Jump to content

നാടവിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടവിര
Taenia saginata
ശാസ്ത്രീയ വർഗ്ഗീകരണം

ജന്തുക്കളുടെ ചെറുകുടലിൽ അധിവസിക്കുന്ന ഒരിനം പരാദ വിരയാണ് നാടവിര. പ്ലാറ്റിഹെൽമിന്തസ് എന്ന ജന്തു വിഭാഗത്തിലെ സെസ്റ്റോഡ വർഗത്തിൽ ഉൾപ്പെടുന്ന നാടവിര, നാട(tape)പോലെ നീളമുള്ളതും, പരന്നതുമാണ്. മനുഷ്യന് ഹാനികരമായ പല രോഗങ്ങൾക്കും നാടവിര ഹേതുവാകാറുണ്ട്.

രൂപവിവരണം[തിരുത്തുക]

ഏതാനും മില്ലീമീറ്റർ മുതൽ 9 മീറ്റർ വരെ നീളമുള്ള വിവിധതരം നാടവിരകളുണ്ട്. ശിരസ്സ്, കഴുത്ത്, ഖണ്ഡങ്ങൾ എന്നീ വ്യക്തമായ മൂന്ന് ഭാഗങ്ങൾ ചേർന്നതാണ് നാടവിരയുടെ ശരീരം. വെളുത്ത നിറമുള്ള ഇതിന്റെ ശരീരം സ്ട്രൊബില എന്നറിയപ്പെടുന്നു. ശിരസ്സ് അഥവാ സ്കോളൈക്സിലാണ് ചെറുകുടലിൽ പറ്റിപ്പിടിക്കുന്നതിന് ഇവയെ സഹായിക്കുന്ന അവയവങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ അവയവങ്ങൾ, കൊളുത്തുകൾ (hooks) നിറഞ്ഞ വളയമോ, സക്കറു(sucker)കളോ ആകാം[1]. പ്രോഗ്ലാറ്റിഡുകൾ എന്നറിയപ്പെടുന്ന ശരീര ഖണ്ഡങ്ങൾ പേശികൾ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ ഖണ്ഡവും, പാരൻകൈമ കലകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അന്നജത്തെ ഗ്ലൈക്കോജനാക്കി സംഭരിക്കുന്നതിന് ഈ കലകൾ സഹായിക്കുന്നു. നാടവിരകൾക്ക് സ്വന്തമായി അന്നനാളമില്ല. ഇവ ആതിഥേയ ജന്തുവിന്റെ ചെറുകുടലിൽനിന്നും ദഹിച്ച ആഹാര പദാർഥത്തെ തൊലിയിലൂടെ വലിച്ചെടുക്കുകയാണ് പതിവ്. ആതിഥേയ ജന്തുവിന്റെ ചെറുകുടലിൽ നാടവിരകൾ, മ്യൂകോപ്രോട്ടീൻ[2] എന്ന പദാർഥം കൊണ്ടുള്ള ഒരു ബാഹ്യാവരണത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ മ്യൂകോപ്രോട്ടീനിന് ദഹനത്തെ പ്രതിരോധിക്കാൻ കഴിവുള്ളതിനാൽ ആതിഥേയ ജന്തുവിന്റെ ദഹന രസങ്ങളുടെ പ്രവർത്തനങ്ങളിൽനിന്നും നാടവിര സ്വയം രക്ഷപ്പെടുന്നു.

