Jump to content

അപസാമാന്യ മനഃശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യന്റെ അപസാമാന്യമായ പെരുമാറ്റത്തെ പഠനവിധേയമാക്കുന്ന മനഃശാസ്ത്രശാഖയെ വിലക്ഷണമനഃശാസ്ത്രം എന്നു പറയുന്നു. സാമാന്യവും അപസാമാന്യവും തമ്മിലുള്ള അതിർവരമ്പ് കൃത്യമായി നിർവചിക്കുക ക്ലേശകരമാണ്. ദൈനംദിന സന്ദർഭങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലും തടസങ്ങൾ നേരിടുന്ന വ്യക്തികളെയാണ് സാധാരണയായി അപസാമാന്യ മനഃശാസ്ത്രത്തിൽ പഠനവിധേയരാക്കുന്നത്. സാഹചര്യങ്ങളുമായുള്ള ക്രിയാത്മക അനുകൂലനത്തിൽ വ്യക്തിയുടെ ജനിതക പാരമ്പര്യം, ശാരീരികാരോഗ്യം, പഠനാനുഭവങ്ങൾ, യുക്തി ചിന്ത, സാമൂഹ്യവത്ക്കരണം എന്നിവ പ്രധാന പങ്ക് വഹിക്കുന്നു.

അപസാമാന്യമായ പെരുമാറ്റവും മനോവൈകല്യങ്ങളും വർഗീകരിക്കുന്നതിനായി മനഃശാസ്ത്രജ്ഞരും മനോരോഗവിദഗ്ദ്ധരും സാധാരണയായി ഉപയോഗിക്കുന്നത് ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഒഫ് മെന്റൽ ഡിസോർഡേർസ് (The Diagnostic and Statitical Manual of Mental Disorders ) ആണ്.[1] ഡി.എസ്.എം.ന്റെ ഇപ്പോൾ (2006) പ്രചാരത്തിലുള്ള പതിപ്പായ ഡി.എസ്.എം.IVടി.ആർ. (DSM-IV-TR) ൽ അഞ്ച് ആക്സിസുകളിലായി വിവിധ മാനസിക/പെരുമാറ്റവൈകല്യങ്ങളും അവയുമായി ബന്ധമുണ്ടാകാവുന്ന ശാരീരിക അവസ്ഥകളും, സാമൂഹിക പരിതഃസ്ഥിതികളിലെ പ്രശ്നങ്ങളും, വ്യക്തിയുടെ ആകെയുള്ള പ്രവർത്തനക്ഷമതയുടെ മാപനത്തിനായി ഒരു അളവുകോലും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇന്റർനാഷണൽ ക്ലാസ്സിഫിക്കേഷൻ ഒഫ് ഡിസീസസ് (International Classification of Diseases)[2] ന്റെ പത്താം പരിഷ്കൃത പതിപ്പിന്റെ അതായത് ഐ.സി.ഡി.-10 (ICD- 10) ന്റെ അഞ്ചാം അധ്യായത്തിലും മുന്നൂറോളം മാനസികവും പെരുമാറ്റപരവുമായ വൈകല്യങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്.

മാനസിക/പെരുമാറ്റ വൈകല്യങ്ങൾ

[തിരുത്തുക]

വിവിധ മാനസിക സംഘട്ടനങ്ങൾ, ഭാരിച്ച ജീവിതപ്രശ്നങ്ങൾ, വ്യക്തിബന്ധങ്ങളുടെ ഉലച്ചിൽ, പരസ്പരം ധാരണക്കുറവ് എന്നിവ വൈകല്യങ്ങൾക്ക് കാരണമാകുന്നു. വൈകല്യങ്ങളും കാരണങ്ങളും തമ്മിലുള്ള കാര്യകാരണബന്ധം അബോധമനസ്സിന്റെ പ്രക്രിയയാകയാൽ അത് സ്വയം നിയന്ത്രിക്കുവാനോ നിഷ്കാസനം ചെയ്യുവാനോ വ്യക്തി അശക്തനാണ്. ഡി.എസ്.എം.IV-ടി.ആർ.ൽ പരാമർശിച്ചിട്ടുള്ള ഏതാനും മാനസിക പെരുമാറ്റവൈകല്യങ്ങളെക്കുറിച്ചാണ് തഴെപ്പറയുന്നത്.

