മുതിർന്നവർ
പൂർണ്ണ വളർച്ചയിലെത്തിയ മനുഷ്യനെ ആണ് മുതിർന്നവർ അല്ലെങ്കിൽ പ്രായപൂർത്തിയായവർ എന്ന് പറയുന്നത്. [1] മനുഷ്യരുടെ കാര്യത്തിൽ, മുതിർന്നവർ എന്ന പദത്തിന് സാമൂഹികവും നിയമപരവുമായ ആശയങ്ങളുമായി ബന്ധപ്പെട്ട അർത്ഥങ്ങളുണ്ട്. "മൈനർ" അല്ലെങ്കിൽ "പ്രായപൂർത്തിയാകാത്തവർ" എന്നതിൽ നിന്ന് വ്യത്യസ്തമായി, പ്രായപൂർത്തിയായ ഒരു വ്യക്തിയാണ് നിയമപരമായ മുതിർന്നവർ. അതിനാൽ മുതിർന്നവരെ സ്വതന്ത്രരും സ്വയംപര്യാപ്തരും ഉത്തരവാദിത്തമുള്ളവരുമായി കണക്കാക്കപ്പെടുന്നു. അവരെ ഒരു "മേജർ" ആയി കണക്കാക്കാം. നിയമപരമായ അവകാശങ്ങൾ, രാജ്യം, മാനസിക വികസനം എന്നിവ അനുസരിച്ച് നിർവചനം വ്യത്യാസപ്പെടാമെങ്കിലും, നിയമപരമായ പ്രായപൂർത്തിയാകുന്നതിനുള്ള സാധാരണ പ്രായം 18 ആണ്.
മനുഷ്യന്റെ പ്രായപൂർത്തിയാവൽ എന്നത് മനഃശാസ്ത്രപരമായ വികാസത്തെ കൂടി ഉൾക്കൊള്ളുന്നു. പ്രായപൂർത്തിയായവർക്കുള്ള നിർവചനങ്ങൾ പലപ്പോഴും പൊരുത്തമില്ലാത്തതും പരസ്പരവിരുദ്ധവുമാണ്. ഉദാഹരണത്തിന് ഒരു വ്യക്തി ജൈവശാസ്ത്രപരമായി പ്രായപൂർത്തിയായ ആളായിരിക്കാം, കൂടാതെ അവർക്ക് മുതിർന്നവരുടെ പെരുമാറ്റവും ഉണ്ടായിരിക്കാം, പക്ഷേ അവർ നിയമപരമായ പ്രായത്തിന് താഴെയാണെങ്കിൽ കുട്ടിയായി പരിഗണിക്കപ്പെടും. നേരെമറിച്ച്, ഒരാൾ നിയമപരമായി പ്രായപൂർത്തിയായേക്കാം, എന്നാൽ പ്രായപൂർത്തിയായ ആളുടെ എന്ന് പറയാൻ കഴിയുന്ന പക്വതയും ഉത്തരവാദിത്തവും ഉണ്ടാവണമെന്നും ഇല്ല.
വ്യത്യസ്‌ത സംസ്‌കാരങ്ങളിൽ പ്രായപൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട വിവിധ സംഭവ വികാസങ്ങൾ കാണാൻ കഴിയും. ഒരു വ്യക്തി പ്രായപൂർത്തിയാകാൻ തയ്യാറാണെന്നും അല്ലെങ്കിൽ ഒരു നിശ്ചിത പ്രായത്തിൽ എത്തുന്നുവെന്നു തെളിയിക്കുന്നതിനുള്ള ടെസ്റ്റുകളുടെ ഒരു പരമ്പര ഇതിൽ പലപ്പോഴും ഉൾക്കൊള്ളുന്നു. എന്നാൽ ഇന്ന് മിക്ക ആധുനിക സമൂഹങ്ങളും ശാരീരിക പക്വതയുടെ പ്രകടനമോ പ്രായപൂർത്തിയാകാനുള്ള തയ്യാറെടുപ്പോ ആവശ്യമില്ലാതെ നിയമപരമായി നിർദ്ദിഷ്ട പ്രായത്തിൽ എത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായ പ്രായപൂർത്തിയെ നിർണ്ണയിക്കുന്നത്.
