഭഗവാൻ, അനുജന്മാരുടെയും ഹനുമാനും സുഗ്രീവനും അംഗദനും ജാംബവാനും വിഭീഷണനുമടക്കമുള്ള ഭക്തരുടെയും സേവനമേറ്റുവാങ്ങി, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീലകത്ത് വിരാജിയ്ക്കുന്നു.

ശ്രീകോവിൽ, അതിമനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് സമ്പന്നമാണ്. ഇവയിൽ കൂടുതലും രാമായണത്തിൽ നിന്നെടുത്തവയാണ്. കൂടാതെ, വാമനമൂർത്തി, അഷ്ടഭുജഗണപതി, ദുർഗ്ഗാദേവി, ശ്രീകൃഷ്ണലീലകൾ, ശിവകഥകൾ എന്നിവയും പ്രാധാന്യത്തോടെ കാണിയ്ക്കപ്പെടുന്നു. ശ്രീകോവിലിന്റെ തെക്കുവശത്ത് കൂട്ടിച്ചേർത്തുപണിത മറ്റൊരു ചെറിയ ശ്രീകോവിലിൽ ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നിവരുടെ ഒന്നിച്ചുള്ള സാന്നിദ്ധ്യമാണ്. ഇത്തരത്തിലൊരു പ്രതിഷ്ഠ അത്യപൂർവ്വമാണ്. എല്ലാം ചെറിയ വിഗ്രഹങ്ങളാണ്. കഷ്ടിച്ച് അരയടി ഉയരമേയുള്ളൂ ഈ വിഗ്രഹങ്ങൾക്ക്. ഇവർക്ക് നിത്യവും പൂജകളുണ്ട്. ശ്രീകോവിലിന്റെ വടക്കുവശത്ത് ലക്ഷ്മീദേവിയുടെ സാന്നിദ്ധ്യവുമുണ്ട്. ലക്ഷ്മിയുടെ അവതാരവും ശ്രീരാമപത്നിയുമായ സീതാദേവിയായാണ് പ്രതിഷ്ഠയെ കണ്ടുവരുന്നത്. ശ്രീരാമസാന്നിദ്ധ്യം വന്ന അന്നുമുതൽ ഇവിടെ സീതാസാന്നിദ്ധ്യവുമുണ്ടെന്നാണ് വിശ്വാസം. എന്നാൽ, ഈ സങ്കല്പത്തിന് വിഗ്രഹമില്ല. വടക്കുവശത്ത് ശില്പഭംഗിയോടുകൂടിയ ഓവുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു.

നാലമ്പലം[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. ഓടുമേഞ്ഞ നാലമ്പലത്തിന് അകത്തേയ്ക്ക് കടക്കുന്ന വാതിലിന് ഇരുവശവും വാതിൽമാടങ്ങൾ പണിതിട്ടുണ്ട്. തെക്കേ വാതിൽമാടത്തിലാണ് നിത്യവും വിശേഷാൽ പൂജകളും ഹോമങ്ങളും നടക്കുന്നത്. വടക്കേ വാതിൽമാടം ഭക്തരുടെ നാമജപത്തിനും വാദ്യമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. പൂജാസമയമൊഴികെയുള്ളപ്പോൾ ഇവിടെ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങൾ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. നാലമ്പലത്തിന്റെ തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണികഴിപ്പിച്ചിട്ടുണ്ട്. . പ്രധാന ശ്രീകോവിലിന് മുന്നിലായി ഒരു നമസ്കാരമണ്ഡപവും പണിതിട്ടുണ്ട്. പതിനാറുകാലുകളോടുകൂടിയ, അസാമാന്യവലുപ്പമുള്ള ഒരു നമസ്കാരമണ്ഡപമാണ് ഇവിടെയുള്ളത്. ദീർഘചതുരാകൃതിയിൽ നിർമ്മിച്ച മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. അതിമനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ് ഇതിന്റെ ഓരോ തൂണും. രാമായണം, മഹാഭാരതം, ശ്രീമദ്ഭാഗവതം തുടങ്ങിയ കൃതികളിൽ നിന്നെടുത്ത പല രൂപങ്ങൾക്കും ഇവിടെ ശില്പാവിഷ്കാരം നൽകിയിട്ടുണ്ട്. ഇതിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. മണ്ഡപത്തിന്റെ ഒരറ്റത്ത് ഗരുഡപ്രതിഷ്ഠയുമുണ്ട്. അഞ്ഞൂറിലധികം കലശങ്ങൾ ഇവിടെ വച്ചുപൂജിയ്ക്കാനുള്ള സൗകര്യം ഇവിടെ കാണും എന്നാണ് ഊഹം. നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമായിരിയ്ക്കുന്നു. നിത്യേനയുള്ള ദീപാരാധനയ്ക്കും മറ്റും ഇവയിലെ വിളക്കുകൾ കൊളുത്തിവച്ചിരിയ്ക്കുന്ന കാഴ്ച അതിമനോഹരമാണ്.