ആശങ്കാ വൈകല്യങ്ങൾ

[തിരുത്തുക]

(Anxiety Disorders)

സന്തോഷമോ സങ്കടമോ പോലെ തികച്ചും ഒരു സാധാരണ വികാരമായ ആശങ്ക ഒരു പരിധിക്കപ്പുറം കടന്നാൽ വ്യക്തിയുടെ കാര്യക്ഷമമായ ദൈനംദിന ജീവിതപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നു എന്ന തരത്തിലുള്ള അകാരണഭയം, ചാഞ്ചല്യം, സംഭ്രമം, മാനസികമായ പിരിമുറുക്കം, അസ്വസ്ഥത തുടങ്ങിയ മാനസിക ലക്ഷണങ്ങളും ശ്വാസം മുട്ടൽ, നെഞ്ചിടിപ്പ്, ഉറക്കമില്ലായ്മ, തൊണ്ടയ്ക്കും നാക്കിനും വരൾച്ച, ശരീരത്തിന് എരിച്ചിലും പുകച്ചിലും, വിയർപ്പ്, കിതപ്പ്, വയറിളക്കം, വിശപ്പില്ലായ്മ, വർധിച്ച ദാഹം തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ആശങ്കാ വൈകല്യങ്ങളോടനുബന്ധിച്ച് ഉണ്ടാകാറുണ്ട്.[3]

അകാരണ ഭീതി അഥവാ ഫോബിയ (Phobia),[4] ഒബ്സെസ്സീവ് കമ്പൽസീവ് വൈകല്യം തുടങ്ങിയവ ആശങ്കാവൈകല്യങ്ങൾക്ക് ഉദാഹരണങ്ങളാണ്. അപകടഭീഷണി ഒന്നും തന്നെ ഉയർത്താത്ത വസ്തുക്കളെയോ സാഹചര്യങ്ങളെയോ കുറിച്ചുള്ള അകാരണവും അതിശക്തവുമായ ഭീതിയാണ് ഫോബിയ. തന്റെ ഭയം യുക്തിക്കു നിരക്കാത്തതാണെന്നു വ്യക്തി മനസ്സിലാക്കുന്നുണ്ടെങ്കിലും അത് കീഴടക്കി മുന്നോട്ടു പോകുവാൻ സാധിക്കുന്നില്ല. ഫോബിയകളെ അഗോറഫോബിയ (agoraphobia),[5] നിർദിഷ്ട ഫോബിയ (specific phobia),[6] സാമൂഹ്യ ഫോബിയ (social phobia)[7] എന്ന് മൂന്നായി തിരിക്കാം. ഏതെങ്കിലും പ്രത്യേക വസ്തുവിനെയോ സാഹചര്യത്തെയോ (ഉദാ. ഉയരം, ഇരുട്ട്, മൃഗങ്ങൾ, വിമാനയാത്ര തുടങ്ങിയവ) സംബന്ധിച്ചുള്ള ഭീതിയാണ് നിർദിഷ്ട ഫോബിയ. മറ്റുള്ളവർ മോശമായി വിലയിരുത്തുമെന്നും, ആൾക്കാരുടെ മുൻപിൽ നാണംകെടും എന്നും മറ്റുമുള്ള ആശങ്കയാണ് സാമൂഹ്യഫോബിയയുടെ കാതൽ. സഭാകമ്പം, മറ്റുള്ളവരുടെ മുൻപിൽ വച്ച് ഭക്ഷണം കഴിക്കുവാനുള്ള ഭയം തുടങ്ങിയവ സാമൂഹ്യഫോബിയയുടെ ദൃഷ്ടാന്തങ്ങളാണ്. വീട് പോലെയുള്ള സുരക്ഷിത സങ്കേതങ്ങളിൽ നിന്ന് അകന്ന് മറ്റേതെങ്കിലും സ്ഥലത്ത് (തുറന്ന സ്ഥലങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ) അകപ്പെട്ടു പോകുമെന്ന ഉൽകണ്ഠയാണ് അഗോറഫോബിയയുടെ അടിസ്ഥാനം. വീട്ടിൽ നിന്ന് പുറത്ത് പോകുവാൻ ശ്രമിക്കുമ്പോഴും, അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെയും അഗോറഫോബിയ ഉള്ളവർക്ക് തലക്കറക്കം, ഓക്കാനം, ബോധക്ഷയം തുടങ്ങിയവയുണ്ടാകാറുണ്ട്. മറ്റു ഫോബിയകളെ അപേക്ഷിച്ച് അഗോറഫോബിയ വളരെ കുറഞ്ഞ തോതിലാണ് കാണപ്പെടുന്നതെങ്കിലും ദൈനംദിന പ്രവർത്തനങ്ങളെ വളരെയധികം ബാധിക്കുന്നതിനാൽ ഈ ഫോബിയയാണ് കൂടുതൽ വ്യക്തികളെ ചികിത്സക്കു നിർബന്ധിതരാക്കുന്നത്.

