സ്റ്റീവ് ബികോ
സ്റ്റീവ് ബികോ | |
---|---|
ജനനം | സ്റ്റീഫൻ ബെന്ദു ബികോ 18 ഡിസംബർ 1946 |
മരണം | 12 സെപ്റ്റംബർ 1977 | (പ്രായം 30)
തൊഴിൽ | മനുഷ്യാവകാശപ്രവർത്തകൻ (അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാട്ടം നടത്തി) |
ജീവിതപങ്കാളി(കൾ) | സിക്കി മഷാലാബ മാംഫെല റാഫേൽ |
കുട്ടികൾ | എൻകോസിനാതി ബികോ സമോറ ബികോ ലെറാതോ ബികോ മൊലാത്സി ബികോ ലുമേലോ ബികോ [1] |
ദക്ഷിണാഫ്രിക്കയിലെ കുപ്രസിദ്ധമായ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടിയ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു സ്റ്റീഫൻ ബെന്ദു ബികോ എന്ന സ്റ്റീവ് ബികോ(18 ഡിസംബർ 1946 – 12 സെപ്തംബർ 1977).[2] കറുത്ത വർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ബ്ലാക്ക് കോൺഷ്യസ്നസ്സ് മൂവ്മെന്റ് എന്നൊരു പ്രസ്ഥാനം ആരംഭിച്ചു. അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടി മരിച്ച ഒരു രക്തസാക്ഷിയായിരുന്നു സ്റ്റീവ്.
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ അംഗമല്ലായിരുന്നിട്ടു കൂടി, അവരുടെ നേതാക്കളുടെ പട്ടികയിൽ സ്റ്റീവിനും ഇടംപിടിക്കാൻ കഴിഞ്ഞു. സ്റ്റീവിന് അത്രമാത്രം ജനപ്രീതി ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്നു.[3] 1977 ഓഗസ്റ്റ് 18 ന് ബികോ നടത്തിയ ഒരു ഉപരോധസമരവുമായി ബന്ധപ്പെട്ട് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകുയം 22മണിക്കൂർ നീണ്ടു നിന്ന ക്രൂരമായ പീഡനത്തിനിരയാക്കുകയും ചെയ്തു. 1977 സെപ്തംബർ 12 ന് പ്രട്ടോറിയ ജയിലിൽ വെച്ച് ബികോ മരണമടഞ്ഞു.[4]
ആദ്യകാല ജീവിതം
[തിരുത്തുക]1946 ഡിസംബർ 18 ന് ഈസ്റ്റേൺ കേപിലുള്ള തർക്കസ്താഡ് എന്ന സ്ഥലത്താണ് സ്റ്റീഫൻ ജനിച്ചത്. എംസിങ്കായേയുടേയും, ആലീസിന്റേയും മൂന്നാമത്തെ മകനായിരുന്നു. സാധാരണമനുഷ്യർ എന്നർത്ഥം വരുന്ന ബെന്ദു എന്ന വാക്ക് പേരിനോടൊപ്പം ചേർത്തത് പിതാവ് എംസിങ്കയാണ്.[5] ഒരു സർക്കാർ ഗുമസ്തനായിരുന്നു പിതാവ്. ചുറ്റുപാടുമുള്ള ഇംഗ്ലീഷുകാരുടെ വീടുകളിൽ പണിയെടുത്തിരുന്ന ഒരു സാധാരണ സ്ത്രീയായിരുന്നു മാതാവ് ആലീസ്.[6] ഈ ദമ്പതികളുടെ നാലുമക്കളിൽ മൂന്നാമനായിരുന്നു സ്റ്റീവ്. ബ്രൗൺലീ പ്രൈമറി സ്കൂളിലായിരുന്നു സ്റ്റീവിന്റെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്. ആദ്യത്തെ നാലുവർഷം കഴിഞ്ഞപ്പോൾ ചാൾസ് മോർഗൻ ഹയർ പ്രൈമറി സ്കൂളിലേക്കു മാറി. 1963ൽ ഫോബ്സ് ഗ്രാന്റ് സെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസം തുടർന്നുവെങ്കിലും, പിന്നീട് ലൗഡേലിലേക്കു മാറി. സ്റ്റീവിന്റെ സഹോദരന് പാൻ ആഫ്രിക്കൻ കോൺഗ്രസ്സിന്റെ സായുധവിഭാഗവുമായി ബന്ധമുണ്ടായിരുന്നു,ഇതിനെ തുടർന്ന് സ്റ്റീവിന്റെ സഹോദരനായ ഖായയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കാരണം പറഞ്ഞ് സ്റ്റീവിനെ സ്കുളിൽ നിന്നും പുറത്താക്കി.[7] സെന്റ്.ഫ്രാൻസിസ് കോളേജിൽ നിന്നുമാണ് സ്റ്റീവ് തന്റെ പഠനം തുടർന്നത്. [8]
നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും, വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത്.[9] വൈദ്യപഠനത്തിനായി സ്റ്റീവ് നടാൽ സർവ്വകലാശാലയിൽ ചേർന്നു. യൂറോപ്യൻ വംശജരല്ലാത്തവർക്കു വേണ്ടിയുള്ള വിഭാത്തിലാണ് സ്റ്റീവിന് പ്രവേശനം ലഭിച്ചത്. സർവ്വകലാശാല പഠനകാലഘട്ടത്തിൽ നാഷണൽ യൂണിയൻ ഓഫ് സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് എന്ന സംഘടയിൽ ചേർന്നു പ്രവർത്തിക്കാനാരംഭിച്ചു. ദക്ഷിണാഫ്രിക്കയിലെ ഏഷ്യൻവംശജർക്കും, കറുത്തവർഗ്ഗക്കാർക്കും വേണ്ടി ഒരു സംഘടന വേണമെന്ന് സ്റ്റീവിനു തിരിച്ചറിയുകയും സൗത്ത് ആഫ്രിക്കൻ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ എന്ന വിദ്യാർത്ഥിസംഘടന കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു.[10] 1968 ൽ സ്റ്റീവ് സംഘടനയുടെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
മനുഷ്യാവകാശപ്രവർത്തനങ്ങൾ
[തിരുത്തുക]അപ്പാർത്തീഡ് നിയമത്തിനെതിരേ നടന്ന ദർബൻ മുന്നേറ്റത്തിലെ മുൻനിര നേതാവായി മാറി സ്റ്റീവ്.[11] സ്റ്റീവിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം അദ്ദേഹത്തെ നടാൽ സർവ്വകലാശാലയിൽ നിന്നും അധികൃതർ പുറത്താക്കി. 1973 ൽ തന്റെ പ്രവിശ്യയായ കിങ്ടൗണിൽ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനോ, ഒന്നിലധികം ആളുകളുമായി ഒരേ സമയം സംസാരിക്കുന്നതിനോ അപ്പാർത്തീഡ് ഭരണം സ്റ്റീവിനെ വിലക്കി. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനും, എഴുതി പ്രസിദ്ധീകരിക്കുന്നതിനും ഈ വിലക്ക് ബാധകമായിരുന്നു. സ്റ്റീവിന്റെ പ്രസംഗങ്ങൾ മറ്റുള്ളവർ പരാമർശിക്കുന്നതുപോലും, സർക്കാർ നിരോധിച്ചിരുന്നു.[12]
സ്റ്റീവിനേർപ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ബാധകമായിരുന്നു. ഇതോടെ, സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിയ സ്റ്റീവ് അവിടുത്തെ ജനങ്ങളെ സ്വയംപര്യാപ്തരാക്കുന്നതിനു വേണ്ടി ചില ശ്രമങ്ങൾ നടത്തുകയുണ്ടായി. ചെറിയ രീതിയിലുള്ള തുകൽ വ്യവസായവും, വിദ്യാഭ്യാസ നിധിയുടെ എല്ലാം സ്റ്റീവിന്റെ മേൽനോട്ടത്തിൽ തുടങ്ങി.[13] 1974 ൽ ഏതാണ്ട് 50ൽ പരം ആളുകൾക്ക് തൊഴിൽ നൽകാൻ ഈ സംരംഭങ്ങൾ സാധിച്ചു. അഭ്യസ്തവിദ്യരല്ലാത്ത സ്ത്രീകളെ തുണി നെയ്ത്ത് മുതലായ ജോലികൾ പരിശീലിപ്പിച്ചു. അവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് കൃത്യമായ വിലകൾ നൽകി ബി.സി.പി തന്നെ വിലക്കെടുത്തു. ആവശ്യമായ അസംസ്കൃതവസ്തുക്കൾ കുറഞ്ഞ നിരക്കിൽ തൊഴിലാളികൾക്ക് ലഭ്യമാക്കി.[14] വിവിധകാരണങ്ങൾ കൊണ്ട് ജയിൽശിക്ഷ അനുഭവിച്ചരുടെ പുനരധിവാസത്തിന് സിമേലെ ട്രസ്റ്റ് ഫണ്ട് എന്നൊരു സഹായനിധിയും ആരംഭിച്ചു.[15]
