വികാസമനഃശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Developmental psychology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വ്യക്തിയുടെ വളർച്ചയിലെ വ്യത്യസ്തഘട്ടങ്ങളിൽ അയാളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളെക്കുറിച്ചു നിരീക്ഷണം നടത്തുകയും സൈദ്ധാന്തികനിഗമനങ്ങൾ രൂപവത്കരിക്കുകയും ചെയ്യുന്ന മനഃശാസ്ത്രശാഖയാണ്‌ വികാസ മനഃശാസ്ത്രം. ആദ്യകാലത്ത് ശിശു മനഃശാസ്ത്രം അഥവാ ചൈൽഡ് സൈക്കോളജി എന്നു വിളിക്കപ്പെട്ട ഈ ശാഖ ഇപ്പോൾ വികാസമനഃശാസ്ത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്.

പഠനവിഷയം[തിരുത്തുക]

ഭ്രൂണമായി രൂപം കൊള്ളുന്ന നിമിഷം മുതൽ മരണം വരെ ഒരു വ്യക്തിയിൽ വന്നുചേരുന്ന ശാരീരികവും മാനസികവുമായ പരിവർത്തനങ്ങളാണ് വികാസമനഃശാസ്ത്രം അഥവാ ഡെവലപ്മെന്റൽ സൈക്കോളജിയുടെ വിഷയം എന്ന് ചില മനഃശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. മറ്റു ചില മനഃശാസ്ത്രജ്ഞർ ജീവിതത്തിലെ ചില പ്രത്യേക കാലഘട്ടങ്ങളെ (ഉദാ. ബാല്യം, കൗമാരം) മാത്രമേ ഈ പഠനത്തിനു വിധേയമാക്കുന്നുള്ളൂ.

ചരിത്രം[തിരുത്തുക]

പുരാതനകാലം മുതൽ തന്നെ മാതാപിതാക്കളും ശിശുവിഷയതല്പരരും കുഞ്ഞുങ്ങളുടെ ഓരോ ചലനവും നിരീക്ഷിക്കുകയും അവരുടെ വളർച്ചയെക്കുറിച്ചു പഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വ്യക്തിത്വവികാസത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങൾക്കു നാന്ദി കുറിച്ചത് ജീവപരിണാമശാസ്ത്രജ്ഞരായ ചാൾസ് ഡാർവിൻ, വിൽഹെം ടി. പ്രെയർ എന്നിവരാണ്. പരിണാമത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനായി ഇവർ ശിശുക്കളുടെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിച്ചു. വികാസത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്ക് ഈ നിരീക്ഷണയത്നം തുടക്കം കുറിച്ചു.

ജി. സ്റ്റാൻലി ഹാൾ[തിരുത്തുക]

ജി. സ്റ്റാൻലി ഹാൾ ആണ് വികാസമനഃശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. വ്യക്തിചരിത്രം പരിശോധിക്കുന്നതു വഴി വംശചരിത്രവും മനസ്സിലാക്കാൻ സാധിക്കുമെന്ന നിഗമനത്തിൽ ഇദ്ദേഹം എത്തിച്ചേർന്നു. കുട്ടികളുടെ പെരുമാറ്റരീതികൾ നിരീക്ഷിച്ചാൽ പരിണാമത്തിന്റെ പ്രാരംഭഘട്ടങ്ങളിൽ മനുഷ്യവ്യവഹാരനില എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കുവാൻ സാധിക്കുമെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ചോദ്യാവലി ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുന്ന രീതി ആരംഭിച്ചത് ഇദ്ദേഹമാണ്. കുട്ടികളുടെ ചിന്തകൾ‍, താല്പര്യങ്ങൾ, ആഗ്രഹങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പഠിക്കാനുപകരിക്കുന്ന ചോദ്യാവലികൾ തയ്യാറാക്കി പ്രായോഗിക തലത്തിലെത്തിക്കുവാൻ ഇദ്ദേഹം ശ്രമമാരംഭിച്ചു. കുട്ടികളിലെ ഐന്ദ്രിയാനുഭവം (sensation), അവബോധം (perception), ഓർമ (memory), പഠനം (learning) എന്നിവയെക്കുറിച്ചെല്ലാം പരീക്ഷണശാലകളിൽ പല ഘട്ടങ്ങളിലുള്ള ഗവേഷണങ്ങൾ നടക്കുകയുണ്ടായി.