വിഡ്ഢിത്തമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചില നിസാര കൃത്യങ്ങൾ അനിയന്ത്രിതമായി ആവർത്തിക്കുക, ചില പ്രത്യേക ചിന്തകൾ ആവർത്തിച്ച് മനസ്സിനെ മഥിച്ചു കൊണ്ടിരിക്കുക തുടങ്ങിയവയാണ് ഒബ്സസ്സീവ് കമ്പൽസീവ് വൈകല്യത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചില പ്രത്യേക രീതിയിലുള്ള സംശയങ്ങളും വ്യക്തിക്കുണ്ടായേക്കാം. ഉദാഹരണമായി, വാതിൽ പൂട്ടിയാലും പൂട്ടിയോ എന്ന് കൂടെക്കൂടെ പരിശോധിക്കുക, കൈ കഴുകിയാലും ശുചിയായില്ല എന്ന തോന്നൽ മൂലം കൂടെകൂടെ കഴുകിക്കൊണ്ടിരിക്കുക തുടങ്ങിയവ.

വിഘടനാത്മക വൈകല്യങ്ങൾ

[തിരുത്തുക]

(Dissociative Disorders)

ഓർമ, ബോധം, വ്യക്തിത്വം എന്നിവയിൽ പെട്ടെന്നുണ്ടാകുന്ന താൽക്കാലിക വിഘടനമാണ് ഈ വൈകല്യങ്ങളുടെ പ്രത്യേകത. അംനീഷ്യ, ഫ്യൂഗ് തുടങ്ങിയ വൈകല്യങ്ങൾ ഇക്കൂട്ടത്തിൽപെടുന്നു. താനാരാണെന്നും എന്താണ് ചെയ്യുന്നതെന്നും തുടങ്ങി സകലകാര്യങ്ങളും ഒരു വ്യക്തി മറന്നു പോകുന്ന അവസ്ഥയാണ് അംനീഷ്യ. ചിലപ്പോൾ വളരെ കുറച്ച് നേരത്തെ അതായത് ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ ഓർമകളെ മാത്രമായിരിക്കും അംനീഷ്യ ബാധിക്കുന്നത്. നഷ്ടപ്പെട്ട ഓർമ അൽപസമയത്തിനുശേഷം തിരിച്ചുവന്നേക്കാം. എന്നാൽ ചില സംഭവങ്ങളിൽ വളരെക്കാലം കഴിഞ്ഞശേഷമാണ് ഓർമ തിരിച്ചു ലഭിച്ചത്. ഫ്യൂഗ് അവസ്ഥയിൽ ഓർമകളെല്ലാം നഷ്ടപ്പെട്ട വ്യക്തി സ്വന്തം വീട്ടിൽ നിന്ന് ദൂരേക്ക് യാത്രചെയ്യുകയും വേറൊരു ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. ആഴ്ചകൾക്കോ മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷം പെട്ടെന്നൊരിക്കൽ ഓർമ തിരിച്ചു ലഭിക്കുമ്പോൾ തന്റെ പുതിയ സാഹചര്യങ്ങളെക്കുറിച്ച് പരിഭ്രാന്തനാകുന്നു.[8]

ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങൾ ഉളവാക്കുന്ന മാനസിക വൈകല്യങ്ങൾ

[തിരുത്തുക]

(Somatoform Disorders)

അബോധ മനസ്സിലെ സംഘർഷങ്ങളെക്കുറിച്ചുള്ള ഉൽക്കണ്ഠ ശാരീരിക ലക്ഷണങ്ങളായോ അവയെക്കുറിച്ചുള്ള ആശങ്കകളായോ പരിവർത്തനം ചെയ്യപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇത്തരം പരിവർത്തനങ്ങൾ അസുഖകരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ വ്യക്തികളെ സഹായിക്കുന്നു എന്ന് മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണമായി പരീക്ഷയെഴുതുവാൻ അതിയായി ഭയപ്പെടുന്ന ഒരു വിദ്യാർഥിക്ക് പരീക്ഷയുടെ തലേദിവസം മുതൽ കൈ മരവിക്കുകയും അനക്കാൻ കഴിയാതാവുകയും ചെയ്താൽ പരീക്ഷയിൽ നിന്ന് ഒഴിവാകുവാൻ സാധിക്കുകയും സമ്മർദം കുറയുകയും ചെയ്യുന്നു.[9]

