മാറഞ്ചേരി
മാറഞ്ചേരി | |
---|---|
ഗ്രാമം | |
മാറഞ്ചേരിയുടെ ഭൂപടം മാറഞ്ചേരിയുടെ ഭൂപടം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
ഉയരം | 0 മീ(0 അടി) |
(2001) | |
• ആകെ | 31,846 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 679581 |
വാഹന റെജിസ്ട്രേഷൻ | KL- |
വെബ്സൈറ്റ് | www.maranchery.com |
മലപ്പുറം ജില്ലയിലെ, തെക്കേ അറ്റത്ത് പൊന്നാനി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണ് മാറഞ്ചേരി. ഐക്യകേരളം രുപമെടുക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന മലബാർ ജില്ലയിലെ തെക്കേ അറ്റത്തുള്ള താലൂക്കായ പൊന്നാനി താലൂക്കിൽ ആദ്യമായി രുപീകരിക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ ഗ്രാമത്തിന്റെ ഒരു വശത്ത് ബിയ്യം കായലും, നരണിപുഴയും, മറുവശത്ത് വെളിയങ്കോട് ഗ്രാമവുമാണ്.നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതാണെന്ന് പറയാമെങ്കിലും തെക്ക് ഭാഗത്ത് കോടഞ്ചേരിയും പരിച്ചകവും പുറങ്ങിന്റെ തെക്ക് പടിഞ്ഞാറെ മൂലയും വെളിയം കോട് പഞ്ചായത്തും ചേർന്നു കിടക്കുന്നതു കൊണ്ട് ഈ പഞ്ചായത്ത് തികച്ചും ഒരു അർദ്ധ ദ്വീപാണെന്ന് പറയാം. വടക്ക് ഭാഗത്ത് കുണ്ട് കടവ് പുഴയും ബിയ്യം കായലും കിഴക്ക് ഭാഗത്ത് ബിയ്യം കായലും തെക്ക് കോടഞ്ചേരി പാടവും വെളിയം കോട് പഞ്ചായത്തും, പടിഞ്ഞാറ് കനോലി കനാലും പഞ്ചായത്തിന് അതിരുകളായി കിടക്കുന്നു. പുറങ്ങ് , കാഞ്ഞിരമുക്ക്, മാറഞ്ചേരി എന്നീ പഴയ അംശങ്ങൾ ചേർത്താണ് മാറഞ്ചേരി പഞ്ചായത്ത് രുപികരിച്ചത്.
ചരിത്രം
[തിരുത്തുക]മാറഞ്ചേരി പണ്ട് കാലത്ത് അഴവഞ്ചേരി തമ്പ്രാക്കൻമാരുടെ ആസ്ഥാനമായിരുന്നു.[അവലംബം ആവശ്യമാണ്] പിന്നീട് അവർ ആതവനാട്ടേക്ക് മാറി. മാറഞ്ചേരി പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ ഇ.മൊയ്തു മൌലവിയുടെ ജന്മനാടാണ്. ഈ ഗ്രാമം വളരെ കാലങ്ങളായി ഒരു ജനപ്രിയ വാണിജ്യ കേന്ദ്രമാണ്. തണ്ണീർ പന്തലും മാറഞ്ചേരി ചന്തയും വളരെ പ്രസിദ്ധമായിരുന്നു. തണ്ണീർ പന്തൽ യാത്രക്കാർക്ക് ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കിയിരുന്നു.}
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ ഏറെക്കുറെ മുന്നിട്ട് നിൽക്കുന്ന പ്രദേശമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. പഴയകാലത്ത് ഓത്തുപള്ളിയും, എഴുത്തു പള്ളികളുമായിരുന്നു ഈ പ്രദേശത്തെ വിദ്യാഭ്യാസ ഉറവിടങ്ങൾ . ഇന്ന് ഒരു ഹയർ സെകണ്ടറി സ്കൂളും, രണ്ട് യൂ.