നായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളർത്തുനായ
Temporal range: 0.015–0 Ma
Pleistocene – Recent
Yellow Labrador Retriever, the most registered breed of 2009 with the AKC
More images of dogs.
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
C. l. familiaris and C. l. dingo.[1][2]
Trinomial name
Canis lupus familiaris and Canis lupus dingo[1][2]
Synonyms
  • Canis familiaris
  • Canis familiaris domesticus

മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു ഓമനമൃഗമാണ് നായ. ചാര ചെന്നായയുടെ ഉപജാതിയും(Subspecies) സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളാണ്‌ നായ്ക്കൾ. ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റുപലവിധ ജോലികൾക്കും മനുഷ്യന് കൂട്ടിനുമായി (Companian animal) നായ്ക്കളെ ഉപയോഗിക്കുന്നു. ഇന്ന് എണ്ണൂറിലധികം വിവിധയിനം നായകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവയിൽ ഏറ്റവും ചെറിയ ഇനമായ ചിഹ്വാഹ്വ മുതൽ ഏറ്റവും വലിയ ഇനങ്ങളായ ഐറിഷ് വുൾഫ്ഹൗൻഡും ഗ്രേറ്റ് ഡേനും വരെ ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

മനുഷ്യസംസ്കാരം ഉടലെടുത്തപ്പോൾ മുതൽ നായ്ക്കളെ ഇണക്കി വളർത്താൻ തുടങ്ങിയിരുന്നു എന്ന് കരുതപ്പെടുന്നു.15000 വർഷം പഴക്കമുള്ള നായുടെ അസ്ഥികൂടം ജർമ്മനിയിലെ ബൊൺ-ഒബെർകാസ്സെൽ (ഇംഗ്ലീഷിൽ:Bonn-Oberkassel) എന്ന സ്ഥലത്തു നിന്നും കുഴിച്ചെടുക്കുകയുണ്ടായി.[3].ആ അസ്ഥികൂടം ലഭിച്ചത് ഒരു മനുഷ്യന്റെ ശവക്കല്ലറയിൽ നിന്നാണെന്നത് മനുഷ്യരും നായ്ക്കളും തമ്മിലുണ്ടായിരുന്ന പുരാതന ബന്ധത്തെ കാണിക്കുന്നു.

നായയുടെ ശരീരഭാഗങ്ങൾ[തിരുത്തുക]

  1. സ്റ്റോപ്പ്
  2. പല്ല്
  3. തൊണ്ട
  4. തോൾ
  5. നെഞ്ച്
  6. മുൻ‌കാൽ
  7. കടിപ്രദേശം (ഇംഗ്ലീഷ്:Loin)
  8. തുട
  9. കണങ്കാൽ (ഇംഗ്ലീഷ്:Ankle)
  10. പിൻ‌കാൽ
  11. പിടലി / കകദം (ഇംഗ്ലീഷ്:Wither)
  12. കാൽ മുട്ട്
  13. കാൽ‌പാദം
  14. വാൽ

നായ് ജനുസ്സുകളുടെ വികസനം[തിരുത്തുക]

ഒരേ ജനുസ്സിൽ തന്നെ വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും നായ്ക്കൾ കാണപ്പെടാറുണ്ട്.ചിത്രത്തിലെ നായ്ക്കൾ എല്ലാം ഷെവലിയർ കിംഗ് ചാൾസ് സ്പാനിയൽ ജനുസ്സിൽ പെട്ടവയാണ്.

ഇന്ന് എണ്ണൂറിലധികം നായ് ജനുസ്സുകളെ ലോകത്തിലെ വിവിധ കെന്നൽ ക്ലബ്ബുകൾ അംഗീകരിച്ചിട്ടുണ്ട്. പക്ഷെ അംഗീകരിക്കപ്പെടാത്ത വളരെയധികം നായ് ജനുസ്സുകൾ ഇനിയുമുണ്ട്. അമേരിക്കയും യൂറോപ്പും ഒഴിച്ചുള്ള ഭൂഖണ്ഡങ്ങളിലെ നായ് ജനുസ്സുകളിൽ കുറച്ച് എണ്ണത്തെ മാത്രമേ കെന്നൽ ക്ലബ്ബുകൾ അംഗീകരിച്ചിട്ടുള്ളൂ.

ചില നായ് ജനുസ്സുകൾ വളരെയധികം വർഷങ്ങൾ കൊണ്ട് രൂപപെട്ടിട്ടുള്ളതാണെങ്കിലും, ആധുനിക നായ് ജനുസ്സുകളെല്ലാം മനുഷ്യർ പലയിനം നായ്ക്കളിൽ നിന്ന് ശ്രദ്ധാപൂർവമായ പ്രജനനത്തിലൂടെ ഉരുത്തിരിച്ചെടുത്തിട്ടുള്ളവയാണ്. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും ആകാരഭംഗി വർദ്ധിപ്പിക്കാനുമെല്ലാമാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ഉരുത്തിരിഞ്ഞുവന്നിട്ടുള്ള ഓരോ ജനുസ്സുകൾക്കും തനതായ സ്വഭാവസവിശേഷതകളും ശരീരപ്രകൃതിയും ഉണ്ട്.

