ഗർഭഛിദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗർഭഛിദ്രം
Other namesഗർഭമലസൽ
SpecialtyObstetrics and gynecology
ICD-10-PCSO04
ICD-9-CM779.6
MeSHD000028
MedlinePlus007382

ഗർഭപാത്രത്തിൽ നിന്നും ഭ്രൂണം നീക്കംചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതു വഴി ഗർഭം അവസാനിപ്പിക്കുന്നതിനെയാണ് ഗർഭഛിദ്രം എന്ന് പറയുന്നത്. [1] ഇംഗ്ലീഷിൽ അബോർഷൻ (Abortion) എന്നറിയപ്പെടുന്നു. ഇത് രണ്ട്‌ തരത്തിൽ കാണാം. ഗർഭകാലത്തുണ്ടാകുന്ന ആരോഗ്യസംബന്ധമായ സങ്കീർണ്ണതകൾ മൂലം പരപ്രേരണകൂടാതെയോ, അതല്ലെങ്കിൽ പുറമേ നിന്നുള്ള പ്രേരണ മൂലമോ ഗർഭഛിദ്രം സംഭവിക്കുന്നു. ഗർഭിണിയുടെ ജീവനോ, ആരോഗ്യസ്ഥിതിയോ സംരക്ഷിക്കുന്നതിനു വേണ്ടി ചെയ്യുന്ന ഗർഭഛിദ്രത്തെ ചികിത്സാപരമായ ഗർഭഛിദ്രം എന്നും, മറ്റ് കാരണങ്ങൾക്കായി നടത്തുന്നതിനെ പ്രേരിപ്പിക്കപ്പെട്ട ഗർഭഛിദ്രം എന്നും പറയുന്നു. ബലാത്സംഗത്തിലൂടെ അല്ലെങ്കിൽ ലൈംഗികചൂഷണത്തിലൂടെ നടക്കുന്നതും ഗർഭനിരോധന മാർഗങ്ങളുടെ പരാജയം മൂലം സംഭവിക്കുന്ന ഗർഭധാരണവും പലപ്പോഴും ഗർഭഛിദ്രത്തിന് വിധേയമാകാറുണ്ട്. സാധാരണയായി ഗർഭഛിദ്രം എന്ന വാക്ക് പുറമേ നിന്നുമുള്ള പ്രേരണ മൂലമുള്ള പ്രക്രീയയെ സൂചിപ്പിക്കുമ്പോൾ, പ്രകൃതിപരമായി സ്വയം സംഭവിക്കുന്ന ഗർഭഛിദ്രങ്ങൾ പൊതുവേ 'ഗർഭമലസൽ' എന്ന പേരിൽ അറിയപ്പെടുന്നു. ശൈശവവിവാഹം കാരണമോ അല്ലെങ്കിൽ ചെറുപ്രായത്തിലെ ലൈംഗികചൂഷണം മൂലമോ ഉണ്ടാകുന്ന കൗമാരക്കാരിലെ ഗർഭധാരണം പലപ്പോഴും അമ്മയ്ക്കും കുഞ്ഞിനും അപകടകരമാകാറുണ്ട്. ഗർഭപാത്രം, ഇടുപ്പെല്ല് തുടങ്ങിയവയുടെ വളർച്ച പൂർത്തിയാകാത്ത കൗമാര പ്രായത്തിലെ ഗർഭധാരണം പെൺകുട്ടിയുടെ ജീവനെ വരെ ബാധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലും ഗർഭഛിദ്രം ആരോഗ്യ വിദഗ്ദ്ധർ ഉപയോഗപ്പെടുത്താറുണ്ട്.