ശ്രീകോവിലിനുചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗം), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗം), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), ദുർഗ്ഗാദേവി (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. നിത്യേനയുള്ള ശീവേലിയുടെ വിസ്തരിച്ച രൂപമായി ഉത്സവക്കാലത്ത് ശ്രീഭൂതബലിയും അതിന്റെയും വിസ്തരിച്ച രൂപമായി ഉത്സവബലിയുമുണ്ടാകാറുണ്ട്. വിഷ്ണുക്ഷേത്രമായതിനാൽ ഇവിടെ ഉത്തരമാതൃക്കൾ എന്ന പ്രത്യേകം സങ്കല്പവുമുണ്ട്. തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സപ്തമാതൃക്കളുടെ എതിർവശത്ത് (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുമൂലമാണ് ഇവരെ ഉത്തരമാതൃക്കൾ എന്ന് വിളിയ്ക്കുന്നത്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് അവർ. ശൈവദേവതകളായ സപ്തമാതൃക്കളുടെ വൈഷ്ണവരൂപഭേദങ്ങളാണ് ഇവ. സപ്തമാതൃക്കൾക്കൊപ്പം അംഗരക്ഷകരായി വീരഭദ്രനും ഗണപതിയുമുള്ളപോലെ ഉത്തരമാതൃക്കൾക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നീ ദേവന്മാർക്കും സങ്കല്പമുണ്ട്. ഇവരെ ബലിക്കല്ലുകളായി പ്രതിനിധീകരിയ്ക്കാറില്ല. എന്നാൽ ശീവേലിസമയത്ത് ഇവിടങ്ങളിലും ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം, അവയിൽ ചവിട്ടുന്നതും തൊട്ടു തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നിത്യപൂജാക്രമവും വഴിപാടുകളും[തിരുത്തുക]

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് രാമപുരം ശ്രീരാമസ്വാമിക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറന്നുകഴിഞ്ഞാൽ ആദ്യം നിർമ്മാല്യദർശനമാണ്. തുടർന്ന് അഭിഷേകവും മലർനിവേദ്യവും നടത്തുന്നു. അഞ്ചുമണിയ്ക്ക് ഉഷഃപൂജയും തുടർന്ന് രാവിലെ ആറുമണിയ്ക്ക് എതിരേറ്റുപൂജയും ഗണപതിഹോമവുമുണ്ടാകും. ആറരയ്ക്ക് പ്രഭാതശീവേലിയാണ്. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തോടെ നടത്തുന്ന ചടങ്ങാണിത്. നാലമ്പലത്തിനകത്തുള്ള ബലിക്കല്ലുകളിൽ ബലിതൂകിക്കഴിഞ്ഞ് പുറത്തുകടന്ന് മൂന്നുവട്ടം പ്രദക്ഷിണം വച്ച് ഒടുവിൽ വലിയ ബലിക്കല്ലിലും ബലിതൂകി ശീവേലി തീരുന്നു. തുടർന്ന് നവകാഭിഷേകമാണ്. ക്ഷേത്രക്കുളത്തിൽനിന്നെടുക്കുന്ന ജലം ഒമ്പത് വെള്ളിക്കലശങ്ങളിലാക്കി അഭിഷേകം ചെയ്യുന്നതിനെ പറയുന്ന പേരാണിത്. നവകാഭിഷേകത്തിനുശേഷം എട്ടുമണിയ്ക്ക് പന്തീരടിപൂജ. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണത്രേ ഇങ്ങനെ പേരുവന്നത്. പിന്നീട് പതിനൊന്നുമണിയ്ക്ക് ഉച്ചപ്പൂജയും പതിനൊന്നരയ്ക്ക് ഉച്ചശീവേലിയും കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയമനുസരിച്ച് ദീപാരാധന നടത്തപ്പെടുന്നു. ദീപസ്തംഭങ്ങളും വിളക്കുമാടവും അടിമുടി ദീപപ്രഭയിൽ നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. രാത്രി ഏഴുമണിയോടെ അത്താഴപ്പൂജയും തുടർന്ന് ഏഴരമണിയോടെ അത്താഴശീവേലിയും നടത്തപ്പെടുന്നു. തുടർന്ന് എട്ടുമണിയ്ക്ക് നടയടയ്ക്കുന്നു. കുരുപ്പക്കാട്ട് മനയ്ക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. ഭരണസമിതി നിയമിയ്ക്കുന്ന വ്യക്തികളാണ് മേൽശാന്തിയും കീഴ്ശാന്തിയുമാകുക.