ജീവശാസ്ത്രപരമായ പ്രായപൂർത്തി
[തിരുത്തുക]ചരിത്രപരമായും സാംസ്കാരികമായും, ഒരു വ്യക്തി പ്രായപൂർത്തിയായതായി പറയുന്നത്, പ്രായപൂർത്തിയാകുന്നതിന്റെ ലക്ഷണങ്ങളുടെ (സ്ത്രീകളിൽ ആർത്തവം, സ്തനങ്ങളുടെ വികസനം, പുരുഷന്മാരിൽ സ്ഖലനം, മുഖത്തെ രോമവളർച്ച, പരുക്കൻ ശബ്ദം, അതുപോലെ സ്ത്രീകളിലും പുരുഷന്മാരിലും ഗുഹ്യ രോമങ്ങൾ) തുടക്കത്തിന് അനുസരിച്ചാണ്.[2] മുൻകാലങ്ങളിൽ, ചില സംസ്കാരങ്ങളിൽ ഒരു വ്യക്തി സാധാരണയായി കുട്ടിയുടെ അവസ്ഥയിൽ നിന്ന് മുതിർന്നവരുടെ നിലയിലേക്ക് നീങ്ങുന്ന മാറ്റം ഏതെങ്കിലും തരത്തിലുള്ള പരീക്ഷയോ ചടങ്ങുകളോ കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. വ്യാവസായിക വിപ്ലവകാലത്ത്, കുട്ടികൾ അവരുടെ കുടുംബത്തെ സഹായിക്കാൻ കഴിയുന്നത്ര വേഗത്തിൽ ജോലിക്ക് പോകാൻ തുടങ്ങി. അക്കാലത്ത് പൊതുവെ സ്കൂളിനോ വിദ്യാഭ്യാസത്തിനോ വലിയ ഊന്നൽ നൽകിയിരുന്നില്ല. പല കുട്ടികൾക്കും ജോലിക്ക് ഇന്നത്തെ മുതിർന്നവരെപ്പോലെ പരിചയം ആവശ്യമില്ലായിരുന്നു.
കൗമാരത്തിന്റെ സാമൂഹിക ഘടന സൃഷ്ടിക്കപ്പെട്ടതിനുശേഷം,[3] പ്രായപൂർത്തിയായവർ എന്നത് ജീവശാസ്ത്രപരമായ പ്രായപൂർത്തിയും സാമൂഹിക പ്രായപൂർത്തിയും ആയി പിരിഞ്ഞു. അതിനാൽ, ഇപ്പോൾ മുതിർന്നവർ എന്ന് പറയുന്നതിന് രണ്ട് പ്രാഥമിക രൂപങ്ങളുണ്ട്. ഒന്നാമത്തേത് ബയോളജിക്കൽ ആയ പ്രായപൂർത്തിയാണ് (പ്രത്യുൽപാദന ശേഷി, അല്ലെങ്കിൽ ദ്വിതീയ ലൈംഗിക സവിശേഷതകൾ തെളിയിക്കുന്നവർ), രണ്ടാമത്തേത് സാമൂഹികമായ പ്രായപൂർത്തി ആണ്. സന്ദർഭത്തെ ആശ്രയിച്ച്, മുതിർന്നവർ എന്ന പദത്തെ ഏതെങ്കിലും നിർവചനം കൊണ്ട് സൂചിപ്പിക്കാൻ കഴിയും. പ്രായപൂർത്തിയായതിന്റെ മറ്റൊരു വശം മനഃശാസ്ത്രപരമായ പ്രവർത്തനമാണ്. ജെഫ്രി ആർനെറ്റിന്റെ അഭിപ്രായത്തിൽ, മുതിർന്നവർക്ക് സ്വന്തമായി സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ കഴിയും, അവർ സാമ്പത്തികമായി സ്വതന്ത്രരാണ്, അതുപോലെ അവർക്ക് ബുദ്ധിമുട്ടുള്ള ജീവിത തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ കഴിയും.
ജൈവികമായി പ്രായപൂർത്തിയാകുന്നതിന്റെ സമയം ഓരോ കുട്ടിക്കും വ്യത്യാസപ്പെട്ടിരിക്കും, എന്നാൽ സാധാരണയായി ഇത് 10 മുതൽ 12 വയസ്സിനുള്ളിൽ ആരംഭിക്കുന്നു. പെൺകുട്ടികളിൽ സാധാരണയായി 10 അല്ലെങ്കിൽ 11 വയസ്സിലും ആൺകുട്ടികളിൽ 11 അല്ലെങ്കിൽ 12 വയസ്സിലും പ്രായപൂർത്തിയാകാനുള്ള പ്രക്രിയ ആരംഭിക്കുന്നു.[4] [5][6] പെൺകുട്ടികൾ സാധാരണയായി 15-17 വയസ്സിലും ആൺകുട്ടികൾ 16 അല്ലെങ്കിൽ 17 വയസ്സിലും പ്രായപൂർത്തിയാകും.[6][7] പോഷകാഹാരം, ജനിതകശാസ്ത്രം, പരിസ്ഥിതി എന്നിവയും സാധാരണയായി പ്രായപൂർത്തിയാകുന്നതിന്റെ ആരംഭത്തിൽ ഒരു പങ്കു വഹിക്കുന്നു.[8] പെൺകുട്ടികൾ വളർച്ചയുടെ കുതിച്ചുചാട്ടത്തിലൂടെ കടന്നുപോകുകയും അവരുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും വലുപ്പവും ഭാരവും വർദ്ധിക്കുകയും ചെയ്യും. സാധാരണയായി സമാനമായ ശൈലിയിലോ സമയപരിധിയിലോ അല്ലെങ്കിലും ആൺകുട്ടികളും വളർച്ചയിൽ സമാനമായ കുതിച്ചുചാട്ടത്തിലൂടെ കടന്നുപോകും. പ്രായപൂർത്തിയാകുന്നതിന്റെ സ്വാഭാവിക ജൈവിക പ്രക്രിയകൾ മൂലമാണ് ഇത് സംഭവിക്കുന്നത്. '[9]