ഒരേ ജനുസ്സല്ലാത്ത നായ്ക്കൾ ഇണ ചേർന്നുണ്ടാകുന്നതാണ് സങ്കരവർഗ്ഗ നായ്ക്കൾ (Crossbreed). ഇത്തരം നായ്ക്കളുടെ മാതൃ-പിതൃ ജനുസ്സുകൾ വ്യത്യസ്തമാണെങ്കിലും ബുദ്ധിയിലോ ആരോഗ്യത്തിലോ തനത് ജനുസ്സുകളുമായി (സമവർഗ്ഗ ജനുസ്സുകൾ)(Purebreed) വ്യത്യാസമുണ്ടാകാറില്ല. എന്നിരുന്നാലും സങ്കരവർഗ്ഗ നായ്ക്കൾ അവയുടെ മാതൃ-പിതൃ ജനുസ്സുകളുടെ മിശ്രസ്വഭാവവിശേഷങ്ങൾ പ്രകടിപ്പിക്കും. അവയുടെ ശരീരപ്രകൃതിയും മാതൃ-പിതൃ ജനുസ്സുകളുടെ ശരീരപ്രകൃതികൾ കലർന്നതായിരിക്കും. ഇങ്ങനെ സങ്കരവർഗ്ഗ നായ്ക്കളെ വീണ്ടും മറ്റു ജനുസ്സുകളുമായും സങ്കരവർഗ്ഗ നായ്ക്കളുമായും ഇണ ചേർത്ത് കാലക്രമേണ തനതായ സ്വഭാവസവിശേഷതകളും ശരീരപ്രകൃതിയും ഉള്ള പുതിയ ജനുസ്സുകൾക്ക് രൂപം നൽകുന്നു.

ശരീരപ്രകൃതി[തിരുത്തുക]

ആധുനിക നായ് ജനുസ്സുകൾ വലിപ്പത്തിലും രൂപത്തിലും പെരുമാറ്റരീതികളിലും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും അടിസ്ഥാനപരമായി നായ്ക്കളുടെ ശരീരപ്രകൃതി വേട്ടയാടുന്ന മാംസഭുക്കുകളുടേതാണ്(ഇംഗ്ലീഷിൽ:Predators). അതു കൊണ്ട് തന്നെ ആക്രമണത്തിനും മാംസവും എല്ലുകളും കടിച്ചു മുറിക്കാനും പ്രാപ്തമായ ശക്തിയുള്ള താടിയെല്ലുകളും മൂർച്ചയുള്ള പല്ലുകളും നായ്ക്കൾക്കുണ്ട്.

കേൾവി[തിരുത്തുക]

നായ്ക്കൾക്ക് 16 Hz വരെ താഴ്ന്ന ആവൃത്തിയുള്ള ശബ്ദവും 45 kHz വരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദവും കേൾക്കാൻ സാധിക്കും(മനുഷ്യൻ: 20Hz-20kHz).[4]. നായ്ക്കളുടെ ചെവി പലദിശകളിലേക്കും തിരിക്കാൻ സാധിക്കുന്നത് കൊണ്ട് ശബ്ദത്തിന്റെ ഉറവിടം വളരെപ്പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. കൂടാതെ മനുഷ്യർക്ക് കേൾക്കാൻ കഴിയുന്നതിന്റെ നാലിരട്ടി ദൂരത്തുനിന്നുള്ള ശബ്ദം കേൾക്കാനും നായകൾക്ക് കഴിയും. ഉയർന്ന കേൾ‌വിക്ഷമതയുള്ള നായ്ക്കളുടെ ചെവി ചെന്നായ വർഗക്കാരുടെ പൊലെ ഉയർന്നു നിൽക്കുന്നതാണെന്ന് കാണാം, വീണു കിടക്കുന്നതരം ചെവിയുള്ള നായ്ക്കൾക്ക് കേൾവിശക്തി കുറവായിരിക്കും.

കാഴ്ച[തിരുത്തുക]

നായ്ക്കളുടെ കണ്ണിന്റെ വലിപ്പവും ആകൃതിയും ജനുസ്സനുസരിച്ച് വ്യത്യസ്തമാണ്. നായ്ക്കൾ വർണ്ണാന്ധതയുള്ള ജീവികളാണ്, എങ്കിലും അവയുടെ കണ്ണിന്റെ റെറ്റിനയിലെ കാഴ്ചാനാഡികളുടെ പ്രത്യേകതകൾ മൂലം അവക്ക് നന്നായി കാണാൻ സാധിക്കുന്നു. പല ജനുസ്സ് നായ്ക്കൾ‍ക്കും 2700 വരെ കാഴ്ചവട്ടം (Field of Vision) ഉണ്ട്. മറ്റ് ജനുസ്സുളെക്കാൾ കാഴ്ചശക്തി കൂടുതലുള്ള ജനുസ്സുകളെ സൈറ്റ് ഹൗൻഡ് (ഇംഗ്ലീഷിൽ Sight Hound) എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു.

