Jump to content

തോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്ലോക്ക് 17 പിസ്റ്റൾ

വെടിമരുന്നിന് തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന വാതകങ്ങ‌ളുടെ തള്ളൽ പ്രയോജനപ്പെടുത്തി ഒന്നോ അതിലധികമോ പ്രൊജക്ടൈലുകൾ (വെടിയുണ്ട) അതിവേഗത്തിൽ പുറത്തുവിടുന്ന തരം ആയുധത്തെയാണ് തോക്ക് (firearm) എന്നുവിളിക്കുന്നത്. പണ്ടുകാലത്തെ തോക്കുകളിൽ കരിമരുന്നായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പുകയില്ലാത്ത വെടിമരുന്നാണ് ഉപയോഗിക്കപ്പെടുന്നത്. മിക്ക ആധുനിക തോക്കുകൾക്കും വെടിയുണ്ടയ്ക്ക് കറക്കം (spin) നൽകാനുള്ള റൈഫ്ലിംഗ് ഉണ്ടെങ്കിലും ഇതില്ലാത്ത മിനുസമുള്ള കുഴലോടുകൂടിയ തോക്കുകളുമുണ്ട്.

പശ്ചാത്തലം

[തിരുത്തുക]

ചൈനയിലെ ശാസ്ത്രജ്ഞർ എ.ഡി. 700 മുതൽ പലതരം വെടിമരുന്നുകൾ വികസിപ്പിച്ചിരുന്നു. തീക്കുന്തങ്ങൾ, ഒന്നിൽ കൂടുതൽ കുഴലുകളുള്ള തോക്കുകൾ, ഒന്നിൽ കൂടുതൽ റോക്കറ്റുകൾ തൊടുത്തുവിടാനുള്ള സംവിധാനങ്ങൾ, ആദ്യത്തെ പീരങ്കി (ഓടുപയോഗിച്ചുണ്ടാക്കിയത്) എന്നിവയൊക്കെ ചൈനക്കാർ വികസിപ്പിച്ചിരുന്നു. പല നൂറ്റാണ്ടുകൾക്ക് ശേഷം യൂറോപ്പിലെ ഇരുണ്ട യുഗത്തിന്റെ അവസാന സമയത്ത് "ഫയറാം" എന്ന പദം പഴയ ഇംഗ്ലീഷിൽ ഉപയോഗിക്കപ്പെട്ടു.

"ഗൺ" എന്ന വാക്ക് സൈനികർ വെടിയുണ്ട അതിവേഗത്തിൽ പായിക്കുന്ന ആർട്ടിലറി തോക്കുകളെ വിവക്ഷിക്കാനാണുപയോഗിക്കുക. ഫീൽഡ് ഗൺ, ടാങ്ക് ഗൺ എന്നിവ ഉദാഹരണം. നായാട്ടുകാർ ഷോട്ട് ഗൺ എന്ന തരം തോക്കിനെയും ഗൺ എന്ന് വിളിക്കാറുണ്ട്. റൈഫിൾ, കാർബൈൻ, പിസ്റ്റളുകൾ മുതലായ ചെറിയ തോക്കുകൾ ഗൺ എന്ന് വിവക്ഷിക്കപ്പെടാറില്ല.

തോക്കുകൾ കണ്ടുപിടിക്കപ്പെട്ട് താമസിയാതെ തന്നെ അവ പരക്കെ ഉപയോഗിക്കപ്പെടാൻ തുടങ്ങി. ആധുനിക യുദ്ധമുറ തോക്കുകളെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. തോക്കുകൾ സൈനികവിഭാഗങ്ങളുടെ പ്രവർത്തനത്തെ പാടേ മാറ്റിമറിച്ചിട്ടുണ്ട്.

കൈത്തോക്കുകളും നീളമുള്ള തോക്കുകളും നിറയൊഴിക്കുമ്പോൾ ബുള്ളറ്റ് ആണ് പുറത്തേയ്ക്ക് പോകുന്നത്. പഴയകാല പീരങ്കികളിലും തോക്കുകളിലും ലെഡ്(ഈയം) വെടിയുണ്ടയായിരുന്നു ഉപയോഗിച്ചിരുന്നത്. മദ്ധ്യകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന കവണകളിൽ ഉപയോഗിച്ചിരുന്ന ഈയഉണ്ടകൾ പീരങ്കികളിലും ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴുള്ള വെടിയുണ്ടകളുടെ ആകൃതി ആദ്യകാല പീരങ്കിയുണ്ടകൾക്ക് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇരുമ്പുകൊണ്ടുണ്ടാക്കിയ ഗോളങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ചെറിയ തോക്കിൽ നിന്ന് പായിക്കുന്ന ഉണ്ടകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത് 1899-ലെയും 1907-ലെയും ഹേഗ് ഉടമ്പടികൾ പ്രകാരം നിരോധിക്കപ്പെട്ടിട്ടുണ്ട്. അഗ്രം പൊള്ളയാക്കിയ വെടിയുണ്ടകളും സ്ഫോടകശേഷി കാരണം നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വലിയ പീരങ്കികളിലെ ഉണ്ടകളിൽ പത്തൊൻപതാം നൂറ്റാണ്ടുമുതൽ വെടിമരുന്ന് ഉപയോഗിക്കാൻ തുടങ്ങി.

പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കരിമരുന്നുപയോഗിച്ച് തോക്കിൻ കുഴലിലൂടെ ഉണ്ട നിറയ്ക്കുന്ന സംവിധാനമായിരുന്നു നിലവിലുണ്ടായിരുന്നത്. ആവശ്യത്തിന് മരുന്നും ഒരു വെടിയുണ്ടയും ഒരു പൊതിയിൽ വിതരണം ചെയ്യുന്ന സംവിധാനം സൗകര്യത്തിനായി നിലവിൽ വന്നു. ഇത് പരിണമിച്ച് സിലിണ്ടർ ആകൃതിയിലുള്ള ലോഹ ഉറയ്ക്കുള്ളിൽ വെടിയുണ്ടയും വെടിമരുന്നും സമ്മർദ്ദമുണ്ടാകുമ്പോൾ തീപിടിച്ച് വെടിമരുന്നിന് തീപിടിക്കാൻ സഹായിക്കുന്ന പ്രൈമർ എന്ന സംവിധാനവും നിറയ്ക്കുന്ന രീതി നിലവിൽ വന്നു. ഇത്തരം കാട്രിഡ്ജുകൾ (Cartridge) പരക്കെ സ്വീകരിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തോടെ തോക്കുകളിൽ പരക്കെ ഇവ ഉപയോഗിക്കപ്പെടാൻ തുടങ്ങി.

വെടിമരുന്ന് പൂർണ്ണമായി കത്താത്തതിനാലുണ്ടാകുന്ന അവശിഷ്ടങ്ങളും വെടിയുണ്ടയുടെ ഭാഗങ്ങളും അടിഞ്ഞുകൂടി തോക്കിന്റെ പ്രവർത്തനത്തെ പലപ്പോഴും ബാധിക്കാറുണ്ട്. ഇതൊഴിവാക്കാൻ തോക്കുകൾ ഇടയ്ക്കിടെ അഴിച്ച് വൃത്തിയാക്കേണ്ടത് ആവശ്യമാണ്.

ചെറുതോക്കുകൾ (കൈത്തോക്കുകൾ) ഒരാൾക്ക് വസ്ത്രത്തിനുള്ളിൽ സൂക്ഷിക്കുവാനും കൊണ്ടുനടക്കുവാനും സാധിക്കുന്ന തരം തോക്കുകളാണ്. സാധാരണഗതിയിൽ 15 മില്ലീമീറ്ററിനു താഴെ വ്യാസമുള്ള വെടിയുണ്ടകൾ നിറയ്ക്കുന്ന തോക്കുകളെയാണ് ചെറുതോക്കുകൾ എന്ന് വിളിക്കുന്നത്. പിസ്റ്റളുകൾ 50 മീറ്റർ ദൂരം വരെയേ കൃത്യത കാണിക്കുകയുള്ളൂവെങ്കിൽ റൈഫിളുകൾകൊണ്ട് 500 മീറ്റർ വരെ ദൂരത്തിൽ കൃത്യമായി വെടിവയ്ക്കാൻ സാധിക്കും. രണ്ടു കിലോമീറ്ററിലധികം ദൂരം കൃത്യതയോടെ വെടിവയ്ക്കാനാവുന്ന സ്നൈപ്പർ റൈഫിളുകളുണ്ട്.

തോക്കുകളുടെ നിർമ്മാണം വലിയ വ്യവസായമേഖലയാണ്.[1]

ചരിത്രം

[തിരുത്തുക]

ചൈനയിലെ സിച്ചുവാനിലെ ഒരു ഗുഹയിലെ ശിൽപ്പമാണ് തോക്കിന്റെ ആദ്യ ദൃശ്യാവിഷ്കാരം. പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ് ഈ ശില്പം. കൂജ പോലെയുള്ള ഒരു വസ്തു ഒരാൾ പിടിച്ചിരിക്കുന്നതും തീജ്വാലകളും ഒരു പീരങ്കിയുണ്ടയും ഇതിൽ നിന്ന് പുറത്തുവരുന്നതുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.[2] ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പഴയ തോക്ക് ലഭിച്ചിട്ടുള്ളതും ചൈനയിൽ നിന്നാണ്. 1288-ലേതെന്നു കരുതുന്ന ഈ പീരങ്കി ഓടുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.[3] ഒരിഞ്ച് വ്യാസമുള്ളതായ കുഴലാണ് ഈ പീരങ്കിക്കുണ്ടായിരുന്നത്.[4]

പതിനാലാം നൂറ്റാണ്ടിലാണ് യൂറോപ്യന്മാർക്കും അറബുകൾക്കും തോക്കുകൾ ലഭ്യമായത്.[4] തുർക്കികൾ, ഇറാൻ‌കാർ, ഇന്ത്യക്കാർ എന്നിവർക്ക് പതിനഞ്ചാം നൂറ്റാണ്ടുവരെ തോക്കുകൾ ലഭിച്ചിരുന്നില്ല. ഇവരെല്ലാം നേരിട്ടോ അല്ലാതെയോ യൂറോപ്യന്മാരിൽ നിന്നാണ് തോക്കുകൾ കരസ്ഥമാക്കിയത്.[4] പതിനാറാം നൂറ്റാണ്ടുവരെ ജപ്പാൻകാർക്ക് വെടിമരുന്ന് ലഭ്യമായിരുന്നില്ല. ജപ്പാന് വെടിമരുന്ന് ലഭ്യമായത് ചൈനക്കാരിൽ നിന്നല്ല, മറിച്ച് പോർച്ചുഗീസുകാരിൽ നിന്നാണ്.[4]

