Jump to content

ജോർജ്ജ് ഡബ്ല്യു. ബുഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ് ബുഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജോർജ് ബുഷ് (വിവക്ഷകൾ) എന്ന താൾ കാണുക. ജോർജ് ബുഷ് (വിവക്ഷകൾ)
ജോർജ്ജ് വാക്കർ ബുഷ്
ജോർജ്ജ് ഡബ്ല്യു. ബുഷ്


അമേരിക്കയുടെ നാല്പ്പത്തിമൂന്നാമത് പ്രസിഡണ്ട്
പദവിയിൽ
2001 ജനുവരി 20 – ജനുവരി 20 2009
വൈസ് പ്രസിഡന്റ്   ഡിക്ക് ചെയ്നി
മുൻഗാമി ബിൽ ക്ലിന്റൺ
പിൻഗാമി ബറാക്ക് ഒബാമ

പദവിയിൽ
ജനുവരി 17 1995 – ഡിസംബര് 21 2000
Lieutenant(s) ബോബ് ബുള്ളക്ക് (1995–1999)
റിക്ക് പെറി (1999–2000)
മുൻഗാമി ആന് റിച്ചാര്ഡ്
പിൻഗാമി റിക്ക് പെറി

ജനനം (1946-07-06) ജൂലൈ 6, 1946  (78 വയസ്സ്)
ന്യൂ ഹാവന്, കണക്റ്റിക്കട്ട്
രാഷ്ട്രീയകക്ഷി റിപ്പബ്ലിക്കന്
ജീവിതപങ്കാളി ലോറ ബുഷ്
മതം യുണൈറ്റഡ് മെതഡിസ്റ്റ്
ഒപ്പ്

ജോർജ് ഡബ്ലിയു ബുഷ് അല്ലെങ്കിൽ ജോർജ് വാക്കർ ബുഷ് അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്നു. 2001 ജനുവരി 20-നു്‍ പ്രസിഡന്റ്സ്ഥാനമേറ്റെടുത്തു. 2004-ൽ വീണ്ടും പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 2009-ൽ സ്ഥാനമൊഴിഞ്ഞു. 1995 മുതൽ 2000 വരെ ടെക്സാസ് സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് . പിതാവ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് അമേരിക്കയുടെ നാല്പത്തൊന്നാമത്തെ പ്രസിഡൻറായിരുന്നു. സഹോദരൻ ജെബ് ബുഷാവട്ടെ ഫ്ലോറിഡയുടെ ഗവർണറായിരുന്നു(2007 ജനുവരി 2 വരെ).റിപബ്ലിക്കൻ പാർട്ടിയെയാണ് ബുഷ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തെ സാധാരണ “ഡബിയ” എന്നു വിളിക്കാറുണ്ട്. ബുഷ് വളർന്ന ദക്ഷിണ അമേരിക്കയിൽ ഡബ്ലിയു എന്ന അക്ഷരത്തിന്റെപ്രാദേശിക ഉച്ചാരണമാണിത്.ഭീകരതയ്ക്കെതിരായ യുദ്ധം എന്ന പേരിൽ നടത്തിയ അഫ്ഗാനിസ്താനിലെയു൦,ഇറാഖിലെയു൦ യുദ്ധങ്ങൾ അവിടങ്ങളിലുള്ള ലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ മരണത്തിന് കാരണമായതിനാൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പ്രസിഡന്റ് എന്ന് അദ്ദേഹം വിളിക്കപ്പെടുന്നു.

