Jump to content

ഹ്യുമൻ ജിനോം പ്രൊജക്റ്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
DNA Furchen
Wellcome genome bookcase

ഒരു ജീവിയുടെ പൂർണ്ണജനിതക സാരമാണ് ജിനോം (Genome) എന്നറിയപ്പെടുന്നത്. മനുഷ്യൻറെ പൂർണജനിതകസാരം കണ്ടെത്താൻ 1990-ൽ അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഹ്യുമൻ ജിനോം പ്രൊജക്റ്റ് (Human Genome Project (HGP) . 300 കോടി ഡോളർ ചെലവ് കണക്കാക്കപ്പെട്ട പദ്ധതി, അമേരിക്ക, ചൈന, ഫ്രാൻസ്, ജെർമനി,ജപ്പാൻ, ബ്രിട്ടൻ എന്നി രാജ്യങ്ങൾ കൂടി ഉൾപെട്ട കൺസോർഷ്യമാണ് പൂർത്തിയായിയത്. മനുഷ്യ ഡി.എൻ.എ. യിലെ 320 കോടിയോളം വരുന്ന രാസബന്ധങ്ങളെ വായിച്ചേടുക്കുക, ജീനുകളെ തിരിച്ചറിയുക തുടങ്ങിയവയായിരുന്നു 15 വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദേശിച്ച പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങൾ.

1998-ൽ ഹ്യുമൻ ജിനോം പദ്ധതിക്ക് വെല്ലുവിളിയായി സെലേറ ജിനോമിക്സ് എന്ന സ്വകാര്യ ഗവേഷണ സ്ഥാപനം രംഗതെത്തിയതോടെ, പദ്ധതി കാലയളവ്‌ വെട്ടിചുരുക്കേണ്ടി വന്നു. ഹ്യുമൻ ജിനോമിന്റെ കരട് തയ്യാറാക്കിയതായി 2000 ജൂണ്ണിൽ ഹ്യുമൻ ജിനോം പ്രൊജക്റ്റ്‌ അധികൃതരും "സെലേറ"യും സംയുക്തമായി പ്രഖ്യാപിച്ചു. ജിനോമിന്റെ വിശദാംശങ്ങൾ ഇരുകൂട്ടർക്കും 2001 ഫെബ്രുവരിയിൽ പ്രസിദ്ധപ്പെടുത്തി. ഹ്യുമൻ ജിനോമിലെ 99 ശതമാനം രാസ ബന്ധങ്ങളും 99.99 ശതമാനം കൃത്യതയിൽ രേഖപ്പെടുത്തിയതായി ഇരുകൂട്ടരും 2003 ഏപ്രിൽ 14-നു പുറത്തിറക്കിയ സംയുക്ത പത്രകുറുപ്പിലൂടെ ലോകത്തെ അറിയിച്ചു.

മനുഷ്യ ഡി.എൻ.എ.യിൽ ഒരു ലക്ഷത്തിലേറെ ജീനുകളുണ്ടെന്നാണ് ഹ്യുമൻ ജിനോം പദ്ധതിയുടെ ആരംഭത്തിൽ കരുതിയിരുന്നത്. ജിനോമിന്റെ ആദ്യ കരട് തയ്യാറാക്കിയപ്പോൾ 30,000 മുതൽ 40,000 വരെ ജീനുകളെ മനുഷ്യരിലുള്ളൂ എന്ന് കണക്കാക്കപ്പെട്ടു. അത് വീണ്ടും പുതുക്കി നിശ്ചയിക്കേണ്ടി വന്നു. ഹ്യുമൻ ജിനോം പ്രൊജക്റ്റ്‌ അധികൃതർ 2004 ഒക്ടോബറിൽ പുറത്തു വിട്ട കണക്ക്‌ പ്രകാരം,മനുഷ്യ ഡി.എൻ.എ യിൽ 20,000 - 25,000 മദ്ധ്യേ ജീനുകളെയുള്ളൂ.

അമേരിക്ക, ബ്രിട്ടൻ, സ്‌പെയിൻ, സിംഗപ്പുർ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ 32 ലബോറട്ടറികളിലായി 400 ശാസ്ത്രജ്ഞന്മാരാണ് ഇതുസംബന്ധിച്ച് പഠനം നടത്തുന്നത്. ദീർഘകാലത്തെ പഠനത്തിനുശേഷം മനുഷ്യ ജീനിന്റെ പ്രവർത്തനഘടന സംബന്ധിച്ച് 'ദ എൻസൈക്ലോപീഡിയ ഓഫ് ഡി.എൻ.എ. എലമെന്റ്‌സ്' (എൻകോഡ്) എന്ന വിപുലമായ പദ്ധതി 2003-ൽ ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചിരുന്നു. 2007-ൽ തുടർപഠന പദ്ധതിയും ശാസ്ത്രജ്ഞർ രൂപപ്പെടുത്തി.

പുതിയ വിവരങ്ങൾ[തിരുത്തുക]

മുൻപ് കരുതിയതിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ ജനിതകഘടനയുടെ ഏറിയ പങ്കും ജൈവപരമായി സജീവമാണെന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പറയുന്നു. നാച്വർ, ജീനോം ബയോളജി, ജീനോം റിസർച്ച് എന്നീ മാസികകളിലാണ് പഠനഫലം പുറത്തു വന്നത്.[1]2003-ലെ എൻകോഡ് പദ്ധതിപ്രകാരം നിലവിൽ 300 കോടി ജോഡി ജനിതകകോഡുകൾ വിശകലനം ചെയ്തു. ഇവയിൽ 80 ശതമാനവും പ്രത്യേക ദൗത്യങ്ങളാണ് നിർവഹിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. അതുപോലെ 'ജീൻ സ്വിച്ചുകൾ'എന്ന് വിശേഷിപ്പിക്കാവുന്ന 40 ലക്ഷം ഡി.എൻ.എ. ഘടകങ്ങളും ശാസ്ത്രജ്ഞർ കണ്ടെത്തി. കോശങ്ങളിൽ ജീനുകളുടെ പ്രവർത്തനം സജീവമാക്കുന്നതിനും നിർത്തുന്നതിനും ഇവ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. ഇവയെക്കുറിച്ചുള്ള പഠനം ഹൃദ്രോഗം, പ്രമേഹം, മാനസികരോഗം ഇവയുമായി ബന്ധപ്പെട്ട കാരണങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷ.

ഹ്യുമൻ ജീനോം പ്രോജക്ടിന്റെ നേട്ടങ്ങൾ[തിരുത്തുക]

  • രോഗങ്ങളുടെ ജനിതകമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുന്നു .
  • മനുഷ്യരെ ബാധിക്കുന്ന വിവിധ തരം രോഗങ്ങളെ ക്കുറിച്ചും രോഗത്തിന്റെ തീവ്രതയിൽ വരുന്ന മാറ്റങ്ങളെ പ്പറ്റിയും പഠിക്കാൻ സാധിക്കുന്നു .
  • ഓരോ വ്യക്തികൾക്കും അവരുടെ ജനിതക ഘടന അനുസരിച് ചികിത്സ നല്കാൻ സാധിക്കുന്നു .

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-07. Retrieved 2012-09-07.