1800കളിലും, 1900ങ്ങളിലും തോക്കുകളുടെ വികാസം വേഗതയാർജ്ജിച്ചു. തോക്കിന്റെ മുന്നറ്റത്തുകൂടി വെടിയുണ്ടനിറയ്ക്കുന്നതിനു (മസിൽ ലോഡിംഗ്) പകരം പിന്നറ്റത്തുകൂടി (ബ്രീച്ച് ലോഡിംഗ്) നിറയ്ക്കുന്ന സംവിധാനം ചെറിയ തോക്കുകളിൽ പ്രചാരം നേടി. മോർട്ടാറുകൾ ഒഴികെ മറ്റു തോക്കുകളിൽ ഇപ്പോഴും ഈ സംവിധാനമാണ് ഉപയോഗിക്കപ്പെടുന്നത്. ഓരോ പ്രാവശ്യവും തിര നിറയ്ക്കുന്നതിനു പകരം ധാരാളം കാട്രിഡ്ജുകൾ കൊള്ളുന്ന മാഗസിനുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇവ പെട്ടെന്ന് തോക്കിൽ തിര നിറച്ച് വെടിവയ്ക്കാനുള്ള സാദ്ധ്യത തുറന്നുകൊടുത്തു. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് എന്നീ സംവിധാനങ്ങൾ ഒരു സൈനികന് മിനിട്ടിൽ വളരെക്കൂടുതൽ വെടിയുതിർക്കാനുള്ള കഴിവ് നൽകി. തോക്കുകൾ നിർമ്മിക്കുന്നതിൽ പുതിയ ലോഹക്കൂട്ടുകളും പോളിമറുകളും ഉപയോഗിക്കുന്നത് തോക്കുകളുടെ ഭാരം കുറച്ചു കൊണ്ടുവന്നു. ഗോളാകൃതിയിലുള്ള വെടിയുണ്ടകൾക്ക് പകരം വായുവിന്റെ ഘർഷണം കുറയ്ക്കുന്ന തരം രൂപമുള്ള ബുള്ളറ്റുകൾ നിലവിൽ വന്നു. കൃത്യതയും ക്രമേണ കൂടിവരുകയാണ് ചെയ്യുന്നത്. തോക്കുകൾ ധാരാളമായി ഉണ്ടാക്കാനുള്ള സംവിധാനങ്ങളാണ് തോക്കുകളുടെ വ്യാപനത്തിന് പ്രധാന കാരണം.

തോക്കുകളുടെ പ്രവർത്തനത്തിനുപിന്നിലുള്ള പ്രധാന തത്ത്വം തുടക്കം മുതൽ ഇതുവരെ മാറിയിട്ടില്ല. കത്തുന്ന വെടിമരുന്നിൽ നിന്നുണ്ടാകുന്ന വാതകങ്ങളുടെ സ്ഫോടനമാണ് അന്നും ഇന്നും വെടിയുണ്ടയെ തോക്കിൻ കുഴലിൽ നിന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.

തോക്കുകളുടെ പരിണാമം

[തിരുത്തുക]

ആദ്യ മോഡലുകൾ

[തിരുത്തുക]

തീക്കുന്തങ്ങൾ

[തിരുത്തുക]

ചൈനക്കാർ ഉപയോഗിച്ചിരുന്ന തീക്കുന്തങ്ങളാണ് (ഫയർ ലാൻസ്) ഇന്നുപയോഗിക്കുന്ന തോക്കുകളുടെ പൂർവ്വികൻ. ഇത് ഒരു തോക്കായിരുന്നില്ല, കുന്തത്തിൽ ഘടിപ്പിച്ച ഒരധിക ഉപാധിയായിരുന്നു. മുളയോ, പേപ്പറോ കൊണ്ടുണ്ടാക്കിയ കുഴലിനകത്ത് വെടിമരുന്ന് നിറച്ച് തീകൊളുത്തി കുന്തം ചാണ്ടുകയായിരുന്നു ചെയ്തിരുന്നത്. ശത്രുക്കൾക്കെതിരേ തീതുപ്പുന്ന ഒരു യന്ത്രം എന്ന നിലയ്ക്കായിരുന്നു പ്രയോഗം. ചിലപ്പോൾ തെറിച്ചു ചെന്ന് ശത്രുവിന്റെ മേൽ കൊള്ളാനുദ്ദേശിച്ചുകൊണ്ട് ചെറിയ വസ്തുക്കളും കുഴലിനകത്ത് നിറയ്ക്കുമായിരുന്നു. പിന്നീട് കുഴൽ ഉരുക്കുകൊണ്ട് നിർമ്മിക്കാൻ തുടങ്ങി.[4]