ഘ്രാണനം[തിരുത്തുക]

ബ്ലഡ്ഹൗണ്ട് ജനുസ്സിലെ ഒരു നായ

നായ്ക്കളുടെ മൂക്കിൽ ഒരു തപാൽ സ്റ്റാമ്പിന്റെ അത്രയും സ്ഥലത്ത് ഏകദേശം 50 ലക്ഷം ഘ്രാണസം‌വേദിനീ കോശങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് നായ്ക്കളെ വളരെ നല്ല മണം പിടിക്കലുകാർ ആക്കുന്നു. നായ്ക്കളിൽ തന്നെ ചില ജനുസ്സുകൾക്ക് മണം പിടിക്കാനുള്ള കഴിവ് മറ്റുള്ള ജനുസ്സുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും ഇത്തരം ജനുസ്സുകളെ സെന്റ് ഹൗൻഡ്(ScentHound) എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. നായ് ജനുസ്സുകളിൽ വച്ച് ഏറ്റവും കൂടുതൽ ഘ്രാണശക്തി ബ്ലഡ്ഹൗണ്ട്(BloodHound) എന്ന ജനുസ്സിനാണ്.

രക്തചംക്രമണം[തിരുത്തുക]

നായ്ക്കൾക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വളരെയധികം ഊർജ്ജം ഉല്പ്പാദിപ്പിക്കാൻ കഴിയും. ഹൃദയവും ശ്വാസകോശവും നായുടെ ശരീരത്തിനാനുപാതികമായി വലിപ്പം കൂടിയവ ആയതു‌കൊണ്ടാണിത് സാധിക്കുന്നത്. നായ്ക്കളുടെ രക്തത്തിൽ മനുഷ്യരെ അപേക്ഷിച്ച് ചുവന്ന രക്തകോശങ്ങൾ കൂടുതലാണ്. സാധാരണ ഈ അധികമുള്ള രക്തകോശങ്ങൾ നായുടെ പ്ലീഹയിൽ (spleen) സൂക്ഷിച്ചിരിക്കും. എപ്പോഴാണോ നായ്ക്കൾക്ക് രക്തയോട്ടം കൂട്ടേണ്ട ആവശ്യകതയുണ്ടാകുന്നത് (ഉദാ: ഓട്ടം, മറ്റു നായ്ക്കളുമായി കടിപിടി), അപ്പോൾ ഈ ചുവന്ന രക്താണുക്കൾ രക്തത്തിൽ കലരുന്നു. ഈ സമയത്ത് ഹൃദയവും ശ്വാസകോശവും അവയുടെ പരമാവധി ശക്തിയിലായിരിക്കും പ്രവർത്തിക്കുന്നത് അതിനാൽ നായ്ക്കൾക്ക് കൂടുതൽ വേഗതയും മെയ്‌വഴക്കവും ലഭിക്കുന്നു. ഈ പ്രക്രിയ നായ്ക്കളുടെ ശരീരത്തിനുള്ളിലെ ചൂട് കൂടാൻ ഇടയാക്കുന്നു. നായുടെ ശരീരത്തിൽ ചൂട് പുറത്തു കളയാൻ സ്വേദഗ്രന്ഥികളില്ലാത്തതു കൊണ്ട് അവക്ക് വളരെ വേഗം വിശ്രമിക്കേണ്ടി വരുന്നു. നായ്ക്കുട്ടികളിൽ ഇത് എപ്പോഴും ദർശിക്കാവുന്നതാണ്, അവ മുതിർന്ന നായ്ക്കളെക്കാൾ കൂടുതൽ സമയം കളികളിൽ മുഴുകുന്നതുകൊണ്ടാണിത്.

ഭക്ഷണക്രമം[തിരുത്തുക]

ഭക്ഷണവസ്തുക്കൾ[തിരുത്തുക]

വളർത്തു നായ്ക്കൾ മാംസഭുക്കുകളാണോ മിശ്രഭുക്കുകളാണോ. എന്നതിനെക്കുറിച്ച് ഗവേഷകർക്കിടയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. കാർണിവോറ നിരയിൽ ഉൾപ്പെട്ടതു കൊണ്ട് മാത്രം നായ്ക്കൾ പൂർണ്ണമാംസഭുക്കുകളാണെന്നു പറയാൻ കഴിയില്ല. കാരണം മറ്റു പൂർണ്ണമാംസഭുക്കുകളെ പോലെ ചെറുതല്ല നായയുടെ ആന്തരാവയവങ്ങൾ. കൂടാതെ നായ്ക്കൾ അവയുടെ ശരീരപ്രവർത്തനങ്ങൾക്ക് മാംസജന്യമായ ജീവകങ്ങൾ കുറഞ്ഞ അളവിലേ ഉപയോഗിക്കുന്നുള്ളൂ. നായ്ക്കൾക്ക് പല തരത്തിലുള്ള ഭക്ഷണസാധനങ്ങൾ, പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടെ, ദഹിപ്പിക്കാനും അവയിൽ നിന്ന് ധാതുക്കളും ജീവകങ്ങളും ആഗിരണം ചെയ്യാനും കഴിയും. വളർത്തു നായ്ക്കളെ ശ്രദ്ധാപൂർ‌വമായ മാംസരഹിത ഭക്ഷണരീതിയിലൂടെയും ആരോഗ്യത്തോടെ വളർത്താൻ സാധിക്കും അവയുടെ ഭക്ഷണസാധനങ്ങളിൽ മുട്ടയും പാലും ഉൾപ്പെടുത്തിയാൽ മതിയാകും.