നാടവിരകളുടെ ജീവിതചക്രം[തിരുത്തുക]

നാടവിരകളുടെ ശരീരത്തിനുള്ളിൽ യാതൊരുവിധ അറകളും കാണപ്പെടുന്നില്ല. ശരീരത്തിന്റെ പിന്നറ്റത്തുള്ള ഖണ്ഡമാണ് ആദ്യം പൂർണ വളർച്ചയെത്തുന്നത്. ഓരോ ഖണ്ഡത്തിലും പ്രത്യേകം ആൺ, പെൺ പ്രത്യുല്പാദനാവയവങ്ങൾ ഉണ്ടായിരിക്കും. ഇവയിൽ ആൺ പ്രത്യുല്പാദനാവയവമാണ് ആദ്യം പൂർണ വളർച്ചയെത്തി ബീജസംയോഗം നടത്തുന്നത്. തത്ഫലമായി നൂറുകണക്കിന് മുട്ടകൾ ഉണ്ടാകുന്നു. ഇങ്ങനെ മുട്ടകൾ നിറഞ്ഞ പൂർണ വളർച്ചയെത്തിയ ശരീരഖണ്ഡം, മാതൃവിരയിൽനിന്നും സ്വതന്ത്രമാകുന്നു. തുടർന്ന്, ഇവ ആതിഥേയ ജന്തുവിന്റെ മലത്തിൽ കൂടിയോ, ചിലപ്പോൾ ജീവനുള്ള അവസ്ഥയിൽ ഗുദത്തിലൂടെയോ പുറത്തെത്തുന്നു. പുറത്തെത്തിയശേഷം ഈ പ്രത്യേക ശരീര ഖണ്ഡത്തിൽനിന്നും മുട്ടകൾ പുറന്തള്ളപ്പെടുകയും, ശരീരഖണ്ഡം നശിച്ചു പോകുകയും ചെയ്യുന്നു. ഈ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന ലാർവകൾ ഓൻകോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു. ഓൻകോസ്ഫിയറുകളുടെ ശരീരം പൊതുവേ, വൃത്താകൃതിയിലായിരിക്കും. ലാർവകൾ മറ്റു ജീവികളുടെ കുടലിൽ കടന്നു കൂടുന്നതോടെ, വിരയുടെ ജീവിതചക്രം ആവർത്തിക്കുന്നു.[3]

നാടവിരകളുടെ ആതിഥേയർ[തിരുത്തുക]

നാടവിരകളുടെ ജീവിത ചക്രത്തിൽ പ്രധാനമായും രണ്ട് തരം ആതിഥേയരാണുള്ളത്.

  • ദ്വിതീയ ആതിഥേയനും (Secondary or intermediate host)
  • അന്ത്യ ആതിഥേയനും (definitive or final host).[4]

ദ്വിതീയ ആതിഥേയർ സാധാരണ ഗതിയിൽ സസ്യഭോജികളും, അന്തിമ ആതിഥേയർ മാംസഭോജികളുമായിരിക്കും. ദ്വിതീയ ആതിഥേയരെ സാധാരണയായി, വിരയുടെ ലാർവയാണ് ബാധിക്കുക. ലാർവകൾ, ആതിഥേയ ജന്തുക്കളുടെ വിവിധ ശരീരഭാഗങ്ങളിൽ പറ്റിപ്പിടിച്ച് വളരാറുണ്ട്. എന്നാൽ പൂർണ വളർച്ചയെത്തിയ നാടവിരകൾ, അന്തിമ ആതിഥേയ ജന്തുക്കളുടെ ചെറുകുടലിൽ മാത്രമേ വളരാറുള്ളു.

മനുഷ്യരെ ബാധിക്കുന്ന നാടവിരകൾ[തിരുത്തുക]

സാധാരണയായി മനുഷ്യരെ ബാധിക്കുന്ന നാടവിരകളാണ്

  1. ബീഫ് ടേപ്പ്‌വേം
  2. പോർക്ക് ടേപ്പ്‌വേം
  3. ഡോഗ് ടേപ്പ്‌വേം
  4. ഫിഷ് ടേപ്പ്‌വേം

മുതലായവ.

