Jump to content

പേവിഷബാധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേവിഷബാധ
സ്പെഷ്യാലിറ്റിInfectious diseases, മൃഗവൈദ്യം Edit this on Wikidata

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis ) പേവിഷബാധ അഥവാ റാബീസ് (Rabies). റാബീസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം "ഭ്രാന്ത് " എന്നാണു. പേവിഷബാധ ഉണ്ടാക്കുന്നത്‌ ഒരു ആർ.എൻ.എ വൈറസ്സാണ്. ലിസ വൈറസ്സ്എന്നും ഇതിന് പേരുണ്ട്. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളേയും പേവിഷം ബാധിക്കും. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിനു വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു [1]. . പട്ടികളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര കുറുക്കൻ, ചെന്നായ, കുരങ്ങൻ, അണ്ണാൻ എന്നി മൃഗങ്ങളേയും ഇത് ബാധിക്കാറുണ്ട്. വീട്ടുമൃഗങ്ങളേയും വന്യമൃഗങ്ങളേയും ഒരേപോലെ രോഗം ബാധിക്കാം.

രോഗപ്പകർച്ച

[തിരുത്തുക]

രോഗംബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കണ്ടേക്കാവുന്ന വൈറസുകൾ, മൃഗങ്ങളുടെ കടികൊണ്ടോ മാന്തു കൊണ്ടോ ഉണ്ടായ മുറിവിൽക്കൂടെ / പോറലിൽക്കൂടി ശരിര പേശികൾക്കിടയിലെ സൂക്ഷ്മ നാഡികളിൽ എത്തപ്പെട്ടു കേന്ദ്രനാഡീവ്യൂഹത്തിൽ കൂടി സഞ്ചരിച്ച് , സുഷുമ്നാനാഡിയേയും തലച്ചോറിനേയും ബാധിക്കുന്നു. വൈറസ് ബാധ ഉണ്ടായി (infection ) രോഗലക്ഷണങ്ങൾ പ്രകടമാകുന്നതുവരെയുള്ള ഇടവേള (incubation period) മാസങ്ങൾ നീണ്ടു നിൽക്കാം. കേന്ദ്ര നാഡീവ്യുഹത്തിൽ വൈറസ് എത്ര പെട്ടെന്ന് എത്തുന്നുവോ അത്രയും ദൈർഘ്യം മാത്രമേ രോഗലക്ഷണങ്ങൾ പ്രകടമാകുവാൻ എടുക്കുകയുള്ളൂ. [2] എന്നാൽ അസാധാരണമായി ഒരു ആഴ്ചമുതൽ ഒരു കൊല്ലം വരെ എടുക്കാം. രോഗ ലക്ഷണങ്ങൾ പ്രത്യക്ഷമായാൽ മരണം തീർച്ചയാണ്. .

വൈറസ് തരങ്ങൾ

[തിരുത്തുക]

ആർ.എൻ.എ വൈറസ് ആയ ലിസ വൈറസ്സ് നാലു തരമുണ്ട്. 1.റാബീസ് വൈറസ്സ് 2.ലോഗോസ് ബാറ്റ് വൈറസ്സ് 3.മൊക്കോള വൈറസ്സ് 4.ഡുവൽ ഹേജ് വൈറസ്സ്

രോഗ ലക്ഷണം (മനുഷ്യരിൽ)

[തിരുത്തുക]

തളർച്ച മാത്രം പ്രകടിപ്പിക്കുന്ന ഒരിനം പേവിഷബാധയുമുണ്ട്. മനുഷ്യരിൽ പേവിഷം ബാധിക്കുന്നവരിൽ 30% ഇതായിരിക്കുമെങ്കിലും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവാറുണ്ട്. [3]

ഒന്നാം ഘട്ടം (പ്രോഡോർമൽ ഘട്ടം)

[തിരുത്തുക]

കടിയേറ്റ ഭാഗത്ത് ചൊറിച്ചിൽ. മുറിവേറ്റ ഭാഗത്ത് മരവിപ്പ്. തലവേദന , തൊണ്ടവേദന എന്നിവയുമുണ്ടാവും.

രണ്ടാം ഘട്ടം

[തിരുത്തുക]

വിറയൽ, ശ്വാസതടസ്സം, ഉൽക്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി

മൂന്നാം ഘട്ടം

[തിരുത്തുക]

തളർന്നു കിടക്കും. ശ്വാസതടസ്സം, ശബ്ദവ്യത്യാസം എന്നിവയുണ്ടാവും. അവസാനം മരണപ്പെടുന്നു.

രോഗ ലക്ഷണം (മൃഗങ്ങളിൽ)

[തിരുത്തുക]

ആദ്യ ഘട്ടം

[തിരുത്തുക]

പൊതുവെ ശാന്തസ്വഭാവമായിരിക്കും. വായിൽ നിന്ന് നുരയും പതയും വരും. വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും പറ്റില്ല. വെള്ളത്തേ ഭയക്കുന്ന രോഗ ലക്ഷണം ഉള്ളതിനാൽ ഹൈഡ്രോഫോബിയ (Hydrophobia) എന്നും ഈ രോഗത്തെ അറിയപ്പെടുന്നു.