ലോകമെമ്പാടും ഓരോ വർഷവും 42 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതിൽ 22 ദശലക്ഷം കൃത്യങ്ങൾ സുരക്ഷിതമായ സാഹചര്യങ്ങളിൽ നടക്കുമ്പോൾ മറ്റൊരു 20 ദശലക്ഷം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് സംഭവിക്കുന്നു. [2] സുരക്ഷിതമായ ഗർഭഛിദ്രങ്ങളിൽ വളരെ അപൂർവ്വമായി മാത്രം ഗർഭിണിക്ക് മരണം സംഭവിക്കുമ്പോൾ, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് നടത്തപ്പെടുന്ന ഗർഭഛിദ്രങ്ങൾ ഓരോ വർഷവും 70,000 ഗർഭിണികളുടെ മരണത്തിനും, 5 ദശലക്ഷം ഗർഭിണികൾക്ക് ശാരീരിക വൈകല്യം സംഭവിക്കുന്നതിനും വേദനയ്ക്കും കാരണമാകുന്നു. [2] ലോകജനതയുടെ വെറും 40 ശതമാനത്തിനു മാത്രമേ ഗർഭധാരണ പരിമിതികൾക്കുള്ളിൽ ചികിത്സാപരമായോ, സ്വയം തീരുമാനിക്കപ്പെടുന്നതോ അല്ലെങ്കിൽ പ്രേരിപ്പിക്കപ്പെട്ടതോ ആയ സുരക്ഷിത ഗർഭഛിദ്രത്തിന് സൌകര്യം ലഭിക്കുന്നുള്ളൂ. [3] എന്നാൽ സുരക്ഷിത ഗർഭഛിദ്രത്തിനുള്ള സൌകര്യങ്ങളുടെ അപര്യാപ്തതമൂലം ഇതേവരെ ഗർഭഛിദ്ര നിരക്കിന് കുറവൊന്നും വന്നിട്ടില്ല. ഇത് സ്ത്രീകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.[3]

ബാസ് റിലീഫ്കമ്പോഡിയ“യിലെ “ആങ്കോർ വാട്“ ൽ, c. 1150, ഗർഭിണിയുടെ ഉദരത്തിൽ ഉലക്ക കൊണ്ട് ഇടിച്ച് ഭ്രൂണഹത്യ നടത്തുന്ന പിശാചിനെ ചിത്രീകരിച്ചിരിക്കുന്നു. [4]

സുദീർഘമായ ചരിത്രമുള്ള ഗർഭഛിദ്രം, പല മാർഗ്ഗങ്ങളുപയോഗിച്ച് നടത്തിവരുന്നു. ഗർഭച്ഛി‌ദ്രൌഷധങ്ങൾ, ശാരീരികമായി പരുക്കേൽ‌പ്പിക്കൽ, പാരമ്പര്യ രീതികളും മരുന്നുകളും എന്നിവ ചില മാർഗ്ഗങ്ങളാണ്. ആധുനിക വൈദ്യശാസ്ത്രം ശസ്ത്രക്രിയ പോലെയുള്ള പ്രതിവിധികൾ ഗർഭഛിദ്രത്തിന് ഉപയോഗപ്പെടുത്തുന്നു. അബോർഷൻ സംബന്ധിച്ച നിയമവശങ്ങളുടെയും, സാംസ്കാരിക കാഴ്ച്ചപ്പാടുകളുടെയും വ്യാപ്തി ലോകമെമ്പാടും വ്യത്യസ്തമാണ്. പല ലോകരാജ്യങ്ങളിലും ഗർഭഛിദ്രത്തെ സംബന്ധിച്ച വ്യക്തമായ ഭിന്നതകളും പൊതുതർക്കങ്ങളും ധാർമ്മികവും നിയമപരവുമായ പ്രശ്നനങ്ങളും നിലനിൽക്കുന്നു. ചില മതങ്ങൾ ഇതൊരു പാപമായി കണക്കാക്കുന്നു. ഇവിടെ എല്ലാം തന്നെ സ്ത്രീകളുടെ പ്രശ്നങ്ങൾ കണക്കിലെടുക്കപ്പെടുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.

