സൂഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ്‌ സൂഫിമാർഗ്ഗം (സൂഫിസം). ഇത് അനുഷ്ഠിക്കുന്നവരെ സൂഫി എന്നുവിളിക്കുന്നു. അല്ലാഹുവിനെ പ്രാപിക്കുന്നതിന് നേരിട്ടുള്ള വ്യക്തിപരമായ അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാം എന്നും സൂഫികൾ കരുതുന്നു. ധ്യാനത്തിന് ഇടക്കിടെ മുഹമ്മദ് നബി ഹിറാ ഗുഹയിലേക്ക് പോകുന്ന ഉദാഹരണമാണ് ഇക്കൂട്ടരുടെ പ്രേരകശക്തി. എന്നിരുന്നാലും മൗലിക ഇസ്‌ലാമികവാദികൾ സൂഫിമാർഗ്ഗത്തെ അംഗീകരിക്കുന്നില്ല.

കമ്പിളി എന്നർത്ഥമുള്ള സൂഫ് എന്ന പദത്തിൽ നിന്നാണ് സൂഫി എന്ന വാക്കുണ്ടായത്. ആത്മനിയന്ത്രണത്തിന്റെ ചിഹ്നം എന്ന രീതിയിൽ ആദ്യകാല സൂഫികൾ ധരിച്ചിരുന്ന കമ്പിളി വസ്ത്രങ്ങളിൽ നിന്നാണ് ഈ പേരുവന്നത്[1]. ഔലിയ, വലിയ്യ് തുടങ്ങിയവ സൂഫികളെ കുറിക്കാനുപയോഗിക്കുന്ന അറബി പദങ്ങളാണ്. സഹായി, സുഹൃത്ത് എന്നെല്ലാം ഈ വാക്കിന് അർത്ഥങ്ങളുണ്ട്.

കറങ്ങുന്ന സൂഫികൾ

ഇസ്‌ലാം മതവിശ്വാസപ്രകാരം സൃഷ്ടിയുടെ ലക്ഷ്യം ദൈവത്തെ ആരാധിക്കലാണ്. അതനുസരിച്ച് ഒരു യജമാനനും അടിമയും തമ്മിലുള്ള ബന്ധമാണ് ദൈവവും ഭക്തനും തമ്മിലുണ്ടാവേണ്ടത്. ദൈവത്തെ നല്ലരീതിയിൽ ആരാധിക്കുന്നവർക്ക് വിധിദിനത്തിൽ സ്വർഗവും അല്ലെങ്കിൽ നരകവും ലഭിക്കുമെന്നവർ വിശ്വസിക്കുന്നു. എന്നാൽ സൂഫി മാർഗം വ്യത്യസ്തമാണ്, ദൈവം മനുഷ്യരോട് ആരാധിക്കാൻ നിർദ്ദേശിച്ചതുകൊണ്ടല്ല, മറിച്ച് ദൈവം വളരെ സ്നേഹമയനാണെന്നതാണ് ആരാധിക്കാൻ അല്ലെങ്കിൽ സ്നേഹിക്കാനുള്ള കാരണം എന്നും[2] ദൈവത്തിലേക്കുള്ള ശരിയായ വഴി സ്നേഹമാണെന്നും ദൈവത്തെ സ്വർഗ്ഗത്തിലല്ല; മറിച്ച് മനുഷ്യമനസ്സുകളിലാണ് കാണേണ്ടതെന്നും സൂഫികൾ കരുതുന്നു.[3] അതുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്ന എല്ലാത്തരം ആചാരരീതികളോടും സൂഫി മാർഗ്ഗം ചേർന്നുപോകുന്നു.[2] ഇസ്‌ലാമിന്റെ മൗലിക ആചാരക്രമങ്ങളിൽ നിന്നും വ്യത്യസ്തമായി, സംഗീതവും നൃത്തവുമുൾപ്പടെയുള്ള കലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരാധനാരീതിയാണ് സൂഫികളുടേത്. തുർക്കിയിൽ ജീവിച്ചിരുന്ന പ്രശസ്തനായ സൂഫി, റൂമിയുടെ അനുയായികൾ ആചരിക്കുന്ന കറങ്ങിക്കൊണ്ടുള്ള നൃത്തം ശ്രദ്ധേയമാണ്.

ഇന്ത്യയിൽ[തിരുത്തുക]

സൂഫി മാർഗ്ഗം ഇന്ത്യയിൽ ഏറെ പ്രചരിച്ചത് മുഗൾ ഭരണകാലത്താണ്. ഹിന്ദു രജപുത്രരുമായി വിവാഹബന്ധത്തിൽപ്പോലുമേർപ്പെട്ടിരുന്ന മുഗൾ രാജാക്കന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായിരുന്ന ഇസ്‌ലാമികവിശ്വാസരീതിയായിരുന്നു ഇത്. ഹൈന്ദവചിന്തയും ഇസ്‌ലാമിക ആദ്ധ്യാത്മികതയും കൂടിച്ചേരുന്ന ഒരു സവിശേഷ ആത്മീയധാരയായിട്ട് ഭാരതീയ സൂഫി ചിന്ത ഇക്കാലത്ത് വളർന്നു. ജന്മം കൊണ്ട് ഭാരതീയനല്ലെങ്കിലും ഇന്ത്യയെ കർമ്മഭൂമിയാക്കിയ മൊയ്നുദ്ദീൻ ചിശ്തി മുതൽ ബ്രിട്ടീഷ് ഭരണക്കാലത്തെ ഷാ വലിയുല്ലാഹ് ദഹലവി വരെ നീളുന്ന സൂഫി ചിന്ത ഇന്ത്യയുടെ സാഹിത്യ-സംഗീത-സാംസ്ക്കാരിക മേഖലകളിൽ ചെലുത്തിയിട്ടുള്ള സ്വാധീനം വലുതാണ്. ഹിന്ദു-മുസ്‌ലിം മതവിശ്വാസികളുടെ സൗഹാർദ്ദത്തിനും സൂഫിമാർഗ്ഗം വഴിതെളിച്ചു.

