ഉള്ളടക്കത്തിലേക്ക് പോവുക

ജെ.ബി. കൃപലാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവത്റാം ഭഗവൻദാസ് കൃപലാനി
ജനനം(1888-11-11)നവംബർ 11, 1888
മരണംമാർച്ച് 19, 1982(1982-03-19) (93 വയസ്സ്)
തൊഴിൽവക്കീൽ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരം
ജീവിതപങ്കാളിസുചേതാ കൃപലാനി

ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി (11 നവംബർ 1888 – 19 മാർച്ച് 1982), സ്വാതന്ത്ര്യസമര സേനാനിയും, സോഷ്യലിസ്റ്റ് നേതാവും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് പ്രജാ സേഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായി.

1922 ൽ മഹാത്മാഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിൽ പഠിപ്പിക്കുമ്പോഴാണ് അദ്ദേഹത്തിന് 'ആചാര്യ' എന്ന വിളിപ്പേര് ലഭിച്ചത്.

ഗാന്ധിമാർഗത്തിലേയ്ക്ക്

[തിരുത്തുക]

1888 നവംബർ 11 ന് അവിഭക്ത ഇന്ത്യയിലെ സിന്ധിലെ ഹൈദരാബാദിലാണ് ആചാര്യ കൃപലാനി ജനിച്ചത്.

1915 ൽ ശാന്തിനികേതനത്തിലാണ് അദ്ദേഹം ആദ്യമായി മഹാത്മാഗാന്ധിയെ കാണുന്നത്. തുടർന്ന്, 1917 ൽ മഹാത്മാഗാന്ധിയുടെ ചരിത്രപ്രസിദ്ധമായ ചമ്പാരൻ സത്യാഗ്രഹത്തിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ആ സമയത്ത് അദ്ദേഹം മുസാഫർപൂരിലെ ഒരു കോളേജിൽ പ്രൊഫസറായിരുന്നു.

ഗാന്ധിജിയെ പിന്തുണച്ച് സ്വാഗതം ചെയ്ത ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ പ്രസ്ഥാനത്തെ സജീവമായി പിന്തുണയ്ക്കുന്നതിനായി, ആചാര്യ കൃപലാനി മുസാഫർപൂരിലെ എൽ.എസ്. കോളേജിലെ ചരിത്ര പ്രൊഫസർ സ്ഥാനം രാജിവച്ച് സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു.

കോൺഗ്രസ് പ്രസിഡന്റ്

[തിരുത്തുക]

ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയിലെ ഒരു പ്രമുഖ അംഗമായിരുന്നു ആചാര്യ കൃപലാനി. യുണൈറ്റഡ് പ്രവിശ്യകളിൽ നിന്ന് ഭരണഘടനാ അസംബ്ലിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മൗലികാവകാശങ്ങൾക്കായുള്ള ഉപസമിതിയുടെ അധ്യക്ഷനായിരുന്നു.[1] വ്യക്തിസ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഉറപ്പാക്കുന്നതിൽ ഭരണഘടന തയ്യാറാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

1946-ൽ മീററ്റ് സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ അദ്ദേഹമായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്. ഇന്ത്യയുടെ വിഭജനത്തിന്റെ അസ്വസ്ഥതകൾ അദ്ദേഹത്തെ വളരെയധികം ദുഃഖിപ്പിച്ചു. സ്വാതന്ത്ര്യം പിറന്ന അർധരാത്രിയിൽ ഗാന്ധിജിക്കൊപ്പം കൽക്കട്ടയിലായിരുന്നു. രാജ്യവിഭജനത്തിൽ ദുഃഖിതനായി ഓഗസ്റ്റ് 14ന് കൽക്കട്ടയിൽ നിന്നൊരു പത്രക്കുറിപ്പ് കൃപലാനി പുറത്തിറക്കി. രാജ്യത്തിനു സങ്കടത്തിന്റെയും നാശത്തിന്റെയും ദിനമാണിതെന്നായിരുന്നു ആ കുറിപ്പിൽ അദ്ദേഹം പറഞ്ഞത്. [2]

സ്വാതന്ത്ര്യാനന്തരം

[തിരുത്തുക]

സ്വാതന്ത്ര്യാനന്തരം എല്ലാ തീരുമാനങ്ങളിലും പാർട്ടിയുടെ കാഴ്ചപ്പാടുകൾ തേടണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നെഹ്‌റു നിരസിച്ചു. വിശാലമായ തത്വങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സ്ഥാപിക്കാൻ പാർട്ടിക്ക് അവകാശമുണ്ടെങ്കിലും, സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ അതിന് ഒരു പങ്കും അനുവദിക്കാൻ കഴിയില്ലെന്ന് പട്ടേലിന്റെ പിന്തുണയോടെ നെഹ്‌റു, കൃപലാനിയോട് പറഞ്ഞു. 1947 നവംബറിൽ ജെ.ബി കൃപലാനി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. രാജേന്ദ്രപ്രസാദാണ് പകരം ഇടക്കാല കോൺഗ്രസ് അധ്യക്ഷനായത്.

