പ്രാചീന ശിലായുഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചരിത്രാതീതകാലത്തിൽ മനുഷ്യരാൽ നിർമ്മിക്കപ്പെട്ട കല്ലുകൊണ്ടുള്ള ഉപകരണങ്ങളുടെ ആവിർഭാവവും വികാസവും കൊണ്ടു വേർതിരിക്കാവുന്ന കാലഘട്ടത്തെ പ്രാചീനശിലായുഗം അല്ലെങ്കിൽ പാലിയോലിത്തിക് കാലഘട്ടം എന്നു വിളിക്കുന്നു.[1] പ്രാചീനശിലായുഗം ഏകദേശം 33 ലക്ഷം വർഷം മുതൽ (കല്ലുകൊണ്ടുള്ള ഉപകരണങ്ങളുടെ ഉപയോഗത്തിന്റെ അറിയപ്പെടുന്ന ആദ്യ ഉപയോഗം) 11650 വർഷം വരെ (പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ അവസാനം) എന്നു കണക്കാക്കപ്പെടുന്നു. [2]

യൂറോപ്പിൽ പാലിയോലിത്തിക് കാലഘട്ടത്തിനുശേഷം മെസോലിത്തിക് കാലഘട്ടം ആവിർഭവിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ കാലഘട്ടങ്ങൾക്കിടയിലുള്ള പരിവർത്തനത്തിന്റെ നിർവചനം ഭൂപ്രദേശങ്ങളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പാലിയോലിത്തിക് കാലഘട്ടത്തിൽ വ്യത്യസ്ത മനുഷ്യവർഗ്ഗങ്ങൾ ചെറിയ കൂട്ടങ്ങളായി മീൻ പിടിച്ചും മൃഗങ്ങളെ വേട്ടയാടിയും കായ്‌കനികൾ ശേഖരിച്ചും ജീവിച്ചിരുന്നു.[3] കല്ലുകൊണ്ടുള്ള ഉപകരണങ്ങളാണ് പ്രാചീനശിലായുഗത്തിന്റെ സവിശേഷത. എന്നിരുന്നാലും മനുഷ്യർ ആ സമയത്ത് മരങ്ങളും എല്ലുകളും കൊണ്ടുള്ള ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു. ജൈവികവസ്തുക്കളായ തുകൽ, നാരുകൾ എന്നിവ കൊണ്ടുള്ള ഉപകരണങ്ങളും മനുഷ്യർ ഉപയോഗിച്ചിരുന്നുവെങ്കിലും സ്വഭാവിക ജീർണ്ണനത്തിന്റെ അളവു കൂടുതലായതുകൊണ്ട് അവ പിൽക്കാലത്തേക്ക് അധികം അവശേഷിച്ചില്ല.

ഏകദേശം 50000 വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ നിർമ്മിച്ച കരകൗശലവസ്തുക്കളുടെ വൈവിധ്യത്തിൽ സാരമായ വർധനവ് കാണാൻ കഴിയും. ആഫ്രിക്കയിൽ മനുഷ്യരാൽ നിർമ്മിക്കപ്പെട്ട എല്ലുകൊണ്ടുള്ള വസ്തുക്കളും കലാസൃഷ്ടികളും പുരാവസ്തുരേഖകളിൽ പ്രത്യക്ഷപ്പെടുന്നത് ഇക്കാലത്താണ്. ഇക്കാലത്ത് തന്നെ സൗത്ത് ആഫ്രിക്കയിലെ ബ്ലോംബോസ് ഗുഹകളിൽനിന്ന് മനുഷ്യരുടെ മീൻപിടുത്തത്തിന്റെ ആദ്യതെളിവുകളും ലഭിച്ചിട്ടുണ്ട്. പുരാവസ്തുഗവേഷകർ ഈ കാലഘട്ടത്തിലെ കരകൗശലവസ്തുക്കളെ അമ്പിന്റെ മുനകൾ, ചാട്ടുളിയുടെ മുനകൾ, കൊത്തിവക്കാനുള്ള ഉപകരണങ്ങൾ, കത്തിയുടെ വായ്ത്തലകൾ, തുളക്കാനുള്ള ഉപകരണങ്ങൾ എന്നിങ്ങനെ വിവിധതരങ്ങളായി തിരിച്ചിരിക്കുന്നു.

ലളിതമായ ശിലായുധങ്ങൾ ഉപയോഗിച്ച ഹോമോ ജനുസ്സിലെ ആദ്യകാല അംഗങ്ങളിൽ നിന്ന് (ഹോമോ ഹാബിലസ് തുടങ്ങിയവ) അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തോടുകൂടി മനുഷ്യരാശി ക്രമേണ ശരീരഘടനാപരമായും പെരുമാറ്റരീതിയിലും ആധുനികരായ മനുഷ്യരിലേക്ക് പരിണമിച്ചു.[4]ഹിമയുഗങ്ങളുടെ ക്രമമായ ആവർത്തനങ്ങൾ മൂലം പാലിയോലിത്തിക്കിലെ കാലാവസ്ഥ ചൂടുള്ളതും തണുത്തതുമായ കാലഘട്ടങ്ങൾക്കിടയിലൂടെ മാറി മാറി കടന്നുപോയ്ക്കൊണ്ടിരുന്നു.

ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂർവ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും. പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂർവ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ സിൻജന്ത്രോപ്പസ്‌ (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവർന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നതിനാൽ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂർവ്വികരെന്ന് കരുതുന്നു. പൂർവ്വഘട്ടത്തിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം ജാവാ ദ്വീപുകളിൽ നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യൻ' ആണ്‌. ശരിക്കും നീണ്ടു നിവർന്ന നടക്കാൻ കഴിവില്ലാത്തെ പ്രകൃതം , വലിയ തല, ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രതേകതകൾ.