അമേരിക്കയിലെ തെക്കൻ സംസ്ഥാനമായ ടെക്സസിൽ എണ്ണവ്യവസായിയായിരുന്നു ജോർജ് ബുഷ്. “ആർബുസ്റ്റോ” എന്ന എണ്ണഖനന കമ്പനിയും സ്വന്തമായുണ്ടായിരുന്നു. “ആർബുസ്റ്റോ” എന്ന സ്പാനിഷ് വാക്കിനർത്ഥം “ബുഷ്” എന്നുതന്നെയാണ്. ആർബുസ്റ്റോ കമ്പനിയുടെ രാജ്യാന്തര പങ്കാളി ഇപ്പോൾ ബുഷിന്റെ ഏറ്റവും വലിയ ശത്രുവായി കരുതപ്പെടുന്ന ഒസാമാ ബിൻ ലാദന്റെ അർദ്ധ സഹോദരനായിരുന്നു എന്നതാണു രസകരമായ വസ്തുത. 1978-ൽ ടെക്സാസിൽ നിന്നും അമേരിക്കൻ പ്രതിനിധിസഭയിലേക്കു മത്സരിച്ചെങ്കിലും പരാ‍ജയപ്പെട്ടു. 1988-ൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച പിതാവിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു. അതേ വർഷംതന്നെ ടെക്സാസ് റെയ്ഞ്ചേഴ്സ് എന്ന ബെയ്സ്ബോൾ ടീമിന്റെ ഓഹരികൾ കരസ്ഥമാക്കി. ഇവയൊക്കെ ടെക്സാസിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

1994-ൽ ടെക്സസ് ഗവർണർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തുവരുത്തിയ പരിഷ്കരണങ്ങൾ, വിദ്യാലയങ്ങൾക്കു സാമ്പത്തിക സഹായം ലഭ്യമാക്കാൻ വരുത്തിയ പരിഷ്കാരങ്ങൾ, ടെക്സസ് ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ് തുടങ്ങിയവ ബുഷിനെ ജനകീയനാക്കി. 1998-ൽ വീണ്ടും ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു.

2000-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ അൽ ഗോറിനെ പരാജയപ്പെടുത്തി. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും ഏറ്റവും വിവാദങ്ങൾ നിറഞ്ഞതുമായ തിരഞ്ഞെടുപ്പായിരുന്നു ഇത്. ജനകീയ വോട്ടുകളിൽ ഗോറിനേക്കാൾ പിന്നിലായ ബുഷ് ഇലക്ടറൽ വോട്ടുകളിൽ മുൻപിലെത്തി. ഫ്ലോറിഡയിൽ നേടിയ നേരിയ മുൻ‌തൂക്കമാണ് കൂടുതൽ ഇലക്ടറൽ വോട്ടുകൾ നേടാൻ ബുഷിനെ സഹായിച്ചത്. ആ സമയത്ത് ഫ്ലോറിഡയിലെ ഗവർണർ ബുഷിന്റെ അനുജൻ ജെബ് ബുഷ് ആയിരുന്നു എന്നതും വിവാദം ക്ഷണിച്ചുവരുത്തി.

പ്രസിഡന്റെന്ന നിലയിൽ നികുതിരംഗത്തു പ്രഖ്യാപിച്ച ഇളവുകളും നോചൈൽഡ് ലെഫ്റ്റ് ബിഹൈൻഡ് ആക്ടുമായിരുന്നു ബുഷിന്റെ ആദ്യകാല ഭരണനേട്ടങ്ങൾ. ഗർഭഛിദ്രം പോലെയുള്ള വിവാദ വിഷയങ്ങളിൽ അദ്ദേഹം യാഥസ്ഥിതികനിലപാടും പിന്തുടർന്നു.