കറുത്തവർഗ്ഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് സ്റ്റീവിന്റെ നേതൃത്വത്തിൽ ഒരു വിദ്യാഭ്യാസ നിധി ആരംഭിച്ചു.[16] ജൂനിയർ സെക്കണ്ടറി സ്കൂളുകളിൽ മികവു കാട്ടുന്ന കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ ജിൻസ്ബർഗ് വിദ്യാഭ്യാസ നിധിയുടെ മുഖ്യ ലക്ഷ്യം. താഴ്ന്ന ക്ലാസ്സുകളിൽ മികവു കാട്ടുന്ന കുട്ടികൾക്ക് ഉപരിപഠനം നടത്താൻ അക്കാലത്ത് കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുക്കുന്ന കുട്ടികളുടെ പഠനവും, താമസവുമുൾപ്പടെയുള്ള ചെലവുകൾ വഹിച്ചിരുന്നത് ഈ വിദ്യാഭ്യാസ നിധിയായിരുന്നു.[17]
മരണം
[തിരുത്തുക]1977 ഓഗസ്റ്റ് 18ന് യോഗം കഴിഞ്ഞ് വീട്ടിലേക്കു പോയ സ്റ്റീവിനേയും സുഹൃത്ത് പീറ്റർ സിറിൽ ജോൺസിനേയും വഴിയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.[18] തീവ്രവാദപ്രവർത്തനങ്ങൾ നടത്തി എന്നതായിരുന്നു പോലീസ് സ്റ്റീവിനെതിരേ ചുമത്തിയ കുറ്റം.[19] പോലീസ് സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ സ്റ്റീവിനെ പോലീസ് ക്രൂരമർദ്ദനത്തിനിരയാക്കി. ഇരുപതു ദിവസത്തോളം സ്റ്റീവ് പോലീസ് കസ്റ്റഡിയിലായിരുന്നു. കഠിനമായ മർദ്ദനത്തിന്റെ ഫലമായി, സെപ്തംബർ ആറിന് സ്റ്റീവിന്റെ തലച്ചോറിന് ക്ഷതം സംഭവിച്ചു. തലച്ചോറിന് മുറിവു പറ്റി എന്നറിഞ്ഞിട്ടു പോലും, മർദ്ദനം നിറുത്താൻ പോലീസ് തയ്യാറായില്ല. അവർ സ്റ്റീവിനെ സ്റ്റേഷന്റെ ജനൽ കമ്പികളിൽ കെട്ടിയിട്ടു. സ്റ്റീവിന്റെ ആരോഗ്യസ്ഥിതി തീരെ മോശമായ സമയത്ത്, പോലീസ് ഡോക്ടർമാരെ വരുത്തി. സ്റ്റീവിനെ ഉടനടി തന്നെ ആശുപത്രിയിലേക്കു മാറ്റാന ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും പോലീസ് ആ ആവശ്യം നിരാകരിച്ചു. സ്റ്റീവിനെ 700 കിലോമീറ്റർ അകലെയുള്ള പ്രിട്ടോറിയ ജയിലിലേക്കു മാറ്റുവാനാണ് തീരുമാനിച്ചത്. സെപ്തംബർ 11ന് സ്റ്റീവിനെ ഒരു കാറിന്റെ പുറകിൽ കയറ്റി, വിദഗ്ദരായ ഡോക്ടർമാരുടെ അകമ്പടി പോലുമില്ലാതെ പ്രിട്ടോറിയ ജയിലിലെത്തിച്ചു. ജയിലിലേക്കുള്ള നീണ്ട് 12 മണിക്കൂർ യാത്രയിൽ അബോധാവസ്ഥയിലായിരുന്നു സ്റ്റീവ്. 1977 സെപ്തംബർ 12 ന് സ്റ്റീവ്, ജയിലിലെ കല്ലു പാകിയ തറയിൽ കിടന്ന് അന്തരിച്ചു.[20]
അവലംബം
[തിരുത്തുക]- ലിൻഡി, വിൽസൺ (2012). സ്റ്റീവ് ബികോ. ഓഹിയോ സർവ്വകലാശാല പ്രസ്സ്. ISBN 978-0821420256.
- ക്സലേലാ, മാക്സു (2013). ബികോ, എ ലൈഫ്. ടോറിസ്. ISBN 978-1780767857.
