വന്ധ്യത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Infertility എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വന്ധ്യത
സ്പെഷ്യാലിറ്റിയൂറോളജി, reproductive endocrinology and infertility, ഒബ്സ്റ്റട്രിക്ക്സ് ആൻഡ് ഗൈനക്കോളജി Edit this on Wikidata

വന്ധ്യത എന്നത് ഒരു വ്യക്തിക്കോ മൃഗത്തിനോ സസ്യത്തിനോ പ്രകൃതിദത്ത മാർഗങ്ങളിലൂടെ പുനരുൽപ്പാദിപ്പിക്കാനുള്ള കഴിവില്ലായ്മയാണ്. ഇത് സാധാരണയായി ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിയുടെ സ്വാഭാവിക അവസ്ഥയല്ല, പ്രത്യേകിച്ചും ചില യൂസോഷ്യൽ സ്പീഷീസുകൾ (മിക്കവാറും ഹാപ്ലോഡിപ്ലോയിഡ് പ്രാണികൾ) ഒഴികെ. ഒരു മനുഷ്യന്റെ അല്ലെങ്കിൽ മൃഗങ്ങളുടെ കുഞ്ഞുങ്ങളുടെയോ സാധാരണ അവസ്ഥയാണ്, കാരണം അവർ പ്രായപൂർത്തിയായിട്ടില്ല, ഇത് ശരീരത്തിന്റെ പ്രത്യുൽപാദന ശേഷിയുടെ തുടക്കമാണ്.

മനുഷ്യരിൽ, സ്ത്രീ-പുരുഷ പങ്കാളികൾ ഉൾപ്പെടുന്ന സുരക്ഷിതമല്ലാത്തതും സ്ഥിരവുമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ഒരു വർഷത്തിന് ശേഷം ഗർഭിണിയാകാൻ കഴിയാത്തതാണ് വന്ധ്യത. [1] വന്ധ്യതയ്ക്ക് നിരവധി കാരണങ്ങളുണ്ട്, ചിലത് മെഡിക്കൽ ഇടപെടലിന് ചികിത്സിക്കാൻ കഴിയും. [2] 1997-ലെ കണക്കുകൾ സൂചിപ്പിക്കുന്നത്, ലോകമെമ്പാടുമുള്ള ഭിന്നലിംഗക്കാരായ ദമ്പതികളിൽ അഞ്ച് ശതമാനത്തോളം പേർക്കും വന്ധ്യതയുമായി ബന്ധപ്പെട്ട പരിഹരിക്കാനാകാത്ത പ്രശ്‌നമുണ്ട്. എന്നിരുന്നാലും, നിരവധി ദമ്പതികൾ, കുറഞ്ഞത് ഒരു വർഷമെങ്കിലും സ്വമേധയാ കുട്ടികളില്ലാത്ത അവസ്ഥ അനുഭവിക്കുന്നു: 12% മുതൽ 28% വരെയാണ് കണക്കാക്കുന്നത്. [3] മനുഷ്യരിൽ വന്ധ്യതയ്ക്കുള്ള പ്രധാന കാരണം പ്രായമാണ്, കൂടാതെ, ഉയർന്ന മാതൃ പ്രായത്തിന്റെ സ്വാധീനം ഗർഭാവസ്ഥയിൽ സ്വയമേവയുള്ള ഗർഭഛിദ്രം നേരിടാനുള്ള സാധ്യത വർദ്ധിപ്പിക്കും.

