വില്ല്യം ഹാർവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ല്യം ഹാർവി
വില്ല്യം ഹാർവി
ജനനം 1 April 1578
Folkestone
മരണം 1657 ജൂൺ 3(1657-06-03) (പ്രായം 79)
Roehampton
ദേശീയത England
മേഖലകൾ Medicine
Physiology
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Hieronymus Fabricius
അറിയപ്പെടുന്നത് Systemic circulation

രക്തചംക്രമണം കണ്ടുപിടിച്ച ഇംഗ്ലിഷ് വൈദ്യശാസ്ത്രജ്ഞനാണ് വില്ല്യം ഹാർവി. ആധുനിക ശരീരധർമ്മ ശാസ്ത്രത്തിന്റെ(PHYSIOLOGY) സ്ഥാപകനായി കരുതപ്പെടുന്നു. 1578-ൽ ഇംഗ്ലണ്ടിലെ ഫോൾക്ക്ക്ക്സ്റ്റോണിൽ ജനിച്ചു. 1597-ൽ കേംബ്രിഡ്ജിലെ കെയ്യിസ് കോളേജിൽ നിന്നു ബിരുദമെടുത്തു. അക്കാലത്ത് വൈദ്യശാസ്ത്ര അഭ്യസനങ്ങൾക്ക് പേരുകേട്ട, ഇറ്റലിയിലെ പാദുവയിൽ നാലുകൊല്ലം പഠിച്ചു. 1602-ൽ ഡോക്റ്ററായി തിരിച്ചെത്തി. എലിസബത്ത് രാജ്ഞിയുടെ വൈദ്യന്റെ മകളെയാണ് വിവാഹം കഴിച്ചത്. ഫ്രാൻസിസ് ബേക്കൺ ന്റേയും രാജകുടുംബാംഗങ്ങളുടെയും ചികിൽസകനായിരുന്നു. ജയിംസ് ഒന്നാമൻ ന്റെയും, ചാൾസ് ഒന്നാമൻ ന്റെയും കാലത്ത് കൊട്ടാരം വൈദ്യനായിരുന്നു.