ശാസ്ത്രത്തിനുള്ളിലെ മസ്തിഷ്ക വികസനത്തിന്റെ ഒരു സമീപകാല സംവാദ മേഖല, പൂർണ്ണ മാനസിക പക്വതയ്ക്കുള്ള ഏറ്റവും സാധ്യതയുള്ള കാലക്രമത്തിലുള്ള പ്രായത്തെ ചൊല്ലിയാണ്. 2005 മുതൽ (ഇമേജിംഗ് ഡാറ്റയുടെ വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കി) മാധ്യമങ്ങളിൽ ആവർത്തിച്ചുള്ള പൊതുവായ ക്ലെയിമുകൾ സാധാരണയായി 25 വയസ്സ് ഒരു "എൻഡ്-പോയിന്റ്" ആയി നിർദ്ദേശിക്കുന്നു, ഒപ്പം 18 വയസ്സായിട്ടും പൂർണ്ണമായി പക്വത പ്രാപിച്ചിട്ടില്ലാത്ത ഒരു മേഖലയായി പ്രീഫ്രോണ്ടൽ കോർട്ടെക്സിനെ പരാമർശിക്കുന്നു. എന്നിരുന്നാലും, ജെയ് ഗിഡ് നടത്തിയ 2004 അല്ലെങ്കിൽ 2005 മുതലുള്ള ബ്രെയിൻ ഇമേജിംഗ് പഠനത്തിന്റെ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്, അതിൽ പങ്കെടുത്തവർ 21 വയസ്സ് വരെ മാത്രം പ്രായമുള്ളവരായിരുന്നു, കൂടാതെ 25 വയസ്സിനുള്ളിൽ ഈ പക്വത പ്രക്രിയ നടക്കുമെന്ന് ഗിഡ് അനുമാനിച്ചു. കൂടുതൽ സമീപകാല പഠനങ്ങൾ പ്രിഫ്രോണ്ടൽ കോർട്ടെക്‌സ് പക്വത 30 വയസ്സിനു ശേഷവും തുടരുന്നതായി കാണിക്കുന്നു, അതിനാൽ ഈ വ്യാഖ്യാനം ഇപ്പോൾ തെറ്റായതും കാലഹരണപ്പെട്ടതുമാണെന്ന് പറയുന്നു.[10][11][12][13][14][15]
നിയമപരമായ പ്രായപൂർത്തി
[തിരുത്തുക]നിയമപരമായി, പ്രായപൂർത്തി എന്നത് കൊണ്ട് സാധാരണയായി അർത്ഥമാക്കുന്നത് ബന്ധപ്പെട്ട വ്യക്തിയെ സംബന്ധിച്ച മാതാപിതാക്കളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നഷ്ടപ്പെടുമ്പോൾ ഒരാൾ പ്രായപൂർത്തിയായിരിക്കുന്നു എന്നാണ്. ഒരാളുടെ അധികാരപരിധിയെ ആശ്രയിച്ച്, പ്രായപൂർത്തിയായവരുടെ പ്രായം വ്യത്യാസപ്പെടാം. നിയമപരമായ പ്രായപൂർത്തി എന്നതിനെ കരാറിൽ ഏർപ്പെടുക, വിവാഹം, വോട്ടുചെയ്യൽ, ജോലി, സൈനികസേവനം, തോക്ക് വാങ്ങൽ/ കൈവശം വയ്ക്കൽ, വാഹനമോടിക്കുക, വിദേശയാത്ര, മദ്യപാനം, പുകവലി, ലൈംഗിക പ്രവർത്തനങ്ങൾ, ചൂതാട്ടം, പോണോഗ്രാഫിയിൽ മോഡലോ അഭിനേതാവോ ആകുക, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക തുടങ്ങിയ മറ്റ് പ്രവർത്തനങ്ങൾക്ക് ബാധകമായ കുറഞ്ഞ പ്രായവുമായി തെറ്റിദ്ധരിക്കരുത്.
ഒരു പ്രവൃത്തി നടപ്പിലാക്കാൻ ഒരു യുവാവിനെ പ്രാപ്തനാക്കുന്നത്, എന്തെങ്കിലും വിൽക്കുക, വാടകയ്‌ക്ക് നൽകുക, കാണിക്കുക, എന്നതിലേക്കെങ്കിലും പ്രവേശനം അനുവദിക്കുക, പങ്കാളിത്തം അനുവദിക്കുക തുടങ്ങിയവയിലൂടെ നിയമപരമായ പ്രായപൂർത്തി വേർതിരിച്ചറിയാൻ കഴിയും. എന്നാൽ ഇതിൽ തന്നെ വാണിജ്യപരമായും സാമൂഹികമായും വേർതിരിവുണ്ടാകാം. ചിലപ്പോൾ ചില കാര്യങ്ങൾക്ക് ഒരു നിയമപരമായ രക്ഷിതാവിന്റെ അല്ലെങ്കിൽ മുതിർന്ന ഒരാളുടെ മേൽനോട്ടത്തിന്റെ ആവശ്യകതയുണ്ട്,ചിലപ്പോൾ മേൽനോട്ടത്തിനു പകരം ഒരു ശുപാർശ മതിയാവും.