മുഗൾ കാലഘട്ടത്തിൽ ഡെൽഹിയിൽ രാജസഭക്കുപുറമേ ജനസാമാന്യത്തിനിടയിലും സൂഫിമാർഗം പ്രചരിച്ചിരുന്നു. മൗലിക ഇസ്‌ലാമികപണ്ഡിതരെ അവർ തള്ളിക്കളയുകയും ചെയ്തു.[2] ഡെൽഹിയിലെ പുരാതന സൂഫി ആശ്രമങ്ങളിലേക്ക് മുസ്ലീങ്ങൾ മാത്രമല്ല ഹിന്ദുക്കളും സന്ദർശനം പതിവാക്കിയിരുന്നു.[4] ഹിന്ദുക്കളുടെ കുട്ടികൾ, ഉദാരരീതിയിലുള്ള മദ്രസകളിൽ പഠിക്കാനെത്തുക പോലും ചെയ്തിരുന്നു. റാം മോഹൻ റോയ് പോലുള്ള പ്രശസ്ത ഹിന്ദു ചിന്തകർ മദ്രസകളിൽ പഠിച്ചവരാണ്.[5] ചക്രവർത്തി ബഹാദൂർഷാ സഫറിന്റെ കാലത്ത് അദ്ദേഹത്തിന്റെ പള്ളികളിലേക്കുള്ള സന്ദർശനത്തേക്കാൾ വളരെയധികമായിരുന്നു സൂഫി ആശ്രമങ്ങളിലേക്കുള്ള സന്ദർശനങ്ങൾ. സൂഫി ആശ്രമങ്ങൾക്ക് സഫർ ഉദാരമായി സഹായങ്ങളും നൽകിയിരുന്നു. സഫർ സ്വയം ഒരു സൂഫി പീർ ആയി അറിയപ്പെട്ടിരുന്നു.[4] സഫർ അടക്കമുള്ള സൂഫി മാർഗ്ഗക്കാർ ഹിന്ദു സന്യാസിമാരെ ബഹുമാനിക്കുകയും പല ഹിന്ദു ആചാരരീതികൾ പിന്തുടരുകയും ചെയ്തിരുന്നു.[5] പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെയും വടക്കേയിന്ത്യയിൽ സൂഫിമാർഗ്ഗത്തിന് നല്ല പ്രചാരമുണ്ടായിരുന്നു. ഈ സമയത്തോടെ മൗലികവാദത്തിന് പ്രസക്തിയേറി. ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള മതപരിവർത്തനശ്രമങ്ങൾക്കുള്ള ചെറുത്തുനിൽപ്പെന്നോണമായിരുന്നു ഈ മാറ്റം.[6] മുഗൾ സാമ്രാജ്യത്തിന്റെ പതനവും ഇതിന് കാരണമായിരുന്നു.

പ്രസിദ്ധരായ ചില ഭാരതീയ സൂഫികൾ[തിരുത്തുക]

 1. മൊഈനുദ്ദീൻ ചിശ്തി ( 1141-1230) അജ്മീറിലെ പ്രസിദ്ധ്മായ ദർഗ്ഗ ഇദ്ദേഹത്തിന്റേതാണ്.
 2. ഭക്തിയാർ കാക്കി (1173-1235)
 3. ഫരീദ് ഗഞ്ചശക്കർ (1173-1266)
 4. നിസ്സാമുദ്ദീൻ ഔലിയ (1238-1325)
 5. അഹമദ് സർഹിന്ദി (1564-1624)
 6. നാഗൂര് ശാഹുൽ ഹമീദ് (h 910-h 978)
 7. മടവൂര് അബുബക്കർ (H 1348-1991)
 8. കണിയാപുരം അബ്ദുൽ റസാക്ക് മസ്താൻ (0 -H 1391)

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 83. ഐ.എസ്.ബി.എൻ. 978-1-59020-221-0. 
 2. 2.0 2.1 2.2 ലാസ്റ്റ് മുഗൾ[൧], താൾ: 77
 3. ലാസ്റ്റ് മുഗൾ[൧], താൾ: 79
 4. 4.0 4.1 ലാസ്റ്റ് മുഗൾ[൧], താൾ: 78
 5. 5.0 5.1 ലാസ്റ്റ് മുഗൾ[൧], താൾ: 81
 6. ലാസ്റ്റ് മുഗൾ[൧], താൾ: 82

ഗ്രന്ഥങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പ്രസിദ്ധരായ ചില സൂഫികളുടെ ജീവചരിത്രം വിവരിക്കുന്ന തദ്കിറത്ത് ഔലിയ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് ഭാഷ്യം

"http://ml.wikipedia.org/w/index.php?title=സൂഫി&oldid=1918297" എന്ന താളിൽനിന്നു ശേഖരിച്ചത്