രണ്ടാം ഘട്ടം

[തിരുത്തുക]

ഈ ഘട്ടത്തിൽ അക്രമകാരിയാവുന്നു. കണ്ണുകൾ ചുവക്കും. ഉമിനീരൊലിപ്പിച്ച് ലക്ഷ്യമില്ലാതെ ഓടും, പ്രകോപനവുമില്ലാതെ എല്ലാത്തിനേയും കടിക്കും രണ്ടാം ഘട്ടം മാത്രമെ പൂച്ചകൾ കാണിക്കൂ . പശുക്കളിൽ അക്രമ സ്വഭാവം കൂടും. ശബ്ദത്തിനോട് ഭയം എന്നിവ കാണിക്കും.

രോഗ സംക്രമണം

[തിരുത്തുക]

നായ്ക്കളാണ് രോഗവാഹകരിൽ പ്രധാനികൾ. വവ്വാലുകളാണ് (Vampire bats ) അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പേവിഷ വാഹകരിൽ അധികവും. ആസ്ത്രേലിയയിലും ലാറ്റിൻ അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലും ഈയിടെയായി പേവിഷബാധ ഒരു ആരോഗ്യപ്രശ്നമായിട്ടുണ്ട്.

പ്രത്യേകത

[തിരുത്തുക]

വിഷബാധയുള്ള മൃഗങ്ങളുടെ കടിയോ, മാന്തോ, നക്കലോ മൂലം ത്വക്കിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ഈ തത്ത്വപ്രകാരം രോഗം ബാധിച്ച മനുഷ്യന്റെ കടിയേറ്റാൽ മനുഷ്യനു രോഗം പകരാമെങ്കിലും ഇത്തരത്തിലുള്ള മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കുള്ള രോഗസംക്രമണം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.വൈറസ്സുള്ള വായു ശ്വസിച്ചും രോഗിയുടെ അവയവ മാറ്റി വയ്ക്കലിലൂടേയും അപൂർവമായെങ്കിലും രോഗം പകരാം[3]

രോഗനിർണ്ണയം

[തിരുത്തുക]

മുൻകൂട്ടിയുള്ള രോഗനിർണ്ണയത്തിന് ഒരു പരിശോധനയും നിലവിലില്ല. പോസ്റ്റ്മോട്ടം സമയത്ത് ഫ്ലൂറസെന്റ് ആന്റിബോഡി ടെസ്റ്റ് കൊണ്ട് തലച്ചോറിൽ വൈറസ്സിന്റെ ആന്റിബോഡി (Negri bodies)സാന്നിദ്ധ്യം നോക്കുകയാണ് ചെയ്യുന്നത്. [3]

ചികിത്സ

[തിരുത്തുക]

കടിയേറ്റ ശരീര

ഭാഗം ഒഴുകുന്ന വെള്ളവും സോപ്പും ഉപയോഗിച്ച് 15 മിനിട്ടെങ്കിലും കഴുകിക്കൊണ്ടിരിക്കണം. വൈറസ്സിനെ നശിപ്പിക്കാവുന്ന മരുന്നുകളും ഉപയോഗിക്കാവുന്നതാണ്. അതിനു ശേഷം തുണിയോ പഞ്ഞിയോ കൊണ്ടു തുടയ്ക്കണം. പിന്നീട് ഏതെങ്കിലും അണുനാശിനികൊണ്ടും തുടക്കണം. വേഗത്തിൽ വൈദ്യസേവനവും തേടണം.

പ്രതിരോധം

[തിരുത്തുക]

രോഗവാഹകരാകാവുന്ന വളർത്തു മൃഗങ്ങൾക്ക് പ്രതിരോധകുത്തിവെപ്പെടുത്ത് രോഗവ്യാപനം തടയാം.വളർത്തു മൃഗങ്ങൾക്ക് 6 മാസം പ്രായം ആയാൽ ആദ്യ കുത്തി വെപ്പ് എടുകാം.പിന്നീട് ഒരൊ വർഷ ഇടവേളയിൽ കുത്തി വെപ്പ് എടുക്കണം. പേപ്പട്ടി വിഷ (റേബീസ്) പ്രതിരോധത്തിനായി ഇപ്പോൾ നൽകിവരുന്ന ഒരു ആധുനിക വാക്സിനാണ് ഡിപ്ലോയിഡ് വാക്സിൻ.[4]

പ്രതിരോധകുത്തിവെപ്പ്

[തിരുത്തുക]

മനുഷ്യർക്ക് രോഗം ബാധിക്കാതിരിക്കാനുള്ള കുത്തിവെപ്പുകളും ലഭ്യമാണ്.(ആന്റി റാബിസ് വാക്സിൻ )

ചരിത്രം

[തിരുത്തുക]