ആൽഫ്രഡ് ബിനെ[തിരുത്തുക]

ഓരോ കാലത്തും സമൂഹത്തിൽ ഉയർന്നുവന്നിരുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനായിരുന്നു വികാസമനഃശാസ്ത്രജ്ഞർ ശ്രമിച്ചത്. ബുദ്ധിമാന്ദ്യമുള്ള വിദ്യാർത്ഥികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രശ്നത്തിനു പരിഹാരമാർഗ്ഗം ആരായുവാൻ നടന്ന ശ്രമങ്ങളിൽ നിന്നാണ് ആദ്യത്തെ ബുദ്ധിപരീക്ഷ രൂപം കൊണ്ടത്. ആൽഫ്രഡ് ബിനെ (Alfred Binet) എന്ന മനഃശാസ്ത്രജ്ഞൻ ഇതിനു തുടക്കം കുറിച്ചു.

ഫ്രോയ്ഡ്[തിരുത്തുക]

1909-ൽ ക്ലാർക്ക് സർവകലാശാലയിൽവച്ച് സിഗ് മണ്ട് ഫ്രോയിഡ് തന്റെ മാനസികാപഗ്രഥനസിദ്ധാന്തം അവതരിപ്പിച്ചുവെങ്കിലും 1930-കളിൽ മാത്രമേ വികാസമനഃശാസ്ത്രജ്ഞർക്കിടയിൽ ഇതിനു പ്രചാരം നേടുവാൻ കഴിഞ്ഞുള്ളൂ. ബാല്യകാലത്തുണ്ടാകുന്ന എല്ലാ അനുഭവങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നവയാണെന്നും ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് രൂപം നല്കുന്നതിൽ ബാല്യകാലാനുഭവങ്ങൾ ഗണ്യമായ പങ്ക് വഹിക്കുന്നു എന്നും ഫ്രോയ്ഡ് സ്പഷ്ടമാക്കി.

1920-കളിലാണ് വികാസ മനഃശാസ്ത്രം ഒരു പ്രധാന മനഃശാസ്ത്രശാഖയായി അംഗീകരിക്കപ്പെട്ടത്. കുട്ടികളുടെ വളർച്ചയുടെ ശാസ്ത്രീയാപഗ്രഥനം, ശിശുസംരക്ഷണം, വിദ്യാഭ്യാസം, ചികിത്സ മുതലായ രംഗങ്ങളിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുവാൻ ഇതു സഹായകമാകും എന്ന് മനഃശാസ്ത്രജ്ഞർ വിശ്വസിച്ചു. ലോറ സ്പെൽമാൻ റോക്ക്ഫെല്ലർ ഫണ്ടിന്റെ ആഭിമുഖ്യത്തിൽ കൊളംബിയ, കാലിഫോർണിയ, അയോവ, മിനിസോട്ട, ടൊറോൺടോ എന്നീ സർവകലാശാലകളിൽ കുട്ടികളുടെ വികാസത്തെക്കുറിച്ചു ഗവേഷണം നടത്തുവാൻ പ്രത്യേക കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിച്ചു. ഫെൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, യേൽ ചൈൽഡ് സ്റ്റഡി സെന്റർ എന്നീ സ്ഥാപനങ്ങളായിരുന്നു ഈ പഠനത്തിനു വേണ്ടി യു.എസ്സിൽ പ്രവർത്തിച്ചു തുടങ്ങിയ പ്രധാന ഗവേഷണ കേന്ദ്രങ്ങൾ. ജനീവയിലെ ദി ഇൻസ്റ്റിറ്റ്യൂട്ട് ജെ-ജെറൂസോയും വിയന്ന സൈക്കോളോജിഷെ ഇൻസ്റ്റിറ്റ്യൂട്ടും ആയിരുന്നു യൂറോപ്പിലെ ഈദൃശ പഠനകേന്ദ്രങ്ങൾ.

1930-കളിൽ വ്യവഹാരവാദം വികാസ മനഃശാസ്ത്രത്തിന്റെ ഒരു പ്രധാന ഘടകമായി അവതരിപ്പിക്കപ്പെട്ടു. ഇത് വികാസ മനഃ ശാസ്ത്രത്തിന്റെ ധ്രുവീകരണത്തിനു കാരണമായി. വ്യത്യസ്ത മനഃശാസ്ത്ര സിദ്ധാന്ത സമിതികൾ അവലംബിച്ച വീക്ഷണങ്ങ ളുടെ സാധുത പരീക്ഷിക്കുക എന്നതായിരുന്നു പിന്നീട് നടന്ന ഗവേഷണത്തിന്റെ ലക്ഷ്യം.