സിനിമകൾ ഉദാഹരണമാക്കി എടുത്താൽ അശ്ലീല കാണുന്നതിനും കൈവശം വെക്കുന്നതിനും അത്തരം സിനിമകളിൽ അഭിനയിക്കുന്നതിനും നിയമപരമായ പ്രായ പൂർത്തി ആകേണ്ടതുണ്ട്. എന്നാൽ അക്രമം ഉള്ള സിനിമകളെ സംബന്ധിച്ചും മറ്റും നിയമപരമായ പ്രായപൂത്തിക്കും താഴെ ഒരു നിശ്ചിത പ്രായം വരെ മുതിർന്ന ഒരാളുടെ മേൽനോട്ടം മതിയാവും.
പ്രായപൂർത്തിയാകാനുള്ള പ്രായം അന്താരാഷ്ട്രതലത്തിൽ 15 മുതൽ 21 വയസ്സ് വരെയാണ്. 18 വയസ്സാണ് ഏറ്റവും സാധാരണമായ പ്രായം. നൈജീരിയ, മാലി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കാമറൂൺ എന്നിവ 15 വയസ്സിൽ പ്രായപൂർത്തിയാകുന്നത് നിർവചിക്കുന്നു, എന്നാൽ ഇവിടങ്ങളിൽ പെൺകുട്ടികളുടെ നേരത്തെയുള്ള വിവാഹം സാധാരണമാണ്.[16]
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഇന്ത്യ, ചൈന എന്നിവയുൾപ്പെടെ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും, മിക്ക ആവശ്യങ്ങൾക്കും നിയമപരമായ പ്രായപൂർത്തി പ്രായം 18 ആണ് (ചരിത്രപരമായി 21). ഇതിലുള്ള ചില ശ്രദ്ധേയമായ ഒഴിവാക്കലുകൾ:
- കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രൺസ്‌വിക്ക്, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ, നോർത്ത് വെസ്റ്റ് ടെറിട്ടറികൾ, നോവ സ്കോട്ടിയ, നുനാവുട്ട്, യുക്കോൺ എന്നിവിടങ്ങളിൽ പ്രായപൂർത്തിയാകാനുള്ള നിയമപരമായ പ്രായം 19 ആണ് (ലൈംഗിക സമ്മതം പോലുള്ള ചില സാഹചര്യങ്ങളിൽ 16 വയസ്സ്, ക്രിമിനൽ നിയമം, ഫെഡറൽ തിരഞ്ഞെടുപ്പ്, സൈന്യം എന്നിവ 18 വയസ്സിൽ); [17] [18]
- അമേരിക്കൻ ഐക്യനാടുകളിലെ നെബ്രാസ്കയിലും അലബാമയിലും പ്രായപൂർത്തിയാകാനുള്ള നിയമപരമായ പ്രായം 19 ആണ്. [19]
- ദക്ഷിണ കൊറിയയിൽ പ്രായപൂർത്തിയാകാനുള്ള നിയമപരമായ പ്രായം 19 ആണ്.
- യുഎസിലെ മിസിസിപ്പിയിലും പ്യൂർട്ടോ റിക്കോയിലും പ്രായപൂർത്തിയാകാനുള്ള നിയമപരമായ പ്രായം 21 ആണ്.
1970-കൾക്ക് മുമ്പ്, മിക്ക പാശ്ചാത്യ രാജ്യങ്ങളിലും 21 വയസ്സ് വരെ യുവാക്കളെ മുതിർന്നവരായി തരംതിരിച്ചിരുന്നില്ല. ഉദാഹരണത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ, 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും വോട്ടവകാശം നിക്ഷേധിക്കരുത് എന്ന 26-ാം ഭേദഗതി 1971 ജൂലൈ 21 നു നിലവിൽ വരുന്നത് വരെ യുവ പൗരന്മാർക്ക് ഒരു തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വിയറ്റ്നാം യുദ്ധത്തിൽ പോരാടാൻ 18 നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളെ സൈന്യത്തിലേക്ക് ഡ്രാഫ്റ്റ് ചെയ്തതിന്റെ പ്രതികരണമായി വോട്ടിംഗ് പ്രായം കുറച്ചു. "യുദ്ധം ചെയ്യാൻ പ്രായമുള്ളവർ, വോട്ടുചെയ്യാൻ പ്രായമുള്ളവർ" എന്ന ജനപ്രിയ മുദ്രാവാക്യം അങ്ങനെയാണ് വരുന്നത്.[20]
യുഎസിൽ 21 വയസ്സിന് താഴെയുള്ള ചെറുപ്പക്കാർക്ക് മദ്യം വാങ്ങാനോ കൈത്തോക്ക് വാങ്ങാനോ ഒരു കരാറിൽ ഒപ്പിടാനോ മാതാപിതാക്കളുടെ അനുമതിയില്ലാതെ വിവാഹം കഴിക്കാനോ കഴിയില്ല. വോട്ടിംഗ് പ്രായം കുറച്ചതിന് ശേഷം, പല സംസ്ഥാനങ്ങളും മദ്യപാന പ്രായവും കുറച്ചു (മിക്ക സംസ്ഥാനങ്ങളിലും കുറഞ്ഞത് 18 അല്ലെങ്കിൽ 19 വയസ്സ്). എന്നിരുന്നാലും, ഇപ്പോഴും ചില അവകാശങ്ങൾക്കോ ഉത്തരവാദിത്തങ്ങൾക്കോ 21 അല്ലെങ്കിൽ അതിലും ഉയർന്ന പ്രായം മാനദണ്ഡമാണ്. ഉദാഹരണത്തിന്, 1968-ലെ യുഎസിലെ തോക്ക് നിയന്ത്രണ നിയമം 21 വയസ്സിന് താഴെയുള്ളവരെ ഫെഡറൽ ലൈസൻസുള്ള ഒരു ഡീലറിൽ നിന്ന് കൈത്തോക്ക് വാങ്ങുന്നതിൽ നിന്ന് വിലക്കുന്നു.