കൈപ്പീരങ്കികൾ

[തിരുത്തുക]
ഒരു സ്റ്റാൻഡിൽ ഘടിപ്പിച്ച് കൈപ്പീരങ്കി നിറയൊഴിക്കുന്നു. "ബെല്ലി ഫോർട്ടിസ്", മാനുസ്ക്രിപ്റ്റ്, കോൺറാഡ് കൈസർ, 1400

ഇത് കുഴലിനു മുന്നിലൂടെയായിരുന്നു നിറച്ചിരുന്നത്. കുഴലിനു പിന്നിലെ തിരി കത്തിച്ചായിരുന്നു നിറയൊഴിച്ചിരുന്നത്. ഉന്നം പിടിക്കാനുള്ള ബുദ്ധിമുട്ടുകാരണം ഇതിന്റെ ഉപയോഗം വളരെക്കുറവായിരുന്നുവത്രേ. ഇവ ആർട്ടിലറി തോക്കുകൾക്കും ആർക്വെബസ് എന്ന തോക്കുകൾക്കും വഴിമാറി.

മസ്ക്കറ്റുകൾ

[തിരുത്തുക]

ആദ്യം വികസിപ്പിക്കപ്പെട്ട ചെറുതോക്കുകളിൽ കുഴലിലൂടെ, മുന്നിൽ നിന്ന് തിര നിറയ്ക്കുന്ന (മസിൽ ലോഡിംഗ്) മസ്കറ്റുകളും പെടും. വെടിമരുന്ന് തുണിയോ പഞ്ഞിയോ (വാഡിംഗ്) വച്ച് കുത്തിനിറച്ചശേഷം ഉണ്ട നിറയ്ക്കുന്നതായിരുന്നു രീതി. ഈയം കൊണ്ടുള്ള ഗോളമായിരുന്നു സാധാരണഗതിയിൽ വെടിയുണ്ട. പക്ഷേ കല്ലുകളും ഈ ആയുധത്തിൽ വെടിയുണ്ടകളായി ഉപയോഗിക്കാമായിരുന്നു. ഇപ്പോഴും (ചിലപ്പോൾ റൈഫ്ലിംഗ് ഉള്ള) മസിൽ ലോഡിംഗ് തോക്കുകൾ ഉണ്ടാക്കപ്പെടുന്നുണ്ട്. ഓരോ തവണയും തോക്ക് ആദ്യം മുതൽ മുന്നിൽ നിന്ന് നിറയ്ക്കേണ്ടി വരുമായിരുന്നു. ഇതിനിടെ ഒരു അമ്പെയ്ത്തുകാരന് പലതവണ അമ്പുകളയക്കാൻ സാധിക്കുമായിരുന്നുവത്രേ. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ പരിശീലനം സിദ്ധിച്ച ഒരു മസ്കറ്റ് ധാരിക്ക് മിനിട്ടിൽ ആറുതവണ കാർട്രിഡ്ജുകൾ ഉപയോഗിച്ച് വെടിവയ്ക്കാൻ സാധിക്കുമായിരുന്നുവത്രേ.

റോമൻ കാൻഡിൽ ഗൺ എന്ന പേരിൽ മസ്കറ്റിൽ ഉണ്ടകൾ ഒന്നിനു പിറകേ ഒന്നായി നിറച്ച് അവ ഓരോന്നായി വെടിവയ്ക്കാനുതകുന്ന ഒരു സംവിധാനം പണ്ടുണ്ടായിരുന്നു. ഇത് എപ്പോഴും വിശ്വസനീയമായിരുന്നില്ല.[5]

തിരനിറയ്ക്കാനുള്ള സംവിധാനങ്ങൾ

[തിരുത്തുക]

മിക്ക ആദ്യകാല തോക്കുകളും കുഴലിന്റെ മുന്നിൽ നിന്ന് തിര നിറയ്ക്കുന്ന സംവിധാനമുള്ളവയായിരുന്നു. ഇത്തരം വെടിയുണ്ട നിറയ്ക്കലിന് പല ദോഷങ്ങളുമുണ്ട്. സാവധാനം മാത്രം തിരനിറച്ച് വെടിവയ്ക്കാൻ സാധിക്കുക, വീണ്ടും തിര നിറയ്ക്കുന്ന സമയത്ത് എതിരാളികൾ വെടിവയ്ക്കാനുള്ള സാദ്ധ്യത എന്നിവയായിരുന്നു പ്രധാന പ്രശ്നങ്ങൾ.

കുഴലിന്റെ പിന്നിൽ നിന്ന് തിരനിറയ്ക്കാനുള്ള സംവിധാനം (ബ്രീച്ച് ലോഡിംഗ്) വന്നതോടെ പതിയെ മുന്നിൽ നിന്ന് തിരനിറയ്ക്കുന്ന സംവിധാനത്തിന്റെ പ്രചാരം നഷ്ടപ്പെട്ടു. തനിയെ തിര നിറയുന്ന സംവിധാനം (സെൽഫ് ലോഡിംഗ്) ആയിരുന്നു അടുത്ത പടി.

