പെഡാനിയസ് ഡയസ്ക്കോറിഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെഡാനിയസ് ഡയസ്ക്കോറിഡ്സ്

പെഡാനിയസ് ഡയസ്ക്കോറിഡ്സ് ഗ്രീക്കു ഭിഷഗ്വരനും ഔഷധവിജ്ഞാനിയുമായിരുന്നു. ഇദ്ദേഹത്തിന്റെ ദെ മെറ്റീരിയ മെഡിക്ക ആണ് ഇന്നും ഔഷധവിജ്ഞാന ശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നത്. ഔഷധങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥവും ഇതു തന്നെയാണെന്ന് കരുതപ്പെടുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

60 എ.ഡി.-യിൽ സിലിസില (Cilicila)യിലെ ടാർസസിനടുത്തുള്ള അനാസാർബോസ് (Anarzarbos) എന്ന സ്ഥലത്ത് ഇദ്ദേഹം ജനിച്ചു. ടാർസസിലെയും അലക്സാണ്ഡ്രിയയിലെയും വിദ്യാഭ്യാസത്തിനു ശേഷം സൈനിക ഡോക്ടറായി റോമൻ പട്ടാളത്തിൽ ചേർന്നു. അതിനാൽ ഇദ്ദേഹത്തിന് എന്നും ഒരു പട്ടാളക്കാരന്റെ ജീവിതശൈലിയായിരുന്നു ഉണ്ടായിരുന്നത്.

ഔഷധ നിർമ്മാണം[തിരുത്തുക]

ദെ മെറ്റീരിയ മെഡിക്ക

ഇദ്ദേഹത്തിന്റെ ഗ്രീക്കു ഭാഷയിലെ പുസ്തകങ്ങളെല്ലാം തന്നെ മറ്റനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സസ്യങ്ങൾ, ജന്തുക്കൾ, ഖനിജങ്ങൾ - എന്നീ മൂന്നു സ്രോതസ്സുകളിൽ നിന്നും ഔഷധങ്ങളുണ്ടാക്കാമെന്നു തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്. വിവിധ കാലാവസ്ഥകളിലും ഭൂപ്രദേശങ്ങളിലും വളരുന്ന സസ്യങ്ങൾ ഔഷധഗുണത്തിലും വൈരുദ്ധ്യം പ്രകടമാക്കുന്നുണ്ടെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. സസ്യങ്ങളുടെ മൂപ്പെത്തിയ ഇലകളും, ഇലകൾ ഉണങ്ങിപ്പോയശേഷം ശേഖരിച്ച വേരുകളുമാണ് ഔഷധ നിർമ്മാണത്തിന് അനുയോജ്യമായിട്ടുള്ളത് എന്നിദ്ദേഹം അഭിപ്രായപ്പെട്ടു. ഔഷധങ്ങൾ സൂക്ഷിക്കേണ്ട പ്രത്യേക രീതിയും വളരെ പ്രധാന്യമർഹിക്കുന്നതാണെന്ന് ഇദ്ദേഹം സൂചിപ്പിച്ചു. ഇന്നത്തെ രീതിയിലുള്ള സസ്യനാമകരണത്തിനു തുടക്കമിട്ടതും ഇദ്ദേഹമാണ്. ഇദ്ദേഹം അഞ്ചു ഗ്രന്ഥങ്ങളിലായി 600 സസ്യങ്ങൾ, 35 ജന്തുജന്യ പദാർഥങ്ങൾ, 90 ഖനിജങ്ങൾ എന്നിവയെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഓരോ സസ്യത്തിന്റെയും പേരും വിവരണവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയസ്ക്കോറിഡ്സ് പെഡാനിയസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.