കുടുംബാസൂത്രണത്തെക്കുറിച്ചുള്ള ബോധവൽകരണങ്ങളും ഉറ, ഗുളിക, കോപ്പർ ടി തുടങ്ങിയ ഗർഭനിരോധക മാർഗ്ഗങ്ങളും ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസവും ഗർഭഛിദ്രത്തിന്റെ നിരക്ക് താഴോട്ട് കൊണ്ടുവരാൻ സഹായിച്ച ഘടകങ്ങളാണ്.[5]

സുരക്ഷിത ഗർഭഛിദ്രം[തിരുത്തുക]

അപ്രതീക്ഷിതമായുണ്ടാവുന്ന ഗർഭധാരണം പല വിധത്തിലുള്ള പ്രതിസന്ധികളും സൃഷ്ടിക്കുന്നു. ഗർഭാവസ്ഥയിൽ അമ്മക്കും കുഞ്ഞിനും എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുകയോ കുഞ്ഞ് ജനിച്ചാൽ എന്തെങ്കിലും തരത്തിലുള്ള വൈകല്യം ഉണ്ടെങ്കിൽ അത് ഒഴിവാക്കുന്നതിനായാണ് പലരും അബോർഷന് തയ്യാറാവുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഇരുപത് ആഴ്ച വരെ പ്രായമുള്ള ഗർഭം മാത്രമേ ഇന്ത്യയിൽ നിയമവിധേയമായി അലസിപ്പിക്കാൻ കഴിയുകയുള്ളൂ. മൂന്ന് മാസത്തിൽ കൂടുതൽ ഉള്ള ഗർഭം ഗർഭഛിദ്രത്തിന് വിധേയമാക്കുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശാരീരിക വളർച്ച പൂർത്തിയാകാത്ത കൗമാര പ്രായക്കാരിലെ ഗർഭധാരണം പെൺകുട്ടിക്കും കുഞ്ഞിനും ദോഷകരമാകാറുണ്ട്. മാതൃശിശു മരണനിരക്ക് കൂടുതലുള്ള ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലും ഗർഭഛിദ്രം ഒരു സുരക്ഷാ മാർഗ്ഗമായി ഉപയോഗിക്കാറുണ്ട്.

എന്നാൽ ഗർഭം അലസിപ്പിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഏത് അവസ്ഥയിലാണ് അബോർഷൻ വേണ്ടത് എന്നതുൾപ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവണം. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് അബോർഷന് ശേഷം പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. എന്തൊക്കെ കാര്യങ്ങളാണ് അബോർഷന് മുൻപ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ഗർഭധാരണ ടെസ്റ്റ്[തിരുത്തുക]

ഗർഭധാരണ ടെസ്റ്റ് നടത്തുക. ഗർഭിണിയാണോ എന്ന കാര്യത്തിൽ ഉറപ്പ് വരുത്തുക. ചിലപ്പോൾ ഗർഭകാല ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഗർഭിണിയാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനുള്ള സാഹചര്യങ്ങൾ ഉള്ളത് കൊണ്ട് വീട്ടിൽ നിന്ന് തന്നെ ഗർഭധാരണ ടെസ്റ്റ് നടത്താം.

വൈദ്യ സഹായം[തിരുത്തുക]

ഗർഭധാരണം ഉറപ്പായാൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. വൈദ്യ നിർദ്ദേശ പ്രകാരം മാത്രമേ അബോർഷനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമുള്ളൂ എന്നതാണ് യാഥാർഥ്യം.

അൾട്രാസൗണ്ട് സ്‌കാനിംഗ്[തിരുത്തുക]

അൾട്രാ സൗണ്ട് സ്‌കാനിംഗ് എടുക്കാൻ ശ്രദ്ധിക്കണം. കാരണം എന്നാൽ മാത്രമേ ഗർഭപാത്രത്തിൽ തന്നെയാണോ ഗർഭധാരണം നടന്നിട്ടുള്ളത് എന്ന് അറിയാൻ കഴിയുകയുള്ളൂ. ട്യൂബിലാണ് ഗർഭമെങ്കിൽ അത് പല വിധത്തിലുള്ള പ്രശ്നങ്ങൾ അമ്മക്കും കുഞ്ഞിനും ഉണ്ടാകാൻ സാധ്യതയുണ്ട്.