വെടിവയ്ക്കാനുള്ള സംവിധാനങ്ങൾ

[തിരുത്തുക]

മാച്ച് ലോക്ക്

[തിരുത്തുക]

മാച്ച് ലോക്ക് എന്ന സംവിധാനമായിരുന്നു വെടിമരുന്നിന് തീ കൊടുക്കാനുള്ള ആദ്യ സംവിധാനം. മാച്ച് എന്നറിയപ്പെട്ടിരുന്ന കത്തുന്ന ഒരു തിരി ഉപയോഗിച്ചാണ് വെടിമരുന്ന് ആദ്യകാലത്ത് കത്തിച്ചിരുന്നത്. കാഞ്ചി വലിക്കുമ്പോൾ തിരി കുഴലിന്റെ പിന്നിലുള്ള ഒരു ചെറിയ ദ്വാരത്തിൽ സ്പർശിക്കുകയും ഇതോടെ വെടിമരുന്നിന് തീ പിടിക്കുകയുമായിരുന്നു ചെയ്തിരുന്നത്.

വീൽ ലോക്ക്

[തിരുത്തുക]

കത്തുന്ന തിരി വെടിമരുന്നു സൂക്ഷിക്കുന്ന സ്ഥലത്തു വയ്ക്കുക എന്നതായിരുന്നു മാച്ച് ലോക്കിന്റെ ഒരു പ്രശ്നം. വീൽ ലോക്കിൽ സിഗററ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്നതുമാതിരി ഒരു ചക്രം കറങ്ങുകയും അത് ഒരു ഫ്ലിന്റുമായി ഉരസി ഉണ്ടാകുന്ന തീപ്പൊരികൾ വെടിമരുന്നിന് തീ കൊടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഡാ വിഞ്ചിയാണത്രേ ഇത് കണ്ടുപിടിച്ചത്. ക്ലോക്കിന്റേതുപോലുള്ള സ്പ്രിംഗുകളും മറ്റും വേണ്ടതിനാൽ ഈ സംവിധാനത്തിന്റെ ചെലവ് അധികമായിരുന്നു. അതിനാൽ ഇതിന് വലിയ പ്രചാരം ലഭിച്ചില്ല.

ഫ്ലിന്റ് ലോക്ക്

[തിരുത്തുക]

ചെറുതോക്കുകളുടെ നിർമ്മാണചരിത്രത്തിലെ ഒരു പ്രധാന മുന്നേറ്റമായിരുന്നു ഫ്ലിന്റ് ലോക്കിന്റെ കണ്ടുപിടിത്തം. ഒരു കഷണം ക്വാർട്ട്സ് മിനറൽ (ഫ്ലിന്റ്) കാഞ്ചിവലിക്കുമ്പോൾ ഉരുക്കിൽ (ഫ്രിസ്സൺ) തട്ടി തീപ്പൊരികളുണ്ടായാണ് വെടിമരുന്നിന് തീ പിടിക്കുന്നത്. ഓരോ പ്രാവശ്യവും വെടിവച്ച ശേഷം ഫ്ലിന്റ് തിരികെ വലിച്ചുവയ്ക്കേണ്ടിയിരുന്നു. ഫ്ലിന്റ് ഇടയ്ക്കിടെ മാറ്റി വയ്ക്കേണ്ടിയും വരുമായിരുന്നു. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ഫ്ലിന്റ് ലോക്ക് മസ്കറ്റുകളിലും റൈഫിളുകളിലും ധാരാളമായി ഉപയോഗിക്കാറുണ്ടായിരുന്നു.

പെർക്യൂഷൻ ക്യാപ്പ്

[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിലാണ് ഈ സംവിധാനം പരക്കെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. ഇത് ഫ്ലിന്റ് ലോക്കിനേക്കാൾ വളരെ മെച്ചമായ സംവിധാനമായിരുന്നു. തോക്കിന്റെ കാഞ്ചി വലിക്കുമ്പോൾ ഹാമർ എന്ന ഭാഗം ശക്തിയോടെ പെർക്യൂഷൻ ക്യാപ്പ് എന്ന ഭാഗത്ത് ഇടിക്കുകയും ഈ ആഘാതത്താൽ പ്രൈമർ ചാർജ്ജ് എന്ന പ്രത്യേക കൂട്ട് കത്തുകയും ഈ തീ പടർന്ന് വെടിമരുന്ന് കത്തുകയുമായിരുന്നു ചെയ്തിരുന്നത്.

ഈ സംവിധാനത്തിൽ വെടിമരുന്ന് നനഞ്ഞുപോകാനുള്ള സാദ്ധ്യത കുറവാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ മസിൽ ലോഡ് ചെയ്യുന്ന എല്ലാ തോക്കുകളിലും പെർക്യൂഷൻ ക്യാപ്പ് സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയത്രേ.

