Jump to content

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ക്വിറ്റ് ഇന്ത്യാ സമരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാംഗ്ലൂരിൽ നടന്ന സമരം

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന [[മഹാത്മാഗാന്ധിghandhi

 [1]]] ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം(ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം). രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ  വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ  പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി, [2] പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്. 

ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ ബ്രിട്ടൻ ക്രിപ്സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർ‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷൻ പരാജയപ്പെട്ടു.[3] സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി‍ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.

സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ഓഗസ്റ്റ് ക്രാന്തി മൈദാൻ (ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലിൽ കഴിയേണ്ടി വന്നു.

രണ്ടാം ലോകമഹായുദ്ധവും ഇന്ത്യയുടെ നിലപാടും

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഇന്ത്യയുടെ സമ്മതമില്ലാതെ ഭാഗഭാക്കാക്കിയതിന് ബ്രിട്ടനോട് ഇന്ത്യയിലെ ദേശീയനേതാക്കൾ നീരസം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ പ്രതിഷേധം ബ്രിട്ടനെ അവർ നേരിട്ടറിയിച്ചു. മുസ്ലിം ലീഗ് യുദ്ധത്തെ പിന്തുണച്ചെങ്കിലും, കോൺഗ്രസ്സ് അതിനു തയ്യാറായില്ല. കോൺഗ്രസ്സിന്റെ വാർദ്ധാ സമ്മേളനത്തിൽവെച്ച് ഫാസിസത്തിനോടു ചെയ്യുന്ന യുദ്ധത്തിൽ ബ്രിട്ടനോടൊപ്പം പങ്കുചേരാൻ കോൺഗ്രസ്സ് സമ്മതിച്ചു. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് ഇതിനുപകരമായി ഇന്ത്യ ചോദിച്ചത്. സുഭാസ് ചന്ദ്രബോസിനെപ്പോലുള്ള നേതാക്കൾ യുദ്ധം സാമ്രാജ്യത്വത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് യുദ്ധത്തിൽ ചേരാൻ വിസമ്മതിക്കുകയായിരുന്നു.[4] ബ്രിട്ടനെ ഇന്ത്യയുടെ മണ്ണിൽ നിന്നും പുറത്താക്കാൻ ഇതൊരു സുവർണ്ണാവസരമാണെന്നതായിരുന്നു സുഭാസ് ചന്ദ്രബോസിന്റെ നിലപാട്.[5] ഗാന്ധിജി ഈയൊരു തീരുമാനത്തിനെതിരായിരുന്നു. ബ്രിട്ടന്റെ ചാരത്തിൽനിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യക്ക് ആവശ്യമില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് പിന്നീട് ഗാന്ധിജിയും ഇതിനെ പിന്തുണക്കുകയുണ്ടായി. സുഭാസ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി ജപ്പാനോടു കൂടി ചേർന്ന് ബ്രിട്ടനെതിരേ ഗറില്ലായുദ്ധം നടത്തി.

ക്രിപ്സ് കമ്മീഷൻ

[തിരുത്തുക]

താല്പര്യമില്ലാതെ യുദ്ധത്തിൽ പങ്കെടുക്കുന്ന അസംതൃപ്തി ബാധിച്ച ഒരു ഉപഭൂഖണ്ഡത്തെയും യൂറോപ്പിലും തെക്കു കിഴക്കേ ഏഷ്യയിൽ യുദ്ധസ്ഥിതി വഷളാവുന്നതും ഇന്ത്യൻ സൈനികർക്കിടയിലും, പ്രത്യേകിച്ച് യൂറോപ്പിലെ യുദ്ധമുന്നണികളിൽ യുദ്ധം ചെയ്യുന്ന ഇന്ത്യൻ സൈനികർക്കിടയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനതയ്ക്കിടയിലും വളരുന്ന അസംതൃപ്തിയും അഭിമുഖീകരിച്ച ബ്രിട്ടീഷ് സർക്കാർ സ്റ്റാൻഫോർഡ് ക്രിപ്സിനു കീഴിൽ ഒരു ദൌത്യസംഘത്തെ ഇന്ത്യയിലേയ്ക്കയച്ചു. ക്രിപ്സ് മിഷൻ എന്ന് ഇത് അറിയപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തിൽനിന്നും വൈസ്രോയിൽ നിന്നും അധികാരം ക്രമേണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നിയമസഭയ്ക്കു നൽകുന്നതിനു പകരമായി കോൺഗ്രസിൽ നിന്നും യുദ്ധകാലത്ത് പൂർണ്ണ പിന്തുണ ഉറപ്പാക്കുന്ന വിധത്തിൽ ഒരു ഉടമ്പടിയിൽ എത്തുക എന്നതായിരുന്നു ഈ മിഷന്റെ ദൌത്യം.

ക്വിറ്റ് ഇന്ത്യാ പ്രമേയം

[തിരുത്തുക]

1942 ഓഗസ്റ്റ് 8-നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു.സി.രാജഗോപാലാചാരി ഈ തീരുമാനത്തോട് എതിർപ്പു പ്രകടിപ്പിച്ചു. ജവഹർലാൽ നെഹ്രു, മൗലാനാ ആസാദ് ,സർദാർ വല്ലഭായ് പട്ടേൽ, ഡോക്ടർ രാജേന്ദ്രപ്രസാദ്, എന്നിവർ തീരുമാനത്തോട് സമ്മതം മൂളുകയായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തെ ഇവർ പിന്തുണച്ചു.

