മഹാത്മാഗാന്ധിയുടെ കൊലപാതകം
മഹാത്മാഗാന്ധിയുടെ കൊലപാതകം | |
---|---|
![]() രാജ്‌ഘട്ട് – ഗാന്ധിജിയുടെ സമാധി | |
സ്ഥലം | ന്യൂ ഡെൽഹി |
തീയതി | 30 ജനുവരി 1948 |
ആക്രമണലക്ഷ്യം | മോഹൻദാസ് കരംചന്ദ് ഗാന്ധി |
ആയുധങ്ങൾ | ബറൈറ്റ പിസ്റ്റൾ |
മരിച്ചവർ | 1 (ഗാന്ധി) |
മുറിവേറ്റവർ | ഇല്ല |
ആക്രമണം നടത്തിയത് | നാഥുറാം വിനായക് ഗോഡ്‌സേ |
1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത്[1].[2] ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ച് കൈയ്യെത്തുംദൂരത്ത് വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സേ ആ കൊലപാതകം ചെയ്തത്.[3]
“ | നമ്മുടെ ജീവിതങ്ങളിൽ നിന്നും പ്രകാശം നിഷ്ക്രമിച്ചിരിക്കുന്നു. സർവ്വവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായിരിക്കുന്നു... | ” |
ഗാന്ധിജിയുടെ മരണശേഷം ആൾ ഇന്ത്യാ റേഡിയോവിലൂടെ ജവഹർലാൽ നെഹ്രു നടത്തിയ പ്രസംഗത്തിൽ നിന്ന്.
കൊലപാതകശ്രമങ്ങൾ[തിരുത്തുക]
- 1934-ൽ കാറിന് നേരെ ഗ്രനേഡ് ആക്രമണം[4].
- 1944 ജൂലൈയിൽ ഗോഡ്സെയുടെ കയ്യേറ്റശ്രമം[4].
- 1944 സെപ്റ്റംബറിൽ ഗോഡ്സെയുടെ നേതൃത്വത്തിൽ സായുധസംഘത്തിന്റെ ശ്രമം[4].
- 1946 ജൂൺ 29-ന് ഗാന്ധി യാത്ര ചെയ്ത തീവണ്ടി അപകടത്തിൽ പെടുത്താൻ ശ്രമം[4].
- 1948 ജനുവരി 20-ന് മദൻലാൽ പഹ്വ യുടെ കൊലപാതകശ്രമം[4].
കൊല[തിരുത്തുക]
സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്താൽ അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോളാണ് അദ്ദേഹത്തിന്റെ ഊന്നുവടികളെന്ന് അറിയപ്പെട്ടിരുന്ന മനുവും ആഭയും സമയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്. ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർത്ഥനയ്ക്കായി പുറപ്പെട്ടു. പ്രാർത്ഥനയ്ക്കായി അനുയായികൾ കാത്തിരിക്കുന്ന പ്രാർത്ഥനാമൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേയ്ക്ക് പോകുവാൻ ഗാന്ധിജി തീരുമാനിച്ചു.
ഈ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റിൽ കരുതിയിരുന്ന ബെറെറ്റ പിസ്റ്റൾ [5][6] ഇരുകൈയ്യുകൾക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: "നമസ്തേ ഗാന്ധിജി". ഗാന്ധിജിയുടെ പാദം ചുംബിക്കുവാൻ അയാൾ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാൽ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റൾ കൊണ്ട് ഗോഡ്സേ മൂന്ന് തവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽ തന്നെ മൂന്ന് വെടികളും തുളച്ചുകയറി.
"ഹേ റാം, ഹേ റാം" എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.
വധത്തിന് പിന്നിൽ പ്രവർത്തിച്ചവർ[തിരുത്തുക]

നിൽക്കുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാർ പാഹ്വ, ദിഗംബർ രാമചന്ദ്ര ബാദ്ഗെ.
'ഇരിക്കുന്നവർ: നാരായൺ ആപ്തെ[4], വിനായക് സവർക്കർ[4], നാഥുറാം ഗോഡ്സെ(കൊലയാളി), വിഷ്ണു കാർക്കാറേ[4]
ലോകത്തിന്റെ പ്രതികരണം[തിരുത്തുക]
ഗാന്ധിജിയുടെ വധം ലോകമെങ്ങും ചലനങ്ങളുണ്ടാക്കി. ഇംഗ്ലണ്ടിലെ ജോർജ്ജ് ആറാമൻ രാജാവ്, പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി, വിൻസ്റ്റൺ ചർച്ചിൽ, സ്റ്റാഫോർഡ് ക്രിപ്സ്, ജോർജ്ജ് ബർണാർഡ് ഷാ, ഹാരി എസ്. ട്രൂമാൻ എന്നിങ്ങനെ അനേകം പേർ ഡൽഹിയിലേക്ക് അനുശോചനസന്ദേശമയച്ചു.[3]
- ഫ്രാൻസിന്റെ പ്രധാനമന്ത്രി ജോർജെസ് ബിദാർഡ് അഭിപ്രായപ്പെട്ടു
“ | മനുഷ്യസാഹോദര്യത്തിൽ വിശ്വസിക്കുന്നവരെല്ലാം ഗാന്ധിജിയുടെ മരണത്തിൽ വിലപിക്കും | ” |
- വാഷിങ്ങ്ടണിൽ പ്രസിഡന്റ് ഹാരി ട്രൂമാൻ പ്രഖ്യാപിച്ചു.