കാട്രിഡ്ജുകൾ

[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിവരെ വെടിയുണ്ടകളും വെടിമരുന്നും പ്രത്യേകം പ്രത്യേകമാണ് വിതരണം ചെയ്യപ്പെട്ടിരുന്നത്. ഇവ ഒറ്റ സിലിണ്ടറിൽ വിതരണം ചെയ്യപ്പെടാൻ തുടങ്ങിയത് തോക്കുകളുടെ നിർമ്മാണത്തിൽ ഒരു കുതിച്ചുചാട്ടമായിരുന്നു. ഇതിൽ വെടിയുണ്ടയും പെർക്കഷൻ ക്യാപ്പും വെടിമരുന്നും ഒരുമിച്ച് നിറയ്ക്കപ്പെട്ടിരുന്നു. വെടിമരുന്ന നനഞ്ഞുപോകാനുള്ള സാദ്ധ്യതയും ഏറ്റവും കുറവ് ഈ സംവിധാനത്തിനായിരുന്നു. വെടിമരുന്ന് കത്തുമ്പോളുണ്ടാകുന്ന വാതകങ്ങൾ പിന്നിലേയ്ക്ക് ചോർന്നുപോകാതെ സൂക്ഷിക്കാനും ഈ സംവിധാനം കൊണ്ട് സാധിച്ചിരുന്നു. തുടർച്ചയായി വെടിയുതിർക്കാവുന്ന തരം യന്ത്രത്തോക്കുകളുടെ നിർമ്മാണത്തിലേയ്ക്ക് നയിച്ചത് ഈ കണ്ടുപിടിത്തമായിരുന്നു.

ഈ കണ്ടുപിടിത്തം നടക്കുന്നതിനു മുൻപ് കാട്രിഡ്ജ് എന്നറിയപ്പെട്ടിരുന്നത് അളന്നെടുത്ത ഒരളവ് വെടിമരുന്നും ഒരു വെടിയുണ്ടയും വാഡും ഒരു പൊതിയിൽ വിതരണം ചെയ്യുന്നതിനെയായിരുന്നു. ഇത് തോക്കിന്റെ കുഴലിലൂടെ അകത്തേയ്ക്കിട്ട് തീ കൊടുത്തായിരുന്നു വെടിവയ്ക്കാനായി തോക്കിനെ തയ്യാറാക്കിയിരുന്നത്. പ്രൈമർ മിശ്രിതം കാട്രിഡ്ജിന്റെ മദ്ധ്യത്തിൽ ഇരിക്കുന്ന സെന്റർ ഫയർ സംവിധാനവും ഒരു വലയമായി വിന്യസിക്കുന്ന സമ്പ്രദായവും (റിം ഫയർ) നിലവിലുണ്ട്. ഇതിൽ സെന്റർ ഫയർ സംവിധാനമാണ് സുരക്ഷിതവും കൂടുതൽ ശക്തിയിൽ വെടിയുണ്ട പായിക്കാനുള്ള സാദ്ധ്യത നൽകുന്നതും.

തുടർച്ചയായി ഉപയോഗിക്കാവുന്നതും, സെമി ഓട്ടോമാറ്റിക്കും ഓട്ടോമാറ്റിക്കുമായ തോക്കുകൾ

[തിരുത്തുക]

വിവിധ തരം തോക്കുകൾ

[തിരുത്തുക]

പായുന്ന ബുള്ളറ്റിന്റെ എതിർദിശയിൽ തോക്കിനുണ്ടാകുന്ന പിന്നോട്ടടിയാണ് റീകോയിൽ. വെടിവയ്ക്കുന്ന ആൾക്ക് ഇത് ഒരു 'കിക്ക്' ആയി അനുഭവപ്പെടുന്നു. അടിസ്ഥാന തത്ത്വമായ സംവേഗസംരക്ഷണത്തിന്റെ (conservation of momentum) ഫലമാണ് തോക്കിന്റെ റീകോയിൽ. സ്ഫോടനഫലമായുണ്ടാകുന്ന ബലം (force) ആണ് ബുള്ളറ്റിനെ പുറത്തേക്കു പായിക്കുന്നത്. ബുള്ളറ്റിന്റെ ദ്രവ്യമാനം m-ഉം പ്രവേഗം v -യും ആയാൽ അതിന്റെ സംവേഗം mv ആയിരിക്കും. ബുള്ളറ്റിന്റെ എതിർദിശയിൽ തോക്കിനും ഇതേ സംവേഗമുണ്ടായിരിക്കണം. തോക്കിന്റെ ദ്രവ്യമാനം M -ഉം റീകോയിൽ പ്രവേഗം V-യും ആണെങ്കിൽ MV= -mv. ഭാരം കൂടിയ തോക്കിന് കുറഞ്ഞ പ്രവേഗമേ കൈവരൂ.

കൈത്തോക്കുകൾ

[തിരുത്തുക]

ഒതുക്കമുള്ള ആകാരം, കുറഞ്ഞ വില, കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നീ സവിശേഷതകളാൽ ജനപ്രീതി നേടിയ തോക്കാണ് പിസ്റ്റൾ. റൈഫിളിനെ അപേക്ഷിച്ച് ബാരലിന്റെ നീളം വളരെ കുറവാണ് എന്നതാണ് പിസ്റ്റളിന്റെ പ്രത്യേകത. ഇറ്റലിയിലെ പിസ്റ്റോയ്യ (Pistoia) എന്ന നഗരത്തിന്റെ പേരിൽ നിന്നാണ് പിസ്റ്റൾ എന്ന പേരുണ്ടായത്. ഒറ്റക്കൈ കൊണ്ട് ഇത് പ്രവർത്തിപ്പിക്കാൻ കഴിയും. മിക്ക രാജ്യങ്ങളിലെയും പൊലീസുകാരുടെയും മറ്റു സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും പ്രധാന പ്രതിരോധ ആയുധമാണ് പിസ്റ്റൾ.

