ഇബ്ന്‍ ബത്തൂത്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പണ്ഡിതന്‍, സഞ്ചാരി മധ്യ കാലഘട്ടം |
|
|---|---|
| നാമം: | അബു അബ്ദുള്ള മുഹമ്മദ് ഇബ്ന്‍ ബത്തൂത്ത |
| ജനനം: | ഫെബ്രുവരി 24, 1304 |
| മരണം: | 1375 |
| ചിന്താധാര: | സുന്നി മാലിക്കി |
അബു അബ്ദുള്ള മുഹമ്മദ് ഇബ്ന്‍ ബത്തൂത്ത (ഫെബ്രുവരി 24 1304 -1375) മോറോക്കൊയിലെ ടാന്‍ജിയര്‍ എന്ന നഗരത്തില്‍ സാധാരണക്കാരനായി പിറന്നു[1]. സുന്നി ഇസ്ലാമിക നിയമപണ്ഡിതനായിരുന്ന ഇബ്ന്‍ ബത്തൂത്ത ഒരു ന്യായാധിപനായിരുന്നെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇബ്ന്‍ ബത്തൂത്ത തന്റെ മുപ്പതു വര്‍ഷത്തെ സഞ്ചാരങ്ങള്‍ക്കിടെ ഏകദേശം 1,17,000 കി.മി. (73000 മൈല്‍) യാത്ര ചെയ്തു. ഈ യാത്രകളില്‍ അക്കാലത്തെ എല്ലാ ഇസ്ലാമികരാജ്യങ്ങളും, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങള്‍, കിഴക്കന്‍ യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡം, മദ്ധ്യേഷ്യ, ദക്ഷിണപൂര്‍വേഷ്യ, ചൈന തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചരിച്ച ഇബ്ന്‍ ബത്തൂത്ത സമകാലീനനായ മാര്‍ക്കോ പോളോ സഞ്ചരിച്ചതിലും കൂടുതല്‍ ദൂരം യാത്ര ചെയ്തു.
ഉള്ളടക്കം |
[തിരുത്തുക] റിഹ്‌ല
1355-ആം ആണ്ടില്‍ പൂര്‍ത്തിയാക്കിയ തുഹ്‌ഫത്തുന്നുള്ളാര്‍ ഫിഗറായിബില്‍ അംസാര്‍ വ അജായിബിലസ്ഫാര്‍[1] (ലോക)നഗരങ്ങളെപ്പറ്റിയും വിസ്മയ യാത്രകളെപ്പറ്റിയും ചിന്തിക്കുന്നവര്‍ക്കുള്ള സമ്മാനം എന്ന് അര്‍ത്ഥമുള്ള ഈ പുസ്തകം യാത്ര എന്നര്‍ത്ഥം വരുന്ന റിഹ്‌ല എന്നാണ് അറിയപ്പെടുന്നത്. ഇതിലെ ചില ഭാഗങ്ങള്‍ സാങ്കല്‍പ്പികമാണങ്കിലും, പതിനാലാം നൂറ്റാണ്ടിലെ ലോകത്തിന്റെ ഒരു പൂര്‍ണ്ണ വിവരണം നല്‍കുന്നു.
[തിരുത്തുക] സഞ്ചാരങ്ങള്‍
1325-ലാണ് ഇബ്ന്‍ ബത്തൂത്ത തന്റെ യാത്ര ആരംഭിക്കുന്നത്.
[തിരുത്തുക] യാത്രയുടെ ഒന്നാം ഘട്ടം
യാത്രയുടെ ഒന്നാം ഘട്ടത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍, ട്യൂണിസ്, അലക്സാണ്ട്രിയ, ട്രാപ്പളീസ് (ട്രിപ്പോളി), മസര്‍ (ഈജിപ്റ്റ്), പാലസ്തീന്‍, സുറിയ, ഡമാസ്കസ് എന്നീസ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി മക്കയിലേക്കു തിരിച്ചു.