1984 ജൂലൈ മുതൽ, ഒരു ഏകീകൃത മാനദണ്ഡം സൃഷ്ടിക്കാൻ എല്ലാ സംസ്ഥാനങ്ങളും നിയമപരമായി മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനും അല്ലെങ്കിൽ പരസ്യമായി മദ്യം കൈവശം വയ്ക്കുന്നതിനും ഉള്ള പ്രായം 21 ആയി ഉയർത്തി. മാതാപിതാക്കളുടെ മേൽനോട്ടത്തിലുള്ള സ്വകാര്യ വസതികളിൽ ഉള്ള ഉപയോഗം മാത്രം ഒഴിവാക്കപ്പെട്ടു. യുവ ഡ്രൈവർമാർക്കിടയിൽ മദ്യപിച്ച് വാഹനമോടിച്ച് മരിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനാണ് ഇത് ചെയ്തത്. ഇത് അനുസരിക്കില്ലെന്ന് തീരുമാനിക്കുന്ന സംസ്ഥാനങ്ങൾക്ക് ഹൈവേ ഫണ്ടിംഗിന്റെ 10% വരെ നഷ്ടപ്പെടാം.[21]
യുഎസിൽ 2009 ലെ ക്രെഡിറ്റ് കാർഡ് നിയമം 18 നും 20 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് കർശനമായ സുരക്ഷ ഏർപ്പെടുത്തി. 21 വയസ്സിന് താഴെയുള്ള ചെറുപ്പക്കാർക്ക് ഒന്നുകിൽ 21 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു സഹ-സൈനർ ഉണ്ടായിരിക്കണം അല്ലെങ്കിൽ അവരുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് തിരിച്ചടയ്ക്കാൻ കഴിയുമെന്നതിന്റെ തെളിവ് (സാധാരണയായി ഒരു വരുമാന സ്രോതസ്സ്) കാണിക്കണം.[22] ആ ആവശ്യകത നിറവേറ്റുന്നില്ലെങ്കിൽ, സ്വന്തമായി ഒരു ക്രെഡിറ്റ് കാർഡിന് അംഗീകാരം ലഭിക്കുന്നതിന് ഒരാൾ 21 വയസ്സ് ആകുന്നത് വരെ കാത്തിരിക്കണം.
2010-ലെ അഫോർഡബിൾ കെയർ നിയമം 26 വയസ്സ് വരെ ചെറുപ്പക്കാർക്ക്[23] മാതാപിതാക്കളുടെ ആരോഗ്യ ഇൻഷുറൻസ് പ്ലാനിൽ തുടരാനുള്ള അവകാശം നല്കുന്നു.
ഡിസംബർ 2019 പ്രകാരം, ഫെഡറൽ ഗവൺമെന്റ് പുകയിലയും വാപ്പിംഗ് ഉൽപ്പന്നങ്ങളും വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തി.[24] മരിജുവാന നിയമവിധേയമാക്കിയിട്ടുള്ള സംസ്ഥാനങ്ങളിൽ, ഇത് ഉപയോഗിക്കാനുള്ള പ്രായം 21 ആണ്, എന്നിരുന്നാലും പ്രായം കുറഞ്ഞവർക്ക് ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകരാം ചികിത്സാ ആവശ്യത്തിന് മരിജുവാന ലഭിക്കും.[25]
ചൂതാട്ടത്തിനുള്ള പ്രായവും സംസ്ഥാനത്തെ ആശ്രയിച്ച് 18 മുതൽ 21 വരെ വ്യത്യാസപ്പെടുന്നു, കൂടാതെ പല വാടക കാർ കമ്പനികളും 21 വയസ്സിന് താഴെയുള്ളവർക്ക് കാറുകൾ വാടകയ്‌ക്കു കൊടുക്കുന്നില്ല, കൂടാതെ 25 വയസ്സിന് താഴെയുള്ള ഡ്രൈവർമാർക്ക് സർചാർജുകളും ഉണ്ട് (ഇത് ക്രോഡീകരിച്ചിട്ടില്ലെങ്കിലും കമ്പനി നയമാണ്).