നായ്ക്കൾ ഇടക്കിടെ പുല്ല് തിന്നാറുണ്ട്. ഇത് വയറ്റിലെ അനാവശ്യവസ്തുക്കളെ പുറത്തു കളയാനാണെന്നു വിശ്വസിക്കപ്പെടുന്നു. പുല്ല് വയറ്റിലെ വസ്തുക്കളുമായി കെട്ടിപ്പിണയുകയും ഛർദ്ദിയിലൂടെ ഈ വസ്തുക്കൾ പുറത്തു വരികയും ചെയ്യുന്നു[5]. നായ്ക്കളിൽ ഛർദ്ദി സാധാരണമാണ്. നായ്ക്കൾ ചവയ്ക്കാതെ കടിച്ചു വിഴുങ്ങുന്ന മൃഗങ്ങളായതു കൊണ്ട് വയറ്റിലെത്തുന്ന എല്ല്, രോമങ്ങൾ എന്നിവ പുറത്തുകളയാനാണിത്.

അപകടകാരികളായ വസ്തുക്കൾ[തിരുത്തുക]

മനുഷ്യർ കഴിക്കുന്ന പല ഭക്ഷണസാധനങ്ങളും നായ്ക്കൾക്ക് അപകടം വരുത്തിവെക്കാറുണ്ട്. ചോക്ലേറ്റ് (തിയോബ്രോമിൻ വിഷബാധ), ഉള്ളി, പച്ചയും ഉണങ്ങിയതുമായ മുന്തിരിങ്ങ എന്നിവ അതിൽ ചിലതാണ്[6]. കൂടാതെ ച്യൂയിംഗ് ഗം, മധുരീക്രിതികൾ എന്നിവയും അപകടമുണ്ടാക്കുന്നു.

മുന്തിരിങ്ങയിൽ നിന്നുള്ള കടുത്ത അപകടം 2000-ആമാണ്ടിൽ മാത്രമാണ് തിരിച്ചറിഞ്ഞത്. വളരെ കുറഞ്ഞ അളവിൽ പോലും ഉണങ്ങിയതോ പച്ചയോ ആയ മുന്തിരിങ്ങ ഉള്ളിൽ ചെന്നാൽ നായ്ക്കൾക്ക് കടുത്ത വൃക്ക സ്തംഭനം (ഇംഗ്ലീഷ്:Acute Kidney Failure) ഉണ്ടാകുന്നു[അവലംബം ആവശ്യമാണ്]. ഇതിന്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പാകം ചെയ്ത എല്ലുകൾ നായ്ക്കൾക്ക് നൽകാൻ പാടുള്ളതല്ല. ചൂട് എല്ലുകളുടെ രാസഘടന മാറ്റുന്നു അതുമൂലം എല്ല് ചവക്കുമ്പോൾ അത് പിളർന്ന് ചെറിയ കഷ്ണങ്ങളാവുകയും ദഹനപ്രക്രിയക്ക് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു.

മനുഷ്യരുടെ പല മരുന്നുകളും നായ്ക്കൾക്ക് വിഷകരമാണ്. മദ്യം മനുഷ്യരിലുണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ നായ്ക്കളിലും ഉണ്ടാക്കുന്നു. പല ചെടികളും നായ്ക്കൾക്ക് വിഷകരമാണ്[7].

ബുദ്ധിശക്തി[തിരുത്തുക]

നായ്ക്കൾ ബുദ്ധിശക്തിയിൽ മുൻപിൽ നിൽക്കുന്ന മൃഗങ്ങളാണ്. ജനുസ്സനുസരിച്ച് നായ്ക്കളുടെ ബുദ്ധിശക്തിയിൽ ഏറ്റക്കുറച്ചിലുകൾ കാണാം. ബോർഡർ കോളി, പൂഡിൽ, ജർ‌മൻ ഷെപ്പേർഡ്, ഗോൾഡൻ റിട്രീവർ,ഡോബർമാൻ പിൻഷർ എന്നീ ജനുസ്സുകളാണ് നായ്ക്കളിൽ ബുദ്ധിശക്തിയിൽ മുൻപിൽ നിൽക്കുന്നത്. ഈ ജനുസ്സുളെല്ലാം പരിശീലിപ്പിച്ചെടുക്കാൻ എളുപ്പമുള്ളവയാണ്. അവ നിർദ്ദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു. മറ്റു പല ജനുസ്സുകൾ നിർദ്ദേശങ്ങൾ ഗ്രഹിക്കാൻ താമസിക്കുമെങ്കിലും അവയുടെ കഴിവ് മറ്റു പല മേഖലകളിലും കാഴ്ചവെക്കുന്നു ഉദാ: മണം പിടിക്കൽ, വേട്ടയാടൽ.