മാനസിക സമ്മർദങ്ങൾ ശാരീരിക രോഗങ്ങളുണ്ടെന്ന നിരന്തരമായ ആശങ്കയ്ക്കു വഴിതെളിക്കുന്ന അവസ്ഥയാണ് ഹൈപൊകോൺഡ്രിയാസിസ്. ഹൃദ്രോഗം, അർബുദം തുടങ്ങിയ ഗുരുതരമായ പല രോഗങ്ങളുടെയും ലക്ഷണങ്ങൾ തങ്ങൾക്കുള്ളതായി വ്യക്തികൾക്ക് അനുഭവപ്പെടാം. സ്വന്തം ശരീരത്തെക്കുറിച്ച് സദാ ചിന്തിക്കുകയും രോഗലക്ഷണങ്ങൾക്കായി സദാ അന്വേഷണം നടത്തുകയും ചെയ്യുന്ന ഇവർക്ക് തങ്ങളുടെ രോഗലക്ഷണങ്ങൾ വളരെ അവ്യക്തമായും കൃത്യതയില്ലാതെയും മാത്രമെ വിവരിക്കുവാൻ സാധിക്കുകയുള്ളൂ.

വികാര വൈകല്യങ്ങൾ

[തിരുത്തുക]

(Mood Disorders)

വ്യക്തിയുടെ വൈകാരികാവസ്ഥയിലെ വ്യതിയാനങ്ങളാണ് ഇത്തരം വൈകല്യങ്ങളുടെ പ്രധാന ലക്ഷണം. വിഷാദരോഗവും ദ്വിധ്രുവ വൈകല്യവും ആണ് ഇവയിൽ പ്രധാനം.[10]

തികഞ്ഞ വിഷാദമൂകത, മൌനം, ചെറിയ ജോലികൾപോലും ചെയ്യുവാൻ പ്രയാസം തോന്നുക, പുതിയ ഒരു പ്രവൃത്തിയും ഇഷ്ടപ്പെടാതിരിക്കുക എന്നിങ്ങനെയുള്ള സ്വഭാവവിശേഷങ്ങൾ വിഷാദരോഗത്തിന്റെ പ്രത്യേകതകളാണ്.

ദ്വിധ്രുവ വൈകല്യത്തിൽ വിഷാദാവസ്ഥയും ഉത്തേജിതാവസ്ഥയും മാറിമാറി പ്രത്യക്ഷപ്പെടുന്നു. അമിതമായ സന്തോഷം, ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ആശയങ്ങൾ തുടങ്ങിയവയാണ് ഉത്തേജിതാവസ്ഥയുടെ പ്രത്യേകതകൾ.

സ്കിസോഫ്രീനിയയും മറ്റു സൈക്കോട്ടിക് വൈകല്യങ്ങളും

[തിരുത്തുക]

ഇത്തരം വൈകല്യങ്ങൾ വ്യക്തിത്വത്തെ ആകെ ബാധിക്കുകയും ചുറ്റുപാടുകളും യാഥാർഥ്യവുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാവുകയും ചെയ്യുന്നു. സ്കിസോഫ്രീനിയയാണ് ഇത്തരം വൈകല്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നത്. സ്കിസോഫ്രീനിയയിൽ സംവേദനം, പ്രത്യക്ഷണം, ചിന്ത, വികാരം, പെരുമാറ്റം എന്നിവയെല്ലാം വികലമാക്കപ്പെടുന്നു. ഡല്യൂഷനുകളും (മിഥ്യാ വിശ്വാസങ്ങൾ) ഹാലുസിനേഷനുകളും (മിഥ്യാദർശനങ്ങൾ, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക തുടങ്ങിയ പ്രതിഭാസങ്ങൾ) ഈ അവസ്ഥയുടെ പ്രത്യേകതകളാണ്. സ്കിസോഫ്രീനിയ ഉള്ളവരുടെ സംസാരത്തിൽ പരസ്പരബന്ധമില്ലായ്മയും അവ്യക്തതയും അനുഭവപ്പെടുന്നു. സ്കിസോഫ്രീനിയയെ ഡിസ്ഓർഗനൈസ്ഡ് ടൈപ്, പാരനോയിഡ് ടൈപ്, കാറ്ററ്റോണിക് ടൈപ്പ്, റെസിഡ്യൂൽ ടൈപ് തുടങ്ങി വ്യത്യസ്ത തരങ്ങളിലായി വർഗീകരിച്ചിട്ടുണ്ട്.