പി. സ്കൂളും അടക്കം 12 സ്കൂളുകൾ ഈ പഞ്ചായത്തിലുണ്ട്. ഇതിനു പുറമെ മൂന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു. പ്ലസ് ടു ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ പഞ്ചായത്തിൽ നിലവിലുണ്ട്, സാങ്കേതിക തൊഴിൽ വിദ്യാഭ്യാസ സ്ഥാപനവും (ITI ) പഞ്ചായത്തിലുണ്ട്.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- മുക്കാല ഹൈസ്കൂൾ (G.H.S.S മാറഞ്ചേരി )
- CRESCENT ഇംഗ്ലീഷ് സ്കൂൾ
- SEED GLOBAL SCHOOL
വിനോദസഞ്ചാരം
[തിരുത്തുക]ബിയ്യം കായൽ:മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിനോദ സഞ്ചാര മേഖലയിൽ എടുത്തു പറയാവുന്ന ഒന്നാണ് ബിയ്യം കായൽ . ബിയ്യം കെട്ട് മുതൽ പുതുപൊന്നാനിവരെ നീണ്ടു കിടക്കുന്ന പ്രകൃതി മനോഹരമായ കായലാണ് ബിയ്യം കായൽ . ധാരാളം വിനോദ സഞ്ചാരികളെത്തുന്ന ഇവിടെ എല്ലാ ചിങ്ങമാസത്തിലും ജലോത്സവവും, മറ്റു കലാകായിക മത്സരങ്ങളും നടത്താറുണ്ട്. മാത്രമല്ല ടൂറിസം ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ജല വിനോദത്തിനനുയോജ്യമായ സ്പീഡ് ബോട്ട്, ഹൗസ് ബോട്ട് എന്നീ സൗകര്യങ്ങളും സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
കലാ-സാംസ്കാരികം
[തിരുത്തുക]സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ആദ്യകാലങ്ങളിലുണ്ടായ സാംസ്കാരിക നവോത്ഥാന ചിന്താഗതിയുടെ അലകൾ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലും എത്തിയിട്ടുണ്ട്. ജാതിക്കും അയിത്തതിനും അന്ധവിശ്വാസങ്ങൾക്കും എതിരെ കലാപക്കൊടി ഉയർത്തിയ പി. കൃഷ്ണപണിക്കർ, കണാരൻ മാസ്റ്റർ എന്നിവരെ നമ്മുക്ക് മറക്കാനാവില്ല .മുസ്ലിം സമുദായത്തിലെ ദൂരാചരങ്ങൾക്കെതിരെ രംഗത്ത് വന്ന പ്രമുഖനായ മൊയ്തു മൌലവിയുടെ പിതാവായ മലയകുളത്തേൽ മരക്കാർ മുസ്ലിയാർ സമൂഹത്തിലെ ദൂരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രചിച്ച അറബി മലയാളം കൃതി മുസ്ലിം സാമൂഹിക ബോധമണ്ഢലത്തിലെ ഒരു വിസ്ഫോടനമായിരുന്നു.
ഇ. മൊയ്തു മൗലവിയുടെ മകൻ എം റഷീദ് അറിയപ്പെടുന്ന എഴുത്തുകാരനും പരിഷ്കരണവാദിയുമായിരുന്നു. പുതിയ തലമുറയിൽ അദ്ധേഹത്തിന്റെമരക്കാർ മുസ്ലിയാരുടെ പേരമകന്റെ പുത്രൻ ശ്രീ.ജഹാംഗീർ ഇളയേടത്ത് ശ്രദ്ധേയനാണ്. ഒട്ടേറെ ചെറുകഥകൾ ഈ ചെറുപ്പക്കാരന്റേതായി വന്നു കഴിഞ്ഞു. ക്ലാനിലെ കൊല, മാട്രിമോണി എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്. ജഹാംഗീറിന്റെ സഹോദരൻ ഫൈസൽ ഇളയടത്തും പ്രവാസലോകത്ത് മാധ്യമരംഗത്തും എഴുത്തിലും ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു.