റിവോൾവറിൽ പല അറകളുള്ള തിരിയുന്ന സിലിണ്ടറിലാണ് കാട്രിഡ്ജുകൾ വയ്ക്കുന്നത്. സിലിണ്ടർ തിരിയുകയും അതനുസരിച്ച് അറകൾ ഒന്നൊന്നായി അതിൽ സൂക്ഷിച്ചിട്ടുള്ള കാട്രിഡ്ജിനെ വെടിയുതിർക്കാൻ പാകത്തിൽ ബാരലിനു പിന്നിലെത്തിക്കുകയും ചെയ്യുന്നു. 'തിരിയുന്ന' എന്നർഥം വരുന്ന 'റിവോൾവ്' (revolve) എന്ന പദത്തിൽനിന്നാണ് ഈയിനം കൈത്തോക്കിന് റിവോൾവർ എന്ന പേര് കിട്ടിയത്. സാമുവൽ കോൾട്ട് ആണ് 1835-ൽ ഇത്തരം തോക്ക് നിർമിച്ചു തുടങ്ങിയത്.

നീളമുള്ള തോക്കുകൾ

[തിരുത്തുക]

റൈഫിളുകൾ

[തിരുത്തുക]

കുഴലിന്റെ ഉൾഭിത്തിയിൽ മിനുസമായ പ്രതലത്തിനു പകരം സർപ്പിലാകാരത്തിലുള്ള പൊഴികൾ (spiral rifling) ഉള്ള ഇനം തോക്കുകൾ 1500-കളോടെ ഉപയോഗത്തിൽവന്നു. എങ്കിലും 1700-കളുടെ ഒടുവിലാണ് ഇവയ്ക്ക് പ്രചാരം ലഭിച്ചത്. ഈ പൊഴികൾ വെടിയുണ്ടയ്ക്ക് കറക്കം (spin) നല്കുന്നതുമൂലം വായുവിലൂടെയുള്ള സഞ്ചാരത്തിനു സുസ്ഥിരത കൈവരിക്കുകയും ലക്ഷ്യത്തിൽ എളുപ്പം തുളച്ചുകയറുകയും ചെയ്യുന്നു. തോക്കിൻകുഴലിന്റെ മുൻഭാഗത്തുള്ള ദ്വാരത്തിലൂടെ ഉണ്ട നിറയ്ക്കുന്നതിനു പകരം പിന്നിലൂടെ നിറയ്ക്കുന്ന രീതി (breech-loading) ഇതേകാലത്തുതന്നെ ഉണ്ടായി.

ബുള്ളറ്റിനെ ചക്രണം (spin) ചെയ്യിച്ച് തൊടുക്കുന്നയിനം തോക്കാണ് റൈഫിൾ. ഇതിനായി നീണ്ട ബാരലിൽ സർപ്പിലാകാര പൊഴികൾ അഥവാ പിരികൾ ഉണ്ടാക്കിയിരിക്കും. ഇതുമൂലം സ്പിൻ ചെയ്തു വരുന്ന ബുള്ളറ്റിന് ദീർഘദൂര റെയ്ഞ്ചിലും കൂടുതൽ കൃത്യത കൈവരിക്കാനാവുന്നു. ബാരലിൽനിന്നു പുറത്തുവരുന്ന ബുള്ളറ്റിന്റെ കോണീയ സംവേഗം (anuglar momentum) സംരക്ഷിക്കപ്പെടുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്. ഇരുപതാം ശതകത്തിന്റെ ആദ്യപകുതിയിൽ ബ്രിട്ടണിൽ നിർമിച്ച എൻഫീൽഡ് റൈഫിൾ, രണ്ടാം പകുതിയോടെ റഷ്യയിൽ രൂപകല്പന ചെയ്ത AK47 (Avtomat Kalashnikova-47) റൈഫിൾ എന്നിവ ലോകപ്രശസ്തങ്ങളാണ്.

ഷോട്ട് ഗണ്ണുകൾ

[തിരുത്തുക]

ഷോട്ട് (shot) എന്നറിയപ്പെടുന്ന അനേകം ചെറിയ ഗോളാകാര പെല്ലറ്റുകൾ (pellets) ഉതിർക്കാൻ കഴിവുള്ളയിനം തോക്കാണിത്. റൈഫിൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന പരാസത്തേക്കാൾ കൂടിയ പരാസം (wider range) ഷോട്ട്ഗണ്ണിലെ പെല്ലറ്റുകൾക്കുണ്ട്. മൊത്തം സ്ഫോടനശക്തി അനേകം പെല്ലറ്റുകൾക്കിടയിൽ വിഭജിച്ചുപോകുന്നതുകൊണ്ട് ഓരോ ഉണ്ടയുടെയും ഊർജ്ജം താരതമ്യേന കുറവായിരിക്കും. പക്ഷികളെ വേട്ടയാടുന്നതിനും മറ്റു വിനോദാവശ്യങ്ങൾക്കുംവേണ്ടി ഇത്തരം തോക്കുകൾ ഉപയോഗിക്കാൻ ഇത് ഒരു കാരണമാണ്. ഷോട്ടുകളുടെ എണ്ണക്കൂടുതൽ ഷോട്ട്ഗണ്ണിനെ സൌകര്യപ്രദവും വിശ്വസനീയവുമായ ഒരു പ്രതിരോധ ആയുധമാക്കി മാറ്റുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ചെറിയ വസ്തുക്കളെ വെടിവയ്ക്കാൻ ഷോട്ട്ഗണ്ണാണ് യോജിച്ചത്. താരതമ്യേന കുറഞ്ഞ തുളച്ചുകയറൽ സ്വഭാവവും ഉയർന്ന സ്റ്റോപ്പിങ് പവറും നിശ്ചലമായ ലക്ഷ്യങ്ങളെ വെടിവയ്ക്കാൻ സഹായിക്കുന്ന അനുകൂല ഘടകങ്ങളാണ്.