ശാരീരിക കാരണങ്ങളാൽ ഉണ്ടാകുന്ന മാനസിക വൈകല്യങ്ങൾ

[തിരുത്തുക]

ശാരീരികരോഗങ്ങളുടെ പരിണതഫലമായാണ് ഇത്തരം മാനസികവൈകല്യങ്ങളുണ്ടാകുന്നത്. തലച്ചോറ്, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ, തലച്ചോറിലെ ട്യൂമർ, ക്ഷതം, വിഷാംശം ശരീരത്തിൽ അളവിൽ കൂടുതലുണ്ടാകുക, ജീവകങ്ങളുടെ കുറവ്, ചില ഗ്രന്ഥികളുടെ പ്രവർത്തനവൈകല്യം; പ്രായാധിക്യത്തെത്തുടർന്നുള്ള ദൌർബല്യം ഇവയെല്ലാം മൂലം പലവിധത്തിലുള്ള മനോവൈകല്യങ്ങൾ ഉണ്ടാകുന്നു.

ഓർമക്കുറവ്, ബോധമനസ്സിൽ പ്രകടമാകുന്ന അവ്യക്തത, ചിന്തയിലും ശ്രദ്ധയിലും വരുന്ന വ്യതിചലനങ്ങൾ ഇവയാണ് ശാരീരിക കാരണങ്ങളാൽ ഉണ്ടാകുന്ന മനോവൈകല്യങ്ങളിൽ പ്രധാനമായും കാണുന്ന ലക്ഷണങ്ങൾ.

അതിമദ്യാസക്തിയും മയക്കുമരുന്ന് വിധേയത്വവും

[തിരുത്തുക]

അമിതമായ മദ്യപാനംമൂലം വരാവുന്ന ചില പ്രധാനരോഗങ്ങളാണ് ഡലീറിയം ട്രമൻസ് (delirium tremens),[11] കൊർസാക്കോഫസ് സൈക്കോസിസ് (Korsakoff's psychosis),[12] ക്രോണിക് ആൽക്കഹോളിസം (chronic alcoholism)[13] തുടങ്ങിയവ. സാധാരണയായി മോഹഭംഗത്തെ നേരിടുവാനുള്ള കഴിവില്ലായ്മ, ആശങ്ക എന്നിവയുള്ളവരാണ് മദ്യപാനത്തിന് അടിമകളായിത്തീരാറുള്ളത്.

കൊക്കെയ്ൻ, മരിജുവാന (കഞ്ചാവ്), കറപ്പ് (പെത്തഡിൻ) മുതലായ പലതരം ലഹരിപദാർഥങ്ങൾ പതിവായി ഉപയോഗിക്കുകയാൽ ക്രമേണ അവയുടെ ശക്തിക്കു വിധേയരായി, അവയില്ലാതെ കഴിയാൻ വയ്യ എന്ന അവസ്ഥയിൽ ചിലർ എത്തിച്ചേരുന്നു. തന്മൂലം മദ്യപാനത്തിലെന്നപോലെ വിവിധങ്ങളായ മനോരോഗങ്ങൾക്ക് അവർ വിധേയരായിത്തീരുകയും ചെയ്യുന്നു.

വ്യക്തിത്വ വൈകല്യങ്ങൾ

[തിരുത്തുക]

ദീർഘകാലമായി നിലനിൽക്കുന്നവയും പ്രത്യേക രീതിയിലുള്ളവയുമായ ജീവിത ശൈലികളാണ് വ്യക്തിത്വ വൈകല്യങ്ങളുടെ പ്രത്യേകത. ഇത്തരം ജീവിത ശൈലികൾ അവ പുലർത്തുന്ന വ്യക്തികളേക്കാളുപരി, അവർക്ക് ചുറ്റുമുള്ളവർക്കാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഉദാഹരണമായി സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യത്തിൽ വ്യക്തികൾ സ്വന്തം സുഖവും ആഹ്ളാദവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. വീണ്ടുവിചാരമോ തങ്ങളുടെ പ്രവൃത്തിയുടെ അനന്തരഫലങ്ങളെപ്പറ്റി ചിന്തയോ കൂടാതെ പലതും പെട്ടെന്നു ചെയ്യാൻ ഇവർ പ്രേരിതരാകുന്നു. മോഷണം, കളവുപറയൽ, കൊലപാതകം തുടങ്ങിയ പ്രവൃത്തികളിൽ ഇവർ ഏർപ്പെടുവാൻ സാദ്ധ്യത കൂടുതലാണ്. ഇവരെ തിരുത്തുന്നത് വളരെ ശ്രമകരമാണ്.