സ്വാഭാവികമായി സംഭവിക്കുന്ന ഗർഭഛിദ്രം[തിരുത്തുക]

ഗർഭം പോലെ തന്നെ സാധാരണയാണ് ഗർഭച്ഛിദ്രവും. തനിയെ ഗർഭമലസൽ പല സ്ത്രീകളിലും നടക്കാം.

ശരീരം സ്വയം അവലംബിയ്ക്കുന്ന രീതിയെന്നു വേണമെങ്കിൽ പറയാം. അതിനാൽ ഇതിനെ പ്രകൃത്യാലുള്ള ഗർഭമലസൽ എന്നും വിശേഷിപ്പിക്കാറുണ്. ഗർഭത്തിന്റെ ആദ്യ മൂന്നു മാസങ്ങൾക്കുള്ളിലാണ് ഗർഭം അലസാൻ ‍ സാധ്യത കൂടുതൽ. ഇതു കൊണ്ടാണ് ഗർഭകാലത്തിന്റെ ആദ്യ മൂന്നു മാസം ഏറെ ശ്രദ്ധ വേണമെന്നു പറയുന്നതും.

പലപ്പോഴും സ്വഭാവിക അബോർഷൻ നടക്കുന്നതിന് സ്വാഭാവികമായ കാരണങ്ങളുണ്ട്. ഇതിനു പുറമേ നമ്മുടെ ഭാഗത്തു നിന്നു വരുന്ന ശ്രദ്ധക്കുറവുകൾ, അതായത് ഭാരം കൂടുതൽ എടുക്കുക, വീഴുക തുടങ്ങിയ ചില കാരണങ്ങളുമുണ്ടാകാം. എന്നാൽ ഇവ സ്വഭാവിക ഗർഭഛിദ്രരീതി എന്നു പൂർണമായും പറയാനാകില്ല.

മിക്ക സന്ദർഭങ്ങളിലും നമ്മിൽ നിന്നും വരുന്ന തെറ്റുകുറ്റങ്ങൾ കൊണ്ടല്ലാതെ തന്നെ ശരീരം തന്നെ സ്വാഭാവികമായി അബോർഷൻ എന്ന രീതിയിലേയ്ക്കു തിരിയും. ഇതിന്‌ ആരോഗ്യ ശാസ്ത്രപരമായ പല കാരണങ്ങളുമുണ്ട്.

ജനതിക തകരാറുകൾ[തിരുത്തുക]

ക്രോമസോം സംബന്ധമായ പല പ്രശ്‌നങ്ങളും അബോർഷനു വഴിയൊരുക്കാറുണ്ട്. അണ്ഡവും ബീജവും സംയോജിച്ചാണ് ഭ്രൂണരൂപീകരണം നടക്കുന്നത്. അണ്ഡത്തിലോ ബീജത്തിലോ ക്രോമസോം തകരാറുകൾ ഉണ്ടെങ്കിൽ ഗർഭമലസൽ ഉണ്ടാകാം. 35 വയസിനു മേൽ പ്രായമുള്ള സ്ത്രീകളിൽ ഗർഭാവസ്ഥയിൽ ഇത്തരം സാധ്യതകൾ കൂടുതലായി കാണപ്പെടുന്നു. അണ്ഡത്തിന്റെ ഗുണം കുറയുന്നതാണ് ഒരു കാരണമായി പറയുന്നത്. നാല്പത് വയസിന് മുകളിൽ പ്രായമുള്ള പുരുഷന്റെ ബീജത്തിനും ഗുണമേന്മ കുറവാണ്.