പ്രമുഖ വ്യവഹാര വാദിയായ ജോൺ ബി.വാട്ട്സണിന്റെ നിരീക്ഷണങ്ങൾ വികാസ മനഃശാസ്ത്രത്തിൽ വളരെയധികം പ്രഭാവം ചെലുത്തി. ശിശുക്കളിലുണ്ടാകുന്ന ഭയവും അത് ദൂരീകരിക്കാനുള്ള മാർഗവും എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങൾ പ്രസിദ്ധമാണ്. ആന്തരിക നിരീക്ഷണമല്ല, മറിച്ച് വസ്തുനിഷ്ഠമായ നിരീക്ഷണവും മാപനവുമാണ് മനുഷ്യ വ്യവഹാരം മനസ്സിലാക്കുവാൻ ഉപയോഗിക്കേണ്ടത് എന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. ഈ നിഗമനം വികാസ മനഃശാസ്ത്രത്തെ ഒരു പുതിയ വഴിത്തിരിവിലേക്കെത്തിക്കുവാൻ പര്യാപ്തമായി.

എന്നാൽ വ്യവഹാരവാദത്തിന് നിരവധി വിമർശനങ്ങൾ നേരി ടേണ്ട സ്ഥിതി വന്നുചേർന്നു. ഗെസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞരും, മാനസികാപഗ്രഥനവാദികളും വ്യവഹാരവാദത്തെ നിശിതമായി വിമർശിച്ചു. വ്യവഹാരവാദത്തിന്റെ ഒരു പ്രധാന വിമർശകൻ ജീൻ പിയാജെറ്റ് ആയിരുന്നു. ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പിന്നീട് ധാരണാവികാസത്തെ സംബന്ധിച്ച ഒരു സിദ്ധാന്തമായി രൂപപ്പെട്ടു.

വികാസ മനഃശാസ്ത്ര ഗവേഷണങ്ങൾ ധാരണാവികാസത്തിന്റെ പഠനങ്ങളിൽ മാത്രം ഒതുങ്ങിനിന്നില്ല. ആർനോൾഡ് ഗെസൽ എന്ന മനഃശാസ്ത്രജ്ഞൻ വ്യത്യസ്ത കഴിവുകളുടെ വികാസത്തെക്കുറിച്ച് സമഗ്രമായ ഗവേഷണം നടത്തി. ഒരേ അനുഭവം തന്നെ പല വ്യക്തികളിൽ വ്യത്യസ്ത പ്രഭാവം ചെലുത്തുവാൻ സാധ്യതയുണ്ടെന്ന് ഗെസൽ തെളിയിച്ചു. ഒരു വ്യക്തിക്ക് ശാരീരിക വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായാണ് ഓരോ അനുഭവവും അയാളിൽ പ്രഭാവം ചെലുത്തുന്നത് എന്ന സിദ്ധാന്തത്തിന് വ്യാപകത്വം ലഭിച്ചു.

1940 മുതൽ 50 വരെയുള്ള കാലഘട്ടത്തിൽ ഈ മനഃശാസ്ത്ര ശാഖയുടെ വളർച്ചയ്ക്ക് മാന്ദ്യം സംഭവിച്ചു. 1950-നു ശേഷം വികാസ മനഃശാസ്ത്ര ഗവേഷണത്തിന് ആക്കം കൂടി. മനഃശാസ്ത്ര സിദ്ധാന്തങ്ങൾക്കും ഗവേഷണോപാധികൾക്കും ഉണ്ടായ പുരോഗമനം വികാസ മനഃശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് സഹായകമായി. 1962-ൽ യു.എസ്സിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചൈൽഡ് ഹെൽത്ത് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് സ്ഥാപിക്കപ്പെട്ടു. വികാസ മനഃശാസ്ത്രത്തിലും സമാന സ്വഭാവമുള്ള മറ്റു ശാസ്ത്ര ശാഖകളിലും ഗവേഷണം നടത്തുവാൻ ആവശ്യമായ പരിശീലനം നല്കുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.