കിസാൻ മസ്ദൂർ പ്രജാ പാർട്ടി

[തിരുത്തുക]

പിന്നീട് 1949-ൽ ആചാര്യ കൃപലാനിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സിൽ ഡെമോക്രാറ്റിക് ഫ്രന്റ് എന്നൊരു വിഭാഗം ഉരുത്തിരിഞ്ഞു. കോൺഗ്രസ്സിൽ ഗാന്ധിജിയുടെ ആദർശങ്ങൾ പിന്തള്ളപ്പെടുന്നതിൽ പ്രതിഷേധിച്ച് 1951 ജൂണിൽ ഈ വിഭാഗം കോൺഗ്രസിൽ നിന്ന് വിട്ടുപോന്ന് കിസാൻ മസ്ദൂർ പ്രജാ പാർട്ടി (കെ.എം.പി.പി.) എന്ന പുതിയൊരു രാഷ്ട്രീയ കക്ഷിയായിത്തീർന്നു.

സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ, സാമ്പത്തിക ദിശയുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞുണ്ടായ പാർട്ടിയാണിത്. കർഷകരുടെയും (കിസാൻ) തൊഴിലാളികളുടെയും (മസ്ദൂർ) താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുകയും വികേന്ദ്രീകൃതവും സമത്വപരവുമായ ഒരു സമൂഹത്തിനായി വാദിക്കുകയും ചെയ്യുക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യം.

1951–52 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി പങ്കെടുത്തു, പതിനാറ് സംസ്ഥാനങ്ങളിലായി 145 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി. വിശാലമായ തിരഞ്ഞെടുപ്പ് സാന്നിധ്യം ഉണ്ടായിരുന്നിട്ടും, ലോക്സഭയിൽ കെഎംപിപിക്ക് ഒമ്പതു സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ[3]. ഇതിൽ ആറ് പേർ മദ്രാസ് സംസ്ഥാനത്തും, മൈസൂർ സംസ്ഥാനം, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓരോ സീറ്റ് വീതവും വിജയിച്ചു. ദേശീയ വോട്ടിന്റെ ഏകദേശം 5.8% വോട്ട് (6,135,978 എണ്ണം) പാർട്ടി നേടി. ജെ. ബി. കൃപലാനി തന്നെ ഇപ്പോൾ നിലവിലില്ലാത്ത ഫൈസാബാദ് ജില്ല (വടക്ക് പടിഞ്ഞാറൻ) നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

[തിരുത്തുക]

കിസാൻ മസ്ദൂർ പ്രജാ പാർട്ടി 1952 സെപ്തംബറിൽ ജയപ്രകാശ് നാരായൺ, ആചാര്യ നരേന്ദ്ര ദേവ എന്നിവർ നയിച്ച സോഷ്യലിസ്റ്റ് പാർട്ടിയുമായി ലയിച്ച് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയായി (പി.എസ്.പി.) മാറി. 1951–52 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയ്ക്കു 10.59% അതായത് 11,216,719 എണ്ണം വോട്ടും 12 സീറ്റുകളുമാണ് ലഭിച്ചത്

സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാളിയായിരുന്നു . വികേന്ദ്രീകൃത വ്യവസായവൽക്കരണം, ഗ്രാമപ്രദേശങ്ങളുടെ വികസനം, ചെറുകിട, കുടിൽ വ്യവസായങ്ങളിലെ തൊഴിൽ എന്നിവയെ അദ്ദേഹം ശക്തമായി പിന്തുണച്ചു .

സ്വതന്ത്ര ഇന്ത്യയിൽ ശക്തനായ പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ഇന്ത്യ-ചൈന യുദ്ധത്തിന് തൊട്ടുപിന്നാലെ 1963 ഓഗസ്റ്റിൽ നെഹ്‌റു സർക്കാരിനെതിരെ ആയിരുന്നു അത്.

പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ഇന്ദിരാഗാന്ധി സർക്കാരിന്റെ വിമർശകനായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ

[തിരുത്തുക]

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ, 1975 ജൂൺ 26 ന് രാത്രി അറസ്റ്റ് ചെയ്യപ്പെട്ട പ്രതിപക്ഷ നേതാക്കളിൽ ആദ്യത്തേതിൽ ഒരാളായിരുന്നു കൃപലാനി. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന 1977 ലെ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി വിജയിച്ചതിനെത്തുടർന്ന് സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാരിനെ കാണാനും അദ്ദേഹത്തിനുകഴിഞ്ഞു.

കൃതികൾ

[തിരുത്തുക]

വിജിൽ എന്ന വാരിക അദ്ദേഹം നടത്തിയിരുന്നു ആത്മകഥയായ മൈ ടൈംസ്, ഗാന്ധിജിയുടെ ജീവിതവും ചിന്തയും , ചില വഴിതെറ്റിയ ചിന്തകൾ എന്നിവ അദ്ദേഹത്തിന്റെകൃതികളാണു.[4]

ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായ സുചേതാ കൃപലാനി അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു.

1982 മാർച്ച് 19 ന് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ വച്ച് 93 ആം വയസ്സിൽ ആചാര്യ കൃപലാനി അന്തരിച്ചു.

  1. കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ ഡോട് നെറ്റ് https://www.constitutionofindia.net/members/j-b-kripalani-2/
  2. മനോരമ ഓൺലൈൻ https://www.manoramaonline.com/news/sunday/2022/08/14/jb-kripalani-khan-abdul-ghaffar-khan-missing-names-from-indian-independence-celebrations.html
  3. https://byjus.com/free-ias-prep/this-day-in-history-oct25/
  4. കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ ഡോട് നെറ്റ് https://www.constitutionofindia.net/members/j-b-kripalani-2/
"https://ml.wikipedia.org/w/index.php?title=ജെ.ബി._കൃപലാനി&oldid=4605533" എന്ന താളിൽനിന്ന് ശേഖരിച്ചത്