2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനുശേഷമാണ് ബുഷ് ആഗോള ശ്രദ്ധനേടുന്നത്. ഭീകരതയ്ക്കെതിരായ യുദ്ധപ്രഖ്യാപനം നടത്തിയ ബുഷ് ഇതിന്റെ പേരിൽ താലിബാന്റെ താവളമായിരുന്ന അഫ്ഗാനിസ്ഥാൻ ആക്രമിച്ചു. 2003 മാർച്ചിൽ വിനാശകരമായ ആയുധങ്ങൾ നിർമിച്ചുവെന്ന ന്യായം‌പറഞ്ഞ് ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈൻ ഭരണകൂടത്തെ പുറത്താക്കി."യുദ്ധ പ്രസിഡന്റ്” എന്നു സ്വയം വിശേഷിപ്പിച്ചാണ് ജോർജ് ബുഷ് 2004ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അദ്ദേഹത്തിന്റെ തന്ത്രം വിജയിക്കുകയും ചെയ്തു. ഡെമോക്രാറ്റിക് പാർട്ടിയിലെ ജോൺ കെറിയെ അമ്പേ പരാജയപ്പെടുത്തി വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തി. എന്നാൽ രണ്ടാം തവണ ഒട്ടേറെ വിവാദങ്ങൾ ബുഷിനെ പിന്തുടർന്നു. ഇറാഖിൽ അമേരിക്ക സേന നേരിട്ട തിരിച്ചടികൾ, അബുഗരിബ് ജയിലിൽ അമേരിക്കൻ സൈനികർ നടത്തിയ പീഡനം, കത്രീന ചുഴലിക്കൊടുങ്കാറ്റ് തുടങ്ങിയ വിവാദ വിഷയങ്ങൾ ബുഷിന്റെ ജനപ്രീതി ഇടിച്ചു. ഇറാഖിലെയു൦ അഫ്ഗാനിസ്താനിലെയു൦ യുദ്ധം ലക്ഷക്കണക്കിന് നിരപരാധികളായ ജനങ്ങളുടെ മരണത്തിന്നു കാരണമായി. ഇറാഖിന്റെ കൈയിൽ സമൂലനാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും പറഞ്ഞ് 2003 മാർച്ച് 20-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും 2003 മേയ് 1-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷവും അമേരിക്കക്ക് തങ്ങളുടെ വാദം തെളിയിക്കാനായിട്ടില്ല. അതേസമയം ടൈഗ്രിസിലും യൂഫ്രട്ടീസിലുമൊഴുകുന്ന ജലത്തിലും ഇറാഖിന്റെ കനത്ത എണ്ണ സമ്പത്തിലും അമേരിക്കക്കുള്ള താത്പര്യമാണ് യുദ്ധത്തിന്റെ കാരണം എന്നു ഇറാഖികൾ വിശദമ്ക്കുന്നത്.രണ്ടാം ഗൾഫ് യുദ്ധം എന്നും ഇതറിയപ്പെടുന്നു.


2008 ഡിസംബർ 15-നു ബുഷിനു നേരെ ഇറാക്കിലെ ബാഗ്ദാദിൽ പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുമ്പോൾ പത്രപ്രവർത്തകൻ ചെരിപ്പ് എറിയുകയുണ്ടായി.[1]"

"ഇറാഖിലെ ജനങ്ങളുടെ വകയായി ഞാൻ നിനക്ക് തരുന്ന സമ്മാനമാണിത് നായെ"എന്നാണ് ആ പത്രപ്രവർത്തകൻ ബുഷിനോട് പറഞ്ഞത്.

ആദ്യകാലം

[തിരുത്തുക]
ജോർജ് ബുഷ് വായുസേനയിലെ വേഷത്തിൽ.

കണക്റ്റിക്കട്ടിലെ ന്യൂഹാവനിൽ ജോർജ് ഹെർബർട്ട് വാക്കർ ബുഷിന്റെയും ബാർബാറാ ബുഷിന്റെയും ആറുമക്കളിൽ ഏറ്റവും മൂത്ത പുത്രനായി 1946 ജൂലൈ ആറിന് ജോർജ് ബുഷ് ജനിച്ചു. രണ്ടുവയസുള്ളപ്പോൾ ബുഷ്‌കുടുംബം ടെക്സാസിലേക്കു മാറി. മിഡ്‌ലാൻഡിലും ഹൂസ്റ്റണിലുമായിരുന്നു ശിഷ്ടജീവിതം. ജെബ്, നീൽ, മാർ‌വിൻ എന്നിങ്ങനെ മൂന്നു സഹോദരന്മാരും ഡോറോത്തി എന്ന സഹോദരിയുമുണ്ട് ബുഷിന്. റോബിൻ എന്ന മറ്റൊരു സഹോദരി മൂന്നുവയസുമാത്രമുള്ളപ്പോൾ രക്താർബുദം മൂലം മരിച്ചു.