വികാസ മനഃശാസ്ത്രത്തിന്റെ പ്രാരംഭ ദശയിൽ ബാല്യവും കൗമാരവും മാത്രം കേന്ദ്രീകരിച്ചാണു ഗവേഷണം നടന്നിരുന്നത്. ക്രമേണ മനുഷ്യായുസ്സിന്റെ മറ്റു ദശകളും ഗവേഷകരിൽ കൗതുകം ഉണർത്തിത്തുടങ്ങി. ഇന്ന് വികാസ മനഃശാസ്ത്രജ്ഞർക്ക് ആറ് പ്രധാന ലക്ഷ്യങ്ങളാണുള്ളത്: ഒരു വ്യക്തിയുടെ രൂപം, പെരുമാറ്റം, താത്പര്യങ്ങൾ, ലക്ഷ്യങ്ങൾ എന്നിവയിൽ പ്രായത്തിനനുസരിച്ചു ണ്ടാകുന്ന മാറ്റങ്ങൾ ഏതെല്ലാമാണെന്നു കണ്ടെത്തുക, ഈ മാറ്റ ങ്ങൾ ഏതു സമയത്താണു സംഭവിക്കുന്നത് എന്നു മനസ്സിലാക്കുക, എന്തുകൊണ്ടാണ് ഇവ സംഭവിക്കുന്നത് എന്നു നിർണയിക്കുക, ഒരു വ്യക്തിയുടെ പെരുമാറ്റത്തിൽ ഇവ എങ്ങനെ പ്രഭാവം ചെലുത്തുന്നു എന്നു മനസ്സിലാക്കുക, ഈ മാറ്റങ്ങൾ പ്രവചിക്കാവുന്നവയാണോ അല്ലയോ എന്നു കണ്ടെത്തുക, ഈ മാറ്റങ്ങൾ സാർവത്രികമോ അതോ വ്യക്തിഗതമോ എന്നു പരിശോധിക്കുക.

ശാരീരികമായ വളർച്ചയെ സൂചിപ്പിക്കുന്ന വിവിധ ഘട്ടങ്ങളുടെ സ്വഭാവത്തിന്റേയും അനുഭവജ്ഞാനത്തിന്റേയും ഫലമായി ഒരു വ്യക്തിയിലുണ്ടാകുന്ന പുരോഗമനോന്മുഖമായ മാറ്റങ്ങളെയാണ് 'വികാസം' (development) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഗുണാത്മകമായ മാറ്റങ്ങൾക്കാണ് വികാസം എന്ന പേർ നല്കാവുന്നതെന്ന് വാൻഡെൻ ഡീൽ (Vanden Daele) പ്രസ്താവിക്കുന്നു.

വികാസത്തിൽ പരസ്പരവിരുദ്ധങ്ങളായ രണ്ടു പ്രക്രിയകളാണ് സാധാരണയായി നടക്കുന്നത്. ശാരീരികവും മാനസികവുമായ കഴി വുകളുടെ പോഷണവും (growth) ശോഷണ(atrophy)വും വികാസത്തിന്റെ ഭാഗങ്ങളാണ്. ഈ രണ്ടു പ്രക്രിയകളും ഭ്രൂണം രൂപം കൊള്ളുന്ന നിമിഷം മുതൽ ആരംഭിക്കുകയും വ്യക്തിയുടെ മരണം വരെ തുടരുകയും ചെയ്യുന്നു. ചെറുപ്പത്തിൽ പോഷണവും വാർധക്യത്തിൽ ശോഷണവും കൂടുതലായി നടക്കുന്നു. സ്വന്തം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനും സഹജീവികളുമായി സഹകരിച്ച് മുമ്പോട്ട് നീങ്ങുവാനും മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് വികാസത്തിന്റെ ലക്ഷ്യം.


എലിസബത്ത് ബി.ഹർലോക്കിന്റെ പത്ത് തത്ത്വങ്ങൾ[തിരുത്തുക]

എലിസബത്ത് ബി.ഹർലോക്ക് (Elizabeth B.Hurlock) എന്ന മനഃശാസ്ത്ര വിദഗ്ദ്ധ അവതരിപ്പിച്ച പത്ത് മനഃശാസ്ത്ര തത്ത്വങ്ങളാണ് ഡെവലപ്മെന്റൽ സൈക്കോളജിയുടെ അടിസ്ഥാനം.