ബുദ്ധിമാന്ദ്യം

[തിരുത്തുക]

(Mental Deficiency)

ജന്മനാലോ ശൈശവത്തിലോ ഉണ്ടാകുന്ന അസുഖങ്ങളോ മറ്റു കാരണങ്ങളോകൊണ്ട് മസ്തിഷ്കത്തിന് സാധാരണ വളർച്ച കിട്ടാതെ മാനസികക്ഷമതകൾ മന്ദിച്ചുപോകുകയും സാഹചര്യങ്ങൾക്കൊത്ത് സ്വതന്ത്രമായി ജീവിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥ. മന്ദബുദ്ധികൾക്ക് ശാരീരികവളർച്ചയ്ക്ക് അനുസരിച്ച് മാനസികവളർച്ച ഉണ്ടാകുന്നില്ല. മാനസികവളർച്ചയുടെ തോത് കണക്കാക്കി ചില തൊഴിൽപരിശീലനവും അനുയോജ്യമായ വിദ്യാഭ്യാസവും നല്കി ചെറിയ തോതിൽ സ്വയംപര്യാപ്തത നേടാൻ സഹായിക്കാവുന്നതാണ്. [14]

മനോരോഗ നിദാനശാസ്ത്രം

[തിരുത്തുക]

(Psychopathology)

മനസ്സിന്റെ ഘടനയും പ്രവർത്തനതത്ത്വവും എങ്ങനെ മനോരോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് വിശദമായി അപഗ്രഥിക്കുന്നതിലൂടെ മനോരോഗചികിത്സയിൽ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറന്നത് സിഗ്മണ്ട് ഫ്രോയ്ഡാണ് (1856-1939). സർവരോഗങ്ങളും ശാരീരികകാരണങ്ങൾമൂലവും അല്ലെങ്കിൽ അതിമാനുഷശക്തികൾകൊണ്ടും (supernatural powers) ന്യായീകരിക്കപ്പെട്ടിരിക്കുന്ന കാലഘട്ടത്തിൽ മനോരോഗങ്ങളിൽ പലതും തികച്ചും മാനസികസംഘട്ടനങ്ങൾകൊണ്ടും മനസ്സിന്റെ പ്രവൃത്തിതത്ത്വങ്ങളിലുണ്ടാകുന്ന വ്യതിയാനംമൂലവും ആണെന്ന് ഫ്രോയ്ഡ് ഉറപ്പിച്ചുപറഞ്ഞു.

ബോധമനസ്,[15] ഉപബോധമനസ്,[16] അബോധമനസ് (conscious,subconscious,unconscious)[17] എന്നിങ്ങനെ മൂന്നായി മനസ്സിന്റെ പ്രവർത്തനങ്ങളെ ഫ്രോയ്ഡ് തരംതിരിച്ചു. ഒരു പ്രത്യേക സമയത്ത് ഒരാളുടെ ഓർമയിലുള്ളതെല്ലാം ബോധമണ്ഡലത്തിലും തത്ക്കാലം ഓർമയിലില്ലെങ്കിലും അല്പം ശ്രമിച്ചാൽ ഓർമിക്കാൻ കഴിയുന്നവ ഉപബോധമണ്ഡലത്തിലും നേരായ മാർഗങ്ങളിലൂടെ ഓർമിക്കുവാൻ വയ്യാതെ അഗാധതയിലേക്കു പോയവ അബോധമണ്ഡലത്തിലും നിക്ഷിപ്തമായിരിക്കുന്നു. ജന്മവാസനകളും ദുരന്താനുഭവങ്ങളും സംഘട്ടനങ്ങളും മോഹഭംഗങ്ങളും കുറ്റബോധങ്ങളും സദാ ഓർമിച്ചുകൊണ്ടിരുന്നാൽ സ്വസ്ഥത നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് ഇവയെ ഒതുക്കിവയ്ക്കുന്ന തലമാണ് അബോധമനസ്.