നായ്ക്കൾ പരിസരങ്ങളോട് വളരെയധികം ഇണങ്ങിച്ചേരുന്നവയായതിനാൽ മനുഷ്യരുടെ പല സേവനങ്ങൾക്കും ഉപയോഗസജ്ജമായ നായ ജനുസ്സുകൾ തലമുറകളിലൂടെ വികസിച്ചു വന്നിട്ടുണ്ട്. ഇന്ന് പല മേഖലകളിലും നായ്ക്കൾ ഒരവിഭാജ്യഘടകമാണ്. നിയമപരിപാലനം, രക്ഷാപ്രവർത്തനം, അവലാഞ്ച് റെസ്ക്യൂ നായ[8], കാവൽ, കന്നുകാലി മേക്കൽ, അന്ധർക്ക് വഴികാട്ടൽ തുടങ്ങിയവ അതിൽ ചിലത് മാത്രം. എന്നിരുന്നാലും സങ്കീർണ്ണമായ കാര്യങ്ങൾ നായ്ക്കൾക്ക് പഠിക്കാൻ കഴിയുകയില്ല. അതിനാൽ അന്ധരെ സഹായിക്കുന്ന നായ്ക്കൾക്ക് അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേക പരിശീലനം നൽകുന്നു.

വിശ്വസ്ഥത[തിരുത്തുക]

കഴിക്കുന്ന ഭക്ഷണത്തോട് നന്ദി ഉള്ളവരായാണ് (ഉണ്ട ചോറിന് നന്ദി കാട്ടുക) മനുഷ്യർ നായ്ക്കളെ പരിപാലിച്ചു പോരുന്നത്. തങ്ങളെ വിശ്വസിച്ച് പരിപാലിക്കുന്നവർക്ക് വേണ്ടി ജീവത്യാഗം ചെയ്ത നായകളുടെ വിശ്വസ്ഥതയുടെ കഥ മനുഷ്യ സമൂഹത്തിൽ ഇന്ന് അറിയാത്തവർ വളരെ ചുരുക്കമാണ്. ഉപാധികളില്ലാത്ത സ്നേഹവും അളവറ്റ വിശ്വസ്ഥതയും എന്നും പ്രകടിപ്പിക്കുന്ന നായകൾ ഇന്നും മനുഷ്യരുടെ ഇടയിൽ സഹവസിച്ച് പോരുന്നതും ഈ ഗുണങ്ങൾ കൊണ്ട് തന്നെയാണ്.[9][10]

നായ്ക്കളുടെ ആരോഗ്യം[തിരുത്തുക]

ജീവിത കാലം[തിരുത്തുക]

ജനുസ്സനുസരിച്ച് നായയുടെ ജീവിതകാലം വ്യത്യാസപ്പെട്ടിരിക്കുന്നു. ശരാശരി 10 മുതൽ 12 വർഷം വരെയാണ് നായ്ക്കളുടെ ആയുസ്സ്. പല ജനുസ്സുകളും ഉദാ: ബുൾ ഡോഗ്,ഗ്രേറ്റ് ഡേൻ,മാസ്റ്റിഫ് കുറച്ചു കാലം മാത്രമേ ജീവിക്കാറുള്ളൂ 6 മുതൽ 7 കൊല്ലം വരെ.[11] ആയുസ്സ് കൂടിയ ജനുസ്സുകളായ പൂഡിൽ‍,ബോർഡർ ടെറിയർ,ഡാഷ്ഹണ്ട് എന്നിവക്ക് 14 മുതൽ 15 വർഷം വരെ ആയുസ്സുണ്ട്.[12] സങ്കരവർഗ്ഗ നായകൾ പൊതുവേ തനത് ജനുസ്സുകളേക്കാൾ കൂടുതൽ കാലം ജീവിക്കുന്നു.

അസുഖങ്ങൾ[തിരുത്തുക]

നായ്ക്കൾക്ക് പലതരം അസുഖങ്ങൾ വരാറുണ്ട്. മിക്ക രോഗങ്ങളും നായ്ക്കളിൽ മാത്രം കാണുന്നവയാണെങ്കിലും ചിലത് മനുഷ്യരിലേക്കും പടർന്നുപിടിക്കാറുണ്ട്.

പേവിഷം ബാധിച്ച ഒരു നായ

നായ്ക്കൾക്ക് വരുന്ന അസുഖങ്ങളിൽ നായ്ക്കൾക്കും മനുഷ്യർക്കും ഒരു പോലെ മാരകമായതാണ് പേവിഷബാധ(Rabies) അല്ലെങ്കിൽ ജലഭയം(Hydrophobia). പേവിഷബാധമൂലം സസ്തനികളിൽ എൻസെഫലിറ്റിസ് അതായത് തലച്ചോർ വലുതാവുന്ന അവസ്ഥയുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ പേവിഷബാധ തടയാൻ കഴിയൂ. നായ്ക്കൾക്ക് വരുന്ന മറ്റു രണ്ട് മാരകരോഗങ്ങളാണ് പാർ‌വൊ, ഡിസ്റ്റംബർ എന്നിവ. ഇവക്കും ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പ് നിലവിലുണ്ട്. ഇവ കൂടാതെ പരമ്പരാഗതമായി വരുന്ന രോഗങ്ങളും നായ്ക്കളിൽ കാണാറുണ്ട്. കൂടാതെ മനുഷ്യരിൽ കാണപ്പെടുന്നത് പോലെ ഹൃദ്രോഗം, വൃക്ക രോഗങ്ങൾ, കാൻസർ മുതലായവയും നായ്ക്കളിൽ കാണപ്പെടാറുണ്ട്.