കാനഡയിലെ ക്യൂബെക്കിൽ, 2020-ൽ ക്യൂബെക്ക് നിയമസഭ ഒരാൾക്ക് ചികിത്സക്കല്ലാതെ മരിജുവാന വാങ്ങാനുള്ള പ്രായം 18-ൽ നിന്ന് 21 ആയി ഉയർത്തി. 21 വയസ്സിന് താഴെയുള്ളവരുടെ മസ്തിഷ്ക വളർച്ചയ്ക്ക് മരിജുവാന ഉണ്ടാക്കുന്ന അപകടസാധ്യതയാണ് ക്യൂബെക്ക് ഗവൺമെന്റ് പ്രായ വർദ്ധനയെ ന്യായീകരിക്കുന്നത്.[26]
ജർമ്മനിയിൽ, 21 വയസ്സിന് താഴെയുള്ള പ്രതികൾക്ക് ജുവനൈൽ നിയമപ്രകാരം കോടതികൾ ശിക്ഷ വിധിക്കുന്നു, ഇത് അവരെ സമൂഹത്തിലേക്ക് പുനഃക്രമീകരിക്കാനും കുറ്റകൃത്യത്തിനും കുറ്റവാളിക്കും അനുയോജ്യമായ ശിക്ഷകൾ നൽകാനും സഹായിക്കുന്നു.
2021 മെയ് മാസത്തിൽ, ടെക്സാസ് സംസ്ഥാനം ഒരാൾക്ക് ഒരു നഗ്ന നർത്തകിയാകാനും ജോലി ചെയ്യാനും ലൈംഗികാഭിമുഖ്യമുള്ള ബിസിനസ്സുകളെ സംരക്ഷിക്കാനുമുള്ള പ്രായം 18-ൽ നിന്ന് 21 ലേക്ക് ഉയർത്തി.[27]
യുകെയിൽ, 2030-ഓടെ "പുകവലി രഹിത" യുകെയിലെത്താൻ കൗമാരക്കാരുടെയും യുവാക്കളുടെയും ഉപയോഗം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരാൾക്ക് പുകയില വാങ്ങാവുന്ന പ്രായം 18 -ൽ നിന്ന് 21 ആയി ഉയർത്താൻ നിരവധി നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്.[28][29]
മിക്ക അമേരിക്കൻ നഗരങ്ങളിലും പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള വോട്ടിംഗ് പ്രായം 18 ആണ്. എന്നാൽ രാജ്യവ്യാപകമായി അഞ്ച് പ്രദേശങ്ങളിൽ (അതിൽ നാലെണ്ണം മേരിലാൻഡിലാണ്) 16 ഉം 17 ഉം വയസ്സുള്ളവർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ട്. ടകോമ പാർക്ക്, റിവർഡേൽ, ഗ്രീൻബെൽറ്റ്, ഹയാറ്റ്‌സ്‌വില്ലെ എന്നിവയാണ് ഈ നഗരങ്ങൾ.[30]
ജർമ്മനിയിൽ, ഒരാൾക്ക് 16 വയസ്സുള്ളപ്പോൾ ബിയറും വൈനും വാങ്ങാം, എന്നിരുന്നാലും അവർക്ക് സ്പിരിറ്റോ മദ്യമോ വാങ്ങാൻ 18 വയസ്സ് ആകണം. രണ്ട് പങ്കാളികളും 18 വയസ്സിന് താഴെയാണെങ്കിൽ ജർമ്മനിയിൽ ലൈംഗിക സമ്മതത്തിന്റെ പ്രായം 14 ആണ്. വളർത്തൽ, വിദ്യാഭ്യാസം, പരിചരണം, ജോലി എന്നിവയിൽ പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ മേൽ അധികാരമുള്ള വ്യക്തിയാണെങ്കിൽ 18 വയസ്സിന് താഴെയുള്ള ഒരാളുമായുള്ള ലൈംഗിക പ്രവർത്തനങ്ങൾ ശിക്ഷാർഹമാണ്.
മതം
[തിരുത്തുക]യഹൂദ പാരമ്പര്യമനുസരിച്ച്, ബാർ അല്ലെങ്കിൽ ബാറ്റ് മിറ്റ്‌സ്‌വ അനുസരിച്ച് ജൂത ആൺകുട്ടികൾക്ക് 13 വയസ്സിലും ജൂത പെൺകുട്ടികൾക്ക് 12 വയസ്സിലും പ്രായപൂർത്തിയാകുന്നു;[31] [32] തോറയും മറ്റ് യഹൂദ ആചാരങ്ങളും പഠിച്ചുകൊണ്ട് അവർ പ്രായപൂർത്തിയാകാനുള്ള തയ്യാറെടുപ്പ് പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്ത്യൻ ബൈബിളിലും യഹൂദ തിരുവെഴുത്തുകളിലും പ്രായപൂർത്തിയാകാനോ വിവാഹത്തിനോ പ്രായപരിധി ആവശ്യമില്ല, അതിൽ ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടുന്നത് ഉൾപ്പെടുന്നു.
