പ്ലീസ്റ്റോസീൻ കാലഘട്ടം

2588000 മുതൽ 11700 വർഷങ്ങൾക്കുമുമ്പ് ഭൂമുഖത്ത് നിലനിന്നിരുന്ന ഭൗമസമയസൂചികാഘട്ടമാണ് പ്ലീസ്റ്റോസീൻ. 1839 ൽ ചാൾസ് ലൈൽ എന്ന ശാസ്ത്രജ്ഞനാണ് ഈ പദം ആദ്യമായി പരിചയപ്പെടുത്തുന്നത്. മാമത്തുകൾ, നിയാണ്ടർത്തൽ മനുഷ്യർ എന്നിവ ജീവിച്ചിരുന്ന കാലഘട്ടമായിരുന്നു ഇത്. സീനോസോയിക് ഈറയുടെ ആറാംഘട്ടവുമാണിത്.[1] ഭൂമിയിൽ അപാരമായ മഞ്ഞുവ്യാപനം നടന്ന ഈ കാലത്തിനൊടുവിലാണ് വൂളി മാമത്തുകൾക്ക് അന്ത്യം സംഭവിക്കുന്നത്.[2] പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ അന്ത്യം ഭൂമിയിലുണ്ടായ അവസാന ഹിമയുഗമായും മനുഷ്യചരിത്രത്തിലെ പ്രാചീന ശിലായുഗത്തിന്റെ അന്ത്യവുമായി ഒത്തു പോവുന്നു. പ്രാചീന ഗ്രീക്ക് ഭാഷയിലെ πλεῖστος (pleīstos, "ഏറ്റവും") and καινός (kainós, "പുതിയത്") എന്ന വാക്കുകളിൽ നിന്നാണ് പ്ലീസ്റ്റോസീൻ എന്ന വാക്ക് രൂപപ്പെട്ടത്.
പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ മുമ്പുള്ള കാലഘട്ടമായ പ്ലിയോസീൻ കാലഘട്ടത്തിൽ സൗത്ത് അമേരിക്കൻ വൻകര നോർത്ത് അമേരിക്കൻ വൻകരയോടു പനാമ കരയിടുക്കിന്റെ രൂപീകരണം വഴി കൂടിച്ചേരുകയും അത് അമേരിക്കൻ വൻകരകൾക്കിടയിൽ ജീവജാലങ്ങളുടെ വിനിമയത്തിനു കാരണമാകുകയും ചെയ്തു. പനാമ കരയിടുക്കിന്റെ രൂപീകരണം സമുദ്രജലപ്രവാഹങ്ങളിൽ മാറ്റങ്ങൾക്കിടയാക്കുകയും ഈ മാറ്റങ്ങൾ ഏകദേശം 27 ലക്ഷം വർഷങ്ങൾക്കുമുമ്പ് ഉത്തരാർദ്ധഗോളത്തിൽ ഹിമാനിരൂപീകരണത്തിന് വഴിയൊരുക്കുകയും ചെയ്തു. പ്ലീസ്റ്റോസീന്റെ തുടക്ക കാലഘട്ടത്തിൽ (2.58-0.8 ദശലക്ഷം വർഷങ്ങൾക്കിടയിൽ) ഹോമോ ജനുസ്സിലെ പുരാതന മനുഷ്യർ ആഫ്രിക്കയിൽ ഉത്ഭവിക്കുകയും ആഫ്രോ-യുറേഷ്യയിലുടനീളം വ്യാപിക്കുകയും ചെയ്തു. അന്ത്യ പ്ലീസ്റ്റോസീൻ കാലഘട്ടത്തോടുകൂടി ആധുനികമനുഷ്യർ ആഫ്രിക്കയ്ക്ക് പുറത്ത് വ്യാപിക്കുകയും മറ്റെല്ലാ ഹോമിനിനുകൾക്കും വംശനാശം സംഭവിക്കുകയും ചെയ്തു.
പ്ലീസ്റ്റോസീനിലും മുമ്പത്തെ കാലഘട്ടമായിരുന്ന നിയോജിനിലെപ്പോലെത്തന്നെ കാലാവസ്ഥ കൂടുതൽ തണുത്തും വരൾച്ചക്കുപാത്രമായി മാറുകയും ചെയ്തു. ഗ്ലേഷ്യൽ സൈക്കിളിനനുസരിച്ച് കാലാവസ്ഥ വൻ തോതിൽ മാറിക്കൊണ്ടിരുന്നു. സമുദ്രനിരപ്പിലുണ്ടായ താഴ്ച മൂലം ബെരിംഗിയ വഴി അമേരിക്കയും ഏഷ്യയും തമ്മിൽ യോജിക്കുകയും വടക്കേ അമേരിക്കുയുടെ ഭൂരിഭാഗം പ്രദേശങ്ങളും ലോറന്റൈഡ് ഹിമപാളിയാൽ മൂടപ്പെടുകയും ചെയ്തു.