പരാദങ്ങൾ[തിരുത്തുക]

പരാദബാധ നായ്ക്കളിൽ വളരെയധികം കാണപ്പെടുന്നുണ്ട്. സാധാരണ ചെള്ള്, പേൻ, വിര മുതലായ പരാദ‌ബാധ നായ്ക്കൾക്കുണ്ടാകും. നാടവിര, കൊക്കപ്പുഴു, കുഴൽവിര എന്നിവ നായ്ക്കളിൽ കാണപ്പെടുന്നു. പല വിരകളും ഗർഭാവസ്ഥയിൽ തന്നെ നായ്ക്കുട്ടികളിലേക്കു പ്രവേശിക്കുന്നു. ഇവക്കെല്ലാം ഫലപ്രദമായ ചികിത്സകൾ ഇന്ന് നിലവിലുണ്ട്.

പ്രജനനം[തിരുത്തുക]

കാറ്റഹൗള ലിയോപാർഡ് നായ ജനുസ്സിൽ പെട്ട തള്ള നായയും കുട്ടികളും

വളർത്തുനായ്ക്കൾ സാധാരണയായി ലൈംഗികമായി പ്രായപൂർത്തിയാവുന്നത് 6 മാസം മുതൽ 12 മാസം വരെയുള്ള പ്രായത്തിലാണ്. ചെറിയ ജനുസ്സുകൾ വലിയവയേക്കാൾ വേഗത്തിൽ പ്രായപൂർത്തിയാവുന്നു. ചില വലിയ ജനുസ്സുകളിൽ പ്രായപൂർത്തിയാവാൻ 2 വർഷം വേണ്ടി വരാറുണ്ട്. മിക്ക ജനുസ്സിലെ പെൺ നായകളും 6-12 മാസത്തിനുള്ളിൽ ആദ്യത്തെ മദിചക്രത്തിലൂടെ (ഇംഗ്ലീഷ്:Estrous cycle) കടന്നു പോകുന്നു. ഇതിന്റെ മൂർധന്യാവസ്ഥയിലാണ് പെൺ നായ ശാരീരികമായും മാനസികമായും ഇണ ചേരലിന് സജ്ജമാകുന്നത്. വർഷത്തിൽ രണ്ട് തവണ മാത്രമേ നായ്ക്കൾക്ക് മദി ചക്രം ഉണ്ടാവുകയുള്ളൂ.

നായ്ക്കളുടെ സാധാരണ ഗർഭകാലം 56 മുതൽ 72 ദിവസം വരെയാണ്, ഇതിൽ ഏറ്റക്കുറച്ചിലുകൾ കാണാറുണ്ട്. സാധാരണ ഒരു പ്രസവത്തിൽ ആറ് കുട്ടികളാണ് ഉണ്ടാവുക, പക്ഷേ കുട്ടികളുടെ എണ്ണത്തിൽ ജനുസ്സനുസരിച്ച് വലിയ വ്യത്യാസങ്ങൾ കാണും. വളരെ ചെറിയ ജനുസ്സുകൾക്ക് അതായത് ടോയ് ഡോഗ്സ് ഒരു പ്രസവത്തിൽ നാല് കുട്ടികളിൽ കൂടുതൽ ഉണ്ടാവാറില്ല. എന്നാൽ വലിയ ജനുസ്സുകൾക്ക് ഒരു പ്രസവത്തിൽ 12 കുട്ടികൾ വരെ ഉണ്ടാകുന്നു. ഒരു പ്രസവത്തിൽ 24 കുട്ടികളെ പ്രസവിച്ച ഇംഗ്ലീഷ് മാസ്റ്റിഫ് ജനുസ്സിൽ പെട്ട നായയാണ് ഇപ്പോൾ ലോകറെക്കോഡിനുടമ.[13]

മനുഷ്യരു‌മായുള്ള ബന്ധം[തിരുത്തുക]

പരിശീലനം നേടിയ ഒരു പൊലീസ് നായ

നായകൾ വളരെ സാമൂഹ്യ ബോധം പ്രകടിപ്പിക്കുന്നവയാണ്. മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി നായ്ക്കൾ വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് തന്മൂലം അവയ്ക്കുണ്ട്. മനുഷ്യരോടൊത്ത് കളിക്കുന്നതിലും മനുഷ്യരാൽ പരിശീലിപ്പിക്കപ്പെടുന്നതിലും നായ്ക്കൾ സന്തോഷം കണ്ടെത്തുന്നു. മനുഷ്യരുമായുള്ള ഈ ഒത്തിണക്കം പണ്ട് കാലത്ത് നായ്ക്കളെ ഉപയോഗിച്ച് ഫലപ്രദമായ വേട്ടകൾ നടത്താൻ സഹായിച്ചിരുന്നു.