[തിരുത്തുക] യാത്രയുടെ രണ്ടാം ഘട്ടം
യാത്രയുടെ രണ്ടാം ഘട്ടത്തില്‍, മെസൊപൊട്ടാമിയയിലെ നജാഫ്, ബസ്ര, മോസുള്‍, ബാഗ്ദാദ്, ആഫ്രിക്കയിലെ മോഗഡിഷു, മൊംബാസ്സ, സന്‍സിബാര്‍, കില്വ മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം രണ്ടാമതും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി മക്കയിലേക്ക് തിരിച്ചു. വിശ്രമത്തിനും വിവിധ ഭാഷാഭ്യാസത്തിനുമായി രണ്ട് കൊല്ലത്തോളം ഇബ്ന്‍ ബത്തൂത്ത മക്കയില്‍ കഴിഞ്ഞു.
[തിരുത്തുക] യാത്രയുടെ മൂന്നാം ഘട്ടം
മൂന്നാം ഘട്ടം 1332-ല്‍ ആരംഭിച്ചു. യെമന്‍, ഒമാന്‍, ബഹറൈന്‍, സുറിയ, ഏഷ്യ മൈനര്‍, ഇന്ത്യ, മാലദ്വീപ്, സിലോണ്‍, കിഴക്കന്‍ ഏഷ്യ, ചൈന എന്നീരാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം വീണ്ടും ഇന്ത്യ, പേര്‍ഷ്യ, മെസൊപൊത്താമ്യ, സുറിയ, ഈജിപ്റ്റ് വഴി ടാന്‍ജിയറില്‍ മടങ്ങിയെത്തി.
വീണ്ടും ആഫ്രിക്കന്‍ യാത്രയ്ക്ക് തിരിച്ച ഇബ്ന്‍ ബത്തൂത്തയെ മൊറോക്കോ സുല്‍ത്താന്‍ ഉയര്‍ന്ന ബഹുമതികള്‍ നല്‍കി തന്റെ അതിഥിയായി പാര്‍പ്പിച്ചു. അദ്ദേഹത്തിന്റെ പ്രേരണയാലാണ് ഇബ്ന്‍ ബത്തൂത്ത രിഹ്‌ല രചിച്ചു തുടങ്ങിയത്.
[തിരുത്തുക] ഇന്ത്യയില്‍
ദില്ലി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലത്താണ് ഇബ്ന്‍ബത്തൂത്ത അഫ്ഗാനിസ്താനിലെ ബലൂചിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയത്. ഇസ്ലാമികലോകത്തെ പുതിയ രാജ്യമായിരുന്ന ദില്ലിയില്‍ തന്റെ ഭരണം ദൃഡമാക്കുന്നതിനായി തുഗ്ലക്ക് പല ഇസ്ലാമികപണ്ഡിതരേയും വരുത്തിയിരുന്ന കാലമായിരുന്നു അത്. ഇബ്ന്‍ ബത്തൂത്തയുടെ പാണ്ഡിത്യത്തെയും ലോകപരിചയത്തെയും മാനിച്ച് അദ്ദേഹത്തിന് തുഗ്ലക്ക് ന്യായാധിപസ്ഥാനം നല്‍കി.
[തിരുത്തുക] കേരളത്തില്‍
1342-ല്‍ ചൈനയിലേക്കുള്ള സ്ഥാനപതിയായി നിയമിതനായ ഇബ്ന്‍ ബത്തൂത്ത അവിടേയ്ക്കുള്ള യാത്രാമദ്ധ്യേ ഗ്വാളിയര്‍, ചന്ദ്രഗിരി, ഉജ്ജയിന്‍, സഹാര്‍, സന്താപ്പൂര്‍, ഹോണാവര്‍, ബാര്‍ക്കൂര്‍, മംഗലാപുരം വഴി കേരളത്തിലെത്തി[1]. അന്ന് കോഴിക്കോട്, കൊല്ലം തുറമുഖങ്ങളില്‍ നിന്നു മാത്രമേ ചൈനയിലേക്ക് കപ്പലുകള്‍ പുറപ്പെട്ടിരുന്നുള്ളു[1].