ബുഷിന്റെ വല്യച്ഛൻ പ്രെസ്കോട്ട് ബുഷ് അമേരിക്കൻ സെനറ്റ് അംഗമായിരുന്നു. അച്ഛൻ ജോർജ് എച്ച്. ഡബ്ല്യു. ബുഷ് 1989 മുതൽ 1993വരെ അമേരിക്കൻ പ്രസിഡന്റായിരുന്നു. സഹോദരൻ ജെബ് ബുഷ് രണ്ടുതവണ ഫ്ലോറിഡാ ഗവർണറായി. റിപബ്ലിക്കൻ പാർട്ടിയിൽ ബുഷ് കുടുംബത്തിന് ശക്തമായ സ്വാധീനമുണ്ട്.

മസാച്യുസെറ്റ്സിലെ ഫിലിപ്സ് അക്കാദമി, കണക്റ്റിക്കട്ടിലെ യേൽ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു ബുഷിന്റെ ആദ്യകാല പഠനങ്ങൾ. 1968-ൽ ബി.എ. ബിരുദം കരസ്ഥമാക്കി. 1964മുതൽ അച്ഛന്റെ സെനറ്റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബുഷ് പങ്കാളിയായിരുന്നു.

1968-ൽ വിയറ്റ്നാം യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ ബുഷ് ടെക്സാസിലെ എയർ നാഷണൽ ഗാർഡിൽ ചേർന്നു. വായുസേനയിലെ ബുഷിന്റെ ജീവിതം പിന്നീടു പലപ്പോഴും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അച്ഛന്റെ രാഷ്ട്രീയ സ്വാധീനം വഴി ബുഷ് വായുസേനയിൽ ഒട്ടേറെ ഇളവുകൾ അനുഭവിച്ചിരുന്നതായി ആരോപണമുയർന്നിട്ടുണ്ട്.

1974-ൽ ഹവാർഡ് ബിസിനസ് സ്കൂളിൽ ചേർന്നു. ഈ കാലയളവിൽ ബുഷിന്റെ പേരിൽ സ്വഭാവ ദൂഷ്യത്തിന് ഒട്ടേറെ കേസുകൾ നിലവിൽ വന്നു. അക്കാലത്ത് താൻ ഒന്നാന്തരം മദ്യപനായിരുന്നുവെന്ന് ബുഷ് തന്നെ സമ്മതിച്ചിട്ടുണ്ട്. അലഞ്ഞുതിരിഞ്ഞ് ഉത്തരവാദരഹിതമായി ജീവിച്ച കാലഘട്ടമെന്നാണ് ബുഷ് അക്കാലത്തെ വിശേഷിപ്പിക്കുന്നത്. 1976-ൽ മെയിൻ സംസ്ഥാനത്തുവച്ച് മദ്യപിച്ചു വാഹനമോടിച്ചതിനു പിടിക്കപ്പെട്ടു. മെയിനിലെ ഡ്രൈവിംഗ് ലൈസൻസ് 1978 വരെ തടഞ്ഞുവയ്ക്കപ്പെട്ടു. ഇത്രയേറെ കേസുകളിൽ കുടുങ്ങിയിട്ടും തന്റെ പൂർവകാല ചെയ്തികൾ മറച്ചുവയ്ക്കുന്നതിൽ ബുഷ് ഏറെക്കുറെ വിജയിച്ചിരുന്നു. ടെക്സാസ് ഗവർണറായിരുന്ന കാലത്തുപോലും ഈ സംഭവങ്ങളൊന്നും പുറത്തായിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോൾ പക്ഷേ ഇവയെല്ലാം പുറത്തുവരികതന്നെ ചെയ്തു.