നായ്ക്കൾ സമൂഹജീവികളായതു മൂലം കൂട്ടത്തിലെ നേതാവിനോടുള്ള വിശ്വസ്തതയും കരുതലും ഉടമസ്ഥനോട് കാണിക്കുന്നു, ഇത് ജന്മനാലുള്ള വാസനയാണ്. എങ്കിലും മനുഷ്യരുടെ കാഴ്ചപ്പാടിൽ ഈ സ്വഭാവവിശേഷങ്ങൾ സ്നേഹത്തിനോടും സൗഹൃദത്തിനോടും അടുത്തു നിൽക്കുന്നു. പല നായ് വളർത്തുകാരും ഒരു കുടുംബാംഗം എന്ന നിലയ്ക്കാണ് നായ്ക്കളെ കാണുന്നത്.

നായ്ക്കളെ മനുഷ്യർ പലതരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു, ജോലി ചെയ്യുന്ന നായ്ക്കളായി(ഇംഗ്ലീഷിൽ Working Dogs) പല ജനുസ്സുകളേയും ഉപയോഗിക്കുന്നുണ്ട്.എങ്കിലും നായ്ക്കൾ ഇന്ന് പ്രധാനമായും മനുഷ്യർക്ക് കൂട്ടിനായാണ് വളർത്തപ്പെടുന്നത്.നായ്ക്കൾ മനുഷ്യനെ വളരെയധികം മേഖലകളിൽ സഹായിക്കുന്നതു കൊണ്ടും അവയുടെ വിശ്വസ്തത കൊണ്ടും മനുഷ്യന്റെ ഏറ്റവും അടുത്ത ചങ്ങാതി എന്ന പദവി നായ്ക്കൾക്ക് ലഭിച്ചിരിക്കുന്നു. [14]

എന്നിരുന്നാലും നായ്ക്കളെ പല സംസ്കാരങ്ങളും വൃത്തിയില്ലാത്ത ജീവികളായി കണക്കാക്കുന്നു. പല ദേശങ്ങളിലും നായയുടെ ഇറച്ചി ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട് ഉദാ: ചൈന,കൊറിയ,ഹോങ് കോങ്[15][16] ഭാരതത്തിലെ മിസോറം,നാഗാലാ‌‍ൻഡ് എന്നീ സംസ്ഥാനങ്ങളിലും നായ ഇറച്ചി ഭക്ഷിക്കാറുണ്ട്.[17][18] ഒട്ടുമിക്ക സ്ഥലങ്ങളിലും നായ് ഇറച്ചി തിന്നുന്നത് മോശമായി കണക്കാക്കി സാമൂഹികമായി വിലക്കിയിരിക്കുന്നു.

നായ്ക്കൾ മതങ്ങളിൽ[തിരുത്തുക]

ഹൈന്ദവ വിശ്വാസം[തിരുത്തുക]

ഹൈന്ദവ വിശ്വാസമനുസരിച്ച് ശിവന്റെ ഭൂതഗണത്തിലെ ഒരാളായ ഭൈരവന്റെ വാഹനമാണ് നായ.[19]കൃഷ്ണപുരം കൊട്ടാരത്തിൽ നായ വാഹന സഹിതനായ ഭൈരവന്റെ ശില്പമുണ്ട്.

ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗിലുള്ള വിശുദ്ധ റോക്കസിന്റെയും അദ്ദേഹത്തെ രക്ഷിച്ച നായയുടെയും ശില്പം

ചൈനീസ് വിശ്വാസം[തിരുത്തുക]

ചൈനീസ് ജ്യോതിഷത്തിൽ ആരാധിക്കപ്പെടുന്ന 12 മൃഗങ്ങളിൽ ഒന്നാണ് നായ. ചൈനീസ് പുതുവർഷത്തിന്റെ രണ്ടാമത്തെ ദിവസം ചൈനീസ് ജനത എല്ലാ നായകളുടെയും ജന്മദിനമായി കണക്കാക്കുന്നു.

ക്രിസ്തുമതവിശ്വാസം[തിരുത്തുക]

ക്രിസ്തുമതത്തിൽ 1300ൽ ഫ്രാൻസിൽ ജീവിച്ചിരുന്ന വിശുദ്ധ റൊക്കസ്(ഇംഗ്ലീഷ്:Saint Rochus) നായ്ക്കളുടെ രക്ഷകനാണെന്ന് വിശ്വസിക്കപ്പെടുന്നു. ആതുരസേവനത്തിനിടെ അദ്ദേഹത്തിന് പ്ലേഗ് രോഗം ബാധിച്ചു. മരണം വരിക്കുന്നതിനായി കാട്ടിലേക്കുപോയ അദ്ദേഹത്തെ ഒരു നായ ഭക്ഷണമെത്തിച്ചു സഹായിച്ചുവെന്നും അങ്ങനെ അദ്ദേഹം രോഗവിമുക്തനായെന്നും വിശ്വസിക്കപ്പെടുന്നു. ഓഗസ്റ്റ് 16 വിശുദ്ധ റൊക്കസ് ദിനമായി ആചരിക്കുന്നു.[20]