പ്രമേയത്തോടുള്ള എതിർപ്പ്

[തിരുത്തുക]

മറ്റു രാഷ്ട്രീയപാർട്ടികളേയും തങ്ങളുടെ തീരുമാനത്തിനു പിന്നിൽ കൊണ്ടുവരാൻ കോൺഗ്രസ്സിന് ഒരു പരിധി വരെ സാധിച്ചു. ഹിന്ദു മഹാസഭയെപ്പോലുള്ള ചെറിയ രാഷ്ട്രീയപാർട്ടികൾ പ്രമേയത്തെ എതിർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ തള്ളിക്കളഞ്ഞു. അവർ യുദ്ധത്തെ പിന്തുണക്കുകയാണുണ്ടായത്.[6]

മുഹമ്മദ് അലി ജിന്ന പ്രമേയത്തെ എതിർക്കുകയാണുണ്ടായത്.[7] മുസ്ലിം ലീഗിന് ധാരാളം പുതിയ അംഗങ്ങളെ അക്കാലഘട്ടത്തിൽ ലഭിക്കുകയുണ്ടായി. പ്രവിശ്യകളിലെ നിയമനിർമ്മാണ സഭകളിൽ നിന്നും കോൺഗ്രസ്സ് അംഗങ്ങൾ കൂട്ടത്തോടെ രാജിവെക്കാൻ തുടങ്ങി.[8][9]

ബോംബെയിലെ ഗവാലിയ റ്റാങ്കിൽ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാൻ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകൾ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു. ജാപ്പനീസ് സൈന്യം ഇന്ത്യ-ബർമ്മ അതിർത്തിവരെ എത്തിയതിൽ വിഹ്വലരായിരുന്ന ബ്രിട്ടീഷുകാർ ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ഗാന്ധിയെ പൂനെയിലെ ആഗ ഖാൻ കൊട്ടാരത്തിൽ തടവിലടച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വമായ കോൺഗ്രസ് പാർട്ടി പ്രവർത്തക സമിതിയെ മുഴുവൻ അഹ്മദ്നഗർ കോട്ടയിൽ തടവിലടച്ചു. ബ്രിട്ടീഷുകാർ കോൺഗ്രസ് പാർട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികൾ തൊഴിൽ‌സ്ഥലങ്ങളിൽ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങൾ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവർത്തനങ്ങളും നടന്നു. ഇന്ത്യൻ അധോലോക സംഘടനകൾ സഖ്യകക്ഷികളുടെ സേനയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന വാഹന നിരകളിൽ ബോംബ് ആക്രമണങ്ങൾ നടത്തി, സർക്കാർ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാർത്താവിനിമയ സം‌വിധാനങ്ങൾ തകർത്തു. മുസ്ലീം ലീഗ് ഉൾപ്പെടുന്ന മറ്റ് രാഷ്ട്രീയ ശക്തികളെ ഒരു കുടക്കീഴിൽ ഒറ്റ ശക്തമായ പ്രക്ഷോഭമായി അണിനിരത്താൻ കോൺഗ്രസിനു കഴിഞ്ഞില്ല. എങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മൂർദ്ധന്യത്തിൽ കോൺഗ്രസിനു മുസ്ലീം ജനതയുടെ ഭൂരിഭാഗത്തുനിന്നും സജീവമല്ലാത്തപിന്തുണ ലഭിച്ചു.

ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വൻതോതിൽ അറസ്റ്റുകൾ നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകൾ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു.

അവലംബം

[തിരുത്തുക]
  1. shafi
  2. "കോൺഗ്രസ്സ് ആന്റ് ദ ഫ്രീഡം മൂവ്മെന്റ്". ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മറ്റി. Archived from the original on 2013-07-09. Retrieved 2007-09-24.
  3. കൾച്ചർ ആന്റ് കോമ്പാറ്റ് ഇൻ ദ കോളനീസ്. ദ ഇന്ത്യൻ ആർമി ഇൻ ദ സെക്കന്റ് വേൾഡ് വാർ. താരിഖ് ബർഖാവി, ഹിസ്റ്ററി. 41(2), 325–355.പുറം :332
  4. "കോൺഗ്രസ്സ് ആന്റ് മേക്കിംഗ് ഓഫ് ഇന്ത്യൻ നേഷൻ". ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. Archived from the original on 2014-03-22. Retrieved 22-മാർച്ച്-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  5. ബസന്ത കുമാർ, മിശ്ര (1982). ദ ക്രിപ്സ് കമ്മീഷൻ - എ റീ അപ്പ്രൈസൽ. കൺസപ്ട് പബ്ലിഷിംഗ് കമ്പനി. p. 7.
  6. മാർഷൽ, വിൻമില്ലർ (1959). കമ്മ്യൂണിസം ഇൻ ഇന്ത്യ. കാലിഫോർണിയ സർവ്വകലാശാല പ്രസ്സ്. p. 529.
  7. വോൾപെർട്ട്, ജിന്ന ഓഫ് പാകിസ്താൻ (1984) പുറങ്ങൾ 209, 215
  8. മാർട്ടിൻ സീഫ്, ഷിഫ്ടിംഗ് സൂപ്പർ പവേഴ്സ് ദ ന്യൂ ആന്റ് എമർജിംഗ് റിലേഷൻഷിപ്പ് ബിറ്റ് വീൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന ആന്റ് ഇന്ത്യ (2009) പുറം 21
  9. സയ്യിദ് നാസ്സർ അഹമ്മദ് ഒറിജിൻസ് ഓഫ് മുസ്ലിം കോൺഷ്യസ്നസ് ഇൻ ഇന്ത്യ: എ വേൾഡ് സിസ്റ്റം പെഴ്സപെക്ടീവ് ഗ്രീൻവുഡ് പബ്ലിഷിംഗ്, 1991) പുറങ്ങൾ 213–15

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]