ജാവാമനുഷ്യനു ശേഷം ആവിർഭവിച്ച വർഗ്ഗമാണ്‌ 'പെക്കിങ്ങ്‌ മനുഷ്യൻ' ചൈനയിലെ പെക്കിങ്ങ്‌ എന്ന സ്ഥലത്തു നിന്നും കിട്ടിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാലാണ്‌ ഈ പേർ.

ജർമ്മനിയിലെ നിയാന്തർ താഴ്‌വരയിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നാണ്‌ നിയാന്തർത്താൽ മനുഷ്യനെപ്പറ്റി വിവരം ലഭിക്കുന്നത്‌. ഇവരാണ്‌ ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വർഗ്ഗം. അവർ ഒരുലക്ഷത്തി ഇരുപതിനായിരം വർഷങ്ങൾക്കു മുൻപു വരെ( അവസാന ഹിമനദീയ കാലത്തിനും മുമ്പ്) ജീവിച്ചിരുന്നെന്ന് കരുതുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം എന്നിവയായിരുന്നു പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവർ കാലക്രമേണ സംസാരിക്കാൻ പഠിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതായിരിക്കണം മനുഷ്യന്റെ സംസ്കാരത്തിന്റെ തുടക്കം. ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു. എന്നാൽ കാലക്രമത്തിൽ നിയാണ്ടർത്താൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് നിശ്ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഇതിന്‌ ശത്രുക്കളുടെ ആക്രമണം, ഉപജീവനത്തിന്റെ ബുദ്ധിമുട്ട്‌, മറ്റു വർഗ്ഗങ്ങളുമായി ലയിച്ചു ചേർന്നത്‌ എന്നീ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പാലസ്തീനിലെ മൗണ്ട്‌ കാർമ്മൽ എന്ന സ്ഥലത്തു നിന്നും നിയാണ്ടർത്താൽ മനുഷ്യനു സമാനമായ മനുഷ്യജീവികളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്‌.

അടുത്ത മനുഷ്യ വർഗ്ഗം ആറിഗ്നേഷ്യൻ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. ഫ്രാൻസിലെ ഗാരോൺ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക്‌(Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേർ നൽകപ്പെട്ടത്‌. ഏകദേശം 70,000 വർഷങ്ങൾക്ക്‌ മുൻപാണ്‌ ഇവർ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവർ ആധുനിക മനുഷ്യന്റെ പൂർവ്വികന്മാരാകാൻ തികച്ചും അർഹതപ്പെട്ടവരാണ്‌. ഇവരുടെ പിൻഗാമികളെ വെയിൽസ്‌, അയർലൻഡ്‌, ഫ്രാൻസ്‌, [[സ്പെയിന്, പോർട്ടുഗൽ, അൾജീറിയ എന്നിവിടങ്ങളിൽ ഇപ്പോഴും കാണാം. ഈ വർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ്‌ ക്രോമാഗ്നൺ വർഗ്ഗം. ഇവരുടെ അവശിഷ്ടങ്ങൾ ഫ്രാൻസിലെ ക്രോമാഗ്നൺ എന്ന ഗുഹയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവർ നിയാണ്ടർത്താൽ വംശത്തേക്കാൾ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം വലിയ താടി, നീണ്ട കൈ കാലുകൾ വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.

ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാൾഡി എന്ന മറ്റൊരു വർഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാൾഡി എന്ന ഗുഹയിൽ ന്നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവർ നീഗ്രോ വർഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവർക്ക്‌. നിയാണ്ടർത്താൽ വംശത്തെ അപേക്ഷിച്ച്‌ ഈ വർഗ്ഗക്കാർ കൂടുതൽ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികൾ വരെ ഉണ്ടാക്കൻ അവർക്ക്‌ അറിയാമായിരുന്നു.

കാലാവസ്ഥ[തിരുത്തുക]

26 ലക്ഷം വർഷം മുതൽ 12000 വർഷം വരെ നിലനിന്നിരുന്ന ഭൗമസമയസൂചികാഘട്ടമായ പ്ലീസ്റ്റോസീൻ യുഗത്തിന്റെ ഏകദേശം അതേ സമയത്തായിരുന്നു പാലിയോലിത്തിക് കാലഘട്ടം. [5]

അവലംബം[തിരുത്തുക]

  1. Christian, David (2014). Big History: Between Nothing and Everything. New York: McGraw Hill Education. p. 93.
  2. Toth, Nicholas; Schick, Kathy (2007). "Overview of Paleolithic Anthropology". എന്നതിൽ Henke, H. C. Winfried; Hardt, Thorolf; Tatersall, Ian (eds.). Handbook of Paleoanthropology. 3. Berlin; Heidelberg; New York: Springer. pp. 1943–1963. doi:10.1007/978-3-540-33761-4_64. ISBN 978-3-540-32474-4.
  3. McClellan (2006). Science and Technology in World History: An Introduction. Baltimore: JHU Press. ISBN 978-0-8018-8360-6. pp. 6–12
  4. "Human Evolution". Microsoft Encarta Online Encyclopedia 2007 Archived 2009-10-28 at the Wayback Machine. Contributed by Richard B. Potts, B.A., Ph.D.
  5. "The Pleistocene Epoch". University of California Museum of Paleontology. മൂലതാളിൽ നിന്നും 24 August 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 August 2014.
"https://ml.wikipedia.org/w/index.php?title=പ്രാചീന_ശിലായുഗം&oldid=3517297" എന്ന താളിൽനിന്ന് ശേഖരിച്ചത്