“ | ഇന്ത്യയോടൊപ്പം ലോകം മുഴുവൻ ദു:ഖിക്കുന്നു. | ” |
- ഗാന്ധിജിയുടെ മുഖ്യ രാഷ്ട്രീയ പ്രതിയോഗിയായിരുന്ന മുഹമ്മദ് അലി ജിന്ന പറഞ്ഞു.
“ | മരണത്തിന്റെ മുന്നിൽ ഒരഭിപ്രായവ്യത്യാസവുമില്ല. | ” |
- ഹിന്ദുസ്ഥാൻ ടൈംസ്, അന്നത്തെ മുഖപ്രസംഗം ചേർക്കുന്ന താൾ ശൂന്യമാക്കിയിട്ടുകൊണ്ട് അതിന്റെ നടുക്ക് എഴുതി.[3]
“ | ആരുടെ പാപമോചനത്തിനുവേണ്ടി ഗാന്ധിജി ജീവിച്ചുവോ, അവർ തന്നെ അദ്ദേഹത്തെ വധിച്ചു. ലോകചരിത്രത്തിലെ ഈ രണ്ടാം ക്രൂശിക്കൽ നടന്നത് ഒരു വെള്ളിയാഴ്ച്ചയാണ്- ആയിരത്തിത്തൊള്ളായിരത്തി പതിനഞ്ച് കൊല്ലം മുമ്പ് യേശുവിനെ കൊലപ്പെടുത്തിയ അതേദിവസം. പിതാവേ, ഞങ്ങളോടു പൊറുക്കേണമേ. | ” |
ശവസംസ്കാരം[തിരുത്തുക]

വെടികൊണ്ടു വീണ പൂന്തോട്ടത്തിൽ നിന്ന് ഗാന്ധിജിയുടെ മൃതദേഹം ബിർളാഹൗസിലേയ്ക്ക് മാറ്റി. അവിടെനിന്നും വിലാപയാത്രയായി യമുനാ നദിയുടെ തീരത്തെ ശ്മശാനമായ രാജ്‌ഘട്ടിലേയ്ക്ക് കൊണ്ടുപോയി. 250 പേരടങ്ങുന്ന, കര-കടൽ-വ്യോമ സൈനികരുടെ ഒരു സംഘമാണ് ശവമഞ്ചം വഹിച്ചുകൊണ്ട് പോയത്. പത്ത് ലക്ഷത്തോളം പേർ പങ്കെടുത്ത വിലാപയാത്ര ലക്ഷ്യസ്ഥാനത്തെത്താൻ അഞ്ച് മണിക്കൂറെടുത്തു.[3]
ഹൈന്ദവ പാരമ്പര്യമനുസരിച്ച്, ഗാന്ധിജിയുടെ മൂത്തപുത്രനായ ഹരിലാലിന്റെ അസാന്നിധ്യത്തിൽ ചടങ്ങുകൾ നിർവഹിക്കാൻ ചുമതലപ്പെട്ട രാംദാസാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
അവലംബം[തിരുത്തുക]
- ↑ Noorani, A.G. (8 February 2013). "The BJP and Nathuram Godse". Frontline. ശേഖരിച്ചത് 4 July 2017.
- ↑ ഡോ. കെ. വേലായുധൻ നായർ, പി. എ വാരിയർ (2009 മെയ്). ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ. ഡി.സി. ബുക്ക്സ്. ISBN 978 81 264 2335 4.
{{cite book}}
: Check date values in:|year=
(help) - ↑ 3.0 3.1 3.2 3.3 ഡൊമിനിക് ലാപ്പിയർ, ലാറി കൊളിൻസ് (2012-08-24). സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഡി.സി. ബുക്സ്. ISBN 9788171300938.
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 ശ്രീകല. പി.എസ് (30 സെപ്റ്റംബർ 2019). മലയാളം വാരിക. 23 (18): 20 https://epaper.dinamani.com/2356092/Malayalam-Vaarika/30092019#dual/22/1. ശേഖരിച്ചത് 15 ഒക്ടോബർ 2019.
{{cite journal}}
: Missing or empty|title=
(help); More than one of|pages=
and|page=
specified (help) - ↑ ബെറെറ്റ എം.1934,ഇറ്റാലിയൻ നിർമ്മിതമായ സെമി ആട്ടോമാറ്റിക് പിസ്റ്റൾ, സീരിയൽ നം. 606824.
- ↑ "ജലന്തർ, പഞ്ചാബ്, ഇന്ത്യ". Ashwani Kumar Aggarwal. ശേഖരിച്ചത് 2013 ജൂൺ 29.
{{cite web}}
:|first=
missing|last=
(help); Check date values in:|accessdate=
(help) - ↑ 7.0 7.1 മഹാത്മാ ഗാന്ധി വധ ഗൂഢാലോചന- അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970; വാല്യം ൨;പുറം 303; ഖണ്ഡിക 25,106 "Report of Commission of Inquiry in to Conspiracy to Murder Mahatma Gandhi (1969)". ശേഖരിച്ചത് 2015 സെപ്റ്റംബർ 06.
{{cite web}}
: Check|url=
value (help); Check date values in:|accessdate=
(help)