മനുഷ്യരിൽ കുട്ടികളുണ്ടാകാത്ത അവസ്ഥയെയാണ്‌ വന്ധ്യത എന്നു പറയുന്നത് ഇൻഫെർട്ടിലിറ്റി (Infertility) എന്ന് ഇംഗ്ലീഷിൽ പറയുന്നു. കൂടുതൽ വ്യക്തമായി നിർ‌വചിക്കുകയാനെങ്കിൽ സ്വാഭാവികമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾക്ക് ഒരു നിശ്ചിത കാലയളവിനുശേഷവും ഗർഭധാരണം സാധിക്കാത്ത അവസ്ഥയെയാണ് വന്ധ്യത എന്നു പറയുന്നത്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഒരുമിച്ചു താമസിക്കുകയും സ്വാഭാവിക ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിട്ടും ഗർഭധാരണം നടക്കാതെ വരുമ്പോൾ മാത്രമേ അതിനെ വന്ധ്യതയായി വിലയിരുത്തുന്നുള്ളു. ആർത്തവചക്രത്തിന്റെ ഏകദേശം മദ്യഭാഗത്തായി വരുന്ന അണ്ഡവിസർജന കാലത്താണ് (ovulation) സ്ത്രീകളിൽ ഗർഭധാരണ സാധ്യത ഏറ്റവും കൂടുതലുണ്ടാവുക. ആർത്തവം ആരംഭിക്കുന്ന ദിവസം ഒന്ന് എന്ന് കണക്കാക്കിയാൽ ഒൻപതാം ദിവസത്തിനും പതിനെട്ടാം ദിവസത്തിനുമിടക്കാവും ഓവുലേഷൻ നടക്കാൻ സാധ്യത കൂടുതൽ. ഈ ദിവസങ്ങളിൽ കുറച്ചു മാസമെങ്കിലും നിരോധനമാർഗമൊന്നുമില്ലാതെ സംഭോഗത്തിൽ ഏർപ്പെട്ടിട്ടും ഗർഭധാരണം നടന്നില്ലെങ്കിൽ അത് വന്ധ്യത മൂലമാകാം. സ്ത്രീക്ക് ഉണ്ടാകുന്ന രതിമൂർച്ഛ പോലും ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടുന്നു എന്ന് പഠനങ്ങൾ പറയുന്നു.

സ്ത്രീവന്ധ്യത[തിരുത്തുക]

യോനീസങ്കോചം (വാജിനിസ്മസ്), യോനിവരൾച്ച, അണുബാധ, ഗർഭാശയ രോഗങ്ങൾ തുടങ്ങിയ മൂലമുണ്ടാകുന്ന വേദനയുള്ള സംഭോഗം, ലൈംഗിക താൽപര്യക്കുറവ്, മാനസിക പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടും ശരിയായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയാതെ വരാറുണ്ട്. ഇത് മൂലം ഗർഭധാരണം തടസ്സപ്പെടുന്നു. ഗർഭാശയത്തിൽ നിന്നുമുള്ള സ്രവങ്ങളുടെ തകരാറു മൂലം പുരുഷബീജങ്ങൾക്ക് ഗർഭപാത്രത്തിൽ എത്തിച്ചേരാൻ കഴിയാതെ വരുന്നതും, ഗർഭപാത്രത്തിലെ തകരാറുകൾ, മുഴകൾ (ട്യൂമർ) അണ്ഡവാഹിനിക്കുഴലിലെ തകരാറുകൾ, അണ്ഡവിസർജനം അഥവാ ഓവുലേഷന്റെ പ്രശ്നങ്ങൾ, പിസിഓഎസ് (PCOS), തെറ്റായ ജീവിതശൈലി എന്നിവമൂലവും വന്ധ്യത ഉണ്ടാകാം.

സ്ത്രീകളുടെ ആദ്യത്തെ പ്രസവം ഏകദേശം 30 വയസ്സിനു മുൻപ് നടക്കുന്നതാണ്‌ നല്ലത്. അല്ലാത്തപക്ഷം ചില സ്ത്രീകളിലെങ്കിലും വന്ധ്യതയ്ക്കു കാരണമാകുന്നു. 35 വയസിന് ശേഷം സ്ത്രീകളിൽ വന്ധ്യതക്കുള്ള സാധ്യത ഗണ്യമായി കൂടുന്നു. നാൽപ്പത് വയസിന് ശേഷം ഗർഭധാരണം നടക്കാനുള്ള സാധ്യത പിന്നെയും കുറയുന്നു. ഏകദേശം 45-55 വയസ്സിനുള്ളിൽ ആർത്തവവിരാമം അഥവാ മെനോപോസ് ആകുന്നതോടെ സ്ത്രീകളിലെ പ്രത്യുത്പാദനശേഷി ഇല്ലാതാകുന്നു. 80 ശതമാനത്തിലധികം സ്ത്രീകളിലും വന്ധ്യതയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയാറുണ്ട്. അതിനാൽ ഇതിനു ഫലപ്രദമായ ചികിൽസ നൽകുവാൻ സാധിക്കും.