1342 ഡിസംബര്‍ 29-ന് ഇബ്ന്‍ ബത്തൂത്ത ഏഴിമലയിലും, 1343 ജനുവരി 1-ന് പന്തലായനിയും, 1343 ഡിസംബര്‍ 31-ന് ധര്‍മ്മടവും, 1344 ജനുവരി 2-ന് കോഴിക്കോടും, 1344 ഏപ്രില്‍ 7-ന് കൊല്ലവും സന്ദര്‍ശിച്ചു[1].
[തിരുത്തുക] ഇബ്ന്‍ ബത്തൂത്ത കണ്ട കേരളം
മുലൈബാര്‍ എന്നാണ് കേരളത്തെ അദ്ദേഹം സൂചിപിച്ചിരിക്കുന്നത്[1]. നിറയെ വൃക്ഷങ്ങളും കൃഷിയും ഉള്ള ഒരു പ്രദേശമെന്നാണ് ഇബ്ന്‍ ബത്തൂത്ത കേരളത്തെപ്പറ്റി ആദ്യം എഴുതിയിരിക്കുന്നത്. സഞ്ചാരികളെ ആതിഥ്യമര്യാദയോടെ ഇവിടുത്തെ ജനങ്ങള്‍ സ്വീകരിച്ചിരുന്നത്രെ. കോഴിക്കോട് എത്തിയ ഇബ്ന്‍ ബത്തൂത്ത അത് ഒരു മികച്ച തുറമുഖപട്ടണമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.[1] ലോകത്തിന്റെ എല്ലാ കോണിലും നിന്നുള്ള വ്യാപാരികളേയും സഞ്ചാരികളേയും അദ്ദേഹമവിടെ കണ്ടു.
കോഴിക്കോട് നിന്ന് ജല മാര്‍ഗ്ഗം ബത്തൂത്ത കൊല്ലത്തേക്കു പുറപ്പെട്ടു. ജനവാസവും കൃഷിയുമില്ലാത്ത ഒരു സ്ഥലവും അദ്ദേഹം കണ്ടില്ലത്രെ. വേലി കെട്ടിത്തിരിച്ച കൃഷിയിടത്തിനു നടുവിലായിരുന്നത്രെ ഉടമയുടെ വീട്. എല്ലാ വീടുകള്‍ക്കും പടിപ്പുര ഉണ്ടായിരുന്നു. ജനങ്ങളാരും മൃഗങ്ങളെ വാഹനമായുപയോഗിച്ചിരുന്നുല്ല. കുതിര സവാരി രാജാവിനു മാത്രം.
കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും കടുത്ത ശിക്ഷ നല്‍കിയിരുന്നതിനാല്‍ മലബാറിലൂടെയുള്ള യാത്ര അത്യന്തം സുരക്ഷിതമായിരുന്നത്രെ. കഴുവേറ്റുക തിളച്ച എണ്ണയില്‍ കൈമുക്കുക മുതലായ ശിക്ഷാവിധികള്‍ പ്രചാരത്തിലുണ്ടായിരുന്നു. അടിമ വ്യാപാരവും തൊട്ടുകൂടായ്മയും അതിന്റെ എല്ലാ തീവ്രതയോടും കൂടി ആചരിച്ചിരുന്നു[1].
മലബാറിലെ ഏറ്റവും ഭംഗിയുള്ള പട്ടണമായിരുന്നത്രെ കൊല്ലം. വലിപ്പമുള്ള അങ്ങാടികളും, ധനാഢ്യരായ കച്ചവട്ക്കാരും കൊല്ലത്തിന്റെ പ്രത്യേകതയായിരുന്നു[1].
ചൈനയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇബ്ന്‍ ബത്തൂത്ത സന്താപ്പൂര്‍സന്ദര്‍ശിച്ച് വിണ്ടും 1344 ജനുവരി 2-ന് കോഴിക്കോട് എത്തി. മൂന്നു മാസത്തോളം ചാലിയത്ത് താമസിച്ചു.