തുടക്കം മുതൽ തന്നെ ചികിൽസയെക്കാൾ വൈദ്യശാസ്ത്രപഠനങ്ങളിലും പരീക്ഷണങ്ങളിലും ആയിരുന്നു ഹാർവിക്ക് കൂടുതൽ താല്പര്യം. ജന്തുക്കളെ കീറിമുറിച്ചു പഠനവിധേയമാക്കുക പതിവായിരുന്നു. 1616 ആയപ്പോഴേക്കും കശേരുകികളും അകശേരുകികളും ആയി 80 വ്യത്യസ്ത തരം ജന്തുക്കളെ ഇപ്രകാരം പഠിക്കുകയുണ്ടായി. അവയുടെ ഹൃദയത്തിലും രക്തക്കുഴലുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഹൃദയത്തിന്റെ പ്രധാന ധർമ്മം സങ്കോചനമാണെന്നും സങ്കോചിക്കുമ്പോൾ ധമനികൾ സ്പന്ദിക്കുന്നതുകൊണ്ട് ഹൃദയത്തിൽ നിന്ന് ധമനികളിലേക്കാണ് രക്തം ഒഴുകുന്നതെന്നും ഊഹിക്കപ്പെട്ടു. ശരീരധർമ്മങ്ങൾ തീരെ നിലച്ചിട്ടില്ലാത്ത ജന്തുക്കളുടെ ശരീരങ്ങളിൽ ധമനികളിലും സിരകളിലും കെട്ടുകളിട്ട് അവയുടെ ഏതു ഭാഗത്താണ് രക്തം സംഭരിക്കപ്പെടുന്നത് എന്നു നിരീക്ഷിച്ചു. ധമനികളിൽ ഹൃദയത്തിനോടടുത്ത ഭാഗത്തും, സിരകളിൽ ഹൃദയത്തിൽ നിന്ന് അകന്ന ഭാഗത്തുമാണ് രക്തം സംഭരിക്കപ്പെടുന്നതെന്ന് കണ്ടു. ഇതിൽനിന്ന് ,ധമനികളിൽ രക്തം വരുന്നത് ഹൃദയത്തിൽ നിന്നാണെന്നും, സിരകളിൽ നേരേ മറിച്ച് ഹൃദയത്തിലേക്കാണ് രക്തത്തിന്റെ ഒഴുക്ക് എന്നും അനുമാനിച്ചു. ഒരാളുടെ ശരീരത്തിലുള്ള രക്തത്തിന്റെ മൂന്നു മടങ്ങാണ് ഓരോ മണിക്കൂറിലും ഹൃദയം പമ്പ് ചെയ്യുന്നത് എന്നും കണ്ടുപിടിച്ചു. 1616 മുതൽ തന്നെ രക്ത ചംക്രമണത്തെപ്പറ്റി ഹാർവി പ്രസംഗിച്ചു തുടങ്ങിയെങ്കിലും ആശയങ്ങൾ പുസ്തക രൂപത്തിലാക്കിയത് 1628-ൽ മാത്രമാണ്.'ഹൃദയത്തിന്റെയും രക്തത്തിന്റെയും ചലനങ്ങളെപ്പറ്റി' എന്നർഥം വരുന്ന ശീർഷകമുള്ള പുസ്തകം ലാറ്റിൻ ഭാഷയിലെഴുതി. അന്നു പ്രചാരത്തിലിരുന്ന- ഗാലൻ ന്റെ ശരീര ധർമ്മ പരമായ സിദ്ധാന്തങ്ങൾക്ക് എതിരായിരുന്നതു കൊണ്ട് ഹാർവിക്ക് എതിർപ്പുകൾ നേരിടേണ്ടിവന്നെങ്കിലും അവയെല്ലാം ക്രമേണ ശമിച്ചു. ജീവിച്ചിരിക്കെത്തന്നെ തന്റെ സിദ്ധാന്തം സ്വീകരിക്കപ്പെട്ടുകാണാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു. (സൂക്ഷ്മരക്തവാഹിനികൾ കണ്ടുപിടിക്കപ്പെട്ടതിനു ശേഷം മാത്രമേ, രക്തചംക്രമണത്തിന്റെ ചിത്രം പൂർണ്ണമായുള്ളു. ഹാർവി മരിച്ച് നാലു കൊല്ലം കഴിഞ്ഞാണ് ഈ കണ്ടുപിടിത്തമുണ്ടായത്.)

പിന്നീടുള്ള കാലം പ്രജനനത്തെക്കുറിച്ചായിരുന്നു ഹാർവിയുടെ ഗവേഷണങ്ങൾ.കോഴിയുടെ ഭ്രൂണവളർച്ച പഠിച്ച ആദ്യത്തെ ആധുനിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.ഏതു ജീവിയുടെയും ഓരോ തലമുറയും അണ്ഡത്തിൽ നിന്നാണ് വികാസം പ്രാപിക്കുന്നതെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം 'പുനരുല്പാദനത്തെക്കുറിച്ചുള്ള ചർച്ച' എന്നൊരു പുസ്തകം 1651-ൽ പ്രസിദ്ധം ചെയ്തു. ആധുനിക ഭ്രൂണ വിജ്ഞാനത്തിന്റെ ആദ്യ ഗ്രന്ഥമായി ഇതിനെ കണക്കാക്കാം. തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം 'റോയൽ കോളേജ് ഓഫ് സർജൻസ് ' എന്ന സംഘടനക്ക് , അവിടെ കൊല്ലം തോറും ഒരു പ്രസംഗപരമ്പര ഏർപ്പെടുത്താൻ വേണ്ടി നീക്കിവച്ചു..ഈ പ്രസംഗ പരമ്പര ഇപ്പോഴും മുടക്കമില്ലാതെ നടന്നു വരുന്നു. 1657 ജൂൺ 3 ന് , 80ആം വയസ്സിൽ അന്തരിച്ചു.

അവലംബം

ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ-  പ്രസാധനം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്"
"https://ml.wikipedia.org/w/index.php?title=വില്ല്യം_ഹാർവി&oldid=1846517" എന്ന താളിൽനിന്നു ശേഖരിച്ചത്