പുരുഷവന്ധ്യത[തിരുത്തുക]

പുരുഷവന്ധ്യതയുടെ കാരണം കൃത്യമായി നിർണയിക്കാനും ചികിത്സിച്ചു ഭേദമാക്കാനും പലപ്പോഴും കഴിയാറില്ല. ലിംഗ ഉദ്ധാരണക്കുറവ്, ലൈംഗികതാൽപര്യക്കുറവ്, മാനസിക പ്രശ്നങ്ങൾ മുതലായവ മൂലം സംഭോഗം നടക്കാത്തത് ഒരു കാരണമാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളിൽ മിനിമം ബീജസംഖ്യ 20 ദശലക്ഷമാണെങ്കിൽ മാത്രമേ ഗർഭധാരണം നടക്കുകയുള്ളൂ എന്നായിരുന്നു മുമ്പ് കണക്കാക്കിയിരുന്നത്. അത്രയുമില്ലെങ്കിൽ ബീജസംഖ്യ (കൗണ്ട്) കുറവാണെന്നു കണക്കാക്കിയിരുന്നു. തെറ്റായ ഭക്ഷണരീതി, വ്യായാമക്കുറവ്, പുകവലി, അതിമദ്യാസക്തി തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം, ചില രോഗങ്ങൾ എന്നിവയൊക്കെയാണ് ബീജസംഖ്യ കുറയാനുള്ള കാരണങ്ങളായി പറയുന്നത്. എന്നാൽ ബീജസംഖ്യ കുറയുന്നത് വന്ധ്യത വർധിക്കുന്നതിന്റെ കാരണമായി പറയുവാൻ സാധിക്കില്ല. കാരണം ആരോഗ്യമുള്ള ഒരൊറ്റ ബീജമേ ഉള്ളൂവെങ്കിലും ഗർഭധാരണം നടക്കാൻ സാധ്യതയുണ്ട്. എന്നാൽ മിക്കപ്പോഴും അങ്ങനെ സംഭവിക്കാറില്ല. കൂടുതൽ പുരുഷൻമാർക്കും ബീജസംഖ്യയിലെ കുറവാണ്‌ വന്ധ്യതാ പ്രശ്‌നത്തിനു കാരണം. 40 വയസിന് ശേഷം പുരുഷന്മാരിൽ ബീജത്തിന്റെ ഗുണമേന്മ കുറയുന്നതും ഒരു കാരണമാകാം. മാത്രമല്ല പ്രായമേറിയ പുരുഷന്മാരുടെ കുഞ്ഞുങ്ങൾക്ക് മാനസിക പ്രശ്നങ്ങൾ, ഓട്ടിസം മുതലായവ ഉണ്ടാവാനും ചെറിയ സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായി മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ ചികിത്സകൊണ്ട് ഒരു നിശ്ചിത ശതമാനം ആളുകളുടെയും വന്ധ്യതാ പ്രശ്‌നത്തിനു പരിഹാരം കാണുവാൻ സാധിക്കും.

ഹോർമോണിലുണ്ടാകുന്ന വ്യതിയാനങ്ങൾ, വൃഷണവീക്കം, വെരിക്കോസിൽ, വൃഷണത്തിൽ സ്ഥിരമായി ചൂട് ഏൽക്കുക, പതിവായി ബൈക്ക്‌ യാത്ര ചെയ്യുക തുടങ്ങി പല കാരണങ്ങൾ കൊണ്ടും പുരുഷവന്ധ്യത ഉണ്ടാവാം.

കാരണങ്ങൾ[തിരുത്തുക]

ദമ്പതിമാരുടെ പ്രായം, ജീവിതരീതി, ആരോഗ്യാവസ്ഥ, ലൈംഗികബന്ധത്തിന്റെ സ്വഭാവം, രോഗങ്ങൾ, ലഹരി ഉപയോഗം, ഉറക്കക്കുറവ് തുടങ്ങിയ പല അവസ്ഥകളും ഇതിനു കാരണമാകുന്നു.