ബീഫ് ടേപ്‌വേം[തിരുത്തുക]

ബീഫ് നാടവിരയുടെ ജീവിതചക്രം

മനുഷ്യരിൽ സാധാരണയായി കണ്ടുവരുന്ന നാടവിരകളിൽ പ്രധാനയിനമാണ് ബീഫ് നാടവിര. ശാസ്ത്രനാമം റ്റീനിയറിൻകസ് സാജിനേറ്റസ് (Taeniarhynchus saginatus).[5] പയറുവിത്തിന്റെ ആകൃതിയിലുള്ള ഇവയുടെ ശിരസ്സിൽ കൊളുത്തുകളില്ല. സക്കറുകളുപയോഗിച്ചാണ് ഇവ ചെറുകുടലിൽ പറ്റിപ്പിടിച്ചു കിടക്കുന്നത്. എരുമ, പോത്ത് മുതലായ നാൽക്കാലികളാണ് ഇവയുടെ ദ്വിതീയ ആതിഥേയർ. ഈ നാടവിരകളുടെ മുട്ടകളടങ്ങളിയ പുല്ലും മറ്റും, നാൽക്കാലികൾ ഭക്ഷിക്കുന്നു. നാൽക്കാലികളുടെ ദഹനരസത്തിന്റെ പ്രവർത്തനഫലമായി മുട്ടയുടെ തോട് പൊട്ടി ലാർവ പുറത്തു വരുന്നു. ഇങ്ങനെ പുറത്തു വരുന്ന ലാർവകളെ, നാൽക്കാലിയുടെ ഹൃദയത്തോട് ചേർന്നുള്ള കൊഴുപ്പുകലകളിൽക്കാണാം. ഇവയ്ക്ക് 450C-താപനിലയിൽ വരെ ജീവിക്കാൻ ശേഷിയുണ്ട്. ലാർവകൾ അടങ്ങിയ മാംസം നന്നായി പാചകം ചെയ്യാതെ ഭക്ഷിക്കുന്നതോടെ ഇവ അന്ത്യ ആതിഥേയരായ മനുഷ്യരിലെത്തുന്നു. തുടർന്ന്, മനുഷ്യരുടെ ചെറുകുടലിൽ പറ്റിപ്പിടിക്കുന്ന ലാർവകൾ, 2-3 മാസത്തിനുള്ളിൽ പൂർണവളർച്ചയെത്തുകയും നിരവധി മുട്ടകളടങ്ങിയ ശരീര ഖണ്ഡങ്ങളെ മലത്തിലൂടെ വിസർജിക്കുകയും ചെയ്യുന്നു. ചെറുകുടലിനുള്ളിൽ അധിവസിക്കുന്ന പൂർണ വളർച്ചയെത്തിയ നാടവിരകൾ ബ്ലാഡർ വിരകൾ എന്നറിയപ്പെടുന്നു. ഇവ ചിലയവസരങ്ങളിൽ തലച്ചോറിലെത്തുകയും, അപസ്മാരത്തിനോ, പക്ഷാഘാതത്തിനോ വഴിതെളിക്കുകയും ചെയ്യുന്നു.

പോർക്ക് ടേപ്‌വേം[തിരുത്തുക]

പോർക്ക് നാടവിരയുടെ ജീവിതചക്രം

റ്റീനിയ സോളിയം (Tenia solium)[6] എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പോർക്ക് നാടവിരയുടെ ശിരസ്സ് ബീഫ് നാടവിരയുടേതിനെക്കാൾ ചെറുതാണ്. ശിരസ്സിൽ സക്കറുകൾക്കു പുറമേ, കൊളുത്തുകളും കാണപ്പെടുന്നു. പന്നിയാണ് ഇവയുടെ പ്രധാന ദ്വിതീയ ആതിഥേയൻ. ഇവയുടെ ജീവിതചക്രം ബീഫ് നാടവിരയുടേതിന് സമാനമാണ്. നന്നായി പാചകം ചെയ്യാത്ത പന്നിയുടെ മാംസം ഭക്ഷിക്കുന്നതിലൂടെ ഇവയുടെ ലാർവകൾ മനുഷ്യരിലെത്തുന്നു. ചിലയവസരങ്ങളിൽ ഈ ലാർവകൾ കണ്ണുകളിലും, നാഡികളിലും പറ്റിപ്പിടിച്ചു വളരുന്നു. ഈ ഘട്ടത്തിൽ ഇവ, പൂർണ വളർച്ചയെത്തിയ വിരകളെക്കാൾ അപകടകാരികളായി മാറുന്നു.