ഹവാർഡ് സർവകലാശാലയിൽ നിന്നും എം.ബി.എ. കരസ്ഥമാക്കിയശേഷം ബുഷ് ടെക്സാസിൽ ഇന്ധന വ്യാപാര രംഗത്തേക്കു കടന്നു. 1977-ൽ ലോറാ വെൽ‌ഷ് എന്ന അദ്ധ്യാപികയെ പരിചയപ്പെട്ടു. മൂന്നുമാസത്തെ പരിചയത്തിനുശേഷം ബുഷ് ലോറയെ വിവാഹം ചെയ്ത് ടെക്സാസിലെ മിഡ്‌ലാൻഡിൽ സ്ഥിരതാമസമാക്കി. പാരമ്പര്യമായി എപ്പിസ്കോപ്പൽ സഭാംഗമായിരുന്ന ബുഷ് അതുപേക്ഷിച്ച് ഭാര്യയുടെ മെതഡിസ്റ്റ് സഭയിൽ ചേർന്നു. 1981-ൽ ഇവർക്ക് ജെന്ന, ബാർബാറ എന്നീ ഇരട്ട പുത്രിമാർ ജനിച്ചു.

1978-ൽ ടെക്സാസിൽ നിന്നും അമേരിക്കൻ പ്രതിനിധി സഭയിലേക്കു മത്സരിച്ചു. യാഥാസ്ഥിതിക വോട്ടർമാർ ഏറെയുള്ള ടെക്സാസിൽ യാഥാസ്ഥിതിക ആശയങ്ങൾ പിന്തുടരുന്ന കെന്റ് ഹാൻസ് എന്ന ഡെമോക്രാറ്റായിരുന്നു ബുഷിന്റെ എതിരാളി. ടെക്സാസിലെ ഗ്രാമീണജനതയുമായി ബുഷിനുള്ള അകൽച്ച പ്രചാരണായുധമാക്കിയ ഹാൻ‌സ് ആറായിരത്തില്പരം വോട്ടുകൾക്കു ജയിച്ചു. എന്നാൽ വർഷങ്ങൾക്കുശേഷം ഹാൻ‌സ് റിപബ്ലിക്കൻ പാർട്ടിയിൽ അംഗമാവുകയും ബുഷിന്റെ ഗവർണർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തു.

ആദ്യ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്നു ബുഷ് ഇന്ധന വ്യാപാര രംഗത്തേക്കു തിരികെയെത്തി. 1980കളിൽ ഈ മേഖല കനത്ത പ്രതിസന്ധി നേരിട്ടപ്പോഴും ജോർജ് ബുഷ് പിടിച്ചു നിന്നു ശ്രദ്ധനേടി.

1988-ൽ അച്ഛന്റെ പ്രസിഡന്റു സ്ഥാനത്തേക്കുള്ള പ്രവർത്തനങ്ങളെ സഹായിക്കുവാൻ കുടുംബത്തോടൊപ്പം വാഷിംഗ്ടൺ ഡി.സിയിലേക്കു മാറി. യാഥാസ്ഥിതിക ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധം സ്ഥാപിച്ച ബുഷ് അച്ഛന് അവരുടെ പിന്തുണ നേടിക്കൊടുക്കുന്നതിൽ വിജയിച്ചു.

അച്ഛന്റെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ടെക്സാസിൽ മടങ്ങിയെത്തിയ ബുഷ് ടെക്സാസ് റേഞ്ചേഴ്സ് എന്ന പ്രശസ്തമായ ബെയ്സ്ബോൾ ക്ലബിന്റെ ഓഹരികൾ കരസ്ഥമാക്കി. തുടർന്നുള്ള വർഷങ്ങളിൽ ക്ലബിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി.

ടെക്സാസ് ഗവർണർ സ്ഥാനത്തേക്ക്

[തിരുത്തുക]