ചരിത്രം[തിരുത്തുക]

അമനകര, കാരണാട്ട്, കുന്നൂർ എന്നീ മൂന്ന് ഇല്ലക്കാരുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്. ഒരുകാലത്ത് ഒരുപാട് സ്വത്തുവകകളുണ്ടായിരുന്ന ക്ഷേത്രമായിരുന്നുവത്രേ ഇത്. പിന്നീട് ഭൂപരിഷ്കരണ നിയമം വന്നപ്പോൾ അവയിൽ പലതും ഇല്ലാതായി. എങ്കിലും, ഇന്ന് നാട്ടുകാരുടെ പങ്കാളിത്തത്തോടെ എല്ലാം മികച്ച രീതിയിൽ കൊണ്ടാടപ്പെടുന്നുണ്ട്.

വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കുഞ്ചൻ നമ്പ്യാരുടെ സമകാലികനുമായിരുന്ന രാമപുരത്തുവാര്യർ ഈ നാട്ടുകാരനായിരുന്നു. ഈ ക്ഷേത്രത്തിൽ അദ്ദേഹം കഴകവൃത്തി അനുഷ്ഠിച്ചിരുന്നു. എന്നും രാവിലെ ക്ഷേത്രത്തിൽ വന്ന് കുളക്കരയിലെ ആൽമരത്തെ അദ്ദേഹം വന്ദിച്ചിരുന്നു. ഇന്നും അവിടെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നതായി വിശ്വസിയ്ക്കുന്നു. ഒരിയ്ക്കൽ ഭഗവാന് ചാർത്താനുള്ള മാല കെട്ടുന്നതിനിടയിൽ അദ്ദേഹത്തിന് ഒരു ശ്ലോകം മനസ്സിൽ വരികയും അദ്ദേഹം ആ ക്രമത്തിൽ മാല കെട്ടുകയും ചെയ്തുവത്രേ. 'ന കൃതം സുകൃതം കിഞ്ചിൽ' എന്നുതുടങ്ങുന്ന ഒരു സംസ്കൃതശ്ലോകമായിരുന്നു അത്. പ്രമുഖ സാഹിത്യകാരി ലളിതാംബിക അന്തർജനവും ഇവിടത്തെ ഭക്തയായിരുന്നു. ഏറ്റവും കൂടുതൽ കാലം ഒരു ജോലി ചെയ്ത് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച പ്രശസ്ത വാദ്യകലാകാരനും സോപാനസംഗീതജ്ഞനുമായിരുന്ന ചെറുവള്ളിയിൽ പത്മനാഭമാരാർ ഈ ക്ഷേത്രത്തിലെ അടിയന്തിരക്കാരനായിരുന്നു. 1905-ൽ ജനിച്ച അദ്ദേഹം പത്താം വയസ്സിൽ ഇവിടെ അടിയന്തിരക്കാരനായി ജോലിയ്ക്ക് കയറി. തുടർന്ന് 2018 ഏപ്രിൽ നാലിന് മരിയ്ക്കും വരെ അദ്ദേഹം ഈ ജോലി തുടർന്നുവന്നു.

വിശേഷദിവസങ്ങൾ[തിരുത്തുക]

കൊടിയേറ്റുത്സവം[തിരുത്തുക]

ശ്രീരാമനവമി[തിരുത്തുക]

രാമായണമാസം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കോട്ടയം രാമപുരത്തെ നാലമ്പലങ്ങൾ വെബ് ദുനിയാ". Archived from the original on 2015-10-19. Retrieved 2015-10-19.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-10-19.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-20. Retrieved 2015-10-19.