1. ബാല്യകാലാനുഭവങ്ങൾ നിർണായകമാണ് : ബാല്യത്തിൽ രൂപം കൊള്ളുന്ന ശീലങ്ങളും മനോഭാവവും പെരുമാറ്റ രീതികളുമാണ് ഭാവിയിൽ നാം എന്തായിത്തീരുമെന്ന പരിചിന്തയുടെ ചൂണ്ടുപലകയായി ഒരു പരിധിവരെ നിലകൊള്ളുന്നത്.

കുട്ടിക്ക് അനിവാര്യമായ ഭക്ഷണവും സ്നേഹവും മാതാപിതാക്കൾ എങ്ങനെ പ്രദാനം ചെയ്യുന്നു എന്നതനുസരിച്ചാണ് കുട്ടികളിൽ വിശ്വാസമോ (trust) അവിശ്വാസമോ (mistrust) ഉൾക്കൊ ള്ളുന്ന മനോഭാവം രൂപംകൊള്ളുന്നത് എന്ന് മനഃശാസ്ത്രജ്ഞനായ എറിക്സണിന്റെ വീക്ഷണം ഇവിടെ പ്രസ്താവ്യമാണ്.

ബാല്യത്തിൽ നൈസർഗികമായി രൂപപ്പെടുന്ന സ്വഭാവരീതി കൾക്കു മാറ്റം വരുത്തുക എന്നത് ശ്രമകരമാണ്; പക്ഷേ അസാധ്യ മാകുന്നില്ല. ഉചിതവും ശക്തവുമായ പ്രേരണയും മാർഗദർശനവും നല്കാമെങ്കിൽ സ്വഭാവരീതികളിൽ മാറ്റം വരുത്താവുന്നതാണ്.

2. വികാസത്തിൽ ശാരീരിക വളർച്ചയും (maturation) അനുഭവ ജ്ഞാനവും വഹിക്കുന്ന പങ്ക് : ശാരീരിക വളർച്ചയും അനുഭവ ജ്ഞാനവും വികാസത്തിൽ ഒരുപോലെ സുശക്തമായ പങ്കുവഹി ക്കുന്നു. ഇരിക്കുക, നില്ക്കുക, നടക്കുക തുടങ്ങിയ വർഗവിശിഷ്ട സ്വഭാവങ്ങളുടെ വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ശാരീരിക വളർച്ച അഥവാ സംപ്രാപ്തിയാണ്. വിശിഷ്ട വ്യക്തിത്വ ഘടകങ്ങളായ എഴുത്ത്, വായന, നീന്തൽ മുതലായ കർമങ്ങളുടെ വികാസത്തിൽ പ്രധാന പങ്കു വഹിക്കുന്നത് അനുഭവജ്ഞാനമാണ്.

3. നിശ്ചിതവും പ്രവചിക്കാവുന്നതുമായ ഒരു പാതയാണ് വികാസത്തെ നയിക്കുന്നത് : സെഫാലോ കോഡൽ നിയമം (Cephalo caudal law), പ്രോക്സിമോ ഡിസ്റ്റൽ നിയമം (prximo disal law) എന്നിവകൾക്ക് അനുസൃതമായാണ് മനുഷ്യ ശരീരത്തിൽ വികാസം ഉണ്ടാകുന്നത്. വികാസം ശിരോഭാഗത്തു നിന്ന് ആരംഭിച്ച് പാദത്തിലേക്കു വ്യാപിക്കുന്നു എന്നാണ് സെഫാലോ കോഡൽ നിയമം സമർഥിക്കുന്നത്. ഒരു കേന്ദ്രസ്ഥാനത്തു നിന്നും ആരംഭിച്ച് അഗ്രങ്ങളിലേക്കു വ്യാപിക്കുന്ന രീതിയിലാണ് വികാസം നടക്കുന്നത് എന്ന് പ്രോക്സിമോ ഡിസ്റ്റൽ നിയമം അനുശാസി ക്കുന്നു.

അത്യധികം വിചിത്രമായ സാഹചര്യങ്ങളിലൊഴികെ, മറ്റെല്ലായ് പ്പോഴും വികാസം നിശ്ചിത പാതതന്നെ പിന്തുടരുന്നു. മുട്ടുകുത്തു കയും ഇരിക്കുകയും ചെയ്തതിനു ശേഷമേ ശിശുക്കൾ നടക്കുക യുള്ളൂ എന്നത് ഉദാഹരണമായിപ്പറയാം. വികാസം നിശ്ചിത പാത പിന്തുടരുന്നതിനാൽ അത് പ്രവചനാധീനമായിത്തീരുന്നു.