മനസ്സിന്റെ പ്രവർത്തനതലങ്ങളെ ഇങ്ങനെ വിഭജിച്ചപോലെതന്നെ മനസ്സിന്റെ ഘടനയെയും ഇഡ് (Id), ഈഗോ (Ego), സൂപ്പർ ഈഗോ (Super Ego) എന്നു മൂന്നായി തിരിച്ചിരിക്കുന്നു.[18] ജന്മവാസനകൾക്കെല്ലാംകൂടി നൽകപ്പെട്ട പേരാണ് ഇഡ്. ഉടനടിയുള്ള ആഗ്രഹനിവൃത്തിയും ആനന്ദലബ്ധിയുമാണ് ഇഡിന്റെ പ്രവർത്തനതത്ത്വം. ഈ പ്രവർത്തനങ്ങൾ മുഴുവനും അബോധതലത്തിലായിരിക്കും. സാമൂഹ്യശാസനങ്ങൾ, ആചാരമര്യാദകൾ എന്നിവയിൽനിന്നും തെറ്റിനെപ്പറ്റിയും ശരിയെപ്പറ്റിയുമുള്ള ഒരു വൈയക്തികബോധം രൂപം കൊള്ളുന്നതിനെ സൂപ്പർ ഈഗോ എന്ന് പറയുന്നു. സാധാരണഗതിയിൽ മനഃസാക്ഷി എന്നു വിളിക്കുന്നത് ഇതിനെയാണ്. സ്വന്തം പ്രവൃത്തികൾ ശരിയോ തെറ്റോ എന്ന് ചൂണ്ടിക്കാട്ടി നിയന്ത്രണം പാലിക്കുകയാണ് ഇത് ചെയ്യുന്നത്. ഇഡിലും സൂപ്പർ ഈഗോയിലും ബന്ധം സ്ഥാപിച്ചുകൊണ്ട് യാഥാർഥ്യബോധത്തോടെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ട് ജീവിതം സുഗമമാക്കിത്തീർക്കുകയാണ് ഈഗോയുടെ പ്രവർത്തനം. ഈഗോ മുക്കാലും ബോധതലത്തിൽതന്നെയും, സൂപ്പർ ഈഗോ അബോധതലത്തിലും ബോധതലത്തിലുമായും പ്രവർത്തിക്കുന്നു. ഈഗോയ്ക്ക് ഇഷ്ടപ്പെടാത്തതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ കാര്യങ്ങൾ റിപ്രഷൻ (repression) എന്നു പറയുന്ന ഒരു മാനസികപ്രക്രിയ വഴി അബോധമനസ്സിൽ പൂഴ്ത്തിവയ്ക്കുന്നു. സാധാരണരീതിയിൽ ഇത്തരം പൂഴ്ത്തപ്പെട്ട വികാരങ്ങൾ ബോധമണ്ഡലത്തിൽ പ്രവേശിക്കാറില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ ഈ വികാരാനുഭൂതികൾ പ്രതിരോധങ്ങളെ മറികടന്ന് ബോധതലത്തിലേക്ക് പ്രവേശിക്കും. ഈഗോയും ഇഡും തമ്മിൽ ഈ സമയത്തുണ്ടാകുന്ന സംഘട്ടനം ആശങ്കയും വ്യാകുലതയും ഉണ്ടാക്കിത്തീർക്കുന്നു. മാനസികാപഗ്രഥനതത്ത്വപ്രകാരം ഈ സംഘട്ടനങ്ങളാണ് മനോരോഗങ്ങൾക്കു നിദാനം.

സാധാരണരീതിയിൽ ഈഗോ തന്റെ രക്ഷയ്ക്കായി അനവധി രക്ഷാകവചങ്ങൾ ചില മാനസികതന്ത്രങ്ങൾവഴി ഉണ്ടാക്കുന്നു. ഈ രക്ഷാകവചങ്ങളെ 'മെന്റൽ മെക്കാനിസം' അല്ലെങ്കിൽ 'ഡിഫൻസ് മെക്കാനിസം' (mental mechanism or defence mechanism) എന്നു പറയുന്നു.[19] സംഘട്ടനങ്ങളെ ഇവകൊണ്ട് നേരിടാൻ കഴിയാതെ വരുമ്പോൾ വ്യക്തി ലഘുമനോരോഗങ്ങളിലേക്കും, അതുകൊണ്ടും സാധ്യമല്ലാത്ത അവസ്ഥയായാൽ ഉൻമാദരോഗങ്ങളിലേക്കും പതിക്കുന്നു.