ബീഫ് നാടവിരകളും, പോർക്ക് നാടവിരകളുംമൂലം മനുഷ്യരിലുണ്ടാകുന്ന രോഗം റ്റീനിയാസിസ് എന്നറിയപ്പെടുന്നു.

ഡോഗ് ടേപ്‌വേം[തിരുത്തുക]

ഡോഗ് നാടവിരയുടെ ജീവിതചക്രം
ഫിഷ് നാടവിരയുടെ ജീവിതചക്രം

മനുഷ്യനെ ബാധിക്കുന്നതിൽ വച്ച് ഏറ്റവും ചെറിയ നാടവിരകളാണിവ. ശാസ്ത്രനാമം എക്കിനോകോക്കസ് ഗ്രാനുലോസസ് (Echinococcus granulosus).[7] ഇവയ്ക്ക് രണ്ടോ മൂന്നോ ശരീരഖണ്ഡങ്ങൽ മാത്രമേയുള്ളു. മനുഷ്യർ, ചെമ്മരിയാടുകൾ മുതലായവയാണ് ഇവയുടെ ദ്വിതീയ ആതിഥേയർ; നായ് അന്തിമ ആതിഥേയനും. പൂർണ വളർച്ചയെത്തിയ വിരകളിടുന്ന മുട്ടകൾ നായയുടെ മലത്തിലൂടെ പുറത്തെത്തുന്നു. അവ നക്കുന്നതിലൂടെയും മറ്റും നായയുടെ ശരീരത്തിൽ വീണ്ടും മുട്ടകൾ പറ്റിപ്പിടിക്കുന്നു. ഇത്തരം നായകളെ തൊടുന്നതിലൂടെ മനുഷ്യരുടെ കൈകളിലും മുട്ടകളെത്തുന്നു. നന്നായി കൈ വൃത്തിയാക്കാതെ ആഹാരം കഴിയ്ക്കുമ്പോൾ മുട്ടകൾ മനുഷ്യരുടെ ചെറുകുടലിലെത്തുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവകൾ കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിലെത്തി ഒരു മുഴ ആയി വളരുന്നു. ഈ അവസ്ഥ ഹൈഡാറ്റിഡ് സിസ്റ്റ് അഥവാ എക്കിനോ കോക്കോസിസ് എന്നറിയപ്പെടുന്നു. ഇത് നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു.

ഫിഷ് ടേപ്‌വേം[തിരുത്തുക]

മത്സ്യങ്ങൾ അന്തിമ ആതിഥേയരായ നാടവിരകളാണിവ. ശാസ്ത്രനാമം ഡൈബോത്രിയോസെഫാലസ് ലാറ്റസ് (Dibothriocephalus latus).[8] ഇത്തരം മത്സ്യങ്ങളെ ശരിയായ വിധത്തിൽ പാചകം ചെയ്യാതെ ഭക്ഷിക്കുന്നതിലൂടെ ഇവ മനുഷ്യരിലെത്തുന്നു. ഇവ മനുഷ്യന്റെ ശരീരത്തിൽനിന്നും വലിയ തോതിൽ ജീവകം ബി 12 വലിച്ചെടുക്കുന്നു. ഇത് ജീവകം ബി-12 ന്റെ കുറവിന് നിദാനമാകുന്നു. രക്തോല്പാദനത്തിനു ജീവകം ബി-12 ആവശ്യമായതിനാൽ, ഫിഷ് ടേപ്‌വേമിന്റെ സാന്നിധ്യം മനുഷ്യരിൽ വിളർച്ചയുണ്ടാകാൻ കാരണമാകുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാടവിര എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാടവിര&oldid=4011431" എന്ന താളിൽനിന്ന് ശേഖരിച്ചത്