4. എല്ലാ വ്യക്തികളും വ്യത്യസ്തരാണ് : ഒരിക്കലും രണ്ടു വ്യക്തികൾ ഒരേ പ്രചോദനത്തോട് ഒരുപോലെ പ്രതികരിക്കുന്നില്ല. ജനിതകവും ശാരീരികവുമായ വ്യത്യാസങ്ങൾ എല്ലാ വ്യക്തികളും തമ്മിൽ ഉള്ളതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

5. വികാസത്തിന്റെ ഓരോ ഘട്ടത്തിലും ചില പ്രത്യേക സ്വഭാവ ങ്ങൾ കാണപ്പെടുന്നു : ചില ഘട്ടങ്ങളിൽ സന്തുലിതമായ പെരുമാറ്റവും മറ്റു ചിലപ്പോൾ അസന്തുലിതമായ പെരുമാറ്റവും കാണപ്പെടുന്നു. സന്തുലിത ഘട്ടങ്ങളിൽ വ്യക്തികൾ സമൂഹവുമായി വേഗം പൊരുത്തപ്പെടുന്നു. എന്നാൽ അസന്തുലിത ഘട്ടങ്ങളിൽ പൊരുത്തപ്പെടലിനെ സംബന്ധിച്ച് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു.

ചില പ്രത്യേക പ്രായങ്ങളിൽ പൊരുത്തപ്പെടൽ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നുണ്ട്. ഉദാ. കൗമാരം. എന്നാൽ, ചില വ്യക്തികൾ പൊതുവേ, ഈ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുന്ന വരായിരിക്കും. ചിലരിൽ കൌമാര പ്രശ്നങ്ങൾ യുവത്വത്തിലും മധ്യവയസ്സിലും മറ്റും തുടരുന്നതായി കാണാം. ഇവരുടെ അടിസ്ഥാനപരമായ പല ആവശ്യങ്ങളും നിറവേറുന്നില്ല എന്നതാണ് ഈ വിപര്യയം സൂചിപ്പിക്കുന്നത്.

6. വികാസത്തിന്റെ ഓരോ ഘട്ടത്തിലും അപകടങ്ങളുണ്ട് : ശാരീരികമോ മാനസികമോ ആയ അപകടങ്ങൾ വികാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദൃശ്യമാകുന്നു. ഇത്തരം അപകടങ്ങൾ തടയുവാനും വിജയകരമായി തരണം ചെയ്യുവാനും കുട്ടികളെ സഹായിക്കേണ്ടത് മാതാപിതാക്കളുടേയൊ മറ്റു സംരക്ഷകരുടേയോ പ്രധാന ചുമതലയാണ്.

7. ഉദ്ദീപനം വികാസത്തെ ത്വരിതപ്പെടുത്തുന്നു : ഏതു കഴിവും വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ അതിനെ ഉദ്ദീപിപ്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ വികാസത്തെ ത്വരിതപ്പെടുത്തുന്നു. കഴിവുകളുടെ ഉദ്ദീപനം വാർധക്യത്തിലെ ശോഷണത്തിന്റെ ഗതിവേഗം കുറയ്ക്കുവാനും സഹായകമാകുന്നു.

8. സാംസ്കാരിക മാറ്റങ്ങൾ വികാസത്തിൽ പ്രഭാവം ചെലുത്തുന്നു: സാംസ്കാരിക വ്യവസ്ഥകൾക്കും ആദർശങ്ങൾക്കും അനുസൃതമായാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപം കൊള്ളുന്നത്. സാംസ്കാരികമായ മാറ്റങ്ങൾ വികാസത്തിന്റെ മാതൃകയിൽ പ്രഭാവം ചെലുത്തുന്നു.

9. ഓരോ ഘട്ടത്തിലും സമൂഹം വ്യക്തിയിൽ നിന്ന് ചിലതെല്ലാം പ്രതീക്ഷിക്കുന്നു: ഓരോ സമൂഹവും അതിന്റെ അംഗങ്ങൾ ഓരോ പ്രായത്തിലും ഏതൊക്കെ കഴിവുകൾ സ്വായത്തമാക്കണമെന്നു നിഷ്കർഷിക്കുന്നു. ഹാവിഗർസ്റ്റ് (Havighurst) എന്ന മനഃശാസ്ത്ര ജ്ഞൻ ഇവയ്ക്ക് വികാസാത്മക കർത്തവ്യങ്ങൾ (developmental) എന്ന പേര് നല്കിയിരിക്കുന്നു. ഒരു ഘട്ടത്തിലെ വികാസാത്മക കർത്തവ്യം വിജയകരമായി പൂർത്തിയാക്കുന്നത് അടുത്ത ഘട്ടത്തിലെ കർത്തവ്യം നിറവേറ്റുന്നതിനു സഹായകമാകുന്നു.