1983-ലെ കാനൻ നിയമസംഹിത, "പതിനാറാം വയസ്സ് പൂർത്തിയാകുന്നതിന് മുമ്പുള്ള ഒരു പുരുഷനും അതുപോലെ പതിനാലാം വയസ്സ് തികയുന്നതിന് മുമ്പുള്ള ഒരു സ്ത്രീക്കും സാധുവായ വിവാഹത്തിൽ പ്രവേശിക്കാൻ കഴിയില്ല" എന്ന് പറയുന്നു.[33] നീൽ പോസ്റ്റ്‌മാൻ എഴുതിയ ദി ഡിസപ്പിയറൻസ് ഓഫ് ചൈൽഡ്ഹുഡ് അനുസരിച്ച്, മധ്യകാലഘട്ടത്തിലെ ക്രിസ്ത്യൻ ചർച്ച് ഉത്തരവാദിത്തത്തിന്റെ പ്രായം 7 വയസ്സായി കണക്കാക്കുന്നു, ഇതനുസരിച്ച് പ്രായപൂർത്തിയായ ഒരാളെ വിചാരണ ചെയ്യാനും വധശിക്ഷയ്ക്ക് വിധേയമാക്കാനും കഴിയും. പ്രായപൂർത്തിയായവർ ആയിരിക്കുക എന്നതിന്റെ അർത്ഥത്തെക്കുറിച്ച് ചില മതങ്ങൾക്ക് അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെങ്കിലും, പൊതുവായി പറഞ്ഞാൽ, വ്യക്തികൾ കൗമാരപ്രായത്തിൽ നിന്ന് പ്രായപൂർത്തിയിലേക്ക് മാറുന്നതിനനുസരിച്ച് മതതത്വത്തെ സംബന്ധിച്ച് സംഭവിക്കുന്ന പ്രവണതകളുണ്ട്. ഒരാളുടെ ജീവിതത്തിൽ മതത്തിന്റെ പങ്ക് കൗമാരത്തിലെ വളർച്ചയെ സ്വാധീനിക്കും.[34] ആളുകൾ വീടുവിട്ടിറങ്ങുകയും സ്വന്തമായി ജീവിക്കുകയും ചെയ്യുന്നതോടെ മതവിശ്വാസത്തിന്റെ തോത് കുറയുന്നതായി കാണിക്കുന്ന ചില പഠനങ്ങൾ നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ (NCBI) എടുത്തുകാണിക്കുന്നു. പലപ്പോഴും ആളുകൾ സ്വന്തമായി ജീവിക്കുമ്പോൾ, അവർ അവരുടെ ജീവിത ലക്ഷ്യങ്ങൾ മാറ്റുന്നു. NCBI-യിൽ നിന്നുള്ള മറ്റ് പഠനങ്ങൾ കാണിക്കുന്നത് മുതിർന്നവർ വിവാഹിതരാകുകയും കുട്ടികളുണ്ടാകുകയും ചെയ്യുമ്പോൾ അവർ സ്ഥിരതാമസമാക്കുന്നു, അതോടൊപ്പം മതവിശ്വാസത്തിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. എല്ലാവരുടെയും മതബോധത്തിന്റെ നിലവാരം വ്യത്യസ്തമായ വേഗതയിൽ ആണ്, അതായത് മുതിർന്നവരുടെ വികാസവുമായി ബന്ധപ്പെട്ട മതവിശ്വാസം കാലത്തിന് അനുസരിച്ചും സംസ്കാരങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.[35]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://www.ebi.ac.uk/ols/ontologies/uberon/terms?iri=http%3A%2F%2Fpurl.obolibrary.org%2Fobo%2FUBERON_0007023
- ↑ Thomas Edward McNamara (2004). Evolution, Culture, and Consciousness: The Discovery of the Preconscious Mind. University Press of America. pp. 262–263. ISBN 0-7618-2765-X. Retrieved December 11, 2018.
- ↑ Saul, Roger (2016). "Adolescence and ClockTime: Two modern concepts intertwined, revisited, reconsidered". Global Studies of Childhood (in ഇംഗ്ലീഷ്). 6 (2): 234–245. doi:10.1177/2043610616647643. ISSN 2043-6106.
- ↑ Kail, RV; Cavanaugh JC (2010). Human Development: A Lifespan View (5th ed.). Cengage Learning. p. 296. ISBN 978-0-495-60037-4.
- ↑ Schuiling, Kerri Durnell; Likis, Frances E. (2016). Women's Gynecologic Health. Jones & Bartlett Learning. p. 22. ISBN 978-1-284-12501-6. Retrieved March 20, 2018.
The changes that occur during puberty usually happen in an ordered sequence, beginning with thelarche (breast development) at around age 10 or 11, followed by adrenarche (growth of pubic hair due to androgen stimulation), peak height velocity, and finally menarche (the onset of menses), which usually occurs around age 12 or 13.
- ↑ 6.0 6.1 D. C. Phillips (2014). Encyclopedia of Educational Theory and Philosophy. Sage Publications. pp. 18–19. ISBN 978-1-4833-6475-9. Retrieved March 20, 2018.
On average, the onset of puberty is about 18 months earlier for girls (usually starting around the age of 10 or 11 and lasting until they are 15 to 17) than for boys (who usually begin puberty at about the age of 11 to 12 and complete it by the age of 16 to 17, on average).