ഇസ്‌ലാം മതവിശ്വാസം[തിരുത്തുക]

ഇസ്‌ലാം മതവിശ്വാസപ്രകാരം നായകൾ അശുദ്ധ ജീവികളായികണക്കാക്കപ്പെടുന്നു. തന്മൂലം നായ്ക്കളെ വളർത്തുന്ന ഇസ്‌ലാം മതക്കാർ വളരെ കുറവാണ്. പ്രവാചകനായ മുഹമ്മദ് നബിയുടെ വചനപ്രകാരം വേട്ടയാടുന്നതിനും കാലിമേയ്ക്കുന്നതിനും കാവലിനും അല്ലാതെ നായ്ക്കളുമായുള്ള ബന്ധം ഒരു മുസ്ലീമിന്റെ നല്ല പ്രവൃത്തികൾക്ക് എതിരാണ്. നായകളെ സ്പർശിച്ചാൽ ഏഴു തവണ ശുദ്ധജലത്തിൽ കഴുകണമെന്നും അതിൽ ഒരു തവണ (കളി)മണ്ണ്‌ കലർത്തിയ വെള്ളമായിരിക്കണമെന്നും ഇസ്ലാം നിഷ്കർഷിക്കുന്നു.എങ്കിലും നായ മുസ്ലിങ്ങളുടെ ഒരു വെറുക്കപ്പെട്ട ജീവിയാണെന്ന ധാരണ തെറ്റാണ്.അബൂ‍ ഹുറൈറ റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഒരു വേശ്യ ദാഹിച്ചു വലഞ്ഞ ഒരു നായക്ക് തന്റെ പാദരക്ഷ ഉപയോഗിച്ച് കിണറ്റിലിറങ്ങി വെള്ളം കോരിക്കൊടുത്ത കാരണത്താൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ചരിത്രം ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ഒരു ജീവി എന്ന നിലക്ക് നായയെ സ്നേഹിക്കാൻ തന്നെയാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Mammal Species of the World - Browse: lupus". Bucknell.edu. Archived from the original on 2013-04-01. Retrieved 2010-08-10.
  2. 2.0 2.1 "Mammal Species of the World - Browse: dingo". Bucknell.edu. Archived from the original on 2012-12-16. Retrieved 2010-08-10.
  3. Archaeology.org
  4. നായ്ക്കളുടെ കേൾവി ശക്തി
  5. http://www.wonderquest.com/DogsGrass.htm എന്തു കൊണ്ട് നായ്ക്കൾ പുല്ല് തിന്നുന്നു?]
  6. "നായ്ക്കളിലെ വിഷബാധ". Archived from the original on 2007-04-07. Retrieved 2007-09-12.
  7. Duncan, K. L.; W. R. Hare and W. B. Buck (1997-01-01). "Malignant hyperthermia-like reaction secondary to ingestion of hops in five dogs". Journal of the American Veterinary Medical Association 210 (1): 51-4. PubMed
  8. "അവലാഞ്ച് റെസ്ക്യൂ നായ".
  9. നായകളുടെ സ്നേഹം
  10. വൈറലായ കുറിപ്പ്
  11. നായ്ക്കളുടെ ആയുസ്സ്
  12. നായ്ക്കളുടെ ആയുസ്സ്
  13. ലോകറെക്കോർഡ് - ഒരു പ്രസവത്തിലെ ഏറ്റവും കൂടുതൽ നായ്ക്കുട്ടികൾ
  14. "എങ്ങനെ നായ്ക്കൾക്ക് മനുഷ്യന്റെ ഏറ്റവും അടുത്ത ചങ്ങാതി എന്ന പദവി ലഭിച്ചു". Archived from the original on 2006-02-10. Retrieved 2007-09-11.
  15. BBC Dog Meat Consumption in countries
  16. നായ് ഇറച്ചി - ചൈനയുടെ വിശിഷ്ടവിഭവം - ബിബിസിയിൽ നിന്ന്
  17. "Hindu.Com Dog Meat consumption in Mizoram". Archived from the original on 2007-09-30. Retrieved 2007-09-11.
  18. "Dog Meat consumption in Nagaland". Archived from the original on 2011-07-08. Retrieved 2007-09-11.
  19. ഒരു ലേഖനം[പ്രവർത്തിക്കാത്ത കണ്ണി]
  20. "വിശുദ്ധ റൊക്കസ്". Archived from the original on 2020-11-27. Retrieved 2007-09-19.

മറ്റ് ലിങ്കുകൾ[തിരുത്തുക]

Wiktionary
Wiktionary
നായ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
വിക്കിചൊല്ലുകളിലെ നായ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=നായ&oldid=4069556" എന്ന താളിൽനിന്ന് ശേഖരിച്ചത്