തൈറോയ്ഡ്[തിരുത്തുക]

തൈറോയ്ഡ് പ്രശ്‌നങ്ങൾ ഇത്തരം സ്വഭാവിക ഗർഭഛിദ്രം നടക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഹൈപ്പർ, ഹൈപ്പോ തൈറോയ്ഡുകൾ കാരണമാകാം. കൂടുതൽ തൈറോയ്ഡ് ഉൽപാദനം നടന്നാൽ അത് ഈസ്ട്രജൻ ഹോർമോൺ പ്രവർത്തനത്തെ ബാധിയ്ക്കുന്നു. ഇത് ഗർഭപാത്രത്തിൽ ഭ്രൂണം വളരുന്നതിന് തടസമാകുന്നു.

പ്രമേഹം[തിരുത്തുക]

അബോർഷൻ നടക്കുന്നതിനുള്ള പ്രധാനപ്പെട്ട മറ്റൊരു പ്രധാന കാരണമാണ് പ്രമേഹം. ഇതുപോലെ കുഞ്ഞിന് ശാരീരിക വൈകല്യങ്ങൾക്കും സാധ്യതയുണ്ട്. ഇതു കൊണ്ടു തന്നെ പ്രമേഹമുള്ള സ്ത്രീകൾ ഗർഭധാരണത്തിനു മുൻപ് ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

തെറ്റായ ജീവിത ശൈലികൾ[തിരുത്തുക]

തെറ്റായ ജീവിത ശൈലികളുടെ ഫലമായും സ്വാഭാവികമായി അബോർഷൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും മദ്യപാനം, പുകവലി, ഡ്രഗ്‌സ് ഉപയോഗം, മാനസിക സമ്മർദ്ദം, പോഷകാഹാരക്കുറവ് തുടങ്ങിയവ അമ്മയ്ക്കുണ്ടെങ്കിൽ. തെറ്റായ ശീലങ്ങൾ ഗർഭധാരണത്തിനു മുമ്പു തന്നെ നിയന്ത്രിയ്ക്കണ്ടതാണ്. അല്ലാത്തപക്ഷം കാര്യമായ പ്രശ്‌നങ്ങൾക്കു സാധ്യതയുണ്ട്.

ശാരീരികമായ അവസ്ഥകൾ[തിരുത്തുക]

ചില ശാരീരികമായ അവസ്ഥകൾ, പ്രത്യേകിച്ചും ഗർഭപാത്രത്തിന്റെ ആരോഗ്യം. പോളിപ്‌സ്, ഗർഭാശയഗള അഥവാ സെർവിക്കൽ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. ഇതു കൊണ്ടാണ് ഗർഭധാരണത്തിനു മുൻപു തന്നെ വിശദമായ പരിശോധന ആവശ്യമെന്നു പറയുന്നത്. ഗർഭം താങ്ങാൻ ഗർഭാശയത്തിനോ അമ്മയുടെ ശരീരത്തിനോ ശേഷിയില്ലെങ്കിൽ സ്വാഭാവികമായി അബോർഷൻ നടക്കും. ഗർഭപാത്രം ഭ്രൂണത്തെ രക്തസ്രാവത്തിലൂടെ പുറന്തള്ളും.

രക്തം കട്ടപിടിക്കൽ[തിരുത്തുക]

രക്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സ്വാഭാവികമായുള്ള അബോർഷനിലേയ്ക്കു വഴി വയ്ക്കുന്നവയാണ്. ഫാക്ടർ വി ലെയ്‌ഡെൻ പോലുള്ള ബ്ലഡ് ക്ലോട്ടിംഗ് പ്രശ്‌നങ്ങൾ ഇതിനുള്ള പ്രധാനപ്പെട്ട കാരണമാകാറുണ്ട്.