1988-ൽ അച്ഛൻ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ ബുഷ് 1990ലെ ടെക്സാസ് ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു ശ്രുതിയുണ്ടായിരുന്നു. എന്നാൽ ടെക്സാസ് റേയ്ഞ്ചേഴ്സിന്റെ ഓഹരിപ്രവർത്തനങ്ങളിൽ വ്യാപൃതനായ ബുഷ് അപ്രാവശ്യം ഒഴിഞ്ഞുമാറി. ക്ലബിലെ പ്രവർത്തനങ്ങളിലൂടെ ജനപ്രീതി നേടിയശേഷം 1994-ൽ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാൻ തായാറായി. അനുജൻ ജെബ് ബുഷ് ഇതേ വർഷം ഫ്ലോറിഡ ഗവർണർ സ്ഥാനത്തേക്കു മത്സരിച്ചിരുന്നു. നിലവിലെ ഗവർണർ ഡെമോക്രാറ്റിക് പാർട്ടിയിലെ ആൻ റിച്ചാർഡ്സ് ആയിരുന്നു ബുഷിന്റെ എതിരാളി. രാഷ്ട്രീയരംഗത്ത് ബുഷിന്റെ തുടക്കക്കാരനായതിനാൽ ആൻ റിച്ചാർഡ്സ് അനായാസം വിജയിക്കുമെന്നു നിരീക്ഷകർ കരുതി. എന്നാൽ യാഥാസ്ഥിതിക ആശയങ്ങളിൽ ഊന്നിയ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ബുഷിനെ വിജയത്തിലെത്തിച്ചു. 52 ശതമാനം വോട്ടു നേടിയാണ് അദ്ദേഹം ടെക്സാസ് ഗവർണർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

ഗവർണറെന്ന നിലയിൽ വിദ്യാഭ്യാസ രംഗത്തും നീതിന്യായരംഗത്തുമാണ് ബുഷ് ശ്രദ്ധേയമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്. വിദ്യാഭ്യാസരംഗത്തും മറ്റും മതസംഘടനകൾക്ക് അദ്ദേഹം പങ്കാളിത്തം നൽകി. ബുഷിന്റെ ഭരണനേട്ടങ്ങളിൽ ഏറ്റവും ജനശ്രദ്ധനേടിയത് ഇരുന്നുറു കോടി ഡോളറിന്റെ നികുതിയിളവുകളാണ്.

ഏതായാലും 1998ൽ ഒരിക്കൽക്കൂടി ഗവർണർ സ്ഥാനത്തേക്കു മത്സരിച്ച ബുഷ് 69 ശതമാനം വോട്ടു നേടി ഗംഭീര വിജയം കരസ്ഥമാക്കി. രണ്ടാം തവണ അദ്ദേഹം ടെക്സാസിൽ നടപ്പാക്കിയ ഒരു പരിഷ്കാരം ദേശീയ തലത്തിൽ ചർച്ചാവിഷയമായിരുന്നു. ജൂൺ 10 ജീസസ് ഡേ ആയി ആചരിക്കണമെന്ന് രണ്ടായിരാമാണ്ടിൽ അദ്ദേഹം നടത്തിയ പ്രഖ്യാപനമായിരുന്നു അത്. ഈ ദിവസം പാവങ്ങളെ സഹായിക്കാൻ മാറ്റിവയ്ക്കണമെന്നായിരുന്നു ബുഷിന്റെ ആഹ്വാനം. മതത്തെയും സർക്കാരിനെയും കൂട്ടിക്കുഴയ്ക്കരുതെന്ന അമേരിക്കൻ ഭരണഘടനാ തത്ത്വങ്ങളുടെ ലംഘനമാണ് ബുഷിന്റെ പ്രഖ്യാപനമെന്നു വിമർശകർ വാദിച്ചു. എന്നാൽ യാഥാസ്ഥിതിക മതവിശ്വാസികളുടെ ഇടയിൽ ബുഷ് കൂടുതൽ ജനകീയനായി. പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോഴും മതസംഘടനകളുടെ ഇടയിലുള്ള ഈ സ്വാധീനം ബുഷിനു സഹായകമായി.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Shoe-d out, Bush says it was a size 10". Archived from the original on 2008-12-17. Retrieved 2008 ഡിസംബർ 16. {{cite web}}: Check date values in: |accessdate= (help); Text "Booted out!" ignored (help)
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ഡബ്ല്യു._ബുഷ്&oldid=3780414" എന്ന താളിൽനിന്ന് ശേഖരിച്ചത്