പേരിനു പിന്നിൽ[തിരുത്തുക]
സിസിലിയിലെ സ്ട്രാറ്റയെ വിവരിക്കുന്നതിനായി 1839-ൽ ചാൾസ് ലീലാണ് "പ്ലീസ്റ്റോസീൻ" എന്ന പദം അവതരിപ്പിച്ചത്. ഇന്നു കാണപ്പെടുന്ന മൊളസ്കൻ ജന്തുജാലങ്ങളിൽ 70 ശതമാനമെങ്കിലും ആ സ്ട്രാറ്റയിലുണ്ടായിരുന്നു. ഈ സവിശേഷത ഏറ്റവും പ്രായം കുറഞ്ഞ ഫോസിൽ ശിലാപാളിയാണെന്ന് കരുതപ്പെട്ടിരുന്ന പ്ലിയോസീൻ യുഗത്തിൽ നിന്ന് സിസിലിയിലെ സ്ട്രാറ്റയെ വേർതിരിക്കുന്നു.
കാലഗണന[തിരുത്തുക]
പ്ലീസ്റ്റോസീനിന്റെ കാലം 2588000 മുതൽ 11700 വർഷങ്ങൾക്കുമുമ്പാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. യംഗർ ഡ്രയാസ് കോൾഡ് സ്പെൽ ഉൾപ്പെടെയുള്ള ഹിമയുഗത്തിന്റെ ഏറ്റവും പുതിയ കാലഘട്ടത്തിന്റെ ഭൂരിഭാഗവും ഇത് ഉൾക്കൊള്ളുന്നു. യംഗർ ഡ്രയാസിന്റെ അവസാനം ഏകദേശം ബി.സി.ഇ 9640 ആയി കണക്കാക്കപ്പെടുന്നു. ഇപ്പോൾ നിലവിലുള്ള ഹോളോസീൻ യുഗത്തിന്റെ ഔദ്യോഗികമായ തുടക്കമാണ് യംഗർ ഡ്രയാസിന്റെ അവസാനം. ഐസിഎസ് ടൈംസ്കെയിലിൽ, പ്ലീസ്റ്റോസീൻ നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഗെലേഷ്യൻ, കാലാബ്രിയൻ, ചിബാനിയൻ, അപ്പർ പ്ലീസ്റ്റോസീൻ (അനൗദ്യോഗികമായി "ടാരന്റിയൻ" എന്നും അറിയപ്പെടുന്നു) എന്നിവയാണവ.[3][4]
പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജീവികൾ[തിരുത്തുക]
- ഒരു വാൾപല്ലൻ പൂച്ചയാണ് സ്മൈലോഡോൺ.
- നീർക്കുതിരകളുടെ ഒരു ഉപവർഗം ഹിപ്പോപ്പൊട്ടാമസ് മേജർ
- ഈ കാലഘട്ടത്തിന്റെ മധ്യത്തിലാണ് ജാവാമനുഷ്യന്റെ ഫോസിൽവൽക്കരണം നടന്നത്.
അവലംബം[തിരുത്തുക]
- ↑ Gibbard, P. and van Kolfschoten, T. (2004) "The Pleistocene and Holocene Epochs" Chapter 22 PDF (3.1 MB) In Gradstein, F. M., Ogg, James G., and Smith, A. Gilbert (eds.), A Geologic Time Scale 2004 Cambridge University Press, Cambridge, ISBN 0-521-78142-6
- ↑ Nowak, Ronald M. (1999). Walker's Mammals of the World. Baltimore: Johns Hopkins University Press. ISBN 0801857899.
- ↑ "International Chronostratigraphic Chart v2017/02". International Commission on Stratigraphy. 2017. ശേഖരിച്ചത് 17 March 2018.
- ↑ "Japan-based name 'Chibanian' set to represent geologic age of last magnetic shift". The Japan Times. 14 November 2017. ശേഖരിച്ചത് 17 March 2018.