പ്രതിരോധ വ്യവസ്ഥ[തിരുത്തുക]

പ്രതിരോധ വ്യവസ്ഥയിലെ പ്രശ്‌നങ്ങൾ കാരണം ശരീരം ഗർഭത്തെ പുറന്തള്ളുന്ന അവസ്ഥയാണ് ഇത്. ആന്റിബോഡികളുടെ പ്രവർത്തനം ഇതിനു കാരണമാകാറുണ്ടെന്നു പഠനങ്ങൾ പറയുന്നു. ല്യൂപസ് പോലുള്ള രോഗാവസ്ഥകളും ഇതിനു കാരണമാകാറുണ്ട്. 5 ശതമാനം സ്ത്രീകളിൽ ആന്റിബോഡി പ്രവർത്തനം കാരണം ശരീരം ഗർഭത്തെ പുറന്തള്ളുന്ന പ്രവണത കണ്ടുവരുന്നു.

കുഞ്ഞിനുണ്ടാകാൻ ഇടയുള്ള പ്രശ്‌നങ്ങൾ[തിരുത്തുക]

കുഞ്ഞിനുണ്ടാകാൻ ഇടയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ശരീരം തന്നെ സ്വാഭാവികമായി ചെയ്യുന്ന ഒന്നാണ് പ്രകൃത്യാലുള്ള ഗർഭഛിദ്രം. കുട്ടിക്ക്

ശാരീരിക വൈകല്യങ്ങളോ ജനിതിക പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ ശരീരം തന്നെ ഇത്തരം രീതി അവലംബിക്കാറുണ്ട്. അല്ലാത്തപക്ഷം ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആരോഗ്യവിദഗ്ദ്ധർ തന്നെ ഗർഭഛിദ്രത്തിന് നിർദ്ദേശം നൽകാറുണ്ട്.

ലക്ഷണങ്ങൾ[തിരുത്തുക]

ഗർഭം അലസിപ്പോയി എന്ന് അറിഞ്ഞാൽ ചിലർ സ്‌ത്രീകളെ കുറ്റപ്പെടുത്തുന്നതു കാണാറുണ്ട്. മറ്റുചിലർ സ്വയം പഴിചാരുകയും വിഷാദത്തിലേക്ക് വീഴുകയും ചെയ്യും. ഇത് രണ്ടും ശരിയായ പ്രവണതയല്ല. പുറത്തു നിന്നുള്ള കാരണങ്ങളേക്കാൾ കൂടുതൽ ശരീരം നടത്തുന്ന മുൻകരുതലിന്റെ ഭാഗമായിട്ടാണ് ഗർഭം അലസി പോകുന്നത്.

ഭ്രൂണത്തിന്റെ ജനിതക പ്രശ്നങ്ങളും ശാരീരിക വൈകല്യങ്ങളുമാണ് ഗർഭം അലസിപ്പോകുന്നതിനുള്ള പ്രധാന കാരണങ്ങൾ. ഭ്രൂണം ഗർഭപാത്രത്തിൽ ശരിയായി ഉറയ്ക്കാതിരിക്കുക, ഹോർമോൺ അപാകത, ശക്തമായ മാനസിക സമ്മർദം, വയറിടിച്ചുള്ള വീഴ്ച എന്നിവ കൊണ്ടും ഗർഭം അലസാം. ഒരു ദീർഘദൂര യാത്ര അല്ലെങ്കിൽ ലൈംഗികബന്ധം എന്നിവ കൊണ്ടൊന്നും സാദാരണ ഗതിയിൽ ഗർഭം അലസാറില്ല. അത്ര ബലമില്ലാത്ത രീതിയല്ല ഗർഭധാരണം എന്ന് മനസ്സിലാക്കുക. ഗർഭപാത്രത്തിനുള്ളിൽ സുരക്ഷിതമായി തന്നെയാണ് ഭ്രൂണം വളരുന്നത്.

കടുത്ത രക്തസ്രാവവും വയറുവേദനയുമാണ് സാധാരണയായി അബോർഷന്റെ ലക്ഷണങ്ങൾ. മൂന്നു മാസത്തിനു ശേഷമുള്ള ഗർഭമലസലാണെങ്കിൽ രക്തസ്രാവത്തിനൊപ്പം ദ്രാവകം(ഫ്ലൂയിഡ്) പോകലും ഉണ്ടാകും.

