Jump to content

ബിച്ചു തിരുമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bichu Thirumala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിച്ചു തിരുമല
ബിച്ചു തിരുമല, 2016-ലെ ചിത്രം
ജനനം(1942-02-13)ഫെബ്രുവരി 13, 1942
മരണംനവംബർ 26, 2021 (79 വയസ്സ്)
തൊഴിൽകവി, ഗാനരചയിതാവ്
ജീവിതപങ്കാളി(കൾ)പ്രസന്ന
കുട്ടികൾസുമൻ ബിച്ചു (സംഗീത സംവിധായകൻ)
മാതാപിതാക്ക(ൾ)സി.ജി. ഭാസ്കരൻ നായർ, പാറുക്കുട്ടിയമ്മ

ഒരു മലയാളചലച്ചിത്ര ഗാനരചയിതാവും കവിയുമായിരുന്നു ബിച്ചു തിരുമല എന്ന പേരിൽ പ്രസിദ്ധനായ ബി. ശിവശങ്കരൻ നായർ. (1942 - 2021)[2]

ജീവിതരേഖ[തിരുത്തുക]

ആലുവ ദേശം ചിത്തക്കുടം വീട്ടിൽ സി.ജി. ഭാസ്കരൻ നായരുടെയും തിരുവനന്തപുരം ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1942 ഫെബ്രുവരി 13-ന് പട്ടാണിക്കുന്ന് വീട്ടിൽ ജനിച്ച ബി. ശിവശങ്കരൻ നായർ പിന്നീട് ബിച്ചു തിരുമലയായി മാറി. ബിച്ചു എന്നത് അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു. പരേതനായ ബാലഗോപാലൻ (രണ്ടാം വയസ്സിൽ അന്തരിച്ചു), പ്രശസ്ത ഗായികയായ സുശീലാദേവി, സംഗീതസംവിധായകൻ ദർശൻ രാമൻ, വിജയകുമാർ, ഡോ. ചന്ദ്ര, ശ്യാമ, ജയലക്ഷ്മി എന്നിവരാണ് സഹോദരങ്ങൾ.

ഗായികയായ സഹോദരി സുശീലാദേവിക്കു വേണ്ടി യുവജനോത്സവ വേദികളിൽ പാട്ടെഴുതിയാണ് തുടക്കം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം നേടി. പിന്നീട് അൽപ്പകാലം തോഷിബ ആനന്ദ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായും പ്രവർത്തിച്ചു. ശേഷം മദ്രാസിലെത്തി.

1972-ൽ ഭജഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. സിനിമ റിലീസായില്ലെങ്കിലും ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖി.... എന്ന ഗാനം പ്രചാരം നേടി. അതേ വർഷം ആകാശവാണി ഏറ്റവും കൂടുതൽ തവണ ശ്രോതാക്കളുടെ ആവശ്യ പ്രകാരം പ്രക്ഷേപണം ചെയ്ത ഗാനം കൂടിയായിരുന്നു അത്.

നടൻ മധു സംവിധാനം ചെയ്ത "അക്കൽദാമ" എന്ന സിനിമയാണ്ബിച്ചു തിരുമലയുടെ ഗാനങ്ങളുമായി ഇറങ്ങിയ ആദ്യ ചിത്രം. ഇതിൽ ബ്രഹ്മാനന്ദൻ പാടിയ "നീലാകാശവും മേഘങ്ങളും..." എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഈണത്തിനും സന്ദർഭത്തിനനുസരിച്ചും വേഗത്തിൽ പാട്ടെഴുതാനുള്ള മികവ് അദ്ദേഹത്തെ തിരക്കുള്ള ഗാനരചയിതാവാക്കി മാറ്റി. "ശക്തി" എന്ന സിനിമയിലെ കഥ-സംഭാഷണവും "ഇഷ്ടപ്രാണേശ്വരി" എന്ന സിനിമക്ക് തിരക്കഥയും രചിച്ച അദ്ദേഹം "ഞാൻ നിന്നെ പ്രേമിക്കുന്നു" എന്ന ചിത്രത്തിൽ എം.എസ്. ബാബുരാജിന്റെ സംഗീതത്തിൽ കമൽഹാസനോടൊപ്പവും, "അന്യരുടെ ഭൂമി" എന്ന ചിത്രത്തിൽ എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ "മനുഷ്യമനസ്സാക്ഷികളുടെ" എന്ന് തുടങ്ങുന്ന ഗാനവും "ഒപ്പം ഒപ്പത്തിനൊപ്പം" എന്ന ചിത്രത്തിൽ ജെറി അമൽദേവിന്റെ സംഗീതത്തിൽ യേശുദാസിനോടൊപ്പവും പാടുകയും ചെയ്തു.

പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.[3]

400-ൽ ഏറെ ചലച്ചിത്രങ്ങളിലും സംഗീത ആൽബങ്ങളിലുമായി 5000-ത്തോളം പാട്ടുകളെഴുതി. രണ്ട് വട്ടം സംസ്ഥാന പുരസ്കാരം ലഭിച്ചതുൾപ്പെടെ എക്കാലവും മലയാളത്തിന് പ്രിയങ്കരമായ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

ഐ.വി.ശശി, ഫാസിൽ, ബാലചന്ദ്രമേനോൻ, സിദ്ദിഖ്-ലാൽ തുടങ്ങിയവരുടെ ആദ്യകാല സിനിമകളിലെ ജനപ്രിയ ഗാനങ്ങൾ ബിച്ചു തിരുമലയുടെ തൂലികയിൽ നിന്ന് പിറന്നവയായിരുന്നു.

പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്.

1981-ൽ തൃഷ്ണയിലെ (ശ്രുതിയിൽ നിന്നുയരും...) 1991-ൽ കടിഞ്ഞൂൽ കല്യാണത്തിലെ (മനസിൽ നിന്നും മനസിലേക്കൊരു മൗനസഞ്ചാരം...) (പുലരി വിരിയും മുൻപെ...) എന്നീ ഗാനങ്ങൾക്കായിരുന്നു അവാർഡ്.

കേരള ജല അതോറിറ്റിയിലെ മുൻ ഫിനാൻസ് ഓഫീസർ പ്രസന്നയാണ് ഭാര്യ, മകൻ : സംഗീത സംവിധായകൻ സുമൻ ബിച്ചു

1994-ലെ ക്രിസ്മസ് ദിനത്തിൽ വീട്ടിൽ വച്ചുണ്ടായ ഒരു അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിച്ചു, തന്മൂലം ദീർഘകാലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇത് അദ്ദേഹത്തിന് പല അവസരങ്ങളും നഷ്ടപ്പെടുത്തുകയുണ്ടായി. ഇവയിൽ പലതും കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഗിരീഷ് പുത്തഞ്ചേരിയുമാണ് സ്വന്തമാക്കിയത്. എങ്കിലും പിന്നെയും പല ഗാനങ്ങളുമായി അദ്ദേഹം തുടർന്നുവന്നു. ഹൃദയാഘാതത്തെത്തുടർന്ന് 2021 നവംബർ 19-ന് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആദ്യം നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് വീണ്ടും മോശമാകുകയായും തുടർന്ന് നവംബർ 26-ന് പുലർച്ചെ മൂന്നുമണിയോടെ അന്ത്യം സംഭവിയ്ക്കുകയുമായിരുന്നു. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടത്തി.[4]

ശ്രദ്ധേയമായ ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

  1. "ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു | Bichu Thirumala | Lyricist Bichu Thirumala passed away" https://www.mathrubhumi.com/mobile/movies-music/specials/bichu-thirumala/lyricist-bichu-thirumala-passed-away-1.6214035[പ്രവർത്തിക്കാത്ത കണ്ണി]
  2. "ബിച്ചു തിരുമല ഓർമയായി; ഈണമൂറും വരികളിൽ പാട്ടുനൂലിഴ കോർത്ത കവി" https://www.manoramaonline.com/news/latest-news/2021/11/26/lyricist-bichu-thirumala-passed-away.amp.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-04. Retrieved 2011-04-06.
  4. "ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2021-11-26. Retrieved 2021-11-26.
  5. "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 691. 2011 മെയ് 30. Retrieved 2013 മാർച്ച് 18. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിച്ചു_തിരുമല&oldid=4091498" എന്ന താളിൽനിന്ന് ശേഖരിച്ചത്