- ↑ ഡാലി, സൂസൈൻ (13-ഏപ്രിൽ-1997). "ദ സ്റ്റാൻഡാർഡ്സ് ബെയറർ". ന്യൂയോർക്ക് ടൈംസ്. Archived from the original on 2013-12-08. Retrieved 08-ഡിസംബർ-2013.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "സ്റ്റീഫൻ ബെന്ദു ബികോ". സൗത്ത് ആഫ്രിക്കൻ ഹിസ്റ്ററി. Archived from the original on 2013-12-08. Retrieved 08-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ റയാൻ, മലാൻ (2000). മൈ ട്രൈറ്റേഴ്സ് ഹെർട്ട്. ഗ്രോവ് പ്രസ്സ്. ISBN 978-0802136848.
- ↑ "സ്റ്റീവ് ബികോ ഡൈസ് ഇൻ കസ്റ്റഡി". ബി.ബി.സി. 12-സെപ്തംബർ-1977. Archived from the original on 2013-12-09. Retrieved 09-ഡിസംബർ-2013.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ സ്റ്റീവ് ബികോ - ലിൻഡേ വിൽസൺ പുറം 18
- ↑ ലെസ്ലി, അലക്സാണ്ടർ. എൻസൈക്ലോപീഡിയ ഓഫ് ആഫ്രിക്ക അമേരിക്കൻ ഹിസ്റ്ററി - വാല്യം 3. അമേരിക്കൻ എത്നിക്ക് എക്സ്പീരിയൻസ്. p. 643. ISBN 978-1851097692.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ ഇ.ജെ., വെർവെ (1995). ന്യൂ ഡിക്ഷണറി ഓഫ് സൗത്ത് ആഫ്രിക്കൻ ബയോഗ്രഫി,വോള്യം 1. എച്ച്.എസ്.ആർ.സി.പ്രസ്സ്. p. 18. ISBN 978-0796916488.
- ↑ സ്റ്റീവ് ബികോ - ലിൻഡേ വിൽസൺ പുറം 24
- ↑ സ്റ്റീവ് ബികോ - ലിൻഡേ വിൽസൺ പുറം 28
- ↑ ഇ.ജെ., വെർവെ (1995). ന്യൂ ഡിക്ഷണറി ഓഫ് സൗത്ത് ആഫ്രിക്കൻ ബയോഗ്രഫി,വോള്യം 1. എച്ച്.എസ്.ആർ.സി.പ്രസ്സ്. p. 19. ISBN 978-0796916488.
- ↑ മൈക്കിൾ, ബുറാവോ (2012). കൺവർസേഷൻ വിത്ത് ബോർദിയു, ദ ജോഹന്നസ്ബർഗ് മൂവ്മെന്റ്. ISBN 978-1868145409.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ ഇ.ജെ., വെർവെ (1995). ന്യൂ ഡിക്ഷണറി ഓഫ് സൗത്ത് ആഫ്രിക്കൻ ബയോഗ്രഫി,വോള്യം 1. എച്ച്.എസ്.ആർ.സി.പ്രസ്സ്. p. 19. ISBN 978-0796916488.
- ↑ "ദ ബികോ ഹെറിട്ടേജ് ട്രെയിൽ, ദ ഓഫീസ് ഓഫ് സ്റ്റീവ് ബികോ". സ്റ്റീവ് ബികോ ഫൗണ്ടേഷൻ. Archived from the original on 2013-12-09. Retrieved 09-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ ബികോ, എ ലൈഫ് - ക്സലേല പുറം 222
- ↑ "ബ്ലാക്ക് കമ്മ്യൂണിറ്റി പ്രോഗ്രാം". സൗത്താഫ്രിക്കൻ ഹിസ്റ്ററി. Archived from the original on 2013-12-09. Retrieved 09-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ ബികോ, എ ലൈഫ് - ക്സലേല പുറം 224
- ↑ പീറ്റർ, കല്ലാവേ (2002). ദ ഹിസ്റ്ററി എഡ്യുക്കേഷൻ അണ്ടർ അപ്പാർത്തീഡ്. പിയേഴ്സൺ എഡ്യുക്കേഷൻ സൗത്ത് ആഫ്രിക്ക. p. 146-147. ISBN 978-1868911929.
- ↑ ബികോ, എ ലൈഫ് - ക്സലേല പുറം 252
- ↑ "ദ ഡെത്ത് ഓഫ് സ്റ്റീവ് ബികോ". സൗത്ത് ആഫ്രിക്കൻ ഹിസ്റ്ററി. Archived from the original on 2013-12-10. Retrieved 10-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "ഹൗ സ്റ്റീവ് ബികോ ഡൈഡ്". ന്യൂസ്24. 20-സെപ്തംബർ-2012. Archived from the original on 2013-12-10. Retrieved 10-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)