കാർബൈനുകൾ

[തിരുത്തുക]

ഓട്ടോമാറ്റിക് ആയുധങ്ങൾ

[തിരുത്തുക]

മെഷീൻ ഗണ്ണുകൾ

[തിരുത്തുക]

തുടർച്ചയായും വളരെ വേഗത്തിലും വെടി ഉതിർക്കാവുന്ന തോക്കാണിത്. മിനിറ്റിൽ 500 മുതൽ 1600 വരെ റൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് ഇനങ്ങളുണ്ട്. പത്തൊൻപതാം ശതകത്തിൽ വികസിപ്പിച്ചെടുത്ത ഇത് പല യുദ്ധങ്ങളുടെയും ഗതിയെത്തന്നെ മാറ്റിമറിച്ചു. ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ആധുനിക മെഷീൻഗണ്ണുകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്: സക്വാഡ് ഓട്ടോമാറ്റിക് വെപ്പൺ (Squad automatic weapon), പൊതു ഉപയോഗ മെഷീൻഗൺ (General-purpose machine), ഹെവി മെഷീൻഗൺ (Heavy machine gun) എന്നിങ്ങനെ. റീകോയിൽ കഴിയുന്നത്ര കുറയ്ക്കാനും വെടിയുടെ ദിശ തെറ്റാതിരിക്കാനുംവേണ്ടി മൌണ്ടിൽ ഉറപ്പിച്ചാണ് സാധാരണയായി മെഷീൻഗൺ പ്രവർത്തിപ്പിക്കുന്നത്.

സബ് മെഷീൻ ഗണ്ണുകൾ

[തിരുത്തുക]

സ്വയരക്ഷയക്കായുള്ള ആയുധങ്ങൾ

[തിരുത്തുക]

ഓട്ടോമാറ്റിക് റൈഫിളുകൾ

[തിരുത്തുക]

അസോൾട്ട് റൈഫി‌ളുകൾ

[തിരുത്തുക]

നിയമസാധുത

[തിരുത്തുക]

നിയമപാലകരല്ലാതെ സാധാരണ ആളുകൾ തോക്ക് കൊണ്ടുനടക്കുന്നതും ഉപയോഗിക്കുന്നതും മിക്ക രാജ്യങ്ങളും ലൈസൻസുകൾ മുഖേന നിയന്ത്രിച്ചിട്ടുണ്ട്. ആ രാജ്യങ്ങളിൽ തോക്കുകൾ പരസ്യമായി വിപണനം ചെയ്യാനും നിയന്ത്രണങ്ങളുണ്ട്. മിക്ക രാജ്യങ്ങളിലും തോക്കുനിർമ്മാണം സർക്കാർ മേഖലയിൽ മാത്രമാണ് നടക്കുന്നത്. ഇതിനപവാദമായുള്ള പ്രധാന രാജ്യം അമേരിക്കൻ ഐക്യ നാടുകളാണ്.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Firearms and Ammunition industry Economic Impact Report" (PDF). National Shooting Sports Foundation. Archived from the original (PDF) on 2012-06-13. Retrieved 2010. {{cite web}}: Check date values in: |accessdate= (help)
  2. Chase 2003:31–32
  3. Needham 1986:293–294
  4. 4.0 4.1 4.2 4.3 4.4 Chase, 2003 & pp32 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Chase1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. "Roman Candle Gun at Scotwars.com". Archived from the original on 2009-03-02. Retrieved 2013-01-06.
സ്രോതസ്സുകൾ
  • ചേസ്, കെന്നത്ത് (2003), ഫയറാംസ്: എ ഗ്ലോബൽ ഹിസ്റ്ററി റ്റു 1700, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, ISBN 0-521-82274-2
  • ക്രോസ്ബി, ആൽഫ്രഡ് ഡബ്ല്യൂ. (2002), ത്രോവിംഗ് ഫയർ: പ്രൊജക്ടൈൽ ടെക്നോളജി ത്രൂ ഹിസ്റ്ററി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, ISBN 0-521-79158-8
  • നീഡ് ഹാം, ജോസഫ് (1986), സയൻസ് ആൻഡ് സിവിലൈസേഷൻ ഇൻ ചൈന, vol. 7 ദി ഗൺ പൗഡർ എപിക്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, ISBN 0-521-30358-3

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
തോക്ക് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തോക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തോക്ക്&oldid=4086049" എന്ന താളിൽനിന്ന് ശേഖരിച്ചത്