ഫ്രോയ്ഡ് വിശദീകരിച്ച ഈ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ചില നവീകരണങ്ങളും പുനഃക്രമീകരണങ്ങളും ഇദ്ദേഹത്തിന്റെ പിൻഗാമികളായ ആഡ്‌ലർ, കാൾ യുങ്ങ്, ഓട്ടോ റാങ്ക്, കരൺ ഹോർണി, എച്ച്. സള്ളിവൻ തുടങ്ങിയവർ ചെയ്തിട്ടുണ്ട്. ഇതിൽനിന്നും വ്യത്യസ്തമായ സിദ്ധാന്തങ്ങളും പിന്നീട് ഉണ്ടായി. പഠനപ്രക്രിയയും പഠന തത്ത്വങ്ങളും (learning and learning principles)[20] ഉപയോഗിച്ച് പല മനോരോഗങ്ങളും വിശദീകരിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതാണ് ആധുനികരീതി.

മാനസിക ചികിത്സ

[തിരുത്തുക]

(Psychotherapy)

മനഃശാസ്ത്രതത്ത്വങ്ങൾ ഉപയോഗിച്ച് മനോരോഗങ്ങളെ ചികിത്സിക്കുന്ന രീതിക്കാണ് സൈക്കോതെറാപ്പി എന്നു പറയുന്നത്. ഫ്രോയ്ഡിന്റെ മാനസികാപഗ്രഥനം (Psychoanalysis)[21] ആണ് ഇതിന്റെ തുടക്കം. ഇതിനെ തുടർന്ന് തികച്ചും വ്യത്യസ്തമായ ചികിത്സാസമ്പ്രദായങ്ങൾ പ്രാബല്യത്തിൽ വന്നു. ബിഹേവിയർ തെറാപ്പി (Behaviour Therapy)[22] ആണ് ഇതിന്റെ ഒരു ആധുനികശാഖ. ജീവിതം സുഗമമായി പോകുന്നതിന് പ്രതിബന്ധമായി നില്ക്കുന്ന ശീലങ്ങളുടെ സ്ഥാനത്ത് കൂടുതൽ ആരോഗ്യകരമായ ശീലങ്ങളെ പഠിപ്പിച്ചുറപ്പിക്കുകയാണ് ഇതിൽ ചെയ്യുന്നത്.

രോഗലക്ഷണങ്ങൾ പരിപൂർണമായി മാറ്റുക, അതുസാധ്യമല്ലാത്ത സ്ഥാനത്ത് അവയുടെ കാഠിന്യം കുറയ്ക്കുക, വ്യക്തിത്വത്തെ പുഷ്ടിപ്പെടുത്തി ചുറ്റുപാടുമായി പൊരുത്തപ്പെട്ടു ജീവിക്കുവാൻ സഹായിക്കുക എന്നിവയാണ് എല്ലാത്തരം സൈക്കോത്തെറാപ്പിയുടെയും ലക്ഷ്യം.

ഇതുകൂടികാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-01. Retrieved 2011-10-03.
 2. http://www.who.int/classifications/icd/en/
 3. http://www.nimh.nih.gov/health/topics/anxiety-disorders/index.shtml
 4. http://phobialist.com/
 5. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-25. Retrieved 2011-10-03. Archived 2010-02-25 at the Wayback Machine.
 6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-04. Retrieved 2011-10-03.
 7. http://www.socialphobia.org/whatis.html
 8. http://emedicine.medscape.com/article/294508-overview
 9. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-23. Retrieved 2011-10-03.
 10. http://webspace.ship.edu/cgboer/genpsymooddisorders.html
 11. http://www.nlm.nih.gov/medlineplus/ency/article/000766.htm
 12. http://emedicine.medscape.com/article/288379-overview
 13. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-07. Retrieved 2011-10-03.
 14. http://www.apa.org/divisions/div33/docs%5C27-2.pdf
 15. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-09. Retrieved 2009-09-09.
 16. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-25. Retrieved 2011-10-04.
 17. http://www.psychologytoday.com/basics/unconscious
 18. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-23. Retrieved 2011-10-04.
 19. http://drsanity.blogspot.com/2004/08/psychiatry-101-defense-mechanisms.html
 20. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-09-15. Retrieved 2011-10-04.
 21. http://www.freudfile.org/psychoanalysis/definition.html
 22. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-28. Retrieved 2011-10-04.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപസാമാന്യ മനഃശാസ്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപസാമാന്യ_മനഃശാസ്ത്രം&oldid=3930439" എന്ന താളിൽനിന്ന് ശേഖരിച്ചത്