- ↑ Solomon, Jean W.; O'Brien, Jane Clifford (2014). Pediatric Skills for Occupational Therapy Assistants – E-Book. Elsevier Health Sciences. p. 103. ISBN 978-0-323-29163-7. Retrieved March 20, 2018.
- ↑ Ge, Xiaojia; Natsuaki, Misaki N.; Neiderhiser, Jenae M.; Reiss, David (2007). "Genetic and Environmental Influences on Pubertal Timing: Results From Two National Sibling Studies". Journal of Research on Adolescence. 17 (4): 767–788. doi:10.1111/j.1532-7795.2007.00546.x.
- ↑ "Stages of puberty: what happens to boys and girls". nhs.uk (in ഇംഗ്ലീഷ്). 2018-04-26. Archived from the original on 2020-12-04. Retrieved 2020-12-13.
- ↑ https://www.nytimes.com/2010/08/22/magazine/22Adulthood-t.html
- ↑ https://www.pnas.org/doi/10.1073/pnas.1105108108
- ↑ Romer, Daniel (2010). "Adolescent risk taking, impulsivity, and brain development: implications for prevention". Developmental Psychobiology. 52 (3): 263–276. doi:10.1002/dev.20442. PMC 3445337. PMID 20175097.
- ↑ Casey, BJ; Caudle, Kristina (2013). "The Teenage Brain: Self Control". Current Directions in Psychological Science. 22 (2): 82–87. doi:10.1177/0963721413480170. PMC 4182916. PMID 25284961.
- ↑ Epstein, Robert (2007-06-01). "The Myth of the Teen Brain". scientificamerican.com (in ഇംഗ്ലീഷ്). Retrieved 2021-12-07.
- ↑ David Moshman (2011). Adolescent Rationality and Development. Psychology Press. doi:10.4324/9780203835111. ISBN 9780203835111. Retrieved 2021-12-07.
- ↑ Spooner, Samantha (July 14, 2014). "Legal ages of marriage across Africa: Even when it's 18, they are married off at 12!". Mail & Guardian Africa. Archived from the original on January 24, 2018.
- ↑ Bellemare, Steven (July 2008). "Age of consent for sexual activity in Canada". Paediatrics & Child Health. 13 (6): 475. doi:10.1093/pch/13.6.475. PMC 2532909. PMID 19436429.
- ↑ B. A., Political Science. "What Does Age of Majority Mean in Canada?". ThoughtCo (in ഇംഗ്ലീഷ്). Retrieved 2020-12-13.
- ↑ "Age of Majority by State as of 2020". Policygenius (in ഇംഗ്ലീഷ്). Archived from the original on 2020-12-07. Retrieved 2020-12-13.
- ↑ Birnbaum, Gemma R. ""Old Enough to Fight, Old Enough to Vote": The WWII Roots of the 26th Amendment".
- ↑ "The 1984 National Minimum Drinking Age Act | APIS - Alcohol Policy Information System".
- ↑ DeMatteo, Megan (22 July 2020). "My first unsecured credit card came with a $20,000 limit—here's why that is rare today". CNBC.
- ↑ "Young Adults and the Affordable Care Act: Protecting Young Adults and Eliminating Burdens on Families and Businesses | CMS".
- ↑ "Tobacco 21". FDA. 22 February 2021.
- ↑ "What is the Age Limit of Medical Cannabis in California?". 18 September 2018.
- ↑ Lindeman, Tracey (30 October 2019). "Quebec raises legal consumption age for cannabis to 21". TheGuardian.com.
- ↑ "Texas bill aims to crack down on human trafficking". 29 April 2021.
- ↑ "Raise age for sale of cigarettes to 21 and stop 'tobacco epidemic', say UK MPS". TheGuardian.com. 9 June 2021.
- ↑ Arain, Mariam; Haque, Maliha; Johal, Lina; Mathur, Puja; Nel, Wynand; Rais, Afsha; Sandhu, Ranbir; Sharma, Sushil (2013). "Maturation of the adolescent brain". Neuropsychiatric Disease and Treatment. 9: 449–461. doi:10.2147/NDT.S39776. PMC 3621648. PMID 23579318.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Niel, Clara (October 2020). "Takoma Park is one of five cities where minors can vote. And young voters are turning out".
- ↑ Bar Mitzva in Peninei Halakha by rabbi Eliezer Melamed
- ↑ Bat Mitzva in Peninei Halakha by rabbi Eliezer Melamed
- ↑ "canon 1083, §1".
- ↑ Donelson, Elaine (1999). "Psychology of religion and adolescents in the United States: Past to present". Journal of Adolescence. 22 (2): 187–204. doi:10.1006/jado.1999.0212. PMID 10089119.
- ↑ Lee, Bo Hyeong Jane; Pearce, Lisa D.; Schorpp, Kristen M. (September 2017). "Religious Pathways from Adolescence to Adulthood". Journal for the Scientific Study of Religion. 56 (3): 678–689. doi:10.1111/jssr.12367. PMC 5912683. PMID 29706663.