[തിരുത്തുക] വീണ്ടും കേരളത്തില്‍
1344-ല്‍ കോഴിക്കോട്ട് നിന്ന് മാലിദ്വീപിലേക്കു പോയ ഇബ്ന്‍ബത്തൂത്ത അവിടെ നിന്നും 1346 ജനുവരി 20-ന് തിരിച്ച് കൊല്ലത്തെത്തി മൂന്നു മാസത്തോളം അവിടെ താമസിച്ചു[1]. 1346 മേയ് 2-ന് കോഴിക്കോട് നിന്ന് ചൈനയിലേക്കുപോയ ബത്തൂത്ത വീണ്ടും 1347 ജനുവരിയില്‍ കോഴിക്കോട് എത്തി[1].
1353 ഡിസംബര്‍ 29-ന് മൊറോക്കൊയിലേക്ക് യാത്ര തിരിച്ചു.
[തിരുത്തുക] അവലംബം
- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 വേലായുധന്‍ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുന്‍പ്, ഡി സി ബുക്സ് - ISBN 81-240-0493-5
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- ഇംഗ്ലിഷ് വിക്കിയിലെ ലേഖനം
- ഇബ്ന്‍ ബത്തൂത്ത വെബ്ബില്‍
- ഇബ്ന്‍ ബത്തൂത്തയുടെ ഏഷ്യയിലേയും ആഫ്രിക്കയിലേയും യാത്രകള്‍ 1325-1354
- ഇബ്ന്‍ ബത്തൂത്തയുടെ യാത്രകള്‍ (മനോഹരമായ താള്)
- ഇബ്ന്‍ ബത്തൂത്തയുടെ യാത്രകള്‍ ഹിന്ദുസ്ഥാനിലും മലബാറിലും
- ഇബ്ന്‍ ബത്തൂത്ത - ജീവിത രേഖ
- ഇബ്ന്‍ ബത്തൂത്തയുടെ കാല്‍പ്പാടുകള്‍ പിന്തുടര്ന്ന്
| മെഗസ്തനീസ് | പെരിപ്ലസുകാരന്‍ | പ്ലീനി |ടോളമി |ഫാഹിയാന്‍ | കാസ്മോസ് | ഹുയാന്‍ സാങ് | ഇ-റ്റ്സിങ് | സുലൈമാന്‍ | ഇബ്നു ഖുര്‍ദാദ്ബെ | അബു സെയ്ദ് | അല്‍ മസ്‌ഊദി | അല്‍ബറൂണി |അല്‍ ഇദ്‌രീസി | റബ്ബി ബെഞ്ചമിന്‍ | ചൗ കൂ ക്വാ | കോര്‍വിനോ | മാര്‍ക്കോ പോളോ | അബുല്‍ഫിദ | ഒഡോറിക് | ജോര്‍ഡാനുസ് | ഇബ്ന്‍ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂന്‍ | മാഹ്വാന്‍ | ഫെയ്സീന്‍ | അബ്ദുള്‍ റസാഖ് | പെറോ ഡ കോവിള | വാസ്കോ ഡ ഗാമ | കബ്രാള്‍ | ബാര്‍ബോസ | വര്‍ത്തേമ | നികിതിന്‍ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീന്‍ | സീസര്‍ ഫെഡറിക് | ഫെറിയ | റാല്‍ഫ് ഫിച്ച് | ലിന്‍ ഷോട്ടന്‍ | പിട്രോ ഡെല്ല വെല്ലി | ലാവല്‍ | ഡി പൈവ | ജോണ്‍ ഫ്രയര്‍ | ന്യൂഹോഫ് | ടവണിയര്‍ | ബര്‍ത്തലോമ്യോ | വിഷര്‍ പാതിരി | ഹാമില്‍ട്ടണ്‍ | ഫോര്‍ബാസ് | ഫ്രാന്‍സിസ് ബുക്കാനന്‍ | ക്ലോഡിയസ് ബുക്കാനന്‍ | ജോര്‍ജ്ജ് വുഡ്കോക്ക് | വില്യം ലോഗന്‍ | ||