'ഹബിച്വൽ അബോർഷൻ' (മൂന്നിലേറെ തവണ തുടർച്ചയായി ഗർഭം അലസിപ്പോകുക) ഉള്ളവരോടു കുറഞ്ഞത് മൂന്നു മാസത്തേക്ക് നന്നായി വിശ്രമിക്കാനും ശ്രദ്ധിക്കാനും ആവശ്യമെങ്കിൽ ചികിത്സയും നൽകാറുണ്ട്.

ഗർഭകാലത്തുള്ള പ്രമേഹം, തൈറോയിഡ് എന്നിവയും അവയ്ക്കായി കഴിക്കുന്ന മരുന്നുകളും ചില സമയം ഗർഭധാരണത്തെ ദോഷമായി ബാധിക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ ഡോക്ടറോടു മുൻകൂട്ടി പറയണം. റേഡിയേഷനുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരോടും ആദ്യ മൂന്നു മാസത്തേക്കെങ്കിലും അത്തരം ജോലിയിൽ നിന്ന് വിട്ടു നിൽക്കാൻ നിർദ്ദേശിക്കാറുണ്ട്.

ഗർഭാവസ്ഥയിലെപ്പോഴെങ്കിലും ചെറുതായിട്ടാണെങ്കിലും രക്തം പോക്ക്, ശക്തമായ വയറു വേദന, രക്തക്കട്ട പോലെ മാംസളമായ വസ്തു പുറംതള്ളൽ, കഠിനമായ പുറംവേദന എന്നിവയുണ്ടായാൽ ഉടൻ വൈദ്യ സഹായം തേടുക. ഹോർമോൺ അപാകത കൊണ്ടുള്ള ഗർഭാവസ്ഥയിലെ പ്രശ്നങ്ങൾ ചികിത്സ കൊണ്ട് ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. എല്ലാവിധ മുൻകരുതലുകൾ എടുത്തിട്ടും ഗർഭമലസൽ നടക്കുകയാണെങ്കിൽ ആ ഗർഭത്തിനു അതിജീവനത്തിനുള്ള ആരോഗ്യമില്ലെന്ന് മനസ്സിലാക്കണം.

അവലംബങ്ങൾ[തിരുത്തുക]

സൈറ്റേഷനുകൾ[തിരുത്തുക]

  1. Gynaecology for Lawyers By Trevor Dutt, Margaret P. Matthews
  2. 2.0 2.1 Shah I, Ahman E (2009). "Unsafe abortion: global and regional incidence, trends, consequences, and challenges". J Obstet Gynaecol Can. 31 (12): 1149–58. PMID 20085681. {{cite journal}}: Unknown parameter |month= ignored (help)
  3. 3.0 3.1 Culwell, K.; et al. (2010). "Critical gaps in universal access to reproductive health: Contraception and prevention of unsafe abortion". International Journal of Gynecology & Obstetrics. 110: S13-16. PMID 123455. {{cite journal}}: Explicit use of et al. in: |author= (help); Unknown parameter |month= ignored (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. Potts, M. et al. "Thousand-year-old depictions of massage abortion," Journal of Family Planning and Reproductive Health Care, volume 33, p. 234 (2007): “at Angkor, the operator is a demon.” Also see Mould, R. Mould's Medical Anecdotes, p. 406 (CRC Press 1996).
  5. Sedgh G, Henshaw SK, Singh S, Bankole A, Drescher J (2007). "Legal abortion worldwide: incidence and recent trends". Int Fam Plan Perspect. 33 (3): 106–16. doi:10.1363/ifpp.33.106.07. PMID 17938093. Archived from the original on 2009-08-19. Retrieved 2010-06-17. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)

കുറിപ്പുകൾ[തിരുത്തുക]

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "definition" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗർഭഛിദ്രം&oldid=3837368" എന്ന താളിൽനിന്ന് ശേഖരിച്ചത്