.ബിസി.ഇരുപത്തിമൂന്നാം നൂറ്റാണ്ടിൽ ഈ രോഗം ഉണ്ടായിരുന്നതായി ചരിത്ര രേഖകളുണ്ട്. ക്രിറ്റസ്, അരിസ്റ്റോട്ടിൽ എന്നിവർ ഇതിന്റെ ലക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാക്കിലെ മെസോപ്പൊട്ടേമിയയിൽ ബി.സി 1930കളിൽ രേഖപ്പെടുത്തി , 1949ല് കണ്ടെത്തിയ കോടെക്സുകളിലാണ് (Codex of Eshnunna ) പേവിഷബാധയെ പറ്റിയുള്ള എഴുതപ്പെട്ട വിവരങ്ങളുണ്ട്‌. എ.ഡി.100ൽ സെൽസസ് ഈ രോഗം മൃഗങ്ങളിൽ നിന്നാണ് പകരുന്നതെന്ന് പറഞ്ഞിട്ടുണ്ട്. മുറിവായിൽ പഴുപ്പിച്ച ഇരുമ്പുവച്ച് കരിക്കണമെന്നു അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രാകൃതമായ ചികിത്സ 1950 വരെ നിലവിലുണ്ടായിരുന്നു.

വാക്സിൻ കണ്ടെത്തൽ

[തിരുത്തുക]

1885ൽ ലൂയി പാസ്ചറും Émile Roux

കൂടി പേവിഷത്തിനുള്ള കുത്തിവെപ്പ് കണ്ടെത്തി. അത് ആദ്യമായി മനുഷ്യരിൽ പ്രയോഗിച്ചത്, 1885 ജൂലൈ 6 ന് ജോസഫ് മീസ്റ്റർ [Joseph Meister] (1876–1940) )എന്ന ഒമ്പതു വയസ്സുകാരനിലായിരുന്നു.

1967ൽ എച്ച്.ഡി.സി.വി. എന്ന വാക്സിൻ ഉപയോഗിച്ചു തുടങ്ങി.

1979ൽ മൃഗങ്ങൾക്കുള്ള പ്രതിരോധകുത്തിവെപ്പ് തുടങ്ങി.

1984 ൽ വി-ആർജി കുത്തിവെപ്പ് വികസിപ്പിച്ചു.

പ്രധാന വസ്തുതകൾ

[തിരുത്തുക]
  • പേവിഷബാധ ലോകത്ത് 150 രാജ്യങ്ങളിൽ കാണുന്നു.
  • ലോകത്ത് പ്രതിവർഷം 55,000 ആളുകൾ പേവിഷബാധകൊണ്ട് മരിക്കുന്നു.
  • മൃഗങ്ങളിൽ നിന്ന് പേവിഷബാധയേൽക്കുന്നവരിൽ 40 ശതമാനവും 15 വയസ്സിനു താഴെയുള്ള കുട്ടികളാണ്.
  • 99 ശതമാനം പേവിഷബാധകളും ഉണ്ടാകുന്നത് നായ്ക്കളിലൂടെ ആണ്.
  • പട്ടി കടിയാൽ ഉണ്ടാകുന്ന മുറിവായ് എത്രയും പെട്ടെന്ന്, ഒഴുകുന്ന വെള്ളവും (running water ) സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുകയും കുത്തിവെപ്പ് എടുക്കുകയും ചെയ്താൽ പേവിഷ ബാധയിൽ നിന്നും മരണത്തിൽ നിന്നും രക്ഷപ്പെടാം.
  • വർഷം തോറും 15 മില്യൺ ആൾക്കാർ പേവിഷത്തിനു എതിരായുള്ള കുത്തിവെപ്പ് സ്വീകരിയ്ക്കുന്നു - 3,27,000 മരണങ്ങളാണ് ഇങ്ങനെ ഒഴിവാക്കപ്പെടുന്നത്.[3]

ലോക പേവിഷബാധ ദിനം

[തിരുത്തുക]

ലൂയി പാസ്ചറുടെ ചരമദിനമാണ് സെപ്തംബർ 28. അന്നേ ദിവസം ലോക പേവിഷബാധ ദിനം ആയി ആചരിക്കുന്നു.

അവലംബം

[തിരുത്തുക]

മാതൃഭൂമി ദിനപത്രം-വിദ്യ സപ്ലിമെന്റ്, 2011 സെപ്റ്റംബർ 27

  1. Drew WL (2004). "Chapter 41: Rabies". Sherris Medical Microbiology (4th ed.). McGraw Hill. pp. 597–600. ISBN 0-8385-8529-9. {{cite book}}: Unknown parameter |editors= ignored (|editor= suggested) (help)
  2. Cotran RS, Kumar V, Fausto N; et al. (2005). Robbins and Cotran Pathologic Basis of Disease (7th ed.). St. Louis: Elsevier/Saunders. p. 1375. ISBN 0-7216-0187-1. {{cite book}}: Explicit use of et al. in: |author= (help)CS1 maint: multiple names: authors list (link)
  3. 3.0 3.1 3.2 3.3 http://www.who.int/mediacentre/factsheets/fs099/en/
  4. "ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം തുടരാൻ സാധ്യത" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-09-13. Retrieved 2020-09-20.
"https://ml.wikipedia.org/w/index.php?title=പേവിഷബാധ&oldid=3999149" എന്ന താളിൽനിന്ന് ശേഖരിച്ചത്