സംസ്കരിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ, വ്യായാമക്കുറവ് ഇവയെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുക മാത്രമല്ല പ്രമേഹം, ഹൃദ്രോഗം, പിസിഒഎസ് എന്നിവയും വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന മറ്റ് രോഗങ്ങൾ എന്നിവയ്ക്കും കാരണമാകും. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പുവർഗങ്ങൾ, മത്സ്യം, മുട്ട, കൊഴുപ്പ് നീക്കിയ പാൽ തുടങ്ങിയവ ഉൾപ്പെടുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങളും ദീർഘകാലത്തേക്ക് സമീകൃതാഹാരവും തിരഞ്ഞെടുക്കുന്നത് പ്രത്യുത്പാദന-ലൈംഗിക ആരോഗ്യത്തിന് വളരെ നല്ലതാണ്.

പുകവലി അല്ലെങ്കിൽ പുകയില ഉപഭോഗം പ്രത്യുത്പാദന-ലൈംഗിക ആരോഗ്യത്തെ വളരെയധികം ബാധിക്കും. പുരുഷന്മാരിൽ ഇത് ശുക്ലത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ലിംഗ ഉദ്ധാരണക്കുറവിനു കാരണമാകുകയും ചെയ്യും.

അമിതമായി മദ്യപിക്കുന്നത് പുരുഷന്മാരിൽ ബീജത്തിന്റെ ആരോഗ്യത്തിനെ ബാധിക്കാറുണ്ട്. സ്ത്രീകളിൽ ഇത് അസാധാരണമായ ആർത്തവചക്രം, അണ്ഡോത്പാദന തകരാറുകൾ എന്നിവയിലേക്ക് നയിക്കുന്നു. ഇതെല്ലാം വന്ധ്യതക്കും ലൈംഗികശേഷിക്കുറവിനും കാരണമാകാം.

ഉറക്കക്കുറവ് ശരീരഭാരം വർദ്ധിക്കാനും ഹോർമോൺ സന്തുലനത്തെ ബാധിക്കുവാനും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാവുകയും, ഇത് വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭാരം കൂടുതലുള്ള സ്ത്രീപുരുഷന്മാരിൽ വന്ധ്യതയുടെ നിരക്ക് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

ചികിത്സാരീതി[തിരുത്തുക]

വിവാഹശേഷം 75-80 ശതമാനം സ്ത്രീകൾക്കും സധാരണഗതിയിൽ ഒരു വർഷത്തിനകം തന്നെ ഗർഭധാരണം നടക്കും. പിന്നീടുള്ളവരിൽ പകുതി ദമ്പതികൾക്കും അടുത്ത ആറു മാസത്തിനകം ഗർഭധാരണം സാധിക്കും. ഈ രീതിയിൽ ഒന്നര വർഷത്തിനകം 90 ശതമാനം പേർക്കും ഗർഭധാരണമുണ്ടാകാറുണ്ട്. ബാക്കി വരുന്ന 10 ശതമാനം പേർക്കാണ് വന്ധ്യതാ ചികിത്സ ആവശ്യമായി വരികയുള്ളു. വിവാഹശേഷം ഒരു വർഷമെങ്കിലും ഒരുമിച്ചു കഴിഞ്ഞു ഗർഭനിരോധനമാർഗങ്ങൾ ഒന്നുമില്ലാതെ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടും ഗർഭധാരണം നടക്കുന്നില്ലെങ്കിൽ മാത്രമേ ചികിത്സ തുടങ്ങേണ്ട ആവശ്യമുള്ളു.

  1. Chowdhury SH, Cozma AI, Chowdhury JH.
  2. "The evaluation of infertility". American Journal of Clinical Pathology. 117 (Suppl): S95-103. June 2002. doi:10.1309/w8lj-k377-dhra-cp0b. PMID 14569805.
  3. "Management of involuntary childlessness". The British Journal of General Practice. 47 (415): 111–118. February 1997. PMC 1312893. PMID 9101672. {{cite journal}}: Invalid |display-authors=6 (help)
"https://ml.wikipedia.org/w/index.php?title=വന്ധ്യത&oldid=3837499" എന്ന താളിൽനിന്ന് ശേഖരിച്ചത്