പ്രമുഖ മനഃശാസ്ത്ര വിദഗ്ദനും കേരളത്തിലെ ആദ്യത്തെ മനഃശാസ്ത്ര പംക്തീകാരനുമായ സൈക്കോ മുഹമ്മദ് എന്ന പ്രൊഫ. ഇ മുഹമ്മദ് മാറഞ്ചേരി സ്വദേശിയാണ്. ആധുനിക തലമുറയിൽ ഒട്ടേറെ എഴുത്തുകാർ മാറഞ്ചേരിയിൽ നിന്നും കഴിവു തെളിയിച്ചവരായുണ്ട്. ഒട്ടേറെ പുസ്തകങ്ങൾ എഴുതിയ മുൻ അമേരിക്കൻ പ്രവാസി കൂടിയായ അബൂബക്കർ കോടഞ്ചേരി, ഷാർജയിൽ മാധ്യമ പ്രവർത്തകനും കവിയുമായ ബഷീർ മാറഞ്ചേരി, അഞ്ചോളം പുസ്തകങ്ങൾ എഴുതിയ യുവ തലമുറയിലെ റഫീസ് മാറഞ്ചേരി അങ്ങനെ നീളുന്നു നിര. അതിൽ താമലശ്ശേരിയും തുറുവാണവും അങ്ങാടിയുമൊക്കെ ഉൾപ്പെടുന്ന മാറഞ്ചേരിയിലെ ഉൾഗ്രാമങ്ങളുടെ പ്രകൃതി ഭംഗിയും നാടൻ കഥാപാത്രങ്ങളും വിവരിക്കുന്ന കാൻസർ രോഗിയായ യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന റഫീസ് മാറഞ്ചേരിയുടെ നെല്ലിക്ക എന്ന നോവൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമാണ്.
കാർഷികം
[തിരുത്തുക]മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ടത് തെങ്ങ് കൃഷിയാണ്. പഞ്ചായത്തിൽ 2760 ഏക്കർ തെങ്ങിൻ തോട്ടവും , 1630 ഏക്കർ ഒരൂപ്പൂൻ , ഇരൂപ്പുൻ , മൂപ്പൂൻ , കൃഷി സ്ഥലങ്ങളും 339.65 ഏക്കർ കായൽ നിലവും ആണ്. നെൽകൃഷി നടത്തുന്ന പ്രദേശങ്ങൾ പകുതിയിലധികവും തെങ്ങിൻ തോട്ടങ്ങളായി മാറികഴിഞ്ഞിരിക്കുന്നു. ചില സ്ഥലങ്ങളിൽ കവുങ്ങ് കൃഷിയും നടത്തുന്നുണ്ട്. പഞ്ചായത്തിൽ മുൻകാലങ്ങളിൽ വാഴ , വെറ്റില , ചേമ്പ്, കാവത്ത്, കപ്പ, കൂർക്ക, പയർ വർഗ്ഗങ്ങളും മറ്റും കൃഷി ചെയ്തിരുന്നു.
വായനശാലകൾ
[തിരുത്തുക]മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ആറ് വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്.
- മാറഞ്ചേരി പഞ്ചായത്ത് സെൻട്രൽ ലൈബ്രറി പഞ്ചായത്ത് വക .
- നവോദയം കലാസമിതി & ഗ്രന്ഥശാല , പുറങ്ങ് .
- നവകേരളം വായന ശാല കാഞ്ഞിര മൂക്ക് .
- യുവ വേദി ഗ്രന്ഥശാല കുണ്ടുകടവ് പുറങ്ങ് .
- ജ്ഞാനോദയം വായന ശാല പുറങ്ങ് .
- മാറഞ്ചേരി ഗ്രന്ഥാലയം അല്ലി പറമ്പ്
- മൈത്രി വായനശാല മാറഞ്ചേരി, മാസ്റ്റർപടി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2010-08-02 at the Wayback Machine.