10. ഓരോ പ്രായക്കാരേയും കുറിച്ച് ചില പരമ്പരാഗത വിശ്വാസ ങ്ങൾ നിലനില്ക്കുന്നു: വ്യത്യസ്ത പ്രായക്കാരോട് സമൂഹം വ്യത്യസ്ത മനോഭാവം പുലർത്തുന്നു. ഉദാ. വൃദ്ധരോട് പൊതുവേ പ്രതി കൂലമായ സമീപനമാണ് പാശ്ചാത്യ സമൂഹത്തിനുള്ളത്. ഇത് അവർക്ക് പൊരുത്തപ്പെടലിനുള്ള നിരവധി പ്രശ്നങ്ങൾ സൃഷ്ടി ക്കുന്നു. വാർധക്യത്തെക്കുറിച്ചുള്ള ഗവേഷണത്തിനു പ്രാധാന്യം നല്കുന്ന ശാസ്ത്രശാഖയാണ് ജെറൺടോളജി. ഇതനുസരിച്ച് സമൂഹത്തിനു വൃദ്ധന്മാരോടുള്ള പ്രതികൂല മനോഭാവം മാറ്റിയെ ടുക്കുവാൻ ശ്രമങ്ങൾ നടന്നുവരുന്നു.

വികാസ മനഃശാസ്ത്രജ്ഞർ സാധാരണയായി മനുഷ്യായുസ്സിനെ പത്ത് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു.

ഓരോ പ്രായത്തിലും ഒരു വ്യക്തിക്കു സന്തോഷം നല്കുവാൻ മൂന്ന് കാര്യങ്ങൾ അത്യന്താപേക്ഷിതമാണ്. അംഗീകാരം, സ്നേഹം, നേട്ടം എന്നിവ ഏതു വ്യക്തിക്കും ആവശ്യമാണ്. മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നത് വ്യക്തിക്ക് സന്തോഷം നല്കുന്നു. സ്വന്തം ലക്ഷ്യങ്ങൾ നേടുന്നതും ആനന്ദദായകമാണ്.

വികാസ മനഃശാസ്ത്രജ്ഞർക്ക് ഗവേഷണം നടത്തുന്നതിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. വ്യത്യസ്ത പ്രായക്കാരെ ശരിയായി പ്രതിനിധാനം ചെയ്യുന്ന മാതൃകകൾ (സാമ്പിളുകൾ) കണ്ടെത്തുവാൻ വിഷമമാണ്. സ്കൂൾ - കോളജ് വിദ്യാർത്ഥി കളുടെ സാമ്പിൾ താരതമ്യേന അനായാസം ലഭിക്കും. എന്നാൽ മറ്റു പ്രായക്കാരുടെയിടയിൽ പഠനം നടത്തുന്നത് അല്പംകൂടി ശ്രമകരമാണ്. വികാസ മനഃശാസ്ത്രത്തിന്റെ ഗവേഷണോപാധികൾ പലതും വൈദ്യശാസ്ത്രം, ഭൗതിക ശാസ്ത്രങ്ങൾ‍, മറ്റു സാമൂഹിക ശാസ്ത്രങ്ങൾ (ഉദാ. നരവംശശാസ്ത്രം, മാനവസമുദായ ശാസ്ത്രം) എന്നിവയിൽ നിന്ന് കടം കൊണ്ടവയാണ്. ഇങ്ങനെ ചില പരിമി തികളുണ്ടെങ്കിലും വികാസ മനഃശാസ്ത്രം അഥവാ ഡെവലപ്മെ ന്റൽ സൈക്കോളജി വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു മനഃശാസ്ത്ര ശാഖയാണെന്നുള്ളതിനു സംശയമില്ല.


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വികാസമനഃശാസ്ത്രം&oldid=3930438" എന്ന താളിൽനിന്ന് ശേഖരിച്ചത്